പ്രണയ പർവങ്ങൾ – ഭാഗം 83, എഴുത്ത്: അമ്മു സന്തോഷ്

സാറ വന്നു നോക്കുമ്പോൾ ചാർലി വായിക്കുകയാണ്. അവൻ എന്താ എന്ന അർത്ഥത്തിൽ നോക്കി

“വീട്ടിൽ നിന്ന് വിളിച്ചിട്ട് എടുത്തില്ല എന്ന് പറഞ്ഞു “

“ഞാൻ വിളിച്ചോളാം “

അവൻ ബുക്കിലേക്ക് തിരിഞ്ഞു. സാറ വാതിൽ ചാരി പോരുന്നു. അവൻ ധാരാളം വായിക്കും. അവൾക്ക് വായന കുറവാണ്. അവൾ വെറുതെ അവിടെ ഇറങ്ങി നടക്കും. അവൻ വായിക്കുമ്പോൾ ആ മുറിയിൽ ഇരിക്കാറില്ല

ഡോക്ടർ ആദി ഇങ്ങനെ ഉള്ള അവസ്ഥയിലൂടെ കടന്നു പോയവരുടെ അനുഭവങ്ങൾ അവരുടെ ജീവിത വിജയങ്ങൾ ഒക്കെ അടങ്ങിയ പുസ്തകങ്ങൾ അവന് വായിക്കാൻ കൊടുത്തിരുന്നു. അത് ഒരു പരിധി വരെ അവന് ആശ്വാസം ആയിരുന്നു

സാറ ബാൽക്കണിയിൽ നിന്ന് റോഡിലെ വാഹനങ്ങൾ നോക്കുകയായിരുന്നു

“ഹലോ.” ഒരു ചെറുപ്പക്കാരൻ

സാറയും ഹലോ എന്ന് പറഞ്ഞു

“ഞാൻ റോയ്.. “

“സാറ “

“ഇവിടെ എന്താ?” അവൾ എന്ത് പറയണം എന്ന് അറിയാതെ ഒരു നിമിഷം നിശബ്ദത പാലിച്ചു

“എന്റെ വൈഫിനു ഒരു പ്രശ്നം. അങ്ങനെ വന്നതാ. കൗൺസിലിംഗ് നടക്കുന്നു. ഞാൻ പുറത്ത് ആയി. ഞാൻ ഇങ്ങനെ ദിവസവും കാണും ഇവിടെ നിൽക്കുന്നത് “

അവൾ പുഞ്ചിരിച്ചു

“ആരുടെ കൂടെയ വന്നത്?”

“സാറ?” ഒരു വിളിയോച്ച

ചാർലി. അവൻ അടുത്തേക്ക് വന്ന്

“ഹലോ ഞാൻ റോയ് “

“ചാർലി ” ചാർലി കൈ കൊടുത്തു

“ഞാൻ കുറച്ചു ദിവസമായി സാറയെ കാണും. ഇന്ന് തോന്നി ഒന്ന് പരിചയപ്പെടാമെന്ന് “

ചാർലി പുഞ്ചിരിച്ചു

“എന്റെ വൈഫ് ഇവിടെ അഡ്മിറ്റ് ആണ്”

റോയ് പറഞ്ഞു

“ഇവിടെ ഞാൻ ആണ് അഡ്മിറ്റ് ” ചാർലി പറഞ്ഞു

“ഓ.. എന്താ പറ്റിയെ?”

“ഒരു ആക്‌സിഡന്റ് “

“ഇപ്പൊ ഓക്കേ. ആയോ?”

“ആയി വരുന്നു “

“വേഗം സുഖമാകട്ടെ “

റോയ് പുഞ്ചിരിച്ചു

“എവിടെയാ നാട്?”

“നാട് ഇത് തന്നെ. തിരുവനന്തപുരം.”

“എന്റെ നാട് ഈരാറ്റുപേട്ട “

“ഇത് അനിയത്തി ആണോ?”

“അല്ല വൈഫ് ആണ് “

ചാർലി സാറയെ ഒന്ന് നോക്കി

“സോറി. കണ്ടാൽ ഒരു കൊച്ചു കുട്ടിയെ പോലെ. അതാട്ടോ ഞാൻ വന്നു പരിചയപ്പെട്ടത് പോലും. എന്റെ അനിയത്തിയുടെ ഒരു ഛായ ഉണ്ട് സാറയ്ക്ക് “

സാറ മെല്ലെ ചിരിച്ചു

“ചേട്ടൻ എന്താ ചെയ്യണേ?”

“പോലീസിലാ.”

“ശരി എന്നാ..” ചാർലിക്ക് ആ സംഭാഷണം തുടരാൻ താല്പര്യമില്ല എന്ന് തോന്നി

അവൻ സാറയെ ചേർത്ത് പിടിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു

“ഇവിടെ ഇരുന്നോ.”

അവൻ കസേര നീക്കി കൊടുത്തു

“ഇച്ചാ വായിക്കുവല്ലേ?”

“ഞാൻ വായിക്കുന്നില്ല..”

അവൾ ചിരിച്ചു

“ഇങ്ങനെ അലഞ്ഞു നടക്കേണ്ട. ഇവിടെ ഇരുന്നോ,

“ശല്യം ചെയ്യണ്ട എന്ന് കരുതിയാ “

“എന്ന് കരുതി കാണുന്നവരോട് അങ്ങനെ മിണ്ടി നടക്കേണ്ട,

“എന്നാ എന്നോട് മിണ്ട് “

അവൾ മുഖം കൂർപ്പിച്ചു. ശരിക്കും അവൾ ഒരു കൊച്ചു കുട്ടി തന്നെ. അവൻ ഓർത്തു

“നിനക്ക് എത്ര വയസ്സായി?”

“ങേ?”

“എത്ര വയസ്സായിന്ന്?”

“ഇരുപത്തിയൊന്ന് ആകും ഉടനെ “

“ഉം.”

“നിനക്ക് വായന ശീലം ഇല്ലെ?’

“പരീക്ഷക്ക് വേണ്ടി വായിക്കും “

അവന് ചിരി വന്ന് പോയി

“അല്ലാതെ വായിക്കില്ല?”

“ഇങ്ങനെ ഫുൾ ടൈം വായിക്കില്ല “

അവൾ പെട്ടെന്ന് പറഞ്ഞു

“ശരി ഇനി. ഞാൻ മുഴുവൻ സമയം വായിക്കുന്നതിന്റെ പേരിൽ പുറത്ത് ഇറങ്ങി നിൽക്കണ്ട. നമ്മുടെ നാടിനെ കുറിച്ച് പറ, എന്റെ വീടിനെ കുറിച്ച്, നിന്റെ വീടിനെ കുറിച്ച് എല്ലാം പറ “

സാറയ്ക്ക് ഉത്സാഹം ആയി. അവൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. അവൻ കേട്ട് കൊണ്ടും

കുറെയായായപ്പോ അവൾ നിർത്തി

“എനിക്ക് വാ കഴയ്ക്കുന്നു “

അവൻ ചിരിച്ചു പോയി

“ഇനിയെന്താ ചെയ്ക?”

“നിനക്ക് ചെസ്സ് കളിക്കാൻ അറിയുമോ.? ഡോക്ടർ തന്നതാ ചെസ്സ് ബോർഡ്. ഓർമ്മ ശക്തിക്കു നല്ലതാണെന്നു പറഞ്ഞു.”

“മറന്നു. കൊച്ചിലെ സ്കൂളിൽ വെച്ചു കളിച്ചിട്ടുണ്ട് “

“എന്നാ വാ കളിക്കാം

അവൻ ചെസ്സ് ബോർഡ് എടുത്തു വെച്ചു
സാറ ഒക്കെയും മറന്ന് പോയിരുന്നു. പിന്നെ അവൻ പറഞ്ഞു കൊടുത്തു. പതിയെ പതിയെ അവൾ അത് പഠിച്ചു. ഒരു തവണ അവനെ തോൽപ്പിക്കുകയും ചെയ്തു

അവൾ സ്വയം കയ്യടിച്ചു തുള്ളിചാടുന്നത് അവൻ ഇമ വെട്ടാതെ നോക്കിയിരുന്നു

സന്ധ്യയായി. അവൻ ചെസ്സ് ബോർഡ് മടക്കി. രണ്ട് പേരും കുറച്ചു നേരം പ്രാർത്ഥിച്ചു

“ഞാൻ പോവാ ” അവൾ എഴുന്നേറ്റു

അവൻ ഒന്ന് മൂളി. അവൻ കൂടി ഒപ്പം ചെന്നു

“ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ?”

“വീട്ടിൽ ഞാൻ പപ്പേടേം മമ്മിയുടെയും കൂടെയാരുന്നു. ഇവിടെ വന്നിട്ടാ ആദ്യായിട്ട് ഒറ്റക്ക്. ആദ്യമൊക്കെ ഭയങ്കര പേടിയാരുന്നു. ഇപ്പൊ. ശീലം ആയി ” അവളുടെ സ്വരം താഴ്ന്നു

“പോട്ടെ?” അവൾ നടന്നു തുടങ്ങി

“സാറ.. If you don’t mind എന്റെ മുറിയിൽ കിടന്നോ.”

“വേണ്ട. ഇച്ചാന് അത് ബുദ്ധിമുട്ട് ആകും. വായിക്കാൻ. ഒക്കെ ഉള്ളതല്ലേ?”

“ഞാൻ പകൽ വായിച്ചോളാം “

അവൾക്ക് ഒരു മടിയുണ്ടോ എന്ന് തോന്നി അവന്

“പേടിക്കണ്ട you will be safe “

അവൾക്ക് അകാരണമായി ഒരു സങ്കടം വന്ന് പോയി. ഒരു അന്യയോട് പറയും പോലെ…അവളുടെ മുഖം വാടി

“സോറി. സോറി. സാറ മുറിയിൽ പൊയ്ക്കോളൂ. ഞാൻ ജസ്റ്റ്‌ പറഞ്ഞുന്നേയുള്ളു “

അവൾ ആ കണ്ണുകളിലേക്ക് നോക്കി

സ്നേഹം തുളുമ്പി നിന്ന ആ കണ്ണുകൾ ഇന്ന് എവിടെ? എന്റെ പൊന്നല്ലേ എന്ന് കൊഞ്ചിക്കുന്ന ചുണ്ടുകൾ

വേറെ ആരോ…

അവൾ മുഖം കുനിച്ചു നടന്നു പോയി

പിറ്റേന്ന് രാവിലെ അവൾ വന്നില്ല. സാധാരണ ബ്രേക്ക്‌ ഫാസ്റ്റ് ഒന്നിച്ചാണ്. അവൻ അവളുടെ ബ്ലോക്കിന്റെ ഇടനാഴിയിലൂടെ ഒന്ന് നടന്നു. പിന്നെ മുറിയുടെ വാതിലിൽ മുട്ടി. സാറ കുളിച്ചു വന്നേയുണ്ടായിരുന്നുള്ളു. അവൾ ചെന്നു വാതിൽ തുറന്നു

“എന്താ വരാഞ്ഞേ?”

അവൻ ആധിയോട് കൂടി ചോദിച്ചു

“ഒന്നുല്ല വിശപ്പില്ല. ഇച്ചാ കഴിച്ചോ..”

“മുറിയിൽ വന്നിരിക്കു “

“ഞാൻ ഇവിടെ ഇരുന്നോളാം “

അവൾ മെല്ലെ പറഞ്ഞു

ആ മുഖത്ത് എന്തോ സങ്കടം ഉണ്ട് അവന് മനസിലായി

“എന്റെ കൂടെ ബോർ ആയി തുടങ്ങി അല്ലേ?”

അവൾ നടുങ്ങി പോയി

“ശരി ഇവിടെ ഇരുന്നോ “

അവൾ ആ കൈയിൽ പിടിച്ചു നിർത്തി

“അത് കൊണ്ടല്ല..ഇച്ചക്ക് വായിക്കാൻ ഉണ്ട്. ഞാൻ വന്നിരുന്ന മുഷിയും. ഞാൻ ഇറങ്ങി നടക്കത്തില്ല ഇവിടെ ഇരുന്നോളാം’

“ഇഷ്ടം പോലെ “

അവൻ നടന്നു പോയി

നീ വാ എന്ന് അധികാരത്തോടെ പറഞ്ഞെങ്കിൽ..കയ്യിൽ പിടിച്ചിട്ട് വാടി ഇങ്ങോട്ട് എന്ന് പറഞ്ഞെങ്കിൽ…പറഞ്ഞില്ല. ഇപ്പോഴും മഞ്ഞുരുകിയിട്ടില്ല. പാവം…ഓർമ്മകൾ ഇല്ലാതെയാകുമ്പോൾ ഒരു മനുഷ്യൻ എത്ര മാറി പോകും. എന്നാലും എല്ലാം താൻ കാണിച്ചു കൊടുത്തതല്ലേ. ഓരോന്നും പറഞ്ഞു കൊടുത്തതല്ലേ…എന്താ മനസിലാകാത്തത്?

ഇവിടെ ഇരിക്കാം ഇന്നൊരു ദിവസം. കുറച്ചു കഴിഞ്ഞു വരുമായിരിക്കും. ഒന്നുടെ വിളിക്കും. തന്റെ ഇച്ചാ അല്ലെ

അവൾ നേർത്ത പുഞ്ചിരിയോടെ അവന്റെ ഓർമ്മയിൽ മുഴുകി

തുടരും…

Leave a Reply

Your email address will not be published. Required fields are marked *