പ്രണയ പർവങ്ങൾ – ഭാഗം 18, എഴുത്ത്: അമ്മു സന്തോഷ്

പള്ളിയിലെ കൊയർ ഗ്രുപ്പിൽ ഉണ്ട് സാറ. പക്ഷെ എപ്പോഴും കൂടാറില്ല ചിലപ്പോൾ അവർ നിർബന്ധിച്ചാൽ അല്ലെങ്കിൽ ആരെങ്കിലും ഇല്ലാതെ വന്നാൽ ഒക്കെ പോയി നിൽക്കും

ചാർലി കണ്ണിമ വെട്ടാതെ അവളെ നോക്കി നിന്നു. കറുപ്പ് ഉടുപ്പിൽ ചുവന്ന പൂക്കൾ. നല്ല ഭംഗി ഉണ്ടായിരുന്നു അവളെ കാണാൻ

കണ്ണുകൾ അടച്ച് പാടി കൊണ്ട് ഇരുന്നു അവൾ. കുർബാന കഴിഞ്ഞു അവൻ വെളിയിൽ ഇറങ്ങി നിന്നു. പ്രസംഗം അവനു മുഷിപ്പാണ്

“ആ ചാർലി പള്ളിയിലോട്ട് വരാനൊക്കെ തുടങ്ങിയോ “

പാലക്കലെ റോയ്

ചാർലി ഒന്ന് പിശുക്കി ചിരിച്ചു. റോയ് ഒരു പുത്തൻ പണക്കാരനാണ്

റോയിയുടെ അപ്പനും അപ്പന്റെ അപ്പനുമൊക്കെ കുരിശുങ്കലെ തോട്ടത്തിൽ പണിയെടുത്തു കുടുംബം പോറ്റുന്നവരായിരുന്നു. റോയ് യിടെ മൂത്ത ചേട്ടൻ ആരോ വഴി ദുബായ്ക്ക് പോയി. പിന്നാലെ റോയ് യും അനിയനും പോയി. ഇപ്പൊ അവര് നല്ല നിലയിലാണ്. അതിന്റെ ഒരു അഹങ്കാരം ഉണ്ട് താനും

റോയ് ചാർളിയെ അടിമുടി നോക്കി. എന്നാ ഒരു ചുവപ്പാ ചെറുക്കൻ. സിനിമ നടന്മാരെ പോലെയുണ്ട്. എന്നാ ആണേൽ എന്നാ,  ഒരുത്തനെ കു-ത്തിയിട്ട് ജയിലിൽ പോയതാ…

ചാർലി മൊബൈൽ നോക്കി കൊണ്ട് ജീപ്പിൽ ഇരുന്നു

റോയ് മെല്ലെ അടുത്ത് ചെന്നു

“ജയിലിൽ ഒക്കെ നല്ല ആഹാരമാണെന്നാ പുറത്ത് പറയുന്നേ. ദിവസവും ചിക്കനും മട്ടനും..അങ്ങനെ തന്നെ ആണോ?”

ചാർലി ആ മുഖത്തേക്ക് നോക്കി

ചൊറിച്ചിൽ ആണല്ലോ അവൻ ഓർത്തു

“അല്ല കൊ–ലപാതകം ഒക്കെ ചെയ്തേച്ചു ചെന്നാലും ഇങ്ങനെ ഉള്ള ഫുഡ് ആണോ?”

“പിന്നേ.എന്നാ സുഖമാണെന്നാ. രാവിലെ ചപ്പാത്തി ചിക്കൻ. എത്ര പീസ് വേണേലും കിട്ടും കേട്ടോ. പിന്നെ ഉച്ചക്ക് ചോറ്, പരിപ്പു കറി, മട്ടൻ…”

“മട്ടണോ?”

“പിന്നേ എന്നാ വിചാരിച്ചു വെച്ചേക്കുന്നേ
മട്ടൻ കിട്ടും നല്ല കിടുക്കാച്ചി റോസ്റ്റ്. പിന്നെ വൈകിട്ട് ഇത് പോലെ തന്നെ. പകൽ ഇങ്ങനെ വർത്താനം ഒക്കെ പറഞ്ഞു സമയം പോകും ജോലിക്കും പോകണ്ട സുഖം “

റോയ് യുടെ കണ്ണുകൾ മിഴിഞ്ഞു

“അപ്പൊ ഈ സിനിമയിൽ ഒക്കെ കാണിക്കുന്ന പോലെ ഇടി അടി ഒക്കെയുണ്ടോ?”

“എവിടുന്ന്? അതൊക്ക വെറുതെ? എല്ലാവരും കൂട്ടുകാർ. നല്ല രസമല്ലേ?ഇവിടെ ബോർ അടിച്ചു പറ്റിയ ഉടനെ ഒരുത്തനെ തട്ടിയിട്ട് അങ്ങോട്ട് തന്നെ പോയാലോന്നാ “

ഇതിപ്പോ അവൻ പറയുന്നത് വിശ്വസിക്കാമോ വേണ്ടയോ എന്നായി റോയ്

പ്രസംഗം കഴിഞ്ഞു ആൾക്കാർ ഇറങ്ങുമ്പോൾ അവൻ അങ്ങോട്ടേക്ക് ചെന്നു

“നിന്നെ അച്ചൻ കാണണം എന്ന് പറഞ്ഞു ” ഷേർലി അവനോട് പറഞ്ഞു

“എന്നെയോ? എന്ത് കാര്യത്തിന്?”

“എന്ത് കാര്യത്തിനെന്നോ? അച്ചന് സംസാരിക്കാൻ. അല്ല പിന്നെ “

“ഞാൻ വന്നിട്ടുണ്ടെന്ന് എന്തിനാ പറഞ്ഞത്?” അവൻ ദേഷ്യത്തിൽ ചോദിച്ചു

“എന്റെ കൊച്ചേ നിന്നെ കാണാതിരിക്കാൻ അച്ചൻ എന്താ കണ്ണുപൊട്ടൻ ആണോ?”

“അപ്പ എന്തിയെ?”

“അപ്പ ദേ വരുന്നു “

ദൂരെ നിന്ന് സ്റ്റാൻലി നടന്നു വരുന്നത് കണ്ടു

“എടാ നി അച്ചന്റെ മുറിയിലോട്ട് ചെല്ല് കേട്ടോ, എന്താണ്ടോ ഓട് മാറ്റിയിടുന്ന കാര്യം എന്തോ പറയുന്നത് കേട്ടു “

“എന്തോന്ന് അപ്പാ. ഓട് മാറ്റിയിടാൻ ഞാൻ എന്തിനാ?”

“നി. അങ്ങോട്ട് ചെല്ല് ചാർലി. ഒരു മണിക്കൂർ കഴിഞ്ഞു ഡ്രൈവർ വരും. അന്നേരം വീട്ടിലോട്ട് വന്നാ മതി “

അവൻ മുഖം വീർപ്പിച്ച് അമ്മേ നോക്കി

“കാർ വിടണ്ട ഞാൻ നടന്നു വന്നോളാം ഇത്രയും ദൂരമല്ലേ ഉള്ളു?”

“ശെടാ നി. പിണങ്ങല്ലേ.അമ്മേടെ പൊന്നല്ലേ. അങ്ങോട്ട് ചെന്നെ “

“ഇതിപ്പോ വന്നത് അബദ്ധം ആയല്ലോ ” അവൻ പിറുപിറുത്തു കൊണ്ട് പള്ളിയിലോട്ട് ചെന്നു

പള്ളിയിൽ ആള് ഒഴിഞ്ഞു. കുട്ടികൾ മാത്രം കൂടി നിന്നു കൊയർ പ്രാക്ടീസ് നടത്തുന്നുണ്ട്. കൂട്ടത്തിൽ സാറ ഉണ്ട്

അവൻ ഒന്ന് നോക്കി. സാറ നോക്കുന്നില്ല. അവൾ കണ്ടു കാണും. കാണാത്ത മട്ടിൽ നിൽക്കുന്നതാണ്. അവൻ അച്ചന്റെ മുറിയിൽ ചെന്നു

ഫാദർ പൗലോസ് ജോസഫ്. ഏകദേശം എഴുപത് വയസ്സുണ്ട്. വര്ഷങ്ങളായി ഈ ഇടവകയിൽ. സഭ സ്ഥലം മാറ്റിയിട്ടും ഇടവകക്കാരുടെ പ്രതിഷേധത്തെ തുടർന്ന് തുടരുകയാണ്. സ്ഥലം മാറ്റം സഭ പിന്നീട് റദ്ദാക്കി

“ചാർളിയെ പിന്നെ ഈ വഴിക്ക് ഇന്നാ  കാണുന്നത് “

ചാർലി മിണ്ടിയില്ല

“നി കർത്താവിനോട് പിണങ്ങിയോ കുഞ്ഞേ?”

അവൻ അതിനും മറുപടി പറഞ്ഞില്ല

ഫാദർ നേർത്ത വേദനയോടെ അവനെ കുറച്ചു നേരം നോക്കിയിരുന്നു. മിടുക്കനായ ഒരു ആൺകുട്ടിയായിരുന്നു അവൻ. പള്ളിക്കാര്യങ്ങളിൽ എന്നും മുന്നിൽ നിന്ന ബൈബിൾ ക്ലാസുകളിൽ മുടങ്ങാതെ വന്നിരുന്ന ഒരു മിടുക്കൻ കുട്ടി. പഠിച്ചതൊക്കെ കൊച്ചിയിൽ ആണെങ്കിലും നാട്ടിൽ ഉണ്ടെങ്കിൽ അവൻ മിക്കവാറും പള്ളിയിൽ തന്നെ ഉണ്ടാകും. സാധാരണ ഇടവകക്കാരെ പോലെ ഞായറാഴ്ച മാത്രം വന്നു അറ്റൻഡൻസ് വെയ്ക്കുന്ന ആളായിരുന്നില്ല.

“അതൊക്ക പോട്ടെ. ഇനി എല്ലാ ആഴ്ചയും വരണം അല്ല നിനക്ക് ഫ്രീ ആയിട്ട് തോന്നുമ്പോ ഇങ്ങു പോരെ. ക്രിസ്മസ് വരുവല്ലേട..നമുക്ക് ഇക്കുറി ഉഷാറാക്കണം. നി ഒന്ന് കൂടെ നിന്ന് തന്നാ മതി. കഴിഞ്ഞ രണ്ടു മൂന്ന് വർഷം ഒരു തണുപ്പായിരുന്നു.”

അച്ചൻ എഴുന്നേറ്റു ആ തോളിൽ പിടിച്ചു

“മോനെ നിന്നെ പോലെ ഒരു കുഞ്ഞിന് പറ്റണ്ട ഒരു അബദ്ധം അല്ലായിരുന്നു അത്. പക്ഷെ നിന്റെ വശത്തു ന്യായം ഉണ്ട്. അത് കൊണ്ട് കുറ്റബോധം വേണ്ട. നി വരണം ഞാൻ ഇനി. എത്ര നാള് കാണും?”

ചാർലി ആ മുഖത്ത് നോക്കി

“വന്നോളാം അച്ചോ “

“അപ്പൊ കുറച്ചു പണി തരാം നി വാ “

അവൻ അച്ചന്റെ ഒപ്പം നടന്നു

“ഇവിടെ കുറച്ചു ഓടുകൾ പോയിട്ടുണ്ട് മാറ്റണം. പിന്നെ മൂന്നാല് ഫാൻ കറങ്ങുന്നില്ല. ട്യൂബ് ലൈറ്റും അങ്ങനെ തന്നെ. ചിലത് ഒക്കെ കത്തുന്നില്ല. പുറകിലെ പള്ളിപ്പറമ്പ് വൃത്തിയാക്കാൻ ഒരു പണിക്കാരനെ വേണം “

ചാർലി കുറച്ചു നേരം എല്ലാം കേട്ട് നിന്നു

“അല്ല അച്ചോ. അച്ചൻ ഇത് മുഴുവൻ ഞാൻ ജയിലിൽ നിന്നു വന്നിട്ട് ചെയ്യിക്കാൻ വെച്ചേക്കുവാരുന്നോ. ഈ ഇടവകയിൽ ആളില്ലായിരുന്നോ?”

അച്ചൻ വലിയ വായിലെ ശബ്ദം ഉണ്ടാക്കി ചിരിച്ചു “ഒത്തിരി പേരോട് പറഞ്ഞെടാ ഉവ്വേ..ആരും ചെയ്തില്ല.”

“കാശു കൃത്യമായി അരമനയിൽ നിന്ന് മേടിച്ചു തന്നേക്കണം “

“കുഞ്ഞേ കർത്താവിന്റെ കാര്യത്തിൽ കണക്ക് പറയരുത് “

“ഇത് കർത്താവിന്റെ കാര്യമല്ലല്ലോ കുഞ്ഞാടെ. പുള്ളിക്ക് എന്തിനാ ലൈറ്റും ഫാനും..ഇത് ഇവിടെയുള്ള കുഞ്ഞാടുകൾക്ക് കാണാനും കാറ്റ് കൊള്ളാനും വേണ്ടിയല്ലേ, അപ്പ കാശ് വേണം. അതിനു തയ്യാർ ആണെങ്കി ഇന്ന് പണി തുടങ്ങിയേക്കാം.”

“നി സ്റ്റാൻലിയുടെ മോൻ തന്നെ ആണോടാ?”

“കാശ് ചോദിച്ച ത- ന്തക്ക് പറഞ്ഞോണം
അച്ചൻ വേറെ ആളെ നോക്ക് “

അവൻ നടക്കാൻ ഭാവിച്ചു

“അയ്യോ പോകല്ലേ. ഞാൻ കാശ് തരാം അരമനയിൽ നിന്ന് കിട്ടിയില്ലെങ്കിൽ എന്റെ അക്കൗണ്ട്ൽ  നിന്നെടുത്തു തരാം. പോരെ “

“മതി. എന്റെ അക്കൗണ്ട്ലോട്ട് തന്നെ വരണം. ഗൂഗിൾ പേ ഉണ്ടല്ലോ.”

“ഉണ്ട് “

“പഴയ നമ്പർ തന്നെ അല്ലെ?”

അച്ചൻ തലയാട്ടി

ചാർലി ചിരിച്ചു

“പറ്റിച്ചാൽ ഉണ്ടല്ലോ പൊന്നുമോനെ ഇടുന്ന ലൈറ്റ്, ഫാൻ ഒക്കെ ഞാൻ ഊരി കൊണ്ട് പോം “

അച്ചൻ ഒരടി കൊടുത്തു

“എന്തൊരു ദുഷ്ടൻ ആണെടാ നി?”

“ആ ഞാൻ ദുഷ്ടൻതന്നെ കാര്യം സാധിക്കാൻ ഈ ദുഷ്ടൻ തന്നെ വേണ്ടി വന്നല്ലോ “

അച്ചൻ ചിരിച്ചു

വാതിൽക്കൽ ഒരു നിഴലനക്കം
“ആരാ അവിടെ?”

“ഞങ്ങള ഫാദർ ” കൊയർ ഗ്രൂപ്പ്‌

“എന്നാ പിള്ളേരെ?”

“ഇന്നത്തെ പ്രാക്ടീസ് കഴിഞ്ഞു. വീട്ടിൽ പോവാ “

“ആ സൂക്ഷിച്ചു കണ്ടു പോകണേ.”

“ഈശോ മിശിഹാ ക്ക് സ്തുതി ആയിരിക്കട്ടെ അച്ചോ”

“എപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ ” അച്ചൻ പറഞ്ഞു

ചാർലി സാറയെ നോക്കി നോക്കുകയായിരുന്നു. അവളുടെ കണ്ണുകൾ ഒരു തവണ പോലും അവനിൽ പതിഞ്ഞില്ല. തല കുനിച്ചവൾ അവർക്കൊപ്പം അവന്റെ മുന്നിലൂടെ നടന്നു പോയി

“അപ്പൊ ഞാനും പോയിട്ട് വരാം. സാധനങ്ങൾ വാങ്ങി ആളെ കൂട്ടി വരും “

അച്ചൻ അവനെ പിടിച്ചു നിർത്തി

“നി വരുമോടെ?”

“അച്ചൻ സത്യം വരും “

അവൻ ചിരിയോടെ നടന്നു നീങ്ങി

“തെ- മ്മാടി ” അച്ചൻ തന്നെ പറഞ്ഞു ചിരിച്ചു

ദൂരെ അവൾ നടന്നു പോകുന്നത് അവനു കാണാം. കൂടെയുള്ളവർ ഓരോ വഴിക്ക് പിരിഞ്ഞു. അവൾ തനിച്ചായി

അവൻ ഓടി ഒപ്പം ചെന്നു

“സാറ”

അവനെ പെട്ടെന്ന് പ്രതീക്ഷിച്ചില്ല എന്ന് തോന്നി അവൾ പകച്ചു

“എന്നെ അറിയില്ലേ സാറയ്ക്ക്?” അവൻ ശാന്തമായി ചോദിച്ചു

“ആ ചോദ്യം തിരിച്ചു ചോദിക്ക് ” അവൾ ശാന്തമായി മറുപടി പറഞ്ഞു എന്നിട്ട് നടന്നു

“സാറ ഒരു മിനിറ്റ്. ഞാനന്ന് അമ്മച്ചിയോടു വീട് അറിയില്ല എന്ന് പറഞ്ഞത്, അപ്പൊ അപ്പനെന്നെ പെട്ടെന്ന് കളിയാക്കുന്ന പോലെ ഒരു ചോദ്യം ചോദിച്ചത് കൊണ്ടാ. അല്ലാതെ…ഞാനും വരണമായിരുന്നു. അതായിരുന്നു മര്യാദ. സോറി “

സാറയുടെ മുഖത്ത് ഭാവഭേദമൊന്നുമില്ല

“അതൊക്കെ കഴിഞ്ഞു ല്ലോ. എന്റെ മനസിൽ അങ്ങനെ ഒന്നുമില്ല.”

അവനു ഉത്തരം മുട്ടി

“എന്നോട് എന്തിനാ ഇങ്ങനെ? ഒരു stranger നെ പോലെ..നമുക്ക് പരിചയം ഉണ്ടല്ലോ “

അവൻ മെല്ലെ ചോദിച്ചു

“ആ പരിചയം മറ്റുള്ളവർ ചോദിക്കുമ്പോ ഇല്ലല്ലോ. ഒറ്റയ്ക്ക് ആവുമ്പോൾ മാത്രം അല്ലെ ഉള്ളു? എനിക്കു. അറിയാം എല്ലാം “

“എന്ന് വെച്ചാ?”
“എന്ന് വെച്ചാ എല്ലാം അറിയാം “

“ഓ ഞാൻ ഒരാളെ കൊ-ന്നിട്ട് ജയിലിൽ കിടന്നത് ഇപ്പോഴാണ് അറിഞ്ഞതല്ലേ? അത് കൊണ്ടാണ് സംസാരിക്കാൻ മടി. അത് ഞാൻ ഓർത്തില്ല. ഇനി നിന്റെ മുന്നിൽ വരില്ല ചാർളി ഇത് പോലെ വരില്ല. അതിന്റെ ആവശ്യമെനിക്കില്ല
പരിചയം ഉണ്ട് ഇപ്പൊ കണ്ടാൽ അറിയാത്ത പോലെ നടക്കുന്നത് കണ്ടു കാരണം ചോദിക്കാൻ തോന്നി. ഇതായിരുന്നു കാരണം.. ശരി “

സാറ കുറച്ചു നേരം ആ മുഖത്തേക്ക് നോക്കി നിന്നു

“അതൊക്കെ എനിക്കു പണ്ടേ അറിയാം. പിന്നെ ഇപ്പൊ പറഞ്ഞില്ലേ ആവശ്യമില്ലന്ന് കുരിശുങ്കൽ ചാർളിക്ക് പാല് കൊണ്ട് നടന്നു വിറ്റ് ഉപജീവനം നടത്തുന്ന ഒരു പെണ്ണിനെ ആവശ്യമില്ല എന്നാ അതിന്റെ അർത്ഥം.”

അവൾ കിതച്ചു

“എന്റെ ചേച്ചിയുടെ മനസമ്മതത്തിന് വന്നു സന്തോഷം. ഞാൻ വിളിച്ചത് കൊണ്ട് വന്നു. ഇത്തിരി ഭക്ഷണം കഴിച്ചിട്ട് പോകാൻ കെഞ്ചി കേട്ടില്ല. പിന്നെ ഞാൻ വയ്യാണ്ടായി കിടന്നു വരണ്ട. അത് ആഗ്രഹിച്ചുമില്ല. പക്ഷെ എന്റെ വീട് അറിയില്ല.. എന്ന് “

അവൾ പെട്ടെന്ന് നിർത്തി

കണ്ണുകൾ നിറഞ്ഞു കവിയുന്നത് ചാർലി വേദനയോടെ കണ്ടു

“നാളെ എന്നെയും അറിയില്ല എന്ന് പറയും. നിങ്ങളെ പോലുള്ളവർക്ക് അത് എളുപ്പമാണ് “

അവൾ മുഖം തുടച്ചു

“എത്ര നാള് ഈ നാട്ടിൽ ഞാൻ ഉണ്ടാവുമെന്ന് എനിക്കു അറിഞ്ഞൂടാ. ചിലപ്പോൾ ഈ വർഷം കഴിഞ്ഞു പോകുമായിരിക്കും. ആരെയും വിഷമിപ്പിച്ചു ശീലമില്ല. ഒതുങ്ങി പോവാ..എനിക്ക് ദേഷ്യം ഒന്നുമില്ല..അല്ലെങ്കിൽ തന്നെ ഞാൻ ആരുമല്ല.”

അവൾ മുഖം തുടച്ചു

“പോയിക്കോട്ടെ “

അവൾ നടന്നു പോകുന്നത് നോക്കി നിൽക്കെ സ്വന്തം കണ്ണുകൾ നനയുന്നത് അവൻ അറിഞ്ഞു

തുടരും…

ഇത് അഞ്ചു മിനിറ്റ് ഉണ്ട് 🤭🤭🤭🤭