ഭാര്യയോട് അയാൾക്ക് വല്ലാത്ത വെറുപ്പ് ആയിരുന്നു. ഭാര്യയെ എങ്ങനെ ഒഴിവാക്കണം എന്നാലോചിച്ചിട്ടു അയാൾക്ക്….

Story written by Krishna Das

================

ഭാര്യയോട് അയാൾക്ക് വല്ലാത്ത വെറുപ്പ് ആയിരുന്നു. ഭാര്യയെ എങ്ങനെ ഒഴിവാക്കണം എന്നാലോചിച്ചിട്ടു അയാൾക്ക് ഒരു ഉത്തരം കിട്ടിയില്ല. ഭാര്യയെ എത്ര അവഗണിച്ചിട്ടും അവൾ അയാളെ വിട്ടു പോകാൻ തയ്യാറാകുന്നുമില്ല.

അവസാനം അയാൾ ഒരു മന്ത്രവാദിയെ കാണുവാൻ തീരുമാനിച്ചു. എനിക്ക് ഭാര്യയെ കൊ* ല്ലണം. പക്ഷേ പിടിക്കപ്പെടരുത്? എന്താണ് മാർഗ്ഗം എന്നു ചോദിച്ചു.

മന്ത്രവാദി പറഞ്ഞു ഒരു പോംവഴി ഉണ്ട്. ഞാൻ ഒരു പൊടി തരാം  ഇതു ഭാര്യ അറിയാതെ അവളുടെ ഭക്ഷണത്തിൽ ചേർത്ത് കൊടുക്കണം. 41 ദിവസം കഴിയുമ്പോൾ അവളുടെ മരണം സംഭവിക്കും.

പക്ഷേ ഞാൻ ഇതെങ്ങനെ അവൾക്കു കൊടുക്കും? ഒന്നാമത് ജീവിതത്തിൽ ഒന്നും അവൾക്കു വാങ്ങി കൊടുത്തിട്ടില്ല. പിന്നെ എങ്ങനെ ഇതിന് കഴിയും.

അതിനു ഒരു പോംവഴി ഉണ്ട് മന്ത്രവാദി പറഞ്ഞു.

നീ അവളെ സ്നേഹിക്കുന്നതായി അഭിനയിക്കണം. 41 ദിവസത്തെ കാര്യമല്ലേ ഉളളൂ? അപ്പോൾ പിന്നെ അവൾ മരിച്ചാലും ആരും നിന്നെ സംശയിക്കുകയില്ല. നീ അവളെ പുറത്തു കൊണ്ടു പോയി ഭക്ഷണം വാങ്ങി കൊടുക്കുക. അപ്പോൾ അവൾ അറിയാതെ ഈ പൊടി അവളുടെ ഭക്ഷണത്തിൽ ചേർത്ത് കൊടുക്കണം.

അയാൾക്ക് സംശയിച്ചു കൊണ്ടാണെങ്കിലും തലയാട്ടി.

അന്ന് അയാൾ വീട്ടിലേക്ക് ചെന്നപ്പോൾ ഭാര്യ എന്തോ ജോലി ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു. അയാൾ അവളുടെ അടുത്തേക്ക് ചെന്നു.

ഇതൊന്നും പതിവില്ലാത്തതു ആയതുകൊണ്ട് അയാൾക്ക് തന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് കരുതി അവൾ തല ഉയർത്തി നോക്കി. അയാൾ അവളെ നോക്കി പുഞ്ചിരിച്ചു. അവൾക്കു അത്ഭുതം തോന്നി. ഒരിക്കലും അയാൾ അവളെ നോക്കി പുഞ്ചിരിക്കാറില്ലായിരുന്നു.

മടിയോടെ ആണെങ്കിലും അവളും അയാളെ നോക്കി പുഞ്ചിരിച്ചു.

നിന്റെ ജോലി കഴിഞ്ഞുവോ?

ഇയാൾക്ക് ഭ്രാന്തായോ അവൾ സംശയിച്ചു.

പിന്നീട് ചോദ്യത്തിന് മറുപടി എന്നോണം അവൾ തല കുലുക്കി.

എങ്കിൽ വേഗം റെഡിയാക്? നമുക്ക് ഒരു സിനിമക്ക് പോകാം.

ഇത് ശരിക്കും ഭ്രാന്ത് തന്നെ….വിവാഹം കഴിഞ്ഞിട്ട് പത്തുവർഷമായി. ഇന്നു വരെ തന്നെ അയാളോടൊപ്പം സിനിമക്ക് കൊണ്ടു പോയിട്ടില്ല? പിന്നെ ഇന്ന് സിനിമക്ക് ക്ഷണിക്കുന്നു.

അവൾ അതു നിസ്സാരമാക്കി തന്റെ ജോലി തുടർന്നു…

നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ…ഞാൻ കാര്യമായി പറഞ്ഞതാണ്.

അവൾക്കു അയാളുടെ വാക്കുകൾ കേട്ടിട്ട് ഭയമാണ് തോന്നിയത്. പിന്നെയും അയാൾ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ അവൾ എഴുന്നേറ്റ് കുളിച്ചു റെഡിയാകുവാൻ തുടങ്ങി.

അവൾ നിറം കുറഞ്ഞ ഒരു സാരി ഉടുത്തു വന്നപ്പോൾ അയാൾ ചോദിച്ചു

നിനക്ക് നല്ലത് ഒരെണ്ണം ഉടുത്തു വന്നു കൂടെ?

എനിക്ക് പുതിയ സാരി ഒന്നുമില്ല ഉടുക്കാൻ…അവൾ പറഞ്ഞു.

ശരിയാണ് താൻ ഇതുവരെ അവൾക്കു ഒന്നും വാങ്ങി കൊടുത്തിട്ടില്ല അയാൾ ഓർത്തു.

പോകുന്ന വഴിയിൽ അടുത്തുള്ള തുണികടയിൽ കയറി.

ഏതാണ് ചേച്ചിക്ക് ഇഷ്ടപ്പെട്ട നിറം?കടയിലെ പെൺകുട്ടി ചോദിച്ചു.

അവൾ മിണ്ടിയില്ല.

ചേട്ടൻ പറ? അയാൾ ആലോചിച്ചു ഏതാണ് അവൾക്കു ചേരുന്ന നിറം. അയാൾക്കും അതറിയില്ലായിരുന്നു.

സെയിൽസ് ഗേൾ അവൾക്കു അനുയോജ്യമായ ഒരു സാരി എടുത്തു നൽകി അകത്തെ മുറിയിൽ പോയി ധരിച്ചു വരാൻ ആവശ്യപ്പെട്ടു.

അവൾ അതു ധരിച്ചു വന്നപ്പോൾ മനോഹരി ആയതുപോലെ അയാൾക്ക് തോന്നി. അവളുടെ മുഖത്ത് സന്തോഷത്തിന്റെ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

നീ ചിരിച്ചോ? നിന്റെ ചിരി ഇനി അധികനാൾ ഉണ്ടാകില്ല. അയാൾ മനസ്സിൽ ഓർത്തു.

ആ സാരി തന്നെ ധരിച്ചു അവർ പുറത്തേക്ക് ഇറങ്ങി. സിനിമ തിയേറ്ററിൽ പോയപ്പോൾ വെള്ളം വേണോ എന്ന് അയാൾ അവളോട്‌ ചോദിച്ചു. അവൾ തലയാട്ടി.

അവളെ കസേരയിൽ ഇരുത്തി രണ്ടു ജ്യൂസ് വാങ്ങി. ഒന്നിൽ മന്ത്രവാദി കൊടുത്ത പൊടി നൽകി അയാൾ അവൾ നൽകി. അവൾ സന്തോഷത്തോടെ അതു വാങ്ങി കുടിച്ചു.

സിനിമ കാണുമ്പോൾ അവൾ അകന്നു ഇരിക്കാൻ ശ്രമിച്ചു. അവളുടെ വിശ്വാസം നേടിയെടുക്കാൻ അയാൾ അവളെ തന്നോട് ചേർത്ത് ഇരുത്തി. അടുത്ത ദിവസവും അയാൾ അവളെ ഓരോരോ അവസരങ്ങൾ ഉണ്ടാക്കി ക്ഷേത്രത്തിലേക്കും ബീച്ചിലേക്കും ഒക്കെ കൊണ്ടു പോയി.

അപ്പോളെല്ലാം അയാൾ അവൾക്കു കുടിക്കാൻ വാങ്ങിക്കൊടുക്കുകയും അതിൽ പൊടി ചേർത്ത് കൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. അവൾ കൂടുതൽ പ്രസന്നവദിയായി കാണപ്പെട്ടു.

അണയാൻ പോകുന്ന ദീപം ആളികത്തും അയാൾ ചിന്തിച്ചു. എങ്കിലും അവളെ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ അവൾ വളരെ സുന്ദരിയും സ്‌നേഹമയി ആണെന്നും അയാൾക്ക് തോന്നി തുടങ്ങി.

അവൾ ജോലി ചെയ്യുമ്പോൾ മൂളി പാട്ട് പാടുന്നത് കേൾക്കുമ്പോൾ അവൾ എത്ര മനോഹരമായി ആണ് അവൾ പാടുന്നതെന്നു അയാൾ ശ്രദ്ധിച്ചു. കിടപ്പറയിൽ അവളുടെ അടുത്ത് കിടക്കുമ്പോൾ ആദ്യമെല്ലാം അയാൾക്ക് വെറുപ്പായിരുന്നു. എന്നാൽ ഇപ്പോൾ സ്ത്രീയുടെ ഗന്ധം അയാളെ ത്രസിപ്പിച്ചു.

അയാൾ പോലും അറിയാതെ അവളുടെ ശരീരത്തിലേക്ക് അയാൾ പടർന്നു കയറി. എന്തോ വല്ലാത്ത ഒരു സന്തോഷം അയാളിലും നിറഞ്ഞു തുടങ്ങി. അവളുടെ സാമീപ്യം അയാൾ ആഗ്രഹിച്ചു തുടങ്ങി.

പൊടി കലക്കി കൊടുത്തിട്ട് മുപ്പത്  ദിവസം ആയി. അയാളുടെ മനസ്സിൽ ആശങ്ക പടർന്നു തുടങ്ങി…

അവളെ ജീവിതത്തിൽ നിന്നു ഒഴിവാക്കണമോ? അവൾ മരിച്ചാൽ ഇവളെ പോലെ മറ്റൊരാളെ തനിക്കു കിട്ടുമോ? ഇത്രയും ദിവസം പൊടി കഴിച്ച ഇവളുടെ അവസ്ഥ എന്താണ്? തനിക്കു വേണ്ടെങ്കിൽ തന്നെ അവളെ ജീവിക്കാൻ അനുവദിച്ചു കൂടെ?

അയാൾ വീണ്ടും മന്ത്രവാദിയെ കാണുവാൻ തീരുമാനിച്ചു.

മന്ത്രവാദിയോട് അയാൾ പറഞ്ഞു. എനിക്ക് അവളെ കൊ* ല്ലണ്ട? അത് ശരിയാവില്ല! ഇത്രയും നാൾ പൊടി കഴിച്ചിട്ട് അതു ഒഴിവാക്കാൻ കഴിയില്ല. ഞാൻ എത്ര പണം വേണമെങ്കിലും തരാം എനിക്ക് മറു മരുന്ന് വേണം.

മന്ത്രവാദി ഒരു ചെറു ചിരിയോടെ പറഞ്ഞു ഞാൻ തന്ന പൊടിക്ക് ഒരാളെ കൊ* ല്ലുവാനുള്ള കഴിവൊന്നുമില്ല. അതു അവളുടെ ശരീരം പുഷ്ഠിപ്പെടുത്തുവാൻ ഉള്ള മരുന്ന് മാത്രം ആയിരുന്നു. എനിക്ക് മനസ്സിലായിരുന്നു നിങ്ങളുടെ മനസ്സിൽ ആണ് പ്രശ്നം. ഞാൻ പൊടി കൊടുക്കുന്നതിനു വേണ്ടി നിങ്ങളോട് അവളെ സ്നേഹിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ ആദ്യം അഭിനയിച്ചു കൊണ്ടാണെങ്കിലും അവളെ സ്നേഹിച്ചു. പിന്നീട് നിങ്ങൾ അവളെ സ്നേഹിച്ചു തുടങ്ങിയപ്പോൾ അതു ആത്മാർത്ഥമായി നിങ്ങളുടെ സ്നേഹം. ഇനി എനിക്ക് ഒന്നും ചെയ്യാനില്ല. എന്തു വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

അയാൾ മന്ത്രവാദിയുടെ കാൽക്കൽ വീണു….

അയാൾ വീട്ടിലേക്ക് ചെന്നപ്പോൾ നിറ പുഞ്ചിരിയോടെ അയാളുടെ വരവും കാത്തു നിൽപുണ്ടായിരുന്നു. അയാൾ നിറഞ്ഞ സന്തോഷത്തോടെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. ഇല്ല ഇവളെ എനിക്ക്  വിട്ടുകളയാൻ എനിക്ക് ആവില്ല.

***************

പല പുരുഷന്മാർക്കും കുടുംബജീവിതം മുമ്പോട്ട് പോകുമ്പോൾ പങ്കാളിയോട് മടുപ്പു തോന്നി തുടങ്ങാറുണ്ട്. അത് പതിയെ വഴക്കിൽ കലാശിച്ചു വിവാഹ മോചനത്തിൽ വരെ എത്താറുണ്ട്. പ്രധാനമായും ഭാര്യയുടെ പേരിൽ പഴി ചാരി ആണ് അവർ മറ്റുള്ളവരോട് സംസാരിക്കുക. തന്റെ ഭാഗത്തുള്ള കുറ്റങ്ങളും കുറവുകളും അയാൾ ശ്രദ്ധിക്കില്ല. ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകണമെങ്കിൽ ജീവിതം വിരസമാകാതെ നോക്കണം. ഇടക്ക് പുറത്തേക്കുള്ള യാത്രകൾ ജീവിതം കൂടുതൽ മധുരമുള്ളതാകും. ഭർത്താവ് തന്റെ കടമകൾ എന്നു പറയുന്നത് കേവലം വീട്ടു ചിലവുകൾ നടത്തുന്നത് മാത്രമായി കാണരുത്? വിവാഹ ശേഷം രണ്ടു വർഷം കഴിയുമ്പോളേക്കും പുരുഷന് ഭാര്യവീട് അന്യമായി തീരുന്നു. തന്റെ കുടുംബത്തെയും തന്റെ മാതാപിതാക്കളെയും ഭാര്യ സ്നേഹിക്കുന്നത് പോലെ അവരുടെ കുടുംബത്തെയും മാതാപിക്കളെയും ഭർത്താവും സ്വന്തമായി കരുതണം. സ്നേഹം എന്നത് ഒരു കൊടുക്കൽ വാങ്ങൽ ആണ്. അത് സ്ത്രീയുടെ മാത്രം കടമയായി കരുതുമ്പോൾ ആണ് ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉയരുന്നത്.

സ്ത്രീയെ പുരുഷൻ എത്ര വിഷമിപ്പിച്ചാലും ഏതു വൈകിയ വേളയിൽ ആണെങ്കിലും അവൻ അവളെ സ്നേഹിച്ചു തുടങ്ങുകയാണെങ്കിൽ എല്ലാം മറന്നു അവൾ അവനെ സ്നേഹിച്ചു തുടങ്ങും. അതാണ് സ്ത്രീയുടെ പ്രത്യേകത. പുരുഷൻ ജീവിതം നഷ്ടപ്പെട്ടു എന്നു തോന്നിയാൽ ഭാര്യയെ മനസ്സ് തുറന്നു സ്നേഹിച്ചു നോക്കു എല്ലാ പ്രശ്നങ്ങളും അവസാനിച്ചു ജീവിതം സന്തോഷകരമാകും.