പ്രണയ പർവങ്ങൾ – ഭാഗം 21, എഴുത്ത്: അമ്മു സന്തോഷ്

സ്റ്റാൻലി പതിയെ താഴേക്ക് ചെന്നു

ചാർലി ഒരു മൂളിപ്പാട്ട് പാടി കയറി വരുന്നുണ്ടായിരുന്നു. പെട്ടെന്ന് സ്റ്റാൻലി മുന്നിലേക്ക് വന്നപ്പോൾ അവൻ നിന്നു. ഒന്ന് പതറിയ പോലെ

“അപ്പ ഇവിടെ എന്താ?” അവൻ ചോദിച്ചു

സ്റ്റാൻലി ചുറ്റും ഒന്ന് നോക്കി

“എന്താ?” അയാൾ എടുത്തു ചോദിച്ചു

“അല്ല അപ്പ എന്താ ഇവിടെ?” ചാർലി വീണ്ടും ചോദിച്ചു

“എന്റെ വീട് തന്നെ അല്ലെ ഇത്?”

സ്റ്റാൻലി മുറ്റത്തേക്ക് ഇറങ്ങി വീട്ടിലേക്ക് നോക്കി. പെട്ടെന്ന് അവൻ തല കുടഞ്ഞു

“അതല്ല അപ്പാ. തോട്ടത്തിൽ പോയില്ലേ?”

“ഞാൻ പോകുന്നെന്ന് നിന്നോട് പറഞ്ഞാരുന്നോ ” സ്റ്റാൻലി എടുത്തടിച്ചു

“എന്തോ പറഞ്ഞത് പോലെ തോന്നി..എന്താ പോകഞ്ഞേ ” അവന് ഒരു ബോധം ഇല്ലാത്ത പോലെ. അയാൾക്ക് തോന്നി

അവൾ പോയിട്ടും അവൻ അവളെ വിട്ടിട്ടില്ല. ഒരു ചമ്മൽ ഉണ്ട് ആൾക്ക്

“ഷേർളിയെ. ഇവന് ഇച്ചിരി നാരങ്ങാ വെള്ളം കൊടുക്ക്. ഉപ്പും പഞ്ചസാരയും കൂട്ടി. അല്ലെങ്കിൽ പഞ്ചാര വേണ്ട. ഉപ്പ് മാത്രം മതി ” അയാൾ അകത്തോട്ടു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു
ഷേർലി വിളി കേട്ട് വന്നു

“എന്നതാടാ?”

“അപ്പന് വട്ടാ “

അവൻ പതിയെ പറഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി

“ശോ “

അവർ വാ പൊത്തി

“അപ്പന് അല്ല അവനാ വട്ട്..നീ നോക്കിക്കോ മോളെ ചെറുക്കന്റെ പോക്ക് അത്ര ശരിയല്ല “

കാറിലേക്ക് കയറവേ സ്റ്റാൻലി പറഞ്ഞു

ഇതെന്തുവാ പദപ്രശ്നം പോലെ അവിടെയും ഇവിടെയും പൂരിപ്പിക്കാത്ത ഒരു പരിപാടി?

അവർ താടിക്ക് കൈ കൊടുത്തു

അവൻ മുറിയിൽ പോയിരുന്നു

“ചാർളിയേ എടാ ചാർളി…” അമ്മച്ചി വിളിക്കുന്നു

അവൻ അവളുടെ വാട്സാപ്പ് dp നോക്കുകയായിരുന്നു. നീളൻ ചുവപ്പ് പാവാടയും ബ്ലൗസും കരിമണി മാലയും. ഏതോ കുളത്തിന്റെ കരയിൽ ആണ്

അവൻ അത് നോക്കി കിടന്നു. എന്റെ മാലാഖ

അവൻ മെല്ലെ പറഞ്ഞു 

“എന്നതാടാ അപ്പൻ പറഞ്ഞേച്ചും പോയത്? നീ എന്നാ കൊള്ളരുതാഴിക ചെയ്തു?” അവന്റെ കണ്ണ് മിഴിഞ്ഞു

“ഞാൻ എന്തോന്ന് ചെയ്തു?”

“അപ്പൻ അങ്ങനെ ഒന്നും കാണാതെ ഒന്നും പറയുകേല. നീ എന്തോ ഒന്ന് ഒപ്പിച്ചു വെച്ചിട്ടുണ്ട് “

“എന്റെ പൊന്നു ഞാൻ അങ്ങനെ വല്ലോം ചെയ്യുമോ, അടുക്കളയിലോട്ട് ചെല്ല്. രാത്രി എനിക്കു ബീ-ഫ് വേണം “

“നിന്റെ കൊളെസ്ട്രോൾ ഒന്ന് നോക്കിക്കോ. ഷുഗർ കൂടി നോക്കിയേര്”

അവർ പോയി

എന്തെങ്കിലും അർത്ഥം വെച്ചാണോ പറഞ്ഞത്

“എടാ നോമ്പ് ആയത് കൊണ്ട് ബീ-ഫില്ല “

താഴെ നിന്ന് ഉറക്കെ

“എനിക്കു നോമ്പില്ല. നോൺ വേണം ” അവൻ മറുപടി കൊടുത്തു

“നിനക്ക് നോമ്പ് ഉണ്ടോ? അവൻ മെല്ലെ ചോദിച്ചു

അവൾക്ക് കാണും എന്ന് അവനു അറിയാം. അവനെ പോലെയല്ല സാറ. ഭക്തി കുറച്ചു കൂടുതൽ ആണ്. ആ ഭംഗി മുഖത്തുണ്ട്. നല്ല ചൈതന്യമുള്ള മുഖം. കൂട്ടുകാരായി ഇപ്പൊ

അവനു ഒരു സന്തോഷം തോന്നി

ഏറെ വർഷങ്ങൾക്ക് ശേഷം ആണ് പുതിയ കൂട്ട്

കൂട്ട് മാത്രം ആണോ ചാർലി? ഉള്ളിൽ ഇരുന്ന് ആരോ ചോദിച്ചു

ഫോൺ ബെൽ. അടിക്കുന്നത് കേട്ട് അവൻ നോക്കി

കിച്ചു

“ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ട് നാളും പക്കവും നോക്കിയിരിക്കുവാണോടാ പ’ ട്ടി?” ചാർലി അപ്പോഴാണ് അത് ഓർത്തത്

“എടാ സോറി സോറി.. ഞാൻ വരാം..നീ ഇടയ്ക്ക് വീട് മാറിയില്ലേ?”

“ഇനി അത് ഒരു കാരണം പറഞ്ഞോ “

“നീ വഴി പറയടാ പുല്ലേ “

“അതോ..രുക്കുന്നു  സൈന്റ്റ്‌ ആൽബർട്ട്സിൽ ജോലി കിട്ടിയത് പറഞ്ഞില്ലായിരുന്നോ? അതിനടുത്തു ഞങ്ങൾ ഒരു വീട് വാടകക്ക് എടുത്തു “

ചാർലി പെട്ടെന്ന് ചാടി എഴുന്നേറ്റു

“എവിടെ?”

“St ആൽബർട്ട് കോളേജിൽ “

“എന്തായിട്ട്?”

“എന്തായിട്ടാവും? എടാ ടീച്ചർ ആയിട്ടല്ലേ?അവൾ ആ കോഴ്സ് അല്ലെ പഠിച്ചത്”

“അത് എനിക്ക് അറിയാവോ? അവൾ ഏതാണ്ടൊക്കെ പഠിക്കുന്നുണ്ടായൊരുന്നല്ലോ. തീരുമ്പോ തീരുമ്പോ പുതിയ പുതിയ കോഴ്സ് ചെയ്യൂന്ന രോഗം ഇപ്പോഴും ഉണ്ടോ?”

“ഇല്ല ജോലി കിട്ടിയതോടെ നിർത്തി. എന്റെ ഓഫീസിൽ പോകാനും ഇവിടെ നിന്ന് അടുത്താ. അത് കൊണ്ട് ഇവിടെ ഒരു വീട് എടുത്തു. ഇപ്പൊ പരീക്ഷ ടൈം ആണ്. നീ വരുന്നെങ്കിൽ നാളെ വാ “

“നാളെ വരാം. വന്നിരിക്കും ” അവൻ ഉറപ്പിച്ചു പറഞ്ഞു

പ്രാർത്ഥന കഴിഞ്ഞു പഠിക്കാൻ ഇരിക്കുമ്പോ സാറ ഒന്ന് എത്തി നോക്കി. പപ്പയും മമ്മിയും അടുക്കളയിൽ ആണ്. ഒരു മെസ്സേജ് വന്നു കിടക്കുന്നുണ്ട്

ചാർളിയുടെ നമ്പർ. അവൾ അത് സേവ് ചെയ്യാൻ തുടങ്ങി

എങ്ങനെ ഏത് പേര്…അവൾ നഖം കടിച്ചു

ചാർലി എന്ന് ടൈപ്പ് ചെയ്തു

ശോ വേണ്ട

തന്നെക്കാൾ എട്ടു വയസ്സ് എങ്കിലും കൂടുതൽ ഉണ്ടാവും

ചാർലി ചേട്ടൻ

അയ്യേ വേണ്ട

ചാർളിച്ചായൻ…

ഊഹും

അവളുടെ മുഖത്ത് ഒരു ചിരി വന്നു

ഇച്ചായൻ…

അതോ, അച്ചായനോ?

ഇച്ചായൻ..അവൾ അങ്ങനെ സേവ് ചെയ്തു. പിന്നെ ആ മെസ്സേജ് നോക്കി

രുക്മിണി എന്ന് പേരിൽ ഒരു ടീച്ചർ ഉണ്ടോ?

“Koi “

അവൾ ഒരു മെസ്സേജ് ഇട്ടു

ചാർളി കഴിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു

മെസ്സേജ് വന്നപ്പോൾ അവൻ നോക്കി

സാറ

സ്റ്റാൻലി അത് ശ്രദ്ധിക്കുന്നുണ്ട്

അവൻ ഇടതു കൈ കൊണ്ട് ടൈപ് ചെയ്യുന്ന കണ്ടയാൾക്ക് ചിരി പൊട്ടി

“ആ ടീച്ചറാണ് എന്നെ എഡ്യൂക്കേഷനൽ സൈക്കോളജി പഠിപ്പിക്കുന്നത്. എങ്ങനെ അറിയാം?”

“ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു “

“ആണോ?”

“ഉം “

“എന്നെ കുറിച്ചു ചോദിച്ചോ”

“നാളെ ചോദിക്കും. ഞാൻ വരും “

“കോളേജിലോ?”

“അല്ല. വീട്ടിൽ. അവളും ഹസ്ബൻഡും എന്റെ ഫ്രണ്ട്സ് ആണ് “

“നാളെ സാറ്റർഡേ ആണ്. പക്ഷെ എക്സാം ഉണ്ട്. “

“അറിയാം. അവളുടെ ഹസ്ബൻഡിനു നാളെ ഹോളിഡേ ആണ്. അത് കൊണ്ട് ഞാൻ വരും. നീ എക്സാം കഴിഞ്ഞു വെയിറ്റ് ചെയ്യണേ “

“ഉം “

“എങ്കിൽ പഠിച്ചോ ഗുഡ് നൈറ്റ്‌ “

“ഗുഡ് നൈറ്റ്‌ “

അവൻ ചിരിയോടെ ഫോൺ മാറ്റി വെച്ചു

“കഴിക്കുന്നുണ്ടോ?” അമ്മച്ചി മുന്നിൽ

“ആ അപ്പ പോയ?”

അവർ രൂക്ഷമായി ഒന്ന് നോക്കി

“ശെടാ കഴിച്ച പോരെ. ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ എന്തിനാ?” അവൻ വേഗം കഴിച്ചു. പിന്നെ മുറിയിലേക്ക് പോയി

ഷേർലി അത്താഴം കഴിഞ്ഞവിടെ ഒക്കെ ഒതുക്കി മുറിയിലേക്ക് ചെന്നു. സ്റ്റാൻലി ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു

“എന്താ ആലോചിച്ചു നിൽക്കുന്നെ?”

“വെറുതെ…ചാർലി ഇനി ഇവിടെ കാണുമെന്ന തോന്നുന്നേ. അവൻ ഇവിടെ ഉള്ളപ്പോ ഒരു സന്തോഷം സമാധാനം..”

“ഷെല്ലി വിളിച്ചാ ചെക്കൻ ഓടി പോകുമെന്നെ “

“അതിലും വലിയ ഒരു സ്നേഹം ആരോടെങ്കിലും തോന്നിയാലോ…പോകുമോ?”

അവർ മനസിലാകാത്ത പോലെ അയാളെ നോക്കി

“ചില സ്നേഹം നമ്മെ പെടുത്തി കളയും..ഒന്നിലേക്കും പോകാൻ കഴിയാതെ അവർ മാത്രം ഉള്ള ദ്വീപിൽ അങ്ങനെ ആയിപ്പോകും..സ്നേഹത്തിന്റെ ദ്വീപ്.. നീ കേട്ടിട്ടില്ലേ?”

അവർ പുഞ്ചിരിച്ചു കൊണ്ട് ആ നെഞ്ചിൽ ചേർന്നു

“എന്റെ സ്നേഹദ്വീപ് ഇതാണ്.. ഈ നെഞ്ചിൽ..”

അവർ തലയണച്ചു വെച്ചയാളെ ഇറുകേ പിടിച്ചു

തുടരും….