അതിനിടയിൽ ഉണ്ടായ ഒരു സംഭവമാണ് അവർ തമ്മിലുള്ള ബന്ധം ഏറെ വഷളാകാൻ കാരണം…

Story written by Bincy Babu

================

കുടുംബ കോടതി ജഡ്ജിയുടെ മുന്നിൽ ഇരിക്കുമ്പോൾ അവസാനമായി അനുപമയോടും വിനോദിനോടുമായി അദ്ദേഹം ചോദിച്ചു.

“നിങ്ങളുടെ തീരുമാനത്തിൽ മാറ്റം വല്ലതുമുണ്ടോ”

“ഇല്ല “

പതിഞ്ഞ സ്വരത്തിൽ അനുപമ ഉത്തരം പറഞ്ഞു. പിന്നെ അവൾ വിനോദിന്റ മുഖത്തേക്ക് നോക്കി. ഒരു നിർവികാരഭാവം കാണാൻ കഴിഞ്ഞു. പിന്നീട് ഏതൊക്കെയോ കടലാസുകളിൽ ഒപ്പിട്ടു അതിനുശേഷം, ഇരുവരും പുറത്തേക് വന്നു.
അവർക്കൊരു പെൺകുട്ടിയായിരുന്നു ഉണ്ടായിരുന്നത്, അതുകൊണ്ടുതന്നെ കുഞ്ഞിനെ അനുപമയ്ക് ഒപ്പം ഇടാനും, വിനോദിന് ആവശ്യമുള്ളപ്പോൾ അവളെ കാണാനും കോടതി അനുവാദം നൽകി. പുറത്ത് ഇടനാഴിയിൽ അനുപമയുടെ മാതാപിതാക്കളോടൊപ്പം, അനുപമ വിനോദ് ദമ്പതികളുടെ ഏക മകളായ ജാൻവി ഉണ്ടായിരുന്നു.

” നമ്മൾ അച്ഛന്റെ വീട്ടിലേക്കാന്നോ പോകുന്നത് അമ്മേ? “

കുഞ്ഞു പ്രതീക്ഷയോടെ ചോദിച്ചു. അതിനു മറുപടി ഒന്നും പറയാതെ അനുപമ കുഞ്ഞിനെയും കൂട്ടി പുറത്തേക്ക് നടന്നു. ജാൻവി ദയനീയ ഭാവത്തിൽ വിനോദിന്റെ മുഖത്തേക്ക് നോക്കി. അവളുടെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. കുഞ്ഞിനെ ഒന്ന് ആശ്വസിപ്പിക്കുക പോലും ചെയ്യാതെ അനുപമ കാറിലേക്ക് കയറി. അവർ കയറിയ കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ വിനോദ് നോക്കിനിന്നു. പിന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് പറഞ്ഞു

“ഇത്ര പെട്ടെന്ന് എല്ലാം കഴിയുമെന്ന് ഞാൻ ഓർത്തില്ല, പത്തു വർഷത്തെ പ്രണയം, ആറു വർഷത്തെ വിവാഹ ജീവിതം, ഇത് എല്ലാം കഴിഞ്ഞു എത്ര പെട്ടെന്നാണ് ഞങ്ങൾ വെറും അപരിചിതർ മാത്രമായത്. “

ഈ സമയം കാറിന്റെ പിൻ സീറ്റിൽ ഇരുന്നു അനുപമ മകളെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരയുകയായിരുന്നു.

” ഇപ്പൊ കരഞ്ഞിട്ട് എന്താ കാര്യം, കല്യാണത്തിന് മുൻപ് തന്നെ ഞാൻ പറഞ്ഞതല്ലേ പ്രണയമല്ല ജീവിതം എന്ന്, വിവാഹമോചനത്തിന് കൊണ്ടുപോയി കൊടുത്തപ്പോൾ രണ്ടുപേരോടും ആയിട്ട് ഞാൻ പറഞ്ഞില്ലേ, ഈ കൊച്ചു കുഞ്ഞിന്റെ ഭാവി ഓർത്തെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ. അതൊന്നും കേൾക്കാതെ ഇപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം? “

അനുപമയുടെ അച്ഛൻ അമർഷത്തോടെ ചോദിച്ചു. അവൾ ഉത്തരമില്ലാതെ തല കുമ്പിട്ടിരുന്നു..സുഹൃത്തിന്റെ കാറിൽ കയറുമ്പോൾ വിനോദ് ഗദ്ഗദത്തോടെ അവനോട് ചോദിച്ചു

“അവൾക്ക് ഇത്ര പെട്ടെന്ന് എങ്ങനെ എന്നെ മറക്കാൻ കഴിഞ്ഞു? ഒരു വർഷം കൊണ്ട് അവളുടെ വിനുവേട്ടൻ അവൾക്ക് അന്യനായോ? “

“നിന്റെ പറച്ചിൽ കേട്ടാൽ തോന്നും കുറ്റം മുഴുവൻ അവളുടെ ഭാഗത്താണെന്ന്, അവളെന്ത്‌ തെറ്റാണ് ചെയ്തത്, ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന് നീ അല്ലേ അവളോട് പറഞ്ഞത്. അതിനുശേഷം അല്ലേ വിവാഹമോചനത്തിന് അവൾ സമ്മതിച്ചത്. കോടതിയിൽനിന്ന് കൗൺസിലിംഗ് ശേഷം ഒരു വർഷം അനുവദിച്ച സമയത്ത് എത്ര തവണ നിന്നോട് ഞാൻ പറഞ്ഞത് അവളോട് പോയി സംസാരിക്കാമെന്നു. അപ്പോൾ ഒന്നും നിന്റെ വാശി കാരണം നീ സമ്മതിച്ചില്ല. ഒടുവിൽ നീ പ്രതീക്ഷിച്ചതു പോലെ തന്നെ നടന്നു. എന്നിട്ട് വീണ്ടും അവിടെ കുറ്റം എന്താ കാര്യം?”

“അവൾക്കെന്നെ വേർപിരിയാൻ കഴിയില്ല എന്നായിരുന്നു വിശ്വാസം”

” വിനു, സിനിമയല്ല ജീവിതം, സിനിമയിലെ നായകൻ എന്ത് തെറ്റ് ചെയ്താലും നായിക ക്ഷമിക്കും. പക്ഷേ ജീവിതം അങ്ങനെയല്ല, തനിക്ക് ഒരു വിലയും തരാത്ത ഭർത്താവിനെ സഹിച്ചു ജീവിക്കാൻ ആത്മാഭിമാനമുള്ള ഒരു പെണ്ണും തയ്യാറാകില്ല. ഞാൻ ഒരിക്കലും അവളെ കുറ്റം പറയില്ല. “

” എന്റെ അഹങ്കാരമായിരുന്നു. ഒരിക്കലും അവൾ എന്നെ വിട്ടു പോകില്ല എന്നുള്ള എന്റെ വിശ്വാസമായിരുന്നു, ഞാനവളോട് വിവാഹമോചനത്തിനു സമീപിക്കുമ്പോൾ എന്നെ പിരിഞ്ഞു അവൾക്ക് ജീവിക്കാൻ കഴിയില്ല എന്ന് പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചത്, പക്ഷേ ഒരു വാക്കും മറുത്തു പറയാതെ അവൾ സമ്മതിച്ചു. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്”.

“നാണമില്ലല്ലോ നിനക്ക് ഇങ്ങനെയൊക്കെ പറയാൻ, എത്ര അവസരങ്ങൾ ഉണ്ടായിരുന്നു നിനക്ക്, നിന്റെ മനസ്സ് മാറും, അവളെ കുഞ്ഞിനെയും തിരികെ വിളിച്ചു കൊണ്ടു വരും എന്നൊക്കെ എത്ര പ്രതീക്ഷകൾ ഉണ്ടായിരുന്നു ആ പാവത്തിനു.. നിനക്കെന്താ നഷ്ടപ്പെട്ടത്? ഞാൻ നോക്കിയിട്ട് നഷ്ടങ്ങളെല്ലാം അവൾക്കാണ്. ഉണ്ടായിരുന്ന ജോലി രാജി വച്ച് നിന്റെ അമ്മയേയും അച്ഛനെയും നോക്കി ഇല്ലേ അവൾ? ഒരു പരാതിയും പറയാതെ, ആറുവർഷം നിന്നോടൊപ്പം ജീവിച്ചില്ലേ, നീ ആവശ്യപ്പെട്ടപ്പോൾ മാത്രമല്ലേ വിവാഹമോചനത്തിന് അവൾ സമ്മതിച്ചത്”

വിനോദിന് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല. അവന്റെ മനസ്സിൽ പഴയകാലത്തിലേക്ക് ഒരു യാത്ര പോയി. അനുപമ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ടൗണിലെ ഒരു ട്യൂഷൻ സെന്ററിൽ പ്രൈവറ്റ് ട്യൂഷൻ പോകുന്നുണ്ടായിരുന്നു, ആ സമയത്ത് അവിടെ പ്രൈവറ്റായി ഡിഗ്രിക്ക് പഠിക്കുകയായിരുന്നു വിനോദ്. എപ്പോൾ നോക്കിയാലും പ്രസന്ന മുഖത്തോടെ കാണുന്ന, മുടിയിൽ തുളസിക്കതിർ ചൂടിയ, ഗ്രാമീണ സൗന്ദര്യം ഉള്ള അനുപമയെ ഒറ്റനോട്ടത്തിൽ അവൻ ഇഷ്ടപ്പെട്ടു. കുറെനാൾ അവളുടെ പിന്നാലെ നടന്നപ്പോഴാണ് അവൾ പച്ചക്കൊടി കാട്ടിയത്. അന്നു തുടങ്ങിയ പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത്.

വിവാഹത്തിനും രണ്ടു വീടുകളിൽ നിന്നും എതിർപ്പുണ്ടായിരുന്നു. പ്രത്യേകിച്ച് അനുപമയുടെ അച്ഛന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. വിനോദിന് നല്ല ഒരു ജോലി ഇല്ല എന്നുള്ളത് ആയിരുന്നു അതിന് കാരണം. ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു വിനോദ്. അനുപമ ടൗണിലെ ഒരു ഹോസ്പിറ്റലിൽ ലാബ് ടെക്നിഷ്യൻ ആയിരുന്നു, വിവാഹശേഷം ജോലിക്ക് പോകേണ്ട എന്ന് വിനോദ് പറഞ്ഞതുകൊണ്ട് അവൾ ജോലി റിസൈൻ ചെയ്തു.

വിവാഹം കഴിഞ്ഞു നാലഞ്ചു വർഷങ്ങൾ പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ലാതെ കടന്നുപോയി, അവർക്ക് ഒരു മകളുണ്ടായി ജാൻവി..എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു കുസൃതി കുടുക്ക.

ഇതിനിടയിൽ ട്യൂട്ടോറിയൽ കോളേജിൽ ജോലി ഉപേക്ഷിച്ച് വിനോദ് റിയൽ എസ്റ്റേറ്റ് കാര്യങ്ങളിൽ ഏർപ്പെട്ടു തുടങ്ങി, അതിനുശേഷം അവൻ മിക്കവാറും എല്ലാ ദിവസങ്ങളും ബിസിയായിരുന്നു. അവന്റെ ബിസിനസ് ബന്ധങ്ങൾ വളരുവാൻ തുടങ്ങിയപ്പോൾ അനുപമ യോട് ഒപ്പം സമയം ചെലവഴിക്കുന്നത് കുറഞ്ഞുതുടങ്ങി. ആദ്യമൊന്ന് അവൾ അത്ര വലിയ കാര്യമാക്കിയില്ല, പക്ഷേ ഫോൺ വിളിക്കുമ്പോഴും പല സമയത്തും കിട്ടാതിരുന്നത് അവളെ വല്ലാതെ വിഷമിപ്പിച്ചു.

പ്രത്യേകിച്ച് തിരക്കുകൾ ഒന്നും ഇല്ലാതെ വിനോദ് വീട്ടിൽ ഉണ്ടായിരുന്ന ഒരു ദിവസം അനുപമ അവന്റെ മുൻപിലെത്തി മുഖവുര ഒന്നും കൂടാതെ അവനോട് പറഞ്ഞു.

” വിനുവേട്ടാ, നമ്മൾ പരസ്പരം പ്രണയിച്ച് വിവാഹിതരായവരാണ്, പക്ഷേ ഇപ്പോൾ നമ്മുടെ ജീവിതത്തിൽ അതൊന്നുമില്ല എനിക്കും മോൾക്കും ചേട്ടനെ കാണാൻ കിട്ടുന്ന പോലുമില്ല. “

” ഏതുസമയവും നിന്നെയും മോളെയും നോക്കി ഇരിക്കാൻ പറ്റില്ല, എനിക്ക് എന്റെതായ തിരക്കുണ്ട്. അതൊക്കെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ പഠിക്കുക. ഒരുമാതിരി മെഗാസീരിയൽ പെണ്പിള്ളേര് കണക്ക് ഡയലോഗ് അടിക്കാതെ”

” ഞാൻ നിങ്ങളുടെ ഭാര്യ ആണ് മറക്കരുത്”

” ഓ ഏതു നേരത്താണോ എന്തോ… ” അവൻ ദേഷ്യത്തോടെ പുറത്തേക്ക് പോയി.

അനു പിന്നീട് പരാതിയൊന്നും പറഞ്ഞില്ല. വിനോദിന് ജോലിസംബന്ധമായ ടെൻഷനുകൾ വന്നതോടുകൂടി അവൻ നിസ്സാര കാര്യത്തിന് അവളോട് ചൂടാകാൻ തുടങ്ങി. അവൾ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും അവനെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങി…

അവൾ എന്ത് കാര്യം ചെയ്യുന്നതിന് മുൻപും അവന്റെ അനുവാദം വാങ്ങണമായിരുന്നു. പക്ഷെ അവൻ എന്തു ചെയ്യുന്നു എന്ന് എവിടെപ്പോകുന്നു എന്ന് അവളോട് പറയുക ഉണ്ടായിരുന്നില്ല. വിനോദ് വിളിക്കുമ്പോൾ അവളുടെ ഫോൺ എൻഗേജ്ഡ് ആയാൽ പോലും അവൻ ദേഷ്യപെടുമായിരുന്നു. പലപ്പോഴും സങ്കടം ആണെങ്കിലും അനുപമ അതൊന്നും പുറത്തു കാണിച്ചിരുന്നില്ല

അതിനിടയിൽ ഉണ്ടായ ഒരു സംഭവമാണ് അവർ തമ്മിലുള്ള ബന്ധം ഏറെ വഷളാകാൻ കാരണം.

വിനോദിന്റെ അമ്മാവന്റെ മകൾ ധന്യ ഭർത്താവുമായി പിണങ്ങി തറവാട്ടിലേക്ക് തിരിച്ചുവന്നു, വീട്ടിൽ തനിച്ചിരുന്ന് ബോറടിക്കുന്നു എന്ന കാരണം പറഞ്ഞു അവർ വിനോദിന്റെ വീട്ടിലെ നിത്യസന്ദർശകയായി മാറി. ധന്യ വിനോദിനോട് ഏറെ അടുത്തിടപഴകുന്നത് അനുപമയിൽ അലോസരം ഉണ്ടാക്കി.

വിനോദിന്റെ മാതാപിതാക്കൾ ഒരു ബന്ധുവീട്ടിൽ പോയ ദിവസം, ജാൻവിയെ സ്കൂളിലാക്കി തിരിച്ചുവരുമ്പോൾ വിനോദിന്റെ കാർ അതുവഴി പോകുന്നത് അനുപമ കണ്ടു. കാറിന്റെ മുൻസീറ്റിൽ ധന്യയെ കണ്ടതും അവൾക് ദേഷ്യം വന്നു. അവൾ മൊബൈലിൽ അവനെ വിളിച്ചു. അവൻ കാൾ കട്ട്‌ ചെയ്തു.

അനുപമ തന്റെ സ്കൂട്ടിയിൽ വിനോദിന്റെ കാറിനെ ഫോളോ ചെയ്തു. ടൗണിലെ ഒരു ടെക്സ്റ്റയിൽ ഷോപ്പിനു മുന്നിൽ വിനോദ് കാർ നിർത്തി. കുറച്ചു പിന്നിലായി അവളും സ്കൂട്ടി ഒതുക്കി. കാറിൽനിന്നിറങ്ങിയ വിനോദിന്റെ മുന്നിലേക്ക് അവൾ കടന്നു വന്നു. അപ്രതീക്ഷിതമായി അനുപമയെ മുന്നിൽ കണ്ട് അവൻ പകച്ചു പോയി.

” നീ എന്താ ഇവിടെ”

അവൻ ദേഷ്യത്തോടെ ചോദിച്ചു.

“ആ ചോദ്യം ഞാനല്ലേ നിങ്ങളോട് ചോദിക്കേണ്ടത്, എന്തോ ക്ലയന്റ് മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞല്ലേ വീട്ടിൽ നിന്നും ഇറങ്ങിയത്, ഇതാണോ മീറ്റിംഗ്? “

” അതൊക്കെ ചോദിക്കാൻ നീ ആരാ”?

” ഞാൻ നിങ്ങളുടെ ഭാര്യയാണ്. എനിക്ക് ചോദിക്കാനുള്ള അവകാശം ഉണ്ട്. “

” നീ വീട്ടിലേക്ക് ചെല്ലു നിന്റെ അവകാശം ഞാൻ തീർത്തു തരാം”

വിനോദ് ദേഷ്യത്തിൽ മുരണ്ടു.

” ഞാൻ വീട്ടിലേക്ക് പോകാം അതിനുമുമ്പ് ഒന്ന് രണ്ട് കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. ഇതുപോലൊരു പബ്ലിക് പ്ലെയ്സിൽ വച്ചല്ല ഇതെല്ലാം സംസാരിക്കേണ്ടത് എന്ന് എനിക്കറിയാം. പക്ഷേ ഈയിടെയായി നമ്മൾ ഒന്നും സംസാരിക്കുന്നില്ല. നിങ്ങൾ എവിടെയെല്ലാം പോകുന്നു എന്ന് അറിയാൻ നിങ്ങളെ ഫോളോ ചെയ്തു വന്നതല്ല ഞാൻ, കുഞ്ഞിനെ സ്കൂളിൽ വിട്ടു വന്ന വഴിക്ക് നിങ്ങൾ ഒരുമിച്ച് കണ്ടതുകൊണ്ട് മാത്രമാണ് വന്നത്. 24 മണിക്കൂറും എന്നോടൊപ്പം ചിലവഴിക്കാൻ ഒന്നും ഞാൻ പറയുന്നില്ലല്ലോ. ഒരു മണിക്കൂർ ആത്മാർത്ഥതയോട് കൂടി എന്നോടൊപ്പം ചിലവഴിക്കണം എന്നേ പറയുന്നുള്ളൂ”

“നീ വീട്ടിൽ പോ, ധന്യക്കൊരു ഡ്രസ്സ് എടുക്കാൻ ഉണ്ട് അതിനുശേഷം ഞങ്ങൾ വരാം”

തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ അനുപമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. താനും വിനുവേട്ടന് ഒരുമിച്ച് പുറത്തു പോയിട്ട് ഏകദേശം ഒരു വർഷമായി എന്ന് ഓർത്തു.
വീട്ടിൽ വന്നതിനുശേഷം എന്തുചെയ്യണമെന്നറിയാതെ ചിലമ്പിച്ച ചിന്തകളുമായി ഹോളിൽ സെറ്റിയിൽ അവൾ തളർന്നിരുന്നു

“അവളെ എങ്ങനെ ഡീൽ ചെയ്യണം എന്നൊക്കെ എനിക്കറിയാം, അവൾക്ക് ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല. അതുകൊണ്ടുതന്നെ ഇതുപോലെയുള്ള എന്റെ എല്ലാ കാര്യത്തിലും ഇടപെടാൻ ആണ് അവളുടെ ഇഷ്ടമെങ്കിൽ പിന്നെ ഡിവോഴ്സ് ചെയ്തേക്കാം എന്ന് ഞാൻ അവളോട് പറയും. അവൾ ഒരു പാവമാണ്, ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല അതുകൊണ്ട് അവൾ സമ്മതിക്കില്ല എനിക്ക് ഉറപ്പാണ്, അങ്ങനെ ഒന്നു പറഞ്ഞു പേടിപ്പിച്ചാൽ പിന്നെ അവൾ എന്റെ ഒരു കാര്യത്തിലും ഇടപെടില്ല” വിനോദ് ധന്യയോട് പറഞ്ഞു.

വീട്ടിലെത്തിയ ഉടനെ വിനോദ് അവൾക്ക് അഭിമുഖമായി ഇരുന്നിട്ട് പറഞ്ഞു

” നിനക്ക് എന്തിനുമേതിനും എന്നെ സംശയമാണ്, നമ്മൾ ഒരുമിച്ച് പോയ ശരിയാകും എന്ന് എനിക്ക് തോന്നുന്നില്ല, അതുകൊണ്ട് നമുക്ക് പിരിയാം”

” കുറെ നാളുകളായി ഞാനും ഇതുതന്നെയാണ് വിനുവേട്ടാ ആലോചിക്കുന്നത്, നമ്മൾ പ്രണയിച്ചിരുന്നു എന്നുള്ളത് സത്യമാണ് പക്ഷേ ജീവിതം തുടങ്ങിയപ്പോൾ നമ്മൾ അത് മറന്നു പോയി. അതുകൊണ്ട് വിനുവേട്ടൻ പറഞ്ഞത് തന്നെയാണ് ശരി എന്ന് എനിക്ക് തോന്നുന്നു, വിനുവേട്ടൻ അതിനുള്ള ഫോർമാലിറ്റീസ് നോക്കിക്കോളൂ. എവിടെ ഒപ്പിടേണ്ടത് മാത്രം എന്നോട് പറഞ്ഞാൽ മതി”

അവൻ തീരെ പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു അത്. പിന്നീട് അവൾ ഒന്നും അവനോട് മിണ്ടിയില്ല.

അവന്റെ മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയ ഉടനെ അനുപമ തന്റെ സാധനങ്ങൾ പാക്ക് ചെയ്തു ഒരു ടാക്സി പിടിച്ച് അവിടുന്ന് ഇറങ്ങി, വിനോദിന്റെ മാതാപിതാക്കൾ എതിർത്തെങ്കിലും, അവൻ ഒരക്ഷരം പോലും മിണ്ടിയില്ല. അവൻ തിരിച്ചുവിളിക്കുമെന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നു. വിനോദിന് പക്ഷേ വാശിയായിരുന്നു. അടിമആയി ജീവിക്കേണ്ടവളാണ് ഭാര്യ എന്ന കാഴ്ചപ്പാട് ആയിരുന്നു അവന്.

അന്നത്തെ ഒരു നിസ്സാര പ്രശ്നമാണ് ഇന്ന് വിവാഹമോചനത്തിൽ എത്തിനിൽക്കുന്നത്. വിനോദ് ഒരു മാപ്പ് പറഞ്ഞിരുന്നെങ്കിൽ തീരുന്ന പ്രശ്നം.
ഇന്ന് അതൊക്കെ ഓർത്തപ്പോൾ അവന് സങ്കടം തോന്നി

” നിനക്കറിയാമോ, അവളോട് എനിക്ക് പൊസസീവ്നെസ് കൂടുതലായിരുന്നു, അവൾ എന്റെ മാത്രമാണെന്നുള്ള ചിന്തയായിരുന്നു, ഞാൻ എന്ത് ചെയ്താലും അവൾ എന്നോടൊപ്പം ഉണ്ടാകും എന്നായിരുന്നു ഞാൻ കരുതിയത്. ഇത്രയ്ക്ക് നിഷ്കളങ്ക ആയിരുന്നു അവൾ, എപ്പോഴാണ് അവൾ മാറിപ്പോയത് എന്ന് എനിക്കറിയില്ല”

വിനോദ് സുഹൃത്തിനോട് പറഞ്ഞു.

” ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല”

അനുപമ വീട്ടിലെത്തി റൂമിൽ കയറിയ ഉടനെ കഴുത്തിൽ കിടന്ന താലി ഊരി വെച്ചു. എന്നിട്ട് അവൾ ഡയറി തുടങ്ങി

“”പുരുഷന്റെ പൊസസീവ്നെസ് ആത്മാർത്ഥ സ്നേഹവും, സ്ത്രീയുടെ പൊസസീവ്നെസ് സംശയ രോഗവും ആണോ? തന്റെ മാത്രം സ്വന്തമെന്ന് കരുതുന്ന പുരുഷൻ തന്നിൽ നിന്ന് അകന്നു പോകുന്നത് കാണുമ്പോൾ പിന്നെ മിണ്ടാതെ എല്ലാം സഹിക്കണോ? നമ്മുടെ ജീവിതത്തിൽ രണ്ടാമത് ഒരു ചാൻസ് കിട്ടണമെന്നില്ല. ഈ ഒരു വർഷത്തിൽ എപ്പോഴെങ്കിലും വിനുവേട്ടൻ മനസ്സ് മാറി തിരിച്ചു വരുമെന്ന് ഞാൻ കരുതി, അദ്ദേഹം ചെയ്ത കുറ്റത്തിന് അങ്ങോട്ട് പോയി മാപ്പ് പറഞ്ഞ് സ്ത്രീകളുടെ വില കളയാൻ എനിക്ക് ആകില്ല. തോറ്റു കൊടുക്കുന്നതും വിട്ടുകൊടുക്കുന്നത് മാത്രമല്ല സ്നേഹം, സ്ഥാനമില്ലെന്ന് അറിയുമ്പോൾ അവിടുന്ന് നിശബ്ദം പിൻവാങ്ങുകയാണ് വേണ്ടത്. ഞാൻ അത് ചെയ്തു. ആരുടെയും ജീവിതത്തിൽ ഭാരം ആകാൻ എനിക്ക് ആകില്ല. ഇനിമുതൽ മകൾക്ക് വേണ്ടി ജീവിക്കണം., “‘.. കണ്ണുനീർ തുടച്ചു ഒരു ദൃഢനിശ്ചയത്തോടെ അവൾ എഴുന്നേറ്റു..

അനുപമയെ പോലെ മനസ്സ് തുറന്ന് സ്നേഹിക്കുന്ന ഭാര്യമാരെ അതുപോലെ തിരിച്ചു സ്നേഹിക്കണം. ഭാര്യ എന്തും സഹിച്ചു കഴിഞ്ഞോളും എന്നല്ല കരുതേണ്ടത്, കുടുംബജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യപങ്കാളിത്തം ആണെന്നുള്ള ബോധം മനസ്സിലാക്കി വേണം ജീവിക്കേണ്ടത്….

ഒരു മാപ്പ് പറഞ്ഞാൽ പരസ്പരം മനസ്സ് തുറന്നു സംസാരിച്ചാൽ തീരാവുന്ന പല പ്രശ്നങ്ങളുമാണ് പലപ്പോഴും വിവാഹമോചനത്തിൽ ചെന്നവസാനിക്കുന്നത്…