റിജോ അവളെ ചേർത്തുപിടിച്ചു, പിന്നെ തന്റെ മൊബൈലിൽ ഒരുമിച്ചുള്ള ഫോട്ടോകൾ പകർത്തി….

പ്രണയം…

Story written by Bincy Babu

===============

അലാറം ശബ്ദിച്ചപ്പോൾ ബ്ലെസി കയ്യെത്തി അതു ഓഫ്‌ ചെയ്തിട്ട് റിജോയുടെ നെഞ്ചിൽ വീണ്ടും തലചേർത്തു കിടന്നു, പിന്നെ അവന്റെ മുടിയിഴകളിൽ തലോടികൊണ്ട് പറഞ്ഞു.

“ഇച്ചായനില്ലാതെ നാട്ടിൽ പോകാൻ എനിക്ക് ഒട്ടും ഇഷ്ടമില്ല, ഒത്തിരി മിസ്സ്‌ ചെയ്യും ഇനിയുള്ള ദിവസങ്ങളിൽ, ഞാൻ ഓരോ ദിവസവും എണ്ണി കാത്തിരിക്കും എന്റെ ഇച്ചായന്റെ അടുത്ത്‌ വീണ്ടും എത്തുന്നത് വരെ “

“നിന്നെ തനിയെ അയയ്ക്കാൻ എനിക്കും ഇഷ്ടമില്ല മോളെ, പക്ഷേ പെട്ടന്നല്ലേ നിന്റെ പപ്പാ നിന്നോട് നാട്ടിലേക്കു വരാൻ പറഞ്ഞത്, ഓടിപോയി ചോദിച്ചാൽ എനിക്ക് ലീവ് കിട്ടില്ലല്ലോ, പിന്നെ 10 ദിവസം നിന്നെ കാണാതെ ഇരിക്കാനും പറ്റില്ല അതാണ് ഒരു ദിവസം എന്റെ അടുത്ത് നിന്നിട്ട്  വീട്ടിലേക് പോയാൽ മതിയെന്ന് പറഞ്ഞത്.”

“എനിക്കറിയാം ഇച്ചായൻ എന്നെ ഒത്തിരി മിസ്സ്‌ ചെയ്യുമെന്നു “

റിജോ അവളെ ചേർത്തുപിടിച്ചു, പിന്നെ തന്റെ മൊബൈലിൽ ഒരുമിച്ചുള്ള ഫോട്ടോകൾ പകർത്തി. പിന്നെ തമാശ രൂപേണ അവളോട്‌ പറഞ്ഞു

“ഇതെല്ലാം നിന്റെ പപ്പയുടെ ഫോണിൽ അയച്ചു കൊടുത്തിട്ട് മോളെ മര്യാദയ്ക്ക് കെട്ടിച്ചു തരാൻ പറയട്ടെ “

“ഒന്ന് പോ..ഇച്ചായാ,  സമയമാകുമ്പോൾ നമ്മുടെ കല്യാണം നടക്കും, എന്തിനാ ഇത്ര ധൃതി? “

“എന്റെ പെണ്ണെ, നീ ഇല്ലാതെ ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല അതാ അങ്ങനെ പറഞ്ഞത് “

“ഇച്ചായൻ ഇല്ലാതെ എനിക്കും പറ്റില്ല, അറിയില്ലേ? “

“അറിയാം”

അവളുടെ നെറ്റിയിൽ റിജോ സ്നേഹത്തോടെ ചുംബിച്ചു. അവൾ എഴുന്നേറ്റു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു. അവൻ അവളെ ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വന്നു യാത്ര അയച്ചു.

അവൾ കയറിയ ട്രെയിൻ കണ്മുന്നിൽ നിന്നു മറയുന്നത് വരെ അവൻ നോക്കി നിന്നു.
പെട്ടന്നൊരു നഷ്ടബോധം തോന്നി, അവളോടൊപ്പം നാട്ടിൽ പോകാൻ കഴിയാത്തതിൽ നിരാശയും…

തന്റെ ഫോണിലെ സ്ക്രീൻ സേവറിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന അവളുടെ ഫോട്ടോയിൽ പ്രണയത്തോടെ നോക്കിയിട്ട് അവൻ റൂമിലേക്ക് തിരികെ വന്നു. റൂമിൽ തങ്ങി നിൽക്കുന്ന അവളുടെ ഗന്ധം, അവളുടെ സാമീപ്യം ഓർമിപ്പിച്ചു..

ബാംഗ്ലൂർ ഐ ടി കമ്പനിയിൽ ജോലി ചെയ്യുകയാണ് റിജോ, അവന്റെ സഹോദരി റിയയും, ബ്ലസിയും റോയൽ ഹോസ്പിറ്റലിൽ നേഴ്സ്മാർ ആണ്. സഹോദരിയുടെ കൂട്ടുകാരി ആയതു കൊണ്ട്  ബ്ലസിയുമായി റിജോ പെട്ടന്ന് അടുത്തു. പിന്നെ ആ ബന്ധത്തിന്റെ ആഴം കൂടിയത് റിയ അറിഞ്ഞില്ല.  അവർ ഒരുമിച്ചാണ് മിക്കവാറും നാട്ടിൽ പോകുന്നതെന്ന് റിയയ്ക്ക് അറിയാമായിരുന്നു. പക്ഷെ
റിജോയുടെ റൂമിൽ ബ്ലസി വന്നതോന്നും റിയയുടെ അറിവോടെയല്ല.

ട്രെയിൻ യാത്രയിൽ ഇടയ്ക് റേഞ്ച് കട്ട്‌ ആകുന്നത്  കൊണ്ട്  ബ്ലെസ്സി ഫോൺ ചെയ്‌തെങ്കിലും, അവർക്ക് ഫോണിൽ അധികനേരം സംസാരിക്കാൻ കഴിഞ്ഞില്ല.

പിറ്റേന്ന് നാട്ടിലെത്തിയപ്പോൾ കുറെ നേരം സംസാരിച്ചു. ബ്ലസിയുടെ പപ്പയുടെ സഹോദരി കന്യാസ്ത്രീ ആണ്. അവർ ഇറ്റലിയിലേക്ക് പോകുകയാണ് അതിനു മുൻപ് തന്നെ കാണണമെന്ന് ആവശ്യപെട്ടത് കൊണ്ടാണ് പപ്പാ പെട്ടന്ന് നാട്ടിലേക്കു വിളിച്ചു വരുത്തിയതെന്നു അവൾ പറഞ്ഞു.

“ലീവ് കഴിഞ്ഞാൽ ഞാൻ ഓടി വരാം ഇച്ചായാ, മിസ്സ്‌ ചെയ്യുവാ ” അവൾ കൊഞ്ചലോടെ പറഞ്ഞു.

അവനും അവൾ എത്തുന്നത് കാത്തിരിക്കുകയായിരുന്നു. തങ്ങൾ ഒരുമിച്ചുള്ള ഫോട്ടോസും ഒരുമിച്ച് ചിലവിട്ട നിമിഷങ്ങളും ഓർത്തു അവൻ ദിവസങ്ങൾ തള്ളിനീക്കി.

ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾ ഫോൺ ചെയ്തു ഇടുക്കിയിലുള്ള പപ്പയുടെ ചേട്ടന്റെ വീട്ടിലേക്  രണ്ടു ദിവസത്തേക്കു പോവാണെന്നുo അവിടെ റേഞ്ച് ഉണ്ടാകില്ലെന്നുo സന്ദർഭം അനുസരിച്ചു ലാൻഡ് ഫോണിൽ നിന്നു അവനെ വിളിക്കാമെന്നുo അറിയിച്ചു.

“പതിവില്ലാതെ എന്താ അവിടെ പോകുന്നത്? “

“ആന്റി ഇറ്റലിയിൽ പോയാൽ പിന്നെ രണ്ടു വർഷം കഴിഞ്ഞേ തിരികെയെത്തു അതിനു മുൻപ് എല്ലാ സഹോദരങ്ങളോടൊപ്പവും കഴിയണമെന്നു പറഞ്ഞു, കൂട്ടിന് എന്നെ വിളിച്ചപ്പോൾ എങ്ങനെയാ പറ്റില്ലെന്ന് പറയുന്നത് “

“പെട്ടന്ന് വാ മോളെ, ഇവിടെ നീയില്ലാതെ എനിക്ക് പ്രാന്ത് പിടിക്കുന്നു “

“ഞാൻ ഇച്ചായന്റെ കൂടെ ഉണ്ടല്ലോ “

അവളുടെ പ്രണയത്തിൽ കുതിർന്ന വാക്കുകൾ അവനെ സന്തോഷിപ്പിച്ചു.

റേഞ്ച് ഇല്ലെന്നു അറിയാമെങ്കിലും അവൻ ഇടയ്ക് അവളുടെ നമ്പർ ഡയൽ ചെയ്തു നോക്കി. വാട്ട്‌സപ്പ് ലാസ്റ്റ് സീൻ ഇടയ്ക്കിടെ എടുത്ത് നോക്കി. ദിവസങ്ങൾ ഒച്ചിഴയുന്നത് പോലെയാണ് കടന്നു പോകുന്നതെന്ന് അവനു തോന്നി.

രണ്ടു ദിവസം കൂടി കടന്നു പോയി…

ബ്ലസി പത്തു ദിവസത്തെ ലീവിനാണു നാട്ടിലേക്കു പോയത്, ഇന്ന് ട്രെയിൻ കയറിയാലേ നാളെ അവൾക് ഡ്യൂട്ടിക് കയറാൻ പറ്റുള്ളൂ,പക്ഷേ അവളിതു വരെ ഫോൺ ചെയ്തില്ല. റിജോ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ റിയ ഫോൺ ചെയ്തു 

“ബ്ലസി എന്നെ വിളിച്ചു, അവളുടെ  പപ്പയ്ക്ക് സുഖമില്ല, അഡ്മിറ്റാണ്. അതുകൊണ്ട് ലീവ് നീട്ടിയെടുകുകയാണെന്ന് പറഞ്ഞു, പിന്നെ അവളോടൊപ്പം എപ്പോളും ആളുണ്ടല്ലോ അതാണ് ഇച്ചായനെ വിളിക്കാൻ സാധിക്കാഞ്ഞതെന്നു പറഞ്ഞു “

“അവളുടെ കാൾ വരാത്തത് കൊണ്ട് ഞാൻ സങ്കടപെട്ടിരിക്കുകയായിരുന്നു, നിന്നെ വിളിച്ചു വിവരം പറഞ്ഞല്ലോ, സമാധാനമായി, വിളിക്കാനുള്ള സാഹചര്യം ഉണ്ടായാൽ എന്റെ പെണ്ണ് എന്നെ വിളിച്ചോളും “

“ഓ ! കാമുകി വിളിച്ചില്ലെങ്കിൽ എന്തൊരു സങ്കടം, പെങ്ങൾ വിളിച്ചില്ലെങ്കിൽ ഒരു പരാതിയും ഇല്ല “

കളിയാക്കിയിട്ട് റിയ കാൾ കട്ട്‌ ചെയ്തു

രണ്ടു മുന്ന് ദിവസം കൂടി കടന്നു പോയി, റിജോ ഓഫീസിൽ നിന്നും റൂമിലേക്കു വരുന്ന വഴിക്ക് റിയയുടെ ഫോൺ വന്നു

“ഇച്ചായാ, പെട്ടന്ന് ഹോസ്റ്റൽ വരെ വാ “

“എന്ത്പറ്റി? “

“പെട്ടന്ന് വാ, നേരിട്ട് പറയാം”

തനിക്കു സർപ്രൈസ് തരാൻ വേണ്ടി ബ്ലസി ഹോസ്റ്റലിൽ ചെന്നു കാണും എന്നിട്ട് തന്റെ സഹോദരിയെ കൊണ്ട് വിളിപ്പിച്ചതായിരിക്കും എന്ന് അവൻ കരുതി. അവൻ ബൈക്കിൽ പാഞ്ഞെത്തി, ഹോസ്റ്റലിന്റെ മുന്നിലത്തെ ഗേറ്റിൽ റിയ നില്പുണ്ടായിരുന്നു. അവളുടെ മുഖഭാവത്തിൽ തന്നെ എന്തോ പന്തികേട് ഉണ്ടെന്നു അവനു മനസിലായി.

വിസിറ്റേഴ്സ് റൂമിലേക്കു അവനെ കൂട്ടികൊണ്ട് പോയിട്ട് അവൾ തന്റെ മൊബൈലിൽ ഫേസ്ബുക്ക്‌ ഓപ്പൺ ആക്കി ഒരു ഫോട്ടോ കാണിച്ചു കൊടുത്തു.

‘വിവാഹവേഷത്തിൽ ബ്ലസിയും കൂടെ ഒരു യുവാവും ‘

തന്റെ ചുറ്റുമുള്ള ഭൂമി കറങ്ങുന്നത് പോലെ അവനു തോന്നി. റിജോയുടെ മുഖത്തെ വേദന വായിച്ചറിഞ്ഞു കൊണ്ടവൾ പറഞ്ഞു.

“ഇന്നലെ റിയയുടെ വിവാഹം ആയിരുന്നു. ഇടുക്കിയിലാണ് പയ്യന്റെ വീട്, ന്യൂയോർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് പയ്യൻ. റിയയുടെ കസിൻ ഫേസ്ബുക്കിൽ അവളെ ടാഗ് ചെയ്ത് ഇട്ട ഫോട്ടോ കണ്ടപ്പോളാണ് ഞാൻ വിവരം  അറിഞ്ഞത്, അയാൾക് മെസ്സേജ് അയച്ചു ചോദിച്ചപ്പോളാണ് ഇത്രയും ഡീറ്റെയിൽസ് അറിഞ്ഞത്, അവളുടെ കൂടെ ഡ്യൂട്ടിക്ക് വാർഡിൽ ഉള്ളവരെപ്പോലും അറിയിച്ചിട്ടില്ല ഒന്നും, ഇത്ര രഹസ്യമായി ഒരു വിവാഹം നടത്താൻ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പറ്റുമോ? “

റിയ പറയുന്നത് കേൾക്കാൻ അവനു കഴിഞ്ഞില്ല. തൂവെള്ള ഗൗൺ അണിഞ്ഞു, നിറഞ്ഞ പുഞ്ചിരിയോടെ ആ ചെറുപ്പകാരനൊപ്പം നിൽക്കുന്ന ബ്ലസിയെ കണ്ടപ്പോൾ അവന്റെ മുഖo കടുത്തു. ഫോൺ എടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തപ്പോൾ സ്വിച്ചഡ് ഓഫ്‌ എന്ന് പറയുന്നു.

“ഫോൺ ഓഫ്‌ ആണ് ഞാനും വിളിച്ചു നോക്കി, കള്ളി, അവൾ നമ്പർ ചേഞ്ച്‌ ചെയ്തു കാണും. അല്ലെങ്കിലും കാമുകന്മാരെ തേച്ചിട്ട് പോകുന്ന എല്ലാ അവളുമാരും നമ്പർ ചേഞ്ച്‌ ചെയ്യുമല്ലോ “

റിയ ദേഷ്യത്തിൽ പറഞ്ഞതു കേട്ടു, റിജോ സ്വരം കടുപ്പിച്ചു മറുപടി നൽകി

“ഈ ലോകത്തിലെ വേറൊരു കാമുകനും ഇതുപോലെ ഒരു തേപ്പ് കിട്ടികാണില്ല, എന്നോട് ക്ഷമിക്കണം വീട്ടിൽ സമ്മതിക്കില്ല, നിങ്ങൾക് എന്നെക്കാളും നല്ല പെണ്ണിനെ കിട്ടും എന്നൊക്കെ സെന്റി ഡയലോഗ് അടിച്ചു  പോകാമായിരുന്നു. അറ്റ്ലീസ്റ്റ്  കല്യാണമാണ് എല്ലാം മറക്കണം എന്ന് പറയാനുള്ള മാനേഴ്സ് എങ്കിലും കാണിക്കാമായിരുന്നു. ഇതിപ്പോൾ എന്നെ വെറും ഫൂൾ ആക്കിയതല്ലേ, ഒരു ചെറിയ പണി ഞാനും കൊടുക്കാം, നീ അവളുടെ കസിനോട് ചോദിച്ചു അവളുടെ കെട്ടിയോന്റെ വീട്ടിലെ അഡ്രെസ്സ് തപ്പിയെടുക്, നീ  ഒരാഴ്ച ലീവ് എടുക്കു, ഞാനും എമർജൻസി ലീവ് എടുക്കാം.  നാളത്തെ ദിവസം അവൾ ആരംഭിക്കുന്നത് എന്നെ കണി കണ്ടായിരിക്കും. “

റിയ ഇൻചാർജിനേ വിളിച്ചു ലീവ് ചോദിച്ചു, റിജോയും ഓഫീസിൽ എമർജൻസി ലീവ് പറഞ്ഞിട്ട് സുഹൃത്തിന്റെ കാറുമായി എത്തി. അവർ ഒരുമിച്ചു നാട്ടിലേക്കു പുറപ്പെട്ടു.

ഡ്രൈവ് ചെയ്യുമ്പോൾ താനും ബ്ലെസ്സിയും ഒരുമിച്ച് പങ്കിട്ട നിമിഷങ്ങൾ അവന്റെ മനസിലേക്ക് കടന്നു വന്നു. രാത്രിയിൽ ഉറക്കം വന്നപ്പോൾ കുറച്ചു നേരം നിർത്തിയിട്ടതിന് ശേഷം വീണ്ടും യാത്ര തുടർന്നു.

നേരം വെളുത്തപ്പോളെക്കും  മഞ്ഞുപുതച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങളെയും ഏലക്കാടുകളെയും കടന്നു മനോഹരമായ പൂന്തോട്ടമുള്ള വീടിന്റ മുന്നിൽ അവൻ കാർ നിർത്തി.

അവർ കാറിൽ നിന്നിറങ്ങി, റിയ കാളിങ്ബെല്ലിൽ വിരലമർത്തി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. റിജോയെയും റിയയെയും അപ്രതീക്ഷിതമായി കണ്ട ബ്ലെസി സ്തബ്ധയായി.

“ആരാ മോളെ, അവിടെ? “

എന്ന് ചോദിച്ചു കൊണ്ട് അവളുടെ ഭർത്താവ് അടുത്തേക് വരുന്നത് കണ്ടപ്പോൾ മറുപടി പറയാനാകാതെ അവൾ വിറങ്ങലിച്ചു നിന്നു. റിയ പെട്ടന്ന് പുഞ്ചിരിയോടെ മുന്നിലേക്ക് വന്നു.

“നീയെന്താ ബ്ലെസി, അന്തം വിട്ടു നിക്കുന്നത്, ഞങ്ങൾ പറയാതെ വന്നത് നിനക്ക് സർപ്രൈസ് താരാനല്ലേ, എന്തായാലും കല്യാണം കഴിച്ചു നീ ഞങ്ങൾക്കൊരു സർപ്രൈസ് തന്നതല്ലേ, അപ്പോൾ ഞങ്ങളും ഒരു സർപ്രൈസ് തരാം എന്ന് കരുതി “

പിന്നെ അവൾ ബ്ലസിയുടെ ഭർത്താവിനോട് പറഞ്ഞു

“ചേട്ടാ, ഇവൾ പരിചയപെടുത്താത്ത സ്ഥിതിക് ഞാൻ സ്വയം പരിചയപ്പെടുത്താം ഞാനും ബ്ലസിയും ഫ്രണ്ട്‌സ് ആണ്, ഇതെന്റെ ബ്രദർ ആണ്.
ഇവളുടെ കല്യാണത്തിനെത്താൻ കഴിഞ്ഞില്ലല്ലോ അതാ നേരിട്ട് കണ്ടു ആശംസകൾ അറിയിക്കാൻ വന്നത് “

“അകത്തേക്കു വരൂ “

അയാൾ ക്ഷണിച്ചു. അവർ ഹാളിൽ കടന്നു സെറ്റിയിൽ ഇരുന്നിട്ടും ബ്ലെസ്സി ചലനമറ്റത് പോലെ നിന്നു

“ഇങ്ങനെ നോക്കി നില്കാതെ ചായ എടുക്കു മോളെ “

ഭർത്താവിന്റെ സ്വരം കേട്ടതും അവൾ അകത്തേക്കു പോയി. അൽപസമയം കഴിഞ്ഞു ചായയുമായി തിരികെയെത്തി.
ചായ കുടിച്ചതിനു ശേഷം റിയ പറഞ്ഞു

“അഞ്ചു മിനിറ്റ്, ഞാൻ അവളോട് ഒന്ന് സംസാരിച്ചിട്ട് വരാം “

ബ്ലെസി അവളെ കിടപ്പുമുറിയിലേക്കു കൂട്ടികൊണ്ട് പോയി. വാതിൽ കുട്ടിയിട്ടതിനു ശേഷം റിയയോട് പറഞ്ഞു

“നിന്റെ ഇച്ചായനോട് പറയണം എന്റെ ജീവിതം നശിപ്പിക്കരുതെന്നു “

“ഛീ !നിനക്ക് നാണമില്ലല്ലോ ഇങ്ങനെ പറയാൻ, താല്പര്യം ഇല്ലെങ്കിൽ പറയണമായിരുന്നു. അല്ലാതെ രഹസ്യമായി കല്യാണം കഴിച്ചാൽ ആരും ഒന്നും അറിയില്ലെന്ന് കരുതിയോ, അമേരിക്കകാരനെ കണ്ടപ്പോൾ എന്റെ ഇച്ചായനെ നീ ചതിച്ചു, പക്ഷേ നിന്റെ ജീവിതം നശിപ്പിക്കാനുള്ള തെളിവുകൾ ഇച്ചായന്റെ കയ്യിലുണ്ട്. അതെല്ലാം ഒരു മെമ്മറി കാർഡിൽ ആക്കി കൊണ്ട് വന്നിട്ടുണ്ട്, ഞങ്ങൾ പോകുമ്പോൾ അതു നിന്റെ ഭർത്താവിന് കൊടുക്കും ഞങ്ങളുടെ വക വിവാഹസമ്മാനമായി “

“പ്ലീസ്, ഞാൻ നിന്റെ കാല് പിടിക്കാം “

ബ്ലസിയുടെ വാക്കുകൾക് കാതോർക്കാതെ റിയ ആ മുറിയിൽ നിന്നു പുറത്തേക് പോയി. ബ്ലസി അവൾക് പിന്നാലെ ഹാളിലേക് വന്നു.

റിജോയുടെ കൈവെള്ളയിൽ ഇരുന്ന മെമ്മറി കാർഡ് കണ്ടപ്പോൾ അവൾ ഞെട്ടി, അതിൽ ഏതൊക്കെ തരത്തിലുള്ള ഫോട്ടോ ആയിരിക്കുമെന്നോർത്തപ്പോൾ അവൾക് ബോധം പോകുന്നത് പോലെ തോന്നി.

അൽപ സമയം കഴിഞ്ഞു, റിജോ പോകാനായി എഴുന്നേറ്റു. ബ്ലെസ്സിയുടെ ഭർത്താവിന്റെ അടുക്കലേക് നടന്നെത്തി. ബ്ലെസ്സിക് താനിപ്പോൾ തന്നെ ഈ വീടിന്റെ പടിയിറങ്ങേണ്ടി വരുമെന്ന് തോന്നി. അവൾ ദയനീയമായി റിജോയെയും റിയയെയും മാറി മാറി നോക്കി. അലിവിന്റെ ഒരു തരിമ്പ് പോലും അവരുടെ മുഖത്തില്ല.

റിജോ, അവളുടെ ഭർത്താവിന്റെ കരം കവർന്നെടുത്തതിന് ശേഷം “ഹാപ്പി മാരീഡ് ലൈഫ് ” എന്ന് പറഞ്ഞു പുറത്തേക്കിറങ്ങി, അവന്റെ പിന്നാലെ റിയയും…

ബ്ലെസി വിശ്വാസം വരാതെ ഒന്നുകൂടി നോക്കി, തന്റെ ഭർത്താവിനോട് ഒന്നും പറയാതെ റിജോ പോയത് അവളെ അത്ഭുതപെടുത്തി.

റിജോ കാറിൽ കയറി, അവരുടെ നേർക് കൈ വീശി കാണിച്ചിട്ട് കാർ ഗേറ്റ് കടന്ന് പോയി

“ഇച്ചായൻ എന്താ അവളുടെ ഭർത്താവിനോട് ഒന്നും പറയാഞ്ഞത്? “

“നമ്മൾ അവിടെയിരുന്നപ്പോൾ മുതൽ ബ്ലസിയുടെ കണ്ണുകളിലെ ഭീതി നീ കണ്ടതല്ലേ, എല്ലാം അയാളോട് പറയണമെന്ന് തീരുമാനിച്ചാണ് ഞാൻ ഇവിടെക് വന്നത്, പക്ഷേ ഞാൻ എന്റെ മനസ് മാറ്റി. അയാളോട് എല്ലാം തുറന്നു പറഞ്ഞു അവളുടെ ജീവിതം നഷ്ടപെടുത്തിയാൽ എനിക്കെന്ത് കിട്ടാനാണ്? “

“അവൾ ഇച്ചായനെ സ്നേഹിച്ചിട്ട് വഞ്ചിച്ചതല്ലേ?”

“അവൾ ഒരിക്കലും എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നില്ല എന്നെനിക്കു മനസിലായി. അങ്ങനെ സ്നേഹിക്കുന്നവർ ഒരിക്കലും ഇതുപോലെ ഉപേക്ഷിച്ചു പോകില്ല. എന്നോടൊപ്പം കഴിഞ്ഞിട്ട് മറ്റൊരുത്തന്റെ താലി  കഴുത്തിൽ അണിയാൻ അവൾക് കഴിഞ്ഞു. പക്ഷേ അവളെ ആത്മാർത്ഥമായി സ്നേഹിച്ചത് കൊണ്ട് മാത്രം അവളുടെ ജീവിതം ഞാനായിട്ട് തകർക്കുന്നില്ല.”

റിജോ കാർ നിർത്തി, ആ മെമ്മറി കാർഡ് എടുത്തു കൈ കൊണ്ട് ഒടിച്ചിട്ട് പുറത്തേക് കളഞ്ഞു

“അതിൽ ഞങ്ങൾ ഒരുമിച്ചുള്ള ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അവളിപ്പോൾ മറ്റൊരുത്തന്റെ ഭാര്യ ആണ്. എന്റെ നിഴൽ പോലും അവളുടെ ജീവിതത്തെ അലോസരപ്പെടുത്താൻ പാടില്ല. എനിക്കായി ദൈവം വിധിച്ച ഒരാൾ എന്നെങ്കിലും എന്റെ ജീവിതത്തിലേക്ക് കടന്ന് വരും “

റിജോ കാർ സ്റ്റാർട്ട്‌ ചെയ്തു. തന്നെ വഞ്ചിച്ചെങ്കിലും ഒരിക്കൽ ആത്മാർത്ഥമായി സ്നേഹിച്ചവളുടെ ജീവിതം തകർക്കാൻ അവൻ തയ്യാറായില്ല..

നമ്മളെ മനസ് കൊണ്ട് സ്നേഹിക്കുന്നവരാരും ഒരിക്കലും നമ്മളെ തനിച്ചാക്കി പോകില്ല.  സ്വന്തം ജീവിതത്തെ പ്രണയിക്കൂ, നിങ്ങളുടെ പങ്കാളി സമയമാകുമ്പോൾ നിങ്ങളുടെ അടുത്തെത്തും…