ചെയ്യേണ്ടതെല്ലാം ചെയ്തു വച്ചിട്ട് എന്ത് തെറ്റാ ചെയ്തത് എന്ന് നീ എന്നോടാണോ ചോദിക്കുന്നത്…

ആരതി…

എഴുത്ത്: ശിവ എസ് നായർ

=====================

പ്രതീക്ഷിക്കാതെ ഹോസ്റ്റൽ മുറ്റത്തു അമ്മയെ കണ്ടപ്പോൾ ആരതി ഒന്ന് പകച്ചു.

“അമ്മയെന്താ പെട്ടന്ന് ഇവിടെ…?? ഒന്ന് ഫോൺ വിളിച്ചു പറഞ്ഞു കൂടെയില്ലല്ലോ വരുന്ന കാര്യം… ” ഭാവപ്പകർച്ച പുറത്തു പ്രകടിപ്പിക്കാതെ മുഖത്തു ആകാംഷ വരുത്തി അവൾ ചോദിച്ചു.

അവളെ അടിമുടി ഒന്ന് നോക്കിയ ശേഷം ആരതിയുടെ അമ്മ ബിന്ദു അവളുടെ കവിളത്തു ഒരെണ്ണം പൊട്ടിച്ചു.

പ്രതീക്ഷിക്കാതെ കിട്ടിയതിനാൽ അവൾ പിന്നിലോട്ട് അൽപ്പം വേച്ചു പോയി.

“അമ്മയെന്ത് ഭ്രാ-ന്താണ് ഈ കാണിക്കുന്നത്…. എല്ലാവരും നോക്കുന്നു… ” അതും പറഞ്ഞു അവൾ അമ്മയുടെ കൈപിടിച്ച് ഹോസ്റ്റൽ മുറ്റത്തേക്ക് കൊണ്ട് പോയി.

“ഇനി ത-ല്ലിക്കോ…. എത്രവേണോ ത-ല്ലിക്കോ…. പക്ഷേ എന്നെ എന്തിനാ ത-ല്ലിയത് എന്നുകൂടി എനിക്കറിയണം… ഞാൻ എന്ത് തെറ്റാ ചെയ്തത്… “

“ചെയ്യേണ്ടതെല്ലാം ചെയ്തു വച്ചിട്ട് എന്ത് തെറ്റാ ചെയ്തത് എന്ന് നീ എന്നോടാണോ ചോദിക്കുന്നത്…?? ” ബിന്ദു മകളെ രൂക്ഷമായി നോക്കികൊണ്ട് ചോദിച്ചു.

അമ്മയുടെ നോട്ടത്തെ നേരിടാനാവാതെ ആരതി തല കുനിച്ചു.

“ഇത്രയും ദൂരം വിട്ട് ഹോസ്റ്റലിൽ നിർത്തി നിന്നെ പഠിപ്പിക്കണ്ട എന്ന് എല്ലാവരും അന്നേ പറഞ്ഞതാ. ഞാനും നിന്റെ അച്ഛനും അന്നത് ചെവി കൊണ്ടില്ല. നിന്റെ ഇഷ്ടത്തിന് നിന്നെ എത്രവേണോ എവിടെ വിട്ട് വേണോ പഠിപ്പിക്കാൻ അന്ന് ഞങ്ങൾ തയ്യാറായി. അത് നിന്നിലുള്ള വിശ്വാസം കൊണ്ടായിരുന്നു. മാതാപിതാക്കളിൽ നിന്നും എത്ര അകന്നു കഴിഞ്ഞാലും എന്റെ മകൾ തെറ്റ് ചെയ്യില്ലെന്ന വിശ്വാസം കൊണ്ട്…. “

“അതിനു ഞാൻ ഇവിടെ എന്താ ചെയ്തേ. നല്ല പോലെ പഠിക്കുന്നില്ലേ…അതുപോരെ നിങ്ങൾക്ക്… “

“മുഖത്തു നോക്കി സംസാരിക്കാൻ മാത്രം നീ വളർന്നോ…?? നീ ഇവിടെ എന്താ ചെയ്തത് എന്ന് ഞാൻ പറഞ്ഞു തരണോ നിനക്ക്…??… “

അവർ ബാഗ് തുറന്നു മൊബൈൽ എടുത്തു കുറച്ചു ഫോട്ടോസ് അവൾക്കു കാണിച്ചു കൊടുത്തു.

അത് കണ്ട് ആരതി ഞെട്ടിപ്പോയി.

“ഇത് താനും വിഷ്ണുവും കൂടെ ബീച്ചിൽ വച്ചുള്ള ഫോട്ടോസ് അല്ലെ…. ഇതെങ്ങനെ അമ്മയുടെ കയ്യിൽ വന്നു… ” അ-ടിവയറ്റിൽ നിന്നും ഒരു തീഗോളം നെഞ്ചിൽ വന്നു നിറയുന്നതായി അവൾക്ക് തോന്നി. അമ്മ അറിഞ്ഞിട്ടുണ്ടെങ്കിൽ ഉറപ്പായും അച്ഛനും അറിഞ്ഞു കാണും. ഇതോടെ ആശിച്ച പഠിപ്പും നിന്നും… “

അസ്വസ്ഥത നിറഞ്ഞ മനസ്സുമായി അമ്മയുടെ ചോദ്യങ്ങളെ നേരിടാൻ ശക്തിയില്ലാതെ അവൾ നിന്നുരുകി.

“എന്താ ഇപ്പൊ നിനക്കൊന്നും പറയാനില്ലേ…?? ഇതു നിന്റെ അച്ഛന്റെ ചേച്ചി നിന്നെ ഇന്നലെ ബീച്ചിൽ ഏതോ പയ്യന്റെ ഒപ്പം നിൽക്കുന്ന കണ്ടിട്ട് എടുത്തു അയച്ചു കൊടുത്തതാ… മോളെ വല്ലയിടത്തും പഠിപ്പിക്കാൻ വിട്ടത് കണ്ടവന്മാരെ കൂടെ കറങ്ങാൻ ആണോന്നും, താമസിക്കാതെ മോൾ വയറും വീർപ്പിച്ചു വീട്ടിൽ വന്നിരുന്നോളുമെന്നും പറഞ്ഞു…. കുറെ കൊടുത്തു…. നിന്റച്ഛൻ നീ കാരണം ഒരക്ഷരം മറുത്തു പറയാൻ കഴിയാതെ ചേട്ടത്തിയുടെ മുന്നിൽ നാണംകെട്ട് തലകുനിച്ചു നിന്നു…ഈയിടെയായി എപ്പോ വിളിച്ചാലും നിന്റെ ഫോൺ ബിസി…ചോദിക്കുമ്പോൾ ഓരോ കള്ളങ്ങൾ… ലീവ് ദിവസം വീട്ടിൽ എന്താ വരാത്തത് എന്ന് ചോദിച്ചാൽ ഒരു ലോഡ് പഠിക്കാൻ ഉണ്ട്, എക്സാം ആണ് എന്നൊക്കെ പറയും…നിന്നെ കണ്ണടച്ച് വിശ്വസിച്ചിരുന്നത് കൊണ്ട് ഇത്രനാളും നീ ഞങ്ങളെ മണ്ടന്മാരാക്കി…മകളിൽ വന്ന മാറ്റം അമ്മയ്ക്ക് മനസിലാക്കാൻ കഴിഞ്ഞില്ല…. “

“അമ്മ ഇത്രയൊക്കെ പറയാൻ ഇവിടെയിപ്പോ ഒന്നും സംഭവിച്ചില്ല… എനിക്ക് ഒരാളെ ഇഷ്ടാണ്… ഞാനും അവനും പിരിയാൻ പറ്റാത്ത വിധം അടുത്ത് പോയി…എന്റെ പഠിപ്പ് നിർത്തി വീട്ടിൽ കൊണ്ട് പോകാൻ ആണ് തീരുമാനം എങ്കിൽ ഞാൻ ച-ത്തുക-ളയും അല്ലെങ്കിൽ അവന്റൊപ്പം ഇറങ്ങി പോകും. വേറെ വല്ലവന്റെയും കൂടെ കെട്ടിച്ചു വിടാമെന്നും വിചാരിക്കണ്ട… “

അത്രയും പറഞ്ഞിട്ട് തിരിഞ്ഞതും അമ്മയ്‌ക്കൊപ്പം എല്ലാം കേട്ടുകൊണ്ട് കയ്യിൽ കുറെ പുസ്തകങ്ങളും പൊതികവറുമായി അച്ഛൻ നിൽക്കുന്നത് കണ്ടു ഞാൻ ഞെട്ടി.

“എന്റെ മോൾ ഇത്രയും വളർന്നു എന്ന് അച്ഛനും അമ്മയ്ക്കും അറിയില്ലായിരുന്നു. ഞങ്ങളെപ്പറ്റി നീ ഇങ്ങനെയൊക്കെയാണ് മനസിലാക്കി വച്ചേക്കുന്നത് അല്ലെ…” നിറമിഴികളോടെ അച്ഛൻ ചാരുബെഞ്ചിൽ ഇരുന്നു കണ്ണുകൾ തുടച്ചു.

അമ്മ ഒന്നും മിണ്ടാതെ അച്ഛന്റെ അരികിൽ ഇരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ശില പോലെ നിന്നു.

“കഴിഞ്ഞ ആഴ്ച വിളിച്ചപ്പോൾ നീ പറഞ്ഞ പുസ്തകങ്ങൾ എല്ലാം വേടിച്ചിട്ടുണ്ട്…ഈ ആഴ്ച നീ വരുമ്പോൾ നിന്നെ കൊണ്ടുപോയി വേണ്ടതൊക്കെ വാങ്ങിച്ചു തരാമെന്നു കരുതി … നീ വരാത്തോണ്ട് ഞങ്ങളിങ്‌ പോന്നു.ഇവിടെ വന്നപ്പോൾ നീ പുറത്തു പോയെന്ന് കൂട്ടുകാരികൾ പറഞ്ഞു… അമ്മയെ ഇവിടെ ഇരുത്തി നിനക്ക് ഇതൊക്കെ വാങ്ങിക്കാൻ പോയതാ ഞാൻ… പിന്നെ ചേട്ടത്തി പറഞ്ഞതിന്റെ പേരിൽ എന്റെ മോളുടെ പഠിപ്പ് നിർത്തി വീട്ടിൽ കൊണ്ടുപോയി കെട്ടിക്കാനല്ല….വന്നു കണ്ടു നിന്റെ തെറ്റ് പറഞ്ഞു മനസിലാക്കി നിന്നെ തിരുത്താൻ കൂടെ ആയിരുന്നു ഞങ്ങളുടെ വരവ്… പക്ഷേ എന്റെ മോൾ ഒരു തരി പോലും ഈ അച്ഛനേം അമ്മയേം മനസിലാക്കാത്തതിൽ സങ്കടം ഉണ്ട്. ഏതൊരമ്മയ്ക്കും മകളെ പറ്റി ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ തല്ലാൻ തോന്നും. അതേ ഇവളും ചെയ്തോളു… ഈ പ്രായത്തിൽ പ്രേമിക്കാനും കറങ്ങാൻ പോകാനുമൊക്ക തോന്നും അതിനു മോളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല….”

പൊട്ടിക്കരഞ്ഞു കൊണ്ട് ആരതി അച്ഛന്റെ കാലിൽ വീണു.

“അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. ഇനി ഒരു തെറ്റും ഞാൻ ചെയ്യില്ല. വിവരക്കേട് കൊണ്ട് എന്തൊക്കെയോ പറഞ്ഞു പോയി. പഠിപ്പ് നിർത്തിക്കോ എന്ന പേടികൊണ്ട അങ്ങനെയൊക്കെ പറഞ്ഞു പോയത്…വേറെ തെറ്റൊന്നും ചെയ്തിട്ടില്ല അമ്മേ… അവൻ വിളിച്ചപ്പോൾ ഇന്നലെ ബീച്ചിൽ പോയതേയുള്ളു …”

അമ്മ അവളെ മടിയിലേക്ക് കിടത്തിയിട്ട് പറഞ്ഞു…

“മോളെ എവിടെ പോയാലും നമ്മളെ അറിയുന്ന ആരെങ്കിലും ഉണ്ടാവും…. ഒരു പയ്യന്റൊപ്പം ഒരു പെൺകുട്ടിയെ കണ്ടാൽ ആരായാലും ശ്രദ്ധിക്കും. ആരും അറിയാതെ ഒന്നും ഒളിച്ചു ചെയ്യാൻ ആർക്കും കഴിയില്ല. പെണ്ണിന് പേരുദോഷം വരാൻ നിമിഷങ്ങൾ മതി. നീ തെറ്റൊന്നും ചെയ്യില്ലെന്ന് ഞങ്ങൾക്ക് വിശ്വാസം ആണ്…. പ്രേമിക്കുന്നതിൽ തെറ്റൊന്നും ഇല്ല. പക്ഷേ ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള് ചെന്ന് ഇലയിൽ വീണാലും കേട് ഇലയ്‌ക്കാണ്‌. പത്രത്തിൽ ഓരോ വാർത്ത മോൾ കാണുന്നുണ്ടല്ലോ. കാമുകൻ കാമുകിയെ പെട്രോൾ ഒഴിക്കുന്നതും ആസിഡ് ഒഴിക്കുന്നതുമൊക്കെ. വീട്ടിൽ ഇരിക്കുന്ന മാതാപിതാക്കൾക്കും മക്കളെ പറ്റി വേവലാതി ഉണ്ടാവില്ലേ…”

“മോൾ അവന്റെ നമ്പറിൽ ഒന്ന് വിളിച്ചു താ… ” അച്ഛൻ അവളോട്‌ പറഞ്ഞു.

അവൾ ഒരു മടിയും കൂടാതെ നമ്പർ പറഞ്ഞു കൊടുത്തു… “പേര് വിഷ്ണു എന്നാണ് അച്ഛാ… “

അയാൾ അവന്റെ നമ്പറിലേക്ക് വിളിച്ചു

“ഹലോ വിഷ്ണു അല്ലെ… “

“അതേ… ആരാണ്…?? “

“ഞാൻ ആരതിയുടെ അച്ഛൻ ആണ്… നിങ്ങളുടെ കാര്യമെല്ലാം മോൾ പറഞ്ഞു അറിഞ്ഞു. പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ ബീച്ചിലും പാർക്കിലുമൊക്കെ കറങ്ങാൻ കൊണ്ട് നടക്കുന്നത് മോശമാണ്… ഒത്തിരി പ്രതീക്ഷയോടെയാണ് ഞാൻ അവളെ വളർത്തുന്നത്. മോനവളെ ഇഷ്ടമാണെങ്കിൽ ഒരു ജോലി വാങ്ങിച്ചു വീട്ടുകാരോട് പറഞ്ഞു വീട്ടിലേക്കു വന്നോളൂ. അവളുടെ പഠിപ്പ് കഴിഞ്ഞാൽ ഒരു ജോലി ആയിട്ട് വിവാഹം നടത്തി തരാം… “

മറുതലയ്ക്കൽ നിശബ്തമായിരുന്നു.

“അച്ഛാ എന്റെ പെങ്ങളെ കൂടെ ആണ് ആരതി പഠിക്കുന്നത് അങ്ങനെ കണ്ടു ഇഷ്ടപ്പെട്ടതാണ്… ഞാൻ ബാംഗ്ലൂർ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി നോക്കുന്നുണ്ട്. സമയം ആകുമ്പോൾ വീട്ടിലേക്കു വരാം. അതുവരെ അവളെ ഞാൻ ഇനി ശല്യപെടുത്തില്ല… ലീവിന് വന്നപ്പോൾ കാണാനും സംസാരിക്കാനുമൊക്കെ തോന്നി ബീച്ചിൽ കൊണ്ട് പോയതാ. ഇനി അങ്ങനെ ആവർത്തിക്കില്ല… “

“അങ്ങനെ ഇനി കറങ്ങാൻ പോകാൻ തോന്നിയാൽ നമുക്ക് ഫാമിലി ആയി ഒരുമിച്ചു പോകാം… “

“ശരി അച്ഛാ… “

അയാൾ ഫോൺ കട്ട്‌ ചെയ്തിട്ട് അവളോട്‌ പറഞ്ഞു “മോളെ അവൻ നല്ലവൻ ആണെങ്കിൽ വീട്ടുകാർ വഴി കാര്യങ്ങൾ തീരുമാനിക്കും. മനസ്സിലിരിപ്പ് കള്ളത്തരം ആണെങ്കിൽ നിന്നെ പിന്നെ വിളിക്കില്ല…നിന്റെ ഇഷ്ടങ്ങൾക്ക് ഒന്നും ഞങ്ങൾ എതിരല്ല. പക്ഷേ ആദ്യം ശ്രദ്ധിക്കേണ്ടത് പഠിച്ചു ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കുക എന്നുള്ളതാണ്. അതിനു ശേഷം ധാരാളം സമയം ഉണ്ട് പ്രേമിക്കാനും വിവാഹത്തിനും ഒക്കെ… പെൺകുട്ടികൾ ആദ്യം സ്വന്തം കാലിൽ നിൽക്കാൻ ആണ് ശ്രമിക്കേണ്ടത് അപ്പോൾ പിന്നെ ഒരു ആവശ്യത്തിനും ആരുടെയും മുന്നിൽ കൈ നീട്ടേണ്ടി വരില്ല…. “

അവൾ എല്ലാം തലകുലുക്കി സമ്മതിച്ചു.

“ഹോ ഇപ്പഴാ സമാധാനം ആയത്…. ഞാൻ പേടിച്ചുപോയി…. ഇനി ഒരിക്കലും നിങ്ങളെ വിഷമിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല… സോറി അച്ഛാ, സോറി അമ്മേ… “

“കഴിഞ്ഞതൊക്കെ പോട്ടെ എന്ത് കാര്യം ഉണ്ടെങ്കിലും ഞങ്ങളോട് മറച്ചു വെക്കാതെ പറയണം ഇല്ലെങ്കിൽ നാട്ടുകാർ പറഞ്ഞു അറിയേണ്ടി വരും… “

അമ്മ അത് പറഞ്ഞപ്പോൾ ആരതി പറഞ്ഞു

“ഇനി നാട്ടുകാരെ കൊണ്ട് പറയിപ്പിക്കില്ല എന്റെ അമ്മേ…”

NB: സ്വന്തം മാതാപിതാക്കളെ മക്കളായ നമ്മൾ ഒരിക്കലും വിഡ്ഢികൾ ആക്കാൻ ശ്രമിക്കരുത്. നമുക്ക് വേണ്ടിയാണ് അവർ ജീവിക്കുന്നത്. നമ്മുടെ തെറ്റുകൾ ക്ഷമിച്ചു നമുക്ക് നേർവഴി പറഞ്ഞു തരാൻ അച്ഛനും അമ്മയ്ക്കും മാത്രമേ സാധിക്കു. അവരെ സന്തോഷത്തോടെ മരണം വരെ സംരക്ഷിക്കുക.

എന്ന് സ്നേഹപൂർവ്വം
~Siva S Nair