എഴുത്ത്: ദേവാംശി ദേവ
=====================
“ശബരി ലീവടുത്ത് വീട്ടിലേക്ക് വാ..അത്യാവശ്യം ആണ്..വന്നിട്ട് സംസാരിക്കാം.” ലഞ്ച് ബ്രേക്ക് സമയത്താണ് ശബരി,ഭാര്യ അശ്വതിയുടെ മെസ്സേജ് കണ്ടത്.
രണ്ട് പ്രാവശ്യം അവൻ വിളിച്ചു നോക്കിയെങ്കിലും അശ്വതി ഫോൺ എടുത്തില്ല.
അശ്വതിയും ആറുമാസം പ്രായമായ മകളും ഫ്ലാറ്റിൽ തനിച്ചാണ്. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ഫോൺ ചെയ്യാറാണ് പതിവ്..ഇപ്പോ ഇങ്ങനെയൊരു മെസ്സേജിന്റെ ആവശ്യമെന്താണെന്ന് ചിന്തിച്ചുകൊണ്ട് ഉച്ചക്ക് ശേഷം ലീവടുത്ത് അവൻ ഫ്ലാറ്റിലേക്ക് തിരിച്ചു.
ശബരി എത്തുമ്പോൾ അശ്വതി അവനെ കാത്തിരിക്കുകയായിരുന്നു.
“എന്താ അച്ചു..എന്തിനാ നീ വേഗം വരാൻ പറഞ്ഞ് മെസ്സേജ് ഇട്ടത്.” ഒന്നും മിണ്ടാതെ കൈയ്യിലിരുന്ന കത്ത് അവൾ അവനുനേരെ നീട്ടി..സംശയത്തോടെ അവളെയൊന്ന് നോക്കിയ ശേഷം അവനത് വാങ്ങി.
രാധിക, സെൻട്രൽ ജയിൽ എന്ന അഡ്രെസ്സ് കണ്ടപ്പോൾ തന്നെ അവന്റെ കൈ വിറക്കാനും കണ്ണുകൾ നിറയാനും തുടങ്ങി. ഒരുവിധം ആവനാ കത്ത് പൊട്ടിച്ചു.
പ്രിയപ്പെട്ട ശബരിക്കും അശ്വതിക്കും, എനിക്ക് നിങ്ങളെ കാണണം. ഈ മാസം ഇരുപത്തിയെട്ടാം തീയതി നിങ്ങൾ എന്നെ കാണാൻ വരണം. വരുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി.
“എത്രയോ വട്ടം നമ്മൾ കാണാൻ ശ്രെമിച്ചതാ ശബരി..അന്നൊന്നും അവൾ സമ്മതിച്ചില്ല..എന്നിട്ട് ഇപ്പോ ഇങ്ങനെയൊരു കത്തെഴുതാൻ എന്താവും കാരണം.” അശ്വതി ചോദിച്ചു.
“അറിയില്ല അച്ചു..പക്ഷെ എന്തെങ്കിലും കാരണമില്ലാതെ രാധു ഇങ്ങനെയൊരു കത്തെഴുതില്ലല്ലോ..മറ്റന്നാൾ അല്ലേ ഇരുപത്തിയെട്ട്..നാളെ നമുക്ക് നാട്ടിലേക്ക് പോകണം.”
“പോകാം.”
പിറ്റേദിവസം രാവിലെ തന്നെ ശബരിയും അശ്വതിയും കുഞ്ഞിനേയും കൊണ്ട് ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു.
യാതയിലുടനീളം ശബരിയുടെ മനസ്സിൽ രാധികയുടെ മുഖം മാത്രമേയുണ്ടായിരുന്നുള്ളു..
അവന്റെ പ്രിയപ്പെട്ട കൂട്ടുകാരി..
തൊട്ടടുത്ത വീടുകളായിരുന്നു രണ്ടുപേരുടെയും..പഠിച്ചത് ഒരെ സ്കൂളിൽ ഒരേ ക്‌ളാസിൽ. അതുകൊണ്ടുതന്നെ നല്ല സുഹൃത്തുക്കൾ ആയിരുന്നു.
പഠിക്കാൻ തന്നെക്കാൾ മിടുക്കിയായിരുന്നു രാധിക..പഠിച്ച ക്ളാസുകളിലെല്ലാം ഒന്നാം സ്ഥാനം. എല്ലാവരെയും പ്രിയപ്പെട്ടവൾ.
എത്ര പെട്ടെന്നാണ് അതെല്ലാം മാറി മറിഞ്ഞത്..ഡിഗ്രിക്ക് ചേർന്ന വർഷം..ക്‌ളാസിലെ തന്നെ അൻവർ എന്ന മു സ്ലീം പയ്യൻ രാധികയോട് ഇഷ്ടം തുറന്നു പറഞ്ഞതോടെയായിരുന്നു പ്രശ്നങ്ങളുടെ ആരംഭം.
രാധിക അവനെ ശ്രെദ്ധിക്കാനേ പോയില്ല..പക്ഷെ അൻവർ ക്‌ളാസിനും കോളേജിനും അപ്പുറം റോഡിൽ പോലും രാധികയെ തടഞ്ഞു നിർത്തി സംസാരിക്കാൻ തുടങ്ങി..ഉപദ്രവിക്കരുതെന്ന് പലപ്രാവശ്യം അവൾ അപേക്ഷിച്ചതാണ്..പക്ഷെ അവന് വാശി ആയിരുന്നു…രാധിക അവനെ പ്രേമിച്ചേ പറ്റു എന്ന വാശി. ആ വാശി തകർത്തത് അവളുടെ ജീവിതം തന്നെയായിരുന്നു.
അൻവർ രാധികയുടെ പിന്നാലെ നടക്കുന്ന കണ്ട നാട്ടുകാരി അവർ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് അവളുടെ വീട്ടിൽ അറിയിച്ചു..
ഒരു മു സ്ലീം പയ്യനെ മകൾ സ്നേഹിക്കുകയാണെന്ന് അറിഞ്ഞ രാധികയുടെ വീട്ടുകാർ അവളുടെ പഠിത്തം നിർത്തി…വേഗം തന്നെ വിവാഹലോചനകൾ ആരംഭിച്ചു.
അവളൊരു തെറ്റും ചെയ്തിട്ടില്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല..എത്രയും വേഗം വിവാഹം നടത്തണം എന്നുമാത്രമായിരുന്നു അവർക്ക്.
രാധികക്ക് ആദ്യം വന്ന ആലോചന അനിലിന്റേത് ആയിരുന്നു. നല്ല കുടുംബം, വിദ്യാഭ്യാസം, ജോലി..കൂടുതലൊന്നും അന്വേഷിക്കാതെ രാധികയുടെ വീട്ടുകാർ വിവാഹം നടത്തി.
അതിനു ശേഷം രാധിക വല്ലപ്പോഴും മാത്രമെ വീട്ടിൽ വന്നിരുന്നുള്ളു..ഓരോ പ്രാവശ്യം വരുമ്പോഴും അവൾ കൂടുതൽ കൂടുതൽ ക്ഷീണിച്ചിരുന്നു.
ഒരിക്കൽ അവൾ വന്നത് അവനെ ഉപേക്ഷിച്ചാണ്..അന്നവളെ വീട്ടിൽ പോലും കയറ്റാതെ, അവൾ പറയുന്നതൊന്ന് കേൾക്കാൻ നിൽക്കാതെ അവളുടെ വീട്ടുകാർ തിരികെ പറഞ്ഞയച്ചു…പിന്നെ അവളെ കണ്ടത് ഒന്നര വർഷത്തിന് ശേഷമാണ്..തന്റെ വിവാഹത്തിന് ക്ഷണിക്കാൻ അശ്വതിയും ഞാനും ഒരുമിച്ചാണ് അനിലിന്റെ വീട്ടിലേക്ക് പോയത്.
അവിടെ കണ്ട കാഴ്ച സഹിക്കാൻ കഴിയാത്തതായിരുന്നു. രണ്ടുമൂന്ന് പെർ ചേർന്ന് അവളുടെ ശരീരത്തെ സ്വന്തമാക്കാൻ ശ്രെമിക്കുന്നു..കഴ്ചക്കരായി അവളുടെ ഭർത്താവും അമ്മായിഅമ്മയും. ഒന്നെതിർക്കാൻ പോലും കഴിയാതെ ആ വീടിന്റെ ഹാളിന് നടുവിൽ പൂർണ ന* ഗ്നയായി കിടക്കുന്ന രാധിക.
കൈയ്യിൽ കിട്ടിയതെന്തൊക്കെയോ എടുത്ത് അവന്മാരെയൊക്കെ തല്ലി ഓടിച്ചു..ആ സമയം കൊണ്ട് അശ്വതി അവളെ ബലമായി റൂമിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ ധരിപ്പിച്ചു. അന്ന് ഞങ്ങളോടൊപ്പം രാധികയെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഇനി അവളെ അങ്ങോട്ടേക്ക് അയക്കരുതെന്ന് അവളുടെ വീട്ടുകാരുടെ മുൻപിൽ കരഞ്ഞു പറഞ്ഞതാണ് ഞാൻ.
പക്ഷെ എനിക്ക് മുൻപെ അനിൽ പ്രവർത്തിച്ചു..രാധികക്ക് വേറെ ബന്ധമുണ്ടെന്നും അയാളോടൊപ്പം പോകാനാൻ എന്റെ സഹായത്തോടെ അവൾ വീടുവിട്ട് പോയതെന്നും ഞങ്ങൾ എത്തും മുൻപേ അവൻ, അവളുടെ വീട്ടിൽ അറിയിച്ചു.
അവളുടെ വീട്ടുകാർക്ക് അനിലിന്റെ വാക്കുകളായിരുന്നു വിശ്വാസം. അവളുടെ അച്ഛൻ അവളെ തല്ലി ചതച്ച് തിരികെ അനിലിനടുത്തേക്ക് കൊണ്ടാക്കി..പോകാൻ നേരം അവൾ എന്നോട് ഒന്നുമാത്രമെ പറഞ്ഞുള്ളു.
“ഇനി എന്നെ തേടി വരരുത്.”
അന്നുപോയ രാധികയെ പിന്നെ കണ്ടിട്ടേ ഇല്ല..
അശ്വതിയുമായുള്ള വിവാഹം കഴിഞ്ഞ് ഞങ്ങൾ ബാംഗ്ലൂരിലേക്ക് വന്നു.
കുറച്ചു മാസങ്ങൾക്ക് ശേഷം നാട്ടിൽ നിന്നൊരു കോൾ വന്നു..രാധിക ഭർത്താവിനെയും അമ്മയിയമ്മയെയും കൊ* ന്നിട്ട് പോലീസിനു മുൻപിൽ കീഴടങ്ങിയെന്ന്.
വിശ്വസിക്കാൻ കഴിഞ്ഞില്ല..അവളെപ്പോലൊരു പാവം പെണ്ണിന് അതിനൊക്കെ കഴിയുമൊ..
പക്ഷെ അതായിരുന്നു സത്യം. അവളത് ചെയ്തു..അതിനുമുൻപ് അവളവിടെ അനുഭവിക്കുന്നതൊക്കെ അനിലിന്റെ മൊബൈൽ ഉപയോഗിച്ച് ഷൂട്ട് ചെയ്ത് അവളുടെ അച്ഛനും അമ്മക്കും ബന്ധുക്കളിൽ പലർക്കും അയച്ചുകൊടുത്തു..
അതുകണ്ട് തളർന്നുവീണ അവളുടെ അച്ഛൻ ഹോസ്പിറ്റലിൽ എത്തും മുൻപേ മരിച്ചു..അച്ഛനെ അവസാനമായൊന്ന് കാണാൻ അവളെ പോലീസ് വീട്ടിലേക്ക് കൊണ്ടുവരാൻ തയാറായിരുന്നെങ്കിലും അവൾക്ക് താല്പര്യമില്ലെന്ന് പറഞ്ഞു.
വിവരമറിഞ്ഞുടനെ ഞാൻ നാട്ടിലേക്ക് പോയി..അശ്വതിയന്ന് ഗർഭിണിയായിരുന്നു. നാട്ടിലെത്തിയ ഞാൻ അവളെ കാണാൻ പലവട്ടം ശ്രെമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല..നിരാശയോടെയാണ് തിരികെ വന്നത്..
ആ രാധികയാണ് ഇന്ന് ഞങ്ങളെ കാണണമെന്ന് പറഞ്ഞ് കത്തയച്ചിരിക്കുന്നത്.
**************
ഇരുപത്തിയെട്ടാം തീയതി രാവിലെ തന്നെ ശബരിയം അശ്വതിയും സെൻട്രൽ ജയിലിലെത്തി..എന്നാൽ രാധിക അവിടെ ഇല്ലെന്നും ഹോസ്പിറ്റലിലാണെന്നുമാണ് അറിയാൻ കഴിഞ്ഞത്.
അവിടുന്ന് നേരെയവർ ഹോസ്പിറ്റലിലേക്ക് പോയി..അവിടെ എത്തിയപ്പോൾ കണ്ടത് രാധികയെ മാത്രമായിരുന്നില്ല..അവളുടെ കുഞ്ഞിനേക്കൂടിയായിരുന്നു. തങ്കകുടം പോലൊരു മോൻ.
“രാധു…”
“ശബരി,അശ്വതി…നിങ്ങൾ വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു..ഇന്നോ നാളെയോ എന്നെ ഡിസ്റ്റാർജ് ചെയ്യും. വീണ്ടും ജയിലിലേക്ക്…എന്റെ കുഞ്ഞിനെ അങ്ങോട്ടേക്ക് കൊണ്ടുപോകാൻ എനിക്ക് പറ്റില്ല..അതുകൊണ്ട് അവനെ ഞാൻ നിങ്ങളെ ഏൽപ്പിക്കുകയാണ്..ഈ ഭൂമിയിൽ എനിക്ക് വിശ്വാസമുള്ളത് നിങ്ങൾ മാത്രമാണ്…എന്റെ കുഞ്ഞിനെ നിങ്ങളുടെ കുഞ്ഞായി വളർത്തണം..അതിനുള്ള ഇല്ല ഫോർമാലിറ്റീസും സൂപ്രെൻഡ് സാർ വഴി ഞാൻ ചെയ്തിട്ടുണ്ട്.” അവൾ കുഞ്ഞിനെ അവർക്ക് നേരെ നീട്ടി..
ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു ശബരി. അശ്വതി തന്റെ കയ്യിലിരുന്ന കുഞ്ഞിനെ ശബരിയെ ഏൽപ്പിച്ച ശേഷം രാധികയുടെ കൈയ്യിൽ നിന്നും മോനെ വാങ്ങി..ശബരിയുടെ മനസറിഞ്ഞതുപോലെ….
“ഇവന്റെ അച്ഛൻ ആരാണെന്ന് എനിക്കും അറിയില്ല..എത്രയോപേർക്ക് എന്റെ ഭർത്താവ് എന്നെ കാഴ്ച്ചവെച്ചു. അതിൽ ആരോ ഒരാൾ…പക്ഷെ ഇന്നുമുതൽ നിങ്ങളാണ് ഇവന്റെ അച്ഛനും അമ്മയും..
പിന്നെ…..ഇനി…ഇനിയൊരിക്കലും നിങ്ങളെന്നെ തേടി വരരുത്…എനിക്ക് എന്ത് തന്നെ സംഭവിച്ചാലും നിങ്ങൾ എന്നെ കാണാൻ വരരുത്. എനിക്ക് വാക്ക് തരണം…” അവൾ തന്റെ കൈ അവനുനേരെ നീട്ടി..ശബരി നിറഞ്ഞ കണ്ണുകളോടെ ആ കൈകൾ പൊതിഞ്ഞു പിടിച്ചു.
*************
“ശബരി…..”
അശ്വതിയുടെ നിലവിളികേട്ട് ശബരി വേഗം അവളുടെ അടുത്തേക്ക് ചെന്നു. കുഞ്ഞുങ്ങൾ രണ്ടുപേരും സുഖമായി ഉറങ്ങുന്നു…അതിനടുത്ത് പകച്ചു നിൽക്കുവാണ് അശ്വതി..കൈയ്യിൽ അന്നത്തെ പത്രവുമുണ്ട്.
“എന്താ അച്ചു…എന്ത് പറ്റി.”
കരഞ്ഞുകൊണ്ട് ആ പത്രം അവൾ അവനുനേരെ നീട്ടി..അതിലെ വാർത്ത ഒരു ഞെട്ടലോടെയാണ് അവൻ വായിച്ചത്.
സെൻട്രൽ ജയിലിൽ യുവതി ആത്മഹത്യ ചെയ്തു…ജയിലെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് ഞരമ്പുമുറിച്ചാണ് മരിച്ചത്.കൂടെ സെല്ലിലുണ്ടായിരുന്ന സ്ത്രീ രാവിലെ ഉണരുമ്പോളാണ് മരണം അറിഞ്ഞത്.
തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്യമില്ലെന്നും ജീവിക്കാൻ തല്പര്യം ഇല്ലാത്തതുകൊണ്ട് മരിക്കുവാണെന്നും മരണ ശേഷം തന്റെ ശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ മെഡിക്കൽ സ്റ്റുഡൻസിന് പഠിക്കാൻ കൊടുക്കണമെന്നും രക്തമുപയോഗിച്ച് ഭിത്തിയിൽ എഴുതിയിരുന്നു.
ശബരിയുടെ കൈയ്യിൽ നിന്നും പത്രം താഴേക്ക് വീണു..തിരിഞ്ഞവൻ ആ കുഞ്ഞിനെയൊന്ന് നോക്കി..ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ട് ചിരിക്കുകയായിരുന്നു ആ കുരുന്നപ്പോൾ.