കടലെത്തും വരെ ~ ഭാഗം 23, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

വിനുവും പൗർണമിയും എത്തിയപ്പോഴേക്ക് തറവാട്ടിൽ നിന്ന് മിക്കവാറും എല്ലാ ബന്ധുക്കളും സ്വന്തം വീടുകളിലേക്ക് മടങ്ങി പോയിക്കഴിഞ്ഞിരുന്നു. അമേരിക്കയിലുള്ള ശ്രീലക്ഷ്മി ചെറിയമ്മയുടെ കുടുംബവും ദുബായിലുള്ള ശുഭ ചെറിയമ്മയുടെ കുടുംബവും മാത്രം ശേഷിച്ചു .അവരും അവരുടെ ഭർത്താക്കന്മാരുടെ വീടുകളിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു . അഴിച്ചു മാറ്റുന്ന അലങ്കാരപ്പണികളിലേക്ക് പൗർണമി അമ്പരപ്പോടെ നോക്കി നടന്നു .

വിനു വേണുവിന്റെ അരികിൽ ചെന്ന് മെല്ലെ അയാളുടെ തോളിൽ ഒന്ന് തൊട്ടു

അയാൾ സർപ്പക്കാവിൽ മുന്നിൽ നിൽക്കുകയായിരുന്നു

“വേണു മാമേ”അവൻ വിളിച്ചു

തിരിഞ്ഞ അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണീരൊഴുകുന്നത് കണ്ട അവൻ പതറി പോയി.

“എത്ര ഭംഗിയായിട്ട മോനെ ഞാൻ ഇവരുടെ കാര്യമൊക്കെ നോക്കിയത്?” അയാൾ കാവിലേക്ക് കൈ ചൂണ്ടി.

“ക്ഷേത്രത്തിലാണെങ്കിലും കാവിലാണെകിലും ഞാൻ ഒന്നിനും ഒരു മുടക്കവും വരുത്തിയിട്ടില്ല .എല്ലാം കൃത്യമായി തന്നെ ചെയ്തിരുന്നു .അവർക്കൊരു അപ്രീതിയുണ്ടാകാതിരിക്കാൻ .എന്റെ മോളുടെ ജീവിതമാ ,ഈ തറവാട്ടിലുള്ള ഓരോ കുഞ്ഞുങ്ങളുടെയും ജീവിതം ഒക്കെ നിന്റെ കൈകളിലാണ് ഭഗവാനെ എന്ന് ആവർത്തിച്ച് കരഞ്ഞു പ്രാര്ഥിച്ചിരുന്നു..ആർക്കും അപകടങ്ങളൊന്നും സംഭവിക്കരുതേ .വന്നു കേറിയവർക്കും ഇവിടെ ജീവിക്കുന്നവർക്കും അപകടമൊന്നും ഉണ്ടാവരുതേ എന്നൊക്കെ ..എന്നിട്ടു കണ്ടോ എന്റെ മോളുടെ കാര്യം വന്നപ്പോ ഇങ്ങനെയായത് ,ചിലപ്പോ തോന്നും ദൈവങ്ങളൊന്നും നമ്മളെ കാണുന്നില്ലാന്ന് അയാൾ സങ്കടത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു.”

വിനു അയാളെ മെല്ലെ ചേർത്ത് പിടിച്ചു

“വേണു മാമ മറ്റൊന്ന് ആലോചിച്ചു നോക്ക് .വെറുതെ ആലോചിക്ക് ..നമ്മുടെ കുട്ടിയും അവനും കല്യാണം കഴിഞ്ഞു ഒരു യാത്ര പോകുന്നു .അപകടം ഉണ്ടാവുന്നു .രണ്ടു പേരും മരിക്കുന്നു “

“വിനു ..”ഉറക്കെ വിളിച്ചു പോയി വേണു

“വിനു പുഞ്ചിരിച്ചു

“ഞാൻ വെറുതെ ഒന്ന് ചിന്തിച്ചു നോക്കാനാണ് പറഞ്ഞത് ..ചിന്തിക്കാൻ കൂടി കഴിയുന്നില്ലല്ലേ വേണുമാമക്ക് ?”

“അപ്പൊ ഇപ്പൊ സംഭവിച്ചത് എത്ര നിസാരമാണ് …മെഡിക്കൽ സയൻസ് ഒരു പാട് പുരോഗമിച്ചിട്ടുണ്ട് .അവൻ ദേ കണ്ണടച്ച് തുറക്കും മുന്നേ പഴയ കിച്ചുവായിട്ട് നമ്മുടെ മുന്നിൽ വരും .ഇനി നമ്മുടെ കുട്ടിക്കാ ഇങ്ങനെയൊന്നു സംഭവിച്ചിരുന്നെകിൽ അവർ ഈ കല്യാണത്തിൽ നിന്ന് പിന്മാറുമോ ?ഇല്ല എന്ന് ഞാൻ നൂറു വട്ടം പറയും .അത്ര ആഭിജാത്യം ഉള്ളവരാ അവർ .വെറുതെ വാക്ക് മാറ്റി തറവാടിന്റെ പേര് കളയാൻ നിൽക്കരുത് മാമ ..അവരുടെ രണ്ടു പേരുടെയും ശാപം കൂടി വാങ്ങിച്ചു വെയ്ക്കണ്ട ..ഇനി നിങ്ങളുടെയൊക്കെ തീരുമാനം മാറുന്നില്ലെങ്കിൽ ഞാൻ മറ്റൊരു മുന്നറിയിപ്പ് കൂടി തരാം ..പൗർണമി പാർവതിയെ  പോലെ തന്നെ ചെയ്യും ..ഇനിയൊരു നാണക്കേട് കൂടി നമുക്ക് താങ്ങാൻ പറ്റുമോ എന്ന് ആലോചിച്ചു നോക്ക് “

വേണു നടുക്കത്തോടെ അവനെ നോക്കി

“നമ്മുടെ തറവാട്ടിലെ ആൾക്കാർക്ക് സ്നേഹം എന്ന് വെച്ചാൽ ഒരു  ഭ്രാന്താണ് വേണു മാമ ..ജീവൻ പോലും അവരതിന് വേണ്ടി കൊടുത്തു കളയും.പിള്ളേരുടെ സ്നേഹത്തെ പരീക്ഷിക്കാൻ നിൽക്കണ്ട “

വേണു അവന്റെ കൈകളിൽ മുറുകെ പിടിച്ചു

“ഞാൻ എന്ത് വേണം വിനു ?ആരും ഇതിനെ അനുകൂലിക്കുന്നില്ല ..കുറച്ചു കഴിയട്ടെ എന്നാ എല്ലാരും പറയുന്നത് ?”

“കുറച്ചു കഴിയുമ്പോൾ പിന്നെ ഞങ്ങൾ കുറച്ചു പേര് ഉണ്ടാവില്ല ..അവളുടെ കാര്യം ആയത് കൊണ്ട് മാത്രമാ ഞാൻ ഇത്രയും വർഷങ്ങൾക്ക് ശേഷം വന്നതെന്ന് മാമനറിയാമല്ലോ ..നമുക്ക് നിശ്ചയിച്ച ദിവസം തന്നെ ജാതകം കൈമാറാം..ഇവിടെ ഉള്ളവരും വരാൻ ആഗ്രഹിക്കുന്നവരും മതി .വലിയ ആർഭാടമൊന്നും വേണ്ട .അതൊക്കെ കല്യാണത്തിന് .ഇപ്പൊ ലളിതമായ ഒരു ചടങ്ങു വേണം ..അത് വേണമെന്ന് ഞാൻ പറയാൻ കാരണം ഈ അവസ്ഥയിൽ നമ്മൾ അത് കൂടി വേണ്ട എന്ന് പറഞ്ഞാൽ ആ വീട്ടുകാര് തളർന്നു പോകും .ഇതിപ്പോ നമ്മൾ കൂടെയുണ്ട്  എന്ന ഒരു ഉറപ്പിക്കല്. അത് കിച്ചുവിനും ഗുണം ചെയ്യും ..”

വേണു തലയാട്ടി

അയാൾ നേർത്ത പുഞ്ചിരിയോടെ അവന്റെ ശിരസ്സിൽ തലോടി

മനസ്സിൽ നിന്ന് ഒരു ഭാരം അങ്ങ് ഇറങ്ങി പോയിരിക്കുന്നു. വിനു മെല്ലെ അയാളെ കേട്ടിപിടിച്ചു

“സന്തോഷമായിരിക്ക് “അവൻ മന്ത്രിച്ചു

മുകളിലെ നിലയിൽ നിന്ന് പാർവതി അത് കാണുന്നുണ്ടയിരുന്നു. കേൾക്കുന്നുണ്ടായിരുന്നു .വിനുവിന്റെ മറ്റൊരു മുഖം തങ്ങൾക്ക് മാത്രമേ അറിയുകയുള്ളല്ലോ എന്നവൾ ഓർത്തു.

വിനു ആ നിമിഷം തന്നെ മുകളിലേക്ക് നോക്കി

ഒരു ചെമ്പകം പൂത്ത പോലെ പാർവതി.

അവൻ ഒരു മുഴുവൻ നിമിഷവും അങ്ങനെ നോക്കി നിന്ന് പോയി. പാർവതി മെല്ലെ തിരിഞ്ഞു മുറിയിലേക്ക് പോയി.

അവനെന്തിനാണ് ഇപ്പോഴും തന്ന് ഇങ്ങനെ ആഗ്രഹിക്കുന്നതെന്നോർത്തു അവൾക്ക് സങ്കടം വന്നു. തന്റെ മനസ്സിൽ ഒരാളേയുള്ളു എന്ന്. മുന്നേ അവനോടു പറഞ്ഞതാണ്. എന്റെ മനസിലും ഈ ഒരാളേയുള്ളു എന്ന് അവൻ അന്ന് പറഞ്ഞു

അവന്റെ കല്യാണം കഴിഞ്ഞപ്പോൾ ആശ്വാസമായിരുന്നു. എല്ലാം അവസാനിച്ചല്ലോ.

വീണ്ടും കാണാനുള്ള അവസരമൊന്നും കിട്ടാഞ്ഞിട്ടാകും അവൻ പിന്നെ ഒരിക്കലും മനസിലേക്ക് അസ്വസ്ഥത ആയിട്ട് വന്നില്ല .ഇപ്പൊ വീണ്ടും മനസ്സ് കലങ്ങി മറിഞ്ഞു കഴിഞ്ഞു വിനുവേട്ടനോട് നേരിട് ഒന്ന് സംസാരിച്ചാലോ ..പ്രയോജനം ഉണ്ടാവുമോ എന്നവൾ ചിന്തിച്ചു .പിന്നെ വേണ്ട ന്നു വെച്ച് നന്ദന് ചിലപ്പോൾ അത് ഇഷ്ടമാവില്ല ..വേണ്ട ഒറ്റയ്ക്ക് സംസാരിക്കുമ്പോ വിനുവേട്ടന്റെ നിയന്ത്രണം പോകും .അത് ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടിക്കൊണ്ടിരിക്കും.

വിനു മുറിയിലേക്ക് വന്നു കുളിച്ചു വേഷം മാറ്റി.

അഖിലയെ കുറിച്ച് അവൻ ചിന്തിച്ചതേയില്ലയിരുന്നു അത് വരെ അവളുടെ ഫോൺ കാളുകൾ ഉണ്ടോ എന്ന് അവൻ വെറുതെ നോക്കി. ഒന്നുമില്ല. അവൻ ഫോൺ മേശമേൽ ഇട്ടു ഒരു സിഗ–രറ്റിനു തീ കൊളുത്തി കസേരയിലിരുന്നു.

അഖില വരെ അവളുടെ സ്വന്തം വീട്ടിൽ പോയി നിന്നിട്ടില്ല. ആദ്യമായിട്ടാണ് .ഒരു പക്ഷെ മടുത്തിട്ടുണ്ടാകും ..പോകട്ടെ ..വരാതിരുന്നെങ്കിൽ നന്നായിരുന്നു ..തനിക്കവളെ സ്നേഹിക്കാൻ കഴിയുന്നില്ല എന്ന് അവനു നന്നായറിയാം ..ഇനിയൊരിക്കലും കഴിയില്ല എന്നും.

നന്ദനെ ഇല്ലായ്മ ചെയ്യാൻ തോന്നാറുണ്ട് അവന്.ഏതെങ്കിലും രീതിയിൽ അത് സാധിച്ചിരുന്നെങ്കിൽ അവനതു ചെയ്തേനെ ..പറ്റാഞ്ഞിട്ടല്ല ..എന്തോ ഇവിടെ വന്നത് മുതൽ മനസിന് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട് .അമേരിക്കയിൽ ഉള്ള വിനു അല്ല തറവാട്ടിൽ വന്നപ്പോ ..മനസ്സ് തണുത്തിരിക്കുന്നു .ആകുലതകളൊന്നുമില്ല .ശാന്തമായ ജീവിതം ..വേണമെങ്കിൽ അഖിലയെ ഇഡിവോഴ്‌സ് ചെയ്തിട്ട് ഇവിടെ സ്വസ്ഥമായി ജീവിച്ചാലോ എന്ന് പോലും അവനാലോചിച്ചു.ഒന്നിനുമല്ല, ആർക്കും വേണ്ടിയല്ല വെറുതെ ,,കൃഷിയൊക്കെ ചെയ്ത് ഇങ്ങനെ  ഇവർക്കൊപ്പം .വല്ലപ്പോഴും അവധിക്ക് പാർവതി വരും .ദൂരെ നിന്ന് ഒരു നോട്ടം ..അത് മതി ..അവൻ കണ്ണുകളടച്ചു .

“എന്തിനാണ് പാറു നീ എന്നെ ഇത്രയും മോഹിപ്പിച്ചു കളഞ്ഞത് ?”അവന്റെ കൺ കോണിലൂടെ കണ്ണീർതുള്ളിയൊന്ന് ഇറ്റു

പാർവതി അടുക്കളയിൽ ചെല്ലുമ്പോൾ ജിഷ മാത്രമേയുണ്ടായിരുന്നുള്ളൂ അവിടെ .പതിവ് ചിരിയൊന്നുമില്ല അവളുടെ മുഖത്ത്

“എന്താ  ?”മുഖം വല്ലാതെ  ?”

“ഹേ ഒന്നുമില്ല ചേച്ചി .ജിഷ പറഞ്ഞു

“അതൊന്നുമല്ല എന്തോ ഉണ്ട് “

ജിഷ ഉത്സവത്തിന്റെ തലേന്ന് സംഭവിച്ചത് പറഞ്ഞു

“അടിച്ചത് ശരിയായില്ല ട്ടോ “

“മുന്നിൽ കേറി തടഞ്ഞപ്പോ അറിയാതെ ചെയ്തു പോയതാ വേണ്ടായിരുന്നു എന്ന് എനിക്കും തോന്നി .കുറെ നാളായി ചേച്ചി പുറകെ ഇങ്ങനെ..എനിക്കിഷ്ടമല്ല .ശല്യമാ ഭയങ്കരം ..”

പാർവതി ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി

എനിക്കിഷ്ടമല്ല എന്ന് പറയുമ്പോഴും  മുഖത്ത് ഒരിഷ്ടമുണ്ട്

“ഏതാ ചെക്കൻ? “

“ദേ ആ വീട്ടിലെയാ ..എന്തോ പഠിക്കാൻ വന്നതാ.പരീക്ഷ കഴിഞ്ഞു തിരികെ പോയി കാണും,,”

“ആ പോയെങ്കിൽ പോട്ടെ ..വിട്ടേക്ക് ..പോയില്ലെങ്കിൽ ഇനി വരുവാണെങ്കിൽ ജോലിയൊക്കെ കിട്ടിയിട്ട് കല്യാണം ആലോചിച്ചു വരാൻ പറ “

ജിഷയുടെ കണ്ണുകൾ മിഴിഞ്ഞു

“ഈ ചേച്ചിയെന്താ ഈ പറയുന്നത് അങ്ങനെ ഒന്നുമില്ല ചേച്ചി.എന്റെ സാഹചര്യമൊക്കെ  അറിഞ്ഞു കൂടെ ?”

“മോളെ നമ്മളെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരാളുണ്ടങ്കിൽ .നമുക്ക് അയാളുടെ ഇഷ്ടം അറിയാമെങ്കിൽ ..വേറെ ഒരു ബന്ധവും നമുക്ക് ഇല്ലെങ്കിൽ, നമുക്ക് അയാളെ സ്നേഹിക്കാൻ തോന്നുകയാണെങ്കിൽ എന്തിന്റെ പേരിലാണെങ്കിലും അയാളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കരുത് ..അത് പിന്നെ ഒരു സങ്കടമായി,ശാപമായി ഒക്കെ  ചുറ്റും ഉണ്ടാകും ..നമുക്ക് സ്വസ്ഥത കിട്ടില്ല ..അത് കൊണ്ട് അവൻ സീരിയസ് ആണെങ്കിൽ ആലോചിക്കാൻ പറ ..കല്യാണം ചേച്ചി നടത്തി തരും. ഒരു കുറവും വരാതെ “

ജിഷ നിറഞ്ഞു പോയ കണ്ണുകൾ അവൾ കാണാതെയിരിക്കാൻ മുഖം കുനിച്ചു കളഞ്ഞു..

തുടരും