അവളൊരു പെൺകുട്ടിയല്ലേ അവളെ എങ്ങനെയാണ് മറ്റൊരു വീട്ടിലാക്കുന്നതെന്ന ചിന്തയാണ്…

Story written by Bincy Babu

=================

ഗായത്രി ഓഫിസിൽ നിന്നും പരമാവധി വേഗത്തിൽ കാറോടിച്ചാണ് തങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലേക്കെത്തിയത്..താൻ ചെന്നിട്ട് വേണം കിരണിന് ജോലിക്ക് പോകാനിറങ്ങാൻ..തങ്ങളുടെ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്തിട്ട് ഗായത്രി തിടുക്കത്തിൽ ലിഫ്റ്റ് കയറി തന്റെ ഫ്ലാറ്റിന് മുന്നിലെത്തി..

കാളിങ് ബെല്ലിൽ വിരലമർത്തി ഒരു മിനിട്ട് കാത്തു നിന്നതേയുള്ളൂ അപ്പോളേക്കും കിരൺ വാതിൽ തുറന്നു പുറത്തേക്ക് വന്നു..കിരണിന്റെ പിന്നാലെ ഓടിപ്പാഞ്ഞെത്തി ‘കണ്ണനും കാത്തിയും’. കിരൺ അവളുടെ കയ്യിൽ നിന്നും കാറിന്റെ കീ വാങ്ങിക്കൊണ്ട് ചോദിച്ചു .

“ഓഫിസിൽ തിരക്കായിരുന്നോ ഗായൂ?”

“അത്ര തിരക്കില്ലായിരുന്നു “

അവളെ തന്നോട് ചേർത്ത് നിർത്തി നിറുകയിൽ ചുംബിച്ചിട്ട് അവൻ മക്കളുടെ നേർക്ക് കൈവീശി കാണിച്ചിട്ട് പോയി..ഗായത്രിയ്ക്ക് ഒരേസമയം സങ്കടവും സന്തോഷവും വന്നു..മക്കളേ രണ്ടുപേരെയും ചേർത്ത് പിടിച്ചു അകത്തേക്ക് പോകുമ്പോൾ അവളുടെ മനസിലേക്ക് തന്റെയും കിരണിന്റെയും ഇതുവരെയുള്ള ജീവിതം തെളിഞ്ഞു വന്നു..

കോളേജിൽ പഠിക്കുമ്പോൾ താനും കിരണും നല്ല സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം എപ്പോളോ പ്രണയത്തിലേക്ക് വഴി മാറിയിരുന്നു..ഗായത്രിയുടെ അച്ഛൻ ഒരു കെട്ടിടനിർമ്മാണ തൊഴിലാളി ആയിരുന്നു. അമ്മ വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയിരുന്നു..ഗായത്രി ഒറ്റമകളാണ്..മറ്റൊരു വിവാഹം പോലും കഴിക്കാതെയാണ് ആ അച്ഛൻ മകൾക്ക് വേണ്ടി ജീവിച്ചത്…

കിരണിന്റെ വീട്ടുകാർ സാമ്പത്തികമായി ഉയർന്ന സ്ഥിതിയിൽ ഉള്ളവരും അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള വിവാഹം കിരണിന്റെ വീട്ടുകാർ സമ്മതിച്ചില്ല..സ്നേഹിച്ച പെണ്ണിനെ സമ്പത്തില്ല എന്ന ഒറ്റയൊരു കാരണം കൊണ്ട് ഉപേക്ഷിക്കാൻ കിരണും തയ്യാറായില്ല..വീട്ടുകാരുടെ സമ്മതമില്ലാതെ കിരൺ അവളെ വിവാഹം ചെയ്തു..സന്തോഷകരമായി അവരുടെ വിവാഹജീവിതം മുന്നോട്ട് പോകുമ്പോൾ ആ ജീവിതത്തിന് ഇരട്ടിമധുരം നൽകാനായി കണ്ണനും കാത്തിയും അവരുടെ ജീവിതത്തിലേക്ക് വന്നത്..ഇരട്ടകുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആയതോടെ അവരുടെ ജീവിതത്തിൽ സന്തോഷം വർധിച്ചു..

കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ സാധാരണ അകന്നിരിക്കുന്ന ബന്ധുക്കളൊക്കെ അടുക്കുകയാണ് പതിവ്..എന്നാൽ കിരണിന്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചില്ല..കിരണിന്റെ വീട്ടുകാർ അവനോട് അകലം പാലിച്ചു തന്നെ നിന്നു..

സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഗായത്രിയുടെ അച്ഛൻ അവളുടെ പ്രസവസമയത്തും പിന്നീടുള്ള കുറേനാളുകളും കൂടെത്തന്നെ ഉണ്ടായിരുന്നു..കുഞ്ഞുങ്ങൾക്ക് രണ്ടു വയസായപ്പോൾ ആ അച്ഛൻ ഹൃദയസ്തംഭനം മൂലം മരണപെട്ടു..ഗായത്രിയ്ക്ക് വല്ലാത്ത മാനസികാഘാതം ആയിരുന്നെങ്കിലും തന്റെ കുഞ്ഞുങ്ങളുടെ കളിയിലും ചിരിയിലും അവൾ പതിയെ പതിയെ പഴയജീവിതത്തിലേക്ക് വന്നു..

കിരൺ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു..സ്വന്തമായി ബിസിനസ് ചെയ്യണമെന്ന ആഗ്രഹം മൂലം അവൻ കയ്യിലുള്ള പൈസയും ഒന്നോ രണ്ടോ സുഹൃത്തുക്കളുടെ കയ്യിൽ നിന്നും കടം വാങ്ങിയതും ചേർത്ത് ഒരു ബിസിനസ് സംരംഭം തുടങ്ങിയെങ്കിലും പരിചയക്കുറവോ ഭാഗ്യദോഷമോ കൊണ്ടാണോ എന്നറിയില്ല, ആ ബിസിനസ് പരാജയമായി..

ബിസിനസ് തകർന്നതിന്റെ മനോവിഷമത്തിൽ തകർന്നിരുന്ന കിരണിനെ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചത് ഗായത്രി ആയിരുന്നു..തന്റെ  താലിമാല ഒഴിച്ച് ബാക്കിയുള്ള സ്വർണം വിറ്റ് കിട്ടിയ പൈസ കൊണ്ട് കുറച്ച് കടം അവർ വീട്ടി..അതിനു ശേഷം ഗായത്രിയും ജോലിക്ക് പോയിത്തുടങ്ങി…

രണ്ടുപേർക്കും ഒരേ കമ്പനിയിൽ ആയിരുന്നു ജോലി..പകൽ ഗായത്രി ജോലിക്ക് പോകുമ്പോൾ കിരൺ കുഞ്ഞുങ്ങളുടെ കാര്യം നോക്കും..കുഞ്ഞുങ്ങൾക്ക് നാല് വയസുണ്ട്..അവർ കിൻഡർ ഗാർഡനിൽ പോകുന്നുണ്ട്..അവരെ രാവിലെ സ്കൂൾ ബസിൽ കയറ്റി വിട്ടാൽ നാല് മണിക്ക് അവർ തിരിച്ചു വരുന്നത് വരെ കിടന്നുറങ്ങും.. ശനിയും ഞായറും അവർക്ക് രണ്ടാൾക്കും അവധിയാണ്..ആ രണ്ട് ദിവസമാണ് അവർ ഒരുമിച്ച് ഉണ്ടാകുന്നത്..ജീവിതത്തിൽ ഇത്രയൊക്കെ ബുദ്ധിമുട്ട് ഉണ്ടായിട്ടും അവർ തമ്മിലുള്ള പ്രണയത്തിന് ഇന്നും ഒരു പോറൽ പോലുമേറ്റിട്ടില്ല അതുകൊണ്ട് തന്നെ തങ്ങളുടെ ജീവിതത്തിൽ രണ്ടുപേരും തൃപ്തരാണ്..

ഗായത്രി റെഡിയായി വന്നപ്പോളേക്കും കുഞ്ഞുങ്ങൾ രണ്ടുപേരും കഥ പറയാനായി അടുത്ത് വന്നു..നാളത്തേക്ക് എന്തെങ്കിലും പാചകം ചെയ്യാമെന്ന് കരുതി ഫ്രിഡ്ജ് തുറന്നപ്പോളാണ് പച്ചക്കറികളൊന്നും ഇല്ലെന്നുള്ള കാര്യം ഓർമ വന്നത്..ലിസ്റ്റ് എഴുതി കൊടുത്താൽ കിരൺ വാങ്ങി വരാറുള്ളതാണ് പക്ഷേ താൻ മറന്നു പോയി..ഇനിയിപ്പോളെന്താ ചെയ്യുക? കുട്ടികളെയും കൊണ്ട് കടയിൽ പോയി സാധനം വാങ്ങാൻ പ്രയാസമാണ്..രണ്ടുപേരും വികൃതികളാണ്..കണ്ണനെ മൂർത്തി സാറിന്റെ ഫ്ലാറ്റിലാക്കിയിട്ട് പോയിട്ട് വരാം..അവരുടെ നേരെ എതിർവശത്തെ ഫ്ലാറ്റിൽ താമസിക്കുകയാണ് മൂർത്തി സാറും ഭാര്യ പദ്മയും അവർക്കൊരു മോളുണ്ട് ലക്ഷ്മി, അവൾ വിദേശത്താണ്..ലക്ഷ്മിയുടെ പ്രസവശുശ്രൂഷയ്ക്ക് വേണ്ടി പോയിരിക്കുകയാണ് പദ്മ..

ഗായത്രി വേഷം മാറുന്നതിനിടയിൽ കണ്ണനോട് പറഞ്ഞു..

“അമ്മ കാത്തിയെയും കൂട്ടി പച്ചക്കറി വാങ്ങാൻ പോകുകയാണ്..മോനേ മൂർത്തി സാറിന്റെ അവിടെയാക്കിയിട്ട് പോകാം “

കണ്ണന്റെ മുഖം വാടി. അവൻ സങ്കടത്തോടെ പറഞ്ഞു.

“അമ്മ എപ്പോ പോയാലും കാത്തിയേയും കൊണ്ടാ പോകുന്നത്..എന്നെക്കൊണ്ട് പോകത്തില്ലല്ലോ “

“അച്ഛനും അമ്മയും കൂടിയുള്ളപ്പോൾ നിങ്ങൾ രണ്ടുപേരെയും കൊണ്ട് പോകാറുണ്ടല്ലോ? ഇതിപ്പോൾ രണ്ടുപേരെയും കൊണ്ടുപോയാൽ അമ്മയ്ക്ക് പ്രയാസമായിരിക്കും..”

“എങ്കില്പിന്നെ എന്നേ ഇവിടെ നിർത്തിയിട്ട് അമ്മ പൊയ്ക്കോ..ഞാൻ ഇവിടെയിരുന്നു കാർട്ടൂൺ കണ്ടോളാം “

“ഒറ്റയ്ക്ക് ഇവിടെ നിർത്തിയിട്ട് എങ്ങനെ പോവാനാ കണ്ണാ..മോൻ നല്ല കുട്ടിയായിട്ട് മൂർത്തി സാറിന്റെ വീട്ടിൽ നിൽക്ക്..അമ്മ തിരിച്ചു വരുമ്പോൾ ഐസ്ക്രീം വാങ്ങിക്കൊണ്ടു വരാം “

എന്നിട്ടും കണ്ണന്റെ മുഖത്ത് തെളിച്ചമില്ലായിരുന്നു..അവനെ മൂർത്തി സാറിന്റെ ഫ്ലാറ്റിലാക്കിയിട്ട് കാത്തിയുടെ കൈയും പിടിച്ചു മെല്ലെ നടന്നു..അവളൊരു പെൺകുട്ടിയല്ലേ അവളെ എങ്ങനെയാണ് മറ്റൊരു വീട്ടിലാക്കുന്നതെന്ന ചിന്തയാണ് എവിടെ പോയാലും അവളെയൊപ്പം കൂട്ടാൻ ഗായത്രിയെ പ്രേരിപ്പിക്കുന്നത്..

കടയിൽ നിന്നും സാധനം വാങ്ങി തിരികെ വന്നു മൂർത്തി സാറിന്റെ ഫ്ലാറ്റിൽ വന്നു കണ്ണനെ വിളിച്ചപ്പോളും അവന്റെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു..മൂർത്തി സാർ ചിരിയോടെ പറഞ്ഞു..

“അമ്മയോട് അവന് ഭയങ്കര ദേഷ്യമാണെന്ന് തോന്നുന്നു..വന്നപ്പോൾ മുതൽ ഈ ഒറ്റയിരിപ്പാണ് “

“സാറിന് ബുദ്ധിമുട്ടായി..അല്ലെ?”

“അതൊന്നും സാരമില്ല..അതൊക്കെ ഈ പ്രായത്തിന്റെ വികൃതിയാണ് “

സാറിനോട് നന്ദി പറഞ്ഞിട്ട് ഗായത്രി ഫ്ലാറ്റിന്റെ ഡോർ തുറന്നു..കണ്ണൻ കിടക്കയിൽ പോയി കമിഴ്ന്നു കിടന്നു..ഐസ്ക്രീം കൊടുക്കാൻ വിളിച്ചിട്ടും വന്നില്ല..അന്ന് രാത്രിയിൽ ഭക്ഷണം പോലും കഴിക്കാൻ വന്നില്ല..ഇങ്ങനെയുമുണ്ടോ ഒരു വാശി..

രാത്രിയിൽ കിടക്കുന്നതിനു മുൻപ് അവൾ കിരണിനെ ഫോൺ വിളിച്ചു വിവരം പറഞ്ഞു..അതൊക്കെ ഈ പ്രായത്തിന്റെതാണ് എന്ന് തന്നെയാണ് കിരണും പറഞ്ഞത്..

ദിവസങ്ങൾ കടന്ന് പോയി..

കണ്ണൻ ഈയിടെയായി വല്ലാതെ മാറിപ്പോയി എന്ന് കിരണിനും ഗായത്രിയ്ക്കും തോന്നി..അവന് ആ പഴയ കളിയും ചിരിയുമൊന്നുമില്ല..എപ്പോളും എന്തെങ്കിലും ചിന്തിച്ചിരിക്കും..ഈ നാല് വയസിൽ എന്തായിത്ര ചിന്തിക്കാനുള്ളതെന്ന് അവർക്ക് മനസിലായില്ല..

ശനിയാഴ്ച പതിവ് പോലെ കിരണിനും ഗായത്രിയ്ക്കും അവധി ആയിരുന്നു..രണ്ടുപേരും കണ്ണന്റെ അടുത്തെത്തി കിരൺ അവന്റെ തോളിൽ കൈ വച്ചതും അവൻ ആ കൈ തട്ടി മാറ്റി..

“എന്താ കണ്ണാ നിനക്ക് പറ്റിയത്?”

“എനിക്കിഷ്ടമല്ല..ആരെയും എനിക്കിഷ്ടമല്ല..എല്ലാരും ചീത്തയാണ്”

കിരണും ഗായത്രിയും ഞെട്ടി..ഒന്നും മനസിലാകാതെ അവർ പരസ്പരം നോക്കി..എന്താ കണ്ണൻ ഇങ്ങനെയൊക്കെ പറയുന്നത് ഒന്നും മനസിലാകുന്നില്ല..കിരണിന്റെ സുഹൃത്ത് സൈക്യാട്രിസ്റ്റ് ആണ്..കണ്ണനെയും കൂട്ടി സുഹൃത്തിനെ കാണാൻ വരുമ്പോൾ എന്താണ് കണ്ണന്റെ ഈ മാറ്റത്തിനു പിന്നിലെന്ന് കിരണിനും ഗായത്രിയ്ക്കും ഒരൂഹവും ഉണ്ടായിരുന്നില്ല..

ഡോക്ടർ ജോയൽ ജോസഫ് കണ്ണനോട് സംസാരിച്ചതിന് ശേഷം ഗായത്രിയോടും കിരണിനോടുമായി മുഖവുര ഒന്നുമില്ലാതെ ചോദിച്ചു..

“നിങ്ങൾ എവിടെ പോയാലും മകളെ കൂടെ കൂട്ടുമല്ലോ..അതെന്താ മകളെ മറ്റൊരിടത്താക്കിയിട്ട് പുറത്ത് പോകാത്തത്?”

ഗായത്രിയാണ് മറുപടി പറഞ്ഞത്

“അതൊരു പെൺകുഞ്ഞല്ലേ..അവളെ എങ്ങനെയാ മറ്റൊരിടത്തു വിശ്വസിച്ചു ഏല്പിക്കുന്നത്?

“അപ്പോൾ ആൺകുഞ്ഞുങ്ങളെ എവിടെ വേണമെങ്കിലും ഏൽപ്പിക്കാമോ?”

കിരണിനും ഗായത്രിയ്ക്കും മറുപടി ഇല്ലായിരുന്നു..ജോയൽ കിരണിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു..

“നിന്റെ നാല് വയസ്സ് മാത്രം പ്രായമുള്ള മകൻ പ്രകൃതിവിരുദ്ധ പീ ഡനത്തിന് ഇരയായിരിക്കുന്നു..നിങ്ങൾ വിശ്വസിച്ചു ഏല്പിച്ച മൂർത്തി എന്ന് പറയുന്നയാൾ നിങ്ങളുടെ മകനെ പീ* ഡിപ്പിച്ചിരിക്കുന്നു..ഒരു അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കി ഇങ്ങനെ പറയുന്നതിൽ എനിക്ക് സങ്കടമുണ്ട്..പക്ഷേ സത്യം മറച്ചു വയ്ക്കാൻ എനിക്ക് കഴിയില്ല “

ഗായത്രിയ്ക്കും കിരണിനും തങ്ങളുടെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..സമൂഹത്തിൽ നിലയും വിലയും ഉള്ളയാളാണ് മൂർത്തി സാർ. എല്ലാവർക്കും ബഹുമാനം ഉള്ളയാൾ..ഫ്ലാറ്റിലെ കുഞ്ഞുങ്ങളോടെല്ലാം സ്നേഹത്തോടെ പെരുമാറിയിരുന്നയാൾ..ഗായത്രിയുടെ മനസിലേക്ക് പലതും ഓടിയെത്തി..അയാൾ ഏത് കുഞ്ഞിനേയും വാത്സല്യത്തോടെ മടിയിലിരുത്തി താലോലിക്കുന്നതും കവിളിൽ ചുംബിക്കുന്നതും അങ്ങനെ പലതും..ഗായത്രിയുടെ മിഴികൾ നിറഞ്ഞൊഴുകി.തന്റെ നാല് വയസ്സ് മാത്രം പ്രായമുള്ള മകൻ..അവളുടെ നെഞ്ച് വിങ്ങുന്നത് പോലെ തോന്നി..

ജോയൽ ഇരുവരോടുമായി പറഞ്ഞു.

“നിങ്ങളെ ഞാൻ കുറ്റപ്പെടുത്തുകയല്ല. മിക്കവാറും എല്ലാ മാതാപിതാക്കളും ഇങ്ങനെ തന്നെയാണ് പെൺകുഞ്ഞുങ്ങളെ ചിറകടിയിൽ കൊണ്ട് നടക്കും..പക്ഷേ അതിന്റെ നൂറിലൊന്ന് ശ്രദ്ധ പോലും ആൺകുഞ്ഞിന്റെ കാര്യത്തിൽ ഉണ്ടാകാറില്ല..പെൺകുഞ്ഞുങ്ങൾ മാത്രമല്ല ആൺകുഞ്ഞുങ്ങളും പീ* ഡനത്തിന് ഇരയാകുന്നുണ്ടെന്നുള്ള കാര്യം നമ്മൾ മനസിലാക്കണം..മിക്കവാറും എല്ലാവരും പെൺകുഞ്ഞുങ്ങളെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കും..പക്ഷേ നമ്മളിൽ എത്രപേർ ആൺകുഞ്ഞുങ്ങൾക്ക് അത് പറഞ്ഞു കൊടുക്കും.. “

ജോയൽ പറയുന്നത് സത്യമാണെന്നോർത്തപ്പോൾ ഗായത്രിയ്ക്കും കിരണിനും കുറ്റബോധം തോന്നി..പക്ഷേ ഇപ്പോൾ കുറ്റബോധം മാത്രം തോന്നിയിട്ട് കാര്യമില്ല തങ്ങളുടെ കുഞ്ഞിനോട് ക്രൂ* രത കാട്ടിയവൻ ശിക്ഷിക്കപ്പെടണം ഇനി മറ്റൊരു കുഞ്ഞിനോട് ക്രൂരത കാണിക്കാൻ അവന് കഴിയരുത്..

ഗായത്രിയും കിരണും മൂർത്തിയ്ക്കെതിരെ കേസ് ഫയൽ ചെയ്തു..ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് വരുത്തി തീർക്കാൻ അയാൾ ശ്രമിച്ചെങ്കിലും അത് നടന്നില്ല..സമൂഹത്തിന് മുന്നിൽ അയാളുടെ മുഖംമൂടി അഴിഞ്ഞു വീണു..മറ്റ് പല കുട്ടികളുടെയും മാതാപിതാക്കളും അയാൾക്കെതിരെ രംഗത്ത് വന്നതോടെ കൂടി അയാൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല..ഇത്രയും നാൾ തന്നെ ബഹുമാനത്തോടെ കൂടി നോക്കികണ്ടിരുന്നവർ  അറപ്പോടെയും വെറുപ്പോടെയും നോക്കുന്നത് കണ്ടപ്പോൾ മൂർത്തി ഒരു മുഴം കയറിൽ തന്റെ ജീവനൊടുക്കി..

കണ്ണനെ പഴയ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ജോയലിനും ഗായത്രിയ്ക്കും കിരണിനും ഒരുപാട് പ്രയത്നിക്കേണ്ടി വന്നു..അവന്റെ മനസിലേക്ക് പഴയ ഓർമയുടെ ലാഞ്ചന പോലും കടന്ന് വരാതിരിക്കാൻ അവർ ആ നഗരം വിട്ടു..പുതിയൊരു നഗരത്തിൽ അവർ തങ്ങളുടെ ജീവിതം ആരംഭിച്ചു..എവിടെ പോയാലും തന്നോടൊപ്പം തങ്ങളുടെ ഇരുവശത്തുമായും കണ്ണനെയും കാത്തിയേയും അവർ ചേർത്ത് പിടിച്ചു..

കണ്ണൻ എല്ലാം മറന്ന് തുടങ്ങിയെന്നു ഗായത്രിയും കിരണും വിശ്വസിച്ചു..എന്നാലും അവന്റെ മനസ്സിൽ കെടാതെ കിടക്കുന്ന ഒരു കനലിന്റെ തെളിച്ചം ആരും കണ്ടില്ല..അതല്ലെങ്കിലും അങ്ങനെയാണല്ലോ നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ ഏറ്റിരിക്കുന്ന ആ മുറിവ് അത്രപെട്ടന്നൊന്നും കരിയില്ലല്ലോ..

കാലം അവന്റെ മനസിലെ മുറിവുണക്കുമെന്ന് പ്രതീക്ഷിക്കാം…