ഒരു ദിവസം അവരുടെ മുറി അടുക്കി പെറുക്കി വെക്കുമ്പോൾ അവർക്കു ഞങ്ങളുടെ കല്യാണ ഫോട്ടോ കിട്ടി…

Story written by Sowmya Sahadevan
=============================

അച്ഛന്റെ ബലിയിടാൻ പോയിട്ടുവരുമ്പോളാണ് ഇത്തവണ സിദ്ധു അച്ഛമ്മയെയും കൂട്ടികൊണ്ട് വന്നിരിക്കുന്നു വീട്ടിലേക്ക്. ഓർമ്മകൾ ഏറെയെല്ലാം നശിച്ചു പോയ അവരെ അവനു ഉപേക്ഷിച്ചു പോരാൻ തോന്നിയില്ലെന്നു പറഞ്ഞു.

അവർക്കു പ്രത്യേകിച്ച് സ്വീകരണമമൊന്നും ഞാൻ നൽകിയില്ല. അവരെ ഇഷ്ടപെടാനോ വെറുക്കാനോ ഞങ്ങൾ തമ്മിൽ ഒരു അടുപ്പവും ഉണ്ടായിരുന്നില്ല.

അവധി കഴിഞ്ഞു സിദ്ധു തിങ്കളാഴ്ച രാവിലെ ജോലിക്ക് പോവാൻ ഒരുങ്ങിയപ്പോൾ ഞാൻ ചോദിച്ചു, ഇവരെ ഞാൻ എന്തു ചെയ്യണം.

അമ്മാ, അച്ഛമ്മ ഇവിടെ നിന്നോട്ടെ, അവിടെ ആരും ഇല്ലാതെ പാവം തോന്നുന്നു എനിക്ക്!

ഞാൻ സിദ്ധുവിനെ തറച്ചൊന്നു നോക്കി.

അമ്മാ പ്ലീസ് എന്തെങ്കിലും വഴി ഉണ്ടാകാം.

മറുപടിക്ക് കാത്തു നില്കാതെ അവൻ ബാഗ് പാക്ക് ചെയ്തു.

സിദ്ധു ശരിക്കും രമേശന്റെ കോപ്പി ആയിരുന്നു. നിൽപും ഭാവവും ശബ്‍ദവും എല്ലാം.

അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് അവനെ അവർ രമേശാ എന്നാണ് വിളിക്കുന്നത്. രമേശാ നീ ആ നേഴ്സ് പെണ്ണിന്റ പിന്നാലെയുള്ള നടത്തം നിർത്തിക്കോളൂ, എനിക്ക് അത് ഇഷ്ടമില്ലെന്നു ഞാൻ പറഞ്ഞിട്ടില്ലേ. അവർ അവനോട് പറഞ്ഞു.

എന്നെയാണ് പറയുന്നത്.

സിദ്ധു ചമ്മിയ മുഖവും കൊണ്ട് കവിളിൽ ഒരു ഉമ്മ തമ്മിട്ട് പോയി.

സിദ്ധുവിന്റെ അച്ഛന്റെ പഴയ മുറിയായിരുന്നു അവർ ഉപയോഗിച്ച് കൊണ്ടിരുന്നത്. സമയസമയങ്ങളിൽ ഞാൻ അവരെ ഭക്ഷണം കഴിക്കാൻ വിളിക്കും. കഴിച്ച പാത്രങ്ങൾ കഴുകുന്നതിനൊപ്പം അവർ സിങ്കിൽ കിടക്കുന്ന മറ്റു പാത്രങ്ങളും കഴുകും. യാന്ത്രികമായി ഞാൻ ചെയ്യുന്നതിന്റെ കൂടെ ജോലികൾ ചെയ്തു. പക്ഷെ പരസ്പരം ഒന്നും അഭിസംബോധന ചെയ്യാതെ രണ്ട് അപരിചിതരെ പോലെ ഞങ്ങൾ മുന്നോട്ടുപോയി.

ഇടയ്ക്കു ഇടയ്ക്കു മറന്നു പോവുന്ന സാധനങ്ങൾ, കുട്ടി നീ കണ്ടോ എന്നവർ ചോദിക്കും. ആദ്യമൊക്ക എനിക്ക് ദേഷ്യം വന്നിരുന്നു. ഒന്നും പറയാതെ ഇരിക്കുന്ന എന്നെ നോക്കി ഒരു ദിവസം പറഞ്ഞു എന്റെ മോൻ രമേശൻ വന്നാൽ “ഞാൻ അങ്ങ് പൊക്കോളാമെന്നു”

പാവം തോന്നി ഓർമ്മകൾ മാഞ്ഞു പോയിട്ടല്ലേ, പിന്നെ ഞാൻ ഒന്നു പറയാതെ സഹായിച്ചു തുടങ്ങി.

ഒരു ദിവസം അവരുടെ മുറി അടുക്കി പെറുക്കി വെക്കുമ്പോൾ അവർക്കു ഞങ്ങളുടെ കല്യാണ ഫോട്ടോ കിട്ടി. അതും കൊണ്ട് ഓടി വന്നു എന്റെ അടുത്തേക്ക്. സോഫയിൽ എന്റെ അടുത്തിരുന്നു, എന്നിട്ടു പറഞ്ഞു കുട്ടി, ഇതാണ് ഞാൻ പറഞ്ഞ ആ നേഴ്സ് പെണ്ണ്, എന്നെ എന്റെ രമേശനിൽ നിന്നും അകറ്റിയവൾ, എന്റെ കുട്ടിയെ കറക്കി എടുത്തതായിരുന്നു അവൾ. എന്റെ കുട്ടിക്ക് ഒരു ഓപ്പറേഷൻ കഴിഞ്ഞു ആസ്പത്രയിൽ കിടക്കുമ്പോൾ പരിചയപ്പെട്ടതായിരുന്നു അവളെ, പിന്നെ അതു സ്നേഹമായി, കല്യാണമായി, വീട്ടിൽ വഴക്കായി, അവളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു അവര്! ഇവിടെ അച്ഛനാണേൽ വീട്ടിൽ കയറ്റിയതും ഇല്ല. ഒരു മകൻ ജനിച്ചു അവനു, പിന്നെ….പിന്നെ…..അവൻ…..
വാക്കുകൾക്കായി അവർ പരതി.

എന്നിട്ടു പറഞ്ഞു അവളെയും അവൻ ചതിച്ചു കൊണ്ട് മറ്റൊരുത്തിക്കൊപ്പം പോയി!! പാവല്യേ ആ കുട്ടി…..എവിടെയാണാവോ….ആത്മഗതംപോലെ അവർ അതു പറഞ്ഞു നിറുത്തി.

നോക്കു കുട്ടി, എന്തു ചന്തമാണ് ഇവൾക്ക്!! എന്തോരോഴക്, ന്നാലും ഈ രമേശൻ….

പെട്ടെന്ന്  അടുക്കളയിൽ പാത്രം വീഴുന്ന ശബ്ദം കേട്ടു അവർ എഴുന്നേറ്റുപോയി….

ഒരുപാട് നാളുകൾക്കു ശേഷം സിദ്ധു വീട്ടിൽ വന്നിരിക്കുന്നു. ജർമ്മനിയിലേക്കുള്ള വിസ ശരിയായി എന്നു പറഞ്ഞു യാത്ര പറയാൻ വന്നതായിരുന്നു. സിദ്ധുവിനെ അപ്പോൾ കണ്ടപ്പോൾ പൂനെയിൽ ജോലി കിട്ടിയെന്നു പറഞ്ഞു പോയ രമേശനെയാണ് എനിക്ക് ഓർമ്മ വന്നത്.

സിദ്ധു പോവുന്നതിനു തലേ നാൾ അഞ്ജലി വീട്ടിൽ വന്നിരുന്നു. അവൻ നാട്ടിൽ നിന്നും ഉപേക്ഷിച്ചു പോകുന്നതിൽ അവളും ഉണ്ടായിരുന്നു.

അച്ഛമ്മക്ക് അഞ്ജലിയെ ഒരുപാട് ഇഷ്ടമായി, അവളോട് അവർ ഒരുപാട് കരഞ്ഞു മാപ്പു പറഞ്ഞു കൊണ്ടിരുന്നു രമേശനു വേണ്ടി, രമേശൻ ഉപേക്ഷിച്ച നേഴ്സ് പെണ്ണായിട്ടാണ് അവർക്ക് അവളെ തോന്നിയത്.

സിദ്ധു പോയതിന് പിന്നാലെ അവർക്കു വയ്യാതെ ആയി തുടങ്ങിയിരുന്നു. ഒരു ഞായറാഴ്ചയുടെ വൈകുന്നേരം അവർ മരിച്ചു. ആശുപത്രി വരാന്തയിൽ അഞ്ജലി എന്നെ വിളിച്ചുകൊണ്ടിരിക്കുമ്പോളാണ് സിസ്റ്റർ അവരുടെ മരണം എന്നോട് പറഞ്ഞത്.

ഡിസ്ചാർജ് പേപ്പറിൽ ഒപ്പിട്ടു നൽകുമ്പോൾ അവർ എന്നോട് ചോദിച്ചു പേരെന്താണെന്നു.

ഞാൻ പറഞ്ഞു ശോഭ!

മരിച്ചവരുടെ അല്ല, നിങ്ങളുടെ. സിസ്റ്റർ വീണ്ടും ഉറക്കെ പറഞ്ഞു.

അമ്മയുടെ പേര് തന്നെയാണ് എനിക്കും….

-Sowmya Sahadevan