അവൾ പിന്നെയും വാ തോരാതെ പറഞ്ഞു കൊണ്ടേ ഇരുന്നു..എന്തായലും ഇന്ന് രാത്രി വരെയുള്ള ചിലപ്പിന് കാരണമായി..

എഴുത്ത്: മനു തൃശ്ശൂർ

==================

വൈകുംനേരം ഉമ്മറത്ത് ഇരിക്കുമ്പോഴാ കെട്ട്യോൾ മോൻ്റെ കൈയ്യും പിടിച്ചു…റോഡിൽ നിന്നും മുറ്റത്തേയ്ക്ക് കയറി വരുന്നത് കണ്ടു..

വീട്ടിലേക്ക് കയറിയതും എന്തെങ്കിലും ഒന്ന് പറഞ്ഞു എന്നോട് ദേഷ്യം പെടാതെ ഒരു സമാധാനം കിട്ടില്ലെന്ന പോലെ അവൾ പറഞ്ഞു..

വെറുതെ ഇവിടെ ഇരിക്കുവായിരുന്നല്ലൊ. മോൻ സ്കൂളിൽ നിന്നും വരുന്ന ടൈം ആണെന്ന് അറിയില്ലേ പുറത്തോട്ട് ഒന്നിറങ്ങി കുഞ്ഞിനെ ഒന്ന് കൂട്ടി കൊണ്ട് വരാൻ കഴിയില്ല..

എല്ലാം ഞാൻ തന്നെ ചെയ്യണമല്ലൊ ദൈവമെ പിന്നെയും നൂറുക്കണക്കിന് പണികള കിടക്കണ്..

ഇനി ചെക്കനെ ഊട്ടണം പഠിപ്പിക്കണം എല്ലാം എന്റെ തലേകൂടെ അല്ലെ പോകുന്നു അതെങ്ങനെ നിങ്ങൾക്ക് ആ വിചാരം ഒന്നില്ല..ല്ലൊ

“ഒന്ന് പിടിവിട്ട അപ്പനും മോനും പോയ വഴിക്ക് പുല്ല് മുളക്കില്ല പിന്നെ…

അത്രയും പറഞ്ഞു ചെക്കൻ്റെ കൈയ്യും പിടിച്ചു ഇങ്ങോട്ട് വാടാന്ന് പറഞ്ഞു അവൾ അവനെ അകത്തേക്ക് വലിച്ചോണ്ട് പോയി..

ചെക്കൻ രണ്ടാം ക്ലാസിൽ എത്തീട്ടൊള്ളു സ്ക്കൂൾ നിന്നും ബസ്സിൽ വഴിയിൽ വരെ വിടും അവിടെ നിന്നും ഒന്ന് പോയി കൊണ്ട് വരാത്തതിന അവളുടെ ഈ തുള്ളല്..

ഞാൻ മുഖം തിരിക്കാതെ അകത്തേക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു .

അൻ്റെ ഈ തിളപ്പ് കണ്ട തോന്നുലൊ നീയാണ് എന്നും നടന്നു സ്കൂളിൽ കൊണ്ട് പോകുന്നതും വരുന്നതും എന്ന്..

അങ്ങനെ എങ്ങനെ ആയാലെന്ത നിങ്ങൾ ഇപ്പോൾ വെറുതെ ഇരിക്കല്ലെ അതുവരെ പോയീന്ന് വച്ചു നിങ്ങടെ കാലും ചെരുപ്പ് തേയൊന്നും ഇല്ല മനുഷ്യ..

അവൾ പിന്നെയും വാ തോരാതെ പറഞ്ഞു കൊണ്ടേ ഇരുന്നു..എന്തായലും ഇന്ന് രാത്രി വരെയുള്ള ചിലപ്പിന് കാരണമായി..

അവളോട് മറുപടിയായി പിന്നെ ഞാനൊന്നും മിണ്ടാൻ പോയില്ല പോയാൽ പിന്നെ എനിക്ക് തന്നെയാ പണികിട്ടുക..

ദേ അപ്പുറത്ത് തേങ്ങാ കിടപ്പുണ്ട് വിറക് കിടപ്പുണ്ട് രണ്ടിലൊന്ന് പണിക്കിട്ടും  ഇനിപ്പോൾ തന്നില്ലേലും സമയം ആവുമ്പോൾ ഞാൻ തന്നെ ചെയ്യാൻ ഇരിക്കണ്..

വെറുതെ എന്തിന ഓട്ടോ പിടിച്ചു പോയി ആ പണിയൊക്കെ വാങ്ങുന്നെന്ന് ഓർത്തു മിണ്ടാതെ അവിടെ ഇരിക്കുമ്പോഴ..

ഒരു കുഞ്ഞി ടൗസ്സറും ടീഷർട്ടും ഇട്ട് ചെക്കൻ തല ചൊറിഞ്ഞോണ്ട് വന്നു പറഞ്ഞു..

അപ്പ…പോവല്ലെ..

ങേ ഇതിപ്പോ അവിടെ നിന്നും വന്ന് അങ്ങോട്ട് പോണെന്ന് പറയുന്നു  ഞാനവനെ ചോദ്യ ഭാവത്തിൽ നോക്കി ഇരിക്കുമ്പോഴാ കെട്ട്യോൾ വാതിൽ പടി കടന്നു വന്നു പറഞ്ഞു..

“ദെ ചെക്കൻ്റെ മുടി വെട്ടി കൊണ്ട് വരണം. പറ്റ വെട്ടണം ഫാഷനാണ് പറഞ്ഞു ചെമ്പ് കലത്തി വെട്ടിയ പോലെ കൊണ്ട് വന്ന രണ്ടീനേയും ഞാൻ  വീട്ടിൽ കയറ്റില്ല പറഞ്ഞു ഇല്ല വേണ്ട

ഇനി ഇവിടെ നിന്ന പന്തി അല്ലെന്നു തോന്നിട്ട്..വാടാന്ന് പറഞ്ഞു മോൻ്റെ കൈയ്യിൽ പിടിച്ചു വലിക്കുമ്പോൾ അവളുടെ വർത്തമാനം കേട്ടു എനിക്ക് ചിരി വരുന്നുണ്ടായിരുന്നു..

രണ്ടു ദിവസം മുന്നെ ആരോ പറയുന്നു കേട്ട് അമ്പലത്തിലേക്ക് തിരിയുന്ന വഴിയിൽ പഴയ ചായക്കടയോട് ചേർന്ന് ആരോ പുതിയ  മുടിവെട്ട് കട ഇട്ടെന്ന്..

വണ്ടിയും എടുത്തു നേരെ  അങ്ങോട്ട് വിട്ടു പഴയ ഒരു ബാർബർ ഷോപ്പ് നിന്നിടത്ത് തന്നെ ഒന്ന് പുതുക്കി പണിതതാണ്..

അവിടെ തന്നെ കണ്ടപ്പോൾ എൻ്റെ കുഞ്ഞു നാളിലേ ഓർമ്മകൾ അതിലേക്ക് ഓടി ചെല്ലുന്ന പോലെ തോന്നി..

മോനെ മുടി വെട്ടാൻ കയറ്റി ഇരുത്തി പറ്റെ വെട്ടിയേക്ക് എന്ന് പറയുമ്പോഴ വലിയ കണ്ണാടിക്ക് അപ്പോൾ ഒരു ഫോട്ടോ ചില്ലിട്ട് വച്ചത് കണ്ടു

മനസ്സിൽ നിന്നും മായാത്ത ഒരു മുഖം മനസ്സ് തുടിച്ചു ഒപ്പം നൊമ്പര പെടുത്തി ഹൃദയത്തിൽ ഒരു തെന്നൽ വളെരെ തണുത്തു ഉറഞ്ഞു നെഞ്ചിൽ തിങ്ങി തുടങ്ങി..

ഞാൻ മുടി വെട്ടി കൊണ്ട് ഇരിക്കുന്ന ഒരു മുപ്പതിൽ ഏറെ വയസ്സുള്ളവനോടു ചോദിച്ചു ഇതാര് അച്ഛൻ ആണൊ..

അതെ ഈ അടുത്താ മരിച്ചു..കുറെ കാലം കിടപ്പിൽ ആയിരുന്നു..

ഉം ഞാനൊന്നു മൂളി. മെല്ലെ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി  റോഡിലേക്ക് നോക്കി..

സ്കൂൾ വിട്ട് നടന്നു വരുന്ന സ്ക്കൂൾ കുട്ടികളെ കണ്ടപ്പോൾ..എന്റെ ആ ബാല്യവും ഓർത്തു.

പണ്ട് സ്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾക്ക് ഇടയിൽ ഞാൻ ഉണ്ടായിരുന്നു..ഓടി  നേരെ വന്നു ചായക്കയൊട് ചേർന്ന ഈ മുടിവെട്ട് കടയിലേക്ക് കയറി ഇരിക്കും.

ഒരോ തവണ മുടി വെട്ടാൻ വരുമ്പോഴും തിരക്കില്ലാതെ ആരെങ്കിലും ഒരാൾ തീരാറായ് ഇരിപ്പു ഉണ്ടാവും..

എന്റെ ഊഴം എത്തും വരെ ബഞ്ചിൽ ഇരുന്നു കണ്ണാടിയുടെ മുകളിൽ ഉള്ള ചിത്രങ്ങൾ നോക്കും..എല്ലാം വരച്ച ചിത്രങ്ങൾ ആയിരുന്നു മമ്മുട്ടിയും മോഹൻലാലും  സുരേഷ് ഗോപിയും  ഒക്കെ ഒരോ തവണ കാണുമ്പോഴും അതെനിക്ക് ഒരു അത്ഭുതം ആയിരുന്നു

പക്ഷേ ആശാൻ്റെ അടുത്ത് മുടി വെട്ടാൻ വരുന്നത് ശരിക്കും അന്നെനിക്ക് ഇഷ്ടം അല്ലായിരുന്നു  കാരണം, ആശാന് ആണെങ്കിൽ പറ്റ വെട്ടാൻ അല്ലാതെ വേറെ ഒന്നും അറിയില്ലായിരുന്നു..

ആ കാലത്ത് അപ്പാച്ചി കട്ടൊക്കെ കത്തി നിൽക്കുന്ന കാലം ആയിരുന്നു..പലരും ക്ലാസിൽ അപ്പാച്ചി കട്ടിൽ വരുമ്പോൾ എനിക്കു അതുപോലെ വെട്ടണം എന്ന് ഉണ്ടായിരുന്നു. പക്ഷെ വീട്ടിൽ അമ്മ കൊ ന്നാലും അങ്ങനെ വെട്ടാൻ സമ്മതിക്കൂല എന്ന് ഉറപ്പിച്ചിരുന്നു.

എനിക്ക് ഇങ്ങനെ വെട്ടുന്നത് ഇഷ്ടം അല്ലെന്ന് പറയുമ്പോൾ ഇന്നാ നീ മുടി വെട്ടെണ്ടെന്ന് പറഞ്ഞു കാശ് തിരിച്ചു വാങ്ങും..

പക്ഷേ പേൻ ശല്ല്യവും ചൊറിച്ചിലും സഹിക്കാൻ പറ്റാത്തത് കൊണ്ട് അമ്മയുടെ താൽപര്യം പോലെ ആശാൻ്റെ അടുത്ത് നിന്നും പറ്റ വെട്ടിയെ ഇറങ്ങി വാരാറുള്ളു..

പിന്നെ ആണ് ആ പറ്റ വെട്ടൽ സ്റ്റൈൽ കൊണ്ട് അമ്മ ലാഭിച്ചത്. അടുത്ത 2മാസത്തെ മുടി വെട്ടിന്റെ ക്യാഷ് കൂടെ ആണെന്ന്

പലവട്ടം ആശാൻ്റെ മുടിവെട്ട് കട അവഗണിച്ചു പോവാൻ ശ്രമിച്ചപ്പോൾ എല്ലാം അമ്മയുടെ മുഖം എന്നെ തോൽപ്പിച്ച് അവിടെ തന്നെ കൊണ്ടെത്തിച്ചിട്ട് ഉണ്ടാവും…

പറ്റവെട്ടി അടുത്ത് ഇരുന്ന പൗടർ എടുത്തിട്ട് ഇപ്പോൾ നല്ല സുന്ദരൻ ആയിട്ടുണ്ട് എന്ന് പറയുമ്പോൾ..

കണ്ണാടിയിൽ എൻ്റെ മുഖം കാണുമ്പോൾ ശരിക്കും എനിക്ക് കരച്ചിൽ ആണ് വരാറ്..

ഒടുവിൽ മുടിയൊക്കെ മൂലയിലേക്ക് അടിച്ചു കൂട്ടി മേലാകെ തട്ടി കാശ് നൽകി പോരുമ്പോൾ നേരം ഒത്തിരി വൈകി വെയിൽ ചൂടാറിയിട്ട് ഉണ്ടാവും

ആ നിമിഷം നീണ്ട വർക്ഷത്തെ തടവറ ജീവിതം കഴിഞ്ഞു പുറത്ത് ഇറങ്ങിയ പോലെ ഒരു ഉൻമേഷവും സ്വതന്ത്ര്യവും കിട്ടിയത് പോലേ ആയിരുന്നു..

തിരക്ക് ഒഴിഞ്ഞ വീഥിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ താനെന്തോ വലിയ ആളായ പോലേ….

അതെല്ലാം ഓർത്തു നിൽക്കുമ്പോഴ..മോൻ അച്ഛാന്ന് വിളിച്ചു കൈയ്യിൽ വന്നു പിടിച്ചത്

ചിരിച്ചു കൊണ്ട് നിൽക്കുന്ന അയാൾക്ക് പണം കൊടുത്ത് ശരിയെന്ന് പറയുമ്പോൾ ഒരിക്കൽ കൂടെ ഞാൻ ആ ചില്ലിട്ട ഫോട്ടോയിലേക്ക് നോക്കി..

ഒരോ അവസരങ്ങളിൽ കണ്ടു മുട്ടി അകലുന്ന അനേകം പേർക്കിടയിൽ വേണ്ടപ്പെട്ട ഒരാൾ മറക്കാൻ പാടില്ലാത്ത ഏതെങ്കിലും ഒരു വെക്തി ഉണ്ടാകും ഓരോ മനുഷ്യന്റെയും ഉള്ളിൽ

ആ ഫോട്ടോയിൽ നിന്നും കണ്ണെടുത്തു ഞാൻ അവനെ ഒരിക്കൽ കൂടെ നോക്കി അച്ഛനെ എനിക്ക് അറിയാം എൻ്റെ ചെറുപ്പത്തിൽ മുടി വെട്ടാറുള്ളത് ഈ മനുഷ്യൻ ആയിരുന്നു മറക്കാൻ കഴിയില്ല..ഈ മുഖം..

അതെ എനിക്കറിയാം ചേട്ടാ. ഈ നാട്ടിൽ ചിലരെങ്കിലും എന്റെ അച്ഛന്റെ മുഖം മറക്കില്ലെന്ന് അതു കൊണ്ടാണ് ഈ ഷോപ്പ് വീണ്ടും പുതുക്കി പണിഞ്ഞു തുറന്നപ്പോൾ എന്റെ അച്ഛന്റെ മുഖവും എനിക്കൊപ്പം കൂട്ടിയത്..അതാണെന്റെ ശക്തിയും അനുഗ്രഹവും

അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ നീർ പൊടിഞ്ഞിരുന്നു..

ഏതൊരു അച്ഛനും അഭിമാനിക്കാൻ കഴിയുന്നത് സ്വന്തം മക്കളുടെ ഓർമയിൽ ഒരു നിമിഷം എങ്കിലും നിറദീപമായി ഏരിയാൻ കഴിയുന്ന നിമിഷം സമ്മാനിക്കുന്നതിൽ ആണ്. ആ ഒരു നിമിഷം കൊണ്ട് അറിയാം ഒരു മനുഷ്യ ആയുസ്സിന്റെ ബാക്കിയാക്കി പൊയ പുണ്യം..

Nb: നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും മറന്നു തുടങ്ങിയ ഒരിക്കലും മറക്കാൻ പാടില്ലാത്ത നല്ല നാളുകളിൽ നമ്മെ വിസ്മയിപ്പിച്ച ചിലർ. മറക്കരുത് അവരെ…എന്നും നന്ദിയും കടപ്പാടും  അവർക്കായ് ഉണ്ടാവട്ടെ…

തൽക്കാലം ശുഭം

~മനു തൃശ്ശൂർ