ചേച്ചി എന്നെ കണ്ടുവോന്ന് സംശയം തോന്നിയത് കൊണ്ട് ഞാൻ പെട്ടെന്ന് ആരും കാണാതെ വീട്ടിനുള്ളിൽ കയറി…

എഴുത്ത്: ശിവ
===========

ഞാൻ അന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആ സംഭവം നടക്കുന്നത്. സ്കൂളിൽ ടീച്ചർ മാക്സ് ടെസ്റ്റ്‌ പേപ്പർ പറഞ്ഞ ദിവസമാണ്. ഞാനാണെങ്കിൽ ഒന്നും പഠിച്ചിട്ടുമില്ലായിരുന്നു. മാർക്ക്‌ കുറഞ്ഞാൽ സ്കൂളിൽ നിന്നും അടി കിട്ടും വീട്ടിൽ നിന്നും അടി കിട്ടും. കൂടെയുള്ള കുട്ടികളുടെ വക കളിയാക്കലും കാണും.

ടെസ്റ്റ്‌ പേപ്പർ പറഞ്ഞ ദിവസം രാവിലെ എഴുന്നേറ്റത് മുതൽ ആകെയൊരു പരവേശമായിരുന്നു. എങ്ങനെ സ്കൂളിൽ പോകാതിരിക്കുമെന്ന് ആലോചിച്ചിട്ട് ഒരു വഴിയും കിട്ടിയില്ല. വയറു വേദനയാണെന്ന് കള്ളം പറഞ്ഞാൽ അമ്മ കയ്യോടെ പിടിക്കേം ചെയ്യും നല്ല ചുട്ട അടിയും കിട്ടും. എന്റെ ചേട്ടനും ആ സ്കൂളിൽ മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. എങ്കിലും ഞങ്ങൾ ദിവസോം അങ്ങനെ ഒരുമിച്ച് പോകാറുമില്ലായിരുന്നു. അതുകൊണ്ട് ആരും അറിയാതെ സ്കൂളിൽ പോകാതിരിക്കാൻ ഞാൻ തീരുമാനിച്ചു. സ്പീഡിൽ പോയാൽ വീട്ടിൽ നിന്നും പത്തു മിനിറ്റ് നേരത്തെ നടത്തം മാത്രമേ സ്കൂളിലേക്കുള്ളു. പതുക്കെ പോയാൽ പതിനഞ്ച് മിനിറ്റും.

ക്ലാസ്സിൽ കൂടെയുള്ള മറ്റ് കുട്ടികളോടോപ്പമോ ഒറ്റയ്ക്കോ ഞാനും ചേട്ടനും സ്കൂളിൽ പോകാറുള്ളത് കൊണ്ട് വീട്ടിൽ നിന്നും ഒറ്റയ്ക്ക് ഇറങ്ങുന്നത് ഒരു പ്രശ്നമുള്ള കാര്യമല്ല.

രാവിലെ എട്ടര കഴിഞ്ഞപ്പോൾ ഞാൻ ബാഗും എടുത്ത് വീട്ടിൽ നിന്നിറങ്ങിയ ശേഷം ആരും കാണാതെ ടെറസ്സിന്റെ മുകളിൽ പോയി ഒളിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടൻ സ്കൂളിലേക്ക് പോകുന്നതും അവന് പിന്നാലെ അമ്മയും ജോലിക്ക് പോയത് കണ്ടപ്പോൾ ഞാൻ ടെറസിൽ നിന്നിറങ്ങി വീടിനുള്ളിലേക്ക് കയറി. താക്കോൽ സ്ഥിരമായി വയ്ക്കുന്ന സ്ഥലത്തു തന്നെ ഉണ്ടായിരുന്നു.

വൈകുന്നേരം മൂന്നരയാകുമ്പോൾ അമ്മുമ്മ ജോലി കഴിഞ്ഞു വരും. രാവിലെ ഏഴുമണിക്ക് അമ്മുമ്മ ഒരു ഓഫീസിൽ ജോലിക്ക് പോകും. പിന്നെ വരുന്നത് വൈകിട്ട് മൂന്നരയ്ക്കാണ്. അമ്മുമ്മ വീട്ടിൽ വരുമ്പോൾ എന്നെ കാണാൻ പാടില്ല, മൂന്നരയ്ക്ക് സ്കൂൾ വിട്ടാൽ മൂന്നേ മുക്കാലിനാണ് ഞാനും ചേട്ടനും വീട്ടിൽ എത്തുന്നത്. വീട്ടിൽ ആര് ആദ്യം എത്തുമെന്ന കാര്യത്തിൽ ഞങ്ങൾ പരസ്പരം മത്സരമാണ്.

ടെസ്റ്റ്‌ പേപ്പർ പീരിയഡ് കഴിഞ്ഞപ്പോൾ മനസ്സിനൊരു സമാധാനം തോന്നി. കുറേ നേരം വീടിനുള്ളിൽ വെറുതെ ഇരുന്നപ്പോൾ ടെറസിൽ കയറി കരിയില തൂത്തുകൂട്ടാൻ തുടങ്ങി. അത് അടുത്ത വീട്ടിലെ ചേച്ചി കണ്ടു. ഞാൻ പെട്ടെന്ന് ഒളിച്ചു നിന്നു. എന്തെങ്കിലും കാരണത്താൽ സ്കൂളിൽ പോകാത്ത ദിവസം അമ്മ ഞങ്ങൾ വീട്ടിലുള്ള കാര്യം അവിടെ പറഞ്ഞിട്ടാണ് പോകാറുള്ളത്. ചേച്ചി എന്നെ കണ്ടുവോന്ന് സംശയം തോന്നിയത് കൊണ്ട് ഞാൻ പെട്ടെന്ന് ആരും കാണാതെ വീട്ടിനുള്ളിൽ കയറി. കുറേ സമയം കഴിഞ്ഞു ക്ലോക്കിൽ നോക്കിയപ്പോൾ സമയം 3.20 എന്ന് കണ്ടു. ഞാൻ വേഗം ബാഗും എടുത്ത് യൂണിഫോമും ഇട്ട് സ്കൂളിന്റെ അടുത്ത് പോയി ഇരുന്നു. സ്കൂൾ വിടുന്ന ബെൽ അടിക്കുമ്പോൾ എന്റെ ക്ലാസ്സിലെ കുട്ടികൾ റോഡിൽ എത്തുന്നതിനു മുൻപ് വീട്ടിലേക്ക് തിരിച്ചു നടക്കാമെന്നായിരുന്നു മനസ്സിൽ. അതാകുമ്പോ അമ്മുമ്മയ്ക്കും ഞാൻ സ്കൂളിൽ പോയിട്ട് ഓടി വന്നതായിട്ടേ തോന്നുള്ളു എന്ന് ഞാൻ മനസ്സിൽ കണക്ക് കൂട്ടി.

പക്ഷേ എനിക്ക് തെറ്റിപ്പോയി. 2.20 ആയിരുന്നു ഞാൻ 3.20 എന്ന് കണ്ടത്. എന്റെ ശ്രദ്ധക്കുറവ് കൊണ്ട് വെപ്രാളം പിടിച്ചു ക്ലോക്കിൽ നോക്കിയപ്പോൾ സ്കൂൾ വിടാൻ സമയം ആയതുപോലെ തോന്നി വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്ത്. സ്കൂളിന്റെ അടുത്ത് മതിൽക്കട്ടിനോട് ചേർന്ന് ഗേറ്റിൽ നിന്ന് കുറച്ചുമാറി ഞാൻ ഇരിക്കുന്നത് കുട്ടികളെ വിളിക്കാൻ ഗേറ്റിന് പുറത്തു കാത്തുനിന്നിരുന്ന അമ്മമാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും കാര്യമാക്കിയില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് സ്കൂളിൽ പാൽ കുടിക്കാനുള്ള ഇന്റർവെല്ലിന് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്. ഞാനൊന്ന് ഞെട്ടി…

“ഈശ്വരാ ഇനിയും ഒരു പീരിയഡ് കൂടി ബാക്കിയുണ്ട്…സമയം നോക്കിയത് തെറ്റിപ്പോയി എന്ന് ആ നിമിഷം ഞാൻ മനസ്സിലാക്കി. എന്റെ പദ്ധതിയാകെ വെള്ളത്തിലായി. പെരുമ്പറ മുഴങ്ങുന്ന ഹൃദയവുമായി ഞാൻ അവിടെയിരുന്നു.

അപ്പോഴാണ് എന്റെ നേർക്ക് നടന്ന് വരുന്ന, സ്കൂളിലെ അടിയൻ സാറായ സുബി സാറിനെ ഞാൻ കാണുന്നത്. ആ കാഴ്ച കണ്ടതും എന്റെ ഹൃദയം ഒരു നിമിഷം നിന്നുപോയത് പോലെ തോന്നി. അടിമുടി ഭയന്നുവിറച്ച് പകച്ച മിഴികളോടെ ഞാൻ സാറിനെ തന്നെ നോക്കി. എന്റെ അടുത്തേക്ക് വന്ന് സാർ ചോദിച്ചു.

“കുട്ടിയെന്താ ഈ സമയം ഇവിടെ?” മുഴക്കം പോലെയുള്ള ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി കേട്ടു.

പേടിച്ചുവിറച്ചു നിൽക്കുന്ന ഞാൻ ഒരക്ഷരം മിണ്ടിയില്ല. സാറിന്റെ ചൂരൽ കൊണ്ടുള്ള അടിയായിരുന്നു മനസ്സ് നിറയെ. എന്നെ പഠിപ്പിക്കാൻ ഇല്ലെങ്കിലും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സുബി സാറിനെ പേടിയാണ്. ഇന്റർവെൽ കഴിഞ്ഞു ക്ലാസ്സിൽ കേറാതെ നടന്നാൽ, ടീച്ചർ ഇല്ലാത്ത സമയം ക്ലാസ്സിൽ ബഹളം വച്ചാൽ സുബി സാർ ഒരു ചൂരൽ വടിയുമായി വന്ന് ബഹളം വയ്ക്കുന്നവർക്കും സീറ്റിൽ നിന്ന് ഇറങ്ങി നടക്കുന്നവർക്കും ഒക്കെ നല്ല അടി കൊടുക്കും. ഒരിക്കെ ഇന്റർവെൽ കഴിഞ്ഞു പുറത്തിറങ്ങിയ എനിക്കും സാറിന്റെ കൈയ്യിൽ നിന്നും കാലിന് ഒരടി കിട്ടിയിട്ടുണ്ട്. കയ്യിൽ അടി വാങ്ങിക്കാൻ പേടിച്ചിട്ട് കാലിൽ അടിച്ചാ മതിയെന്ന് പറഞ്ഞപ്പോൾ കിട്ടിയതാണ്.

സാർ എന്റെ കയ്യിൽ പിടിച്ചു സ്കൂളിലേക്ക് നടന്നു. കൂടെ പോവുകയല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു. എന്റെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാൻ പാകത്തിലായിരുന്നു.

“ഈ കൊച്ച് കുറേ നേരായി സാറെ ഇവിടെ വന്നിരിക്കാൻ തുടങ്ങിയിട്ട്. സ്കൂൾ വിടും മുൻപ് ഈ കൊച്ചെങ്ങനെ സാറെ ഇവിടെ വന്നു. മതില് കേറി ചാടിയോ ഇനി?” ഏതോ ഒരു കുട്ടിയുടെ അമ്മ സാറിനോട് ചോദിച്ചു.

സാർ എന്നെയൊന്ന് ഇരുത്തി നോക്കി.

“ചോദിച്ചിട്ട് ഈ കൊച്ചൊന്നും പറയുന്നില്ല..ഇതിന്റെ ചേട്ടൻ ഇവിടെ അഞ്ചാം ക്ലാസ്സിലുണ്ട്.” അങ്ങനെ പറഞ്ഞുകൊണ്ട് സാർ എന്നെ നേരെ കൊണ്ടുപോയത് എന്റെ ക്ലാസ്സിലേക്കാണ്.

സാർ എന്നോട് എന്തൊക്കെ ചോദിച്ചിട്ടും ഭയം കാരണം ഞാനൊന്നും മിണ്ടിയില്ല. തൊണ്ട വറ്റിവരണ്ട് പേടിച്ചു വിറങ്ങലിച്ച അവസ്ഥയായിരുന്നു എന്റെ.

എന്നെ ക്ലാസ്സ്‌ റൂമിന് പുറത്തുനിർത്തി സാർ പോയി ടീച്ചറെ വിളിച്ചു. ബാക്ക് നെഞ്ചിലെ കുട്ടികൾ ഒന്നുരണ്ടുപേർ എന്നെ കണ്ടു. ഞാൻ നാണക്കേട് കൊണ്ട് മുഖം കുനിച്ചു.

തലയുയർത്തി നോക്കുമ്പോൾ മുന്നിൽ സുലേഖ ടീച്ചർ. എന്റെ ക്ലാസ്സ്‌ ടീച്ചർ. ടീച്ചറിന്റെ മിഴികൾ നിറഞ്ഞിരുന്നു.

“ഈ കുട്ടി ഇന്ന് ക്ലാസ്സിൽ അബ്സെന്റ് ആയിരുന്നു സാറെ. സാറിന് എവിടുന്ന് കിട്ടി ഈ കുട്ടിയെ?” ടീച്ചറിന്റെ സ്വരം ചിലമ്പിച്ചിരുന്നു.

“ആ മതിലിന്റെ അറ്റത്തു ഇരിക്കുകയായിരുന്നു. ഞാൻ ചായ കുടിച്ചു വരുമ്പോൾ കണ്ടതാണ്. യൂണിഫോം കണ്ടാണ് ശ്രദ്ധിച്ചത്.” സർ ടീച്ചറോട് പറഞ്ഞു.

“കുട്ടി ക്ലാസ്സിൽ വരാതെ എങ്ങോട്ട് പോയതാ? ഇപ്പൊ എവിടുന്നാ വന്നത്?” ടീച്ചർ ചോദിച്ചു.

“ഞാൻ വീട്ടീന്ന് വന്നതാ.” വേറൊന്നും പറയാൻ കഴിയാനാവാതെ ഞാൻ ഒരു വിധം വിക്കി വിക്കി കാര്യം പറഞ്ഞു.

ഞാൻ പറഞ്ഞ ഉത്തരം സാറും ടീച്ചറും വിശ്വസിച്ചിട്ടില്ലെന്ന് തോന്നി. ഇരുവരും എന്നെ അടിമുടിയൊന്ന് നോക്കി. എന്റെ കാതിൽ കമ്മലുണ്ടായിരുന്നില്ല. ഒരെണ്ണം കളഞ്ഞു പോയതുകൊണ്ട് മറ്റേ കാതിലെ കമ്മൽ ഞാൻ വീട്ടിൽ അഴിച്ചുവച്ചിരുന്നു.

സാറും ടീച്ചറും എന്നെ എച് എമ്മിന്റെ മുറിയിലേക്ക് കൊണ്ടുപോയി. അവർ വിചാരിച്ചത് എന്നെ ആരോ പിടിച്ചുകൊണ്ടുപോയി ദേഹത്തുള്ള സ്വർണ്ണമൊക്കെ ഊരിവാങ്ങിച്ച് സ്കൂളിന്റെ അടുത്തുകൊണ്ടുപോയി ഇരുത്തിയതാകുമെന്നായിരുന്നു. ഒരാഴ്ച മുൻപ് അങ്ങനെയൊരു സംഭവം സ്കൂളിൽ നടന്നിരുന്നു.

സ്റ്റാഫ് റൂമിലെ ടീച്ചേഴ്‌സും സാറന്മാരുമെല്ലാം എച് എമ്മിന്റെ മുറിയിൽ ഒത്തുകൂടി. ഇടയ്ക്കിടെ എന്നെനോക്കി അവരെല്ലാവരും അവരുടേതായ ഊഹാപോഹങ്ങൾ പറയാൻ തുടങ്ങി. ഒരു ടീച്ചർ അടുത്തേക്ക് വന്ന് എന്നെ മൊത്തത്തിലൊന്ന് പരിശോധിച്ചു. കൈമുട്ട് മുറിഞ്ഞിരിക്കുന്നത് കണ്ട് എന്തുപറ്റി എന്ന് ചോദിച്ചു. ഞാൻ ഇന്നലെ ഓടികളിച്ചപ്പോൾ വീണതായിരുന്നു. അത് പറഞ്ഞിട്ടും ടീച്ചറിനൊരു വിശ്വാസകുറവ് പോലെ.

കുറച്ചുകഴിഞ്ഞപ്പോൾ അവിടേക്ക് എന്റെ ചേട്ടൻ കയറി വന്നു. എന്നെ അവിടെ കണ്ടതും അവനെന്നെ അന്തംവിട്ട് നോക്കി.

സാർ ചേട്ടനോട് കാര്യം പറഞ്ഞു. ഞാൻ വീട്ടിൽ ഉണ്ടായിരുന്നോയെന്ന് ചോദിച്ചു. അവൻ വീട്ടിൽ നിന്നിറങ്ങുംമുൻപേ ഞാൻ സ്കൂളിലേക്ക് പോകാൻ ഇറങ്ങിയിരുന്നുവെന്ന് അവൻ പറഞ്ഞപ്പോൾ എല്ലാവരും സംശയ ദൃഷ്ടിയോടെ എന്നെ നോക്കി.

ചേട്ടന്റെ കൈയ്യിൽ നിന്നും നമ്പർ വാങ്ങി അവർ അമ്മയെ സ്കൂളിലേക്ക് വരാൻ വിളിച്ചുപറഞ്ഞു. എനിക്ക് നല്ല പേടിയായി തുടങ്ങി. അമ്മ ഇതൊക്കെ അറിഞ്ഞുകഴിയുമ്പോൾ വീട്ടിൽ പോയികഴിഞ്ഞാൽ നല്ല അടികിട്ടും. അതോർത്തപ്പോൾ തന്നെ ഞാൻ ഭയന്നുവിറച്ച് നിന്നു.

സമയം ഇഴഞ്ഞുനീങ്ങി..സ്കൂൾ വിടാനുള്ള ബെൽ അടിച്ചു. കുട്ടികളിൽ ചിലർ ജനാലയിൽ കൂടി അകത്തേക്ക് എത്തിനോക്കി എന്താ സംഭവം എന്ന് അറിയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. സുബി സാർ എല്ലാവരെയും ഓടിച്ചുവിട്ടു.

സമയം പിന്നെയും കടന്നുപോയി. നാലുമണി കഴിഞ്ഞിട്ടും ഞങ്ങളെ രണ്ടുപേരെയും കാണാത്തതിനാൽ അമ്മുമ്മ വീട്ടിൽ നിന്നും അന്വേഷിച്ചുവന്നിരുന്നു. ഞങ്ങളെ കാണാതിരുന്നപ്പോൾ നേരത്തെ സ്കൂളിൽ നിന്നും നേരത്തെ എങ്ങാനും വന്നിട്ട് അടുത്ത വീട്ടിൽ ഇരിക്കുന്നുണ്ടോന്ന് അറിയാൻ വേണ്ടി അമ്മുമ്മ അങ്ങോട്ടേക്ക് ചെന്നിരുന്നു.

എന്നെ ഉച്ചയ്ക്ക് ടെറസിൽ തൂത്തുവാരികൊണ്ട് നിൽക്കുന്നത് കണ്ട കാര്യം ചേച്ചി അമ്മുമ്മയോട് പറഞ്ഞുകൊടുത്തിരുന്നു. എന്നിട്ട് പിന്നെ ഞാൻ എവിടെ പോയെന്ന് ആലോചിച്ചു അമ്മുമ്മ സ്കൂളിലേക്ക് വന്നു. അമ്മുമ്മ എത്തിയ അതേ സമയത്താണ് അമ്മയും സ്കൂളിൽ എത്തിയത്.

രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് ഇറങ്ങിയ എന്നെ ആരോ പിടിച്ചുകൊണ്ടുപോയി കൈയിലെയും കാതിലേയുമൊക്കെ സ്വർണം ഊരിവാങ്ങിയ ശേഷം സ്കൂളിന്റെ അടുത്ത് കൊണ്ടുവിട്ടിട്ട് പോയതായിരിക്കുമെന്ന് എച് എം വീട്ടുകാരോട് പറഞ്ഞു. എന്നിട്ട് ഞാൻ വീട്ടിൽ നിന്നും വന്നതാണെന്ന് കള്ളം പറയുവാണെന്നും കൂടി പറഞ്ഞുകൊടുത്തു. അപ്പോൾ അമ്മുമ്മ, ഞാൻ വീട്ടിൽ ഉണ്ടായിരുന്നുവെന്നും അടുത്ത വീട്ടിലെ ചേച്ചി ഞാൻ വീട്ടിൽ നിൽക്കുന്നത് കണ്ടുവെന്ന് പറഞ്ഞ കാര്യം എല്ലാരോടുമായി പറഞ്ഞു. പിന്നെ എന്റെ ശരീരത്തിൽ സ്വർണം ഒന്നുമില്ലെന്നും സാധാരണ ഫാൻസി കമ്മലും വളയുമൊക്കെയാണ് ഞാൻ ഇടുന്നതെന്നും കുട്ടിയെ ആരും പിടിച്ചോണ്ട് പോയതാവില്ലെന്നും അമ്മുമ്മ പറഞ്ഞപ്പോൾ സാറന്മാരും ടീച്ചേഴ്‌സും എന്നെയൊന്ന് കലിപ്പിച്ചു നോക്കി.

എല്ലാവരും കൂടി നന്നായി ചീത്ത പറഞ്ഞു ഒപ്പം എന്തിനാ ഇങ്ങനെ ചെയ്‌തെന്ന് ചോദ്യവും വന്നു. അവസാനം ,ഉള്ള കാര്യം തുറന്നുപറയേണ്ടി വന്നു. പറയിപ്പിച്ചെന്ന് പറയുന്നതാവും ശരി. എച് എം ചൂരൽ വടി കൊണ്ട് വലതുകൈയ്യിൽ ആഞ്ഞൊരു അടി തന്നു. ഇനിമേലിൽ ഇങ്ങനെ ആവർത്തിക്കരുതെന്നും താക്കീത് ചെയ്തു.

തിരിച്ച് വീട്ടിലേക്ക് പോകാൻ നേരം ഞാൻ സുലേഖ ടീച്ചറെ ഒന്ന് നോക്കി. ടീച്ചർ എന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുകയായിരുന്നു. കുറച്ചുസമയത്തേക്ക് ടീച്ചറും വല്ലാതെ ടെൻഷൻ അടിച്ചിരുന്നു. ആ സ്കൂളിൽ എന്നോട് ഇത്തിരിയെങ്കിലും സ്നേഹം ഉള്ളത് സുലേഖ ടീച്ചറിന് മാത്രമായിരുന്നു. ആ ഞാൻ ഇങ്ങനെയൊരു കാര്യം ചെയ്തത് ടീച്ചറിൽ നല്ല വിഷമം ഉണ്ടാക്കിയിരുന്നു. അതുകണ്ടപ്പോൾ എനിക്കും സങ്കടമായി. കുറ്റബോധത്തോടെ ഞാൻ തല കുനിച്ചു. അമ്മയുടെ മുഖത്തേക്ക് നോക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു. വീട്ടിൽ ചെന്നാൽ അമ്മയുടെ കൈയ്യിൽ നിന്നും കിട്ടാൻ പോകുന്ന അടിയായിരുന്നു മനസ്സ് മുഴുവൻ.

ഞാൻ അമ്മയെ നോക്കാതെ കുനിഞ്ഞ ശിരസ്സോടെ അമ്മുമ്മയുടെ അടുത്ത് പോയി. തിരിച്ച് വീട്ടിലെത്തിയ ശേഷം ഞാൻ പ്രതീക്ഷിച്ചത് പോലെ അടിയൊന്നും കിട്ടിയില്ല. ഇനി ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു വഴക്ക് തന്നു. അതെനിക്ക് വലിയൊരു ആശ്വാസമായി തോന്നി. പിറ്റേന്ന് സ്കൂളിൽ പോയപ്പോൾ സുലേഖ ടീച്ചറും സ്നേഹപൂർവ്വം ശാസിച്ചു.

പണ്ടത്തെ ഈ കാര്യങ്ങളൊക്കെ ഇപ്പോൾ ഓർമ്മപ്പെടുത്തി അമ്മയും ചേട്ടനുമൊക്കെ നന്നായി കളിയാക്കും. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ചിരി വരും. എങ്കിലും, അറിവില്ലാത്ത പ്രായത്തിൽ ചെയ്ത ഈ പ്രവർത്തി കുറച്ചുസമയത്തേക്ക് എല്ലാവരെയും ടെൻഷൻ ആക്കിയിരുന്നുവെന്ന് അന്ന് മനസ്സിലാവാതെ പോയി.

-ശിവ