പ്രണയ പർവങ്ങൾ – ഭാഗം 44, എഴുത്ത്: അമ്മു സന്തോഷ്

“ഇരിക്ക് ” അവർ കടന്നു വന്നപ്പോ അവൻ പറഞ്ഞു

“ഒരു ചെറിയ പണിയുണ്ട് ” അവൻ മെല്ലെ പറഞ്ഞു

“റെഡി ” അവർ ഒരേ സ്വരത്തിൽ പറഞ്ഞു

“വിളിക്കാം സമയം സ്ഥലം ഒക്കെ പറയാം ഒന്ന് ഫ്രീ ആയിട്ടിരിക്കണം “

“ഉറപ്പല്ലേ ” സന്ദീപ് ചിരിച്ചു

“എന്നാ ശരി “

അവൻ കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് ഇറങ്ങി

പള്ളിയിൽ വരുമ്പോൾ അച്ചൻ പറമ്പിൽ നിൽക്കുന്നു. കയ്യിൽ തൂമ്പാ

“കൃഷി ചെയ്യുന്നത് നല്ലതാ. വല്ലപ്പോളും ശരീരം ഒന്ന് അനങ്ങട്ടെ ” ചാർലി തൊട്ട് പിന്നിൽ വന്ന് നിന്നപ്പോഴേ അച്ചൻ കണ്ടുള്ളു

“അതെയതെ..നിന്നോട് പറഞ്ഞില്ലായിരുന്നോ പറമ്പിൽ കുറച്ചു പണിക്കാരെ വേണംന്ന് “

“എന്നോട് പറമ്പ് എന്നെ പറഞ്ഞുള്ളു. ബാക്കി മനസ്സിൽ ആയിരിക്കും പറഞ്ഞത് “

“പറയാൻ നി സമ്മതിച്ചില്ലല്ലോ “

അവൻ തൂമ്പ മേടിച്ചു സൈഡിൽ വെച്ചു

“ഇപ്പൊ എന്താ പണി അത് പറ “

“ഇതൊക്ക തന്നെ..കുറച്ചു തെങ്ങിൻ തൈ കിട്ടിയാരുന്നു അത് ഒന്ന് വെയ്ക്കണം. പിന്നെ വാഴ പിരിച്ചു വെയ്ക്കണം “

“അതിനെന്തിനാ പണിക്കാര്? ചാർലി ഒറ്റയ്ക്ക് ചെയ്യും. ഒരു മുണ്ട് തന്നെ “

അച്ചൻ അന്തം വിട്ടു

“എടാ ചെറുക്കാ വേണ്ട.. കയ്യിലോ കാലിലോ വല്ലോം കൊള്ളും “

“ഒരു മുണ്ട് താ പൊന്നെ ” അവൻ ആ വയറ്റിൽ ഒന്നിടിച്ചു

“ഈ തെ- മ്മാടി..”

അച്ചൻ പോയി ഒരു മുണ്ട് എടുത്തു കൊടുത്തു. പാന്റും ഷർട്ടും ഊരി മാറ്റി മുണ്ട് ഉടുത്തു ചാർലി. തലയിൽ ഒരു തോർത്ത്‌ കെട്ടി

“സിനിമയിൽ അഭിനയിച്ചൂടെ നിനക്ക്?”

“സുഖിപ്പിക്കണ്ട. അവിടെ മിണ്ടാതെ നിന്നോ. ഇല്ലെങ്കിൽ ഇട്ടേച്ച് ഞാൻ പോകും “

അച്ചൻ ചിരിച്ചു

അവൻ അതെല്ലാം ചെയ്തു തീർന്നപ്പോൾ മൂന്ന് മണി കഴിഞ്ഞു

“എനിക്കെ ഒന്ന് കുളിക്കണം”

“നി വീട്ടിൽ പോയി കുളിക്കെടാ “

“ദേ അച്ചൻ ആണെന്നൊന്നും നോക്കുകേല നല്ല വർത്താനം പറയും ഞാൻ. ഞാൻ എന്തിനാ ഇന്ന് ഇങ്ങോട്ട് വന്നത്?”

“ആ കൊച്ചിനെ കാണാനാണോ?”

“അല്ലാതെ പിന്നെ നിങ്ങളെ കണ്ടിട്ട് എനിക്ക്. എന്നാ കിട്ടാനാ.. ദേ ഞാൻ കുളിക്കട്ടെ. വിയർപ്പ് നാറും എന്ന് “

“എന്റെ ഈശോയെ എനിക്ക് മേല. നി ഇത് സ്ഥിരം ആക്കല്ലേ ചാർലി. മനുഷ്യർ വല്ലോം പറഞ്ഞുണ്ടാക്കും,

“അച്ചന്റെ അറിവോടെ പള്ളിമേടയിൽ അ- നാ- ശാസ്യം..ക്യാപ്ഷൻ എങ്ങനെ ഉണ്ടച്ചോ? “

അച്ചൻ ഒറ്റ അടി വെച്ചു കൊടുത്തു. അവൻ ഓടി ബാത്‌റൂമിൽ കയറി

“ഈ കൊച്ചനെ കൊണ്ട് തോറ്റു “

അവൻ കുളിച്ചിറങ്ങി വന്ന് മുടി ചീകി

“സ്പ്രേ ഒന്നുമിരിപ്പില്ലെ?”

“നിന്നെ ഇനി സുഗന്ധദ്രവ്യം കൂടി പൂശി തരാടാ ഞാൻ “

“ഇല്ലെങ്കിൽ ഞാൻ കൊണ്ട് തരാം. വേണോ?”

അച്ചന്റെ മുഖം വിടർന്നു

“ഉണ്ടോടാ ഉവ്വേ?”

“അയ്യാ ഉണ്ടോടാ ഉവ്വേ..” അവൻ അത് പോലെ അനുകരിച്ചു. അച്ചൻ മുഖം വീർപ്പിച്ചു

“പിണങ്ങേണ്ട കൊണ്ട് തരാം.. വീ’ ഞ്ഞ് തീർന്നാരുന്നോ?”

“ഇല്ലടാ ഉഗ്രൻ സാധനം ആണ് അത്. ഞാൻ കുറേശ്ശേ കുടിക്കുവുള്ളു “

“കുറേശ്ശേ മതി ” അവൻ ആ വയറ്റിൽ ഒന്ന് തട്ടി. പിന്നെ പുറത്തേക്ക് പോയി

സാറ മുട്ട് കുത്തി പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുന്നത് അവൻ നോക്കി നിന്നു. പ്രാർത്ഥന തീർന്നപ്പോൾ അവൾ അവനെ നോക്കി ചിരിച്ചു. പിന്നെ അടുത്ത് വരാൻ ആംഗ്യം കാണിച്ചു

അവൻ അടുത്ത് വന്നപ്പോൾ മുട്ട് കുത്താനും ചാർലി അവൾക്ക് അരികിലായി മുട്ട് കുത്തി. കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. പിന്നെ എഴുന്നേറ്റു സാറ അവന്റെ നെറ്റിയിൽ ഒരു കുരിശു വരച്ചു

അവൻ ഈ പ്രപഞ്ചത്തിലെ മുഴുവൻ സ്നേഹവും ഉള്ളിൽ നിറച്ച് അവളെ നോക്കി നിന്നു. പിന്നെ അവർ പള്ളിക്ക് പുറത്ത് ഒതുങ്ങിയ ഒരു സ്ഥലത്ത് നിന്നു

“ഇന്ന് രാത്രി ആണ് ടൂർ പോകുന്നെ “

അവൻ ഒന്ന് മൂളി പിന്നെ കൈ പിടിച്ചു അടുത്ത് ചേർത്ത് നിർത്തി. പോക്കെറ്റിൽ നിന്ന് കണ്മഷി എടുത്തു

“കണ്ണെഴുതി തരട്ടെ മോൾക്ക്”

സാറ മെല്ലെ തലയാട്ടി

“ഇത് കുഞ്ഞുങ്ങൾക്ക് എഴുതി കൊടുക്കുന്ന കണ്മഷിയാ.. കെമിക്കൽ ഇല്ല. ഇത് യൂസ് ചെയ്താ മതി “

അവൻ അവളുടെ മുഖം ഇടതു കൈ കൊണ്ട് ചേർത്ത് പിടിച്ചു. പിന്നെ ചൂണ്ടു വിരൽ കൊണ്ട് മൃദുവായി എഴുതി. അവന്റെ കണ്ണുകൾ തൊട്ട് അടുത്ത്

ചുണ്ടുകളും ശ്വാസവും തൊട്ട് അടുത്ത്….

സാറ അറിയാതെ ആ തോളിൽ പിടിച്ചു. ഇടതു കണ്ണും എഴുതി

“കടൽ പോലെ…”

അവൻ ആ മുഖം കൈകുമ്പിളിൽ നിറച്ചു

“എന്ത് ഭംഗിയാണെന്നോ കണ്ണെഴുതി കഴിയുമ്പോ കാണാൻ..”

സാറ ആ കണ്ണുകളിൽ തന്നെ നോക്കി നിന്നു. അച്ചന്റെ പാദപതന ശബ്ദം കേട്ടപ്പോ അവൻ കൈകൾ എടുത്തു. സാറ തെല്ലകന്നു നിന്നു

“കല്യാണത്തിന് ഒരുക്കങ്ങൾ ഒക്കെ ആയോ മോളെ?”

“ആയിക്കൊണ്ട് ഇരിക്കുന്നു. വീടും സ്ഥലവും വിൽക്കാൻ ഒരാളെ ഏൽപ്പിച്ചു “

“അതെന്തിനാ?” അച്ചൻ അമ്പരന്ന് പോയി

“അവര് ഇരുപത്തി അഞ്ചു ലക്ഷം രൂപ ചോദിച്ചു..പിന്നെ സ്വർണം കല്യാണചിലവ്. അതിനൊക്കെ വേണ്ടിട്ടാ “

“എന്റെ കർത്താവെ ഇത്രയും തുകയോ? ദൈവത്തിനു നിരക്കാത്ത പരിപാടി ആയിപ്പോയല്ലോ “

അവൾ മിണ്ടിയില്ല

“അച്ചോ ഫോൺ. അരമനയിൽ നിന്നാ “

കപ്യാർ വന്നു പറഞ്ഞപ്പോ. അച്ചൻ അകത്തേക്ക് പോയി

“ഇച്ചാ?”

അവൻ വിളികേട്ടു

“എനിക്ക് ടൂറിനിടയിൽ ഇച്ചാനെ വിളിക്കാൻ പറ്റില്ല. ബസിൽ ആവുമ്പോൾ നിമ്മി കാണും. ഇല്ലാത്തപ്പോഴും കാണും. എനിക്കിപ്പോ പോകണ്ടാന്ന് തോന്നുവാ..എനിക്കു വയ്യ ഇച്ചാ “

അവളുടെ മുഖം വാടി പോയി

“ഒരു ദിവസമല്ലേ നാളെ രാത്രി വരില്ലേ?”

“ഒരു ദിവസം ഞാൻ വിളിച്ചില്ലെങ്കിൽ ഇച്ചാന് ഒന്നും തോന്നില്ലേ?”

സങ്കടം വന്നു കഴിഞ്ഞു

“തോന്നാതെ പിന്നെ? പക്ഷെ സഹിക്കാൻ പറ്റും “

“ആ അത് പറ്റും എന്നോട് മിണ്ടാത് എത്ര ദിവസം ഇരുന്നിട്ടുള്ളതാ.. പ്രാക്ടീസ് ഉണ്ട്..”

അവൻ നേർത്ത ചിരിയോടെ കുനിഞ്ഞിരുന്നു

“എന്നിട്ട് ഏതോ പെണ്ണിനെ പോയി കാണുകയും ചെയ്തു.”

“എന്റെ കൊച്ചേ അത് എന്നെ പറ്റിച്ചതാ..അറിഞ്ഞോണ്ടല്ല “

“എന്നാലും പോയില്ലേ?”

അവൻ ആ മുഖത്ത് ഒന്ന് തൊട്ടു

“പോയി.. മാപ്പ്..”

അവളത് പ്രതീക്ഷിച്ചില്ല. സാറ പെട്ടെന്ന് ആ വാ പൊത്തി

“അങ്ങനെ പറയണ്ട “

ചാർലി ആ കൈകൾ എടുത്തു നോക്കി. വെണ്ണ പോലെയുള്ള കൈകൾ

“മോള് ഇച്ചായനോട് പൊറുക്കണം. അത് എന്റെ അറിവോടെ അല്ല. നിന്നെ സ്നേഹിക്കുന്ന പോലെ ഇച്ചായൻ ആരെയും സ്നേഹിക്കുന്നുമില്ല. ഇനി. സ്നേഹിക്കുകയുമില്ല..അന്ന് ഞാൻ എത്ര വേദനിച്ചെന്ന് എനിക്കും ദൈവത്തിനും മാത്രം അറിയാം..”

അവൾ ആ കണ്ണുകൾ കാണുകയായിരുന്നു. വേദന നിറഞ്ഞ കണ്ണുകൾ

ആരൊക്കെയോ ദൂരെ നിന്ന് പള്ളിയിലേക്ക് വരുന്നത് അവൾ കണ്ടു

“ആരോ വരുന്നുണ്ട്. ഞാൻ പോട്ടെ “

അവൻ തിരിഞ്ഞു നോക്കി

“രാത്രി പോകും ട്ടോ. ഞാൻ മെസ്സേജ് അയയ്ക്കാം “

അവൾ ബാഗ് എടുത്തു തോളിൽ ഇട്ടു

“സാറ?”

അവൾ നോക്കി

“Will miss you “

അവളുടെ കണ്ണുകൾ നിറഞ്ഞു

പിന്നെ മുഖം താഴ്ത്തി അവൾ ഇറങ്ങി പോയി. ഒരു ദിവസത്തേക്ക് പോലുമവളെ പിരിയാൻ വയ്യ. അവൻ ഭീതിയോടെ ഓർത്തു. നെഞ്ചിൽ കനത്ത ഭാരം

അവൻ മുറ്റത്തേക്ക് ഇറങ്ങി ഫോൺ എടുത്തു രുക്കുവിനെ വിളിച്ചു

“എടി നി ടൂർ പോകുന്നില്ലേ?”

“ഉണ്ടല്ലോ. എന്താ ഡാ?”

“എന്റെ കൊച്ചിനെ നോക്കിക്കോണേ “

രുക്കു പെട്ടെന്ന് നിശബ്ദയായി

“അവളെ നോക്കിക്കോണം..നാളെ ഞാൻ നിന്നെ വിളിക്കാം. അല്ലെങ്കിൽ നി ഫ്രീ ആകുമ്പോൾ എന്നെ വിളിക്ക്..അവൾക്ക് ഭയങ്കര വിഷമം ആണെടി..”

“ഞാൻ വിളിക്കാം “

“ഉം “

അവൻ ഫോൺ വെച്ചു. പിന്നെ പടിക്കെട്ടിൽ ഇരുന്നു

ഒറ്റയ്ക്കായ പോലെ…തീർത്തും ഒറ്റയ്ക്ക്…

തുടരും….