പല രാത്രികളും അവൾ തന്റെ തലയിണ കടിച്ചമർത്തി കരഞ്ഞിരുന്നു. ഒരു തേങ്ങൽ കൊണ്ടുപോലും തന്റെ….

എഴുത്ത്: രുദ്ര

===============

“എന്റെ മനസ്സ് സെ* ക്* സി* നായി കൊതിക്കുകയാണ്.”

അതെ കേൾക്കുന്നവർക്ക് ചിലപ്പോൾ ഇതൊരു അത്ഭുതമായി തോന്നിയേക്കാം.

“ഇദ്ദേഹത്തിന്റെ ഒരു ആലിംഗത്തിനായി..പ്രണയാർദ്രമായ ഒരു ചുംബനത്തിനായി എന്റെ ഹൃദയം തുടിക്കുന്നുണ്ട്. പക്ഷേ എങ്ങനെയാണ് താൻ അത് തുറന്നു പറയേണ്ടത്?”

തന്റെ ഭർത്താവിനൊപ്പം കിടക്കുമ്പോൾ അവളുടെ മനസ്സ് അത്രയേറെ വ്യാകുലത പെട്ടുകൊണ്ടിരുന്നു.

വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷം തികയുന്നു. ഇത്ര നാളുകൾക്കിടയിൽ തന്റെ ഇഷ്ടങ്ങൾ അദ്ദേഹം ചോദിച്ചിട്ടില്ല. പറയാനുള്ള ധൈര്യം തനിക്കും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് വേണ്ടപ്പോൾ ഒക്കെ താനൊരു ഭാര്യയുടെ കടമ നിർവഹിച്ചു കൊണ്ടിരുന്നു. അതിനിടയിൽ രണ്ടു കുഞ്ഞുങ്ങൾ ജനിച്ചു. അത് സ്ത്രീകളുടെ കടമയാണെന്നല്ലേ…പക്ഷേ ആദ്യമൊക്കെ തന്റെ ശരീരത്തോട്  കാണിച്ച് താല്പര്യമെല്ലാം പിന്നീട് അദ്ദേഹത്തിന് മടുപ്പു ഉളവാക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്.

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ ഇപ്പോഴും തന്റെ ന ഗ്ന ശരീരത്തെ സ്വയം വീക്ഷിക്കാറുണ്ട്. എന്തായിരിക്കും അദ്ദേഹത്തിന് തന്റെ മേൽ താൽപര്യം കുറയാൻ ഇടയായത്? തൂങ്ങിയ മാ റിടങ്ങളോ? വരകൾ വീണ അടിവയറോ? അറിയില്ല…

താനൊരു ഭാര്യ മാത്രമല്ലല്ലോ…ഇദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ അമ്മ കൂടിയല്ലേ? അപ്പോൾ ഈ ശരീരത്തിന് കേടുപാടുകൾ സംഭവിച്ചാൽ ആ മനസ്സിലെ സ്നേഹം പൂർണമായും നശിക്കും എന്നാണോ? എങ്കിൽ പിന്നെ ദാമ്പത്യം എന്നതുകൊണ്ട് എന്താണ് അർത്ഥം ആക്കുന്നത്? “

മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ആവർത്തിച്ചു വരുമ്പോഴും അവളുടെ മനസ്സ് ഒരു ഇണ ചേരലിന് വേണ്ടി ദാഹിച്ചുകൊണ്ടിരുന്നു.

“എങ്ങനെയാണ് താൻ ഇനി തന്റെ മനസ്സ് തുറന്നുകാട്ടേണ്ടത്? തുറന്നു കാട്ടിയാലും അതേ അർത്ഥത്തിൽ തന്റെ ഭർത്താവിന് അത് വായിച്ചെടുക്കാൻ കഴിയുമോ? രണ്ടു വർഷത്തിനുശേഷം വിദേശത്തുനിന്ന് എത്തിയ ഭർത്താവിനോട് സെ ക്സിനു വേണ്ടി യാചിക്കുമ്പോൾ തന്നെക്കുറിച്ച് എന്താണ് അദ്ദേഹം കരുതുക? ഇത്രനാൾ ചോദിക്കാതിരുന്നത് ഇപ്പോൾ ചോദിക്കുമ്പോൾ ഇദ്ദേഹത്തിനു മുന്നിൽ താൻ വെറുമൊരു കാ *മഭ്രാന്തിയായി മാറുമോ?”

അവളുടെ ചിന്തകൾ ശരവേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു. അപ്പോഴും അവൾ തന്റെ ഭർത്താവിനെ ആലിംഗനം ചെയ്യാൻ ഒരു ശ്രമം നടത്തി. എന്നാൽ അതിനോട് യാതൊരുവിധത്തിലും പ്രതികരിക്കാതിരുന്ന തന്റെ ഭർത്താവിനെ കണ്ടതും അവൾക്ക് വേദന തോന്നി.

അവൾ പിന്നീട് അയാളിൽ നിന്നും ഒരു അകലം പാലിച്ചു കിടന്നു. എത്ര രാത്രികളാണ് ഇത് ആവർത്തിച്ചത് എന്ന് ചോദിച്ചാൽ അയാൾ തിരികെ പ്രവാസ ജീവിതത്തിലേക്ക് ചേക്കേറും വരെ…

പല രാത്രികളും അവൾ തന്റെ തലയിണ കടിച്ചമർത്തി കരഞ്ഞിരുന്നു. ഒരു തേങ്ങൽ കൊണ്ടുപോലും തന്റെ മനസ്സിലെ ആഗ്രഹം അയാൾക്ക് മുന്നിൽ തുറന്നു കാട്ടാൻ അവൾ നന്നേ ഭയപ്പെട്ടു.

“പുറമേ നിന്ന് കാണുന്നവർക്ക് തന്റെ ജീവിതം ഒരു സൗഭാഗ്യം തന്നെ ആയിരുന്നു. അവരുടെ കണ്ണുകളിൽ തന്റെ ജീവിതത്തിൽ പണമുണ്ട്, അന്തസ്സുണ്ട്, യാത്രകൾ ഉണ്ട്, ചിരിക്കുന്ന ഫോട്ടോകൾ ഉണ്ട്. ഒരു പെണ്ണിന് സന്തോഷിക്കാൻ ഇനിയെന്ത് വേണം?”

സത്യത്തിൽ പെണ്ണിന് സന്തോഷിക്കേണ്ടതായ ഒന്നും തന്നെ അതിലില്ല എന്നതല്ലേ യാഥാർത്ഥ്യം?

“ഈ കാലയളവിലെ ദാമ്പത്യത്തിനിടയിൽ സ്നേഹത്തിന്റെ ഒരു ചുംബനം ഏറ്റതായി തനിക്ക് ഓർമ്മയില്ല. തന്റെ വികാരത്തെ തട്ടി ഉണർത്തും വിധത്തിൽ ഒരു സ്പർശനമോ തലോടലോ ഉണ്ടായിട്ടില്ല. അദ്ദേഹത്തിൽ നിന്ന് കിട്ടണമെന്ന് മനസ്സ് ആഗ്രഹിച്ചത് ഒന്നായിരുന്നുവെങ്കിൽ ശരീരത്തിന് ലഭിച്ചത് അത്രയും മറ്റൊന്നായിരുന്നു. “

“തന്നെ സ്നേഹിക്കാൻ അറിയാത്തയാൾ തന്റെ കുഞ്ഞുങ്ങളെ ആവോളം സ്നേഹിക്കുന്നു. തലോടുന്നു. പലപ്പോഴും താൻ അനുഭവിക്കാത്ത സ്നേഹം കുഞ്ഞുങ്ങൾക്ക് പകുത്ത് നൽകുമ്പോൾ ജന്മം നൽകിയതാണെന്ന് പോലും ഓർക്കാതെ കുഞ്ഞുങ്ങളോട് അസൂയ തോന്നിയിട്ടുണ്ട്. അവർക്ക് ജന്മം നൽകിയ അമ്മയല്ലേ താൻ ആ ഒരു സ്നേഹമെങ്കിലും തനിക്ക് തന്നു കൂടെ?”

“പലപ്പോഴും തലോടലിന് പകരം ആ കൈ ചൂടറിഞ്ഞപ്പോഴും ഇറങ്ങി പോകാതിരുന്നത് താൻ ജന്മം നൽകിയ, അയാൾക്ക് ഏറെ പ്രിയപ്പെട്ട തന്റെ കുഞ്ഞുങ്ങളെ ഓർത്താണ്.”

“സുരേഷിന് വേറെ ഏതോ സ്ത്രീയുമായി ബന്ധമുണ്ടെന്ന് പലരും അടക്കം പറയുന്നത് കേൾക്കേണ്ടി വന്നപ്പോഴും അതൊന്നും വിശ്വസിക്കാൻ തയ്യാറാകാതിരുന്നത് അയാളോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ഈ പെരുമാറ്റങ്ങൾ കൊണ്ട് തന്നെ അവരുടെ വാക്കുകളിൽ എന്തൊക്കെയോ സത്യമുണ്ടെന്ന് തോന്നിപ്പോവുകയാണ്. അയാൾക്ക് താൻ ഇപ്പോൾ വെറും ഭാര്യ മാത്രമാണ് മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കാൻ മാത്രമുള്ള വെറുമൊരു വസ്തു.”

“നിനക്കിവിടെ എന്തു കുറവാണുള്ളത്?”

വാങ്ങിക്കൂട്ടുന്ന വിലപിടിപ്പുള്ള സാധനങ്ങളുടെ ലിസ്റ്റ് നിർത്തി അയാൾ സ്നേഹം അളക്കുമ്പോൾ ഇതൊന്നും ഒരു പെണ്ണിന്റെ മനസ്സിനെ തൃപ്തിപ്പെടുത്തില്ലെന്ന് പറയാൻ പലവട്ടം കൊതിച്ചെങ്കിലും മനസ്സിലെ ഭയം അതിനെ തടുത്തു നിർത്തി.

“ഹാവൂ ഇനി മൂന്നു ദിവസം കൂടി ബാക്കിയുള്ളൂ..”

അയാൾക്ക് തിരിച്ചു പോകാനുള്ള ദിവസം കലണ്ടറിൽ രേഖപ്പെടുത്തിക്കൊണ്ട് അവൾ സ്വയം നെടുവീർപ്പെട്ടു. അയാളുടെ സാമീപ്യത്തേക്കാൾ അസാമിപ്യം അത്രയേറെ ആഗ്രഹിക്കുന്നത് പോലെ..

“ഇനിയെത്ര നാൾ ഈ വേഷം കെട്ടിയാടേണ്ടി വരുമെന്ന് അറിയില്ല ഒരു ഭാര്യയായി സ്വയം ഭാരമായി അങ്ങനെ…”

അയാളെ എയർപോർട്ടിൽ കൊണ്ട് ചെന്നാക്കി തിരികെ വരുമ്പോൾ അവൾക്ക് തെല്ലു പോലും ദുഃഖം തോന്നിയില്ല.മനസ്സ് ശാന്തമായിരുന്നു. കെട്ടിയാടുന്ന എന്തോ ഭാരപ്പെട്ട വേഷത്തിൽ നിന്നും മുക്തയായത് പോലെ…

“ഭാര്യ എന്ന വേഷം ഇപ്പോൾ തന്നെ എത്രമാത്രമാണ് അസ്വസ്ഥതയാക്കുന്നത്?”

അവൾ മനസ്സിൽ ഓർത്തു.

തിരികെ വീട്ടിലെത്തി അവൾ വീണ്ടും തന്റെ മുറിയിലെ ആ വലിയ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു.

‘ഉത്തമയായ ഭാര്യ.’

“നെറുകയിൽ നീളത്തിൽ വരച്ചുവച്ച സിന്ദൂരക്കുറി. പൊക്കിൾ കുഴി വരെ നീണ്ടു കിടക്കുന്ന താലിമാല.ഇതൊക്കെ തനിക്കൊന്ന് ഒരു ഭാരം അല്ലേ? “

“ഭാര്യ എന്ന മൂടുപടം അണിഞ്ഞ ഒരു വിധവയല്ലേ താനിന്ന്? താലി കഴുത്തിൽ അണിഞ്ഞ, നെറ്റിയിൽ സിന്ദൂരം ചാർത്തിയ വിധവ…കൂടെയുണ്ടായിട്ടും ഒരു തരി പോലും സ്നേഹം കിട്ടാതെ ആകുമ്പോൾ, പരിഗണന കിട്ടാതെ ആകുമ്പോൾ സ്വയം വിധവ എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കേണ്ടത്?”

അവൾ ആ കണ്ണാടിക്ക് മുന്നിൽ നിന്ന് വ്യർത്ഥമായി പുഞ്ചിരിച്ചു.

വർഷങ്ങൾ പിന്നിട്ടു….

ഇന്ന് കത്തിയിരുന്ന അയാളുടെ ചിതയ്ക്ക് മുന്നിലിരിക്കുമ്പോൾ അവൾ കരഞ്ഞില്ല.

“അങ്ങനെ മറ്റുള്ളവരുടെ സാന്നിധ്യത്തിൽ എല്ലാവരുടെയും സമ്മതത്തോടുകൂടി തന്നെ താൻ ഈ വിധവ എന്ന വേഷം സന്തോഷത്തോടെ സ്വീകരിക്കുകയാണ്. അല്ലെങ്കിലും ഭാര്യ എന്ന വേഷത്തെക്കാൾ തനിക്കിണങ്ങുന്നത് ഈ വേഷം തന്നെയാണ്. “

“നാൽപതുകളിൽ വിധവയാകേണ്ടി വന്നവൾ. “

ആരൊക്കെയോ സഹതാപവാക്കുകൾ ചൊരിയുന്നുണ്ട്. വേദന നിറഞ്ഞ നോട്ടങ്ങൾ തന്റെ മേൽ പതിക്കുന്നുണ്ട്. പക്ഷേ അതൊന്നും തന്നെ സങ്കടപ്പെടുത്തുന്നില്ല.

“ഇനിയെങ്കിലും തനിക്കൊന്ന് സ്വതന്ത്രമായി ശ്വസിക്കണം. താനായി ജീവിക്കണം. “

ചുറ്റുമുള്ളവർ എന്തൊക്കെയോ പറഞ്ഞു വിലപിക്കുമ്പോൾ എന്തിനെന്നറിയാതെ അവൾ പുഞ്ചിരിച്ചു. വിധവ എന്ന വേഷം ഭംഗിയായി കെട്ടിയാടാനുള്ള തയ്യാറെടുപ്പുകൾ എന്ന പോലെ….

~രുദ്ര