പ്രണയ പർവങ്ങൾ – ഭാഗം 90, എഴുത്ത്: അമ്മു സന്തോഷ്

ചാർലി ഡോക്ടറുടെ മുന്നിലായിരുന്നു

“മൂന്ന് മാസമായി ഇവിടെ അല്ലേ?”

അവൻ തലയാട്ടി

“ശരിക്കും ചാർലിക്ക് അത്രയും ദിവസങ്ങൾ വേണ്ടായിരുന്നു. പിന്നെ ചാർലി തന്നെ പറഞ്ഞത് കൊണ്ടാണ്. “

അവൻ ഒന്ന് തലയാട്ടി

“You are better now “

“താങ്ക്യൂ ഡോക്ടർ “

“ഞാനല്ലല്ലോ കാരണം. അതിന്റെ കാരണം നിങ്ങളുടെ പെൺകുട്ടിയാണ്. സാറ”

“ഉം “

“ചാർളി ഇനിയാണ് തനിക്ക് ശരിക്കുള്ള പ്രതിസന്ധികൾ വരാൻ പോകുന്നത്. ഇവിടെ താൻ, തന്റെ റിലേറ്റീവ്സ്, സാറ ഞാൻ അങ്ങനെ ഒക്കെ ഉള്ളവർ മാത്രമേയുള്ളു. പക്ഷെ ഇനി ചാർലി സമൂഹത്തിലേക്ക് ഇറങ്ങാൻ പോകുകയാണ്. ചാർളിയുടെ ഈ അവസ്ഥ നാട്ടിൽ അറിയില്ല. ശരിയല്ലേ?”

“അതെ “

“ആർക്കും. അറിയില്ല?”

“ഇല്ല “

“ഓക്കേ. മനസ്സ് തളരുന്ന ഒരു പാട് സംഭവങ്ങൾ ഇനി ഉണ്ടായേക്കാം. ഒരു പാട് കാര്യങ്ങൾ നമുക്ക് മുന്നിൽ വരും. നമ്മുടെ ബന്ധുക്കൾ സുഹൃത്തുക്കൾ നാട്ടുകാർ..”

“സാറ ഉണ്ടാകും ഒപ്പം “

അവൻ പെട്ടെന്ന് പറഞ്ഞ് പോയി. ഡോക്ടർ നെറ്റി ചുളിച്ചു

“സാറ?”

“ഞാൻ സാറയെ കല്യാണം കഴിക്കാൻ തീരുമാനിച്ചു ഡോക്ടർ “

ഡോക്ടറുടെ മുഖം വിടർന്നു

“Good decision “

“എനിക്ക് ട്രസ്റ്റ്‌ ചെയ്യാൻ ഒരാള് വേണം
അപ്പ അമ്മ ചേട്ടൻ ഒക്കെ ഉണ്ട്. പക്ഷെ ഫുൾ ടൈം ഉണ്ടാവില്ലല്ലോ. ഉറക്കത്തിലും ഉണർവിലും ഉണ്ടാവില്ലല്ലോ. ഞാൻ ഈ ലോകത്തിൽ ആരെയെങ്കിലും നുറു ശതമാനം വിശ്വസിക്കുന്നുണ്ടെങ്കിൽ അത് സാറയെ മാത്രം ആണ്. ഡോക്ടറെ മറന്നിട്ടല്ല ഞാൻ ഈ പറയുന്നത്. അപ്പയെയും അമ്മയെയും ചേട്ടനെയും മറന്നിട്ടില്ല. നുറു ശതമാനം ഞാൻ വിശ്വസിക്കുന്നത് എന്നാണ് പറഞ്ഞത്. ഓർമ്മകൾ നഷ്ടപ്പെട്ടപ്പോഴും ദൈവം അവളോടുള്ള എന്റെ സ്നേഹം നഷ്ടപ്പെടുത്തി കളഞ്ഞില്ല. അവളെ ഓരോ തവണ കാണുമ്പോഴും അവളെന്റെയാണെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ടായിരുന്നു. വേറെ ആരോടും എനിക്ക് അത് തോന്നിയില്ല. അവൾ..അവൾ മാത്രം..അതിനു ദൈവത്തിനു നന്ദി. അത് കൂടെയില്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ജീവിതം അവസാനിപ്പിച്ചേനെ “

“അങ്ങനെ പറയരുത് ചാർളി. ഒരു പ്രതീക്ഷ പോലുമില്ലാതെ ഈ അവസ്ഥയിൽ ഉള്ളവർ ജീവിക്കുന്നുണ്ട്. ജീവിതം നമുക്ക് തല്ലിയുടച്ചു കളയാനുള്ളതല്ല. ചാർലി പണ്ട് എസ് ഐ ടെസ്റ്റ്‌ ഒക്കെ പാസ്സ് ആയതല്ലേ? ഒന്ന് കൂടെ ഒന്ന് ശ്രമിച്ചു കൂടെ? നാടും നാട്ടുകാരും വീടും ഒക്കെ ഇടത്താവളങ്ങൾ ആകുന്നതാണ് ഈ അവസ്ഥയിൽ നല്ലത്. ഇടയ്ക്ക് വന്നിട്ട് പോകുക. പിന്നെ പിന്നെ സ്ഥിരമായി നിൽക്കാം. അപ്പോഴേക്കും പരിചയം ആകും. ചാർലിക്ക് പോലീസ് ജോലി. ഇണങ്ങും. ചാർളിയിൽ ഒരു തീ ഉണ്ട്. ഒരു ഫയർ. അങ്ങനെ ഉള്ളവർ പോലീസിൽ വരണം”

ചാർലി ഒന്ന് പുഞ്ചിരിച്ചു

“ഇപ്പൊ എന്തായാലും അതെ കുറിച്ച് ഒന്നും ആലോചിക്കുന്നില്ല ഡോക്ടർ. ഡോക്ടർ വീട്ടിൽ ഒന്ന് വിളിച്ചു പറയണം. പിന്നെ എന്റെ കല്യാണക്കാര്യം കൂടി പറയണം “

ആദി ചിരിച്ചു പോയി

“അത് ശരി ഞാൻ ബ്രോക്കർ ജോലി ചെയ്യണം “

“ഡോക്ടർക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ മതി”

“ഹേയ് I am just joking “

അവൻ എഴുന്നേറ്റു

“സാറ എവിടെ?”

“മുറിയിൽ ഉണ്ട്. പാക്കിങ് “

“ശരി ചാർലി “

അവൻ മുറി വിട്ട് പോകുന്നത് ഡോക്ടർ നോക്കിയിരുന്നു. സാറ ബാഗിൽ കുറച്ചു അടുക്കി വെച്ചു

“ഇത് തികയില്ല ട്ടോ. കുറച്ചു bags വാങ്ങണം. അല്ലെങ്കിൽ വീട്ടിൽ നിന്ന് കൊണ്ട് വരാൻ പറയട്ടെ “

“വേണ്ട ഒന്ന് പുറത്ത് പോകാം. നീ തിരുവനന്തപുരം ശരിക്കും കണ്ടിട്ടില്ലല്ലോ “

“ഇല്ല “

“ഞാൻ വന്നിട്ടുണ്ടാവണം. പക്ഷെ പ്രയോജനം ഇല്ല. നിന്നെ പോലെ തന്നെ “

സാറ ആ കൈ പിടിച്ചു

“ഒരു ജന്മത്തിൽ രണ്ടനുഭവങ്ങൾ അതും ഒരു ഭാഗ്യമല്ലേ ഇച്ചാ?”

അവൻ വെറുതെ ചിരിച്ചു

“നീ വേഷം മാറി വാ. നമുക്ക് ഒന്ന് പോയിട്ട് വരാം “

അവൾ മുറിയിലേക്ക് പോയി

അവൾ സാരി ഉടുത്തു. വെറുതെ ഉടുത്തതാണ്

അവന് ഓർമ്മയുണ്ടോ എന്നറിയാൻ…സാരിയിൽ ഒരു പാട് ഓർമ്മകൾ ഉണ്ട്…അവൾ ഭംഗിയായി അത് ഞൊറിഞ്ഞിടുത്തു. പിന്നെ മുടി പിന്നിയിട്ട് കണ്ണെഴുതി പൊട്ട് വെച്ചു. അവന്റെ മുറിയുലേക്ക് ചെന്നു

കടും പച്ച ടി ഷർട്ടും ജീൻസിലും അവൻ സുഭഗനായി കാണപ്പെട്ടു

“പോകാം “

അവൾ പറഞ്ഞു

“യെസ് “

അവൻ അവളുടെ വേഷം ശ്രദ്ധിച്ചില്ല

മുറി പൂട്ടി ഇറങ്ങി

“അതേയ്..എവിടേക്കാണ്.?” അവൾ ചോദിച്ചു

അവൻ തിരിഞ്ഞു നിന്നു. ഹോസ്പിറ്റലിന്റെ ഒരു ഫോട്ടോ എടുത്തു

പിന്നെ നടന്നു തുടങ്ങി

“വെറുതെ കുറച്ചു നടക്കാം. പിന്നെ മ്യൂസിയത്തിൽ പോകാം “

അവൻ നടന്നു തുടങ്ങി

“നിനക്ക് എന്തെങ്കിലും വാങ്ങണോ?”

സാറ ആമുഖം പഠിച്ചു

പഴയ ആളായിരുന്നു എങ്കിൽ. ഈ സാരി മാറ്റി വാ എന്ന് പറഞ്ഞേനെ..ആ ഓർമ്മകൾ ഇല്ല

അവൾ ദീർഘമായി നിശ്വസിച്ചു

“സാറ?”

“എന്തോ “

“എന്തെങ്കിലും വാങ്ങണോ?”

“ഉം. ലേഡീസ് തിങ്സ് ആണ്. കണ്മഷി പൊട്ട് അങ്ങനെ “

“തിരിച്ചു വരുമ്പോൾ പോരെ?”

“മതി “

അവൾ അവന്റെ കയ്യിൽ പിടിച്ചു

“സ്പീഡ് കുറയ്ക്കു “

അവൻ നടത്ത കുറച്ചു സാവധാനം ആക്കി

ഫോണിൽ ഗൂഗിൾ മാപ് ഇട്ട് കൊണ്ടാണ് നടക്കുന്നത്. അത് കൊണ്ട് കൃത്യമായി മ്യൂസിയമെത്തി. സന്ധ്യ ആയി തുടങ്ങുന്നു. അവർ ഒരു ബെഞ്ചിൽ ഇരുന്നു

“പണ്ട് ഇത് പോലെ സന്ധ്യകളിൽ പള്ളിയിൽ ഇരിക്കുവായിരുന്നു “

അവൾ മെല്ലെ പറഞ്ഞു

അവൻ ഒന്ന് നോക്കി

“നമ്മൾ കാണുക പള്ളിയിൽ വെച്ച..വൈകിട്ട് ഞാൻ കോളേജ് വിട്ട് വരുമ്പോൾ ഇച്ചാ ഉണ്ടാകും അവിടെ. അവിടെ കുറച്ചു നേരം നമ്മൾ ഇരിക്കും ഇത് പോലെ..”

അവൻ ഒന്ന് മൂളി. അവൾ ഓർമ്മകളിൽ ലയിച്ചിരുന്നു. കണ്ണെഴുതി തരുന്നത്, പൊട്ട് തൊട്ട് തരുന്നത്, മോളെ എന്നുള്ള വിളി, ഇച്ചന്റെ പൊന്നല്ലേ എന്നുള്ള സ്നേഹം. ഇപ്പൊ ഒന്നുമില്ല. സ്നേഹം ഉണ്ട്. അത് സത്യമാണ്

കല്യാണം കഴിക്കണമെന്ന് പറയുമ്പോ അത് സ്നേഹം മാത്രം കൊണ്ടല്ല, ആശ്രയിക്കാൻ വിശ്വാസം ഉള്ള ഒരാൾ വേണം. വഴി നടത്താൻ ഒരാൾ. അത് തീവ്രമായ പ്രണയം കൊണ്ടല്ല. ഒരു കൂട്ടിനു വേണ്ടിയാണ്

സാരമില്ല. തനിക്കുണ്ടല്ലോ പ്രണയം. കത്തുന്ന തീ ആയിട്ട് തന്നെ പോലും ദഹിപ്പിക്കുന്ന പ്രണയം. അത് മാത്രം മതി

“പോകാം.”

അവൻ എഴുന്നേറ്റു

“നിനക്ക് എന്തോ വാങ്ങണ്ടേ. ഞാൻ ഇവിടെ നിൽക്കാം വാങ്ങിയിട്ട് വാ “

ലേഡീസ് ഫാൻസി സ്റ്റോറിന്റെ മുന്നിൽ എത്തിയപോ അവൻ പറഞ്ഞു. ഉള്ള് ഒന്ന് നൊന്തു സാറയ്ക്ക്. പഴയ ആളായിരുന്നു എങ്കിൽ….

പിന്നെ കണ്ണടച്ചത് മറക്കാൻ ശ്രമിച്ചു

“സാരമില്ല നാട്ടിൽ ചെന്നാലും വാങ്ങാമല്ലോ. നന്നായി ഇരുട്ടി. തിരിച്ചു പോകാം ” അവൻ നടന്നു തുടങ്ങി

സാറ പിന്നാലെയും

ഇടക്ക് ചാർലി ഒന്ന് തിരിഞ്ഞു നോക്കിയപ്പോ സാറ കണ്ണുകൾ തുടയ്ക്കുന്നത് അവൻ കണ്ടു

“എന്താ?”

“ഒന്നുല്ല. എന്തെ? “

അവൻ അവളുടെ നനഞ്ഞ കൺപീലികൾ കണ്ടു

“എന്താ സാറ?”

“ഒന്നുല്ല..നടക്കു “

അവൾ മുഖം കൊടുക്കാതെ നടന്നു

ഹോസ്പിറ്റലിൽ എത്തി മുറിയിലേക്ക് അവൾ പോകാൻ ഒരുങ്ങിയപ്പോ അവൻ ആ കൈ പിടിച്ചു നിർത്തി. ആ മുഖം വേദന കൊണ്ട് വിങ്ങി

“ഞാൻ..ആ പഴയ ഞാൻ മരിച്ചു പോയി. ഇല്ലേ സാറ?. “

സാറ പൊട്ടിക്കരഞ്ഞു കൊണ്ട് ആ നെഞ്ചിൽ മുഖം ചേർത്ത് അവനെ കെട്ടിപിടിച്ചു

“ഇച്ചാ എനിക്ക് കണ്ണെഴുതി തരുമായിരുന്നു. ആ ഷോപ്പിന്റെ മുന്നിൽ വന്നപ്പോൾ ഇച്ചാ പറഞ്ഞില്ലേ ഞാൻ വെളിയിൽ നിന്നോളംന്ന്..അപ്പൊ എനിക്ക് അത് ഓർമ്മ വന്ന് പോയി. അതാ അപ്പൊ എനിക്ക് സങ്കടം വന്നേ.. സോറി ഇച്ചാ..”

അവൾ ഇടറി പറഞ്ഞു. അവൻ ഞെട്ടിപ്പോയി.

പിന്നെ കടുത്ത വേദനയിൽ അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി

തുടരും….