മാഞ്ഞ് പോകുന്നത് അവർ മാത്രമോ…
Story written by Mary Milret
=================
തറവാടിന്റെ ഉമ്മറ ഭിത്തിയിൽ മാറാലയും പൊടിയും കരിയും പിടിച്ച പ്ളാസ്റ്റിക് പൂമാലക്ക് പിന്നിലിരിക്കുന്ന അയാളുടെ ഫോട്ടോ ചൂണ്ടിക്കാട്ടി അയാളുടെ കൊച്ചുമകൾ ഇംഗ്ലീഷിൽ ചോദിച്ചു:
“ഡാഡി ഇതാരാ “
ആ ചോദ്യം കേട്ട് അയാളുടെ ആത്മാവ് ചിരിക്കണോ അതോ കരയണോ എന്നറിയാതെ വിഷമിച്ചു.
പിന്നെ അയാളുടെ ആത്മാവ് ഇങ്ങനെ സമാധാനിച്ചു “പാവം കുഞ്ഞ്…ജനിച്ചതും പത്ത് വയസ്സ് വരെ വളർന്നതും വിദേശത്ത്… പിന്നെ എന്ത് അപ്പൂപ്പൻ എന്ത് അമ്മൂമ്മ? എന്നാലും എന്റെ മകനേ നീ ഞങ്ങളുടെ ഒരു ഫോട്ടോയെങ്കിലും ഈ കുഞ്ഞിനെ കാണിച്ച്ല കൊടുത്തിട്ടില്ലേടാ”.
പിന്നെയും അയാളുടെ ആത്മാവ് ഇങ്ങനെ സമാധാനിച്ചു…”സ്നേഹം നദി പോലെയാണ്. നദിക്കൊരിക്കലും മുകളിലേക്ക് ഒഴുകാനാവില്ലല്ലോ!!!. “
അയാളുടെ ആത്മാവ് മകന്റെ മറുപടിക്കായി കാതോർത്തു.
മകൻ: “ഇത് ഡാഡിയുടെ അപ്പൻ അടുത്തിരിക്കുന്നത് ഡാഡിയുടെ അമ്മ”
അയാളുടെ ആത്മാവ് അവളുടെ ഫോട്ടോയിലേക്ക് ഏറ്കണ്ണിട്ട് നോക്കി…അയാളുടെ ആത്മാവ് ചിരിച്ചു പോയി…ഈർപ്പവും ചിതലും കൂടി അവളുടെ ഫോട്ടോയിൽ ഇനി ശേഷിപ്പിച്ചിരിക്കുന്നത് അവളുടെ ഒരു കണ്ണുമാത്രം. ആ കണ്ണിൽ പതിവ് പോലെ തന്നെ കളിയാക്കുന്ന ഒരു പരിഹാസച്ചിരിയില്ലേ??.
എന്തോ കാര്യത്തിന്, കല്യാണം കഴിഞ്ഞു വന്ന ആദ്യ നാളുകളിലൊരിക്കൽ അവൾ തന്നെ തിരുത്താൻ ശ്രമിച്ചിരുന്നു.
അന്ന് താൻ പറഞ്ഞു: “പെൺവാക്ക് കേൾക്കുന്നവൻ പെരുവഴി എന്നാണ് ചൊല്ല് “.
അവൾ പറഞ്ഞു “ശരിയാണ്, ബുദ്ധിയുള്ള പെണ്ണുങ്ങൾ പറയുന്നത് കേൾക്കാത്തവൻ പെരുവഴി “എന്നാണ്.
പിന്നീടൊരിക്കലും അവൾ തന്നെ തിരുത്താൻ ശ്രമിച്ചിട്ടേയില്ല. കയ്യിലൊരു പരിഹാസച്ചിരിയുമായി അവൾ അങ്ങനെ നില്ക്കും…അത് തന്നെ ദുർബലനുമാക്കും.
മകൻ പേരക്കുട്ടിയെ പരിചയപ്പെടുത്തിയത് അവളുടെ കണ്ണിലെ പരിഹാസച്ചിരിയെയാണോ.
അപ്പൻ, അമ്മ എന്താത്?
അയാളുടെ ആത്മാവ് പൊട്ടിപ്പൊട്ടിച്ചിരിച്ചു.
പെട്ടെന്ന് ചാരിനിർത്തി ആത്മാവ് ശ്രദ്ധിച്ചു.
മകന്റെ മറുപടി: അപ്പൻ…ഡാഡി, അമ്മ…മമ്മി..
പേരക്കുട്ടി: ഓക്കേ ഡാഡി…നമ്മളിപ്പോ എന്തിനാ ഇങ്ങോട്ട് വന്നത്.?
മകൻ: ഈ വീടും പറമ്പും വിറ്റ് തിരിച്ചു പോകാൻ…ഇനി ഇതൊക്കെ ഇവിടെ കിടന്നിട്ടെന്തിനാണ്…നമ്മളിപ്പോൾ മറ്റൊരു രാജ്യത്തെ പൗരത്വം എടുത്തല്ലോ…ഇനി ഇവിടത്തെ പൗരത്വം എന്തിനാ.
അയാളുടെ ആത്മാവ് പൊട്ടിക്കരഞ്ഞു, ആർത്തലച്ചു കരഞ്ഞു.
പാരമ്പര്യ സ്വത്ത് ഇതാ തീരുന്നു
ഒരിക്കൽ അവളോട് അമ്മ പറയുന്നത് കേട്ടതാണ് “ഒരു മോനെ പെരുമോനാക്കി വളർത്തിക്കോ, അവസാനകാലത്ത് തുള്ളി വെള്ളം തൊട്ടു തരാൻ ആരും കാണില്ല”
അവൾ അപ്പോൾ അമ്മയോട് ചോദിച്ചു… “അമ്മയും ഒരു മോനെയല്ലേ വളർത്തിയത്”
“അതിനെന്താ എനിക്ക് വെള്ളം തൊട്ടു തരാൻ നീയുണ്ടല്ലോ, എനിക്ക് നിന്റെ കൈകൊണ്ട് വെള്ളം കുടിച്ച് മരിച്ചാ മതി”.
ശരിയായിരുന്നു ഒരു മകനെ പെരുമകനാക്കി വളർത്തിയ നേരത്ത് അന്ന് അമ്മ പറഞ്ഞത് പോലെ മൂന്ന് നാല് മക്കളും കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു സന്താനമെങ്കിലും മക്കളോടൊപ്പം തറവാട്ടിൽ നിന്നേനെ…അപ്പൂപ്പനേയും അമ്മൂമ്മയെയും സ്നേഹിച്ച്, മരിക്കാൻ കിടക്കുന്നപ്പോൾ അല്പം വെള്ളം തൊട്ടു തന്ന്.
നാല് വർഷം മുമ്പ് അവൾ മരിച്ചപ്പോൾ ആ ജഡവും വച്ച് ഏഴ് ദിവസം താൻ മകനായി കാത്തിരുന്നു.അവന് വരാൻ നേരമില്ലായിരുന്നു. അവിടെ മഴയാണത്രേ….
താൻ മരിച്ചിട്ട് ഇപ്പോൾ ഒന്നര ക്കൊല്ലം..ഇപ്പോഴാണ് അവന് വരാനൊത്തത്…അപ്പനോടും അമ്മയോടുമുള്ള സ്നേഹം കൊണ്ട് വന്നതല്ല. അവന്റെ മകനായി ഈ സ്വത്ത് വില്ക്കാൻ…
താൻ മരിച്ചപ്പോൾ മുൻ അനുഭവം കൊണ്ട് ബന്ധുക്കൾ മകനായി കാത്തില്ല. അന്ന് തന്നെ അടക്കം നടത്തി വീടും പൂട്ടിപ്പോയി…തന്നെ ഒരു ഫോട്ടോയാക്കി, പ്ളാസ്റ്റിക് പൂമാലയിട്ട് അവളുടെ അരികിലുമിരുത്തി.
മാഞ്ഞ് പോകുന്നത് ഫോട്ടോകൾ മാത്രമല്ല…വേരുകളാണ്…സ്നേഹം, ബന്ധങ്ങൾ, സംസ്കാരം, ഭാഷ, ദേശസ്നേഹം അങ്ങനെ ഒത്തിരി വേരുകൾ….