അവൾ പതിയെ ടേബിളിൽ വച്ചിരുന്ന മൈഥിലിയുട കൈകളിൽ ആശ്വാസം പോലെ ഒന്ന് അമർത്തി പിടിച്ചു…

Story written by Meenu M
=================

വെയിറ്റർ മുന്നിൽ കൊണ്ടുവച്ച കോഫി കപ്പിലേക്ക് ഉറ്റു നോക്കിയിരിക്കുകയാണ് മൈഥിലി.

കോഫിക്ക് മുകളിൽ ഭംഗിയിൽ തെളിഞ്ഞു കാണുന്ന ഹാർട്ട് ഷേപ്പിലേക്ക് ആണ് നോട്ടം.

എങ്കിലും അവർ ഇവിടെയൊന്നും അല്ലെന്ന് നിത്യയ്ക്ക് തോന്നി. ഒഴിവു സമയങ്ങളിൽ മൈഥിലി എന്തോ ഗഹനമായ ചിന്തയിൽ  ആണെന്ന്  നിത്യയ്ക്ക് തോന്നാറുണ്ട്..മഷി എഴുതാത്ത അവരുടെ കണ്ണുകളിൽ എപ്പോഴും ഒരു ശോകഭാവമാണ്. പക്ഷേ ആ ഭാവം അവർക്കൊരു ലാസ്യ ഭംഗിയാണ് നൽകുന്നത്.

ആരും വീണ്ടും വീണ്ടും നോക്കി പോകുന്ന മുഖം…ഇരുനിറമാണ്…അധികം ആരോടും സംസാരമില്ല. ജോലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല…ജോലിയിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാലോ  പറഞ്ഞ ജോലി മര്യാദയ്ക്ക് ചെയ്യാതിരിക്കുമ്പോഴോ ഒക്കെ ആ കണ്ണുകളിൽ കോപം ഇരച്ചു കയറുന്നതും മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകുന്നതും നിത്യയും കണ്ടറിഞ്ഞിട്ടുള്ളതാണ്.

“നല്ല ആളിനെയാണ് നിനക്ക് അസിസ്റ്റ് ചെയ്യാൻ ഭാഗ്യം കിട്ടിയിരിക്കുന്നത്” കൂടെ പഠിച്ച താര ഒരിക്കൽ കളിയാക്കിയിട്ടുണ്ട്. അവളും ഇതേ ഓഫീസിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്.

“അതെന്താ അങ്ങനെ..” കൗതുകം കൊണ്ട് നിത്യ ചോദിച്ചു പോയി.

“അതൊരു മെരുക്കം ഇല്ലാത്ത സാധനമാണ്…ജാഡയുടെ ഉസ്താദ്….”

ശരിയാണ് തുടക്കത്തിൽ നിത്യക്കും തോന്നിയിട്ടുണ്ട്…പിന്നെ പിന്നെ ആള് പതിയെ സോഫ്റ്റ് ആയി. ഒരു സൗഹൃദം വന്ന പോലെ…ജോലി കാര്യമല്ലാതെ എന്തെങ്കിലും ഒക്കെ സംസാരിക്കാൻ തുടങ്ങി…ഒപ്പമുള്ള ഈ കോഫി കുടിക്കൽ പോലും മറ്റുള്ളവർക്ക് അത്ഭുതമാണ്…

“നിന്നെ എന്തോ പിടിച്ച മട്ടുണ്ട്. മറ്റാരോടും ഇത്രയും കംഫർട്ട് ആയി ഇടപെടുന്നത് ഞങ്ങൾ കണ്ടിട്ടില്ല…..”

ഓഫീസിലെ മറ്റു സ്റ്റാഫുകൾ കുറച്ചു അസൂയയോടെ..പുറമെ പുച്ഛത്തോടെ….പറഞ്ഞത് ശരിയാണെന്ന് നിത്യയ്ക്കും തോന്നിത്തുടങ്ങി…

“മാം….കോഫി”

വാച്ചിൽ നോക്കിയപ്പോൾ സമയം വൈകുന്നതു കൊണ്ട് നിത്യ അവരെ ഓർമിപ്പിച്ചു. നേരിയ ഒരു ഭയത്തോടെ ആണ് അവൾ പറഞ്ഞത്…എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല ചില നേരത്ത്..മൈഥിലി സ്വപ്നത്തിൽ നിന്നു ഉണർന്നു നിത്യയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.

മൈഥിലി മാമിന്റെ പുഞ്ചിരി അപൂർവ്വം കാണുന്ന പ്രതിഭാസമാണ് എന്ന് നിത്യയ്ക്ക് തോന്നാറുണ്ട്…

അതുകൊണ്ട് തന്നെ ആ പുഞ്ചിരിയിൽ നോക്കി ഇരുന്ന് നിത്യ തിരിച്ചു ഒരു ചിരി കൊടുക്കാൻ മറന്നു പോയി….

ടേബിളിലിരുന്ന് മൈഥിലിയുടെ ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്തു.

മെസ്സേജ് ആണ്.

കോഫി സിപ്പ് ചെയ്യുന്നതിനിടയിൽ അലക്ഷ്യമായി ഫോണിൽ ഒന്ന് എത്തിനോക്കി മൈഥിലി. പെട്ടെന്ന് തന്നെ ഇയർഫോൺ ചെവിയിൽ വെച്ച് മെസ്സേജ് ഓപ്പൺ ആക്കി. അത് കേൾക്കുമ്പോൾ മൈഥിലിയുടെ മുഖം മങ്ങുകയും കണ്ണിൽ നനവ് പടരുകയും ചെയ്തു…

“മാം…”

ആ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ നിത്യയും വല്ലാതായി. അവൾ പതിയെ ടേബിളിൽ വച്ചിരുന്ന മൈഥിലിയുട കൈകളിൽ ആശ്വാസം പോലെ ഒന്ന് അമർത്തി പിടിച്ചു.

“സോറി..സോറി “

മൈഥിലി പെട്ടെന്ന് തന്നെ നിറഞ്ഞ കണ്ണുകൾ കർച്ചീഫ് കൊണ്ടു അമർത്തി തുടച്ചു…

“സോറി നിത്യാ…അതൊരു സങ്കടപെടുത്തുന്ന മെസ്സേജ് ആയിരുന്നു”

മൈഥിലിയുടെ ശബ്ദം പെട്ടെന്ന് ജലദോഷം വന്നു അടഞ്ഞു പോയത് പോലെ നിത്യയ്ക്ക് തോന്നി…

“മാം…ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ?”

നിത്യയുടെ ചോദ്യം കേട്ടപ്പോൾ മൈഥിലിയ്ക്ക് കൗതുകം ആണ് തോന്നിയത്. അതുകൊണ്ട് തന്നെ കുറച്ചു നേരം അവളുടെ മുഖത്തേയ്ക്ക് നോക്കി ഇരുന്നു…

ചെറിയ പെൺകുട്ടി ആണ്..കൂടി വന്നാൽ അവൾക്ക് ഇരുപത്തി മൂന്നോ  ഇരുപത്തിനാലോ വയസ് കാണുക ഉള്ളൂ എന്ന് തോന്നി. വെളുത്ത മുഖത്ത് വിടർന്ന കണ്ണുകൾ ആണ്..അത്രയും സുന്ദരമായ മിഴികൾ ആയിട്ടും അവൾ അതു ഒരു നർത്തകിയുടെ പോലെ ഐ ലൈനെർ എഴുതി ബോറാക്കി വച്ചിട്ടുണ്ട്…

മൈഥിലിയുടെ നോട്ടം കണ്ടു നിത്യ ഒന്ന് പതറിപ്പോയി. ഒരു ക്യുരിയോസിറ്റി കൊണ്ടു ചോദിച്ചു പോയതാണ്. ഓഫീസിൽ പലരും അടക്കം പറയുന്നത് കേട്ടിട്ടുണ്ട്..അവർക്കൊരു പ്രണയം ഉണ്ടെന്നും…അതല്ല ആരോ തേച്ചിട്ട് പോയതാണ് എന്നൊക്കെ പല കഥകൾ…ആർക്കും അവരെ പറ്റി കൂടുതൽ ഒന്നും അറിയില്ലെന്ന് തോന്നുന്നു. അതിനു ആരോടും മനസ് തുറന്നു സംസാരിച്ചിട്ടില്ലല്ലോ…

“സ്നേഹിച്ചിരുന്നു…ഇടയ്ക്ക് വച്ച് ആ സ്നേഹം വറ്റി വരണ്ടു പോയി….”

“എന്നിട്ട് എന്തിനാ അതോർത്തു ഇപ്പോളും സങ്കടപ്പെടുന്നത്?”

“അതു വീണ്ടും പുനർജ്ജനിച്ചു..അല്ല….യഥാർത്ഥത്തിൽആ സ്നേഹം എന്നും അവിടെ ഉണ്ടായിരുന്നു…വഴി മാറി ഒഴുകിയത് ഞാൻ ആയിരുന്നു.”

“അയാളെ ഓർത്തു ഇരിക്കുക ആണോ മാം…അയാൾക്കിപ്പോളും മാമിനെ ഇഷ്ടം ആണോ “

“വെറുക്കാൻ സാധ്യത ഇല്ല…ഇനി സ്നേഹിക്കാനും സാധ്യത ഇല്ല. ഒരിക്കലും മറന്നു പോകുകയും ഇല്ല”

“അയാൾ കല്യാണം കഴിച്ചോ?”

“ഇല്ല…ഒരു പുനർവിവാഹത്തിനു വീട്ടുകാർ നിർബന്ധിച്ചിരുന്നു എന്ന് കേട്ടു. ഇതുവരെ കഴിച്ചിട്ടില്ല “

“പുനർവിവാഹം?….അയാൾ വിവാഹിതൻ ആയിരുന്നോ? എന്നിട്ടും മാം അയാളെ സ്നേഹിച്ചു?”

നിത്യയുടെ ശബ്ദത്തിൽ ഒരു അവിശ്വസനീയ ഭാവം കലർന്നു..

മൈഥിലി അവളെ തറപ്പിച്ചു നോക്കി..സാധാരണ ഈ പ്രായത്തിലുള്ള പെൺകുട്ടികളിൽ കാണുന്ന എല്ലാ പക്വതകുറവും അവളിലും ഉണ്ടെന്ന് മൈഥിലി തിരിച്ചറിഞ്ഞു…പക്ഷേ നിഷ്കളങ്കമായ ഒരു സ്നേഹം ഉണ്ട്.. നാട്ടിൻപുറത്ത് വളർന്നു വന്നതിന്റെ ആകും…ബാംഗ്ലൂർ നഗരത്തിന്റെ ആഡംബരത്തോട് ഇഴുകി ചേരാൻ വേഷവിധാനങ്ങളിൽ എല്ലാം അവൾ മോഡേൺ ആവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ അവൾ ആ നാട്ടിൻപുറത്തെ കുട്ടി ആവുന്നുണ്ട്…അവളുടെ ആ നിഷ്കളങ്കത തന്നെ ആണ് മൈഥിലി അവളിലേയ്ക് അടുക്കാൻ  ഒരു കാരണം…

“മാം എന്തിനാ അങ്ങനെ ഒരാളെ സ്നേഹിച്ചത്?”

“എങ്ങനെ ഉള്ള ആളെ?”

“മാരീഡ്‌ ആയ ഒരാളെ,…”

“അദ്ദേഹം എന്റെ ഭർത്താവായിരുന്നു നിത്യാ…എന്റെ കുട്ടികളുടെ അച്ഛൻ ആണ്.”

നിത്യ വായും തുറന്നു ഇരുന്നു പോയി…മാമിന്റെ ഭംഗിയുള്ള മുഖത്തേക്ക് നോക്കി. വിവാഹിത ആണെന്നോ കുട്ടികൾ ഉണ്ടെന്നോ അവൾക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിഞ്ഞില്ല…തന്നേക്കാൾ രണ്ടോ മൂന്നോ വയസിനു മൂത്ത ഒരു പെൺകുട്ടി. അങ്ങനെ തോന്നുക ഉള്ളൂ..

“കുട്ടികൾ?”

“നാട്ടിൽ ആണ്. എന്റെ അമ്മേടെ കൂടെ..വെക്കേഷനും വീക്കെൻഡിലും അവിടേക്ക് പോകും. അവരുടെ അച്ഛന്റെ അടുത്തേക്ക്..അച്ചാച്ചനും അച്ഛമ്മേം ഉണ്ട് അവർക്ക് “

“നിങ്ങൾ തമ്മിൽ?”

“പിരിഞ്ഞു…ഇപ്പൊ ഒരു അഞ്ചു വർഷത്തോളം ആയി…”

“എന്തു പറ്റിതാ..നിങ്ങൾക്കിടയിൽ?”

“ഈഗോ…മിക്കവരുടെയും ജീവിതത്തിൽ അറിയാതെ കടന്നു കൂടുന്ന വില്ലൻ…അറിഞ്ഞാലും വിട്ടുകൊടുക്കാൻ തോന്നിക്കാത്ത സാത്താൻ…”

“വിരോധം ല്ല്യങ്കിൽ പറയോ..മാമിനെ കുറിച്ച്? കേട്ടപ്പോൾ കൂടുതൽ അറിയാൻ ആഗ്രഹം ണ്ട്.”

“ഒരു ക്യൂരിയോസിറ്റി അല്ലേ?”

മൈഥിലി ഒരു പുഞ്ചിരിയോടെയാണ് ചോദിച്ചതെങ്കിലും നിത്യയുടെ മുഖം കുനിഞ്ഞുപോയി…

ശരിയാണ്…അന്യന്റെ ജീവിതത്തിലേക്ക് എത്തി നോക്കാൻ എല്ലാവർക്കും ഇഷ്ടം ആണ്…മറ്റുള്ളവരുടെ കഥകൾ അറിയാൻ കൗതുകം കൂടുതലും  എന്നാൽ സ്വന്തം ജീവിതം മറച്ചു പിടിക്കാൻ ആഗ്രഹിക്കുന്നതും ആയ വിചിത്രസ്വാഭാവത്തിനു ഉടമകളാണ് ആണ് മനുഷ്യർ…

“സോറി മാം…. “

നിത്യ മൈഥിലിയുടെ മുഖത്ത് നോക്കി ക്ഷമ പറഞ്ഞു.

“ഞാൻ പെട്ടെന്ന് ചോദിച്ചു പോയതാണ്. മാം അതു മറന്നേക്ക്…”

“ഇല്ലെടോ…ആരോടെങ്കിലും പറയാൻ മനസ് കൊതിക്കുന്നുണ്ട്. എല്ലാവർക്കും ഗൗരവക്കാരി ആയ…ആരോടും അടുപ്പം സൂക്ഷിക്കാത്ത ഒരു മൈഥിലിയെ അറിയുള്ളു…മനഃപൂർവം ആയതല്ല. സ്വയം ഉൾവലിഞ്ഞു മൗനത്തിന്റെ വാത്മീകത്തിൽ അകപ്പെട്ട് പോയതാണ്. പിന്നെ പുറത്തു കടക്കാൻ തോന്നിയില്ല..”

“എന്തിനാണ് മാം നിങ്ങൾ പിരിഞ്ഞത്?”

“അന്ന് കാരണങ്ങൾ ഒരുപാട് ഉണ്ടായിരുന്നു നിത്യാ. ഇന്ന് ഓർക്കുമ്പോൾ അതിലൊന്നും ഒരു കഴമ്പ് ഇല്ലായിരുന്നു എന്ന് തിരിച്ചറിയുന്നു…”

“സാർ എന്തു ചെയ്യുന്നു?”

മൈഥിലിയുടെ ഭർത്താവ് എന്ന് കേട്ടത് കൊണ്ടു തന്നെ നിത്യയുടെ അയാൾ എന്നുള്ള വിളി മാറി അവിടെ ഒരു റെസ്‌പെക്ട് കൈ വന്നത് മൈഥിലി തിരിച്ചറിഞ്ഞു..

“ഡ്രൈവറാണ്. നാട്ടിൽ…ബസ് ഓടിക്കുന്നു..”

“വാട്ട്‌!!!”

നിത്യ അമ്പരന്നു പോയി…മൈഥിലി മാമിന്റെ ഹസ്ബൻഡ് ഒരു ബസ് ഡ്രൈവർ?

“മാം..ഇതെങ്ങനെ..ഐ ക്യാൻറ് ബിലീവ്…”

“അന്ന് ഞാൻ ഇന്നത്തെ മൈഥിലി ആയിരുന്നില്ല നിത്യ…ഒരു പാവം മൈഥിലി..സാധാരണ കുടുംബത്തിൽ ആണ് ഞാൻ ജനിച്ചത്. അച്ഛൻ വിദേശത്തു ആയിരുന്നു എങ്കിലും അത്ര മെച്ചപ്പെട്ട ജോലി ഒന്നും ആയിരുന്നില്ല…എന്റെ ഡിഗ്രി പഠനത്തിന്റെ ആദ്യ നാളുകളിൽ ആണ് ഞാൻ ഗിരിയേട്ടനെ പരിചയപ്പെടുന്നത്…ഞാൻ സ്ഥിരമായി പോകുന്ന ബസ് ഓടിച്ചിരുന്നത് ഗിരിയേട്ടൻ ആയിരുന്നു…ഗിരിധർ എന്നായിരുന്നു പേര്…സുന്ദരൻ…വെളുത്തു സുമുഖൻ… ആരും ഇഷ്ട്ടപെട്ടു പോകുന്ന സ്വഭാവം…വലിയ സ്വപ്‌നങ്ങൾ ഒന്നും കണ്ടു തുടങ്ങിയിട്ടില്ലാത്തത് കൊണ്ടു തന്നെ അന്നത്തെ മൈഥിലിയ്ക്ക് അദ്ദേഹത്തേ പെട്ടെന്ന് ഇഷ്ടപെട്ടു..ചുരുങ്ങിയ കാലയളവിൽ പിരിയാൻ പറ്റാത്ത അടുപ്പം ആയി..എന്റെ വീട്ടിലേക്കാൾ സാമ്പത്തികസ്ഥിതി ഉണ്ടായിരുന്നു അവിടെ…ഗിരിയേട്ടന്റെ ആകെയുള്ള സഹോദരിയുടെ വിവാഹം കഴിഞ്ഞതിനാൽ അവിടെ വിവാഹത്തിന് തടസം ഒന്നും ഇല്ലായിരുന്നു…വലിയ ബാധ്യതയും ഇല്ലാത്ത കുടുംബം…പക്ഷേ….”

മൈഥിലി ഒന്ന് നിർത്തി….

“എന്റെ വീട്ടിൽ ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആണ്..ഞാൻ ആണ് താഴെ…മൂത്ത ആൾ തനുജ…തനു…താൻ കണ്ടിട്ടുണ്ട്…”

മൈഥിലി പെട്ടെന്ന് പറഞ്ഞു…

“ഞാനോ..ഞാൻ എങ്ങനെ കാണാൻ ആണ്….”

“അന്നൊരു ദിവസം ബീച്ചിൽ വച്ചു താൻ എന്നെ കണ്ടില്ലേ?.”

മൈഥിലിയുടെ മുഖത്തൊരു ജാള്യത ഉണ്ട്…

നിത്യ ആ ദിവസം പെട്ടെന്ന് ഓർത്തെടുത്തു..

ജോയിൻ ചെയ്ത ആദ്യനാളുകളിൽ താരയോടൊപ്പം പുറത്തു പോയത്….

അന്നാണ് ബീച്ചിൽ വച്ചു മൈഥിലിയെ കണ്ടത്..കൂടെ ഒരു ഫാമിലി കൂടെ ഉണ്ടായിരുന്നു…അതിൽ മുടി ബോയ് കട്ട് ചെയ്ത് മാമിന്റെ മുഖഛായ ഉള്ള ഒരു യുവതി ഉണ്ടായിരുന്നു..പിന്നെ അവരുടെ ഭർത്താവ് എന്ന് തോന്നിച്ച ഒരാളും മൂന്നു കുട്ടികളും…കുട്ടികളോടൊത്ത് തിരയിൽ ഓടികളിക്കുന്ന മാമിനെ കണ്ടു കൗതുകത്തോടെ ആണ് പിറ്റേന്ന് ആരായിരുന്നു ഇന്നലെ കൂടെ ഉണ്ടായിരുന്നത് എന്ന് ചോദിച്ചു പോയത്….

അന്ന് മൈഥിലി ഷൗട്ട് ചെയ്തത് നിത്യ ഓർത്തു പോയി…കരഞ്ഞു പോയിരുന്നു അന്ന് കേട്ടപ്പോൾ…

“അന്ന്..അന്നെനിക്ക് തന്നോട് ഒരു ഫ്രണ്ട് ഷിപ്പ് പോലും ഉണ്ടായിരുന്നില്ല ല്ലോ…”

മൈഥിലിയും ഇപ്പോൾ ആ സംഭവം ഓർത്തു എന്ന് വ്യക്തം…അതിന്റെ ന്യായീകരണം ആണ്..

“ആ…ഞാൻ ഓർക്കുന്നു…”

“മ്മ്..തനു നു പഠിച്ചു ഒരു ജോലി കിട്ടീട്ട് മതി കല്യാണം എന്ന് തീർത്തു പറഞ്ഞത് കൊണ്ടു അച്ഛൻ എന്റെ കല്യാണം നടത്തി തന്നു..”

“ഗിരിയേട്ടനും അവിടുത്തെ അച്ഛനും അമ്മയും എല്ലാം വലിയ സ്നേഹം ആയിരുന്നു എന്നോട് കാട്ടിയത്…പഠിക്കാൻ മിടുക്കി ആയിരുന്ന എന്റെ ഭാവി ഒരു കല്യാണം കൊണ്ടു നശിച്ചു പോകരുത് എന്ന് പറഞ്ഞു ഗിരിയേട്ടനാണ് പിന്നെ എന്നേ പഠിപ്പിച്ചത്…അറിവ് വളരും തോറും എന്നിൽ ഈഗോയും ഗിരിയേട്ടനിൽ സംശയവും വളർന്നു..”

സംശയം?

എന്റെ പഠനം തുടങ്ങിയതിൽ പിന്നെ ഞാൻ അറിയാതെ തന്നെ എനിക്ക് തിരക്കായി..ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായി…ആണും പെണ്ണും ഉണ്ടായിരുന്നു അതിൽ…കൂടുതൽ സമയം പുസ്തകങ്ങളിൽ ചിലവഴിച്ചു…അവരോടൊത്ത് പഠിക്കാൻ തുടങ്ങി…മോളെ നോക്കുന്നതിൽ പോലും പിഴവുകൾ വന്നു തുടങ്ങി..ഒരു ജോലി ആയിരുന്നു ലക്ഷ്യം…ഗിരിയേട്ടന്റെ ചെറിയ ജോലിയിൽ അദ്ദേഹം ഞങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തു തന്നിരുന്നു എങ്കിലും…എന്റെ വിദ്യാഭ്യാസത്തിനു അനുസരിച്ചു ഒരു നല്ല ജോലി…നല്ല ശമ്പളം..മെച്ചപ്പെട്ട ജീവിതം…മൈഥിലി വലിയ വലിയ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങി…പക്ഷേ ആ സ്വപ്നങ്ങളിൽ ഗിരിയേട്ടനും ഞങ്ങളുടെ മക്കളും ഉണ്ടായിരുന്നു….”

“ആയിടക്കാണ് അച്ഛന്റെ ജോലി നഷ്ടപെട്ടത്…അതിൽ വല്ലാതെ ഡിപ്രെഷനിൽ ആയിപോയ അച്ഛൻ ആ–ത്മഹത്യയിൽ അഭയം നേടി…”

“തനു ന്റെ കല്യാണം ഉറപ്പിച്ച സമയം ആയിരുന്നു അതു..എങ്ങനെ നടത്തും എന്ന് എല്ലാവരും ആശങ്കപെട്ട ആ സമയത്ത് ഗിരിയേട്ടൻ ആണ് രക്ഷകൻ ആയി വന്നത്…”

“എനിക്ക് അച്ഛൻ കല്യാണത്തിന് തന്ന സ്വർണം ഒരു മടിയും ഇല്ലാതെ അദ്ദേഹം മടക്കി കൊടുത്തു…”

“ആ സംഭവത്തോടെ ജോലി എന്റെ മനസ്സിൽ ഒരു വാശി ആയി വളർന്നു..ജോലി നേടണം…ഗിരിയേട്ടൻ തന്നെ കഷ്ടപ്പെടുന്നത് കാണാൻ വയ്യാ..എത്ര കഷ്ടപെട്ടാലും അദ്ദേഹത്തിനു കിട്ടുന്ന പൈസയ്ക്ക് ഒരു പരിമിതി ഉണ്ട്…എന്റെ വിദ്യാഭ്യാസം അനുസരിച്ചു എനിക്ക് അത്യാവശ്യം നല്ല ശമ്പളത്തിൽ ജോലി കിട്ടും…അതൊക്കെ ആണ് ഞാൻ ചിന്തിച്ചത്…”

“പക്ഷേ…ഗിരിയേട്ടന് അതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞില്ല…വഴക്ക് പതിവായി…അതിങ്ങനെ കൂടി കൂടി വന്നു…പരസ്പരം കുറ്റങ്ങളും കുറവുകളും പറഞ്ഞു തുടങ്ങി..ഗിരിയേട്ടൻ ചെയ്തു തന്ന കടമകളെ മറന്നു കൊണ്ടു ചെയ്യാത്ത കടമകളെ കുറിച്ച് ഞാൻ എപ്പോഴും പരാതി പറഞ്ഞു…..”

“അതുവരെയും ഗിരിയേട്ടൻ നിശ്ശബ്ദം സഹിച്ച എന്റെ കുറവുകൾ ആളും വിളിച്ചു പറഞ്ഞു തുടങ്ങി…..”

“എന്ത് ചെയ്തു തന്നു എന്നതിനെ മനഃപൂർവം വിസ്മരിച്ചു കൊണ്ടു ചെയ്യാത്ത കാര്യങ്ങൾ മാത്രം ഞങ്ങൾ പരസ്പരം ചികഞ്ഞു കൊണ്ടിരുന്നു…അവസാനം…അവസാനം ഞാൻ ആണ് പറഞ്ഞത്…
നമുക്ക് പിരിയാം എന്ന്….”

മൈഥിലിയുടെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു…

“എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു..എനിക്കൊരു നല്ല ജോലി ലഭിക്കും എന്നും കുട്ടികളെ നന്നായി വളർത്താം എന്നും….”

“എന്നിട്ട് ഇപ്പൊ എന്തു പറ്റി മാം?”

നിത്യയുടെ ചോദ്യം കേട്ട് മൈഥിലി അവളെ ഒന്ന് നോക്കി…നേരിയ പരിഹാസം ഉണ്ടോ ചോദ്യത്തിൽ….ഇല്ല. മുഖത്ത് അതേ നിഷ്കളങ്കത ആണ്…ചെറിയ പെൺകുട്ടി…

“എന്തും നഷ്ട്ടപെട്ടു പോകുമ്പോൾ ആണല്ലോ നഷ്ടപ്പെട്ടതിന്റെ വില മനസിലാക്കാൻ പറ്റുക…ഗിരിയേട്ടൻ അദ്ദേഹത്തിന്റെ വരുമാനം അനുസരിച്ചു നന്നായി വീട് നോക്കിയിരുന്നു..എന്തൊരു ഫിനാൻഷ്യൽ പ്ലാനിങ് ആയിരുന്നു അദ്ദേഹത്തിന്! എനിക്ക് ഒന്നും അറിയേണ്ടായിരുന്നു…എത്ര സങ്കടം വന്നാലും ആ നെഞ്ചിൽ പൊതിഞ്ഞു പിടിക്കുമ്പോ എത്ര ആശ്വാസം ആയിരുന്നു…എന്തു പ്രശ്നം വന്നാലും ഒരു കവചം പോലെ ഗിരിയേട്ടൻ ഉണ്ടായിരുന്നു…ഇപ്പോഴും ഞാൻ എന്തൊക്കെ വാങ്ങി കൊടുത്താലും എത്രയൊക്കെ സന്തോഷിപ്പിക്കാൻ നോക്കിയാലും കുട്ടികൾക്കു സ്നേഹക്കൂടുതൽ അച്ഛനോട് ആണ്…എന്ത് മാജിക് ആണ് എന്ന് മനസ്സിൽ ആവുന്നില്ല….”

“മാം എന്തുകൊണ്ട് ഒരു റീയൂണിയനെ കുറിച്ച് ചിന്തിക്കുന്നില്ല?”

മൈഥിലി നിത്യയെ സൂക്ഷിച്ചു നോക്കി….

ആ വലിയ കണ്ണുകളിൽ നിഷ്കളങ്കത ഒരു മറ ആണെന്ന് മൈഥിലിയ്ക്ക് തോന്നി…

“ഒരിക്കലും ഗിരിയേട്ടൻ ഇവിടെ വന്നു താമസിക്കുക ഇല്ല.”

“മാമിന് അങ്ങോട്ട് പോകാമല്ലോ?
അവിടെ കുട്ടികളും സാറും ആയി ഹാപ്പി ആയി ജീവിക്കാമല്ലോ…എന്തിനു ഇങ്ങനെ വേദനിക്കണം?”

“എന്റെ ജോലി…അതു ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല….ഗിരിയേട്ടന് ഇങ്ങോട്ട് വന്നാൽ ഇവിടെ ഒരു ജോലി കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല…അതേ കുറിച്ച് ഞാൻ എത്രനാളായി യാചിക്കുന്നു…സമ്മതിച്ചു തരില്ല…”

“ഞാൻ ജോലി ഉപേക്ഷിക്കാൻ പറഞ്ഞാൽ പറ്റില്ല നിത്യാ..കുട്ടികൾ നല്ല സ്കൂളിൽ ആണ് പഠിക്കുന്നത്..മാസം ഫീസ് തന്നെ രണ്ടുപേർക്കും നല്ലൊരു തുക വേണം…പിന്നെ എന്റെ അമ്മയെ നോക്കണം…ഗിരിയേട്ടന്റെ വരുമാനത്തിൽ ഇതൊന്നും നടക്കില്ല. അവരെ ഏതെങ്കിലും സർക്കാർ സ്കൂളിൽ പഠിപ്പിക്കാനെ അദ്ദേഹത്തിനു പറ്റു..നേരെ മറിച്ച് ഗിരിയേട്ടൻ ഇങ്ങോട്ട് വരികയാണെങ്കിൽ മക്കളെയും അമ്മയെയും കൊണ്ടു ഇവിടെ സെറ്റിൽ ചെയ്യാം…അതിനു ഒരിക്കലും ഗിരിയേട്ടൻ തയ്യാറാവുന്നും ഇല്ല…അറ്റ് പോയ കണ്ണി വിളക്കി ചേർക്കാൻ നിൽക്കേണ്ട എന്നാണ് പറയുന്നത് “

“മാം.. മാമിന് ഒരിക്കലും സാറിന്റെ പഴയ മൈഥിലി ആവാൻ കഴിയില്ല എന്നല്ലേ മാം പറഞ്ഞു വരുന്നത്. സാർ ആഗ്രഹിക്കുന്ന മൈഥിലി ആവാൻ മാമിനും മാം ആഗ്രഹിക്കുന്ന ഗിരിധർ ആകാൻ അദ്ദേഹത്തിനും കഴിയില്ല…പിന്നെന്തിനു വീണ്ടും അതോർത്തു വേദനിക്കണം…നിങ്ങൾക്ക് രണ്ടുപേർക്കും കംഫർട് ആവുന്ന മറ്റൊരു ലൈഫ് തിരഞ്ഞെടുക്കണം…”

“ഗിരിയേട്ടൻ ഒരിക്കലും മറ്റൊരു വിവാഹത്തിന് തയ്യാറാവും എന്ന് തോന്നുന്നില്ല….ഐ നോ…അദ്ദേഹത്തിനു ഒരിക്കലും എന്നേ മറക്കാൻ കഴിയില്ല…”

“മാമിന് അതു സാധ്യമാണോ”

ആ ചോദ്യത്തിന് മൈഥിലിയ്ക്ക് പെട്ടെന്ന് ഒരു ഉത്തരം പറയാൻ കഴിഞ്ഞില്ല…

“മാം…യഥാർത്ഥത്തിൽ ഇതൊരു സ്നേഹം അല്ല…ഇമോഷണൽ ഫൂളിഷ്നെസ് ആണ്…മാമിന്റെ ഉള്ളിൽ എവിടെയോ പഴയ ആ മൈഥിലി ഉണ്ട്…മൃതപ്രായയായ മൈഥിലി..ഒന്നുകിൽ അവൾ രക്ഷപെട്ടേക്കാം..ഇല്ലെങ്കിൽ മരിച്ചു പോയേക്കാം…മാമിന്റെ ഇപ്പോഴത്തെ ചിന്തകൾ വച്ചു നോക്കുമ്പോൾ അവളെ കൊ–ന്നു ക–ളയുന്നത് തന്നെ ആണ് മാം നല്ലത്…മാം പറഞ്ഞ ജീവിതത്തിലെ ആ വില്ലൻ ഇല്ലേ…ഈഗോ…അതിപ്പോഴും നിങ്ങൾക്കിടയിൽ ഉണ്ട്…അഞ്ചു വർഷം ആയിട്ടും ഒന്നും മാറിയിട്ടില്ല മാം…നിങ്ങൾ ഇപ്പോഴും ആ കോടതി മുറിയിൽ തന്നെ ആണ്…തോന്നൽ ആണ് മാറിയിട്ടുണ്ട് എന്ന്…”

“എന്റെ അഭിപ്രായം ആണ് കേട്ടോ..മാമിന് ആലോചിച്ചു തീരുമാനിക്കാം. ഇങ്ങനെ നീറി നീറി ഇല്ലാതാവേണ്ട കാര്യമില്ല..പിന്നെ ആ കുട്ടികൾ…അവരുടെ ഭാഗത്ത് നിന്ന് കൂടി ഒന്ന് ചിന്തിക്കാൻ ശ്രമിക്കണം..”

മുന്നിൽ ഇരിക്കുന്ന വലിയ കണ്ണുള്ള…ഒരു നർത്തകിയുടെ പോലെ കണ്ണുകൾ നീട്ടി എഴുതിയ ആ ചെറിയ പെൺകുട്ടിയെ മൈഥിലി തുറിച്ചു നോക്കി…

ജീവിതത്തേ കുറിച്ച് പറയാൻ ഇവൾക്ക് എന്തറിയാം…ജീവിച്ചു തുടങ്ങിയിട്ടുണ്ടോ ഇവൾ…

അനുഭവിക്കുന്നവർക്ക് മാത്രം മനസിലാകുന്ന ജീവിതയാഥാർഥ്യങ്ങളെ കുറിച്ച് പുറമെ നിന്ന് ആട്ടം കാണുന്നവർ നടത്തുന്ന അഭിപ്രായപ്രകടനം…

മൈഥിലിയ്ക്ക് ഉള്ളിൽ ഒരു പുച്ഛം തോന്നി…

“ആ…മാം…നോക്കു…”

നിത്യ കയ്യിൽ ഉള്ള മൊബൈൽ മൈഥിലിയ്ക്ക് നേരെ ഉയർത്തി പിടിച്ചു…

ഒരു വിവാഹഫോട്ടോ ആണ്..മധ്യവയസ്സിലെത്തിയ രണ്ടുപേർ. കഴുത്തിൽ പൂമാല അണിഞ്ഞിരിക്കുന്നത് കൊണ്ടു മാത്രം അതു വിവാഹഫോട്ടോ ആണെന്ന് മൈഥിലി മനസ്സിൽ ആക്കി….

“എന്റെ അച്ഛൻ ആണ്…അടുത്തിടെ ആണ് വിവാഹം കഴിഞ്ഞത്…അച്ഛന്റെ കൂടെ പഠിച്ച ആണ് ആന്റി…ആന്റി ടേം ആദ്യത്തെ മാര്യേജ് ഡിവോഴ്സ് ആയതാ..കുട്ടികൾ ഇല്ലായിരുന്നു…അച്ഛന് അമ്മ മാത്രേ ഉണ്ടായിരുന്നുള്ളൂ..അച്ഛമ്മ മരിച്ചപ്പോൾ തീർത്തും ഒറ്റപ്പെട്ടു പോയി എന്റെ അച്ഛൻ… “

“ഇത് നോക്കു….”

മൊബൈൽ ഇൽ സ്ക്രോൾ ചെയ്തു നിത്യ മറ്റൊരു ഫോട്ടോ കാണിച്ചു…

വിവാഹഫോട്ടോ അല്ലായിരുന്നു..എങ്കിലും ഭാര്യയും ഭർത്താവും ആണെന്ന് തോന്നി…

“എന്റെ അമ്മ ആണ്…ഇത് ശ്രീനി അങ്കിൾ…അമ്മേടെ ഭർത്താവ് ആണ്….ശ്രീനി അങ്കിളിന്റെ ആദ്യ ഭാര്യ മരണപെട്ടു പോയി. രണ്ടു മക്കൾ ഉണ്ട്…അങ്കിളിന്…ശ്രേയ ചേച്ചിയും ശ്വേത ചേച്ചിയും…വിവാഹം കഴിഞ്ഞു വിദേശത്തു സെറ്റിൽഡ് ആണ് രണ്ടു പേരും…ഇപ്പോൾ വീട്ടിൽ അമ്മയും അങ്കിളും മാത്രം…”

“ഞാനും നിഖിലും കൂടെ ആണ് ഇവരുടെ രണ്ടു പേരുടേം വിവാഹം നടത്തി കൊടുത്തത്…നിഖിലിനെ മാമിന് അറിയില്ല ല്ലോ ല്ലേ…എന്റെ അനിയൻ ആണ്….ഇപ്പോൾ സ്റ്റുഡന്റസ് വിസയിൽ യുകെയിൽ പഠിക്കാൻ പോയേക്കുവാണ്….മാം സോഷ്യൽ മീഡിയ ഒന്നും അധികം നോക്കാത്തതുകൊണ്ടാണ്…അച്ഛന്റെയും അമ്മയുടെയും വിവാഹം നടത്തികൊടുത്ത മക്കൾ എന്ന നിലയിൽ ഞങ്ങൾ കുറച്ചു കാലം ഭയങ്കര വൈറൽ ആയിരുന്നു….സോഷ്യൽ മീഡിയ അങ്ങനെ അല്ലേ…അവിടെ ചിരിച്ചാൽ..ആഹാ പൊളി…കരഞ്ഞാൽ..അയ്യോ പാവം…അത്രേം ള്ളൂ, ഈ ചിരിക്കുള്ളിലെ കരച്ചിൽ ഒന്നും അവിടെ ആരും കാണില്ലല്ലോ..

മഷി എഴുതി നിത്യ മറച്ചുപിടിക്കാൻ ശ്രമിച്ച വേദന മൈഥിലി ഇപ്പോൾ വ്യക്തമായും അവളുടെ വലിയ കണ്ണിൽ കണ്ടു…

“മാം…പറഞ്ഞ വില്ലൻ തന്നെ ആയിരിക്കണം അവരുടെ ജീവിതത്തിലും ഉണ്ടായിരുന്നത്…എങ്കിലും ഞാനും നിഖിലും എത്ര ആഗ്രഹിച്ചിട്ടുണ്ട് ന്നോ അവരിൽ ഒരാൾ എങ്കിലും ഒന്ന് താഴ്ന്നു കൊടുത്ത് ഒരുമിക്കാൻ മനസ് കാണിച്ചെങ്കിൽ എന്ന്…എത്ര പ്രാർത്ഥിച്ചിരുന്നു….ഞങ്ങൾക്ക് രണ്ടു പേരും ഒരുപോലെ അല്ലേ..വല്യ ഭാഗ്യം അല്ലേ അച്ഛന്റേം അമ്മേടേം കൂടെ ജീവിക്കാൻ പറ്റുന്നത്…

മ്മ്മ്..പിന്നെ ഒന്നോർത്താൽ ഇതൊന്നും  നമ്മുടെ കയ്യിൽ അല്ല ല്ലോ..ദൈവം എഴുതി വച്ച സ്ക്രിപ്റ്റ് അല്ലേ…മാറ്റം വരുത്താൻ പറ്റി കാണില്ല…”

നിത്യ മൈഥിലിയെ നോക്കി പുഞ്ചിരിച്ചു…

കണ്ണിൽ ഊറികൂടിയ കണ്ണുനീർത്തുള്ളിയെ താഴെ വീഴാൻ അനുവദിക്കാതെ അവൾ കണ്ണുകൾ അടച്ചു കളഞ്ഞു…

“മാം..ഒത്തിരി ലേറ്റ് ആയി. ഞാൻ ഇറങ്ങട്ടെ. റൂമിൽ എത്താൻ വൈകും….”

അടച്ചു വച്ച കണ്ണുകൾ തുറന്നു നിത്യ ഭംഗിയായി മൈഥിലിയെ നോക്കി ചിരിച്ചു…

മൈഥിലി പതിയെ തലയാട്ടി…

ആ പെൺകുട്ടി ഗ്ലാസ്‌ ഡോറിനപ്പുറം മറയുന്നതും നോക്കി മൈഥിലി ഇരുന്നു..

ആളുകളെ മനസിലാക്കുന്നതിലും വിലയിരുത്തുന്നതിലും തനിക്ക് വീണ്ടും തെറ്റുപറ്റി എന്ന് മൈഥിലി തിരിച്ചറിഞ്ഞു..

നിത്യയുടെ വാക്കുകൾ സൃഷ്ടിച്ച പുകമറക്കുള്ളിൽ തന്നെ ആയിരുന്നു മൈഥിലി അപ്പോഴും….

❤️ മീനു ❤️

(ഇൻബോക്സിൽ വന്നു പറഞ്ഞു തന്നാൽ എന്റെ കഥ ഭംഗിയായി എഴുതുമോ എന്ന് ചോദിച്ച സുഹൃത്തിനു സമർപ്പിക്കുന്നു…എഴുത്ത് ആണ്. തീർച്ചയായും എന്റെ കുറച്ചു ഭാവന കൂടെ ചേർത്തിട്ടുണ്ട്…പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായതിനാൽ length കൂടി പോയി…സദയം ക്ഷമിക്കുക….സമയവും താല്പര്യവും ഉള്ള പ്രിയപ്പെട്ട കൂട്ടുകാർ വായിച്ചു അഭിപ്രായങ്ങൾ പങ്കു വെക്കുക )