ദ്വാരകയിലെ കൃഷ്ണകുമാറിന്റെ മക്കളാണ് നന്ദു എന്ന നന്ദനയും ശ്രീക്കുട്ടി എന്ന ശ്രീലക്ഷ്മിയും. അമ്മ വീണ
കൃഷ്ണകുമാർ ബാങ്കിലാണ്. വീണ ഒരു നൃത്തധ്യാപികയാണ്
വീണയുടെ അമ്മ
ദ്വാരക ശരിക്കും വീണയുടെ തറവാടാണ്. അച്ഛന്റെയും അമ്മയുടെയും മരണശേഷം അവർ ഇങ്ങോട്ട് താമസം മാറി. കോളേജിൽ പഠിക്കുന്ന കാലത്തുണ്ടായ ഒരു പ്രണയം. അതാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ മരിച്ചു. സാമ്പത്തികമായും അവർ ഒരു പാട് പിന്നിലായിരുന്നു. പക്ഷെ വീണ വാശി പിടിച്ചു. കല്യാണം കഴിക്കുന്നെങ്കിൽ അത് കൃഷ്ണേട്ടൻ. ഇല്ലെങ്കിൽ വേണ്ട. അച്ഛനും അമ്മയും അലിഞ്ഞു. അങ്ങനെ വിവാഹം നടന്നു
ഡിഗ്രി പൂർത്തിയാക്കിയില്ല വീ. പക്ഷെ നൃത്തം വീണയുടെ ജീവനാണ്.അവർക്ക് സ്വന്തം ആയിട്ട് ഒരു സ്ഥാപനം ഉണ്ട്
ധ്വനി സ്കൂൾ ഓഫ് ഡാൻസ്…
ധാരാളം കുട്ടികൾ അവിടേ പഠിക്കുന്നുണ്ട്
നൃത്തം തീരെ ഇഷ്ടം അല്ലാത്ത ഒരേയൊരാൾ നന്ദനയാണ്. നന്ദനയാണ് മൂത്ത മകൾ. മെഡിസിൻ പഠനം കഴിഞ്ഞു സിവിൽ സർവീസ് അക്കാദമിയിൽ കോച്ചിങ്ന് ചേർന്നു
നന്ദന ചെറുപ്പം മുതലേ നന്നായി പഠിക്കും..പഠനം മാത്രം അല്ല സ്പോർട്സ്, എഴുത്ത് ഒക്കെ ആള് ബഹുമിടുക്കിയാണ്. നൃത്തം മാത്രം കക്ഷിക്ക് വഴങ്ങില്ല അത് കൊണ്ട് തന്നെ ഇഷ്ടവുമല്ല
പക്ഷെ ബാക്കി എന്തിനും കൃത്യമായ ചിട്ടയുണ്ട് കക്ഷിക്ക്
ആരുമൊന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. എല്ലാവർക്കും അവളൊരു റോൾ മോഡലാണ്. ആ നാട്ടിലെ പെൺകുട്ടികളുടെ മാതാപിതാക്കൾ അവരുടെ മക്കളോട് സ്ഥിരമായി പറയുന്ന ഒരു വാചകം ഉണ്ട്
“ആ ദ്വാരകയിലെ നന്ദനയെ കണ്ടു പഠിക്ക് “
ഇത് ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്നത് മറ്റാർക്കുമല്ല അത് ശ്രീലക്ഷ്മിക്കാണ്
ശ്രീലക്ഷ്മി. നന്ദനയുടെ അനിയത്തി
ചെല്ലപ്പേര് ശ്രീക്കുട്ടി. കക്ഷി ഡിഗ്രി സെക്കന്റ് ഇയർ ആണ്. വിഷയം സൈക്കോളജി
മറ്റേത് വിഷയത്തേക്കാളും ബുദ്ധിമുട്ട് കുറവാണണെന്നാണ് കക്ഷിയുടെ ഒരു കണ്ടെത്തൽ. സ്വന്തം ആയിട്ട് ഗ്യാസ് കേറ്റാം. തള്ളി മാറിക്കാം. അങ്ങനെ പലഗുണങ്ങൾ ഉണ്ട്
പത്തിലും പ്ലസ് ടൂവിനും കടന്നു കൂടിയിട്ടേയുള്ളു. അത് കൊണ്ട് ഇനി അധ്വാനിക്കാൻ വയ്യ. അതാണ് ലൈൻ
ചുരുക്കത്തിൽ ഒട്ടും കഷ്ടപ്പെടാൻ വയ്യ ശ്രീകുട്ടിക്ക്
ആകെ ഇഷ്ടം തോന്നി ചെയ്യുന്നത് നൃത്തം ആണ്. അതെത്ര വേണേൽ കഠിനമായി അധ്വാനിക്കാൻ മടിയില്ല. അമ്മയേക്കാൾ മിടുക്കി ശ്രീക്കുട്ടി ആണെന്ന് അവളുടെ അച്ഛൻ കൃഷ്ണകുമാർ പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
സ്കൂളിൽ പഠിക്കാൻ മോശം ആയിരുന്നു എങ്കിലും എല്ലാ മത്സരത്തിലും പങ്കെടുത്തു സ്കൂളിന് പോയിന്റ് കൂട്ടുന്നതിൽ മിടുക്കിയായത് കൊണ്ട് അധ്യാപകരുടെ കണ്ണിലുണ്ണി ആയിരുന്നു ആൾ
മത്സരത്തിൽ പങ്കെടുത്തു കോളേജിന് നല്ല പേരുണ്ടാക്കുന്നത് കൊണ്ട് ഇപ്പൊ അവർക്കും വലിയ ഇഷ്ടമാണ്
രാവിലെ ഉണർന്നു എഴുനേൽക്കുന്നത് മുതൽ അവൾ കേൾക്കുന്നത് ഇതാണ്
“എന്റെ മോളെ ആ നന്ദനയെ നോക് അവൾ നേരത്തെ ഉണർന്നു “
“നിന്റെ ചേച്ചി എന്തെല്ലാം ചെയ്യുന്നു നിനക്ക് ഒന്ന് എന്തെങ്കിലും ഒരു സഹായം ചെയ്തൂടെ
നിന്റെ ചേച്ചിയേ കണ്ടു പഠിക്കണം
ബന്ധുക്കൾ നാട്ടുകാർ എന്ന് വേണ്ട കാണുന്ന സകല പ- ട്ടിയും പൂച്ചയും വരെ അവളോട് ഏക സ്വരത്തിൽ അവളോട് പറയുന്നു
“നിനക്ക് ആ നന്ദനയെ കണ്ടു പഠിച്ചു കൂടെ?”
അവൾക്ക് അതൊക്കെ നെവർ മൈൻഡ് ആണ്. ഒരു ചെവിയിൽ കൂടി കേട്ട് മറ്റൊരു ചെവിയിൽ കൂടെ പറത്തി അങ്ങ് വിട്ടേക്കും
സാധാരണ പെൺപിള്ളേരെ പോലെ ചേച്ചിയോട് കുശുമ്പോ വിരോധമോ ഒന്നും പുള്ളിക്കാരിക്കില്ല. സ്നേഹം ഉണ്ട് താനും
എന്റെ ചേച്ചി മിടുക്കിയാണ് എന്ന് അഭിമാനത്തോടെ തന്നെ പറയും
നന്ദനയ്ക്കും ശ്രീക്കുട്ടിയേ ഇഷ്ടം ആണെങ്കിലും ആള് കുറച്ചു സെൽഫിഷ് ആണ്. നന്ദന ജനിച്ചു അഞ്ചു വർഷങ്ങൾ കഴിഞ്ഞാണ് ശ്രീലക്ഷ്മി ഉണ്ടായത്. പെട്ടെന്ന് സ്നേഹത്തിന്റെ അതിമധുരം പങ്കിടാൻ ഒരാള് വന്നപ്പോൾ ഒരു സങ്കടം ആയിരുന്നു. പിന്നെ അത് മാറിയെങ്കിലും ഇടക്ക് വീണ്ടും വരും. രണ്ടു പേരും രണ്ടു തരമാണ്. രണ്ടു പേരും സുന്ദരികൾ ആണ് എന്നത് മാത്രം ആണ് പൊതുവെ ഉള്ള ഒരെ ഒരു കാര്യം.
പതിവ് പോലെ അന്നും ശ്രീക്കുട്ടിയുടെ മുറി
പുലർച്ചെ
അവളെ പൊതിഞ്ഞിരിക്കുന്ന പുതപ്പ് എടുത്തു ഒരേറു കൊടുത്തു വീണ
“എന്തുറക്കമാ കുട്ടി ഇത്. ഒരു വക പഠിക്കില്ല. വെറുതെ അല്ല വേറൊരു സബ്ജെക്ട്ടും കിട്ടാണ്ട സൈക്കോളജി എടുക്കേണ്ടി വന്നത്,?
“സൈക്കോളജിയെന്ത മോശമാണോ?ഉദാഹരണത്തിന് ഞാൻ ഇപ്പൊ അമ്മയുടെ മൈൻഡ് പറയട്ടെ? ഇന്ന് ദോശക്കുള്ള ചമ്മന്തിയുടെ തേങ്ങ ആരെങ്കിലും പൊതിച്ചു തന്നിരുന്നു എങ്കിൽ ദൈവമേ…എന്നല്ലേ “
വീണ വാ പൊളിച്ചു പോയി
“സത്യാണല്ലോ നീ എങ്ങനെ അറിഞ്ഞു. ശോ സൈക്കോളജിക്കൽ മൂവ് ആണോ?”
“കുമ്പളങ്ങ ആണ്. എന്റെ പൊന്നമ്മേ അമ്മ ഇങ്ങനെ തേങ്ങയും പിടിച്ചോണ്ട് നിൽക്കുന്ന കണ്ടു അവള് ഊഹിച്ചു പറഞ്ഞതല്ലേ?”
നന്ദന പിന്നിൽ
വീണ കൈയിലെ തേങ്ങയിൽ നോക്കി
“അമ്പടി കള്ള ബെടുക്കൂസേ..” വീണ താടിക്ക് കൈ കൊടുത്തു
ശ്രീക്കുട്ടി നന്ദനയ്ക്ക് ഒരിടി കൊടുത്തു
“നീ എനിക്കിട്ട് പണി തരാനായി മാത്രം ജനിച്ചതാണോ നന്ദേച്ചി…”
“ആ അമ്മേ..ദേ നൊന്തു കേട്ടോ. നീ വരുന്നോ ഇല്ലയോ. നീ കറക്റ്റ് സമയം വന്നില്ലെങ്കിൽ ഞാൻ പോകും പിന്നെ നീ ബസിൽ പോകേണ്ടി വരും..,
“സ്വന്തം ആയി ഒരു ആക്ടിവ ഉള്ളതിന്റെ അഹങ്കാരം. എന്റെ സൈക്കിളിന് കുറച്ചു പണി വന്നു പോയി..നാളെ കിട്ടും. പിന്നെ എന്റെ പ- ട്ടി വരും നിന്റെ കൂടെ..”
“അതിനോക്കെ ഒത്തിരി procedure ഇല്ലെ? സമയം കുറവാ..നീ പോയി കുളിക്ക് “
“അയ്യേ ചളി ചളി..കുളിക്കണോ?”
“അറ്റ്ലീസ്റ്റ് പല്ലെങ്കിലും തേയ്ക്കണം…ശുചിത്വത്തിൽ പെടുന്ന കാര്യമാണ് “
“ഓ പിന്നെ..ചേച്ചിക്ക് അറിയാമോ? പല്ല് തേയ്ക്കുന്നത് മനുഷ്യൻ മാത്രാ. പൂച്ച പല്ല് തേയ്ക്കുന്നുണ്ടോ..പ- ട്ടി? പോട്ടെ കുരങ്ങൻ? സിമ്മം? നഹി ഹേ. ആദിമ മനുഷ്യൻ പല്ല് തേച്ചിട്ടില്ല കുളിച്ചിട്ടും കൂടിയില്ല. “
“അത് നിനക്ക് എങ്ങനെ അറിയാം?”
“ഹിസ്റ്ററി പഠിക്കണം ഹിസ്റ്ററി “
അവൾ ബ്രഷും പേസ്റ്റും എടുത്തു നടന്ന് പോയി
“ശോ അവൾ പറഞ്ഞത് എത്ര സത്യം ആണ് നന്ദു. എന്റെ മോള് മണ്ടിയൊന്നുമല്ല. ഹിസ്റ്ററി ഒക്കെ അറിയാം കണ്ടോ?” നന്ദന തലയ്ക്കു കൈ കൊടുത്തു
“എന്റെ അമ്മേ…ആ പെണ്ണിനോ ബുദ്ധി ഇല്ല.. അമ്മയെങ്കിലും പ്ലീസ് “
അവൾ കൈ കൂപ്പിയിട്ട് നടന്ന് പോയി
വീണ കുറച്ചു നേരം ആലോചിച്ചു നിന്നു
ശ്രീക്കുട്ടി പറഞ്ഞതിലെന്താ തെറ്റ്?
ഇവൾ എന്തിനാ അവൾക്ക് ബുദ്ധി ഇല്ലാന്ന് പറഞ്ഞത്?
ഇനി ഇവൾക്ക് ഹിസ്റ്ററി അറിയാഞ്ഞിട്ടാകുമോ? ആ എന്തെങ്കിലും ആവട്ടെ?
അയ്യോ ദോശക്ക് ചട്ണി
എന്റെ തേങ്ങ…..
“കൃഷ്ണേട്ടാ…” ഒറ്റ വിളി
പത്രം വായിച്ചു കൊണ്ട് ചായ കുടിക്കുകയായിരുന്ന കൃഷ്ണകുമാറിന്റെ കയ്യിൽ നിന്ന് കപ്പ് താഴെ
“ഇവളെയിന്നു ഞാൻ…പല തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ബോംബ് ഇട്ട് വിളിക്കരുത് എന്ന് “
കൃഷ്ണകുമാർ ചെല്ലുമ്പോൾ വീണ മനോഹരമായ ചിരിയോടെ ആ കയ്യിൽ പിടിച്ചു
“എന്റെ കൃഷ്ണേട്ടൻ വരുമെന്ന് എനിക്ക് അറിയാരുന്നു. ഇതൊന്ന് പൊതിച്ചു തായോ പ്ലീസ് “
എന്നെത്തെയും പോലെ വിനീതവിധേയനായി തേങ്ങ പൊതിച്ച് കയ്യിൽ കൊടുത്തു കൃഷ്ണകുമാർ
“ഇനി മോള് വിളിക്കുമ്പോൾ സൗണ്ട് കുറച്ചു വിളിക്കണം കപ്പ് ഒരെണ്ണം പൊട്ടിയിട്ടുണ്ട് ഈ മാസം ഇത് നാലാമത്തെ ആണ് “
“ശോ ഭയങ്കര ഒച്ചയാരുന്നോ സോറി…ഞാൻ ക്‌ളീൻ ചെയ്തോളാം. കൃഷ്ണേട്ടൻ കുളിച്ചു വാ. ബ്രേക്ക് ഫാസ്റ്റ് ഉടനെ റെഡി ആകും “
എപ്പോഴും എന്ന പോലെ പുലി പൂച്ചയായി
“അപ്പൊ കുളിച്ചു വരാം “
കൃഷ്ണകുമാർ പോകുന്നത് കണ്ട് വീണ ചിരിച്ചു
പുറത്ത് പോകാനുള്ള ഒരുക്കത്തിൽ ആണ് നന്ദന. ക്ലാസ്സ് തുടങ്ങും മുന്നേ ചെല്ലണം.
“എന്റെ ശ്രീക്കുട്ടി നീ എവിടെ?”
നന്ദനക്ക് ക്ഷമ കെട്ടു
“ദേ വന്നു, “
കടും ചുവപ്പ് ചുരിദാർ ഇട്ട് സുന്ദരികുട്ടിയായിട്ട് ശ്രീക്കുട്ടി
“വേഗം വന്നേ “
“ഞാൻ കഴിച്ചില്ല “
“നീ കഴിക്കണ്ട “
നന്ദന അവളുടെ കയ്യിൽ പിടിച്ചു വലിച്ചു
“ശോ “
“വണ്ടിയിൽ കേറിക്കെ “
വണ്ടി സ്റ്റാർട്ടാക്കിയപ്പോ പിന്നെ കേറാതെ വയ്യല്ലോ
കയറി
കോളേജ് എത്താറായപ്പോ ശ്രീക്കുട്ടി നന്ദനയെ ഒന്ന് തോണ്ടി
“അതേയ് ചേച്ചി?”
“എന്താ?”
“ഞാനെ ബാഗ് എടുത്തില്ല “
വണ്ടി നിർത്തി നോക്കി നന്ദന
ഈശ്വര ദേ സിനിമക്ക് പോകാൻ എന്ന പോലെ കയറി ഇരിക്കുന്നു
“ദേ ആ ബുക്ക് സ്റ്റാളിൽ നിന്ന് ഒരു ബുക്കും പേനയും വാങ്ങിച്ചിട്ട് ഇപ്പൊ വരാം “
ശ്രീക്കുട്ടി എന്ന് വിളിക്കും മുന്നേ ആള് ഇറങ്ങി ഓടി കളഞ്ഞു
തലയിൽ കൈ വെച്ച് നിന്നു പോയി നന്ദന
ബുക്കും പേനയും വാങ്ങി ഇറങ്ങി വരവേ നൊ യൂ ടെൺ എന്ന് എഴുതി വെച്ചിരിക്കുന്നിടത്ത് തന്നെ വണ്ടി വളയ്ക്കുന്നു ഒരു പയ്യൻ
“അയ്യോ ഇടിച്ചു “
അവൾ ഉറക്കെ പറഞ്ഞു
അപ്പോഴേക്കും ബൈക്ക് ഡിവൈഡറിൽ ചെന്നു ഇടിച്ചു കഴിഞ്ഞു
അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി അവൻ താഴെ വീണു നിശ്ചലനായി
തുടരും…
ധ്വനി വായിക്കണേ…എന്റെ കൂടെ ഉണ്ടാവണം…