ഒരു വർഷത്തിന് ശേഷമാണു ഞാൻ ഉപ്പയിൽ നിന്നും ആ പുഞ്ചിരി കാണുന്നത് തന്നെ, ഉമ്മ പോയതിനു ശേഷം…

എഴുത്ത്: നൗഫു ചാലിയം
====================

“വീട്ടിലേക് ഒരു ജോലിക്കാരനെ ആവശ്യമുണ്ടെന്നു ഒരു ബന്ധുവിനോട് പറഞ്ഞപ്പോൾ ആയിരുന്നു അയാൾ ആദ്യമായി വീട്ടിലേക് വരുന്നത്…മെല്ലിച്ച ശരീരവും… കറുകറുത്ത നിറവുമായുള്ള അബൂബക്കർ എന്ന അബ്ദുക്ക…”

“മെല്ലിച്ച ശരീരം ആയിരുന്നെങ്കിലും അയാൾ ആരോഗ്യവാൻ ആയിരുന്നു…

ഇപ്പോഴത്തെ പിള്ളേര് ജിമ്മിൽ പോയി ഉണ്ടാക്കിയെടിക്കുന്ന സിക്സും എയ്റ്റും പേക്… നല്ല കട്ടി ഉറപ്പിൽ തന്നെ വിറക് കീറുമ്പോഴും നല്ല തെളിഞ്ഞു തന്നെ കാണാമായിരുന്നു…”

“തൊട്ടടുത്ത നാട്ടിൽ തന്നെ ആയിരുന്നതിനാൽ അയാൾക് ഞങ്ങളെ നല്ല പരിചയം ആയിരുന്നെങ്കിലും വര്ഷങ്ങളോളം ഗൾഫിൽ തന്നെ ആയിരുന്ന എന്റെ കുടുംബത്തിന് അയാളെ അറിയില്ലായിരുന്നു…

വീട്ടിൽ  ഉപ്പയും പിന്നെ ഭാര്യയും രണ്ട് മക്കളുമായിരുന്നു ഉണ്ടായിരുന്നത്…ഉമ്മ ഒരു വർഷം മുമ്പ് മരണപെട്ടു..

ഉമ്മാന്റെ മരണവും…കൂടേ ഉപ്പാക് സുഖമില്ലാതെ ആയത് കൊണ്ട് തന്നെ ആയിരുന്നു ഗൾഫിലെ ബിസിനസ് എല്ലാം ഓരോരുത്തരെ ഏൽപ്പിച്ച നാട്ടിലേക് വിമാനം കയറിയത് തന്നെ…”

“കുറച്ചു കാലം നാട്ടിൽ നിൽക്കാനും ഒരു പൂതി വന്നു തുടങ്ങിയിരുന്നു…എനിക്ക്…ഓർമ്മ വെച്ച നാള് മുതൽ ഉപ്പയുടെ കൂടേ തന്നെ ആയിരുന്നു…”

“വീട്ടിലെ ഓരോ പണിയും പറഞ്ഞു കൊടുക്കുന്നതിനു ഇടയിലും അയാളുടെ ശ്രദ്ധ മുഴുവൻ ഉപ്പയിൽ തന്നെ ആയിരുന്നു…ഉപ്പ അയാളെ കാണാത്തത് കൊണ്ടോ ഇനി അറിയാത്തത് കൊണ്ടോ ആയിരിക്കാം പുറത്തെ എന്തോ കാഴ്ചയിൽ എന്ന പോലെ മുഴുകി ഇരിക്കുകയാണ്…”

“ഉപ്പയെ അറിയുമോ എന്ന് ഞാൻ അയാളോട് ചോദിച്ചെങ്കിലും കേട്ടിട്ടുണ്ട് ആദ്യമായിട്ടാണ് കാണുന്നതെന്നായിരുന്നു മറുപടി..”

“ഉപ്പ വല്ലപ്പോഴും മാത്രം പുറത്തേക് ഇറങ്ങൂ…ഇറങ്ങിയാൽ തന്നെ പേരകുട്ടികൾ ആരേലും കൂടേ ഉണ്ടാവും…ഞാൻ പറഞ്ഞു കൊടുത്ത പണികൾ മുഴുവൻ അയാൾ കേട്ടോ എന്നറിയിലെല്ലും ഓരോന്നും ഒരു വീഴ്ചയും പറ്റാതെ വളരെ കൃത്യമായി തന്നെ അയാൾ ചെയ്തിരുന്നു…

പുറം പണി മാത്രമായിരുന്നു അയാൾക് കാര്യമായി ഉണ്ടായിരുന്നത്…ബാക്കിയുള്ള സമയം മുഴുവൻ വിശ്രമിക്കാം…അതും അല്ലേൽ വീട്ടിലേക് പോകാം…

വീടെന്നു പറയാൻ ഒന്നുമില്ല… മക്കൾ വീട്ടിൽ നിന്നും പടിയിറക്കി പിണ്ഡം വെച്ചത് പോലെ ആയിരുന്നു…

അതിനാൽ തന്നെ എങ്ങോട്ടും പോകാതെ സധാ സമയവും വീട്ടിൽ തന്നെ കാണും…എന്തേലും പണി ചെയ്തു കൊണ്ട്..

പത്തറുപതു സെന്റ് ഭൂമി ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവിടെ എല്ലാം കിളച്ചു മറിച്ചു ഓരോ വിത്തുകളും കമ്പുകളും കുഴിച്ചിട്ട്… മണ്ണിനെ മണവാട്ടിയായി എടുത്തിരുന്നു കുറച്ചു നാള് കൊണ്ട് തന്നെ…”

“ഒരു ദിവസം…

എന്നും രാവിലെ ഉണ്ടാവാറുള്ള നടത്തം കഴിഞ്ഞു തിരികെ വരുന്ന നേരമായിരുന്നു ഉപ്പ ഒറ്റക് ഇരിക്കുന്നത് കണ്ടു ഉപ്പയുടെ അടുത്തേക് നടന്നടുക്കുന്ന അബ്‌ദുക്ക യെ ഞാൻ കണ്ടത്..

ഉപ്പയെ കേട്ടു പരിചയം മാത്രമുള്ള ഒരാൾ എന്തിനാണ് ഉപ്പയുടെ അടുത്തേക് പോകുന്നത് അറിയാനായി ഞാൻ മറഞ്ഞു നിന്നു…

ഇടക്കും തലക്കും അയാൾ ഉപ്പയെ നോക്കി ചിരിക്കാനായി ശ്രമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. പക്ഷെ ഉപ്പ ഒരിക്കലും അയാളോട് ചിരിക്കുന്നതോ ഒന്ന് തലയാട്ടുന്നത് പോലും കണ്ടിട്ടില്ല…

അയാൾ ഉപ്പ മുന്നോട്ട് നോക്കി ഇരിക്കുന്നതിന്റെ മുന്നിലായി പോയി നിന്നു ഉപ്പയോട് ചിരിക്കാനായി നോക്കി…

പതിവില്ലാതെ അന്ന് ആദ്യമായി.. കുറച്ചു നേരം ഉപ്പ അബ്ദുക്കയെ മാത്രം നോക്കി നിന്നു പതിയെ ചുണ്ടിൽ ഒരു ചിരി നിറഞ്ഞു…

മനോഹരമായ പുഞ്ചിരി…

ഒരു വർഷത്തിന് ശേഷമാണു ഞാൻ ഉപ്പയിൽ നിന്നും ആ പുഞ്ചിരി കാണുന്നത് തന്നെ… ഉമ്മ പോയതിനു ശേഷം…

എന്നിട്ട് പതിയെ ചുണ്ടുകൾ അനക്കി കൊണ്ട് അയാളോട് ഉപ്പ ചോദിച്ചു…

“അബ്ദു വല്ലേ…”

ഉപ്പയുടെ ചോദ്യം കേട്ടതും അബ്‌ദുക്കയുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു…

അയാൾ നിറഞ്ഞു വന്ന കണ്ണുകളോടെ സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട് ഉപ്പയോട് തലയാട്ടി..

അതേ ഞാൻ അബ്ദു വാണ് എന്ന പോലെ.. “

“നീ എന്താടാ അവിടെ നിക്കുന്നത് ഇങ്ങോട്ട് കയറിവാ ഇവിടെ ഇരിക്കെന്ന് ഉപ്പ പറഞ്ഞെങ്കിലും വീട്ടിലെ പണിക്കാരൻ ആണെന്ന ബോധം ഇക്കാക്ക് ഉള്ളത് കൊണ്ടായിരിക്കാം…ഞാൻ ഇവിടെ നിന്നോളാം  എന്ന് പറഞ്ഞത്…”

മൂപ്പര് കയറുന്നില്ല എന്ന് കണ്ടപ്പോൾ ഉപ്പ തന്നെ അരികിലേക് ചെന്നു..

കയ്യിൽ പിടിച്ചു…കുറച്ചു നേരം നിന്നു … ഒരു വാക് പോലും സംസാരിക്കാതെ…

അവർ തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല..

ആരെങ്കിലും വന്നു കണ്ടാലോ എന്ന് കരുതിയായിരിക്കാം…ഇക്ക പെട്ടന്ന് കൈ വിടുവിച്ചു തന്റെ ജോലിക്കായി തിരിഞ്ഞത്…”

“തിരികെ പോകുന്ന നേരം ചുമലിൽ ഇട്ടിരുന്ന തോർത്ത്‌ മുണ്ട് കൊണ്ടു നിറഞ്ഞു വന്നിരുന്ന കണ്ണുകൾ തുടച്ചു കൊണ്ടാണ് എന്റെ മുന്നിലാണ് പെട്ടത്…”

“ഉപ്പയുടെ അടുത്തേക് പോയത് ഞാൻ കണ്ടോ എന്നറിയാതെ ഒരു വിറളിയ പുഞ്ചിരിയായിരുന്നു ആ നിമിഷം ഇക്കയുടെ മുഖത് വിരിഞ്ഞത്…”

“ഇക്കാക്ക് ഉപ്പയെ അറിയുമോ…”

അരികിലേക് വന്നു പുറത്തെ പണി എടുക്കാനായി ഒരുങ്ങുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു ..

“കളി കൂട്ടുകാരൻ ആയിരുന്നു…”

എന്നെ നോക്കാതെ ചെയ്യുന്ന ജോലി ചെയ്തു കൊണ്ടായിരുന്നു മറുപടി…

വീണ്ടും തുടർന്നു കൊണ്ട് പറഞ്ഞു…

“കുറേ വർഷമായി കണ്ടിട്ട്.. ഇരുപത്തി അഞ്ചു കൊല്ലത്തിനു മുകളിൽ…

ഉപ്പ നാട്ടിൽ വരുമ്പോളൊന്നും ഞാൻ നാട്ടിൽ ഉണ്ടാവാറില്ല…രാജസ്ഥാനിൽ ആയിരുന്നു കുറേ വർഷം.. അവിടെ ഒരു കമ്പിനിയിൽ…

ഞാൻ വരുമ്പോൾ ഉപ്പയെയും കാണാറില്ല… അന്ന് പിന്നെ കൊണ്ടാക്റ്റ് ചെയ്യാൻ ഒന്നും ഇല്ലായിരുന്നല്ലോ…

പിന്നെ നിങ്ങളെയും അങ്ങോട്ട്‌ കൊണ്ടു പോയപ്പോൾ തീരെ നാട്ടിലേക് വരാതെയും ആയില്ലേ…ഉപ്പ

ഇക്ക ഒന്ന് നിർത്തി… ഉപ്പാനെ ഒന്ന് നോക്കി…

പക്ഷെ അവൻ എന്നെ തിരിച്ചറിഞ്ഞു…”

സന്തോഷത്തോടെ ആയിരുന്നു ആ വാക്കുകൾ.

“ഉപ്പയെ തിരിച്ചറിയാൻ ഇക്കാക് പ്രയാസം ഉണ്ടായിരുന്നില്ല..ഈ വർഷങ്ങൾക് ഇടക്ക് ഉപ്പ നാട്ടിലെ അറിയപ്പെടുന്ന മുതലാളിതന്നെ ആയിരുന്നു..പക്ഷെ ഉപ്പ അയാളെ തിരിച്ചറിഞ്ഞത് എനിക്കൊരു അത്ഭുതം തന്നെ ആയിരുന്നു…അത് ഉപ്പ മുതലാളി ആയത് കൊണ്ടൊന്നും അല്ല…ഉപ്പാക് ഈയിടെ കുറച്ചു മാസങ്ങളായി ഓർമ്മകുറവുണ്ട്…നേരത്തെ പറഞ്ഞില്ലേ ഉമ്മ പോയതിന് ശേഷം തുടങ്ങിയതാണ്..

അൽസിമെയ്‌സിന്റെ തുടക്കം ആണെന്നാണ് ഡോക്ടർ പറഞ്ഞിരുന്നത് അങ്ങനെ ഉള്ളൊരാൾ ഇരുപത്തി അഞ്ചു കൊല്ലം മുമ്പ് കണ്ട സുഹൃത്തിനെ യാതൊരു അടയാളവും ഇല്ലാതെ തിരിച്ചറിയുക എന്നാൽ…എനിക്കതൊരു അത്ഭുതം തന്നെ ആകുമല്ലോ..

എന്നെ പോലും ഇടക്ക് തിരിച്ചറിയാതെ പോകാറുണ്ട് ഉപ്പാക്ക്…അങ്ങനെ ഉള്ളപ്പോൾ ഇക്കയെ തിരിച്ചറിഞ്ഞത് തന്നെ ഒരു ശുഭ സൂചനയാണല്ലോ..”

“ഞാൻ ഇക്കയോട് ഉപ്പയുടെ അസുഖം പറഞ്ഞതും ഞെട്ടലോടെ ആയിരുന്നു ഇക്ക എന്നെ നോക്കിയത്…

ഇനി വേറെ പണിയൊന്നും ചെയ്യണ്ട..എന്നും ഉപ്പയുടെ കൂടേ ഉണ്ടായാൽ മതിയെന്ന് പറഞ്ഞപ്പോൾ മൂപ്പര് സമ്മതിച്ചില്ല…ജോലി ചെയ്യാതെ ഇരിക്കാൻ പറ്റില്ല എന്നതായിരുന്നു മൂപ്പരുടെ ന്യായം…

പക്ഷെ ഉപ്പയെ മൂപ്പര് തന്നെ നോക്കിക്കോളാം എന്ന് പറഞ്ഞു…”

“അങ്ങനെ ഉപ്പയുടെ എല്ലാ കാര്യങ്ങളും മൂപ്പര് തന്നെ നോക്കാനായി തുടങ്ങി…

അതിനിടയിൽ ആയിരുന്നു ഉപ്പ എന്നെ അരികിലേക് വിളിച്ചു ഒരു കാര്യം പറഞ്ഞത്…

ഉപ്പ ആദ്യമായി ഗൾഫിൽ പോയത് അബ്ദു ക്കാക് വന്ന ചെയൻസിൽ ആണെന്ന്…

അന്ന് നാട് വിട്ട് പോകാൻ മടിയായിരുന്ന ഉപ്പയെ പിടിച്ചു ബോംബെ വഴി നാട് കടത്തുകയായിരുന്നു അബ്ദുക്ക..

അതിനും തക്ക ഒരു പ്രശ്നം നാട്ടിൽ ഉണ്ടാക്കി വെച്ചിരുന്ന സമയം ആയിരുന്നു അത്.. പക്ഷെ അത് ഉപ്പാക് ഓർത്തെടുക്കാൻ കഴിയുമായിരുന്നില്ല…

അബ്ദുക്കയോട് ചോദിച്ചപ്പോൾ മൂപ്പരും പറഞ്ഞു തന്നില്ല…

അതെന്റെ കൂട്ടുകാരന്റെ രഹസ്യം ആണെന്നായിരുന്നു മറുപടി..

പിന്നെ ഞാനത് ചോദിച്ചുമ്മില്ല…

ഒരു പക്ഷെ ഒരു മകൻ അറിയാൻ പാടില്ലാത്ത വല്ലതും ആണെങ്കിൽ…”

“അവർക്ക് അവരുടേതായ ലോകത്ത് പലതും പറയാനും ഉള്ളറിഞ്ഞു ചിരിക്കാനും ഉണ്ടായിരുന്നു…

ഉപ്പാക് നഷ്ടപെട്ടു പോയ യവ്വനവും ചുറു ചുറുക്കും കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ തിരികെ കിട്ടി..

ഒരു പക്ഷെ മറവിയുടെ ആഴങ്ങളിലെ ആണ്ടു പോകുമായിരുന്ന ഉപ്പയെയും…”

“ഉപ്പയുടെ ഒരു കയ്യാളായി ഇനിയുള്ള കാലം എന്നും അബ്ദുക്ക ഉണ്ടാവുമെന്ന് തോന്നിയപ്പോൾ ആയിരുന്നു ഞാൻ വീണ്ടും കടല് കടന്നത്…”

ബൈ

നൗഫു 😘