കടലെത്തും വരെ ~ ഭാഗം 32, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

വിനു അപ്പോഴും എന്തോ ആലോചിക്കുകയായിരുന്നു

“വിനുവേട്ടനെന്താ ആലോചിക്കുന്നേ ?”

“എനിക്ക്  ഒന്ന് കാണണം ..ഞാൻ കണ്ടില്ലല്ലോ അവളെ “

“അതിനെന്താ ..വരൂ “മനോജ്‌ അവനെ  അങ്ങോട്ട്‌ ആക്കിയിട്ട് വാർഡിലേക്ക് പോയി. കണ്ണടച്ചു കിടക്കുകയാണവൾ. തല പൊതിഞ്ഞിട്ടുണ്ട്. മുഖത്ത് ഒരു പോറൽ പോലുമില്ല. പൂർണചന്ദ്രനെ പോലെ.

പാറു …അവൻ മെല്ലെ വിളിച്ചു

പാർവതി മെല്ലെ കണ്ണ് തുറന്നു. വിനുവിനെ കണ്ടു അവളൊന്നു ചിരിക്കാൻ ശ്രമിച്ചു.

“ഭയങ്കര വേദന വിനുവേട്ടാ ..എനിക്ക് സഹിക്കാൻ വയ്യ ..എന്തെങ്കിലും മരുന്ന് കൂടി തരാൻ പറയാമോ ?”അവൾ സങ്കടത്തിൽ പറയുന്നത് കേട്ട് വിനു കീഴ്ച്ചുണ്ടു കടിച്ചു പൊട്ടി വന്ന ഒരു കരച്ചിൽ അടക്കി പിടിച്ചു

“പറയാം “അവൻ പറഞ്ഞു

“നന്ദനെ നോക്കിക്കോണേ..പാവാ ..പുറമേയ്ക്ക് ധൈര്യം കാണിക്കുമെന്നേയുള്ളു..പഞ്ചപാവമാ ..”അവൾ സാവധാനം പറഞ്ഞു

“നോക്കിക്കൊള്ളാം “അവന്റെ കണ്ണിൽ നിന്ന് അവളുടെ മുഖത്തേക്ക് ഒരു തുള്ളി കണ്ണീരിറ്റു വീണു.

അവൾ ഒരു കൈ ഉയർത്തി അവന്റെ കൈയിൽ പിടിച്ചു.

“വിനുവേട്ടൻ വിഷമിക്കരുത് ” വിനു വിങ്ങിപൊട്ടിക്കരഞ്ഞു പോയി.

അവന കൈകൾ നെറ്റിയിൽ ചേർത്ത് വെച്ചു.പിന്നെ അത് മെല്ലെ ബെഡിൽ വെച്ചിട്ട് ഇറങ്ങി നടന്നു..അവളപ്പോഴേക്കും അടുത്ത മയക്കത്തിലേക്ക് ഊർന്നു പോയിരുന്നു

ആശുപത്രിയിലേക്ക് അറിഞ്ഞു കേട്ടവരുടെ കുത്തൊഴുക്കായിരുന്നു. ബന്ധുക്കൾ സുഹൃത്തുക്കൾ അങ്ങനെ ..പാർവതിക്ക് ഇത്രയും സുഹൃത്തുക്കൾ ഉണ്ടെന്നു നന്ദന് പോലും മനസിലായത് അന്നായിരുന്നു.

പാർവതിയെ മുറിയിലേക്ക് മാറ്റി കഴിഞ്ഞു ഒരു ദിവസം നന്ദൻ വീണ്ടും അവൻ അന്ന് പോയ ക്ഷേത്രത്തിൽ പോയി.

അന്ന് നട തുറന്നിരുന്നു. ദേവി പ്രസന്നവതിയായി അവനെ നോക്കി ചിരിക്കുന്നത് പോലെ അവനു തോന്നി.

അന്നത്തെ ആ വൃദ്ധ അവിടെ ഉണ്ടോന്നു അവൻ ചുറ്റുപാടും തിരഞ്ഞു.

പലരോടും ചോദിച്ചു. ആർക്കുമറിയില്ല. അങ്ങനെയൊരു വൃദ്ധയെ അവരാരും കണ്ടിട്ടില്ല. അവന്റെ ഉള്ളിൽ ഒരു വിറ പടർന്നു. അത് ദേവിയായിരുന്നോ ?അവന്റെ കണ്ണ് നിറഞ്ഞു. അത്രമേൽ തകർന്നു പോയത് കണ്ടു സമാധാനിപ്പിക്കാൻ വന്നതാകുമോ ? ശരിക്കും ദൈവങ്ങൾ ഭൂമിയിലേക്ക് വരാറുണ്ടോ ?

അവൻ ഏറെ നേരം ആൽത്തറ ചുവട്ടിലിരുന്നു. ആരുമില്ലത്തവന് ..ദൈവം ഉണ്ടാകുമെന്നു പണ്ട് അച്ഛൻ പറഞ്ഞു തന്നത് അവൻ ഓർത്തു.

ശരിയാണ്. ദൈവം ഉണ്ട്.

അവൻ ഇലച്ചീന്തിൽ കിട്ടിയ പ്രസാദം പോക്കറ്റിൽ വെച്ച് ആശുപത്രീയിലേക്ക് നടന്നു.

പാർവ്വതിയുടെ നെറ്റിയിൽ ചന്ദനം തൊടുവിക്കുമ്പോൾ അവൾ കൗതുകത്തോടെ നോക്കി.

“ഇതെന്താ പുതുമ ?ഇതെനിക്കിഷ്ടായി “അവൾ മെല്ലെ പറഞ്ഞു

പൗർണമിയും ശ്രീക്കുട്ടിയും അത് കേട്ട് ചിരിച്ചു

“നീ എപ്പോ വന്നു? “അവൻ പൗർണമിയോട് ചോദിച്ചു

“കുറച്ചു നേരമായി “അവൾ പറഞ്ഞു

“നിങ്ങൾ വേണെങ്കി വീട്ടിലേക്ക് പൊയ്ക്കോ .ഇവിടിപ്പോ ഞാനും വിനുവും ഒക്കെ ഉണ്ടല്ലോ “അവനവരോടായി പറഞ്ഞു

“വേണ്ടച്ഛാ ..ശ്രീക്കുട്ടിയുടെ മുഖം മാറി

“അതെന്താ ..?”

“എനിക്ക് പേടിയാ അച്ഛാ .അന്ന് തന്നെ ഞാൻ ഉണ്ടായിരുന്നെകിൽ ‘അമ്മ വീഴുന്നത് കണ്ടേനെ ..ഞാൻ ഒപ്പം ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ അമ്മ വീഴില്ലായിരുന്നു ..ഞാൻ എങ്ങും പോകുന്നില്ല ഞാൻ അച്ഛന്റെ കൂടെ നിന്നോളം “ശ്രീക്കുട്ടി പറഞ്ഞു

“അവൾ ഇവിടെ നിന്നോട്ടെ”പാർവതി വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു

“എങ്കിൽ നിന്നോളൂ .കിച്ചുവിനെ ഡിസ്ചാർജ് ചെയ്തോ ?” അവൻ പൗർണമിയോട് ചോദിച്ചു

“ഉവ്വ് ഫിസിയോ തുടങ്ങി .നല്ല മാറ്റമുണ്ട് എന്നാ പറയുന്നത് “അവൾ പറഞ്ഞു

“ഇനിയിപ്പോ മൂന്നു മാസത്തേക്ക് ഞങ്ങൾക്ക് പറ്റില്ല അല്ലെ പാറു ?”

“മൂന്ന് മാസമല്ല നന്ദേട്ടാ എത്ര മാസം കഴിഞ്ഞാലും എന്റെ ചേച്ചി ഓടി ചാടി നടക്കുന്ന അന്ന് മതി എനിക്ക് കല്യാണം ..കിച്ചുവിനെ നോക്കാൻ അവിടെ അച്ഛനുമമ്മയും ഒക്കെയുണ്ടല്ലോ .ചേച്ചി ഓക്കേ ആവട്ടെ കിച്ചുവും അതാ പറഞ്ഞത് “

നന്ദൻ സ്നേഹത്തോടെ ഒന്ന് ചിരിച്ചു

“വിനുവേട്ടന്റെ വൈഫ് അന്ന് പോയതാ ..പിന്നിതുവരെ വന്നിട്ടുമില്ല ഇതൊക്കെ അറിഞ്ഞിട്ടും ആരെയും ഒന്ന് വിളിച്ചിട്ടുമില്ല .എന്ത് സാധനമാണപ്പാ ..വിനുവേട്ടൻ എങ്ങനെ സഹിക്കുന്നു ഇതിനെ ?” പൗർണമി ഇഷ്ടക്കേടോടെ പറഞ്ഞു

“നീ പരദൂഷണം പറച്ചിൽ നിർത്തിക്കെ ..ശെടാ അവർക്ക് വീട്ടിൽ എന്തെങ്കിലും തിരക്കുണ്ടാകും ..വരുമായിരിക്കും “പാർവതി പറഞ്ഞു അവളെ വിഷയം പറയാൻ ആഗ്രഹിക്കുന്നില്ല എന്ന് കണ്ടു നന്ദൻ പൗർണമിയെ കണ്ണടച്ച് കാണിച്ചു.

പാർവതിയുടെ ഓർമയിൽ ഒരു പിശാചിന്റെ മുഖഭാവങ്ങളോടെ തന്നെ ഉയരത്തിൽ നിന്ന് തള്ളിയിട്ട അഖിലയുടെ മുഖം തെളിഞ്ഞു. അവൾക്ക് തല വേദനിക്കുന്നത് പോലെ തോന്നി.

ആരോടും പക്ഷെ അവൾ അത് പറയാൻ ആഗ്രഹിച്ചില്ല

ആരും അറിയണ്ട അത്.

അവൾ ചിന്തിച്ചു

അഖിലയുടെ വാതിലിൽ ഏറെ നേരം അമ്മ തട്ടി നോക്കി

“ഒന്നു പോയി തരുമോ “അകത്തു നിന്ന് ഉറക്കെ ചോദിക്കുന്നത് കേട്ട് അവർ  അച്ഛനെ വിളിച്ചു

“ഇതിപ്പോ എത്ര ദിവസമായി അതിനകത്തു കയറി ഇരിക്കുന്നു ?നീയും അവനുമായി പിന്നെയും പ്രശനങ്ങൾ ഉണ്ടായോ ?”നീ ഒന്ന് തുറന്നു പറഞ്ഞാലല്ലേ  അറിയുകയുള്ളൂ “

അച്ഛൻ പുറത്തു നിന്ന് ശാന്തനായി ചോദിച്ചു

“എന്നെ ഒന്ന് വെറുതെ വിടാമോ ?”അവൾ വീണ്ടും അലറി

” ഒരാഴ്ചയായല്ലോ നീ ഇതിനകത്തു കയറി കുത്തിയിരിക്കാൻ തുടങ്ങിയിട്ട്. നീ എന്ത് പ്രശ്‌നമാണ് ഉണ്ടാക്കി വെച്ചിരിക്കുന്നതെന്നു അറിയാതെ  അങ്ങോട്ട് വിളിക്കാനും വയ്യല്ലോ ..അതോ ഞങ്ങൾ അവിടെ വരെ പോകണോ ?നീ ഇനിയും ഇങ്ങനെ തന്നെ ഇരിക്കാൻ ആണ് ഭാവമെങ്കിൽ ഞങ്ങൾ അവിടെ വരെ പോകാൻ തന്നെ തീരുമാനിച്ചു “

അച്ഛൻ കോപത്തിൽ പറഞ്ഞു

അഖില പെട്ടെന്ന് ഭയന്ന് കട്ടിലിൽ നിന്ന് എഴുനേറ്റു. ഇവർ പോയാൽ …

ഒരു പക്ഷെ പാർവതി ആരോടെങ്കിലും പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ ഈ ദിവസങ്ങൾക്കകം പോലീസ് വന്നേനെ. അല്ലെങ്കിൽ വിനു എങ്കിലും വന്നേനെ. എങ്കിൽ വിനു അറിഞ്ഞിട്ടുണ്ടെങ്കിൽ ..വിനു തന്നെ കൊ- ന്നേനെ. ഉറപ്പാ അത്.

ഒന്നുകില് വീഴ്ചയിൽ അവളുടെ അവസ്ഥ മോശമായി കാണും മരിക്കാൻ സാധ്യതയില്ല. മരിച്ചിരുന്നെങ്കിൽ എങ്ങനെയെങ്കിലും അറിയും. ചിലപ്പോൾ  ബോധം നഷ്ടപ്പെട്ടു കിടക്കുകയാണെങ്കിലോ? ആരോടും മിണ്ടാനും അനങ്ങാനും വയ്യാതെ. അത് ആയിരിക്കും. സത്യം

അവൾ വന്നു വാതിൽ തുറന്നു

“ആരും എങ്ങോട്ടും പോകണ്ട .ഞാൻ ഇനി അങ്ങോട്ട് പോണില്ല .എനിക്ക് മതിയായി ..”അവൾ മെല്ലെ പറഞ്ഞു

“അത് അങ്ങനെ എങ്കിൽ അങ്ങനെ.പക്ഷെ  എന്തിനും ഒരു ചർച്ച ആവാം .നീ അനുഭവിച്ചതൊക്കെ അവർ കൂടിയറിയട്ടെ ..”ഞങ്ങൾ  അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചു” അച്ഛൻ തീർത്തു പറഞ്ഞു.

അവൾ പെട്ടെന്ന് അച്ഛനെ തടഞ്ഞു.

“ഇപ്പൊ വേണ്ട ഞാൻ പറയാം “

“ശരി പക്ഷെ നീ മുറിയിൽ നിന്ന് പുറത്തു വാ ..അമ്മയ്‌ക്കൊപ്പം അടുക്കളയിലേക്ക് ചെല്ല്”

അവൾ തലയാട്ടി. മൊബൈൽ ബെൽ അടിക്കുന്നത് കേട്ട് അവൾ ചെന്നു് നോക്കി. വിനു കാളിംഗ്.

അവളുടെ ശരീരം വിറച്ചു. ഉള്ളം കൈ പൊടുന്നെനെ വിയർത്തു. വിളറി വെളുത്ത അവളുടെ മുഖം കണ്ടു അച്ഛൻ ഫോൺ വാങ്ങി നോക്കി.

“വിനു “

“ഞാൻ സംസാരിക്കാം “അയാൾ കാൾ എടുക്കുവാൻ തുനിഞ്ഞു

“വേണ്ട ..ഞാൻ എടുക്കാം അച്ഛൻ പൊയ്ക്കോളൂ “

അവൾ വേഗം മുറിയിൽ കടന്നു വാതിൽ അടച്ചു.

“ഹലോ “

“ഞാൻ നാളെ വരും.നി എന്റെ ഒപ്പം വരണം. ഇല്ലെങ്കിൽ നിനക്ക് അറിയാമല്ലോ എന്നെ… എന്നെ കൊല്ലാൻ ശ്രമിച്ചത് ഉൾപ്പെടെ എല്ലാരും എല്ലാം അറിയും.”
ഫോൺ കട്ട്‌ ആയി

അവൾ തളർന്നു വിറച്ചു കിടക്കയിലേക്ക് വീണു.

****************

വർഷങ്ങൾക്ക് ശേഷം വിനു അഖിലയുടെ വീട്ടിലേക്ക് വരികയായിരുന്നു. കാളിംഗ് ബെൽ അടിച്ച് അവൻ കാത്തു നിന്നു.വാതിൽ തുറന്നതു അഖിലയുടെ അച്ഛൻ ആയിരുന്നു. മുന്നിൽ വിനുവിനെ കണ്ട അയാൾ ഒന്ന് പതറി

“അഖില ?”

“നീ എന്തിനാ ഇപ്പൊ അവളെ കാണുന്നെ ?അവളെല്ലാം ഞങ്ങളോട് പറഞ്ഞു.നീ അവളെ ഇഞ്ചിച്ചായി ദ്രോഹിച്ചു കൊണ്ടിരുന്നതൊക്കെ മോൾ ഞങ്ങളോട് പറഞ്ഞു .ഇനിയവളെ നിനക്ക് തരില്ലടാ ” അയാൾ അക്ഷരാർത്ഥത്തിൽ അലറുകയായിരുന്നു. വിനു ഒന്നും മിണ്ടാതെ അകത്തു കയറി സെറ്റിയിൽ ഇരുന്നു

“അച്ഛൻ ഇരിക്ക് നമുക്ക് സംസാരിക്കാം ” അയാൾ മനസ്സിലാമനസ്സോടെ വിനുവിന്റെ മുന്നിൽ ഇരുന്നു

“എന്റെ കയ്യിൽ ഒരു പാട് തെറ്റുണ്ട് അച്ഛാ .ഞാൻ സമ്മതിക്കുന്നു .അവളുടെ കയ്യിലും ഉണ്ട് അത് പോലെ .ഒരു കുടുംബ ജീവിതം അല്ലെ ?” വെളിയിൽ വിനുവിന്റെ സ്വരം കേട്ട അഖില പേടിച്ചു വിറച്ചു കൊണ്ട് വാതിലടച്ചു

‘അമ്മ അവന്റെ ശബ്ദം കേട്ട് അടുക്കളയിൽ നിന്നങ്ങോട്ടേക്ക് വന്നു.

“ഞാൻ ചെയ്ത തെറ്റുകൾക്കെല്ലാം ക്ഷമ ചോദിക്കാനാണ് ഞാൻ വന്നത്. എനിക്ക് എല്ലാം ബോധ്യമായി ..നിങ്ങൾ എന്നോട് ക്ഷമിക്കണം.” അവൻ കൈ കൂപ്പി

“അഖില മാറി നിന്നപ്പോഴാണ് സത്യത്തിൽ അവളാരാണ് എന്ന് എനിക്ക് മനസ്സിലായത് .ഭാര്യയും ഭർത്താവുമാകുമ്പോൾ കുറച്ചു പ്രശ്നങ്ങൾ ഉണ്ടാവില്ലേ ?ഇത്രയും വലിയ വിഷമം അവൾ ക്കുണ്ടായിരുന്നു എങ്കില് ഈ വർഷങ്ങളിൽ അത്രയും അവൾ പരാതി പറയാഞ്ഞതെന്താ എന്ന് നിങ്ങൾ ചോദിച്ചോ ?”

അത് ശരിയാണല്ലോ എന്ന മട്ടിൽ അച്ഛനും അമ്മയും പരസ്പരം നോക്കി.

“ഇത്തവണ ശരിക്കും കുറച്ചു പ്രശ്നങ്ങൾ ഉണ്ടായി .നാട്ടിൽ വരാൻ അവൾക്കിഷ്ടമായിരുന്നില്ല..എനിക്ക് ഈ ഫങ്ക്ഷന് വന്നേ കഴിയു.അവൾക്കിഷ്ടമില്ലതെ വന്നതിന്റെ ദേഷ്യവും സങ്കടവുമാണ് ഇങ്ങനെ തീർത്തത് ..അവളെന്തൊക്കെയാണ് നിങ്ങളോടു പറഞ്ഞത് എന്ന് എനിക്കറിയില്ല .തീർച്ചയായും അത് വളരെ മോശപ്പെട്ട എന്തോ ആവും .അറിയില്ല ചില്ലറ സൗന്ദര്യ പിണക്കങ്ങൾ അല്ലതെ ഞങ്ങൾക്കിടയിൽ ഒന്നുമുണ്ടായിട്ടില്ല “.അവൻ നിഷ്കളങ്കതയോടെ പറഞ്ഞു

“പക്ഷെ അവൾ പറഞ്ഞത് നീ അവളെ തല്ലാറുണ്ടായിരുന്നു എന്നാണല്ലോ.അവളെ അ-ബോ-ർഷൻ ചെയ്യിച്ചോ നീയ്?”

തുടരും..