മീര നല്ല ഉറക്കത്തിൽ ആയിരുന്നു. പകൽ അത്രയേറെ ക്ഷീണിച്ചാണ് അവൾ വന്നുകിടന്നത്…

പുനർജ്ജന്മം…
എഴുത്ത്: ഭാഗ്യലക്ഷ്മി. കെ. സി
====================

മീര നല്ല ഉറക്കത്തിൽ ആയിരുന്നു. പകൽ അത്രയേറെ ക്ഷീണിച്ചാണ് അവൾ വന്നുകിടന്നത്.

ഓഫീസിൽ പിടിപ്പത് ജോലികൾ ഉണ്ട്. ആരെയും ശ്രദ്ധിക്കാതെ തന്റെ മാത്രം ലോകത്തിൽ ജീവിക്കുന്ന ഒരുവളാണ് മീര. ഓഫീസ് കഴിഞ്ഞാൽ വീട്, വീട് കഴിഞ്ഞാൽ ഓഫീസ് എന്ന രീതിയാണ് അവൾക്ക്. ഇടക്ക് മനസ്സിന് ഭാരം വല്ലാതെ കൂടുമ്പോൾ വല്ലപ്പോഴും ഒന്ന് ക്ഷേത്രത്തിൽ പോകും,  അത്രമാത്രം.

ജോലി കിട്ടിയിട്ട് നാലു വർഷമായി. പിജി അവസാനവർഷം പഠിക്കുമ്പോഴായിരുന്നു രഞ്ജിത്തുമായുള്ള പ്രണയം. അവനും ജോലി കിട്ടിയതോടെ വീട്ടിൽ പറയാം എന്നും വിവാഹം കഴിക്കാം എന്നും തീരുമാനിച്ചതായിരുന്നു. രണ്ടു കുടുംബങ്ങളും എതിര് പറയില്ല എന്നൊരു ആത്മവിശ്വാസവും ഉണ്ടായിരുന്നു. കാരണം എതിര് പറയാൻതക്ക എന്തെങ്കിലും വ്യത്യാസങ്ങൾ രണ്ടുപേരുടെ കുടുംബങ്ങളും തമ്മിൽ ഉണ്ടായിരുന്നില്ല. സാമ്പത്തികമായോ മതപരമായോ ഒന്നുംതന്നെ പരസ്പരം ഇഷ്ടപ്പെടാതിരിക്കാൻ കാരണമായി ഉണ്ടായിരുന്നില്ല.

നമുക്കിന്നൊന്ന് ബീച്ചിൽ പോയാലോ…?

രഞ്ജിത്താണ് ഒരു ദിവസം ചോദിച്ചത്. ഇടക്ക് വല്ലപ്പോഴും അവസരം കിട്ടുമ്പോൾ ഒരു സിനിമ, അല്ലെങ്കിൽ കടൽ കാണാൻ പോകൽ ഒക്കെ ഉള്ളതാണ്. അന്നും പതിവുപോലെ അവന്റെ ബൈക്കിനു പിറകിൽ മീര കയറിയിരുന്നു. അത്ര വലിയ സ്പീഡിൽ ഒന്നുമായിരുന്നില്ല അവൻ ബൈക്കോടിച്ചിരുന്നത്. പക്ഷേ ചെറിയൊരു ആക്സിഡൻറ് നടന്നു. ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അവന്റെ ശ്വാസം നിലച്ചിരുന്നു.

രഞ്ജിത്ത് മരണപ്പെട്ടു എന്ന് വിശ്വസിക്കാൻ മീരയുടെ മനസ്സ് തയ്യാറായില്ല. അഞ്ചാറു മാസത്തോളം മീര വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. രണ്ടു കുടുംബങ്ങളും അവളെ നന്നായി കെയ൪ ചെയ്തു. പക്ഷേ അവൾ വല്ലാതെ ഉൾവലിഞ്ഞുകളഞ്ഞു. ഇടക്ക് ക്ഷേത്രത്തിന്റെ നടയിൽ നിൽക്കുമ്പോൾ അവൾ ഭഗവാനോട് മനസ്സുരുകി പ്രാർത്ഥിക്കും:

എന്തിനാണ് തന്റെ രഞ്ജിത്തിനെ തന്നിൽനിന്ന് തട്ടിയെടുത്തത്..? ശ്വാസം മാത്രം ബാക്കി വെക്കാമായിരുന്നില്ലേ..? താൻ നോക്കിക്കോളുമായിരുന്നല്ലോ ഈ ജീവിതം മുഴുവൻ..?

എത്രയൊക്കെ എല്ലാവരും ഉപദേശിച്ചിട്ടും കൗൺസിലിംഗ് അറ്റൻഡ് ചെയ്തിട്ടും മീരയുടെ മനസ്സിൽ രഞ്ജിത്തിന്റെ മുഖം പഴയതുപോലെ പച്ചപിടിച്ചുനിന്നു. അവനെ മാത്രം ഓർമ്മിച്ച്, അവന്റെ സ്നേഹപരിലാളനകൾ ഓർത്തുകൊണ്ട് അവൾ ഓരോ ദിവസവും തള്ളിനീക്കി. അവളുടെ ജീവിതത്തിന് മറ്റൊരു അർത്ഥവും ഉണ്ടായിരുന്നില്ല.

മകൾ ജോലിക്ക് പോകുന്നത് മാത്രമാണ് അച്ഛനും അമ്മയ്ക്കും ഏക ആശ്വാസം. ബാക്കിസമയം ഒക്കെ അവൾ ഇങ്ങനെ തനിച്ചിരുന്ന് സമയം കളയുന്നത് കാണുമ്പോൾ അവരുടെ നെഞ്ചിൽ ഒരു നെരിപ്പോട് എരിയും. എങ്ങനെയാണ് മകളെ പറഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് എന്ന് അവർക്ക് ഒരു ഊഹവും ഇല്ലായിരുന്നു.

മീര ഒരു സ്വപ്നത്തിന്റെ ആഴത്തിലേക്ക് എടുത്തെറിയപ്പെട്ടു. ക്ഷേത്രത്തിന്റെ നടയിൽ ഭഗവാനോട് തൊഴുതു കരഞ്ഞു പ്രാർത്ഥിക്കുന്ന മീര…ദീപാലംകൃതമായ ശ്രീകോവിലും നടുമുറ്റവും..ചന്ദനക൪പ്പൂരാദി ഗന്ധം പരക്കുന്നു. നല്ല ഇളംകാറ്റ് വീശിയടിക്കുന്നുണ്ട്..മണി മുഴങ്ങി. പെട്ടെന്ന് തൊട്ടടുത്തായി രഞ്ജിത്ത് വന്നുനിന്നതായി അവൾക്ക് തോന്നി.

അവൾ തിരിഞ്ഞുനോക്കുമ്പോൾ അവൻ കണ്ണുകളടച്ച് തൊഴുതുനിൽക്കുകയായിരുന്നു. നിമിഷങ്ങളോളം മീര കണ്ണെടുക്കാതെ അവനെ നോക്കിനിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു. അവൻ കണ്ണുകൾ പതിയെ തുറന്ന് കൈകൾ അവളുടെ നേരെ നീട്ടി.

വാ പോകാം…

അവൻ പറഞ്ഞു.

അവൾക്ക് എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല. ക്ഷേത്രത്തിനു പുറത്തിറങ്ങി പ്രസാദം കിട്ടിയ ചന്ദനം കണ്ണാടി നോക്കി നെറ്റിയിൽ അണിയാൻ നോക്കുമ്പോഴാണ് തന്റെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തിയത് മീര കാണുന്നത്. അവൾ വിശ്വാസം വരാതെ വീണ്ടും നോക്കി. കഴുത്തിൽ താലി അണിഞ്ഞിരിക്കുന്നു. അവൾ തന്റെ വിരലിലേക്ക് നോക്കി. കൈയ്യിൽ വിവാഹമോതിരവും ഉണ്ട്. അതിൽ രഞ്ജിത്ത് എന്ന് പേര് എഴുതിയിരിക്കുന്നു.

തങ്ങളുടെ വിവാഹം എപ്പോഴാണ് കഴിഞ്ഞത്…!

ആനന്ദവും അത്ഭുതവും കലർന്ന രീതിയിൽ അവൾ രഞ്ജിത്തിന്റെ മുഖത്തേക്ക് നോക്കി. അവിടെ പക്ഷേ വലിയ ഭാവഭേദമൊന്നുമില്ല. അവൻ ബൈക്കിലേക്ക് കയറി അവളെയും എടുത്ത് വീട്ടിലേക്ക് പോയി.

അവിടെയെത്തിയപ്പോൾ അവരൊക്കെ എത്രയോ കാലങ്ങളായി മീരയെ പരിചയം ഉള്ളതുപോലെ പെരുമാറാൻ തുടങ്ങി. മീര ഒരു അത്ഭുതലോകത്ത് എത്തിയതുപോലെ ആയിരുന്നു. എല്ലാം പുതിയതായി അവൾ അറിയുകയായിരുന്നു. പക്ഷേ അവിടെയുള്ളവരൊക്കെ എത്രയോ കാലങ്ങളായി മീരയെ പരിചയമുള്ളതുപോലെ ഓരോ നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു. രഞ്ജിത്തിന്റെ മുഖത്തും ഒട്ടുംതന്നെ പുതുമ അനുഭവപ്പെട്ടില്ല.

പോകെപ്പോകെ അവൾക്ക് അവിടുത്തെ അന്തരീക്ഷം അരോചകമായി തോന്നിത്തുടങ്ങി. രഞ്ജിത്തിന്റെ പെരുമാറ്റത്തിലും ഉണ്ട് ഒരു വിരസത.

എന്താ പറ്റിയത്…? എന്നോട് ഇപ്പോൾ പഴയതുപോലെ ഇഷ്ടമൊന്നുമില്ലേ..?

അവൾ അവനോട് ചോദിച്ചു.

അവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല. തിരക്കിട്ട ജോലികളും സുഹൃത്തുക്കളും കുടുംബവുമായി രഞ്ജിത്ത് എപ്പോഴും ബിസിയായിരുന്നു. പോരാത്തതിന് രഞ്ജിത്ത് നടക്കുമ്പോൾ കാൽ ഇത്തിരി വലിച്ചു വലിച്ചാണ് നടക്കുന്നത്.

ഇതെന്തു പറ്റിയതാണ് കാലിന്..?

ചോദിച്ചപ്പോൾ അവൻ പറഞ്ഞു:

നിനക്ക് ഓർമ്മയില്ലേ..നമ്മൾ പോയപ്പോൾ ആക്സിഡൻറ് പറ്റിയത്…

ക്ഷേത്രത്തിൽനിന്ന് വരുമ്പോൾ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ എന്ന് അവൾക്ക് അത്ഭുതം തോന്നി. രാത്രിയായപ്പോൾ എല്ലാവരും ഒന്നിച്ച് ഭക്ഷണത്തിന് ഇരുന്നു. രഞ്ജിത്ത് മാത്രം കഴിക്കാതിരിക്കുന്നത് കണ്ടു മീര ചോദിച്ചു:

എന്തേ വിശപ്പില്ലേ…?

അവൻ പറഞ്ഞു:

നല്ല വിശപ്പുണ്ട്.. പക്ഷേ എനിക്ക് ആഹാരം കഴിക്കാൻ വയ്യ..എന്റെ തൊണ്ടയിലേക്കുള്ള ഞരമ്പ് മുറിഞ്ഞിരിക്കുകയാണ്. ഇനിയെനിക്ക് ഒരിക്കലും ആഹാരം കഴിക്കാൻ സാധിക്കുകയില്ല..

മീര ആകെ വെട്ടി വിയർത്തു. അവൾക്ക് ആകെക്കൂടി എന്താണ് പറയേണ്ടത് എന്ന് അറിയാതെയായി.

അപ്പോൾപ്പിന്നെ ഇത്ര ദിവസവും എങ്ങനെ ജീവിച്ചു..?

മീര ചോദിച്ചു.

നീയല്ലേ എന്നെ തിരിച്ചുകൊണ്ടുവന്നത്…നീ പ്രാർത്ഥിച്ചതുകൊണ്ട് ഈശ്വരൻ എനിക്ക് ജീവൻ തിരിച്ചുതന്നു. പക്ഷേ എനിക്ക് ജീവിക്കാൻ എന്റെ ശരീരത്തിൽ അത്യാവശ്യമായ പലതും ബാക്കിയില്ല…ഈ നരകയാതന അനുഭവിച്ചുകൊണ്ടുവേണം ഞാൻ ഇനി ജീവിച്ചുതീർക്കാൻ..

അവന്റെ ചുണ്ടുകളുടെ കോണിൽ ഒരു പരിഹാസം വിടർന്നുനിന്നു. അവന് ഈ ലോകത്തേക്ക് തിരിച്ചുവരാൻ ഒട്ടും താല്പര്യമില്ലായിരുന്നു എന്നും മീരയുടെ പ്രാർത്ഥന കാരണം നിവൃത്തിയില്ലാതെ വരേണ്ടിവന്നു എന്നും ആ ചിരി അവളോട് പറയാതെ പറഞ്ഞു.

അപ്പോൾ എന്റെ സ്നേഹത്തിന് ഒരു വിലയുമില്ലേ..?

അവൾ ആർദ്രയായി കണ്ണുനീർ തുടച്ചുകൊണ്ട് അവന്റെ മുഖത്തേക്കുനോക്കി. അവിടെ നിർവ്വികാരത നിഴലിച്ചുനിന്നു. ഈ ലോകത്തിലെ അവസാനദിവസം കഴിഞ്ഞ് ഇവിടെനിന്ന് പുറപ്പെട്ടുകഴിഞ്ഞാൽ പിന്നെ ആരും തിരിച്ചുവിളിച്ചിട്ട് കാര്യമില്ല.. അവർ മനസ്സുകൊണ്ട് ഈ ലോകത്തോട് വിടപറഞ്ഞവരാണ്…മറ്റാർക്കെങ്കിലുംവേണ്ടി അവർ തിരിച്ചുവരാൻ ഇടയായാൽ അവർ ഈ ലോകത്തെ വീണ്ടും സ്നേഹിക്കുന്നില്ല..

മീരക്ക് തന്റെ തെറ്റ് തിരിച്ചറിയാനായി. നാലുവർഷമായി തന്റെ അച്ഛനെയും അമ്മയെയും താൻ എത്രമാത്രം ദുഃഖിപ്പിക്കുന്നു എന്ന് അവൾ സങ്കടത്തോടെ ഓർത്തു. തനിക്ക് ഇനി പഴയതുപോലെതന്നെ ഉല്ലാസത്തോടെ ജീവിക്കണം. ആ൪ക്കും ഒരു വിഷമവും താൻ വരുത്തുകയില്ല…രഞ്ജിത്ത് തിരിച്ചുപോയ്ക്കോട്ടെ…അവന്റെ വേദനിക്കുന്ന ശരീരവുമായി, ആക്സിഡന്റിൽ നഷ്ടപ്പെട്ട അവയവങ്ങൾക്ക് പകരം യാതൊന്നും ഇല്ലാതെ, അവൻ ഇവിടെക്കിടന്ന് കഷ്ടപ്പെടാൻ പാടില്ല…അവൾ തീരുമാനിച്ചു.

അവൾ വീണ്ടും ക്ഷേത്രനടയിലെത്തി ഈശ്വരനോട് കരഞ്ഞു പ്രാർത്ഥിച്ചു. താനൊരു അവിവേകിയാണ്…തന്റെ തെറ്റാണ് എല്ലാം…രഞ്ജിത്തിന്റെ വേദന കണ്ടുനിൽക്കാൻ വയ്യ..എല്ലാം പഴയ മട്ടിൽ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു..

അവൾക്ക് സ്വന്തം വീട്ടിലേക്ക് പോകണം എന്നുണ്ടായിരുന്നു. പക്ഷേ കാലുകൾ എത്ര പരിശ്രമിച്ചിട്ടും രഞ്ജിത്തിന്റെ വീട്ടിലേക്കുതന്നെ അവളെ കൊണ്ടെത്തിച്ചു. അവൾക്ക് കടുത്ത ദുഃഖം തോന്നി. ഇതിൽനിന്നും എങ്ങനെയാണ് ഒന്ന് കരകയറുക… ഇനി ഈ ജന്മം മുഴുവൻ താൻ ഇങ്ങനെതന്നെ കഴിയേണ്ടി വരുമോ…അവളുടെ ഹൃദയം ശക്തിയായി മിടിച്ചു. പരിഭ്രാന്തിയോടെ അവൾ ചുറ്റിലും നോക്കി.

അമ്മേ…….

ഒരു പൊട്ടിക്കരച്ചിലോടെ അവൾ എഴുന്നേറ്റിരുന്നു. മീരയുടെ അമ്മ അടുത്ത റൂമിൽനിന്നും ഓടിവന്ന് ചോദിച്ചു:

എന്താ മോളെ…എന്തുപറ്റി..? സ്വപ്നം വല്ലതും കണ്ടോ…?

അവൾക്ക് വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു. അവളുടെ പരിഭ്രാന്തിനിറഞ്ഞ മുഖം കണ്ടതോടെ അമ്മ ഫ്രിഡ്ജ് തുറന്ന് കുറച്ചു തണുത്തവെള്ളം എടുത്തുകൊണ്ടുക്കൊടുത്തു. വെള്ളം കുടിച്ചുകൊണ്ട് അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി.

അമ്മയുടെ മുഖത്ത് ചുളിവുകൾ വീണിരിക്കുന്നു. അങ്ങിങ്ങായി നരകയറിയിരിക്കുന്നു. അമ്മ ഇത്രയേറെ ക്ഷീണിച്ചിരിക്കുന്നത് കഴിഞ്ഞ മൂന്നാല് വർഷമായിട്ട് താൻ അറിഞ്ഞിരുന്നില്ലല്ലോ..അവൾ അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.

എന്താ എന്റെ കുട്ടിക്ക് പറ്റിയത്…?

അവർ അവളെ മാറോട് ചേർത്തു. മുടിയിഴകളിൽ വിരലോടിച്ചു.

ഇനി എപ്പോഴാണാവോ എന്റെ മോളുടെ ദുഃഖങ്ങൾ മാറുക…

അവർ പരിതപിച്ചു. അവൾക്ക് ഉച്ചത്തിൽ വിളിച്ചു പറയണമെന്ന് തോന്നി..

ഇനി ഞാൻ ഒന്നും ഓർത്തു ദുഃഖിക്കുകയില്ല അമ്മേ…ഇനി ഞാൻ പഴയതുപോലെ നിങ്ങളുടെ പ്രസരിപ്പുള്ള മകളായി ജീവിക്കും..

വാക്കുകൾ അവളുടെ തൊണ്ടയിൽ കുടുങ്ങി. ഗദ്ഗദം കാരണം അവൾക്ക് അമ്മയെ മുറുകെ പുണരാൻ മാത്രമേ സാധിച്ചുള്ളൂ…

-ഭാഗ്യലക്ഷ്മി. കെ. സി.