ശ്രീഹരി ~ അധ്യായം 29, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മാധവിന് ഹരിയെ ഇഷ്ടമായി

ലളിതമായ സംസാരവും വിനയവുമുള്ള ഒരു ചെറുപ്പക്കാരൻ..ചിരി മാത്രം ഇല്ല

കണ്ണുകളിൽ വിഷാദമാണ് സ്ഥായീഭാവം..

പ്രാക്ടീസ് അധികമൊന്നും വേണ്ടി വന്നില്ല..അവൻ നന്നായി പഠിച്ചു തന്നെ പാടി. ട്രയൽ പാടിയത് എല്ലാർക്കും ഇഷ്ടം ആയി. റഹ്മാൻ സാർ കേട്ടിട്ട് ബാക്കി അതാണ് പതിവ്..ഒരു സ്ലോ മെലഡീയായിരുന്നു അത്

“സാറിന് ഇഷ്ടായാൽ ഇനിം സോങ് കിട്ടും ” മാധവ് പറഞ്ഞു

അവർ ഒരു കോഫീ ഷോപ്പിൽ ആയിരുന്നു

“മാധവ്.. എനിക്കിവിടെ എന്തെങ്കിലും ജോലി കിട്ടുമോ? പാട്ട് അല്ലാതെ..ഇത് പോലെ ഉള്ള കോഫീ ഷോപ്പിൽ കിട്ടിയാലും മതി വിദ്യാഭ്യാസം കുറവാണ്. അപ്പൊ നല്ല ജോലി ഒന്നും കിട്ടില്ല.”

ഹരി ചോദിച്ചു

മാധവ് ഒന്ന് അമ്പരന്ന് നോക്കി

“ഹരിയുടെ നാട്ടിൽ ആരൊക്കെ ഉണ്ട്?”

“ആരൂല്ല..അച്ഛൻ, അമ്മ സഹോദരങ്ങൾ ആരൂല്ല എനിക്ക് ” അവൻ മെല്ലെ പറഞ്ഞു

“അഞ്ജലി?” മാധവ് അറിയാതെ ചോദിച്ചു പോയി

“അന്ന് പറഞ്ഞില്ലേ റിലേഷൻ?”

“അത് അവസാനിച്ചു.. ഇപ്പൊ ആരൂല്ല” അത് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞ പോലെ മാധവിന് തോന്നി

മാധവ് കുറച്ചു നേരം മിണ്ടാതെ ഇരുന്നു

“ഹരി… ആ കുട്ടി ജനുവിൻ ആയിരുന്നില്ലേ?”

ഹരി വിളറി ചിരിച്ചു

“ഓരോരുത്തരും സ്വാർത്ഥരാണ് മാധവ്..”

“എനിക്ക് ആ കുട്ടിയെ അങ്ങനെ തോന്നിയില്ല ഹരി. ഒറ്റ കാഴ്ചയേ കണ്ടുള്ളു. പക്ഷെ എനിക്ക് മനസിലാകും പെൺകുട്ടികളെ. കുറെയൊക്കെ ഞാനും കണ്ടിട്ടുണ്ട്. ഇവിടെ, നമ്മുടെ നാട്ടിൽ ഒക്കെ…”

ഹരി എല്ലാം ഒന്ന് ചുരുക്കി പറഞ്ഞു

മാധവ് അത് ക്ഷമയോടെ കേട്ടു

“ഹരിക്ക് അഞ്ജലിയെ മനസിലായിട്ടില്ലന്നെ ഞാൻ പറയു… എന്ത് പറഞ്ഞാലും ആ അവസ്ഥയിൽ അത്രയ്ക്ക് ഒന്നും വേദനിപ്പിക്കണ്ടായിരുന്നു. അതിനാരാ ഹരി വേറെയുള്ളത്? കുറെ പണമോ? ഹരി പാടണം. ഫേമസ് ആവണം എന്നൊക്കെയെ ആ പാവം ആഗ്രഹിക്കുന്നുള്ളുവെന്നാ എനിക്ക് തോന്നുന്നത്. നിങ്ങൾ പോകാൻ വേണ്ടി പറഞ്ഞതാവുമിതു. പെണ്ണിന്റെ മനസ്സ് അങ്ങനെയാ ഹരി. അവളുടെ വേദന അവൾ സ്വയം താങ്ങും എന്നാലും സ്നേഹിക്കുന്നവർ നന്നായിരിക്കട്ടെ എന്ന് ചിന്തിക്കും എന്റെ വൈഫ് അങ്ങനെയായിരുന്നു. നഷ്ടപ്പെടുത്തി കളഞ്ഞു ഞാൻ. ആവശ്യമില്ലാത്ത ഈഗോ, വാശി. ഇന്നവൾ എന്റെ കൂടെയില്ല. എത്ര മാപ്പ് പറഞ്ഞിട്ടും പിന്നെ വന്നിട്ടില്ല. എന്റെ മകനെ വെക്കേഷന് വിടും ഇങ്ങോട്ട്. അവൾ വരില്ല… അഞ്ജലി  ഹരിക്ക് മാപ്പ് തരില്ല ഹരി”

ഹരി നടുങ്ങിപ്പോയി

“നമ്മൾ ആണുങ്ങൾക്ക് ഒരു വിചാരമുണ്ട്. ഇവൾ അല്ലെങ്കിൽ മറ്റൊരുവൾ. ഇവൾ ഇല്ലെങ്കിലും ഒന്നുമില്ല. വെറുതെ…വെറും വെറുതെ. അവർ തന്നതൊന്നും തരാൻ ഈ ലോകത്തു മറ്റൊരു പെണ്ണിന് പറ്റുമോ? സെ-ക്സ് അല്ല ഞാൻ ഉദേശിച്ചത്‌. അത് കാശ് കൊടുത്ത കിട്ടും..വേറെയും ചിലതൊക്കെ ഇല്ലേ? ഒരാൾ,ആ ഒറ്റ ആള് നമ്മളെ കൊണ്ട് പോയത് ഏതെത് സ്വർഗത്തിൽ ആയിരുന്നു വെറുതെ ഒന്നോർത്തു നോക്കു.. ഈ പാട്ട് കഴിഞ്ഞു ഹരി പോകണം അഞ്ജലിയെ കാണണം. “

ഹരി മറുപടി പറഞ്ഞില്ല

റൂമിൽ എത്തുമ്പോഴും ആ വരികൾ ആയിരുന്നു അവന്റെ മനസ്സിൽ

അവൾ കാണിച്ചു തന്ന ലോകം..പ്രണയലോകം..അവളുടെ ചുംബനം..അവളുടെ നോട്ടം..ശ്രീ എന്ന വിളിയൊച്ച

അവളോട് വാശി ഉണ്ടെങ്കിലും അവളെയോർക്കാത്ത നിമിഷം ഇല്ല. എന്നോട് പിണങ്ങല്ലേ ഞാൻ മരിച്ചു പോം ശ്രീ ആ കരച്ചിൽ

പെട്ടെന്ന് അവൻ അവളുടെ നമ്പർ ഡയൽ ചെയ്തു

അത് മാത്രമേ അവന് കാണാതെ അറിയൂ

പിന്നെ തോമസ് ചേട്ടന്റെ നമ്പറും

പുതിയ ഫോൺ ആണ് അവന്റെ. പുതിയ നമ്പറും എല്ലാം വീട്ടിൽ ഉപേക്ഷിച്ചു പോന്നതാണ്

ഇവിടെ വന്ന് വാങ്ങിയ ഫോൺ ആണ്. വേറെ ഒരു നമ്പറും അവന്റെ പക്കൽ ഇല്ലായിരുന്നു

അഞ്ജലിയുടെ ഫോൺ ഓഫായിരുന്നു. തോമസ് ചേട്ടനോട് അതേ കുറിച്ച് പറയാൻ അവൻ മടിച്ചു

ഒന്ന് കണ്ടാൽ അവൾ തന്നിലേക്ക് വരും എന്നവൻ വിശ്വസിക്കാൻ ശ്രമിച്ചു

പക്ഷെ..

റഹ്മാൻ സാറിന് ഹരിയുടെ പാട്ട് ഇഷ്ടമായി. അവൻ പാടുന്നത് വീഡിയോ റെക്കോർഡ് ചെയ്യാൻ അദ്ദേഹം നിർദേശിച്ചു

സിനിമയുടെ ടീസർ ഇറങ്ങുമ്പോൾ ഹരിയുടെ ആ വീഡിയോയുടെ പ്രസക്തഭാഗങ്ങൾ ചേർത്ത് ഇറക്കിയാൽ നന്നായിരിക്കും എന്ന് അദ്ദേഹം അടുത്ത സുഹൃത്തായ സംവിധായകനോട്‌ പറഞ്ഞു

“He is hot..”സംവിധായകൻ അടുത്ത് നിന്ന അയാളുടെ സുഹൃത്തിനോട് ഹരിയെ കുറിച്ച് പറയുന്നത് മാധവ് കേട്ടു

അയാൾ പറയുന്നത് ശരിയായിരുന്നു

ഹരി അതിസുന്ദരനാണ് ഒരു പക്ഷെ ഈ സിനിമയിലെ ഹീറോയെക്കാൾ സുന്ദരൻ

പാട്ട് കഴിഞ്ഞു സ്റ്റുഡിയോയിൽ നിന്നു ഹരി ഇറങ്ങി

“ഞാൻ ഒന്ന് നാട്ടിൽ പോയിട്ട് വരട്ടെ ” അയാൾ മാധവിനോട് ചോദിച്ചു

“അഞ്ജലി”

ഹരി തലയാട്ടി

“പോയിട്ട് വാ പിണക്കം മാറ്റി വരണം “

ഹരി നടന്നു

തിരിച്ചു വരരുത് എന്ന് വിചാരിച്ചു പുറപ്പെട്ടതാണ്..വയ്യ പക്ഷെ..അവളോട് വാശി വയ്യ

അവളുടെ കഴുത്തിൽ കിടന്ന മാല വലിച്ചു പൊട്ടിച്ചതോർത്തപ്പോൾ അവന്റെ ഇടനെഞ്ച് പിടഞ്ഞു

അവൾ തകർന്നു പോയ ഒരു നോട്ടം നോക്കിയിട്ടു തിരിഞ്ഞു നിന്നതോർക്കുന്നു

അവളുടെ വീട്ടിലേക്കാണ് അവൻ പോയത്

ഒരു മാസം കഴിഞ്ഞിരിക്കുന്നു..

അവൻ വാതിൽക്കൽ ചെന്നു..പുതിയ സെക്യൂരിറ്റി

“അവരൊക്കെ ഇവിടെ നിന്ന് പോയല്ലോ “

അയാൾ പറഞ്ഞു. ഹരിക്ക് അത് വ്യക്തമായില്ല

“പോയോ? എങ്ങോട് പോയി?”

“അറിയില്ല സാർ.. പോയി. ഓഫീസിൽ ചോദിച്ചു നോക്കിയാൽ അറിയാം “

അവൻ വിറയ്ക്കുന്ന കാലടികളോടെ നടന്നു. ഓഫീസിൽ അവനെല്ലാം അപരിചിതർ ആയിരുന്നു. എന്നാലും അവൻ റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടിയോട് ചോദിച്ചു

“ബാലചന്ദ്രൻ സാർ സ്റ്റേ ചെയ്യുന്നത് സെക്യൂരിറ്റി ഇഷ്യൂ ഉള്ളത് കൊണ്ട് പറയാൻ ആവില്ല. സോറി “

ഫോൺ നമ്പർ ചോദിച്ചു എങ്കിലും ലഭിച്ചില്ല. അവന് തല കറങ്ങും പോലെ തോന്നി

അഞ്ജലി പോയി, എങ്ങോട്ട്

എനിക്ക് കാണാതെ വയ്യ ശ്രീ. എനിക്ക് ഈ ശബ്ദം കേൾക്കാതെ വയ്യ

എന്നൊക്കെ പറഞ്ഞിട്ട്..

പക്ഷെ താൻ അവളെ വിളിച്ചോ?

ഇല്ല

ഇനി കാണില്ല എന്ന് തീർത്തു പറഞ്ഞു.താൻ അവളെ അത്രമേൽ വേദനിപ്പിച്ചു. ഒറ്റയ്ക്ക് ആയിരുന്നു അവൾ. അച്ഛൻ മരിക്കാൻ കിടക്കുമ്പോൾ കുറച്ചു ദയ കാണിക്കാമായിരുന്നു. പോകാൻ പറഞ്ഞപ്പോൾ അനുസരിച്ച മതിയായിരുന്നു

താൻ ഇനി എങ്ങനെ ജീവിക്കും?

അവൻ നടന്നു കൊണ്ടിരുന്നു

നാട്ടിലേക്ക് പോകാൻ അവന് തോന്നിയില്ല. ആരുണ്ട് അവിടെ?

അഞ്ജലിക്കും മേലെ ഈ ഭൂമിയിൽ തനിക്ക് ആരുമില്ല

മാധവ് വിളിക്കുന്നു. അവൻ അത് അറ്റൻഡ് ചെയ്തു

“കണ്ടോ ഹരി?”

“അഞ്ജലി പോയി..എങ്ങോട്ട് എന്ന് അറിയില്ല. എവിടെ ആണെന്ന് ഊഹവുമില്ല”

അവൻ എന്തെങ്കിലും ചെയ്തു കളയുമോയെന്നു ഒരു പേടി വന്നു മാധവിന്

“നീ തിരിച്ചു വാ ഒരു ഇമ്പോർടന്റ്റ്‌ കാര്യം ഉണ്ട് “

“ഞാൻ എങ്ങോട്ടുമില്ല മാധവ്.. ഇനി..ഹരി വേണ്ട ഭൂമിയിൽ “

“ഹരി.. നിന്റെ സംഗീതം അവളെ നിനക്ക് തിരിച്ചു തരും. ഇങ്ങോട്ട് വാ “

ഹരി ഫോൺ കട്ട്‌ ചെയ്തു

നീയിനി ഹരിയെ കാണില്ലടി എന്ന് പറഞ്ഞതവൻ ഓർത്തു. ഇനി കാണണ്ട എന്ന് ദൈവം ഓർത്തു കാണും. കയ്യിൽ കിട്ടിയ നിധിയെ നഷ്ടപ്പെടുത്തി കളഞ്ഞു

ഒരിക്കൽ നഷ്ടപ്പെടുത്തിയ പിന്നെ തിരിച്ചു കിട്ടാത്തത് ഒന്നേയുള്ളൂ…

പ്രണയം..

അവനോർത്തു..നടന്നു റെയിൽവേ സ്റ്റേഷനിൽ എത്തി

തിരിച്ചു പോവണം..മരിക്കും വരെ ജീവിച്ചു പോട്ടെ..അവളുടെ ഓർമ്മകൾ മതി. അത് മാത്രം മതി. അവൻ ടിക്കറ്റ് എടുത്തു ട്രെയിനിൽ കയറി

“ഹരിയല്ലേ?”

ഒരു ഫാമിലി

“ശ്രീഹരി?”

അവൻ തലയാട്ടി

“ഞങ്ങൾ പാട്ട് കേട്ടിട്ടുണ്ട് ട്ടോ “

അവൻ വെറുതെ ഒന്ന് ചിരിച്ചു

“എങ്ങോട്ടാ”

“മുംബൈ…”

“അവിടെ പാടാൻ പോവാ?”

“ഉം “

“നന്നായി വരും “

കൂട്ടത്തിൽ പ്രായമുള്ള ഒരു അമ്മ. അവന്റെ കണ്ണ് നിറഞ്ഞു

എന്ത് നന്നാകാൻ..പാട്ടുകാരനായെക്കും..പ്രശസ്തനായേക്കും..ആത്മാവ് നഷ്ടം ആയ ദേഹി ചുമന്ന് ഇനി എത്ര നാൾ?

അവൻ കണ്ണുകൾ അടച്ചു.

അഞ്ജലി എന്റെ പെണ്ണെവിടെയാ?

ക്ഷമിച്ചൂടെ?

നിന്റെ ശ്രീയല്ലേ?

നിന്റെ മാത്രം ശ്രീ?

(തുടരും )