കടലെത്തും വരെ ~ ഭാഗം 30, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു ശ്രീക്കുട്ടിയും ജാനകിയും പൗർണമിയും…തിരിച്ചു വന്നപ്പോ അമ്മയെ മുറിയിൽ കാണാനില്ല .കുറെ വിളിച്ചു. അന്വേഷണത്തിലൊടുവിൽ ശ്രീക്കുട്ടിയാണത് ആദ്യം കണ്ടത്

നിലത്തു ര-ക്തത്തിൽ കുളിച്ച് ..

അമ്മേ എന്നൊരു വിളി അവളുടെ തൊണ്ടയിൽ തടഞ്ഞ് നിന്ന് പോയി. അവളുടെ ഉടൽ വിറച്ചു. കണ്ണുകൾ മങ്ങുന്നത് പോലെ. അവളുടെ നിലവിളികേട്ട് വേണുവും ജാനകിയും മനുവും ഓടി വന്നു

“മോളെ …..അയ്യോ ഇതെന്താ പറ്റിയത് ..നന്ദാ നന്ദാ “ജാനകി ഉറക്കെ നിലവിളിച്ചു

നന്ദനും വിനുവും പുഴക്കരയിലായിരുന്നു .എല്ലാം പറഞ്ഞു തീർക്കുമ്പോൾ വിനുവിന്റെ  മുഖം താഴ്ന്നിരുന്നു

“കഴിയുമെങ്കിൽ ഇനി സമാധാനമായി ജീവിക്കണമെന്നുണ്ട്. അഖില രക്ഷപെടട്ടേ. അവളോടും ഇപ്പൊ എനിക്ക് ദേഷ്യമൊന്നുമില്ല നന്ദ. പഴയ ഞാൻ ആയിരുന്നെങ്കിൽ ഇന്നങ്ങനെ കണ്ടപ്പോൾ ഇങ്ങനെ ആവില്ല പ്രതികരിക്കുക. ഇപ്പൊ മനസ്സ് ശാന്തമാണ്.” അവൻ നന്ദനോട് പറഞ്ഞു

നന്ദൻ അവന്റ തോളിൽ  ഒന്ന് തട്ടി

“നിങ്ങൾ ഇതിവിടെ വന്നിരിക്കുകയാണോ ?എവിടെയൊക്കെ അന്വേഷിച്ചു ..?പാർവതി വീണു ഒന്ന് ഓടി വാ ..” ജനാർദനൻ ചേട്ടൻ ഓടികിതച്ചു വന്നു പറഞ്ഞപ്പോൾ രണ്ടു പേരും ചാടിയെഴുന്നേറ്റു

കാറിലേക്ക് പാർവതിയെ കയറ്റി വേണു ഡ്രൈവിംഗ് സീറ്റിലേക്ക് കയറുമ്പോഴാണ് അവർ വന്നത്

നന്ദനെ കണ്ടു ശ്രീക്കുട്ടി ഓടി വന്നവനെ കെട്ടിപ്പിടിച്ചു

“അച്ഛാ,അമ്മ അവിടെ വീണു കിടക്കുവാരുന്നു ” അവൾ ആ സ്ഥലത്തേക്ക് കൈ ചൂണ്ടി

അവിടെ രക്തം ഒഴുകി പരന്നു കിടക്കുന്നുണ്ടായിരുന്നു. നന്ദന് ഭൂമി പെട്ടെന്ന് നിശ്ചലമായതു പോലെ തോന്നി. അവൻ പാർവതിയെ നോക്കി. രക്തം ഒഴുകി കൊണ്ടിരിക്കുന്നു .വിനുവും സ്തബ്ധനായി നിൽക്കുകയായിരുന്നു.

നന്ദൻ കാറിൽ കയറി

വിനു ശ്രീക്കുട്ടിയോടും കയറാൻ പറഞ്ഞു

“ഞാൻ പുറകെ വന്നേയ്ക്കാം “അവൻ പറഞ്ഞു

പാർവതിയെ അവൻ നോക്കിയില്ല. പക്ഷെ അവൾ വീണിടം അവൻ ചെന്ന് നോക്കി. എത്ര ഉയരത്തിൽ നിന്നാവും അവൾ വീണതെന്ന് അവനു ശരിക്കു മനസിലായില്ല.

അവളുടെ മുറിയുടെ മുന്നിൽ ഒരു  ബാൽക്കണിയുണ്ട്. അത് പക്ഷെ ഒന്നാം നിലയിലാണ്. അവിടെ നിന്ന് അവൾ വീഴാൻ ഒരു സാധ്യതയുമില്ല.

പിന്നെ രണ്ടാം നില അവിടെ തന്റെ മുറിയാണ്. തന്റെ മുറിക്ക് ബാൽക്കണിയില്ല.

പിന്നെ മൂന്നാം നില. അവിടെ ബാൽക്കണിയുണ്ട്. അവിടെ പാർവതി ഇറങ്ങി നിൽക്കുന്നത് പലപ്പോഴും അവൻ കണ്ടിട്ടുണ്ട്.അവിടെ താമസിച്ചിരുന്നത് സുഭദ്ര ചിറ്റയും കുടുംബവുമായിരുന്നു .അവർ ഇന്നലെ തന്നെ തിരിച്ചു പോയി.

അവൾ അവിടെ നിന്ന് എങ്ങനെയാണ് വീഴുക ?

അതും ഗ്രില്ലുകളൊക്കെ കടന്ന്

അവനു പെട്ടെന്ന് ഒരു സംശയം തോന്നി മുറിയിൽ ചെന്നു. ബെഡിൽ കിടന്ന അഖില അവിടെയില്ല.

അവളുടെ ബാഗും സാധനങ്ങളും ഇല്ല.

“വിനു “

ഒരു വിളിയൊച്ച

ജാനകി

“നീ വണ്ടിയെടുക്ക് “അവർ കരയുന്നുണ്ടായിരുന്നു

“ആ ഞാൻ കീ എടുക്കാൻ …”

അവൻ വേഗം കാറിന്റെ കീ എടുത്തവർക്കൊപ്പം നടന്നു.

“എന്റെ ഈശ്വര!എന്തൊക്കെ കഷ്ടകാലങ്ങളാ ദൈവമേ ഈ തറവാടിനെ കാത്ത് ഇരിക്കുന്നത് ..?ഒന്നിന് പുറകെ ഒന്നായി .പാറു എന്തിനാ അവിടെ പോയി നിന്നത്?..എന്നാലും അത്രയും ഉയരത്തിൽ നിന്ന് ..ഒന്നും വരല്ലേ ഭഗവാനെ ..”അവർ കരഞ്ഞു കൊണ്ട് നെഞ്ചിൽ കൈ വെച്ചു പ്രാർത്ഥിച്ചു

വിനു കാർ ഓടിക്കുന്നുണ്ടായിരുന്നെങ്കിലും അവന്റെ മനസ് അവന്റ നിയന്ത്രണത്തിലായിരുന്നില്ല. കണ്മുന്നിൽ  പാർവതിയുടെ മുഖമാണ്.രക്തം കൊണ്ട് നനഞ്ഞ അവളുടെ മുഖം. അവൻ കണ്ണീർ തുടച്ച് കാഴ്ചകൾ വ്യക്തമാക്കി

ഹോസ്പിറ്റൽ

അനന്യ ഹോസ്പിറ്റലിലേക്കാണ് അവർ കൊണ്ട് പോയത്.

അവിടെ അവരുടെ  ബന്ധുക്കൾ ധാരാളമുണ്ട്

ചീഫ് അഡ്മിനിസ്ട്രേറ്റർ ഡോക്ടർ മനോജ് മേനോൻ  ജാനകിയുടെ അനിയത്തിയുടെ മകനാണ്

“എന്താ പറ്റിയത് ?പാർവതിയെ അകത്തേക്ക് കൊണ്ട് പോകുമ്പോൾ ഒപ്പമുണ്ടായിരുന്ന വേണുവിനോടയാൾ ചോദിച്ചു

“അറിയില്ല. കാണുമ്പോൾ നിലത്ത്   കിടക്കുകയാ “അയാൾ പറഞ്ഞു

പാർവതിയെ വഹിച്ച സ്ടെക്ച്ചർ അവരെ കടന്നു പോയി

“അച്ഛാ അമ്മ …”ശ്രീക്കുട്ടി   വിങ്ങിക്കരഞ്ഞു

നന്ദൻ യാന്ത്രികമായി അവളെ ചേർത്ത് പിടിച്ചു

അവനൊന്നും അറിയുന്നില്ല  എന്ന് തോന്നി

ഹൃദയം പറിഞ്ഞു പോകും പോലെ ഒരു വേദന.കടുത്ത വേദന

ഏതു നശിച്ച നിമിഷത്തിലാണ് തനിക്ക് തൊടിയിലേക്ക് പോകാൻ തോന്നിയത് ദൈവമേ അവൻ തന്നെത്താൻ ശപിച്ചു കൊണ്ടിരുന്നു.

അവൻ കണ്ണുകളടച്ചു

ഇത് വരെ പ്രാർഥിച്ചിട്ടില്ല. ഒരു ദൈവത്തെയും വിളിച്ചിട്ടില്ല. ഒക്കെയും അവളാണ് ചെയ്യുക. തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും വഴിപാട് കഴിക്കുന്നതും ഒക്കെയവളാണ്.

“ഇങ്ങനെ ദൈവനിന്ദ പാടില്ല നന്ദ ” അവൾ പറയും

“ദൈവം ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ ..ഉണ്ടെങ്കിൽ നന്നായേനെ.ഭൂമിയും ആൾക്കാരും കുറച്ചു കൂടി നന്നായേനെ.അത്രേ പറഞ്ഞിട്ടുള്ളു ” താൻ പറയും. അപ്പൊ ആ മുഖത്ത് ശുണ്ഠി വരും.

“നോക്കിക്കോ ഒരു ദിവസം നന്ദൻ പ്രാർത്ഥിക്കും. കണ്ണീരോടെ ..ദൈവം ഉണ്ടെന്ന് നന്ദന് തെളിയുന്ന ഒരു ദിവസം വരും “അവളന്ന് വാശിയോടെ പറഞ്ഞു

അവൻ എഴുനേറ്റു ആശുപത്രിയുടെ ഇടനാഴിയുടെ അറ്റത്തു പോയി നിന്നൂ ..കുറച്ചു സമയം കഴിഞ്ഞു പോയി

“നന്ദാ ഡോക്ടർ വിളിക്കുന്നു “

അവൻ  അങ്ങോട്ടേയ്ക്ക് ചെന്നൂ.അവിടെ വിനുവും ജാനകിയും പാർവതിയുടെ അച്ഛനും അമ്മയും ഉണ്ട്.

“നല്ല ഉയരത്തിൽ നിന്നുള്ള വീഴ്ചയാണ് ..പിന്നെ ഫോർമാലിറ്റി പോലീസിൽ അറിയിക്കുക എന്നതാണ് .അറിയിച്ചിട്ടുണ്ട് .പിന്നെ ഇന്റെർണൽ ബ്ലീഡിങ് ഉണ്ട് .സ്കൾ പൊട്ടിയിട്ടുണ്ട് ..സർജറി വേണം ..ബ്ലഡ് ഒരു പാട് പോയിട്ടുണ്ട് .ഇവിടെ അറേഞ്ച് ചെയ്യും പക്ഷെ നിങ്ങൾ കൂടി കരുതണം ..റെയർ ഗ്രൂപ്പ് ആയതു കൊണ്ട്..”

മനോജ് പറഞ്ഞു നിർത്തി

അവന്റെ കണ്ണിലും ആധി പ്രകടമായിരുന്നു

“ഇവിടെ ഒന്ന് സൈൻ ചെയ്യണം “

ആരോ നീട്ടിയ പേപ്പറിൽ അവൻ ഒപ്പിട്ടു കൊടുത്തു

“അല്ല നന്ദേട്ടാ ..ചേച്ചി വീഴുമ്പോൾ നിങ്ങളാരും അടുത്തുണ്ടായിരുന്നില്ലേ?”മനോജ്‌ വീണ്ടും സംശയത്തോടെ ചോദിച്ചു

“ഇല്ല മനു ..ഞങ്ങൾ പുഴക്കരയിലായിരുന്നു .ഇവർ പുറത്ത് പോയിരുന്നു “വിനു പറഞ്ഞു

“അതാണ് ഞാൻ ആലോചിച്ചത്.ബ്ലഡ് ഇത്രയും പോയിട്ടും ആരുമറിഞ്ഞില്ലേ എന്ന ഞാൻ ചിന്തിച്ചത് .പ്രാർത്ഥിക്ക് .നമുക്ക് ശ്രമിക്കാം .ബാക്കി ദൈവം തീരുമാനിക്കും “അവന്റെ കണ്ണ് ഒന്ന് നിറഞ്ഞു .അവനെ ആത്മവിശ്വാസം ഇല്ലാതെ  കാണപ്പെട്ടു

നന്ദന്റെ ദേഹം ബലമില്ലാത്തതു പോലെ ഒന്ന് വേച്ചു

“നന്ദാ “വിനു അവനെ താങ്ങി

“എനിക്ക് എന്തോ ..പോലെ  ഒന്ന് കിടക്കണം “നന്ദൻ മെല്ലെ പറഞ്ഞു

രണ്ടു മുറിയെടുത്തു അവർ

ഒന്ന് നന്ദനും വിനുവിനും മറ്റേതു  ബാക്കിയുള്ളവർക്ക്.

നന്ദൻ കണ്ണടച്ച് കിടക്കുകയായിരുന്നു.

അവന്റെ കൺ കോണിലൂടെ കണ്ണീരു ഒഴുകുന്നത് വിനു കണ്ടു.

അവന്റെ ഉള്ളിലിതൊന്നുമായിരുന്നില്ല .പാർവതിയുടെ അവസ്ഥ ഓർത്തുള്ള വേദനയെക്കാളേറെ അത് ചെയ്തത് അഖിലയാണോ എന്നവൻ ചിന്തിച്ചു കൊണ്ടിരുന്നു .അത് ചെയ്തത് അഖിലയാണെങ്കിൽ .അവൻ മുറിയുടെ നടന്നു കൊണ്ടിരുന്നു .എത്ര നടന്നിട്ടും ഉള്ളിലെ പരവേശം അടങ്ങുന്നില്ല

അവൻ മുറി ചാരി വെളിയിലിറങ്ങി

“വിനുവേട്ടാ എന്നൊരു വിളിയൊച്ച ഉയരുന്ന പോലെ

പാറു ..

ഓർമ വെച്ച നാൾ മുതൽ ..ഈ നിമിഷം വരെയും ആ ഒറ്റ വിളിയൊച്ചക്ക് മുന്നിലെ വിനു ദുർബലനായിട്ടുള്ളു .ആ ഒറ്റയാളിന്റെ മുന്നിലാണ് വിനു തോറ്റുപോയതും .പാടില്ലായിരുന്നു ..ആരുടെയും മുന്നിൽ ആ പേര് പറയാൻ പാടില്ലായിരുന്നു .ഉള്ളിൽ ഉണ്ടായാൽ മതിയായിരുന്നു .അഖിലയാണ് ഇത് ചെയ്തതെങ്കിൽ അതിന്റെ കാരണക്കാരിലൊരാൾ താനാണ് .അവൻ ഓർത്തു .പക്ഷെ എന്ത് കാരണത്തിന്റെ പേരിലും അവളുടെ ഒരു തുള്ളി ചോര ഭൂമിയിൽ വീണിട്ടുണ്ടെങ്കിൽ .അവൾ വേദനിച്ചിട്ടുണ്ടെങ്കിൽ ..നീ ഇല്ല അഖില പിന്നെ ..അവൻ പിറുപിറുത്തു ..നിന്നെ വിനു തീർത്തു കളയും ഉറപ്പാണ്.

അവൾ വേദനിക്കാതിരിക്കാനാണ് എന്നും തോറ്റത്. അതിനാണ് എന്നും മാറി നിന്നിട്ടുള്ളത്.

ഇതിനായിരുന്നെങ്കിൽ ഈ വരവ് വേണ്ടായിരുന്നു.

എവിടെയെങ്കിലും അവൾ സന്തോഷമായിട്ട് ഇരുന്നൊണ്ടെനെ.

അവൻ നെഞ്ചു കഴച്ചിട്ട് അവിടെ കണ്ട ഒരു കസേരയിൽ ഇരുന്നു . മണിക്കൂറുകൾക്ക് ദിവസങ്ങളുടെ ദൈർഖ്യം

ഒടുവിൽ ഡോക്ടർ പുറത്തേക്ക് വന്നു

വിനുവും വേണുവും അടുത്തേക്ക് ചെന്നു

“സർജറി കഴിഞ്ഞു പക്ഷെ ..കുറച്ചു കോംപ്ലിക്കേഷൻസ് ..നാൽപ്പത്തിയട്ടു മണിക്കൂറെങ്കിലും കഴിയാതെ ഒന്നും പറയാൻ വയ്യ വിനുവേട്ടാ “

മനോജവന്റെ കൈയിൽ മുറുകെ പിടിച്ചു

“നീ എന്താ മനു ഈ പറയുന്നേ ..അവളൊന്നു വീണതല്ലേ ..ഇത്രക്കൊക്കെ ഉണ്ടാകുമോ ?” വേണു കരഞ്ഞു

“വിനുവേട്ടനെന്റെ മുറിയിലോട്ട് വന്നേ. “മനോജ്‌ അവനോട് പറഞ്ഞു

വിനു അവനൊപ്പം മുറിയിലേക്ക് ചെന്നു.

“വിനുവേട്ടാ ഇത് വെറും ഒരു വീഴ്ചയല്ലാ.ഐ മീൻ സാധാരണ ഒരു വീഴ്ചയും ഒരാൾ തള്ളിയിടുമ്പോൾ ഉള്ള വീഴ്ചയും രണ്ടാണ് .അതിന്റെ ആഘാതവും വ്യത്യസ്തമാണ് ..ചേച്ചിയെ ആരോ തള്ളിയിട്ടതാണ് .ആരാ വിനുവേട്ടാ ചേച്ചിക്ക് അവിടെ ശത്രു ?”

വിനു നടുക്കത്തോടെ അത് കേട്ടിരുന്നു. അവനതു ഊഹിച്ചിരുന്നു .പക്ഷെ അത് സത്യമെന്ന് കേട്ടപ്പോ അവൻ നടുങ്ങിപ്പോയി.

തുടരും..