അതിന് ശേഷം ഞാൻ റെയിൽവേ കാട്ടിലേക്ക് പോയിട്ടില്ല. സുനിതയെ എനിക്കും വലിയ ഇഷ്ടമായിരുന്നു…

Story written by Mary Milret

================

ഒരു ആത്മഹത്യ കുറിപ്പ്

സ്ഥലം:

തീയതി:

ഞാൻ രാജൻ, റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന രാമന്റെയും ജാനകിയുടേയും മൂന്ന് മക്കളിൽ മൂത്തവൻ. എന്റെ ഭാര്യ സുനിതയേയും ഞങ്ങളുടെ രണ്ടു മക്കളേയും തനിച്ചാക്കി ഞാൻ ആത്മഹത്യ ചെയ്യുന്നു.

എന്റെ മരണത്തിന്റെ ഉത്തരവാദി ഞാൻ തന്നെയാണോ അതോ ആരേയും ഒരിക്കലും നന്നാകാൻ അനുവദിക്കാത്ത ഈ സമൂഹമോ ? നി ങ്ങൾ തീരുമാനിക്കൂ…

ഞാൻ ആദ്യം പറഞ്ഞത് പോലെ റെയിൽവേ പുറമ്പോക്കിൽ ഞങ്ങളെ പ്പോലെ പതിനെട്ട് കുടുംബങ്ങൾ വേറെയുമുണ്ട്. എല്ലാം വളരെ ചെറിയ കുടിലുകളാണ്. തിങ്ങി നിറഞ്ഞ് താമസിക്കുന്നവർ . അതിനോടടുത്ത് ഞങ്ങൾ റെയിൽവേ കാട് എന്ന് വിളിക്കുന്ന നിറയെ മരങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളുമുള്ള കാട്. കോളനിയിലെ ആണുങ്ങൾ ഈ കാടാണ് ക ക്കൂസായി കണ്ടിരുന്നത്. അതി രാവിലെ റെയിൽവേ കാട്ടിലേക്ക് പോകുന്നവർ അവിടെ വീണ് കിടക്കുന്ന തേങ്ങ, അടയ്ക്ക, പറിക്കാൻ കഴിയുന്ന അകലത്തിൽ കിടക്കുന്ന മാങ്ങ ഒക്കെ എടുക്കും. ഞാനും എടുത്തിട്ടുണ്ട്. മൂന്ന് മക്കൾക്ക് ടെക്സ്റ്റ് ബുക്ക്, നോട്ട് ബുക്ക്, പേന, പെൻസിൽ, ഫീസ് ഇതെല്ലാം തെങ്ങ് കയറ്റതൊഴിലാളിയായ അച്ഛനും വീട്ട് വേലയ്ക്ക് പോകുന്ന അമ്മയ്ക്കും വലിയ ഭാരമാണ്. അതിന് ഞാൻ കണ്ട പരിഹാരം, റെയിൽവേ കാട്ടിലെ മുഴുവൻ തേങ്ങയും അടയ്ക്കയും പെറുക്കി വില്ക്കാലായിരുന്നു…

ഇനി അന്തോണി ചേട്ടനെ കുറിച്ച് പറയാം. അടുത്തുള്ള പലചരക്ക് കടക്കാരനാണയാൾ. എന്നെ മോഷണം നടത്താൻ പ്രേരി പ്പി ച്ചത് അയാളാണ്.

“റെയിൽവേ പുറമ്പോക്ക് ആരുടേയും അപ്പന്റെ വകയല്ലല്ലോ ; ഗവണ്മെന്റ്
വകയല്ലേ നീ കേറിയിടഡാ തേങ്ങ “എന്ന് പ്രേരിപ്പിച്ചതും അയാളാണ്. അയാളുടെ
ലാഭം നിങ്ങൾക്ക് ഊഹിക്കാൻ കഴിയും

“കുട്ടിയല്ലേ..കട്ടമൊതലല്ലേ “എന്ന് പറഞ്ഞ് എന്തെങ്കിലും തരും. അതെപ്പോഴും

യഥാർത്ഥത്തിൽ കിട്ടേണ്ടതിന്റെ പകുതി പോലും ആവില്ല. കട്ട മുതൽ ഒതുക്കിയ അന്തോണി ചേട്ടൻ അപ്പോൾ ആരാണ്?

തേങ്ങ, അടയ്ക്ക എല്ലാം ഞാൻ കയറി പറിച്ചെടുക്കാൻ തുടങ്ങിയതോടെ
പുറമ്പോക്ക് കോളനിയിലെ ആർക്കും ഒന്നും വീണ് കിട്ടാതെയായി. അതോടെ
അവർക്ക് എന്നെ കണ്ടുകൂടാതെയുമായി

17-ം വയസിൽ പത്താം ക്ലാസ് തോറ്റതോടെ ഞാൻ പഠിപ്പു നിർത്തി. പിന്നെ ആകെ വരുമാനം വല്ലപ്പോഴും തേങ്ങയും അടയ്ക്കയും മാങ്ങയും ഒക്കെ വിറ്റു കിട്ടുന്ന പൈസ മാത്രം…

അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് കോളനിയിൽ തന്നെയുള്ള സുനിത ഒരു ദിവസം എന്നോട് പറയുന്നത് “ചേട്ടനെ എനിക്ക് ഇഷ്ടമാണ്. പക്ഷെ ചേട്ടൻ ഇനി റെയിൽവേ കാട്ടിൽ നിന്ന് ഒന്നും എടുക്കരുത്; വീണ് കിടക്കുന്ന ഒരു അടയ്ക്ക പോലും എടുക്കരുത്. ചേട്ടനെ എല്ലാവരും “കള്ളൻ രാജൻ” എന്നാണ് വെറുതെ സംസാരിക്കുമ്പോൾ പോലും വിളിക്കുന്നത്.എനിക്കത് കേൾക്കുന്നത് ഭയങ്കര സങ്കടമാണ് “

അതിന് ശേഷം ഞാൻ റെയിൽവേ കാട്ടിലേക്ക് പോയിട്ടില്ല. സുനിതയെ എനിക്കും വലിയ ഇഷ്ടമായിരുന്നു. തുറന്നു പറഞ്ഞാൽ പ്രശ്നങ്ങൾ ഉണ്ടായാലോ ? എനിക്ക് ഒരു ജോലിയും ഇല്ലല്ലോ…എന്നൊക്കെ ഓർത്ത് മനസിൽ ആ ഇഷ്ടം ഞാൻ സൂക്ഷിച്ചു…

അതോടെ ഞാൻ റെയിൽവേ കാട്ടിലേക്കുള്ള പോക്ക് നിർത്തി. അപ്പോ എനിക്ക് ഇരുപത് വയസ്. ഞാൻ ബസിൽ കിളിയായി പണിക്ക് പോകാൻ തുടങ്ങി..

ആ ബസ് അമ്മ പണിക്കു പോകുന്ന വീട്ടിലെ സാറിന്റേതായിരുന്നു. അമ്മ അദ്ദേഹത്തോട് പറഞ്ഞിട്ട് എന്നെ വിളിച്ചു തന്ന ജോലിയാണ്. കിളിയായി കയറി ഞാൻ ആറ് മാസം കൊണ്ട് അതേ ബസിൽ ഡ്രൈവിങ് പഠിച്ച് ലൈസൻസ് എടുത്ത് ഡ്രൈവറായി ജോലി ചെയ്യാൻ തുടങ്ങി..

ഇരുപത്തിയഞ്ചാം വയസ്സിൽ സുനിതയെ വിവാഹം കഴിച്ചു. അവൾ എന്റെ ബസ് മുതലാളിയുടെ മെഴുകുതിരി കമ്പനിയിൽ ജോലിക്ക് പോകുന്നുണ്ടായിരുന്നു

വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷം കഴിഞ്ഞു. മൂത്തകുട്ടി രഞ്ജിത്ത് നാലാം ക്ലാസിൽ പഠിക്കുന്നു, ഇളയകുട്ടി രമ്യ രണ്ടിലും…

മിനിയാന്ന് സ്കൂൾ വിട്ട് മക്കൾ രണ്ടുപേരും കരഞ്ഞ് കൊണ്ടാണ് വീട്ടിൽ വന്നത്. നാളെ അച്ഛനേയും അമ്മയേയും വിളിച്ചു കൊണ്ട് വന്നാലേ ക്ളാസിന് കയറ്റൂ എന്ന് ക്ളാസ് ടീച്ചറായ സിസ്റ്റർ മേരി പറഞ്ഞത്രേ…

എന്താണ് കാ രണം എന്ന് പറയാൻ മകൻ കൂട്ടാക്കിയില്ല. മകളാകട്ടെ ചേട്ടനെ സിസ്റ്റർ അടിച്ചു എന്ന് പറഞ്ഞാണ് കരച്ചിൽ…

ഇന്നലെ ഞങ്ങൾ രണ്ടു പേരും മക്കളോടൊപ്പം സ്കൂളിൽ പോയി…

അപ്പോഴാണ് അറിയുന്നത് മകൻ റെയിൽവേ കോളനിയിലെ ; മുൻപ് അയൽക്കാരായുമായിരുന്ന ശിവന്റെ മകനെ ഇടിച്ചു. എത്ര ചോദിച്ചിട്ടും എന്തിനാണ് ഇടിച്ചത് എന്ന് പറയാതിരുന്നത് കൊണ്ടാണ് സിസ്റ്റർ അവനെ അടിച്ചത്. എന്തായാലും ഇനി അവന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും ഉണ്ടാവില്ല എന്ന് ഞങ്ങൾ ഉറപ്പ് കൊടുത്തു. മാപ്പു പറഞ്ഞ് കുട്ടികളെ ക്ളാസിലാക്കി ഞങ്ങൾ പോന്നു.

വൈകുന്നേരം സ്കൂൾ വിട്ടു വന്ന മകൻ ഉറപ്പിച്ചു പറഞ്ഞു , ഇനി അവൻ സ്കൂളിൽ പോവില്ല; പഠനം നിർത്തി എന്ന്…

സുനിത വിളിച്ചിരുത്തി ഒരുപാട് സമയം ശ്രമിച്ചു . ഒടുവിൽ അവൻ പറഞ്ഞു ശിവന്റെ മകൻ അവനെ “കള്ളൻ രാജൻ” എന്നാണ് വിളിക്കുന്നത് എന്ന്….അത് കേട്ട് ഇപ്പോ മറ്റ് കുട്ടികളും അവനെ “കള്ളൻ രാജൻ ” എന്ന് വിളിക്കുന്നു..

എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല…15-18 വർഷം മുൻപ് ഞാൻ ചെയ്ത് പോയ.ആ തെറ്റിന്റെ ഫലം അനന്തര തലമുറ അനുഭവിക്കുന്നു. അല്ലെങ്കിൽ തന്നെ ഞാൻ ആരുടെയും സ്വന്തം മുതൽ മോഷ്ടിച്ചിട്ടില്ല…അന്യ പറമ്പിൽ വീണ് കിടക്കുന്ന ഒരു അടയ്ക്ക പോലും…റെയിൽവേ പുറമ്പോക്ക് കേന്ദ്രഗവൺമെന്റ് സ്ഥലം…അവിടുന്ന് എല്ലാവരും കിട്ടുന്നത് പരമാവധി എടുക്കുന്നതും, പുറമ്പോക്ക് കയ്യേറി വീടുകൾ കെട്ടി താമസിക്കുന്നതും മോഷണം തന്നെയല്ലേ…അതും തെറ്റല്ലേ…

പലവിധത്തിൽ ന്യായീകരണങ്ങൾക്ക് ശ്രമിച്ചു നോക്കി. പക്ഷെ സമാധാനം
കിട്ടുന്നില്ല. ഇത്രയും വർഷങ്ങൾക്കു ശേഷം തീരെ ചെറിയ കുട്ടികൾ ഇക്കാര്യം അറിഞ്ഞത് അവരുടെ മാതാപിതാക്കൾ പറഞ്ഞായിരിക്കും…ഞങ്ങളിപ്പോൾ കോളനിയിലല്ല താമസം. മുതലാളി അദ്ദേഹത്തിന്റെ പറബിന്റ ഒരരികൽ ഞങ്ങൾക്ക് രണ്ടു സെന്റ് സ്ഥലത്ത് ഒരു ചെറിയ വീടുവച്ചു തന്നു. അത്കൊണ്ട് കോളനിയിലെ ആളുകൾക്ക് ഞങ്ങളോടുണ്ടായ ഇഷ്ടക്കേട് ഇത്ര വലുതായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്..

ഞാൻ മരിച്ചാലെങ്കിലും എന്റെ മക്കളേയും ഭാര്യയേയും നിങ്ങൾ വെറുതെ വിടുമോ ? അപേക്ഷയാണ്. ഇനി എന്റെ മക്കൾ മെഴുകുതിരി കമ്പനിയിൽ പണിക്കു പോകുന്ന സുനിതയുടെ മാത്രം മക്കളാണ്…

എന്റെ ഭാര്യയേയും മക്കളേയും ജീവിക്കാൻ അനുവദിക്കണം…എന്റെ.ഭാര്യയും മക്കളുമായിപ്പോയതിന്റെ പേരിൽ എന്റെ ആത്മഹത്യാ വഴി തെരഞ്ഞെടുക്കാൻ അവർക്കിടവരുത്തരുത്…

വർഷങ്ങൾക്കു ശേഷം ഞാ ൻ വീണ്ടും റെയിൽവേക്കാട്ടിലേക്ക് പോകുന്നു… ജീവനോടെ തിരിച്ചു വരാതിരിക്കാൻ..

സുനിതേ, എന്റെ മക്കളേ…മാപ്പ്….

എന്ന്,

രാജൻ