പ്രണയ പർവങ്ങൾ – ഭാഗം 89, എഴുത്ത്: അമ്മു സന്തോഷ്

രുക്കു ഫോൺ എടുത്തപ്പോ ഞാൻ ഒരാൾക്ക് കൊടുക്കാം എന്ന് പറഞ്ഞവൻ ഫോൺ ചാർളിക്ക് കൈമാറി.

“ഹലോ ” അവൻ പറഞ്ഞു

“എടാ പ- ട്ടി നീ ഇത്രയും സ്നേഹം ഇല്ലാത്തവനാണ് എന്ന് എനിക്കു അറിഞ്ഞൂടാരുന്നു കേട്ടോ. നീ ഫോൺ വെച്ചേ എന്നോട് മിണ്ടണ്ട “

അവന്റെ ശബ്ദം കേട്ടപ്പോ തന്നെ പൊട്ടിത്തെറിച്ചു അവൾ. അവളുടെ ദേഷ്യം അടങ്ങുന്ന വരെ അവൻ ക്ഷമയോടെ നിന്നു

“എനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി.  ഞാൻ ഇപ്പൊ ഹോസ്പിറ്റലിൽ ആണ് “

ഒരു  വിധം അവൻ അത് പറഞ്ഞൊപ്പിച്ചു

“അത് അറിഞ്ഞു. ഇപ്പോഴും എന്താ ഹോസ്പിറ്റലിൽ? ഡിസ്ചാർജ് ആയിന്ന് പറഞ്ഞു ല്ലോ കിച്ചു. പിന്നെ നീ എന്താ വിളിക്കാഞ്ഞത്. ഞാൻ  എങ്ങനെ ആണെടാ അറിയുന്നത്?”

“ഫോൺ പോയി ” അവൻ മെല്ലെ പറഞ്ഞു

“ഇപ്പൊ എങ്ങനെ? ഒരു ആക്‌സിഡന്റ് കഴിഞ്ഞ് ഒരു വർഷം ആയിട്ടില്ല. ഉടനെ അടുത്തത്. നീ ഇനി കാർ ഓടിക്കണ്ട. ഡ്രൈവർനെ വെയ്ക്ക് “

അവൻ ഒന്ന് മൂളി

“എടാ എത്ര നാളായി കണ്ടിട്ട്. നീ ഒന്ന് വീഡിയോ വായോ “

അവൻ കിച്ചുവിനെ നോക്കി. അവൻ വീഡിയോ ഓൺ ചെയ്തു

അവൾ

ചാർലി ഒന്ന് ചിരിക്കാൻ ശ്രമിച്ചു

“അയ്യോടാ ഒരു മുറിവ് പോലുമില്ലാത്ത നാണംകെട്ട ആക്‌സിഡന്റ് ആയി പോയല്ലോടാ ” അവൻ ചിരിച്ചു പോയി

“എന്റെ വാവയെ കണ്ടോ?” അവൾ ഉന്തി നിൽക്കുന്ന വയർ കാണിച്ചു

“വാവേ ഒരു ക്ലാസ്സിക് തെ- മ്മാടിയെ കാണണമെങ്കിൽ നോക്കിക്കോ “

ചാർലി പുഞ്ചിരിച്ചു

“നിനക്ക് എന്താ വയ്യേ? ഒരു ഉഷാർ ഇല്ലല്ലോ..”

“ഉം വയ്യ “

“എന്നാ നീ റസ്റ്റ്‌ എടുത്തോ എന്റെ കെട്ടിയോനോട് വേഗം വരാൻ പറ “

അവൻ ഫോൺ കിച്ചുവിന് തിരിച്ചു കൊടുത്തു

“താങ്ക്സ് ” ചാർലി മെല്ലെ പറഞ്ഞു

“എന്തിന്?”

“എല്ലാത്തിനും “

ചാർളിയുടെ കണ്ണുകൾ നിറഞ്ഞു

“ഞാൻ വിളിക്കാം “

അവൻ പറഞ്ഞു

“സാറയോട് ഞാൻ പോയിന്ന് പറഞ്ഞേക്ക് “

“ശരി “

“സാറയെ വിഷമിപ്പിക്കരുത്..അവള് ഒത്തിരി പാവമാണെടാ..”

ചാർളി ഒന്ന് മൂളി. കിച്ചു പോയി. അവന് പെട്ടെന്ന് താൻ relax ആയത് പോലെ തോന്നി. ഒരു സമാധാനം. ആരോ ഒപ്പം ഉള്ളത് പോലെ

സാറ വന്നപ്പോൾ അവൻ എല്ലാം പറഞ്ഞു

“നന്നായി. ടീച്ചർ വിഷമിച്ചിരിക്കുകയായിരുന്നു. കിച്ചു ചേട്ടനും ഒന്നും അറിയാതെ ആകെ വിഷമിച്ചു പോയി. “

“താങ്ക്യൂ “

“എന്തിന്?”

“ഇങ്ങനെ ഒപ്പം നിൽക്കുന്നതിന് “

അവൻ മെല്ലെ പറഞ്ഞു

“ഓ കേട്ടു. ചായ തരട്ടെ. ഫ്ലാസ്കിൽ
ഉണ്ട് “

“വേണ്ട “

അവന്റെ മുഖം വാടിയിരിക്കുന്നു

“എന്തെങ്കിലും വയ്യായ്ക ഉണ്ടോ?”

“ഇല്ല “

പിന്നെ സാറ ഒന്നും ചോദിച്ചില്ല

“ഞാൻ പുറത്തോട്ട് പോയിക്കോട്ടെ. ഒന്നു ഡോക്ടറെ കണ്ടിട്ട് വരാം. അന്ന് ഷെല്ലി ചേട്ടന് പനി വന്നപ്പോ എന്തൊക്കെയോ ടെസ്റ്റ്‌ ചെയ്തിരുന്നു റിസൾട്ട്‌ വന്നൊന്ന് ചോദിച്ചു നോക്കട്ടെ.”

അവന് തനിയെ ഇരിക്കാൻ തോന്നുന്ന ചില നേരമുണ്ട് അത് അവൾക്ക് അറിയാം. അത് കൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞത്.

“സാറ?” അവനാ തോളിൽ പിടിച്ചു

അവൾ മുഖം ഉയർത്തി

“നമുക്ക് നാട്ടിലേക്ക് പോകാം “

അവളുടെ മുഖം വിടർന്നു

“എന്റെ ദൈവമേ..ഞാൻ അപ്പായെ വിളിക്കാം. എല്ലാർക്കും സന്തോഷം ആകും “

“ഒരു മിനിറ്റ്. നാട്ടിൽ പോയാൽ നീ നിന്റെ വീട്ടിൽ ആണോ. താമസിക്കുക?”

“പിന്നല്ലാതെ?” അവൾ ചിരിച്ചു

“അത് പറ്റില്ല ” അവളുടെ മുഖം വിളറി

“പിന്നെ.?”

“എന്റെ ഒപ്പം വേണം ” അവൻ അവളെ ഒന്നടുപ്പിച്ചു

സാറയുടെ നെഞ്ചിടിച്ചു

“അത് അത്..അതെങ്ങനെ?”

“എനിക്ക് അറിഞ്ഞൂടാ. പക്ഷെ നീ ഒപ്പം താമസിക്കണം “

“കല്യാണം കഴിയാതെ എങ്ങനെ ഇച്ചാ അത്? പപ്പയും മമ്മിയും സമ്മതിച്ചു തരില്ല “

“എങ്കിൽ കല്യാണം കഴിക്കാം. ഡേറ്റ് ഫിക്സ് ചെയ്യാൻ പറയാം “

അവൾ ആ മുഖത്തേക്ക് നോക്കി

“ഇച്ചാ കുറച്ചു കൂടി ആയിട്ട് പോരെ?”

“എന്ത് ആയിട്ട്?”

അവൾ ഉമിനീർ വിഴുങ്ങി

“കുറച്ചു കൂടി എല്ലാം നോർമൽ ആയിട്ട് “

“അപ്പൊ ഞാൻ ഇപ്പൊ അബ്നോർമൽ ആണെന്ന്. എനിക്ക് ഭ്രാ- ന്ത് ആണെന്ന് അല്ലേടി?”

“എന്റെ ദൈവമേ ഞാൻ അതാണോ പറഞ്ഞത്?”

“പിന്നെ എന്താ നീ പറഞ്ഞത്? നീയും ഞാനും തമ്മിൽ s’ ex- ual contact ഉണ്ടായിട്ടുണ്ടോ മുൻപ്?”

സാറയുടെ കണ്ണ് നിറഞ്ഞൊഴുകി. അവൾ കരഞ്ഞു പോയി

“പറയടി “

“ഇല്ല “

“ഞാൻ ഫിസിക്കല്ലി നോർമൽ അല്ലെന്ന് നിനക്ക് തോന്നിയോ “

അവൾ പിണങ്ങി പോകാൻ ഒരുങ്ങി. ചാർളി അവളെ വലിച്ചു നീക്കി നിർത്തി

“പറ ഞാൻ നോർമൽ അല്ലേ?”

സാറ സങ്കടത്തിൽ ആ മുഖത്തേക്ക് നോക്കി

അവൻ ഒരു കൈ കൊണ്ട് അവളുടെ മുഖം തഴുകി. സാറയ്ക്ക് താൻ താഴെ വീഴുമെന്ന് തോന്നി. ചാർലി അവളെ തന്നോട് ചേർത്ത് പിടിച്ചു

“കല്യാണം… ഉടനെ..മനസ്സിലായോ?”

സാറ അനങ്ങാതെ ആ കണ്ണിൽ നോക്കി നിന്നു

“നിന്റെ പഴയ ചാർലി നിന്നെ എങ്ങനെ സ്നേഹിച്ചുവെന്നോ എന്തൊക്ക ഓമനപ്പേര് വിളിക്കുമെന്നോ എങ്ങനെ ലാളിക്കുമെന്നോ ഒന്നും എനിക്ക് അറിഞ്ഞൂടാ..അത് ഇനി പഠിക്കണം. അതിന് നീ. എന്റെ കൂടെ വേണം. അല്ലാതെ പറ്റില്ല. അതല്ല നിനക്ക് ഞാൻ വേണ്ടങ്കിൽ പൊയ്ക്കോ “

സാറ ആ മുഖത്ത് ഒന്ന് കൊടുത്തു

“പൊയ്ക്കോന്നോ എങ്ങോട് പോകാൻ? ആരുടെ ഒപ്പം പോകാൻ? എനിക്ക് അങ്ങനെ പറ്റുമോ ഇനി.? എന്താ എന്നെ മനസിലാക്കാതെ ഇങ്ങനെ? ദു- ഷ്ടനാ.. പണ്ടും അതെ ഇപ്പോഴും അതെ..”

അവൾ എങ്ങലടിച്ചു. അവൾ അടിച്ച ഒരടിയിൽ തരിച്ചു നിന്നു പോയി ചാർലി

സാറ പിണങ്ങി പോകാൻ ഭാവിക്കേ അവൻ വലിച്ചു നെഞ്ചിൽ ഇട്ടു

“സാറ…ഞാൻ..സോറി.”

“വേണ്ട “

“സത്യം സോറി.. നീ എങ്ങും പോകണ്ട..”

അവൾ കൂർത്ത ഒരു നോട്ടം നോക്കി

“എനിക്ക് ആരെയും അറിയില്ലാടി. നീ ഒപ്പം ഉള്ളപ്പോ ഒരു ധൈര്യം. അത് കൊണ്ട കല്യാണം കഴിക്കാമെന്ന് പറഞ്ഞത് “

“അപ്പൻ, അമ്മ, ചേട്ടൻ, ചേച്ചി അവർക്കൊക്കെ എന്ത് സ്നേഹം ആണെന്നറിയാമോ? അവരോട് എന്താ അകൽച്ച. എന്നോട് കാണിക്കുന്ന അടുപ്പത്തിന്റെ പകുതി കാണിക്ക് അവർക്ക്. സന്തോഷം ആകട്ടെ..”

“എനിക്ക്.. ഞാൻ…ശ്രമിക്കാം “

“ഉം “

“പക്ഷെ നീ ഒപ്പം വേണം. നീ പറഞ്ഞത് പോലെ നോർമൽ അല്ല ഞാൻ..കുറച്ചു കൂടി ശരിയാകാൻ ഉണ്ട്. പക്ഷെ..”

“എനിക്കും കുറച്ചു സമയം വേണം ഇച്ചാ..എന്റെ മനസ്സ്..”

“ഞാൻ കല്യാണം കഴിക്കുന്നേയുള്ളു. ഇപ്പൊ എങ്ങനെ അങ്ങനെ മതി. നീ ഓക്കേ. ആയിട്ടേ ഞാൻ നിന്നെ..”

അവൻ പാതിയിൽ നിർത്തി

“ഐ മീൻ നമ്മൾ ഒന്ന് സിങ്ക് ആയിട്ടേ മറ്റു റിലേഷൻ ഉണ്ടാവു ഞാൻ വാക്ക് തരാം നിന്നെ ഞാൻ നിർബന്ധിക്കില്ല “

അവൾ മെല്ലെ അകന്ന് മാറി

“എനിക്കു. അറിയാം ഇന്നത്തെ ചാർലി വേറെ പോലെയാ പെരുമാറുന്നതെന്ന് അത് നിനക്ക് അക്‌സെപ്റ് ചെയ്യാൻ ടൈം എടുക്കും അതും അറിയാം. അത് വരെ ഞാൻ നിന്റെ ദേഹത്ത് തൊടില്ല സാറ..പക്ഷെ ഒറ്റയ്ക്ക് എനിക്ക് ഇനി ജീവിക്കാൻ വയ്യ..”

സാറ ആ മുഖം കൈകളിൽ എടുത്തു. അടിച്ച കവിളിൽ അമർത്തി ചുംബിച്ചു. പിന്നെ നിറഞ്ഞു തൂവുന്ന കണ്ണുനീരോടെ ആ മാറിൽ മുഖം ചേർത്ത് വെച്ചു

തുടരും…..