നീ ഇങ്ങനെ ഓരോന്നും പറഞ്ഞിരുന്നോ. അവസാനം ആ പെണ്ണ് നിന്നെയും കുഞ്ഞിനേയുമവിടുന്ന് അടിച്ചിറക്കുമ്പോൾ പഠിച്ചോളും…

ബന്ധങ്ങൾ…

എഴുത്ത്: ദേവാംശി ദേവ

==================

നീ ആയതുകൊണ്ടാ ഹേമേ..ഞാനൊക്കെ ആയിരുന്നേൽ ഒന്നുകിൽ കെട്യോനെയും കൊണ്ട് മാറി താമസിച്ചേനെ..അല്ലെങ്കിൽ ഡിവോഴ്സ് ചെയ്ത് വേറെ കെട്ടിയേനെ..” രജനി, ഹേമയെ കുറ്റപ്പെടുത്തി.

“ചേച്ചി പറയുന്നോതൊക്കെ ശരിയാ..വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞു..ഒരു കുഞ്ഞിന്റെ അമ്മയുമായി..ഈ രണ്ട് വർഷത്തിനിടക്ക് ഞാനെന്റെ ഭർത്താവിന്റെ കൂടെ ഒറ്റക്കിരിക്കുന്നത് രാത്രി ബെഡ്‌റൂമിൽ മാത്രമാണ്..വിവാഹം കഴിഞ്ഞ് മൂന്നിന്റെ ആന്ന് വീട്ടിൽ വിരുന്നുവന്നപ്പോൾ തൊട്ട് സിനിമക്കോ ബീച്ചിലോ പാർക്കിലോ എന്തിന് ഗർഭിണിയായ സമയത്ത് ഹോസ്പിറ്റലിൽ പോകുമ്പോൾ പോലും അനൂപേട്ടന്റെ അനിയത്തി അശ്വനി കൂടെ വരും….അതൊക്കെ എന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുമുണ്ട്”

“നിന്നെ കൊണ്ട് കൊളളാഞ്ഞിട്ടാ..പെങ്ങളെ സ്നേഹിക്കേണ്ടെന്ന് ആരും പറഞ്ഞില്ല..പക്ഷെ ഭാര്യക്ക് ഭാര്യയുടെ സ്ഥാനം കിട്ടണ്ടേ..”

“ചേച്ചിക്ക് അറിയോ അനൂപേട്ടൻ എന്നെ പെണ്ണുകാണാൻ വന്നപ്പോൾ പറഞ്ഞത് മുഴുവൻ അനിയത്തിയെ പറ്റിയാണ്.

അനൂപേട്ടന് പതിനഞ്ച് വയസുള്ളപ്പോഴാണ് അമ്മ വീണ്ടും ഗർഭിണിയാകുന്നത്..അതുകൊണ്ടു തന്നെ ആരെക്കാളും സന്തോഷം ഏട്ടനായിരുന്നു…പക്ഷെ അശ്വനി ജനിച്ചതിന്റെ അന്ന് തന്നെ അച്ഛനൊരു ആക്സിഡന്റിൽ മരിച്ചു..അമ്മയുടെ മാനസിക നില തെറ്റി…സ്വന്തം മക്കളെ പോലും തിരിച്ചറിയാൻ അമ്മക്ക് പിന്നെ രണ്ട് വർഷം വേണ്ടിവന്നു.

അച്ഛന്റെയും അമ്മയുടെയും വീട്ടുകാർ ഒരു കുറവും വരുത്താതെ നോക്കിയെങ്കിലും അവരുടെയൊക്കെ മുന്നിൽ അശ്വനി ജാതക ദോഷമുള്ള കുട്ടിയായി..അതിന്റെ വെറുപ്പ് അവർ ആ കുഞ്ഞിനോട് കാണിച്ചു..അന്ന് അവളെ നോക്കിയത് ആ പതിനഞ്ചു വയസുകാരനായിരുന്നു.

പുന്നീട്‌ ആ കുഞ്ഞിന് കൊടുക്കുന്ന പാലിനും ബിസ്കറ്റിനും വരെ കണക്കുപറഞ്ഞു തുടങ്ങിയപ്പോൾ അനൂപേട്ടന് ജോലിക്ക് പോയി തുടങ്ങി. പിന്നീട് അമ്മയെയും അനിയത്തിയെയും കൂട്ടി വാടക വീട്ടിലേക്ക് മാറി..

അശ്വനി വളരും തോറും അവൾക്ക് അമ്മയെക്കാളും വലുത് അവളുടെ ഏട്ടൻ ആയിരുന്നു..ഏട്ടന് ഡ്രെസ്സും ചെരുപ്പുമൊക്കെ സെലക്ട്‌ ചെയ്യുന്നത് അവളായിരുന്നു. അവൾക്കൊരു കൂട്ടുകാരി പോലും ഉണ്ടായിരുന്നില്ല..എല്ലാം അവളുടെ ഏട്ടൻ ആയിരുന്നു.

അവളുടെ അമ്മയെ കാണാതെ അവൾ എത്ര ദിവസം വേണമെങ്കിലും നിൽക്കും..പക്ഷെ രണ്ട് ദിവസം ഏട്ടനെ കണ്ടില്ലെങ്കിൽ അവൾക്ക് പനി വരും

ഇതൊക്കെ അനുപേട്ടൻ തന്നെ പറഞ്ഞ കാര്യങ്ങൾ ആണ്..കൂടെ ഒന്നുകൂടി പറഞ്ഞു..അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളായി വളർന്ന എനിക്ക് അശ്വനിയുടെ സ്വഭാവം അംഗീകരിക്കാൻ പറ്റില്ലെന്ന്..അതുകൊണ്ട് ഏട്ടനെ ഇഷ്ടമായില്ലെന്ന് വീട്ടിൽ പറയാൻ..

പക്ഷെ എനിക്ക് അന്നുമുതൽ ഈ നിമിഷം വരെയും ആ മനുഷ്യനെ പ്രാണനാണ്..അതുകൊണ്ട് മാത്രമാ ചേച്ചി എന്റെ വിഷമങ്ങളുടെ പേരിൽ അദ്ദേഹത്തെ ഞാൻ വിഷമിപ്പിക്കാത്തത്.”

“നീ ഇങ്ങനെ ഓരോന്നും പറഞ്ഞിരുന്നോ..അവസാനം ആ പെണ്ണ് നിന്നെയും കുഞ്ഞിനേയുമവിടുന്ന് അടിച്ചിറക്കുമ്പോൾ പഠിച്ചോളും.” ദേഷ്യത്തോടെ രജനി പുറത്തേക്കിറങ്ങി.

ഹേമയുടെ അമ്മായിയുടെ മകളാണ് രജനി..പ്രസവിച്ചു കിടക്കുന്ന ഹേമയേയും കുഞ്ഞിനേയും കാണാൻ വന്നതാണ്..

അവൾ പുറത്തേക്കിറങ്ങുമ്പോളാണ് അനൂപിന്റെ ബൈക്കങ്ങോട്ടേക്ക്  വന്നത്.

“അല്ല..ആരായിത്….അനൂപോ…ഞാനും ഹേമയും ഇത്ര നേരവും നിന്റെ കാര്യം തന്നെയാ പറഞ്ഞത്.

എന്തെ…ഇന്ന് ഒറ്റക്കെയുള്ളോ..അനിയത്തി വന്നില്ലേ..”

“ഇല്ല..അവൾക്ക് പരീക്ഷയാ..”

“അതെന്തായാലും നന്നായി..ഇന്നെങ്കിലും ഹേമക്ക് നിന്നെയൊന്ന് ഒറ്റക്ക് കിട്ടുവല്ലോ..,” രജനി അവനെ കളിയാക്കികൊണ്ട് ഗേറ്റ് കടന്ന് പോകുന്നത് അനൂപ് നോക്കി നിന്നു..

“എന്തുപറ്റി അനൂപേട്ടാ മുഖം വല്ലാതിരിക്കുന്നെ..” അകത്തേക്ക് വന്ന അനൂപിനോട് ഹേമ ചോദിച്ചു..

“എയ്..ഒന്നൂല്ലടോ..”

“അശ്വനി എവിടെ..പുറത്ത് നിൽക്കുവാണോ..”

“ഇല്ല..അവളിന്ന് വന്നില്ല..നാലെ എന്തോ എക്സാം ഉണ്ട്..പഠിക്കണം..അതുകൊണ്ട് വരുന്നില്ലെന്ന് പറഞ്ഞു..

പിന്നെ അമ്മ പറഞ്ഞു അടുത്താഴ്ച്ച നിന്നെ കൂട്ടികൊണ്ട് പോകാൻ വരുമെന്ന്.”

“അമ്മ എന്നെ വിളിച്ചിരുന്നു.”

“നിനക്ക് കുറച്ചു ദിവസം കൂടി ഇവിടെ നിൽക്കണമെങ്കിൽ നിന്നോ കേട്ടോ..”

“ഏയ്..അതിന്റെയൊന്നും ആവശ്യമില്ല..ഞാൻ ഇന്നെ കൂടെ വരാൻ തയാറാ..” ചിരിച്ചുകൊണ്ട് ഹേമ പറയുമ്പോൾ ആ ചിരി അവനിലും നിറഞ്ഞു..

കുഞ്ഞുമായി തിരികെ പോയ ഹേമക്ക് അതുവരെ അവൾ കണ്ട അശ്വനിയെ ആയിരുന്നില്ല കാണാൻ കഴിഞ്ഞത്..എപ്പോഴും ഏട്ടന്റെ കൂടെ നടക്കുന്നവൾ മാറി നടന്നു തുടങ്ങി..അനൂപും ഹേമയും പുറത്തേക്ക് പോകുമ്പോൾ വിളിച്ചാൽ പോലും പോകാതായി..അവളുടെ ആവശ്യങ്ങൽക്കൊക്കെ ആവൾ ഒറ്റക്ക് പോയി തുടങ്ങി..എല്ലാ കാര്യങ്ങളും പക്വതയോട സ്വയം ചെയ്യാൻ തുടങ്ങി..ഹേമയെ അടുക്കളഭാഗത്തേക്ക് പോലും കയറ്റാതെ എല്ലാ ജോലിയും അവൾ തന്നെ ചെയ്യും..ഹേമ എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ “ഏടത്തി പോയി കുഞ്ഞിനെ നോക്ക് ഞാൻ ചെയ്തോളാം.” എന്നാണ് മറുപടി.

എല്ലാവർക്കും അവളുടെ മാറ്റമൊരു അത്ഭുതമായിരുന്നു..

ഞായറാഴ്ച.

വീട്ടുമുറ്റത്തൊരു കാർ വന്നു നിന്നു..അതിൽ നിന്നുമൊരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി..

“അനൂപേട്ടൻ അല്ലേ..”

“അതെ..ആരാ..”

“ഞാൻ അനൂപേട്ടനെയൊന്ന് കാണാൻ വന്നതാ. കുറച്ച് സംസാരിക്കാനുണ്ടായിരുന്നു”

“കയറിയിരിക്കു” അനൂപ് ക്ഷണിച്ചതും അയാൾ അകത്തേക്ക് കയറിയിരുന്നു.

“അശ്വനി ഇല്ലേ..”

“ഇല്ല..അവൾ അമ്മയോടൊപ്പമൊരു കല്യാണത്തിന് പോയിരിക്കുവാണ്. അശ്വനിയെ അറിയോ..”

“ഉം…അശ്വനി എന്റെ പെഷ്യന്റ് ആണ്. എന്റെ പേര് അമീർ.. സൈക്യാർടിസ്റ്റ് ആണ്.”

“പേഷ്യന്റൊ..ഒരു സൈക്യാർടിസ്റ്റിനെ കാണാൻ മാത്രം എന്ത് പ്രശ്നമാ അവൾക്കുള്ളത്.” ഞെട്ടലോടെ അനൂപ് ചോദിച്ചു..അതെ അവസ്ഥയായിരുന്നു ഹേമക്കും.

“പ്രശ്നമുണ്ടോ എന്ന് ചോദിച്ചാൽ…..ചെറിയ പ്രശ്നം ഉണ്ടായിരുന്നു..” ഒന്നും മനസിലാകാതെ ഹേമയും അനൂപും പരസ്പരം നോക്കി.

“കുട്ടികാലം മുതൽ അവളെ ചേർത്തു നിർത്തിയത് അവളുടെ ഏട്ടൻ മാത്രമാണ്..ഏട്ടൻ കൂടെയുള്ളപ്പോൾ മാത്രമാണ് അവൾ കുറ്റപ്പെടുത്തലുകളിൽ നിന്നും വഴക്കുകളിൽ നിന്നുമൊക്കെ രക്ഷപ്പെട്ടത്..അതുകൊണ്ട് തന്നെ ഏട്ടൻ കൂടെ ഇല്ലെങ്കിൽ തനിക്ക് ജീവിക്കാൻ പോലും കഴിയില്ലെന്ന് അവളുടെ മനസ്സ് ഉറച്ച് വിശ്വസിച്ചു..മാത്രവുമല്ല ഏട്ടൻ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു..

നിങ്ങളുടെ വിവാഹം കഴിഞ്ഞപ്പോൾ നിങ്ങൾക്കൊരു പ്രൈവസി തരണമെന്നൊക്കെ അവൾക്ക് ആഗ്രഹമുണ്ടായിരുന്നു..നിങ്ങൾ എവിടെയെങ്കിലും പോകുമ്പോൾ കൂടെ വരില്ലെന്ന് അവൾ ഉറപ്പിക്കും..പക്ഷെ അതുമുതൽ അവളുടെ മനസ്സിലെ പേടി വളരും..ഏട്ടൻ തന്നിൽ നിന്നും അകന്നുപോയാൽ അവൾക്ക് എന്തെങ്കിലും സംഭവിക്കുമെന്നുള്ള പേടി..അതിങ്ങനെ കൂടി കൂടി വരുമ്പോൾ പിന്നെ ഒന്നും ഓർക്കാതെ അവൾ നിങ്ങളുടെ കൂടെ വരും…പിന്നെ മനസ്സൊന്ന് തണുക്കുമ്പോൾ അവൾക്ക് വിഷമമാകും…ചെയ്തത് തെറ്റാണെന്ന് തോന്നും..പിന്നെയും ഇതുതന്നെയാണ് സംഭവിക്കുക..

സ്വയം ഈ പ്രശ്നത്തിൽ നിന്നും മോചനം നേടാൻ പറ്റില്ലെന്ന് മനസ്സിലായപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നു..എന്റെ സഹായം ചോദിച്ചു..ആദ്യമൊന്നും വലിയൊരു പ്രശ്നമായി എനിക്കും തോന്നിയില്ല..പിന്നെ മനസിലായി അത്ര ചെറുതല്ല പ്രശ്നമെന്ന്..

ഇപ്പോ അവൾ പൂർണമായും ഓകെയാണ്. അല്ലെങ്കിൽ അമ്മയോടൊപ്പം അവളൊരു കല്യാണത്തിന് പോകില്ലായിരുന്നല്ലോ..മുൻപ് എപ്പോഴെങ്കിലും അവളങ്ങനെ പോയിട്ടുണ്ടോ…”

“ഇല്ല..എന്റെ കൂടെ അല്ലാതെ അവളെങ്ങും പോകില്ലായിരുന്നു.” അമീറിന്റെ ചോദ്യത്തിന് അനൂപ് മറുപടി പറഞ്ഞു.

“അതാണ് ഞാൻ പറഞ്ഞത് അവളിപ്പോ ഓകെ ആണെന്ന്.”

“ഒരുപാട് നന്ദിയുണ്ട് ഡോക്ടർ..അവളുടെ കൂടെ നിന്നതിന്. അവൾക്കിങ്ങനെയൊരു പ്രശ്നമുണ്ടെന്ന് ഞങ്ങൾക്കിതുവരെ തോന്നിയിട്ടില്ല…”

“അതങ്ങനെയാണ് അനൂപേട്ട..നമ്മൾ സ്നേഹിക്കുന്നവർക്ക് മനസ്സിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പെട്ടെന്നൊന്നും നമുക്ക് മനസ്സിലാകില്ല..

പിന്നെ നന്ദി പറയേണ്ടത് എന്നോടല്ല..അനൂപേട്ടന്റെ ഭാര്യയോടാണ്..”

“എന്നോടോ…ഞാൻ എന്ത് ചെയ്തെന്നാ…ഡോക്ടർ പറയുമ്പോളാണ് അശ്വനിയുടെ പ്രശ്നം ഞാൻ അറിയുന്നത് തന്നെ..”

“ഹേമക്ക് വിഷമം തോന്നിയിട്ടില്ലേ അനൂപേട്ടന്റെയും ഹേമയുടെയും ഇടയിൽ എപ്പോഴും അശ്വനി ഉണ്ടാകുന്നതിൽ.” അമീറിന്റെ ചോദ്യത്തിനൊരു ഉത്തരം നല്കാനാകാതെ അവൾ മുഖം കുനിച്ചു..

“ഉണ്ടാകും…ഹേമക്ക് മാത്രല്ല…ഹേമയുടെ സ്ഥനത്ത് ഏത് സ്ത്രീയാണെങ്കിലും ഉണ്ടാകും. പക്ഷെ അതിന്റെ പേരിൽ ഹേമ വഴക്കുണ്ടിക്കിയിട്ടില്ല..പിണങ്ങിയില്ല..അശ്വനിയൊടൊ അനൂപേട്ടനോടോ മിണ്ടാതിരുന്നിട്ടില്ല..

അങ്ങനെയൊക്കെ ഉണ്ടായിരുന്നെങ്കിൽ പ്രശ്നം വലുതായേനെ..

ഏട്ടനിൽ നിന്ന് അകലേണ്ടി വരുമോ എന്ന പേടിയിൽ അവളുടെ സമനില തെറ്റിയേനെ…അവൾ കാരണമാണ് ഏട്ടന്റെ ജീവിതത്തിൽ പ്രശ്നം എന്നു കരുതി ചിലപ്പോൾ ആ ത്മ ഹ ത്യ ചെയ്തേനെ..അല്ലെങ്കിൽ ഏട്ടന്റെ ജീവിതത്തിൽ പ്രശ്നമുണ്ടാക്കുന്ന ഹേമയെ ഉപദ്രവിച്ചേനെ.

ഇതൊന്നും സംഭവിക്കാത്തത് അനൂപേട്ടനെ മനസിലാക്കൻ കഴിവുളള ഹേമയുടെ നല്ല  മനസ്സുകൊണ്ടു തന്നെയാണ്.”

അനൂപ് നിറഞ്ഞു വന്ന് കണ്ണുകൾ തുടച്ചു.

“ഞാനിവിടെ വന്ന് സംസാരിച്ച കാര്യങ്ങളൊന്നും അവൾ അറിയരുത്.”

“ഇല്ല..ഒരിക്കലും ഞങ്ങൾ പറയില്ല.”

“എനിക്ക് വേറൊരു കാര്യം കൂടി പറയാനുണ്ടായിരുന്നു.” അനൂപ് എന്താനുള്ള അർത്ഥത്തിൽ അമീറിനെ നോക്കി.

“എനിക്ക് അശ്വനിയെ ഇഷ്ടമാണ്. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. നമ്മുടെ ജാതിയും മതവുമൊക്കെ വിത്യാസമാണ്..പക്ഷെ എനിക്കും എന്റെ വീട്ടുകാർക്കും അത് പ്രശ്നമല്ല…നിങ്ങൾക്ക് താല്പര്യകുറവൊന്നും ഇല്ലെങ്കിൽ അവളെ എനിക്ക് തരണം. ആലോചിച്ച് പറഞ്ഞാൽ മതി.”

“ഞാൻ അവളോടൊന്ന് സംസാരിക്കട്ടെ ഡോക്ടർ..അവളുടെ ഇഷ്ടമാണ് ഞങ്ങൾക്കും..”

“മതി…എന്നാൽ ഞാൻ ഇറങ്ങട്ടെ..” അമീർ പോയി കഴിഞ്ഞതും അനൂപ് ഹേമയെ ഒന്ന് നോക്കി…

ഒന്നും പറയാതെ ഒന്നും ചോദിക്കാതെ അവനവളെ നെഞ്ചോട് ചേർത്തു..എന്നാൽ അവർക്കിടയിൽ നിറഞ്ഞു നിന്ന മൗനത്തിന് ആയിരം വാക്കുകളുടെ മൂല്യമുണ്ടായിരുന്നു..