നിങ്ങൾ പറയുക ആണെങ്കിൽ ഈ നിമിഷം ഞാൻ ഇറങ്ങി വരാൻ തയ്യാറാണ്. അർജുൻ ഒരു നിമിഷം സ്ഥബ്ധനായി.

Story written by Sivadasan Vadama

=========================

അച്ഛാ എനിക്ക് ഇപ്പോൾ കല്യാണം വേണ്ട? ചിന്നു അച്ഛനോട് കെഞ്ചി.

മോളെ നിനക്ക് ഇപ്പോൾ കല്യാണത്തിന് പറ്റിയ സമയം ആണ്. ഇപ്പോൾ കല്യാണം നടന്നില്ലെങ്കിൽ പിന്നെ ഒരുപാട് താമസിക്കും.

അതിനെന്താ എനിക്ക് അപ്പോൾ മതി കല്യാണം.

നീ ഞാൻ പറഞ്ഞത് അനുസരിക്ക്?നിന്നെ പഠിപ്പിക്കാൻ ഇനിയും ഒരുപാട് പണം വേണം. ആ പണം ഉണ്ടെങ്കിൽ നിന്നെ വിവാഹം കഴിപ്പിച്ചു അയക്കാം?വാസുദേവൻ തീർത്തു പറഞ്ഞു.

അപ്പോൾ അതാണ് കാര്യം. അച്ചന് പണമാണ് വലുത്. ചിന്നു മനസ്സിൽ ഓർത്തു.

താൻ പ്ലസ്ടു കഴിഞ്ഞതേയുള്ളൂ? വയസ്സ് പതിനെട്ടു തികഞ്ഞു എന്ന ഒറ്റ കാരണം കൊണ്ടു മാത്രം ആണ് അച്ഛൻ തന്നെ വിവാഹത്തിന് നിർബന്ധിക്കുന്നത്. അതിനു കൂട്ട് പിടിക്കുന്നത് ജാതകത്തെയും. അവൾക്കു ആരോടെന്നില്ലാത്ത പക തോന്നി.

********************

അർജുനിനെ കണ്ടപ്പോൾ ചിന്നുവിന്റെ കണ്ണുകൾ നിറഞ്ഞു. അർജുൻ തന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് അവൾക്ക് നന്നായി അറിയാം. പക്ഷേ ഒരിക്കലും അവൻ അത് തന്നോട് തുറന്നു പറഞ്ഞിട്ടില്ല. തനിക്കും അവനെ ഇഷ്ടമാണ്. പക്ഷേ അച്ഛനെയും അമ്മയെയും സങ്കടപെടുത്തി ഒരു ഇഷ്ടത്തിൽ അടിമപ്പെടാൻ ആഗ്രഹിക്കാത്തത് കൊണ്ടു മനസ്സിനെ നിയന്ത്രിച്ചു കൊണ്ടു പോവുകയാണ്.

അർജുനിന്റെ പരിമിതികൾ അവനു നന്നായി ബോധ്യമുള്ളത് കൊണ്ടാകാം അവനും തന്റെ ഇഷ്ടം പുറത്തു പ്രകടിപ്പിക്കാത്തത്. പഠിച്ചു ജോലി സമ്പാദിച്ചു കഴിഞ്ഞു അന്നും ഈ ഇഷ്ടം നില കൊള്ളുന്നു എങ്കിൽ അന്ന് അർജുനിനോടൊത്തു ഒരു കുടുംബ ജീവിതം നയിക്കണം എന്നതാണ് തന്റെ ആഗ്രഹം. പക്ഷേ ഇതിനിടയിൽ ആണ് അച്ഛന്റെ വിവാഹ ആലോചന.

****************

പെണ്ണിനെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. നിങ്ങൾക്ക് വിരോധം ഇല്ലെങ്കിൽ നമുക്ക് വിവാഹം ഉടനെ നടത്താം.

പയ്യന്റെ അച്ഛൻ അത് പറഞ്ഞപ്പോൾ ചിന്നു രാഹുലിനെ നന്നായി നോക്കി.

ഒരിക്കലും മനസ്സിൽ ഇഷ്ടപ്പെടാൻ കഴിയാത്ത ഒരു മുഖം. അതു കണ്ടപ്പോൾ ചിന്നുവിന് വെറുപ്പ് തോന്നി.

രാഹുലിന് റെയിൽവെയിൽ ആണ് ജോലി. മകൾക്ക് ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ ആലോചന വന്നപ്പോൾ അച്ഛന്റെ കണ്ണു മഞ്ഞളിച്ചു.

ഞങ്ങൾക്ക് വിരോധം ഇല്ല? വാസുദേവൻ മറുപടി നൽകി.

*******************

നീ വൈകീട്ട് ഭക്ഷണം കുറക്കണം. രാഹുൽ ഫോൺ വിളിച്ചപ്പോൾ ചിന്നുവിനോട് ആവശ്യപ്പെട്ടു.

ഉം! അവൾ മൂളി.

സ്ഥിരമായി യോഗ ചെയ്യണം. ഓരോ ദിവസവും രാഹുലിന്റെ നീണ്ട ഉപദേശങ്ങൾ.

മോഡേൺ വസ്ത്രങ്ങൾ ധരിക്കരുത്? ഇ-റച്ചി കഴിക്കരുത്?

ഇത്തരം ഉപദേശങ്ങൾ കേട്ട് ചിന്നുവിന് മടുത്തു. ഇയാളോടൊപ്പം എങ്ങനെ ജീവിതകാലം മുഴുവൻ ഒത്തു കഴിയും എന്നോർത്തിട്ട് അവൾക്ക് ഒരു പിടിയും കിട്ടിയില്ല.

അമ്മയോട് പരാതി പറഞ്ഞപ്പോൾ സ്ത്രീകൾ അങ്ങനെ ആണ് വിവാഹം കഴിഞ്ഞാൽ പുരുഷന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കണം.

അമ്മ അത് നിസ്സാരമാക്കി.

വിവാഹം അടുക്കുംതോറും ചിന്നുവിന്റെ അകവും പുറവും പൊള്ളി തുടങ്ങി.

****************

ക്ഷേത്രത്തിൽ ദർശനം നടത്താൻ പോയപ്പോൾ അർജുനിനെ കണ്ടു ചിന്നുവിന്റെ ഉള്ളം പിടഞ്ഞു. അവളെ കണ്ടപ്പോൾ അവന്റെ മുഖം വിളറുന്നത് അവൾ തിരിച്ചറിഞ്ഞു.

കല്യാണം ആയി അല്ലെ? അവൾ ഒന്ന് മൂളി.

എന്നെ ക്ഷണിച്ചില്ല?

നിങ്ങൾക്ക് എന്നോട് ഇഷ്ടം ഒന്നും തോന്നിയിരുന്നില്ലേ? ഒരു മറു ചോദ്യം ആണ് അവൾ ചോദിച്ചത്.

ഇനി അത് പറഞ്ഞിട്ട് എന്താ കാര്യം?അർജുൻ ചോദിച്ചു.

ഇനിയും വൈകിയിട്ടില്ല? അവൾ മറുപടി നൽകി.

നിങ്ങൾ പറയുക ആണെങ്കിൽ ഈ നിമിഷം ഞാൻ ഇറങ്ങി വരാൻ തയ്യാറാണ്. അർജുൻ ഒരു നിമിഷം സ്ഥബ്ധനായി.

നീ എന്തു വിഡ്ഢിത്തം ആണ് പറയുന്നത്?

വിഡ്ഢിത്തം അല്ല! എനിക്ക് ഈ വിവാഹത്തിൽ നിന്ന് രക്ഷപ്പെടണം. എനിക്ക് പഠിക്കണം നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയുമോ?

പിന്നെ എല്ലാം യന്ത്രികമായിരുന്നു. അർജുനിന്റെ വണ്ടിയുടെ പിറകിൽ കയറി പോകുമ്പോൾ ചിന്നുവിന്റെ മനസ്സ് ശാന്തമായിരുന്നു.

**************

കോലാഹലങ്ങൾക്ക് ശേഷം സർട്ടിഫിക്കറ്റുകൾ വാങ്ങി പുതിയ കോളേജിൽ അഡ്മിഷൻ എടുക്കുമ്പോളും ചിന്നുവിന് ഭയാശങ്കകൾ ഒന്നുമുണ്ടായില്ല. പക്ഷേ അർജുനിന്റെ വരുമാനം അവളുടെ പഠന ആവശ്യങ്ങൾക്ക് തികയുമായിരുന്നില്ല. അതിനു വേണ്ടി ഓവർടൈം പണിയെടുത്തു അവൻ പണമുണ്ടാക്കി.

അർജുനിന്റെ അമ്മയുടെയും നല്ല സഹായം അവൾക്കുണ്ടായി. ആഗ്രഹിച്ചത് പോലെ തന്നെ വിദ്യാഭ്യാസം നല്ല രീതിയിൽ പൂർത്തിയാക്കുവാൻ അവൾക്ക് സാധിച്ചു.

അച്ഛൻ സ്വത്തെല്ലാം സഹോദരന്റെ പേരിൽ എഴുതി വെച്ചു പ്രതികാരം ചെയ്തപ്പോളും ചിന്നുവിന് അച്ഛനോട് ദേഷ്യമൊന്നും തോന്നിയില്ല.

**************

ഐടി മേഖലയിൽ തരക്കേടില്ലാത്ത ശമ്പളത്തിൽ ജോലി ലഭിച്ചപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.
ആദ്യത്തെ ശമ്പളം അവൾ അർജുനിനു വെച്ചു നീട്ടി.

ഇതു നീ എനിക്ക് അല്ല തരേണ്ടത്?അർജുൻ പറഞ്ഞു.

പിന്നെ? അവൾ ചോദിച്ചു.

ഇത് നീ നിന്റെ അച്ഛനെ ഏല്പിക്കുക.

എന്തിന്?

അച്ഛൻ ആണ് നിന്നെ വളർത്തി വലുതാക്കിയത്.

പക്ഷേ ഇതുവരെ എന്നെ കാണുവാൻ ശ്രമിക്കാത്ത അച്ഛന്റെ അരികിലേക്ക് ഞാൻ പോകണം എന്നാണോ നിങ്ങൾ പറയുന്നത്? ചിന്നു അർജുനിനോട് ചോദിച്ചു.

നീ അല്ലെ അച്ഛനോട് തെറ്റ് ചെയ്തത്. അച്ഛൻ നിന്റെ നല്ല ഭാവി മാത്രമാണ് ആഗ്രഹിച്ചത്. മക്കൾ ഒരിക്കലും അച്ഛനെ വെറുക്കരുത്?

അർജുനിന്റെ അഭിപ്രായത്തോട് യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും അയാളെ ധിക്കരിക്കുവാൻ അവൾക്ക് ആകുമായിരുന്നില്ല.

എങ്കിൽ ഞാൻ പോയിട്ട് വരാം.

നീ തനിച്ചല്ല ഞാനും വരുന്നുണ്ട് നിന്റെ കൂടെ? അർജുൻ പറഞ്ഞു.

******************

ഒരുപാട് നാളുകൾക്കു ശേഷം വീട്ടിലേക്ക് പോകുമ്പോൾ അവൾക്കു നല്ല ഭയം ഉണ്ടായിരുന്നു. എങ്ങനെ ആയിരിക്കും അച്ഛന്റെ പ്രതികരണം?

തന്റെ വീടിന്റെ സമീപം വലിയൊരു രണ്ടു നില വീട് ഉയർന്നിരിക്കുന്നു. പഴയ വീട് തകർന്ന നിലയിൽ ഉണ്ട്. എങ്ങോട്ട് പോകണം എന്ന് ആലോചിച്ചു അവൾ ഒരു നിമിഷം അവിടെ നിന്നു. പഴയ വീട്ടിൽ ആളുണ്ട് എന്ന് തോന്നിയപ്പോൾ അങ്ങോട്ട്‌ തന്നെ പോകുവാൻ തീരുമാനിച്ചു.

അകത്തു കട്ടിലിൽ ഒരു അസ്ഥിപഞ്ജരം പോലെ ഒരു രൂപം കണ്ടു അവൾ ഒരു നിമിഷം പകച്ചു. തന്റെ അച്ഛൻ തന്നെ ആണോ ഇത്? ഇത്രയും പെട്ടെന്ന് അച്ഛൻ ഇതുപോലെ ആയോ?

അവൾ സ്തംഭിച്ചു നിന്നു.

അടുക്കളയിൽ നിന്നു അമ്മ അച്ഛന്റെ അടുത്തേക്ക് വരുന്നത് കണ്ടു അവളുടെ മനസ്സിൽ വല്ലാത്ത വിഷമം തോന്നി. അമ്മയും ആകെ കോലം കെട്ടു.

അമ്മേ?

അവളെ കണ്ടപ്പോൾ അമ്മയുടെ കയ്യിലെ പാത്രം താഴെ വീണു.

അവൾ അച്ഛന്റെ അരികിലേക്ക് ചെന്നു.

അച്ഛന് എന്താണ് പറ്റിയത്?

അച്ഛന് നല്ല സുഖമില്ല. അമ്മ പറഞ്ഞു.

ഹോസ്പിറ്റലിൽ പോയില്ലേ? അവൾ ചോദിച്ചു.

നാട്ടിലെ ഡോക്ടറെ കാണിച്ചു. നല്ല ചികിത്സ വേണം എന്നാണ് പറഞ്ഞത്. അതിനു പണം വേണ്ടേ? ഒരു വല്ലായ്മയോടെ അമ്മ പറഞ്ഞു.

ഏട്ടൻ എന്തു പറഞ്ഞു? ചിന്നു ചോദിച്ചു.

അവൻ ഇങ്ങോട്ട് വരറേയില്ല? അവനും ഭാര്യയും കുഞ്ഞുങ്ങളും പുതിയ വീട് വെച്ച് അവിടെ ആണ് താമസം.

******************

അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ കൂട്ട് നിൽക്കാൻ ചിന്നുവിന് ലീവ് ഉണ്ടായിരുന്നില്ല. അതിനു പകരം അർജുൻ ലീവ് എടുത്തു അവർക്ക് കൂട്ടിരുന്നു. വാസുദേവൻ ആരോഗ്യം വീണ്ടെടുത്തു. അയാൾക്ക് കുറ്റബോധം തോന്നി. മകന് ജോലി ലഭിച്ചാൽ അവൻ തങ്ങളെ സംരക്ഷിക്കുമെന്ന് കരുതി അവനെ പഠിപ്പിച്ചു. മകൾക്ക് ജോലി ഉണ്ടായാലും അതിന്റെ ഗുണം അവളുടെ ഭർത്താവിന്റെ വീട്ടുകാർക്ക് ആണെന്ന് കരുതി അവളെ പഠിപ്പിച്ചില്ല.

പക്ഷേ മകൾ ഭർത്താവിന്റെ സഹായത്തോടെ പഠിച്ചു ജോലി നേടി ഇന്നു തങ്ങളെ സംരക്ഷിക്കുന്നു. എന്തൊരു വിധി വൈപരീദ്യം.

വാസുദേവന് കുറ്റബോധം തോന്നി. ആണും പെണ്ണും തുല്യരാണ് എന്ന് താൻ തിരിച്ചറിയാൻ വൈകിപ്പോയി. സ്വത്തെല്ലാം മകന്റെ പേരിൽ എഴുതി വെച്ച മണ്ടത്തരം ഓർത്തു അയാൾക്ക് കുറ്റബോധം തോന്നി.

മകന് വേണമെങ്കിൽ സ്വന്തമായി എല്ലാം നേടിയെടുക്കാം മകൾക്കാണ് കൂടുതൽ കരുതൽ വേണ്ടതെന്നു താൻ മനസിലാക്കിയില്ല. ഇനി പറഞ്ഞിട്ട് എന്തു ഫലം?

അയാൾ നിരാശയോടെ തല താഴ്ത്തി.

തന്റെ മകൾക്കു മുമ്പിൽ വല്ലാതെ ചെറുതായത് പോലെ അയാൾക്ക്‌ തോന്നി.

തന്റെ ജീവിതം മറ്റുള്ളവർക്ക് ഒരു പാഠമാകട്ടെ?