രാത്രി മകൾ ഉറങ്ങിയപ്പോൾ മൊബൈൽ എടുത്തു അപ്പുറത്തെ മുറിയിലേക്ക് പോയി…

എഴുത്ത്: ഷാജി വല്ലത്ത് കൊടുങ്ങല്ലൂർ

===================

മകളുടെ അടുത്തകാലത്തായുള്ള മാറ്റത്തെക്കുറിച്ച് ശ്രീദേവി ഉത്കണ്ഠയാവാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.

“നിനക്ക് കണ്ണിൽ കണ്മഷിയെങ്കിലും ഇട്ടൂടെ മോളെ”

എന്നു ചോദിക്കുമ്പോൾ

“ഓ..എന്തിന അമ്മേ ഈ കരി മുഴുവനും കണ്ണിൽ വാരി തെച്ചിട്ട്..” എന്നു പറഞ്ഞു അലസമായി പോകുന്ന മകളെ ശ്രീദേവി അത്ഭുതത്തോടെ  നോക്കും.

ഇപ്പോഴത്തെകാലത്ത് അണിഞ്ഞൊരുങ്ങാത്ത പെണ്കുട്ടികളുണ്ടോ..?

പക്ഷെ..ഇപ്പോൾ അങ്ങനെയാണോ, എപ്പോഴും മകൾ ഒരുങ്ങുകയും മോഡലായി നടക്കാൻ ശ്രമിക്കുന്നതും ശ്രീദേവിയെ ഉത്കണ്ഠയാക്കിയത്..

തുണിക്കടയിൽ തൻ്റെക്കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരി സതിയോട് തന്റെ ആവലാതിയെ കുറിച്ചു പറഞ്ഞു..

“കൺമഷി ഇടാൻ പറഞ്ഞാൽ കൂട്ടാക്കാത്തോളാ..കുറച്ചു നാളുകളായി എപ്പോഴും കണ്ണാടിക്കു മുമ്പിലാ”

“അതിനെന്താ ശ്രീദേവി പെണ്കുട്ട്യോളല്ലേ ഇച്ചിരി അണിഞ്ഞൊരുങ്ങി നടക്കട്ടെ…”

സതി ടേബിളിൽ അലസമായി കിടന്ന ഡ്രെസുകൾ മടക്കിവെച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു..

“എന്നാലും അതല്ലടി..അവൾക്കിപ്പോ പ്രായം പതിനാറ് കഴിഞ്ഞില്ലേ..പെട്ടെന്നിങ്ങനെ ഒരു മാറ്റം കാണുമ്പോൾ..”

എന്തോ ഓർത്തിട്ടെന്നപോലെ ശ്രീദേവി വീണ്ടും പറഞ്ഞു തുടങ്ങി..

“അതുമാത്രമല്ല..മുറിയിൽ കയറിയാൽ വാതിലടച്ചു കുറ്റിയിടും. കുറച്ചു കഴിയുമ്പോൾ പാട്ടുപാടുന്നത് കേൾക്കാം ചിലപ്പോൾ പൊട്ടി ചിരിക്കുന്നു. ചിലപ്പോൾ കരച്ചിൽ. എന്തൊക്കെയോ പറയുന്നതും കേൾക്കാം.”

അതുകേട്ട് സതിയുടെ മുഖത്ത് ജിജ്ഞാസ നിഴലിച്ചു.

“എനിക്കെന്തോ പേടി തോന്നുന്നു..അവളുടെ ഈ മാറ്റങ്ങൾ..കണ്ടിട്ട്..”

ശ്രീദേവിയുടെ കണ്ണിൽ ഭയാശങ്ക നിഴലിച്ചു

“നീ അവളോട് അതിനെക്കുറിച്ചൊന്നും ചോദിക്കാറില്ലേ..?”

“ഞാൻ ഒരു ദിവസം ചോദിച്ചപ്പോൾ, മൊബൈലിൽ എന്തോ കാണിക്കുന്നതാണെന്നു പറഞ്ഞു.. “

“മൊബൈലിൽ എന്തു കാണിക്കുന്നു..”

സതിയുടെ കണ്ണുകൾ കുറുകി ..

“എന്തോ..ടോക്കോ..ടിക്ക് ടോക്കോ.. റീലോ…അങ്ങനെ എന്തോ കുന്ത്രാണ്ടം..”

അതുകേട്ടപ്പോൾ സതിയുടെ മുഖത്തെ ജിജ്ഞാസ  പുഞ്ചിരിയായി വിരിഞ്ഞു.

“ഓഹ് അതാണോ കാര്യം..!”

“നിനക്കറിയോ..അതിനെക്കുറിച്ച്..” ശ്രീദേവിയിൽ അൽഭുതം കൂറി

“ഇപ്പൊ പിള്ളേരെല്ലാം അതിലല്ലേ.പിള്ളേർ മാത്രമല്ല തള്ളമാരും കുട്യോളും എല്ലാരും..” എന്റെ ചെറുക്കനും ഏതു നേരവും ഇതു തന്ന്യാ..ഒരു വട്ട്.. അല്ലാതെന്തു പറയാൻ..” ഇപ്പൊ ഇതുകാരണം പഠിത്തത്തിലൊന്നും ഒരു ശ്രദ്ദ്യല്ല. എന്റെ ഫോണിലുണ്ട് ഈ സാധനം..”

സതി റീൽസിനെ കുറിച്ചുള്ള അറിവുകൾ പങ്കുവെച്ചു. തന്റെ മൊബൈലിൽ കാണിച്ചു കൊടുക്കുകയും ചെയ്തു.

ശ്രീദേവിക്ക് അതെല്ലാം കേട്ടപ്പോഴും കണ്ടപ്പോഴും അത്ഭുതമാണ് തോന്നിയത്..

“നീ കേട്ടത് അവൾ അതിൽ വീഡിയോ ചെയ്യുന്നത് ആയിരിക്കും..”

ശ്രീദേവി..ചിന്തയുടെ ഓരം പറ്റി അകലേക്ക് നോക്കിനിന്നു.

“നീ എന്താ ആലോചിക്കുന്നത്…?”

“കുറച്ചു ദിവസം മുൻപ് അവളുടെ ക്ലാസ് ടീച്ചർ എന്നെ കണ്ടപ്പോൾ പറഞ്ഞു…ഇപ്പോൾ ശ്രീജ പഠിക്കാൻ മോശമായി വരികയാണല്ലോ എന്ന്. നല്ലോണം പഠിച്ചിരുന്ന കുട്ടിയ….ഇതൊക്കെ തന്നെയാവും കാരണം..”

ശ്രീദേവി സ്വയം പിറുപിറുത്തു..

“ചേട്ടഞറിഞ്ഞാൽ എന്നെ കൊ ല്ലും. ഞാൻ നിര്ബന്ധിച്ചിട്ട അവൾക്ക് മൊബൈൽ വാങ്ങി കൊടുത്തത് തന്നെ. പഠിക്കാൻ വാങ്ങിക്കൊടുത്തത് ഇങ്ങനെ ഒരു മാരണം ആവുമെന്ന് കരുതിയില്ല.”

ശ്രീദേവിയുടെ കണ്ണുകളിലെ ഭയപ്പാടിനെ സതി ചുമലിൽ തട്ടി ആശ്വസിപ്പിച്ചു

“നീ വിഷമിക്കാതെ കാര്യങ്ങൾ ആലോചിച്ചു ചെയ്യ്. എടുത്തു ചാടണ്ടാ..ഉപദേശങ്ങളും ശകാരവും അവരിൽ നമ്മോടുള്ള ശത്രുത കൂട്ടുകയുള്ളൂ. അവരുടെ പ്രായം അതാണ്. തല്ലി പറയുന്നതിനേക്കാൾ ഗുണം ചെയ്യും തലോടി പറയുന്നത്..”

ജോലി കഴിഞ്ഞു വീട്ടിലേക്ക് തിരിക്കുമ്പോൾ ബസ്സിൽ സൈഡ് സീറ്റിലിരുന്ന ശ്രീദേവി ചിന്തകളുടെ നൂലില്ലാ പട്ടമായി മാറി..

ഭർത്താവ് വിദേശത്ത് പോയപ്പോൾ രണ്ടറ്റവും കൂട്ടിമുട്ടാൻ പെടാപ്പാട് പെടുന്നത് കണ്ടപ്പോൾ  താൻ തന്നെയാണ് എന്തങ്കിലും ജോലിക് പോകാം എന്ന് പറഞ്ഞത്..

വളർന്നു വരുന്ന മകളെ ശ്രെദ്ധിക്കാൻ കഴില്ല എന്നു പറഞ്ഞ ചേട്ടനെ  “ഞാൻ ശ്രെദ്ധിച്ചോളാ” എന്നുപറഞ്ഞു എന്റെ നിർബന്തത്തിന് ജോലിക്ക് പോയത്..

അണായിട്ടും പെണ്ണായിട്ടും ഒന്നേയുള്ളൂ. എന്തെങ്കിലും പേരുദോഷം കെല്പിച്ചാൽ പിന്നെ മരിക്കുകയെ നിവൃത്തിയുള്ളൂ ഈശ്വരാ..!!

ചിതറുന്ന ഭയ ചിന്തക്കൊപ്പം ശ്രീദേവിയുടെ മനസും ആടിയുലഞ്ഞു

രാത്രിയിൽ മകളുറങ്ങിയപ്പോൾ അവളുടെ പുസ്തകങ്ങൾ പരിശോധിച്ചു..

ക്ലാസ് പരീക്ഷയിലെല്ലാം ചുവന്ന മഷികൊണ്ട് വെട്ടും തിരുത്തലും മാത്രം. മാർക്കുകൾ വളരെ കുറവ്.

രാത്രി മകൾ ഉറങ്ങിയപ്പോൾ മൊബൈൽ എടുത്തു അപ്പുറത്തെ മുറിയിലേക്ക് പോയി

നെറ്റ് ഓണാക്കി ടിക്ക് ടോക്ക് ഓപ്പൺ ചെയ്തു. ഇയർഫോണ് കുത്തി ചെവിയിൽ തിരുകി.

കുറച്ചു നോക്കിയപ്പോൾതന്നെ ഒരു മായാലോകം പോലെ…പലരും എന്തൊക്കെയോ കാണിക്കുന്നു. ചിലത് കാണാൻ രസം തോന്നി. ചിലത് ആരോചകവും. കൂടുതലും തന്റെ മകളുടെ പ്രായമുള്ളവർ..

ചിലർ ആഭാസമായി അൽപ്പ വസ്ത്രത്തിൽ മേനിയഴകിൽ ആണും പെണ്ണും അഭിനയിക്കുന്നു. അപകടം പിടിച്ചതും കരച്ചിലും പാട്ടും ചിരിയും.

ശ്രീദേവി മറ്റൊരു ലോകത്ത് എത്തിയ പോലെ തോന്നി. ആളുകൾക്കൊക്കെ ബുദ്ധിഭ്രമം സംഭവിച്ചോ ഈശ്വരാ..?

ശ്രീദേവി ടിക്ക് ടോക്കിലെ മകളുടെ പ്രൊഫൈൽ ഓപ്പൺ് ചെയ്തു..

അവളുടെ വീഡിയോ കണ്ട് ശ്രീദേവിക്ക് അത്ഭുതമായി. തന്റെ മകൾ ആകെ മാറിയിരിക്കുന്നു. കണ്മഷി
എഴുതി പലമോഡലിലും പലരൂപത്തിലും. ഇത്ര സൗന്ദര്യം നേരിൽ കാണുമ്പോൾ ഇല്ലല്ലോ. ശ്രീദേവിക്ക് അത്ഭുതമായി.

പാടിയും ചിരിച്ചും കരഞ്ഞും അഭിനയിക്കുന്നു. പക്ഷെ അതിലൊന്നും ഒരു പുതുമയും ശ്രീദേവിക്ക് തോന്നിയില്ല. എല്ലാം ഒരേപോലെ തോന്നി.

അവൾക്ക് വന്ന കമന്റുകളിൽ കൂടുതലും പരിചയമില്ലാത്ത മുഖങ്ങൾ. കൂടുതലും ആണ്കുട്ടികൾ. ചിലരുടെ വാക്കുകൾ പ്രോത്സാഹനം, ചിലർ ഇഷ്ടങ്ങൾ, മറ്റു ചിലർ അശ്ലീലമായ വാക്കുകൾ..

ശ്രീദേവിക്ക് തല പെരുക്കും പോലെ തോന്നി. ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും മകളുടെ മാറ്റങ്ങൾക്കുള്ള കാരണം കണ്ടെത്തുകയായിരുന്നു. അവളുടെ ഭാവി ആരൊക്കെയോ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്നപോലെ.

പിറ്റേന്ന് മകൾ ക്ലാസ് കഴിഞ്ഞു വന്നു മുറിയിൽ കയറി വാതിലടച്ചു.

അൽപ്പം കഴിഞ്ഞു ശ്രീദേവി മകൾക്കുള്ള ചായയുമായി മുറിയിലേക്ക് കയറി ചെല്ലുമ്പോൾ അവൾ മുബൈലിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു..

“ശ്രീജേ..”

അമ്മയുടെ വിളികേട്ട് ശ്രീജ തിരിഞ്ഞു നോക്കി വീണ്ടും മുബൈലിലേക്ക് മുഖം കുനിച്ചു.

“ടീച്ചർ പറഞ്ഞു നീ ഇപ്പോൾ പഠിക്കാൻ മോശമാണെന്ന്. എന്താ കാരണം.?”

ശ്രീജ ഒന്നും പറയാതെ മൊബൈലിൽ നോക്കിയിരുന്നു..

“മോളോടാ ചോദിച്ചത് ഇപ്പോൾ എന്താ നിനക്ക് പഠിക്കാൻ പറ്റാത്തത് നീ നന്നായി പഠിച്ചിരുന്നതല്ലേ..?”

“ഞാൻ പഠിക്കുന്നുണ്ടല്ലോ..”

ദേഷ്യത്തോടെ മറുപടി പറയുമ്പോഴും ശ്രീജയുടെ വിരലുകൾ സ്ക്രീനിൽ ഓടിക്കൊണ്ടിരുന്നു..

“നിന്റെ അച്ഛനും ഞാനും രാപകൽ കഷ്ടപ്പെടുന്നത് കാണുന്നില്ലേ മോളെ..നിന്നെ ഒരു കരക്ക് എത്തിക്കാൻ വേണ്ടിയാണ്. നീയെന്താ അത് മനസിലാക്കാത്തത് “

“ഞാൻ എന്ത് ചെയ്തൂന്ന അമ്മ പറയണത്.?”

ശ്രീജ അൽപ്പം ഈർഷ്യത്തോടെ അമ്മക്ക് നേരെ തിരിഞ്ഞു..

“നീ ഇപ്പോൾ പഠിക്കാൻ വളരെ മോശമായി വരുന്നു. നിന്റെ ബുക്കുകൾ ഞാൻ നോക്കി ക്ലാസ് പരീക്ഷയിൽ മാർക്ക് വളരെ കുറവ്. അതിന്റെ കാരണം ഈ മൊബൈലിലെ നിന്റെ കളിയാണ്..ഏതു നേരവും ഇതിൽ തന്നെ ഇരിക്കുന്നത് കൊണ്ടാ എന്റെ മോൾക്ക് പഠിക്കാൻ പറ്റാത്തത്‌”

അതു കേട്ട് ശ്രീജ മൗനമായിരുന്നു

“നിന്റെ മാറ്റങ്ങൾ ‘അമ്മ അറിയുന്നുണ്ട് മോളെ. ലോകത്തെ ഒരമ്മക്കെ മക്കളെ മനസിലാക്കാൻ പറ്റൂ..!”

“എന്തു ഗുണമാണ് മോളെ അതിൽ നിനക്കുള്ളത് എന്തു ഭാവിയാണ് നീ അതിൽ കാണുന്നത്.”

“പഠിപ്പില്ലാതെ ഒരു ജോലിയില്ലാതെ ഇനിയുള്ള കാലം ജീവിക്കണമെന്ന് തോന്നുന്നുണ്ടോ..?”

“ഇതുപോലെ പുതിയത് ഇനിയും വരും. അപ്പോൾ ആളുകൾ അതിനു പിന്നാലെ പോകും..പക്ഷെ നമ്മുടെ ജീവിതം നമ്മൾ തീരുമാനിക്കേണ്ട..”

“നമ്മൾക്കില്ലാത്ത കഴിവുകൾ കാണിച്ചിട്ട് എന്തുകാര്യം മോളെ.?നമ്മുടെ സമയം നഷ്ടപ്പെടുത്തം എന്നല്ലാതെ വേറെന്തു ഗുണം.”

“നിനക്ക് പഠിക്കാനുള്ള നല്ല കഴിവുണ്ടല്ലോ..കയ്യിലുള്ള കഴിവിനെ കളഞ്ഞിട്ട് ഇല്ലാത്ത കഴിവിന്റെ പിന്നാലെ പോയിട്ട് എന്തു കാര്യം..?”

ശ്രീദേവി മകളുടെ മുടിയിൽ പയ്യെ തലോടി

“നീ കാണുന്നില്ലേ അമ്മ ജോലിക്ക് പോകുന്നത്. അച്ഛനെകൊണ്ട് കൂട്ടിയ കൂടാത്തത് കൊണ്ടല്ലേ എനിക്കും പോകേണ്ടി വന്നത്. അമ്മക്ക് പഠിപ്പില്ലാത്തത്കൊണ്ടല്ലേ തുണിക്കടയിൽ നിൽക്കേണ്ടി വന്നത്. ആ ഗതി മോൾക്ക് വരാതിരിക്കാന അമ്മ പറയണത്..”

വാക്കുകൾ ചുണ്ടുകളിൽ ഇടറി. ശ്രീദേവിയുടെ കണ്ണിൽ ഉറഞ്ഞുകൂടിയ കണ്ണുനീർ തുള്ളി ശ്രീജയുടെ കൈവെള്ളയിൽ വീണു പൊള്ളി.

ശ്രീജ അമ്മയുടെ മുഖത്തേക്ക് നിര്വികാരമായി നോക്കി..

ശ്രീദേവേവി മകളെ ചേർത്തുപിടിച്ച്…ഇതെല്ലാം മോശമാണെന്ന് അമ്മ പറയില്ല. പക്ഷെ മോശമാവുന്ന തരത്തിലേക്ക് പോകുന്നു എന്നെ അമ്മക്ക് അഭിപ്രായമുള്ളു..

ഇത് ഒരു ലഹരി പോലെയാണ്. ഈ ലോകം നമുക്ക് നൽകിയ ലഹരി. അത് തിരിച്ചറിയാതെ പോയാൽ അത് ആപത്താണ് മോളെ..

ശ്രീദേവി മകളുടെ നെറുകയിൽ കൈവിരല്കൊണ്ട് തലോടി.

“ഒന്നും വേണ്ടാ എന്ന് അമ്മ പറയുന്നില്ല..ആവശ്യത്തിന് മാത്രം. പക്ഷെ മോളത് ജീവിതത്തിന്റെ ഭാഗമാക്കി എടുക്കുന്നത് കാണുമ്പൊഴാണ് അമ്മക്ക് വിഷമം. ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി മോളുടെ ഇഷ്ട്ടം.”

ശ്രീദേവി സാരിയുടെ തലപ്പക്കൊണ്ടു കണ്ണുനീർ തുടച്ചുകൊണ്ട് മുറിവിട്ട് പുറത്തിറങ്ങി.

‘അമ്മ പോയികഴിഞ്ഞിട്ടും അമ്മയുടെ വാക്കുകൾ ഹൃദയത്തിൽ ഒരു നേരിപോട് പോലെ നീറി.

കൈത്തണ്ടയിൽ വീണ പരന്നു പടർന്ന അമ്മയുടെ കണ്ണീരിനെ മെല്ലെ തടവി.

ബുക്കെടുത്ത് ചോദ്യപ്പേപ്പറും ഉത്തരക്കടലാസും നോക്കി. കുറെ വെട്ടലും തിരുത്തലും. ചുമന്ന മഷികൊണ്ടു തന്റെ ജീവിതം ചുരുങ്ങിയപോലെ തോന്നി. ഒരിറ്റു കണ്ണുനീർ അടർന്നു ചുമന്ന മഷിയിൽ പടർന്നു.

~ഷാജി വല്ലത്ത്