എന്നിട്ടും പരുക്കനായ ഭർത്താവിന്റെ മൂടുപടം ഞാനൊരിക്കലും അഴിച്ചുമാറ്റിയിട്ടില്ല…

Story written by Maaya Shenthil Kumar
======================

ഉച്ചയ്ക്ക് ഓഫീസിൽ മാനേജരുടെ പിറന്നാൾ ആഘോഷം കഴിഞ്ഞിരിക്കുമ്പോഴാണ് ഇന്നത്തെ ദിവസത്തിനു എന്റെ ജീവിതത്തിലും എന്തോ പ്രത്യേകതയുണ്ടല്ലോ എന്നോർത്ത്..

കുറെ നേരം ഓർമകളിലൂടെ സഞ്ചരിച്ചപ്പഴാണ് മീരയുടെ പിറന്നാൾ ആണെന്ന് ഓർമ വന്നത്…അവൾ എന്റെയും മക്കളുടെയും പിറന്നാൾ ഓർത്തുവച്ചു അമ്പലത്തിൽ പോവുകയും പായസം വയ്ക്കുകയും ഒക്കെ ചെയ്യും…പക്ഷെ ഇന്നുവരെ അവളുടെ പിറന്നാൾ ഓർക്കുകയോ അമ്പലത്തിൽ പോകുകയോ ചെയ്തത് എന്റെ ഓർമയിലില്ല…ഞങ്ങളും ഓർക്കാറില്ല…

ഓർക്കുംതോറും മനസ്സിലെവിടെയോ ഒരു നോവ് അനുഭവപ്പെട്ടു..

ഓഫീസിലെ കൂട്ടുകാരന്റെ അടുത്തുനിന്നു കുറച്ചു പൈസ കടം വാങ്ങി ജൂവല്ലറിയിലേക്കു പോകുമ്പോൾ മനസ്സ് മുഴുവൻ മീരയായിരുന്നു…

കുട്ടിക്കാലം മുതൽ ഒരുമിച്ചു സ്വപ്‌നങ്ങൾ നെയ്തു, ഒടുവിൽ എന്നേക്കാൾ നല്ലൊരാളെ കിട്ടിയപ്പോൾ അയാൾക്ക്‌ മുന്നിൽ തലകുനിച്ച അമ്മാവന്റെ മകൾ സീതയോടുള്ള ദേഷ്യവും കുത്തഴിഞ്ഞ ജീവിതവും അവസാനിപ്പിക്കാൻ അച്ഛൻ കണ്ടെത്തിയ വഴിയായിരുന്നു മീര…

അവളോടുള്ള അകൽച്ചയുടെ കാരണം എന്റെ കുടുംബത്തിൽ നിന്നുതന്നെ അവള് കണ്ടെത്തിയെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്…പക്ഷെ അവളൊരിക്കലും എന്നോടദേപറ്റി ഒന്നും സംസാരിച്ചിട്ടില്ല…

പിന്നീടെപ്പോഴോ ഞാനും അവളെ സ്നേഹിച്ചു തുടങ്ങി..എന്നിട്ടും പരുക്കനായ ഭർത്താവിന്റെ മൂടുപടം ഞാനൊരിക്കലും അഴിച്ചുമാറ്റിയിട്ടില്ല…

അവളെന്റെ കൂടെ വന്നിട്ട് വർഷങ്ങൾ ഇരുപത്തിമൂന്നു കഴിഞ്ഞു…സങ്കടങ്ങളിലും സന്തോഷങ്ങളിലും നല്ല പാതിയായി…പെങ്ങളുടെ കല്യാണത്തിനും വീടെടുക്കാനും എല്ലാം കയ്യിലും കഴുത്തിലും ഉള്ളത് ഊരി തരുമ്പോൾ ആശ്വസിപ്പിക്കുന്ന നോട്ടം മാത്രമേ അവളിൽ നിന്നുണ്ടായിട്ടുള്ളൂ….

അവളേറ്റവും ഇഷ്ടപ്പെട്ട കരിമണി മാല വിൽക്കാൻ എനിക്ക് നേരെ നീട്ടുമ്പോൾ മാത്രമാണ് അവളുടെ കണ്ണുകളിൽ നനവ് പടർന്നത്..എന്നിട്ടും അത് കണ്ടില്ലെന്നു വയ്‌ക്കേണ്ടി വന്നു..

അല്ലെങ്കിലും വെളുത്തു മെലിഞ്ഞ കഴുത്തിൽ ആ കറുത്ത മണികൾ കിടക്കുന്നതു കാണാൻ എനിക്കും ഇഷ്ടമായിരുന്നു…പിന്നെ ജീവിതം മെച്ചപ്പെട്ടിട്ടും അവൾക്കങ്ങനെ ഒരെണ്ണം വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല…

അടുത്താഴ്ച മോളുടെ കല്യാണമാണ്. കൈയിലുള്ളതെല്ലാം തീർന്നിരിക്കുന്നു…എന്നിട്ടും എന്തോ മീരയുടെ പിറന്നാൾ  അറിഞ്ഞില്ലെന്നു നടിക്കാൻ കഴിയുന്നില്ല…

കഴിഞ്ഞയാഴ്ച മോൾക്ക്‌ വേണ്ടി സ്വർണ്ണമെടുക്കാൻ പോയപ്പോൾ മീര  മോൾക്ക്‌ വേണ്ടി ആദ്യമെടുത്ത് ഒരു കരിമണി മാലയായിരുന്നു…അത് പഴയ ഫാഷൻ ആണെന്നും പറഞ്ഞു അവളതു അവഗണിച്ചപ്പോൾ മങ്ങിപ്പോയ മീരയുടെ മുഖം കണ്ടപ്പോഴാണ് അവളുടെ പഴയ മാലയെ പറ്റി ഞാൻ വീണ്ടും ഓർത്തത്…അന്നേ മനസ്സിൽ ഉറപ്പിച്ചതാ അവൾക്ക് ഒരു മാല വാങ്ങണമെന്ന്….

കരിമണി മാല വാങ്ങി വീട്ടിലെത്തുമ്പോഴും അവൾ അടുക്കളയിലായിരുന്നു…കല്യാണത്തിരക്കും, വീട്ടിലെ പെയിന്റിംഗ് എല്ലാം കാരണം വേഷമൊക്കെ മുഷിഞ്ഞിട്ടുണ്ട്.

എന്റെ കാലൊച്ച കേട്ടിട്ടാവാം..അവളെനിക്ക് ചായ ഇടേണ്ട തിരക്കിലായിരുന്നു…അവളെനിക്ക് നീട്ടിയ ഗ്ലാസ്‌ വാങ്ങി മാറ്റിവച്ചു അവളെയും കൂട്ടി അകത്തേക്ക് നടക്കുമ്പോൾ..നിങ്ങൾക്കെന്തുപറ്റിയെന്നു ചോദിച്ചു അവൾ കളിയാക്കുന്നുണ്ടായിരുന്നു…

ആ മാല അവൾക്കു കൊടുത്തപ്പോൾ…രക്തപ്രകാശം വറ്റി വാടിയ അവളുടെ മുഖം ഒരു പൂ പോലെ വിടർന്നു…കുഴിയിൽ വീണ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു…

പൈസ തീർന്നെന്നു പറഞ്ഞു വിഷമിച്ചതു ഞങ്ങളെ മാത്രം  കേൾപ്പിക്കാനായിരുന്നല്ലേ എന്ന് പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു മക്കൾ മുറി വിട്ട് പോയപ്പോൾ അവളുടെ മുഖത്തെ പ്രകാശം വീണ്ടും കുറഞ്ഞു…

ഈ വയസ്സാംകാലത്തു എന്തിനാ ഏട്ടാ ഇതൊക്കെ..ഇതും കൂടി കല്യാണത്തിന് അവളിട്ടോട്ടെ…

കൈക്കുമ്പിളിൽ അവളുടെ മുഖം കോരിയെടുത്തു

“ഇതെന്റ ആഗ്രഹമാണ്…ആഗ്രഹങ്ങൾക്ക് വയസ്സില്ലെ ടോ “

എന്നും പറഞ്ഞു ആ കരിമണി മാല അവളുടെ കഴുത്തിലേക്കിട്ടുകൊടുക്കുമ്പോൾ അവളുടെ കണ്ണിൽ പടർന്ന നനവ് നക്ഷത്രക്കുഞ്ഞുങ്ങളെ പോലെ തിളങ്ങുന്നുണ്ടായിരുന്നു…

മുഷിഞ്ഞിരുക്കുവാണെന്നു അവൾ പറയുമ്പോഴും അവളെ നെഞ്ചോട്‌ ചേർത്തു പിടിയ്ക്കുമ്പോൾ പുറത്തുപെയ്യുന്ന ചാറ്റൽ മഴയിൽ നനയാതെ നനയുകയായിരുന്നു ഞങ്ങൾ…

ഞാനോർക്കുവായിരുന്നു ചിലപ്പോൾ എത്ര ദൂരം താണ്ടിയലാണ് നീയും ഞാനും ചേർന്ന് നമ്മളായി മാറുന്നത്…പക്ഷെ ആ നിമിഷങ്ങൾ പ്രണയത്തേക്കാൾ മനോഹരമാണ്…ജീവിതത്തേക്കാൾ മൂല്യമേറിയതും..