അവന്റെ വെള്ളാരം കണ്ണുകളെ  നേരിടാനാവാതെ ഒരു ദിവസം മാളു   അവനോട് തന്റെ സമ്മതം തുറന്നു പറഞ്ഞു….

പ്രണയനൊമ്പരം

എഴുത്ത്: മിത്ര വിന്ദ

=================

“അമ്മേ…ആരാ അത്..അമ്മ അറിയുമോ അയാളെ..”

ഇളയമകൻ മാധവ് എന്റെ കൈയിൽ കടന്നുപിച്ചതും, നിറഞ്ഞകണ്ണുകൾ അവൻ കാണാതെ തൂവെള്ള നിറം ഉള്ള കൈലേസുകൊണ്ട് ഒപ്പിയിട്ട് ഞാൻ അവന്റെ കൈയിൽ പിടിച്ചുകൊണ്ട് മുൻപോട്ട് നീങ്ങി..ഓർമ്മകൾക്ക് എട്ടു  വയസ് കഴിഞ്ഞു..

പച്ചപ്പുല്ല് വിരിച്ച കലാലയ മുറ്റത്തു വീണുകിടക്കുന്ന ഗുൽമോഹർ പൂക്കളെ സാക്ഷിയാക്കി ആണ് അജ്മൽ മുഹമ്മദ് അവന്റെ പ്രണയം മാളവിക നായരോട് തുറന്നുപറഞ്ഞത്..ആദ്യം ഒക്കെ ഒരു സാധാരണപെണ്കുട്ടിയെ പോലെ അവളും ഒരുപാട് എതിർത്തു.

ഒന്നാമത് രണ്ട് മതങ്ങൾ. ആരും സമ്മതിക്കുക ഇല്ല എന്ന് അവൾക്ക് നന്നായി അറിയം..വെറുതെ എന്തിന് ആണ് രണ്ടാളുടെയും സമയം കളയുന്നത്….പഠിച്ചു എന്തെങ്കിലും ആയി തീരേണ്ട സമയം ആണ്..അവനെ കാണുമ്പോൾ ഒക്കെ മാളു ഓടി മറയും.

പക്ഷെ അജ്മൽ പിന്മാറി ഇല്ല.

എന്നെങ്കിലും ഒരിക്കൽ എന്റെ പനിനീർ റോസയിൽ മൊട്ടിടും, പിന്നീട് അതു പൂത്തു തളിർക്കും…എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് അവൻ അവൾക്കായി കാത്തിരുന്നു.

അവന്റെ വെള്ളാരം കണ്ണുകളെ  നേരിടാനാവാതെ ഒരു ദിവസം മാളു   അവനോട് തന്റെ സമ്മതം തുറന്നു പറഞ്ഞു..പിന്നെ അങ്ങോട്ട് സമ്മാനങ്ങളുടെയും പ്രണയലേഖനങ്ങളുടെയും കുത്തൊഴുക്ക് ആയിരുന്നു,

അവനില്ലാതെ ഒരു ജീവിതം ഇല്ല,,,,,,തല കുനിക്കുന്നു എങ്കിൽ അത് അജ്മൽ താലി ചാർത്തുമ്പോൾ ആയിരിക്കും, ഒരു കുഞ്ഞിന്റെ അമ്മയാകുന്നു എങ്കിൽ അത് അജ്മലിന്റെ കുഞ്ഞിന്റെ ഉദരത്തിൽ പേറുമ്പോൾ…തനിക്കായി ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് അജ്മൽ മുഹമ്മദ്‌ ആകും….

എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നു, ഊണിലും ഉറക്കത്തിലും ശ്വാസനിശ്വാസത്തിലും അജ്മൽ മാത്രം ആയിരുന്നു..തിങ്കൾ മുതൽ വെള്ളി വരെ ഉള്ള ദിവസങ്ങളിൽ അവനെ കാണുന്നതാണ്, എന്നിട്ടും അവൻ പറയും ശനിയാഴ്ച അമ്പലത്തിൽ വരണം എന്ന്, കാരണം അപ്പോൾ തങ്ങൾക്ക് രണ്ടാൾക്കും കണ്ടുമുട്ടാമല്ലോ, ഞായറാഴ്ച എങ്ങനെ എങ്കിലും തള്ളി നീക്കും, തിങ്കളഴ്ച രാവിലെ കോളേജിൽ എത്തുമ്പോൾ അജ്മൽ നേരത്തെ തന്നെ വാകമരചുവട്ടിൽ എത്തിയിട്ടുണ്ടായിരിക്കും..പ്രണയം പൂത്തു തളിർത്തു വന്നപ്പോളേക്കും കലാലയജീവിതം അവസാനിച്ചിരുന്നു..

ഹിന്ദുമുസ്ലീം വിവാഹം എന്ന് പറഞ്ഞാൽ വെട്ടുംകൊ* ലയും ആണ്..ജാതി ഒരു പ്രശനം ആകുമെന്ന് അറിയാമായിട്ടും അവനെ അതിരുവിട്ടു സ്നേഹിച്ചു, ദുബായിൽ പോയി ജോലി സമ്പാദിച്ചു നാട്ടിൽ മടങ്ങി എത്തിയിട്ട് നിന്നെയും കൊണ്ട് ഞാൻ പറക്കും,,ആർക്കും നമ്മളെ കൊണ്ട് ശല്യമാകില്ല,,അവസാനം തന്റെ കൈകൾ കവർന്നു കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു, അവൻ പറഞ്ഞ വാക്കുകൾ ഇന്നും തന്റെ കാതിൽ പ്രകമ്പനം കൊള്ളുന്നുണ്ട്,

കാത്തിരിപ്പിന്റെ നാളുകൾ….

ഒടുവിൽ അച്ഛൻ പല വിവാഹാലോചനകൾ കൊണ്ടുവന്നെങ്കിലും എല്ലാം താൻ എതിർത്ത്,,ചിലപ്പോൾ ഒക്കെ അച്ഛന്റെയും ദേവേട്ടന്റെയും ശബ്ദം ഉയർന്നു വന്നു, എന്നാലും അജ്മലിന് വേണ്ടി എല്ലാം സഹിച്ചു, അവൻ വരാൻ ഇനി രണ്ടുമാസം കൂടി ഒള്ളുന്നു അറിയാമായിരുന്നു, ഒടുവിൽ..ആ നശിച്ച ദിവസം,,,

ഒരു ആലോചന വന്നപ്പോൾ അച്ഛൻ കിടന്നു ഭയങ്കര ബഹളം. താൻ കുറെ ഏറെ എതിർത്തു. പക്ഷെ രക്ഷയില്ല..

ചെക്കൻ ആണെങ്കിൽ ഇഷ്ടം പോലെ കാശും നല്ല ഒന്നാം തരം ജോലിയും..

കാണാനും സുന്ദരൻ…

പക്ഷേ താൻ പതിവ് പോലെ എതിർക്കൽ സമരം ആരംഭിച്ചു….

ഒടുവിൽ അച്ഛന് ഒരു നെഞ്ചു വേദന വന്നപ്പോൾ…..അന്നാണ് എല്ലാം കൈ വിട്ടു പോയത്…

മരണ കിടക്കയിൽ കിടന്ന് കൊണ്ട് അച്ഛൻ തന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാത്ത അവസ്ഥ…ബന്ധുക്കളുടെ ഒക്കെ മുറു മുറുപ്പ് ഉയർന്നു തുടങ്ങി..അച്ഛനോട് സമ്മതം പറയാതെ ഒരു നിവർത്തിയും ഇല്ലായിരുന്നു.

അങ്ങനെ…അങ്ങനെ…..കാര്യങ്ങൾ എല്ലാം വേഗം മുന്നിട്ട് പോയി.

ശ്രീഹരി യുടെ താലി ഏറ്റു വാങ്ങി നിറഞ്ഞ മിഴികളോട് കൂടി നിൽക്കുമ്പോൾ കണ്ടു തന്റെ നേർക്ക് കണ്ണ് നട്ടു കൊണ്ട് ഒരു തരം നിർവികാരതയോട് കൂടി നിൽക്കുന്ന അജ്മലിനേ.

ഹൃദയം അലമുറ ഇട്ടു കരഞ്ഞ നിമിഷങ്ങൾ….

ഈ ഭൂമിയിൽ നിന്നും എത്രയും പെട്ടന്ന് തിരിച്ചു പോകാൻ സാധിക്കണേ എന്നാണ് പ്രാർത്ഥിച്ചത് മുഴോനും..

“എന്തിനാ എന്നെ പറ്റിച്ചത്…ഞാൻ ഒരു പാവം ആയിരുന്നത് കൊണ്ട് ആണോ മാളു..”

ഫോട്ടോ എടുക്കാന് എന്ന വ്യാജന അടുത്ത് വന്നിട്ട് അജ്മൽ തന്റെ കാതിൽ ചോദിച്ച അവസാന വാചകം..

പിന്നെ ഇന്നോളം മിണ്ടിയിട്ടില്ല..നേരിട്ട് കണ്ടതും ഇല്ല…

***************

ഹരിയേട്ടൻ തന്നെ സ്നേഹിക്കുക ആയിരുന്നില്ല..പ്രണയിക്കുക ആയിരുന്നു..ഓരോ നിമിഷവും..

പക്ഷെ….

തനിക്ക് എത്ര കണ്ടു ശ്രമിച്ചിട്ടും അതു ഉൾകൊള്ളാൻ കഴിഞ്ഞില്ല..കാലം കൊഴിഞ്ഞു പോയ്കൊണ്ടേ ഇരുന്നു..

മൂത്ത മകൾ പാർവതി യും ഇളയ മകൻ മാധവും തന്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ ഉത്തരവാദിത്തം കൂടി..

എങ്കിലും തന്റെ ഓർമകളിൽ എന്നെന്നും, അജ്മൽ ഓടിയെത്തും..

അവനെ ഓർക്കാതെ ഒരു ദിനം പോലും തന്റെ ജീവിതത്തിൽ ഇതേ വരെ ആയിട്ടും കടന്നു പോയിട്ടല്ല.

ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അതു തന്റെ അജ്മലിന്റെ പാതി ആവാൻ വേണ്ടി ആവാൻ മോഹിക്കും….

ദുബായിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ചികില്സയിൽ ആയിരുന്ന മലയാളി യുവാവ് അന്തരിച്ചു,, ടി വി ന്യൂസ് കണ്ടതും അതിലെ ഫോട്ടോയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന അജ്മൽ..ഒരു അലമുറയിട്ട് ഞാൻ മുറിയിൽ കയറിയതും,,,പിന്നെ, പിന്നെ,

“എന്താ മാളു ഇത്രയും സങ്കടം…അജ്മലിന്റെ വാർത്ത അറിഞ്ഞത് കൊണ്ട് ആണോ…” ഹരിയേട്ടൻ ആണ്.

കിടന്നിട്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുക ആയിരുന്നു താൻ അപ്പോൾ…

ഏട്ടന്റെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ കൊണ്ട് കട്ടിലിന്റെ ഓരം ചേർന്നു അനങ്ങാതെ കിടന്നു.

ഇന്ന് അജ്മലിന്റെ പ്രിയസഹോദരി ഷാഹിനയെ കണ്ടു ഇന്ന് മാർക്കറ്റിൽ വെച്ച്,, മാധവ് എന്തൊക്കെയോ ചോദിക്കുന്നുണ്ട്, മുന്നോട്ട് നോക്കി വണ്ടി ഓടിച്ചുപോകുമ്പോളും അജ്മലിന്റെ ആത്മാവിനു വേണ്ടി ആണ് പ്രാർഥിച്ചത്..

ഓർമകൾക്ക് മരണം ഇല്ല, വിങ്ങുന്ന നൊമ്പരം മാത്രമേ ബാക്കി ഒള്ളൂ…അത് പ്രണയത്തിന്റേത് ആകുമ്പോൾ മധുരം കൂടും..ഒപ്പം വേദനയും, ഗുൽമോഹർ പൂക്കളേക്കാൾ ചുവപ്പും….