എഴുത്ത് : ശിവ എസ് നായർ
=====================
തിങ്കളാഴ്ച രാവിലെ തൊടുപുഴ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ താമസക്കാരിയായ രേവതി എന്ന പെൺകുട്ടി വീട്ടിൽ നിന്നും തിരികെയെത്തി തന്റെ റൂം തുറന്നപ്പോൾ കാണുന്നത് റൂം മേറ്റ് ആയ സ്വാതിയുടെ ഫാനിൽ തൂ-ങ്ങിയ ശരീരമാണ്.
ഒരു നിലവിളിയോടെ രേവതി ബോധ ശൂന്യയായി നിലംപതിച്ചു.
നിലവിളി കേട്ട് മറ്റുള്ളവരും അവിടേക്ക് ഓടി വന്നു. നാലാം നിലയിലാണ് സംഭവം അരങ്ങേറിയത്.
ഓടി കൂടിയ ഹോസ്റ്റലിലെ മറ്റ് അന്തേവാസികളും ജീവനക്കാരും അസഹ്യമായ ദുർഗന്ധത്താൽ മൂക്കു പൊത്തി. മുറിക്കുള്ളിലെ കാഴ്ച്ച കൂടെ കണ്ടപ്പോൾ ഏവരും നടുങ്ങി തരിച്ചു.
വാതിൽക്കൽ ബോധം കെട്ട് കിടക്കുന്ന രേവതിയെ കുറച്ചുപേർ താങ്ങിപിടിച്ച് തൊട്ടടുത്ത മുറിയിലേക്ക് കൊണ്ട് പോയി.
ഭയവും ആശങ്കയും കാരണം ആരും മുറിക്കുള്ളിലേക്ക് കയറാൻ കൂട്ടാക്കിയില്ല.
അപ്പോഴേക്കും ആരോ വിവരം അറിയിച്ചതിനെ തുടർന്ന് വാർഡനും എത്തിച്ചേർന്നു.
ഉടനെ തന്നെ അവർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
അര മണിക്കൂറിനുള്ളിൽ തന്നെ തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ ശരത്ത് ചന്ദ്രനും മറ്റു പോലീസുകാരും സംഭവ സ്ഥലത്ത് എത്തിച്ചേർന്നു.
പോലീസ് വന്നാണ് ബോഡി നിലത്തേക്ക് അഴിച്ചിറക്കിയത്. ഏകദേശം മൂന്ന് ദിവസത്തെ പഴക്കം തോന്നിച്ചു ബോ-ഡിക്ക്. നാറ്റവും വന്നു തുടങ്ങിയിരുന്നു….
സി ഐ ശരത്ത് ചന്ദ്രൻ മുറിക്കുള്ളിൽ കയറി ജനാലകൾ തുറന്നിട്ടു. ഉള്ളിൽ ആകെ മൂന്നു കട്ടിൽ മൂന്നു കസേര മൂന്നു മേശ പിന്നെ ചുവരിൽ മൂന്നു റാക്കുകളും. റാക്കിൽ സാധനങ്ങൾ വെച്ചിട്ടുണ്ടായിരുന്നു. പിന്നെ അറ്റാച്ച്ഡ് ബാത്റൂം.
ഒരു വശത്തെ കട്ടിലും മേശയും ശൂന്യമായിരുന്നു. മറുവശത്തെ കട്ടിലും മേശയും നല്ല വൃത്തിക്ക് അടുക്കി വെച്ച നിലയിലായിരുന്നു…. പിന്നെയുള്ള കട്ടിൽ ആകെ അലങ്കോലമായി കിടക്കുകയായിരുന്നു. അതായിരിക്കും മരിച്ച സ്വാതിയുടെ കട്ടിൽ എന്ന് സി ഐ മനസ്സിലാക്കി.
നടുവിൽ ഫാനിന് താഴെയായി ഒരു മേശ വലിച്ചിട്ടിരുന്നു. തൊട്ടുത്തായി മറിഞ്ഞു കിടക്കുന്ന കസേരയും.
മേശയ്ക്ക് മുകളിൽ കസേര ഇട്ടാകും ഫാനിൽ കുരുക്കിട്ടതെന്ന് സി ഐ ശരത്ത് ചന്ദ്രൻ ഊഹിച്ചു.
കട്ടിലിൽ വാരി വലിച്ചിട്ടിരിക്കുന്ന സാധനങ്ങൾ മേശയ്ക്ക് മുകളിൽ ഉണ്ടായിരുന്നതായിരുന്നു….
സി ഐ മുറിയാകെ മൊത്തത്തിൽ പരിശോധിക്കാൻ തുടങ്ങി.
കട്ടിലിൽ ചിതറിക്കിടക്കുന്ന സാധനങ്ങൾ ഓരോന്നായി നോക്കവെ കൂട്ടത്തിൽ ഒരു നോട്ടുബുക്ക് സിഐയുടെ കണ്ണിൽ പെട്ടു.
ശരത്ത് ചന്ദ്രൻ അതെടുത്ത് തുറന്ന് നോക്കി. അതിൽ നിന്നും സിഐയ്ക്ക് സ്വാതിയുടെ ആ-ത്മ-ഹത്യ കുറിപ്പ് ലഭിച്ചു.
അതിൽ ഇങ്ങനെ എഴുതിയിരുന്നു….
“എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല…. എന്റെ ശരീരം മെഡിക്കൽ കോളജിലെ കുട്ടികൾക്ക് വിട്ട് കൊടുക്കണം… ഈ കത്ത് എന്റെ മരണ മൊഴിയായി കണക്കാക്കണം…. എന്റെ മരണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കരുത്…. ആരുടെയും പ്രേരണയ്ക്കോ ഭീഷണിക്കോ വിധേയമായി അല്ല ഞാൻ ഇത് ചെയ്യുന്നത്. എന്റെ മരണം കൊണ്ട് ആർക്കും നഷ്ടപ്പെടാൻ ഒന്നുമില്ല. ജീവിതം മടുത്തിട്ടാണ് ഞാൻ ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഈ ഭൂമിയിൽ നിങ്ങളുടെ മകളായി ജീവിച്ചിരിക്കാൻ എനിക്ക് യാതൊരു അർഹതയുമില്ല…. തെറ്റിന്റെ വഴികളിലൂടെ ആയിരുന്നു എന്റെ യാത്ര അതുകൊണ്ട് എനിക്ക് ശിക്ഷ ഞാൻ തന്നെ വിധിക്കുകയാണ്…. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം….”
ഇത്രയും ആയിരുന്നു കത്തിന്റെ ഉള്ളടക്കം.
സി ഐ ശരത്ത് ചന്ദ്രൻ ബുക്കിലെ പേജുകൾ മറിച്ചു നോക്കി കത്തിലെയും ബുക്കിലെയും കയ്യക്ഷരം ഒന്നു തന്നെയായിരുന്നു.
ചില്ലു തകർന്ന നിലയിൽ സ്വാതിയുടെ മൊബൈൽ ഫോൺ മുറിയുടെ ഒരു കോണിൽ കിടപ്പുണ്ടായിരുന്നു…. സി ഐ അതും എടുത്തു.
വീണ്ടും മുറിയാകെ തിരഞ്ഞുവെങ്കിലും വേറെ സംശയിക്കതക്കതായി ഒന്നും തന്നെ ലഭിച്ചില്ല.പോസ്റ്റുമോർട്ടത്തിനായി ബോഡി മെഡിക്കൽ കോളജിലേക്ക് അയച്ചു.
********************
ചോദ്യം ചെയ്യലിനായി സി ഐ ശരത്ത് ചന്ദ്രൻ ഹോസ്റ്റൽ വാർഡനെ സമീപിച്ചു.
“നിങ്ങളുടെ പേരെന്താണ്…??
“ഷേർളി” അവർ മറുപടി പറഞ്ഞു.
“എത്ര നാളായി ഇവിടെ വർക്ക് ചെയ്യുന്നു…”
“ഏഴ് വർത്തോളമായി സർ…”
“ഹോസ്റ്റൽ തുടങ്ങിയിട്ട് എത്ര വർഷമായി…”
“ഇരുപത് വർഷം കഴിഞ്ഞു…”
“നമുക്ക് വിഷയത്തിലേക്ക് വരാം. ഈ മരിച്ച പെൺകുട്ടി ആരാണ്….??എന്ത് ചെയ്യുന്നു….?? എത്ര നാളായി ഇവിടെ താമസിക്കുന്നു….??” ശരത്ത് വാർഡനോട് ചോദിച്ചു.
“സ്വാതി എന്നാണ് പേര്. ഇവിടെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. വീട് വയനാട് ആണ്…. ഇവിടെ വന്നിട്ട് ഇപ്പൊ ആറ് മാസമായി….”
“മരിച്ച സ്വാതിക്ക് എത്ര വയസ്സുണ്ട്…”
“ഇരുപത്തിയഞ്ച്…”
“ഇങ്ങനെയൊരു സംഭവം ഇവിടെ നടന്നിട്ട് നിങ്ങളാരും അറിഞ്ഞില്ലേ??”
“സർ അതുപിന്നെ…. വീട്ടിൽ പോകുന്നവരുടെ എണ്ണം വൈകുന്നേരം പ്രത്യേകം എടുക്കും. എല്ലാ റൂമിലും എല്ലാവരും പുറത്ത് പോയിട്ട് വന്നോ എന്ന് നോക്കി എണ്ണം എടുക്കും…. പിറ്റേന്ന് ഫുഡ് ഉണ്ടാക്കുന്നത് എണ്ണം അനുസരിച്ചാണ്…. രജിസ്റ്ററിൽ സ്വാതി വീട്ടിൽ പോയിരുന്നു എന്ന് എഴുതിയിരുന്നു…. വീട്ടിൽ പോകുന്നവരെ മാറ്റിനിർത്തി ബാക്കിയുള്ളവർ കറക്റ്റ് റൂമിലുണ്ടോ എന്ന് മാത്രമേ ചെക്ക് ചെയ്യു…”
“ok….ബോ-ഡി ആദ്യം കണ്ടതാരാ??”
“സ്വാതിയുടെ റൂം മേറ്റ് രേവതി ആണ് റൂം തുറന്നപ്പോൾ ബോ-ഡി ആദ്യം കണ്ട് നിലവിളിച്ചത്,.. അതുകേട്ട് ഞങ്ങൾ എല്ലാവരും മുകളിലേക്ക് പോയി നോക്കി…”
“എനിക്ക് രേവതിയെ ഒന്ന് ചോദ്യം ചെയ്യണം…”
“ഇങ്ങോട്ട് വിളിക്കാം സർ…”
അല്പ സമയം കഴിഞ്ഞപ്പോൾ പേടിയോടെ രേവതി അങ്ങോട്ടേക്ക് വന്നു.
സി ഐ ശരത്ത് ചന്ദ്രൻ അവളെ ചോദ്യം ചെയ്യാൻ ആരംഭിച്ചു.
“കുട്ടിയല്ലെ രേവതി…. സ്വാതിയുടെ റൂം മേറ്റ്…”
“അതെ സർ…”
“ബോ-ഡി ആദ്യം കണ്ടത് മുതലുളള സംഭവങ്ങൾ ഒന്നു വിശദീകരിക്കാമോ…”
“എല്ലാ വെള്ളിയഴ്ചകളിലും ഞാൻ വീട്ടിൽ പോയിട്ട് തിങ്കളാഴ്ച രാവിലെയാണ് മടങ്ങി വരാറ്…. പതിവ് പോലെ തന്നെ ഇന്ന് തിരികെ വന്നു റൂം തുറക്കുമ്പോൾ കാണുന്നത് സ്വാതി ചേച്ചിയുടെ തൂങ്ങി നിൽക്കുന്ന ശരീരമാണ്….”
അവളുടെ മറുപടി കേട്ട് സി ഐ അന്തംവിട്ടു.
“പൂട്ടി കിടന്ന റൂം തുറന്നപ്പോൾ അല്ലെ ബോ-ഡി കണ്ടെന്ന് പറയുന്നത്… പുറത്ത് നിന്നും ലോക്ക് ചെയ്ത റൂമിനുള്ളിൽ എങ്ങനെ സ്വാതിയുടെ ശരീരം വന്നു… വെള്ളിയാഴ്ച ഇയാൾ റൂം ലോക്ക് ചെയ്തിട്ടാണോ പോയത്…??”
സി ഐ ചോദിച്ചപ്പോഴാണ് രേവതി അക്കാര്യം ഓർത്തത്.
“വെള്ളിയാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞു വന്നു വേഗം തന്നെ ഞാൻ റൂം പൂട്ടി പോയി…. അപ്പോൾ റൂമിൽ ആരും തന്നെ ഉണ്ടായിരുന്നില്ല…. സ്വാതി ചേച്ചി അമ്മയ്ക്ക് സുഖമില്ലാത്തോണ്ട് വീട്ടിൽ പോകുവാ റൂം പൂട്ടാൻ മറന്നു പോയി…. എന്നോട് പോകുമ്പോൾ പൂട്ടിയിട്ട് പൊയ്കൊള്ളാൻ പറഞ്ഞു മെസ്സേജ് അയച്ചിരുന്നു…. സാധാരണ ഞാൻ പുറത്ത് നിന്ന് കുറ്റിയിട്ടിട്ട് ആണ് പോകാറുള്ളത്…. ചേച്ചിയുടെ മെസ്സേജ് കണ്ടത് കൊണ്ടാണ് ലോക്ക് ചെയ്ത് പോയത്…. “
“മെസ്സേജ് കണ്ടിട്ട് ഇയാൾ അവരെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചില്ലെ….”
“വിളിച്ചപ്പോൾ ഫോൺ എൻകേജ്ഡ് ആയിരുന്നു…. പിന്നെ പോകാനുള്ള തിരക്കിനിടയിൽ പിന്നീട് വിളിച്ചില്ല…”
“സാധാരണ സ്വാതി വീട്ടിൽ പോകാറുണ്ടായിരുന്നോ…??”
“ഇവിടെ വന്നിട്ട് ആദ്യമായിട്ട് ആണ് വീട്ടിൽ പോകുന്നു എന്ന് പറഞ്ഞത്…”
“രേവതി എന്താ ചെയ്യുന്നത്…?”
“ഞാൻ എൻജിനീയറിങ് കോളജിൽ ഫൈനൽ ഇയർ ആണ്. വീട് കണ്ണൂർ ആണ്. വെള്ളിയാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞു വന്ന് വീട്ടിൽ പോയിട്ട് തിങ്കൾ രാവിലെയെ വരൂ. ഇവിടെ വന്നിട്ട് നാല് വർഷമാകുന്നു. വന്നപ്പോൾ മുതൽ ഇങ്ങനെയാണ്…”
“ഓകെ… റൂമിൽ വന്ന ഉടനെ തന്നെ തിരികെ പോയോ…?? എത്ര മണിക്കാണ് റൂമിൽ വന്നത്…??”
“നാലരയ്ക്ക് വന്നു. ബുക്ക് ഒക്കെ വെച്ച് ഉടനെ തന്നെ പോയി …”
“സ്വാതിയുടെ മെസ്സേജ് എപ്പോഴാ ഇയാൾക്ക് വന്നത്…”
“ഒരു നാല് മണി കഴിഞ്ഞപ്പോ….”
“ആ മെസ്സേജ് ഒന്നു കാണിക്കാമോ….”
രേവതി ഫോൺ എടുത്ത് വെള്ളിയാഴ്ച സ്വാതി അയച്ച മെസ്സേജ് സിഐയ്ക്ക് കാണിച്ചു കൊടുത്തു.
രേവതി പറഞ്ഞത് പോലെ നാലു പത്തിന് വന്ന മെസ്സേജ് ആയിരുന്നു അത്.
സിഐ ഫോൺ തിരികെ കൊടുത്തു.
“സ്വാതിയുടെ സ്വഭാവത്തിൽ എന്തെങ്കിലും അസ്വാഭാവികത ഫീൽ ചെയ്തിട്ടുണ്ടോ…”
“എന്തോ ഒരു വിഷമം ഉള്ളതായി തോന്നിയിട്ടുണ്ട്. കുറച്ചു ദിവസമായി എന്തിനെയോ പേടിക്കുന്ന പോലെയായിരുന്നു ചേച്ചിയുടെ മുഖഭാവം….”
“റൂമിൽ നിങ്ങൾ രണ്ടുപേർ മാത്രേയുള്ളോ….??”
“അതെ…. ഒരു കുട്ടി മൂന്ന് മാസം മുന്നേ കോഴ്സ് കഴിഞ്ഞു പോയി….”
“സ്വാതിയും ഇയാളും എങ്ങനെയായിരുന്നു…”
“എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം സംസാരിക്കും…. വല്യ കമ്പനി ഒന്നുമില്ലായിരുന്നു. അധികം മിണ്ടാറില്ല ആരോടും….”
“ശരി ഇയാൾക്ക് പോകാം….”
ശേഷം വാർഡനോട് സി ഐ ശരത്ത് ചന്ദ്രൻ പുറത്തു പോകുമ്പോൾ ഹോസ്റ്റൽ മേറ്റ്സ് എഴുതി വെയ്ക്കുന്ന അവിടുത്തെ രജിസ്റ്റർ ആവശ്യപ്പെട്ടു.
വാർഡൻ രജിസ്റ്റർ കൊണ്ട് കൊടുത്തു.
വെള്ളിയാഴ്ച ദിവസത്തെ വിവരങ്ങൾ നോക്കിയപ്പോൾ വൈകിട്ട് നാലിന് ഗോയിങ് ടു ഹോം എന്ന് എഴുതി സ്വാതി ഒപ്പിട്ടിരിക്കുന്നത് കണ്ടൂ. തൊട്ടുതാഴെ രേവതി നാല് നാല്പത്തി അഞ്ചിന് ഗോയിംഗ് ടൂ ഹോം എന്ന് എഴുതിയിരുന്നു.
സിഐ രജിസ്റ്റർ മടക്കി കൊടുത്തു.
“ഇവിടെ സിസിടിവി ഉണ്ടോ….” സിഐ വാർഡനോട് ചോദിച്ചു.
“ഗേറ്റിന്റെ മുന്നിൽ മാത്രം ഉണ്ട്…”
“എനിക്ക് വെള്ളിയാഴ്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ വേണമായിരുന്നു…”
“സർ വെള്ളിയാഴ്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ സിഡിയിൽ ആക്കി എത്തിച്ചു തരാം…. ഓട്ടോമാറ്റിക് ആയി ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിൽ സേവ് ആയികൊള്ളും..”
“ഇന്ന് തന്നെ വൈകിട്ട് മുന്നേ എത്തിക്കണം…”
“ശരി സർ…”
നടപടികൾ എല്ലാം പൂർത്തിയാക്കി സ്വാതിയുടെ വീട്ടുകാരെ വിളിച്ച് വിവരം അറിയിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു പോലീസ് സംഘം തിരിച്ചു പോയി.
*****************
തിരിച്ചു പോകുമ്പോൾ സ്വാതിയുടെ റൂമിൽ നിന്ന് ലഭിച്ച ഫോൺ സിഐ ഓൺ ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഫോൺ ഓൺ ആയില്ല. ഒരു പക്ഷേ അത് കംപ്ലൈന്റ് ആയികാണും എന്ന് സിഐ കരുതി.
അദ്ദേഹം ജീപ്പ് സൈഡ് ആക്കി നിർത്താൻ ഡ്രൈവറോട് ആവശ്യപെട്ടു.
ശേഷം സിഐ ശരത്ത് തൊട്ടടുത്ത് കണ്ട മൊബൈൽ ഷോപ്പിലേക്ക് കയറി ഫോൺ കാണിച്ചു.
“ഈ ഫോൺ ഒന്നു നോക്കി ശരിയാക്കി തരു”
കടയിലുണ്ടയിരുന്ന പയ്യൻ ഫോൺ വാങ്ങി നോക്കിയ ശേഷം അവൻ അത് പ്ലഗ് ഇൻ ചെയ്തു. ഫോണിൽ ചാർജ് കയറി തുടങ്ങി.
“സർ ഇത് ചാർജ് തീർന്നു ഓഫ് ആയതാണ് പുറത്തുള്ള ഗ്ലാസ്സ് മാത്രമേ പൊട്ടിയിട്ടുള്ളു അകത്തെ ഗ്ലാസിന് കുഴപ്പമൊന്നുമില്ല….”
അവൻ ഫോൺ ഓൺ ചെയ്തു… എന്നിട്ട് സിഐയ്ക്ക് കൈമാറി.
ഫോൺ ഓൺ ആയെങ്കിലും അത് പാസ്വേഡ് പ്രോടെക്ടെഡ് ആയിരുന്നു.
ഫോണും കൊണ്ട് സിഐ തിരികെ സ്റ്റേഷനിൽ എത്തി.
സൈബർ സെല്ലിലെ തന്റെ സുഹൃത്തിന്റെ സഹായത്തോടെ സിഐ ലോക്ക് മാറ്റി റീസെറ്റ് ചെയ്തു. ഫോണിൽ ചാർജ് തീരെയില്ലാത്തതിനാൽ സിഐ ഫോൺ ചാർജിലിട്ടു…
ഉച്ച കഴിഞ്ഞപ്പോൾ വെള്ളിയാഴ്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ സിഡിയുമായി ഹോസ്റ്റൽ സെക്യൂരിറ്റി എത്തിച്ചേർന്നു.
സിഐ ശരത്ത് ചന്ദ്രൻ കമ്പ്യൂട്ടറിൽ ഇട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തുടങ്ങി.
അതിൽ നിന്നും ശരത്ത് ചന്ദ്രൻ ഒരു തീരുമാനത്തിലെത്തി.
ആദ്യം സ്വാതിയുടെത് കൊ-ല-പാതകം ആണോയെന്ന സംശയം നില നിന്നെങ്കിലും അതൊരു ആ-ത്മ-ഹത്യ ആണെന്ന് സിഐയ്ക്ക് ഉറപ്പായി.
അദ്ദേഹം കാര്യങ്ങൾ കൂട്ടിവായിക്കാൻ ശ്രമിച്ചു.
വെള്ളിയാഴ്ച ദിവസം നാലുമണിക്ക് ഹോസ്റ്റലിൽ എത്തിയ സ്വാതി രജിസ്റ്ററിൽ വീട്ടിൽ പോകുന്നു എന്ന് എഴുതി വെച്ച ശേഷം രേവതിക്ക് റൂം പൂട്ടി പോകാൻ നിർദേശിക്കുന്നു. രേവതി വന്നപ്പോൾ റൂമിൽ കട്ടിലിന്റെ അടിയിലോ ബാത്റൂമിലോ മറഞ്ഞിരുന്ന സ്വാതി രേവതി റൂം പൂട്ടി പോയ ശേഷം പുറത്തേക്ക് വരുന്നു…. സിസിടിവി ദൃശ്യങ്ങളിൽ നിന്നും സ്വാതി നാലുമണിക്ക് വരുന്നത് മാത്രമേയുള്ളൂ…. രേവതി വരുന്നതും പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ട്… അതിനു ശേഷമാണ് സ്വാതി ആ-ത്മഹ-ത്യ ചെയ്യുന്നത്. അതിനു തക്കതായ എന്തോ കാരണം ഉണ്ടായിരിക്കണം. ഒരുപക്ഷേ അത് സ്വാതിയുടെ ഫോണിൽ നിന്നും കിട്ടിയേക്കും…”
ചാർജിലിട്ട ഫോൺ എടുത്ത് അദ്ദേഹം പരിശോധിച്ചെങ്കിലും സംശയിക്കതക്കതായ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരുപക്ഷേ സ്വാതിയുടെ മരണത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ ഡിലീറ്റ് ചെയ്തിരിക്കാം എന്നയാൾ ഊഹിച്ചു. സ്വാതിയുടെ മൊബൈൽ വിശദമായി സെർച്ച് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.
********************
പിറ്റേന്ന് രാവിലെ വീണ്ടും സിഐ ഹോസ്റ്റലിൽ സന്ദർശനം നടത്തി. തൊട്ടടുത്ത റൂമിലേയും താഴത്തെ റൂമിലെ താമസക്കാരെയും സിഐ വിശദമായി ചോദ്യം ചെയ്തു.
രാത്രി ഏകദേശം പതിനൊന്നരയ്ക്ക് എന്തോ വീഴുന്ന പോലെ ഒച്ച കേട്ടതായി തോന്നിയെന്ന് തൊട്ടടുത്ത റൂമിലെ കുട്ടി പറഞ്ഞു. പ്ലാസ്റ്റിക് കസേര ആയത് കൊണ്ട് വല്യ ഒച്ച കേൾക്കാൻ സാധ്യതയുമില്ല. പിന്നെ അടഞ്ഞു കിടക്കുന്ന റൂമിൽ സ്വാതി ഉള്ളത് ആരും അറിഞ്ഞിട്ടില്ലല്ലോ…. ആ റൂമിൽ ആരും വെളിച്ചവും കണ്ടിട്ടില്ല എന്ന് ചോദ്യം ചെയ്യലിലൂടെ മനസ്സിലായി.
തിരികെ സ്റ്റേഷനിൽ എത്തിയപ്പോൾ സ്വാതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് തയ്യാറായിരുന്നു.
ശരത്ത് ചന്ദ്രൻ അത് വായിച്ചു നോക്കി.
“കഴുത്ത് മു-റുകി ശ്വാ-സം കിട്ടാതെ പി-ട-ഞ്ഞാണ് മര-ണം സംഭവിച്ചത്. കഴുത്തിലെ കശേരുക്കൾ പൊട്ടിയിട്ടുണ്ട്… ഏകദേശം പതിനൊന്നു മുപ്പത്തിനും പതിനൊന്നു നാൽപതിനും ഇടയിലാണ് മരണം നടന്നത്. മാത്രമല്ല അന്നേദിവസം ഒന്നിൽ കൂടുതൽ ആളുകളുമായി ലൈം-ഗി-ക ബ-ന്ധത്തിൽ ഏർപ്പെട്ടതിന്റെ സൂചനയും റിപ്പോർട്ടിൽ ഉണ്ടായിരുന്നു… ആ-ത്മ-ഹത്യ ആണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരി വയ്ക്കുന്നുണ്ടായിരുന്നൂ…”
റിപ്പോർട്ട് വായിച്ചു സിഐ കൂടുതൽ കുഴങ്ങി. തീർച്ചയായും സ്വാതിയുടെ ആ-ത്മഹ-ത്യക്ക് പിന്നിൽ എന്തോ ദുരൂഹത ഉണ്ടെന്ന് സിഐ ശരത്ത് ചന്ദ്രൻ ഉറപ്പിച്ചു.
അപ്പോൾ ഒരു കോൺസ്റ്റബിൾ വന്നിട്ട് പറഞ്ഞു “സർ മരിച്ച കുട്ടിയുടെ വീട്ടുകാർ എത്തിയിട്ടുണ്ട്…”
“അവരെ അകത്തേക്ക് കടത്തി വിടു…”
അകത്തേക്ക് കയറി വന്ന മനുഷ്യ രൂപത്തിൽ സിഐ യുടെ കണ്ണുകൾ ഉടക്കി. അമ്പത് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയും അറുപതിനോട് അടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനും. അവർ നന്നേ ക്ഷീണിതരായിരുന്നൂ.
ശേഷം സിഐ അവരുമായി സംസാരത്തിൽ ഏർപ്പെട്ടു…
“അവരിൽ നിന്നും മകൾ സ്വാതി കുറെ കാലമായി വിട്ടു നിൽക്കുകയായിരുന്നു എന്നും വീട്ടിൽ പോയിട്ട് ആറു മാസത്തോളം ആയി എന്നും സിഐ മനസ്സിലാക്കി. വല്ലപ്പോഴും ഫോൺ ചെയ്യും . എന്തെങ്കിലും ചോദിച്ചാൽ ജോലി തിരക്ക് ആണെന്ന് പറഞ്ഞ് ഒഴിയും. മാസം ചിലവിനായി ഒരു നിശ്ചിത തുക കൃത്യമായി അയച്ചു കൊടുക്കും. തൊടുപുഴയിൽ വരുന്നതിനു മുമ്പേ ഒരു വർഷം സ്വാതി ജോലി ചെയ്തിരുന്നത് ബാംഗ്ലൂരിൽ ആയിരുന്നു എന്ന വിവരം അവരിൽ നിന്നും ലഭിച്ചു…” മകളുടെ ആ-ത്മ-ഹത്യ അവരെ വല്ലാതെ തളത്തിയിരുന്നു എന്ന് അവരെ കണ്ടാൽ തന്നെ മനസിലാകൂമായിരുന്നു….
മകളുടെ ഇഷ്ടം പോലെ ബോഡി മെഡിക്കൽ കോളജിനു വിട്ടുകൊടുക്കാൻ അവർ സമ്മതിച്ചു.
അവരുടെ മൂത്ത മകളായിരുന്നു സ്വാതി… അവൾക്ക് താഴെ രണ്ട് പെൺമക്കൾ കൂടെയുണ്ട്. സ്വാതിയുടെ ചിലവിലാണ് ആ കുടുംബം കഴിഞ്ഞു പോന്നിരുന്നത്.
************************
തൊടുപുഴ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ സ്വാതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പത്രങ്ങളിൽ വലിയ വാർത്തയായി വന്നു.
തിരികെ വയനാട്ടിലേക്ക് പോകുന്നതിനു മുൻപ് സ്വാതിയുടെ അച്ഛനും അമ്മയും മകളുടെ ആ-ത്മ-ഹത്യക്ക് പിന്നിലെ കാരണം കണ്ടുപിടച്ച് തരണം എന്ന് അപേക്ഷിച്ചിട്ടാണ് പോയത്….
സിഐ ശരത്ത് ചന്ദ്രൻ അന്വേഷണം വളരെ ഊർജിതമാക്കി….
വിശദമായ പരിശോധനകൾക്കു ഒടുവിൽ സ്വാതിയുടെ ഫോണിൽ നിന്നും വെള്ളിയാഴ്ച രാവിലെ അവളുടെ അക്കൗണ്ടിൽ അഞ്ച് ലക്ഷം രൂപ ക്രെഡിറ്റ് ആയതായും വൈകുന്നേരം അത് അച്ഛന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതിന്റെതായ തെളിവുകൾ കിട്ടി.
ശേഷം ഗാലറിയിൽ ഡിലീറ്റഡ് ഹിസ്റ്ററി പരിശോധിച്ച സിഐ ഞെട്ടിപ്പോയി. അതിൽ മുഴുവനും സ്വാതിയുടെ ന-ഗ്ന ചിത്രങ്ങളും വീഡിയോയും ആയിരുന്നു.
കാൾ ഹിസ്റ്ററി എല്ലാം ഡിലീറ്റ് ചെയ്തിരുന്നു. സൈബർ സെൽ മുഖേന സ്വാതിയുടെ നമ്പറിൽ നിന്നും കൂടുതൽ കാൾ പോയിട്ടുള്ള നമ്പർ ഏതെന്ന് കണ്ടുപിടിക്കാൻ കഴിയും. അതിനുള്ള ഏർപ്പാടുകൾ ചെയ്ത ശേഷം ഗാലറിയിലെ വീഡിയോകൾ പ്ലേ ചെയ്തു നോക്കി. അതിലെല്ലാം തന്നെ ഒരാൾ ആയിരുന്നു സ്വതിയോടൊപ്പം.എന്നാല് ഒരു വീഡിയോയിൽ കണ്ട കാഴ്ച അറപ്പിക്കുന്നതായിരുന്നു…. കട്ടിലിൽ കിടക്കുന്ന സ്വാതിയെ മാറി മാറി ഏഴുപേർ ഉപയോഗിക്കുന്നതായിരുന്നു അതിൽ…
details നോക്കിയപ്പോൾ ആ വീഡിയോ സ്വാതിയുടെ മൊബൈലിൽ വന്നിരിക്കുന്നത് സ്വാതി മരിച്ച ദിവസമായിരുന്നു…. ബാക്കി വീഡിയോ ഒക്കെ ആറുമാസം മുന്നെയുള്ളതായിരുന്നു…. അന്വേഷണത്തിലൂടെ സ്വാതി മരിച്ച ദിവസം ഓഫീസിൽ ചെന്നിട്ടില്ല എന്ന് മനസ്സിലായി. രണ്ട് ദിവസം മുൻപേ അവൾ ജോലി റിസൈൻ ചെയ്തിരുന്നു എന്ന് അറിയാൻ കഴിഞ്ഞു…
**********************
സ്വാതിയുടെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിച്ചു ചെന്ന സിഐ ശരത്ത് ചന്ദ്രൻ എത്തിച്ചേർന്നത് ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന അലൻ എന്ന ചെറുപ്പക്കാരനിൽ ആയിരുന്നു.
സ്വാതിയുടെ മൊബൈൽ നമ്പറിൽ നിന്നും ഏറ്റവും കൂടുതൽ കാൾ പോയ നമ്പർ കേന്ദ്രീകരിച്ച് ആണ് സിഐ ശരത്ത് ചന്ദ്രൻ അന്വേഷണം അലനിൽ എത്തിച്ചേർന്നത്.
രഹസ്യമായി തന്നെ സിഐ അലനെ കസ്റ്റഡിയിൽ എടുത്തു. സ്വാതിയുടെ മൊബൈലിൽ കണ്ട വീഡിയോയിലെ ചെറുപ്പക്കാരൻ അലൻ തന്നെയായിരുന്നു.
ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ ആണ് അലനിൽ നിന്നും കിട്ടിയത്.
ഒരു വർഷം മുമ്പ് ബാംഗ്ലൂരിൽ അലൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ എത്തിയ സ്വാതി പതിയെ അലനുമായി പ്രണയത്തിലാവുകയും അത് വഴി വിട്ട ബന്ധത്തിലേക്ക് പതിയെ തെന്നിമാറുകയും ചെയ്തു. തുടർന്നാണ് അലൻ തന്നെ ചതിക്കുകയാണെന്നും അലൻ സെ-ക്സ് റാക്കറ്റുമായി ബന്ധപ്പെട്ട ആളാണെന്ന സത്യം സ്വാതി തിരിച്ചറിയുന്നത്. ആറുമാസം മുമ്പ് സ്വാതിയെ ഒരു ഹോട്ടൽ റൂമിൽ വച്ചു മറ്റുള്ളവർക്ക് കൈമാറാൻ അലൻ ശ്രമിച്ചതിനെ തുടർന്നാണ് സ്വാതി ബാംഗ്ലൂരിൽ നിന്നും രക്ഷപ്പെട്ട് തൊടുപുഴ എത്തുന്നത്.
പക്ഷേ അധികം വൈകാതെ തന്നെ അലൻ സ്വാതിയെ അന്വേഷിച്ച് കണ്ടുപിടിച്ചു കഴിഞ്ഞ ആഴ്ച തൊടുപുഴ എത്തുന്നത്.
സുന്ദരിയും സ്മാർട്ടും ആയ സ്വാതിയെ അങ്ങനെ അങ്ങ് വിടാൻ അവർക്ക് ഉദ്ദേശം ഇല്ലായിരുന്നു.അതുകൊണ്ടാണ് സ്വാതിയെ അന്വേഷിച്ചു കണ്ടെത്തിയത്.
ബാംഗ്ലൂർ വെച്ച് പ്രണയിക്കുന്ന സമയത്ത് സ്വാതിയുടെ അറിവോടെ ഷൂട്ട് ചെയ്ത കിടപ്പറ രംഗങ്ങൾ അലൻ തന്നെയാണ് സ്വാതിയുടെ മൊബൈലിൽ അയച്ചത്. അന്ന് അവന്റെ കപട മുഖം മനസ്സിലാക്കാതെ ചതിയിൽ പെടുകയായിരുന്നു…. പിന്നീട് സത്യങ്ങൾ വൈകി ആണെങ്കിലും മനസ്സിലാക്കിയപ്പോൾ അവനിൽ നിന്നും അവൾ രക്ഷപ്പെട്ടു.
തൊടുപുഴ എത്തിയ അലൻ സ്വാതിയെ പ്രലോഭനങ്ങളിൽ വീഴ്ത്താൻ ശ്രമിക്കുന്നു. അഞ്ചുലക്ഷം രൂപ അലൻ തന്നെയാണ് സ്വാതിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്. അവള് ഒന്നിലും വഴങ്ങാതെ ആയപ്പോഴാണ് അലൻ വെള്ളിയാഴ്ച ദിവസം സ്വാതിയെ ബലമായി പിടിച്ചു കൊണ്ടുപോയി മറ്റുള്ളവർക്ക് കാഴ്ച വയ്ക്കുന്നത്.
ആ വീഡിയോ ക്ലിപ്പ് അലൻ സ്വാതിക്ക് അയച്ചു കൊടുക്കുന്നു. കൂടെ നിന്നാൽ ലക്ഷങ്ങൾ സമ്പാദിക്കാം പുറത്ത് ആരും അറിയില്ലെന്ന് അവൻ അവളെ അറിയിക്കുന്നു. അലനിൽ നിന്നും ഒരിക്കലും തനിക്ക് രക്ഷപ്പെടാൻ കഴിയില്ല എന്ന് മനസലാക്കിയ സ്വാതി അന്നെ ദിവസം രാത്രി ആ-ത്മ-ഹത്യ ചെയ്യുന്നു.
താൻ സ്വയം വരുത്തി വെച്ച കെണിയിൽ നിന്നും രക്ഷപ്പെടാൻ അവൾക്ക് മറ്റൊരു മാർഗവും മുന്നിൽ കണ്ടില്ല. വീട്ടുകാർ രക്ഷപ്പെടട്ടെ എന്ന് കരുതി അഞ്ചുലക്ഷം അച്ഛന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് അങ്ങനെയാണ്. താൻ ഇനിയും ജീവിച്ചിരിക്കുന്നത് ഒരുപക്ഷേ ഭാവിയിൽ അനിയത്തിമാർക്ക് അപായം ആയേക്കും എന്നവൾ വിശ്വസിച്ചു….
സ്വാതി മാത്രമല്ല ബാംഗ്ലൂർ നഗരത്തിൽ എത്തിപെടുന്ന പല പെൺകുട്ടികളും ഇവരുടെ ഇരകൾ ആയി മാറിയെന്ന് സിഐ ശരത്ത് അലനിൽ നിന്നറിഞ്ഞൂ.
വേറെ വഴിയില്ലാതെയും പൈസയ്ക്കും വേണ്ടി പലരും പുറത്ത് പറയാൻ കഴിയാതെ ഇവരുടെ പീ-ഡ-നങ്ങൾക്ക് വിധേയരാകുന്നു….
അലനിലൂടെ ബാംഗ്ലൂർ പോലീസിന്റെ സഹായത്തോടെ പല വമ്പന്മാരെയും സിഐ ശരത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
അതോടെ സ്വാതിയുടെ ആ-ത്മ-ഹത്യയുടെ പിന്നിലെ ദുരൂഹത വ്യക്തമായി. അതോടൊപ്പം ഒരു സംഘം സെ-ക്സ് റാക്കറ്റ്സിനെ വലയിലാക്കനും പോലീസിന് സാധിച്ചു.
By ശിവ എസ് നായർ