ഭാനുമതിയുടെ ശകാര വർഷങ്ങൾ കേട്ട് മിത്രയുടെ മിഴികൾ നിറഞ്ഞൊഴുകി. ചോരയൊലിച്ചു കിടക്കുന്ന മോളെയും…

എഴുത്ത്: ശിവ

=============

കൊച്ചിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടപ്പോൾ മിത്ര ആധിയോടെ കുഞ്ഞിന്റെ അടുത്തേക്ക് ഓടി. രാവിലെ മുതൽ നടുവൊടിയുന്ന പണിയാണ് വീട്ടിൽ. ഒരു വയസ്സുള്ള കൊച്ചിനേം വച്ച് ആ വീട്ടിലെ മുഴുവൻ കാര്യവും അവളൊറ്റയ്ക്ക് നോക്കണം.

കുഞ്ഞിനെ ഒന്ന് കൈമാറി എടുക്കാൻ പോലും ആർക്കും വയ്യ. പ്രസവം കഴിഞ്ഞു മൂന്നാം മാസം ഭർത്താവ് ഉദയന്റെ വീട്ടിലേക്ക് വന്നത് മുതൽ മിത്രയുടെ അവസ്ഥ ഇതാണ്. ഭർത്താവിന്റെ അച്ഛനും അമ്മയുമൊക്കെ വീട്ടിലുണ്ട്. മോന് ഒരു ആൺകുട്ടി വേണമെന്ന് ആഗ്രഹിച്ചിട്ട് പെണ്ണായി പോയത് കൊണ്ട് കുഞ്ഞിന്റെ ഒരു കാര്യവും നോക്കുന്നത് ഉദയന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ല. ഇത്തിരിയുള്ള കൊച്ചിനേം ഒക്കത്തെടുത്താണ് അവളവിടുത്തെ ജോലികൾ ചെയ്ത് തീർക്കുന്നത്.

പെൺകുട്ടി ഉണ്ടായത് മരുമകളുടെ പിടിപ്പ് കേട് കൊണ്ടാണെന്ന് ചിന്തിക്കുന്ന വിവരമില്ലാത്ത ഭർത്താവിന്റെ വീട്ടുകാരോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് മിത്ര എല്ലാം സഹിക്കുകയാണ്. ഇരുവരുടെയും പ്രണയ വിവാഹമായത് കൊണ്ട് മിത്രേടെ വീട്ടുകാർ അത്ര നല്ല രസത്തിലല്ല. പ്രസവത്തിന് മിത്രേടെ അമ്മേടെ നിർബന്ധം കൊണ്ട് മാത്രമാണ് അവളുടെ ചേട്ടൻ അവളെ അങ്ങോട്ട് കൂട്ടികൊണ്ട് പോകുന്നതിൽ സമ്മതം മൂളിയത്.

മിത്രയുടെ അച്ഛൻ പണ്ടേ മരിച്ചതാണ്. അവൾക്കൊരു ചേട്ടനാണ് ഉള്ളത്, മിഥുൻ. അവൻ കല്യാണം കഴിച്ച് ഒരു കുട്ടിയുമുണ്ട്. മിത്ര ദിവസവും കോളേജിൽ പോകുമ്പോൾ സ്ഥിരമായി ബസിൽ വച്ച് കണ്ടാണ് ഉദയനുമായി ഇഷ്ടത്തിലായത്. ഉദയൻ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

ഇരുവരുടെയും റിലേഷൻ മിത്രേടെ വീട്ടിൽ അറിഞ്ഞപ്പോൾ അമ്മയും ചേട്ടനും എതിർത്തതാണ്. കാരണം ഉദയന്റെ വീട്ടുകാർ കുറച്ച് പഴഞ്ചന്മാരാണെന്നും അവൾക്കവിടെ കഷ്ടപ്പെടേണ്ടി വരുമെന്നും അവർ നേരത്തെ ഊഹിച്ചിരുന്നു. അപ്പോൾ ഉദയനെ വേണമെന്ന് വാശി പിടിച്ച് ആ-ത്മ-ഹത്യാ ഭീഷണി മുഴക്കി കല്യാണം കഴിച്ചത് മിത്രയാണ്. അതുപോലെ മിത്ര അവളുടെ വീട്ടിൽ ചെന്ന് നിൽക്കുന്നത് മിഥുന്റെ ഭാര്യ ലതക്ക് ഇഷ്ടമല്ല. ലതയുടെ കൂടി കാശ് ഉപയോഗിച്ച് മിഥുൻ പണി കഴിപ്പിച്ച വീട് ആയതുകൊണ്ട് മിത്രയ്ക്ക് അവിടെ സത്യത്തിൽ യാതൊരു അവകാശവുമില്ല. അതൊക്കെ കൊണ്ട് സ്വന്തം വീട്ടിൽ പോകാനാവാതെ എല്ലാം സഹിച്ച് ഉദയന്റെ വീട്ടിൽ കഴിയുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

ഭാര്യയെ തന്റെ വീട്ടുകാർ ജോലി ചെയ്പ്പിച്ച് കഷ്ടപ്പെടുത്തുന്നതും കുഞ്ഞിനെ നോക്കാത്തതുമൊക്കെ ഉദയനും അറിയാം. പക്ഷേ അവനും നിസ്സഹായനാണ്. കാരണം അവർ താമസിക്കുന്ന വീട് അവന്റെ അച്ഛന്റെ പേരിലാണ്. മറ്റൊരു വാടക വീട് എടുത്ത് മാറാമെന്ന് വച്ചാൽ അതിനുള്ള സാമ്പത്തിക സ്ഥിതി അവനില്ല. കുഞ്ഞിന്റെ കളി ചിരികൾ കണ്ടെങ്കിലും അച്ഛന്റേം അമ്മേടേം സ്വഭാവം മാറുമെന്ന് കരുതിയെങ്കിലും ഉദയന് തെറ്റി. പെൺകുട്ടിയാണ് ഉണ്ടായതെന്ന് അറിഞ്ഞപ്പോൾ അവരുടെ വെറുപ്പും ദേഷ്യവും ഇരട്ടിച്ചു.

ഉദയന്റെ ചേട്ടൻ വിനയനും ഭാര്യയും മോനും ആ വീട്ടിൽ തന്നെയാണ് താമസം. വിനയന്റെ ഭാര്യക്കും ജോലിയുള്ളത് കൊണ്ട് രാവിലെ നാല് വയസ്സുള്ള മനുകുട്ടനെ അവിടെയാക്കി പോകും. അവധി ദിവസങ്ങളിൽ മൂവരും വിനയന്റെ ഭാര്യ വീട്ടിലേക്ക് പോകുന്നത് കൊണ്ട് ആ വീട്ടിൽ നടക്കുന്ന വിവേചനമൊന്നും അവർക്കറിയില്ല. മിത്രയായിട്ട് ആരോടും പറയാനും പോയില്ല. ചേട്ടന്റെ മോനെ ഒരുക്കി സ്കൂളിൽ വിടുന്നതൊക്കെ അച്ഛനും അമ്മയും ചേർന്നാണ്. പക്ഷേ ഇത്തിരിയുള്ള ഉദയന്റെയും മിത്രയുടെയും കിങ്ങിണി മോളെ അവരൊന്ന് തിരിഞ്ഞു പോലും നോക്കില്ല.

മോൾടെ കരച്ചിൽ കേട്ട് മിത്ര വന്ന് നോക്കുമ്പോൾ തപ്പി തടഞ്ഞു വീണ് നെറ്റി പൊട്ടി ചോര വാർന്ന് കിടക്കുന്ന കുഞ്ഞ് വലിയ വായിൽ നിലവിളിക്കുകയാണ്.

“ആ അശ്രീകരത്തിന്റെ വായിൽ എന്തെങ്കിലും എടുത്ത് കുത്തി തിരുകി കൊടുക്ക്. മനുഷ്യനെ സമാധാനത്തോടെ കിടക്കാനും സമ്മതിക്കില്ല വൃത്തികെട്ട ജന്തു.”

ഭാനുമതിയുടെ ശകാര വർഷങ്ങൾ കേട്ട് മിത്രയുടെ മിഴികൾ നിറഞ്ഞൊഴുകി. ചോരയൊലിച്ചു കിടക്കുന്ന മോളെയും വാരിയെടുത്ത് അവൾ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

നെറ്റിയിലെ മുറിവിൽ മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു. കൊച്ചിനെ ഉറക്കിക്കിടത്തി തുണി കഴുകാൻ പോയതായിരുന്നു മിത്ര. കുഞ്ഞ് എണീറ്റ് ഉമ്മറത്തേക്ക് പോവുകയും സ്റ്റെപ്പിൽ വച്ച് കാലിടറി മുഖമിടിച്ചു താഴെ വീഴുകയായിരുന്നു. ഉദയന്റെ അച്ഛനും അമ്മയും ഇതൊക്കെ കണ്ട് കൊണ്ട് ഹാളിലെ സെറ്റിയിൽ കിടക്കുന്നുണ്ടായിരുന്നു. അതവൾക്ക് സഹിക്കാൻ കഴിഞ്ഞതേയില്ല.

ഇനിയും ഇതൊക്കെ സഹിച്ച് അവിടെ തുടരാൻ തനിക്കാവില്ലെന്ന് മിത്ര മനസ്സിൽ തീരുമാനിച്ചു. കിങ്ങിണി മോളേം കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിക്ക് അവൾ ഉണ്ടായ കാര്യങ്ങളൊക്കെ ഉദയനോട് വിളിച്ചു പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവനും ആകെ മൊത്തം അരിശവും ദേഷ്യവും വന്നു.

വീട്ടിൽ തങ്ങളുടെ ചിലവിലേക്ക് വേണ്ട സാധനങ്ങൾ മൊത്തം വാങ്ങി കൊടുക്കും. പോരാത്തതിന് എല്ലാർക്കും വച്ച് വിളമ്പുന്നതും അച്ഛന്റേം അമ്മേടേം വസ്ത്രങ്ങൾ കൂടി പരാതി ഇല്ലാതെ മിത്ര തന്നെയാണ് കഴുകി കൊടുക്കുന്നത്. എന്നിട്ടും സ്വന്തം പേരക്കുട്ടിയെ ഒന്ന് നോക്കാൻ വയ്യ. വീണ് നെറ്റി പൊട്ടി ചോര ഒലിപ്പിച്ചു കിടന്ന കൊച്ചിനെ തിരിഞ്ഞു പോലും നോക്കാതെ അസഭ്യം പറയണമെങ്കിൽ അവരുടെ മനസ്സ് എത്രത്തോളം വികൃതമായിരിക്കുമെന്നാണ് അവൻ ചിന്തിച്ചത്. ഓഫീസിൽ നിന്നിറങ്ങി ഉദയൻ വേഗം ഹോസ്പിറ്റലിലേക്ക് പോയി.

“നിനക്ക് തെ-ണ്ടാൻ പോകും മുൻപ് ഇവിടുള്ളവർക്ക് തിന്നാൻ വല്ലതും വച്ചുണ്ടാക്കിയിട്ട് പൊയ്ക്കൂടേ മൂദേവി.” മോളേം കൊണ്ട് ഉദയനും മിത്രയും വീട്ടിൽ വന്ന് കേറിയപ്പോ തന്നെ ഭാനുമതി അവൾക്ക് നേരെ ചാടിക്കടിക്കാൻ ചെന്നു.

“നിങ്ങൾക്കൊക്കെ വച്ചുണ്ടാക്കി തരുന്നത് ഞാൻ നിർത്തി. കൊച്ച് വീഴാൻ പോയപ്പോഴെങ്കിലും കണ്ടോണ്ടിരുന്ന നിങ്ങൾക്ക് ഒന്ന് പോയി പിടിക്കാരുന്നു. അല്ലെങ്കിൽ അവളുണർന്ന് വരുന്നത് കണ്ടപ്പോ എന്നെയൊന്ന് വിളിക്കായിരുന്നു. ഇനി കൊച്ചിനെ നോക്കിയിട്ട് നേരം ഉണ്ടെങ്കി മാത്രേ ഞാനിനി ഇവിടുത്തെ പണിയെടുക്കൂ. എനിക്ക് വലുത് ഞങ്ങടെ മോളാ. ഉദയേട്ടൻ പോയി കഴിഞ്ഞാ പിന്നെ അതിന്റെ കാര്യം നോക്കാൻ ഞാൻ ഒരാളല്ലേ ഉള്ളൂ.” മിത്രയും വിട്ട് കൊടുത്തില്ല.

“നിന്റെ ഭാര്യ പറഞ്ഞത് നീ കേട്ടില്ലേ.” ഭാനുമതി മകന് നേരെ തിരിഞ്ഞു.

“അവള് പറഞ്ഞതിൽ എന്താ തെറ്റ്. ഇനി നിങ്ങടെയൊന്നും അടിമപ്പണി ചെയ്യാൻ എന്റെ ഭാര്യയെ കിട്ടിയില്ല.”

“എന്റെ വീട്ടിൽ നിൽക്കുമ്പോ ഞാൻ പറയുന്നത് അനുസരിച്ചു നിക്കേണ്ടി വരും. അല്ലെന്നുണ്ടെങ്കി ഇവിടുന്ന് ഇറങ്ങി പൊയ്ക്കോ.”

“ഇവിടെ നിക്കുന്നതിനേക്കാൾ ഭേദം അതാണ്. ഇവരോട് വായിട്ടലയ്ക്കാൻ നിക്കാതെ നീ വാടി.” ഉദയൻ മിത്രയെയും വിളിച്ച് റൂമിലേക്ക് പോയി കതകടച്ചു കുറ്റിയിട്ടു.

“നിന്റെ അ-ച്ചിക്ക് സ്ത്രീധനം കിട്ടിയ വീടല്ല ഇത്. എന്നെ അനുസരിക്കാൻ പറ്റുന്നവർ ഇവിടെ നിന്നാൽ മതി.” മുറിക്ക് പുറത്ത് നിന്ന് കലിയടങ്ങും വരെ അവർ മോനേം മരുമോളേം ചീത്ത പറഞ്ഞുകൊണ്ടിരുന്നു.

വൈകുന്നേരമായിട്ടും ഉദയനും മിത്രയും മുറിക്ക് പുറത്തേക്ക് ഇറങ്ങിയതേയില്ല. വിശന്ന് വയറ് കത്തി സഹിക്കാൻ കഴിയാതായപ്പോൾ ഭാനുമതി അവരുടെ മുറിയുടെ വാതിലിൽ പോയി ഉറക്കെ തട്ടി വിളിച്ചു.

“അകത്ത് കേറി അവനേം കെട്ടിപ്പിടിച്ച് ഇരിക്കാതെ ഇങ്ങോട്ട് ഇറങ്ങിവാടി മൂദേവി. എന്റെ കൊച്ചിപ്പോ സ്കൂളിന്ന് വരുമ്പോ അതിന് തിന്നാൻ വല്ലതും കൊടുക്കണം. ഇത്രേം നേരം അവനെ ഒട്ടി കിടന്നിട്ട് നിനക്ക് മതിയായില്ലേ.” കലി മൂത്ത ഭാനുമതി മരുമകളെ കേട്ടാലറയ്ക്കുന്ന തെറി പദങ്ങൾ കൊണ്ട് സംബോധന ചെയ്തു.

മുറിക്കുള്ളിൽ നിന്നും എന്തൊക്കെയോ ഒച്ച കേൾക്കാമായിരിന്നു.

അൽപ്പം സമയം കഴിഞ്ഞപ്പോൾ കൈയ്യിൽ ബാഗുമായി അവരുടെ സാധനങ്ങളെല്ലാം എടുത്തുകൊണ്ട് ഉദയനും മിത്രയും പുറത്തേക്ക് വന്നു. കിങ്ങിണി മോൾ ഉദയന്റെ തോളിൽ കിടന്ന് മയക്കമാണ്.

“ഞങ്ങൾ ഇപ്പൊത്തന്നെ ഇവിടുന്ന് ഇറങ്ങാ. എന്റെ ഓഫീസിന് അടുത്ത് ഒരു വീട് ഒഴിവുണ്ട്. ഞങ്ങൾ അങ്ങോട്ട്‌ പോവാ. ഇനിയീ പടി ഞാൻ ചവിട്ടില്ല. പിന്നെ പോകുന്നതിന് മുൻപ് എന്റെ കാശിന് ഞാൻ ഇവിടെ വാങ്ങി ഇട്ടതെല്ലാം കൊണ്ട് പോവ. ഇങ്ങോട്ട് കാണിക്കാത്ത സ്നേഹവും പരിഗണനയും അങ്ങോട്ടും കാണിക്കേണ്ട ആവശ്യമില്ലല്ലോ.

അപ്പോഴേക്കും മുറ്റത്തൊരു മിനി ലോറി വന്ന് നിന്നു. അതിൽ നിന്നിറങ്ങിയവരോട് ഉദയൻ എന്തൊക്കെയോ പറയുന്നത് ഭാനുമതി കണ്ടു. ഇരുവരും വീട് വിട്ട് ഇറങ്ങി പോകുമെന്നും ഇത്രയും കടുത്ത തീരുമാനമെടുക്കുമെന്നും അവർ വിചാരിച്ചതല്ല.

വീടിനുള്ളിലേക്ക് കയറിയ പണിക്കർ ഫ്രിഡ്ജും മിക്സിയും ടീവിയും വാഷിംഗ്‌ മെഷീനും രണ്ട് മുറിയിലെയും ഹാളിലെയും സീലിംഗ് ഫാനും സോഫാ സെറ്റും ചേട്ടന്റെ മുറിയിലെയും അച്ഛന്റെയും അമ്മയുടെയും മുറിയിലെ കട്ടിലും മെത്തയും ഒരു അലമാരയും കസേരകളും ഗ്യാസും അടുപ്പും എല്ലാം ലോറിയിലേക്ക് കയറ്റി.

“ഇതെല്ലാം ഇവിടത്തേക്ക് അമ്മ എന്നെകൊണ്ട് വാങ്ങിപ്പിച്ചതാ. സർക്കാർ ഉദ്യോഗസ്ഥനായ മൂത്ത മകന്റെ പൈസയ്ക്ക് ഒന്നും വാങ്ങാതെ അവർ ചിലവിനു തരുന്ന കാശ് പൂഴ്ത്തി വച്ച് അമ്മ മാക്സിമം എന്നെ ഊറ്റി കൊണ്ടിരുന്നില്ലേ. ഇതൊന്നും മനസ്സിലാക്കാൻ കഴിവില്ലാത്ത പൊട്ടനാണ് ഞാനെന്ന് അമ്മ വിചാരിച്ചോ?

എന്റെ കാശിന് വാങ്ങിയതൊക്കെ ഞാൻ കൊണ്ട് പോവുന്നു. ചേട്ടന്റെ കൈയ്യിൽ നിന്ന് ചിലവിനെന്ന് പറഞ്ഞു വാങ്ങി ബാങ്കിൽ ഇട്ടേക്കുന്ന കാശെടുത്തു വേണ്ടതൊക്കെ അവര് വരുന്നതിനുമുൻപ് വാങ്ങി ഇട്ടോ. അതാ രണ്ട് പേർക്കും നല്ലത്. ഉടനെതന്നെ വാടകയ്ക്ക് വീടെടുത്തു മാറാൻ തന്നെയായിരുന്നു എന്റെ തീരുമാനം. ഒരു വീട്ടിലേക്ക് വേണ്ട ഇത്രേം സാധനങ്ങൾ ഒരുമിച്ച് വാങ്ങിക്കാനുള്ള പൈസയില്ലാത്തോണ്ടാ ആരെയും അറിയിക്കാതെ വീടെടുത്തു ഇട്ടിട്ടും മിണ്ടാതിരുന്നത്. ഇനിയും ഇവിടുന്ന് ഇറങ്ങിയില്ലെങ്കിൽ എനിക്കെന്റെ മോളെ കൂടി നഷ്ടപ്പെടും.” അമ്മയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ മിത്രയുടെ കൈയ്യും പിടിച്ച് ഉദയൻ അവിടുന്നിറങ്ങി.

പ്രതീക്ഷിക്കാതെ ഏറ്റ പ്രഹരത്തിൽ മുഖത്തോട് മുഖം നോക്കി നിൽക്കാനേ ഭാനുമതിക്കും ഭർത്താവിനും കഴിഞ്ഞുള്ളു…

പുതിയ വീട്ടിൽ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമായിരുന്നു അവരെ സ്വാഗതം ചെയ്തത്. കുഞ്ഞിനെ നോക്കാനായി മിത്രയുടെ അമ്മയെ വിളിച്ചു വീട്ടിൽ നിർത്തിയിട്ട് മിത്രയും ജോലിക്ക് പോകാൻ തുടങ്ങി. അതോടെ അവരുടെ സാമ്പത്തിക ഞ്ഞെരുക്കവും കുറഞ്ഞു. അനിയനും കുടുംബവും അനുഭവിച്ച അവഗണന തിരിച്ചറിഞ്ഞു വിനയൻ വന്നു ഉദയനെ വീട്ടിലേക്ക് തിരികെ വരാൻ വിളിച്ചെങ്കിലും ഇനിയവിടേക്ക് ഇല്ലെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു.

ഏറെ നാളിനു ശേഷം മിത്രയും സന്തോഷത്തോടെ ഉദയനും അമ്മയ്ക്കും കുഞ്ഞിനുമൊപ്പം കഴിഞ്ഞു.

~ശിവ