രാവിലെ ദിനേശനോടൊപ്പം പോയാൽ വൈകുന്നേരം അവൻ്റെയൊപ്പമേ തിരിച്ച് വരു, അതിനിടയിൽ ആഴ്ച്ചയിൽ ഒരു…

Story written by Saji Thaiparambu

===============

എങ്ങനെയുണ്ട് മോളേ, രാജീവൻ്റെ അനിയൻ്റെ കെട്ട്യോള്?

ഒരുപാട് നാളുകൾക്ക് ശേഷം വീട്ടിലേയ്ക്ക് വന്ന മകൾ ഗൗരിയോട് ഭാനുമതി ചോദിച്ചു

ഓഹ് സ്നേഹമൊക്കെയാണമ്മേ മുൻപ് ഞാൻ അനുജൻമാരുടെ ഡ്രസ്സ് അലക്കിയാൽ മതിയാരുന്നു. പക്ഷേ ഇപ്പോൾ അനുജത്തിയുടെ കൂടെ അലക്കി കൊടുക്കണം. അവള് ജോലിക്കാരിയല്ലേ ഒന്നിനും സമയമില്ല, രാവിലെ ദിനേശനോടൊപ്പം പോയാൽ വൈകുന്നേരം അവൻ്റെയൊപ്പമേ തിരിച്ച് വരു, അതിനിടയിൽ ആഴ്ച്ചയിൽ ഒരു ഞായറാഴ്ച്ച ദിവസമുള്ളത് അവര് കറങ്ങാനും മറ്റും പോകും, പുതുമോടിയല്ലേ നമുക്ക് വല്ലതും പറയാൻ പറ്റുമോ ?

ഗൗരി നീരസത്തോടെയാണത് പറഞ്ഞത്.

ഞാൻ നിന്നോട് പറഞ്ഞതല്ലേ മോളേ രാജീവനോട് പറഞ്ഞ് വേറെ വീടെടുത്ത് മാറാൻ, നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് വർഷം അഞ്ചായില്ലേ? നിങ്ങൾക്ക് രണ്ട് കുട്ടികളുമായി, ഇനി നിങ്ങളുടെ തായി ഒരു കുടുംബമൊക്കെ വേണ്ടേ?

ഓഹ്, ഞാനത് പറഞ്ഞതാണമ്മേ, അപ്പോൾ പറയുവാണ് ഉടനെ മാറിയാൽ നാട്ട്കാര് പറയും അനുജൻ്റെ കല്യാണം കഴിഞ്ഞ് പോര് തുടങ്ങിയത് കൊണ്ടാണെന്ന്. അത് കൊണ്ട് കുറച്ച് കൂടെ കഴിയട്ടേന്ന്

ആങ് ഹ് ഞാൻ പറയാനുള്ളത് പറഞ്ഞ് ഇനി നിങ്ങടെ ഇഷ്ടം

ഭാനുമതി അനിഷ്ടത്തോടെ പറഞ്ഞ് നിർത്തി

******************

ഏട്ടത്തീ, ഞങ്ങള് ടൗണിലൊരു വീടും സ്ഥലവും കണ്ട് ഇഷ്ടപ്പെട്ട് അഡ്വാൻസ് കൊടുത്തു. മിക്കവാറും അടുത്ത മാസം ബാക്കി പൈസ കൊടുത്തിട്ട് ഞങ്ങള് അങ്ങോട്ടേയ്ക്ക് മാറും. അപ്പോൾ പിന്നെ ചേട്ടത്തിയ്ക്ക് എൻ്റെയും ദിനേശേട്ടൻ്റെയും വിഴുപ്പലക്കേണ്ടി വരില്ല

പിറ്റേ ഞായറാഴ്ച താമസിച്ച് ഉറക്കമെഴുന്നേറ്റ് അലക്ക് കല്ലിൻ്റെ ചുവട്ടിലേയ്ക്ക് വന്ന അനുജത്തിയുടെ പുതിയ വിശേഷം കേട്ട് ഗൗരി, സ്തബ്ധയായി പോയി.

അത് വരെ അവൾ സ്വപ്നം കണ്ടിരുന്ന, താനും രാജീവേട്ടനും കുട്ടികളും മാത്രമുള്ള ആ കുഞ്ഞ് കൊട്ടാരം നിമിഷ നേരം കൊണ്ട് തകർന്ന് പോയത് വേദനയോടെയാണ് അവളറിഞ്ഞത്

ഇനിയെന്നാണ് രാജീവേട്ടാ നമുക്ക് മാത്രമായിട്ട് ഒരു ജീവിതം തുടങ്ങാൻ പറ്റുന്നത്?

കടുത്ത നിരാശയോടെയാണ് രാത്രി കിടപ്പറയിൽ വച്ച് അവൾ ഭർത്താവിനോടത് ചോദിച്ചത്

നീ സമാധാനപ്പെട് ഗൗരീ, എനിക്കിനി ഒരനുജൻ കൂടിയുണ്ടല്ലോ ? രണ്ട് കൊല്ലം കൂടി കഴിയട്ടെ, അവൻ്റെ കല്യാണം കഴിഞ്ഞാലുടൻ നമുക്ക് മാറിയേക്കാം, പോരെ ? അല്ലെങ്കിൽ സുഖമില്ലാത്ത അമ്മയെങ്ങനെയാ തനിച്ച് ഈ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുന്നത്?

ഒരു വിധത്തിൽ പറഞ്ഞാൽ രാജീവേട്ടൻ പറഞ്ഞത് ശരിയാണ്. താൻ പോയിക്കഴിഞ്ഞാൽ പിന്നെ അച്ഛനും അനുജനും വെച്ച് വിളമ്പാനും അവരുടെ തുണി അലക്കാനും വീടും പരിസരവുമൊക്കെ അടിച്ച് വാരാനുമൊന്നും അമ്മയെ കൊണ്ട് കഴിയില്ല

അതോർത്ത് ഗൗരി, തത്കാലം ആശ്വസിച്ചു.

**********************

പിന്നെയും ആഴ്ചകളും മാസങ്ങളും വേഗം പോയി കൊണ്ടിരുന്നു…

വർഷം ഒന്ന് കഴിഞ്ഞപ്പോൾ, രാജീവൻ്റെ ഏക സഹോദരിയുടെ ഭർത്താവ് പെട്ടെന്നൊരു ദിവസം അറ്റാക്ക് വന്ന് മരിച്ചു. രണ്ട് പെൺകുട്ടികളായിരുന്നു അവർക്ക്. ജീവിച്ചിരിയ്ക്കുമ്പോൾ ഒന്നും സമ്പാദിക്കാതെ കിട്ടുന്ന വരുമാനം മുഴുവൻ ഭാര്യയും മക്കളുമായി അടിച്ച് പൊളിച്ച് ജീവിച്ചു. അത് കൊണ്ട് സ്വന്തം വീട് പോലുമുണ്ടാക്കാതെ വാടക വീട്ടിൽ താമസിച്ചിരുന്ന സഹോദരിയെയും മക്കളെയും രാജീവന് തറവാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വരേണ്ടി വന്നു.

**********************

ഇനിയൊരിക്കലും നിനക്കാ കുടുംബത്തിൽ നിന്ന് ഒരു മോചനമുണ്ടാവുമെന്ന് നീ കരുതേണ്ട മോളേ, നിൻ്റെ കുട്ടികളുടെ മാത്രമല്ല, പെങ്ങടെ കുട്ടികളുടെ ഭാവിയും ഇനി രാജീവൻ്റെ തലയിലാണ്, നിൻ്റെ ജീവിതം ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി കഷ്ടപ്പെട്ട് നരകിക്കാനാണ്  വിധി

സ്വന്തം വീട്ടിലെത്തിയ ഗൗരിയോട് ഭാനുമതി കട്ടായം പറഞ്ഞു

ഇല്ലമ്മേ, മുറപ്രകാരം, തറവാട്  ഏറ്റവും ഇളയ ആൾക്കുള്ളതല്ലേ? സുദേവനാണെങ്കിൽ മുതലിനോട് ആക്രാന്തമുള്ള ആളുമാണ്. മാത്രമല്ല രാജീവേട്ടൻ്റെ ഇരട്ടി വരുമാനവും അവനുണ്ട്, അത് കൊണ്ട് ഉള്ള ഷെയറും വാങ്ങി നമുക്കുടനെ പുതിയൊരു വീട്ടിലേയ്ക്ക് മാറാമെന്നാണ് രാജീവേട്ടൻ പറഞ്ഞത്, വരുമാനമുള്ളത് കൊണ്ട് പെങ്ങളുടെയും കുട്ടികളുടെയും കാര്യങ്ങളൊക്കെ സുദേവൻ നോക്കുമത്രെ

ഉം, ഈ പറയുന്നത് പോലൊക്കെ നടന്ന് കണ്ടാൽ മതി.

തീരെ വിശ്വാസമില്ലാതെയാണ് ഭാനുമതി അത് പറഞ്ഞത്

**********************

ങ്ഹാ ഏട്ടാ, അച്ഛനും അമ്മയും കഴിഞ്ഞാൽ ഞാൻ ഏറ്റവുമധികം ബഹുമാനിയ്ക്കുന്നത് ഏട്ടനെയും ഏട്ടത്തിയെയുമാണ്. അത് കൊണ്ട് നിങ്ങൾ രണ്ട് പേരോടുമായി ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഇങ്ങനെയൊരു കത്തെഴുതി വയ്ക്കുന്നത്. ഞാനൊരു അന്യമതസ്ഥയായ പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. അവൾക്കിപ്പോൾ ജർമ്മനിയിലേയ്ക്ക് നഴ്സിങ്ങ് വിസ റെഡിയായിട്ടുണ്ട്. വീട്ടിൽ പറഞ്ഞാൽ യാഥാസ്ഥിതികരായ നമ്മുടെ അച്ഛനും അമ്മയും ഞങ്ങളുടെ വിവാഹത്തിന് ഒരിക്കലും സമ്മതിക്കില്ലെന്നറിയാമല്ലോ ?അത് കൊണ്ട് തല്കാലം ഒരു വിസിറ്റിങ്ങ് വിസ സംഘടിപ്പിച്ച് ഞാനും അവളോടൊപ്പം പോകാൻ തീരുമാനിച്ചു, അവിടെ ചെന്നിട്ട് പതിയെ സെറ്റിൽഡാവാമെന്നാണ് ഞങ്ങടെ തീരുമാനം. പിന്നെ വിവാഹം എന്ന ചടങ്ങിനോട് ഞങ്ങൾക്ക് താല്പര്യമില്ല, അല്ലാതെയും ഒരുമിച്ച് ജീവിക്കാമല്ലോ? ഇത്രയും നാളും ഏട്ടൻ കുടുംബത്തിന് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടതല്ലേ? അത് കൊണ്ട് തറവാട് ഏട്ടനെടുത്തോളു. ഞാനൊരിക്കലും അവകാശം ചോദിച്ച് വരില്ല. ഏതെങ്കിലും കാലത്ത് നാട്ടിൽ വരാൻ സാധ്യതയുണ്ടെങ്കിൽ കാണാം എന്ന വിശ്വാസത്തോടെ സ്വന്തം അനുജൻ സുദേവൻ

NB : ങ്ഹാ അമ്മയോടും അച്ഛനോടും ദീപയോടും കുട്ടികളോടുമൊക്കെ എൻ്റെ അന്വേഷണം പറഞ്ഞേക്കണേ

രാജീവനോടൊപ്പമിരുന്ന് കത്ത് വായിച്ച ഗൗരി അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ തളർന്നിരുന്ന് പോയി

~സജി തൈപ്പറമ്പ്.