ഫാത്തിമയുടെ അലർച്ച കണ്ടതും ബ്രോക്കർ മെല്ലെ എഴുന്നേറ്റു, പക്ഷേ ഫാത്തിമ കട്ടകലിപ്പിൽ തന്നെ ആയിരുന്നു…

എഴുത്ത്: ഫാരിസ് ബിൻ ഫൈസി

====================

“ആദ്യത്തെ ഭർത്താവുമായി ഡിവോഴ്സ് ആവാൻ എന്താ കാരണം…?”

ബ്രോക്കർ ഫാത്തിമയുടെ ഉപ്പയോടും ഉമ്മയോടും ചോദിച്ചു. ഫാത്തിമ തൊട്ടടുത്ത് തല താഴ്ത്തി നിക്കുന്നുണ്ടായിരുന്നു.

“ഇപ്പോഴത്തെ കുട്ടികളല്ലേ ബോക്കറേ, ഇവൾക്ക് അയാളുടെ സ്വഭാവം അത്രക്ക് ഇഷ്ടല്ല. ആളൊരു തണുപ്പനാന്നാ പറയുന്നേ. പിന്നേ ഇവളെ മുടിഞ്ഞ സംശയോം ആണ്”

ബ്രോക്കർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു

“ഇതൊക്കെ ഒരു കാരണാണോ…? ഹ ഹ ഹ!!! ഇതൊക്കെ ഈകാലത്ത് സാധാരണമല്ലേ. പെണ്ണ് എന്നും ആണിനെ അനുസരിച്ച് എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ്. ഇത്രക്ക് നിസാര കാര്യത്തിനൊക്കെ ഡിവോഴ്സ് വാങ്ങി വീട്ടിലിരിക്കെ, ന്റെ പടച്ചോനേ”

കയ്യിലിരുന്ന സുലൈമാനി ഒറ്റവലിക്ക് കുടിച്ച് ബ്രോക്കർ ഫാത്തിമയെ പുച്ഛത്തോടെ ഒന്ന് നോക്കി

“നീയാള് കൊള്ളാലോ പെണ്ണേ, പെണ്ണുങ്ങൾക്ക് നല്ലോണം ക്ഷമ വേണം. ആണിനെ മയത്തിൽ മെരുക്കിയെടുത്ത് കുപ്പീലാക്കാനുള്ള മിടുക്ക് വേണം. അല്ലാതെ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഓടിപ്പോരാൻ നിന്നാൽ അതിനേ നേരം കാണൂ”

അതുവരെ ക്ഷമിച്ച് നിന്ന ഫാത്തിമയുടെ ഫുൾ കണ്ട്രോൾ അങ്ങട് പോയി, അവൾ ബ്രോക്കറെ നോക്കി കണ്ണുരുട്ടി

“അതെന്താടോ ഈ ആണുങ്ങളൊക്കെ ആലാവുദ്ധീൻറെ കുപ്പീന്ന് വന്ന ഭൂതാണോ, മയത്തിൽ മെരുക്കിയെടുത്ത് കുപ്പീലാക്കാൻ…?”

ഫാത്തിമയുടെ അലർച്ച കണ്ടതും ബ്രോക്കർ മെല്ലെ എഴുന്നേറ്റു, പക്ഷേ ഫാത്തിമ കട്ടകലിപ്പിൽ തന്നെ ആയിരുന്നു

“വീട്ടിൽ വരുന്ന കസിൻ ബ്രോസിനോസ് മിണ്ടിയാൽ സംശയം, ബസ്സിൽ കയറിയാൽ കിളിയോട് ചിരിച്ചാൽ സംശയം, ഓട്ടോ ഡ്രൈവറോട് സംസാരിച്ചാൽ സംശയം, ഫേസ്ബുക്ക് ഉപയോഗിക്കുന്നത് മഹാപാപം, വാട്സാപ്പിൽ രാത്രി എട്ടുമണി കഴിഞ്ഞ് വരാൻ പാടില്ല, ഉച്ചത്തിൽ സംസാരിക്കാനോ ചിരിക്കാനോ പാടില്ല, എന്നാലോ ഇതൊക്കെ അങ്ങേർക്ക് ആവാം, ചോദിച്ചാൽ ഒറ്റ ഉത്തരം ആണുങ്ങൾക്ക് ഇതൊക്കെ ആവാം. പെണ്ണുങ്ങൾക്ക് ചുറ്റും എപ്പോഴും കണ്ണുകൾ വേണം എന്ന്”

ബ്രോക്കർ മെല്ലെ അവിടെ നിന്നും തടിയൂരാൻ ശ്രമിച്ചു. ഫാത്തിമ അയാളെ നോക്കി പുഞ്ചിരിച്ചു

“ഇങ്ങളെക്കൊണ്ട് കൊണ്ട് പറ്റൂച്ചാ അല്പം സ്വാതന്ത്ര്യം തരുന്ന, ഒരു കൂട്ടുകാരനെപ്പോലെ കൂടെ നിൽക്കുന്ന എല്ലാത്തിനുപരി പെണ്ണെന്നാൽ കാ മം കൊണ്ട് കെട്ടിപ്പൊക്കിയ മാംസ രൂപമല്ല എന്ന് തിരിച്ചറിവുള്ള ഇച്ചിരി മനസാക്ഷിയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ നോക്കൂ, എനിക്കും ജീവിക്കണം സന്തോഷത്തോടെ, ഭർത്താവും കുട്ടികളുമായി”

ഒന്ന് നിറുത്തിയിട്ട് അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു

“എനിക്ക് വേണ്ടത് കൂടെ കട്ടക്ക് നിൽക്കുന്ന തുണയെ ആണ് അല്ലാതെ എന്റെ കഴുത്തിൽ കയറിട്ട് നടക്കുന്ന യജമാനനെ അല്ല”

~ഫാരിസ് ബിൻ ഫൈസി