ഒൻപത് വർഷത്തെ പ്രണയം ഒന്നുമല്ലെന്ന് തനിക്ക് തെളിയിച്ചു തന്ന പുരുഷൻ, തന്നെ സ്നേഹിച്ച്, മറ്റൊരുവളെ സ്വന്തമാക്കി, ഒടുവിൽ ഇങ്ങനെയൊരു കൂടിക്കാഴ്ച….

Story written by Sony P Asokan
=========================

തന്റെ മുന്നിലിരിക്കുന്ന വടിവൊത്ത  സ്ത്രീരൂപം…താൻ  വർഷങ്ങളോളം സ്നേഹിച്ച അലീനയാണെന്ന് മനസിനെ ബോധിപ്പിക്കാൻ സിദ്ധു ബുദ്ധിമുട്ടുന്നുണ്ടായിരുന്നു…

മുത്തുകൊലുസുകളോടെ മുൻപ് കൊതിപ്പിച്ചിരുന്ന പാദങ്ങൾ, ഇന്ന് ഹൈ ഹീൽസിനു മുകളിൽ അഴകോടെ നിൽക്കുമ്പോൾ, അവയുടെ നിശബ്ദത, തന്റെ നെഞ്ചിടിപ്പിനെ പുറത്തേക്ക് കേൾപ്പിക്കുമോ എന്നവൻ ഭയന്നു…

“ഇരിക്കെടോ…”

ഒരുപാട് നാളുകൾക്ക്  ശേഷം ആ ശബ്ദം തന്നിലെ മൺമറയാത്ത  വികാരങ്ങളെ കൊഴുപ്പിക്കുന്നത്, അവൾ കടിച്ചമർത്തി…

ഹാൻഡ് ബാഗ് അരികിലെ കസേരയിൽ വച്ച്, കണ്ണിലെ ആകാംക്ഷ മറയ്ക്കാൻ കഴിയാതെ, സിദ്ധുവിന് എതിരെയുള്ള  കസേരയിൽ അവൾ ഇരുന്നു…

ഒൻപത് വർഷത്തെ പ്രണയം ഒന്നുമല്ലെന്ന് തനിക്ക് തെളിയിച്ചു തന്ന പുരുഷൻ…തന്നെ സ്നേഹിച്ച്, മറ്റൊരുവളെ സ്വന്തമാക്കി, ഒടുവിൽ ഇങ്ങനെയൊരു കൂടിക്കാഴ്ച സിദ്ധു ആവശ്യപ്പെട്ടതെന്തിനാകും…

“അലീന…താൻ ചിന്തിക്കുന്നുണ്ടാകും ഞാൻ എന്തിനാണ് തന്നെ വിളിപ്പിച്ചതെന്ന്…എനിക്ക് ജീവിച്ചു മടുത്തെടോ…ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു, ഞാൻ ചെയ്ത വലിയ തെറ്റ്…തന്നെ ഞാൻ നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു അലീന…”

“എന്തുണ്ടായി…ഇപ്പോൾ ഇങ്ങനെയൊക്കെ…”

തന്റെ ആവശ്യമറിഞ്ഞാൽ, അവളുടെ പ്രതികരണം എന്താകുമെന്ന് അവൻ ഭയത്തോടെ കണക്കുകൂട്ടി…

പണ്ട് സംസാരിക്കുമ്പോഴൊക്കെ, ആ കിളിനാദത്തിനൊപ്പം, അവളുടെ കാതിലെ ജിമിക്കിയും താളം പിടിക്കുമായിരുന്നു…അവൻ ഓർത്തു…എന്നാൽ, ഇന്ന് ആ കാതുകൾ ഒഴിഞ്ഞുകിടപ്പുണ്ട്…

കൺമഷിക്കിടയിൽ, മറ നീക്കി തിളങ്ങുന്ന കണ്ണുകളും, ചുണ്ടിൽ വിടരുന്ന മനം കവരുന്ന പുഞ്ചിരിയുമൊഴിച്ചാൽ, അവളാകെ മാറിയിരുന്നു…

കൈകളിലെ കുപ്പിവളകളുടെ അഭാവം…

ഇപ്പോൾ ഇടതു കയ്യിൽ  വലിയ ഡയലുള്ള ഒരു കറുത്ത വാച്ചു മാത്രമുണ്ട്…മോതിരവിരലിൽ അണിഞ്ഞിരുന്ന സ്വർണ മോതിരം, അപ്രത്യക്ഷമായിരിക്കുന്നു…പകരം ചൂണ്ടുവിരലുകളിൽ ബ്ലാക്ക് മെറ്റലിൽ തീർത്ത വളയങ്ങൾ ഭംഗിയാർന്ന കല്ലുകൾ പതിപ്പിച്ച് അലങ്കാരമേകുന്നുന്നുണ്ട്…

എല്ലാം മാറിയെങ്കിലും, അക്ഷമയായ നിമിഷങ്ങളിലുള്ള അവളുടെ വിരലുകളുടെ വിറയാർന്ന തുടിപ്പ്, ഇപ്പോഴും മാറിയിട്ടില്ല…

പുറമെ മോടി ചാർത്തിയെങ്കിലും, ഉള്ളിൽ അവൾ തന്റെ പഴയ അലീന തന്നെയാണെന്ന് മനസിലാക്കി, അവൻ ആശ്വസിച്ചു…

“ഞാനും എന്റെ ഭാര്യയും..മനസ് തുറന്ന് ഒരിക്കൽ പോലും ഞങ്ങൾ സ്നേഹിച്ചിട്ടില്ല…തന്നോട് ആയത് കൊണ്ട് തുറന്ന് പറയുന്നതാണ് ഞാൻ…ഉടനെ തന്നെ ഒരു വിവാഹമോചനം ഉണ്ടാകും…ഞങ്ങൾ പിരിയും…സത്യം പറഞ്ഞാൽ ഞാൻ അറിയാതെ എന്റെ മനസ്, ആ പഴയ ജീവിതത്തിന് വേണ്ടി കൊതിച്ചു പോകുകയാണ്…”

ഇങ്ങനെയൊരു ഏറ്റുപറച്ചിൽ അവൾ ആഗ്രഹിച്ചിരുന്നില്ല…

“അലീന….തന്റെ വിവാഹം കഴിഞ്ഞിട്ടില്ല എന്നെനിക്കറിയാം…നമ്മൾ ആഗ്രഹിച്ച ആ ജീവിതം വൈകിയിട്ടില്ല എങ്കിൽ…”

അലീനയുടെ വിരലുകൾ നിശ്ചലമായതും, വാക്കുകൾ മുഴുമിക്കാനാകാതെ സിദ്ധു അമ്പരന്നു…

ഒരൊറ്റ നിമിഷത്തിൽ, അധഃപതിച്ച  വാക്കുകൾ  തന്റെ സങ്കൽപ്പത്തിലെ സിദ്ധുവിനെ തകർത്തെറിഞ്ഞത് താങ്ങാനാകാതെ, തുറിച്ചു നോക്കി നിൽക്കാനേ അലീനയ്ക്ക് കഴിഞ്ഞുള്ളൂ…

“തനിക്ക് എങ്ങനെ ഇങ്ങനെ മാറാൻ കഴിയുന്നു സിദ്ധു…എന്നെ ജീവന് തുല്യം സ്നേഹിച്ചെന്നു പറഞ്ഞ നിങ്ങളാണ് മറ്റൊരുവളെ സ്വന്തമാക്കിയത്…അത് വീട്ടുകാർക്ക് വേണ്ടിയെന്ന് കരുതി ഞാൻ ആശ്വസിച്ചു…ഇപ്പോൾ, ആ കുട്ടിയെ ഉപേക്ഷിച്ചു എന്നെ സ്വീകരിക്കാമെന്ന് പറയാൻ നിങ്ങൾക്ക് നാണമില്ലേ…”

“ഞാൻ സ്വപ്നം കണ്ടൊരുവൾ അല്ല  എന്റെ ഭാര്യ…അവൾക്കൊരിക്കലും അങ്ങനെ ആകാൻ കഴിയില്ല എന്ന തിരിച്ചറിവാണ് ഇപ്പോൾ ഉള്ള ഈ ഡിവോഴ്സ്…!”

“എനിക്ക് നിങ്ങളോട് തോന്നുന്നത് അറപ്പാണ്…വെറും അറപ്പ്…!സ്വപ്നത്തിൽ കണ്ട പെൺകുട്ടിയല്ല പോലും…ഒന്ന് ചോദിച്ചോട്ടെ….നിങ്ങളുടെ വൈഫ് സ്വപ്നത്തിൽ കണ്ട പുരുഷനാകാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ….പോട്ടേ…നിങ്ങളുടെ വൈഫിന്റെ സ്വപ്നത്തിലെ പുരുഷൻ എന്താണെന്നറിയോ നിങ്ങൾക്ക്….സ്വപ്നവും ജീവിതവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് സിദ്ധു…അത് പോലും മനസിലാക്കാതെ വന്നേക്കുന്നു, അടുത്ത വിവാഹ ആലോചനയുമായി…

എന്നെ നിങ്ങൾ ഒരിക്കലെങ്കിലും മനസിലാക്കിയിരുന്നു എങ്കിൽ, ഇങ്ങനെ ഒരു അഭ്യർത്ഥനയുമായി എന്റെ അടുക്കൽ വരാൻ ധൈര്യപ്പെടില്ലായിരുന്നു…

മറ്റൊന്ന് കൂടി അറിഞ്ഞോളൂ…എന്റെ ജീവിതത്തിൽ ഇപ്പോൾ മറ്റൊരു പുരുഷനുണ്ട്…എന്നിലുള്ള പ്രതീക്ഷ ഒഴിവാക്കി, കഴിയുമെങ്കിൽ നിങ്ങൾ, നിങ്ങളുടെ വൈഫിനെ മനസിലാക്കാൻ ശ്രമിക്കൂ…”

“ഇയാളാണോ പുതിയ കക്ഷി…”

തനിക്ക് ചുറ്റും നടന്നതൊന്നും അത് വരെ കേൾക്കാത്ത പോലെ നടിച്ചിരുന്ന, നിരഞ്ജന്റെ മേലായി സിദ്ധുവിന്റെ മിഴികൾ…

“അതെ…ഞാൻ തന്നെയാണ് അലീന പറഞ്ഞ വ്യക്തി…”

ഇനിയൊന്നും സംസാരിക്കാനില്ല എന്ന ഭാവത്തിൽ, സിദ്ധു യാത്രയാകുമ്പോൾ, കഴിഞ്ഞു പോയ വർഷങ്ങളിൽ  താൻ മനസിലാക്കാതെ പോയ അലീനയെ, ആദ്യമായി മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ…

അലീനയെ താൻ അറിഞ്ഞിരുന്നില്ല…ഇപ്പോഴും, തന്റെ താലിയും അണിഞ്ഞു നടക്കുന്ന പെണ്ണിനെ തനിക്ക് മനസിലാക്കി തരാൻ, ഒടുവിൽ അവൾ തന്നെ വേണ്ടി വന്നു…

“ഇവിടെ എത്തും വരെ എനിക്ക് അറിയില്ലായിരുന്നു, ഞാൻ സിദ്ധുവിനെ എങ്ങനെ അഭിമുഖീകരിക്കുമെന്ന്…

നിരഞ്ജൻ…തന്നോട് എങ്ങനെയാ നന്ദി പറയേണ്ടതെന്നറിയില്ല…താൻ അങ്ങനെ പറഞ്ഞില്ലായിരുന്നു എങ്കിൽ, ഒരു പക്ഷെ സിദ്ധു വിശ്വസിക്കില്ലായിരുന്നു…താൻ എന്തായാലും വന്നത് നന്നായി…എല്ലാം ഇങ്ങനെ കഴിഞ്ഞല്ലോ…”

“അങ്ങനെ ഒരു നന്ദി വാക്ക് പറഞ്ഞ് എന്നെ ഒഴിവാക്കാൻ നോക്കുവാണോ താൻ…എന്റെ ഉള്ളിലെ ഇഷ്ടം ഞാൻ അറിയിക്കുമ്പോഴൊക്കെ എന്നോട് പറഞ്ഞിട്ടില്ലേ, സിദ്ധുവിനെ പൂർണമായും മറക്കാൻ കഴിഞ്ഞിട്ടില്ല എന്ന്‌…ഇപ്പോൾ അയാൾ ഈ മനസ്സിൽ ഇല്ലെന്ന് എനിക്ക് നന്നായി അറിയാം…ഇനിയും താൻ എന്തിനാ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്…”

“ഒരാളെ ഞാൻ ഒൻപത് വര്ഷം സ്നേഹിച്ചതാ നിരഞ്ജൻ…അയാൾ എന്നെ വിവാഹം കഴിക്കുമെന്ന വിശ്വാസത്തിൽ…ഇനിയും എന്നെക്കൊണ്ട്…”

“താൻ എനിക്ക് വേണ്ടി കാത്തിരിക്കണ്ട..സമ്മതമാണെന്നൊരു വാക്ക്…അത്രയും മതി..തന്നെ ഞാൻ ഇപ്പോൾ കൊണ്ട് പോകും, എന്റെ അമ്മയുടെ മുന്നിലേക്ക്…എന്റെ പെണ്ണായിട്ട്…”

നിരഞ്ജന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുമ്പോഴും, അവളുടെ വലതു കണ്ണിന്റെ അരികിലൂടെ, കവിൾത്തടത്തെ തഴുകി, ഒരു ചുടുകണ്ണീർ തുള്ളി ഒഴുകിയിറങ്ങി…സിദ്ധുവിന് വേണ്ടി ഈറനണിയാൻ അത്ര ഈർപ്പം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ…

നിരഞ്ജനോടുള്ള അടുപ്പം അതിര് വിടുമെന്ന് തോന്നിയപ്പോഴൊക്കെ, ആവർത്തിച്ച്  തടയിട്ടത് താൻ തന്നെയാണ്…ഇനിയും ആ  ഒളിച്ചു കളി തുടരുന്നതിൽ അർത്ഥമില്ലെന്ന് അവൾക്ക് അറിയാമായിരുന്നു….

“എന്നാൽ പിന്നെ വണ്ടിയെടുക്ക് മാഷേ… നമുക്ക് ഇപ്പോൾ തന്നെ അമ്മയെ കണ്ടേക്കാം….”

“ഓക്കേ ഡാർളിംഗ്…”

ഒരു ഗർജ്ജനത്തോടെ കുതിച്ച ബൈക്കിൽ നിരഞ്ജനോട് ചേർന്ന് ഇരിക്കുമ്പോൾ, പുതിയൊരു ജീവിതത്തിലേക്ക്, പ്രതീക്ഷകളില്ലാതെ ചുവടുകൾ വയ്ക്കുകയായിരുന്നു അവൾ…നിരഞ്ജന്റേത് മാത്രമായി…