“ഇതാണ് എന്റെ ഏട്ടൻ ഗോവിന്ദ്” ദൃശ്യ ഏട്ടനെ കൃഷ്ണയ്ക്ക് പരിചയപ്പെടുത്തി. കൃഷ്ണ കൈ കൂപ്പി. ഗോവിന്ദ് പുഞ്ചിരിച്ചു
“കണ്ടിട്ടുണ്ട് ഞാൻ.. ദിവസവും ഇഷ്ടം പോലെ കേൾക്കുന്നുമുണ്ട്” ഗോവിന്ദ് പറഞ്ഞു
കൃഷ്ണ ദൃശ്യയെ നോക്കി
“ദൃശ്യയ്ക്ക് ഈ ഒറ്റ കാര്യമേ നിലവിൽ പറയാനുള്ളു ” അവൻ വീണ്ടും പറഞ്ഞു
“ചേട്ടൻ ഏതാ സ്പെഷ്യലയസ് ചെയ്യുന്നത്?”
“ഓർത്തോ ആണ് “
“കൃഷ്ണക്ക് ഏതാ ഇഷ്ടം?”
“അയ്യോ ഫസ്റ്റ് ഇയർ ആയിട്ടല്ലേയുള്ളു. എന്നാലും ഏട്ടന് ഹാർട്ട് പ്രോബ്ലം ഉള്ളത് കൊണ്ട് കുഞ്ഞിലേ വിചാരിച്ചു വെച്ചേക്കുന്നത് അതിന്റെ ഡോക്ടർ ആകണമെന്നാ ഏട്ടനെ ചികിത്സിക്കാമല്ലോ. “
ഗോവിന്ദ് ചിരിച്ചു പോയി
“ഏറ്റവും ഡിമാൻഡ് ഉള്ള ഐറ്റം ആണ് അത്. കുഴപ്പമില്ല തനിക്ക് കിട്ടട്ടെ. ഇവളോട് ചോദിക്കാം. നിനക്ക് എന്താ ഇഷ്ടം “
“എനിക്ക് ഇത് മതി. വെറും എം ബി ബി എസ് അത് കഴിഞ്ഞു ഞാൻ വല്ല കാനഡയിലോ വല്ലോം പോയി ഒരു ഡിഗ്രി എടുത്തവിടെ വല്ലോനേം ലൈനും അടിച്ച് അവിടെ സെറ്റിൽ ആകും.”
കൃഷ്ണ ചിരിച്ചു പോയി
“ഇജ്ജാതി ആഗ്രഹം വല്ലോമുണ്ടോ?” ഗോവിന്ദ് ചോദിച്ചു
“ഇല്ല. ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യണംന്നാ ആഗ്രഹം. എന്നെ പോലെ ഒത്തിരി പേര് കാശൊക്കെ ഇല്ലാണ്ട്.. അവർക്ക് നല്ല ട്രീറ്റ്മെന്റ് കിട്ടുമല്ലോ.”
“കണ്ടു പഠിക്ക് എന്റെ ദൃശ്യകുട്ടി ഇതാണ് ഒരു ഡോക്ടർക്ക് വേണ്ട ഡെഡിക്കേഷൻ “
“ആ എനിക്ക് അത് കുറവാ. അല്ല പിന്നെ “
അവർ ചിരിച്ചു
“ഒരു ദിവസം വീട്ടിൽ വാ. ഇവളുടെ പിറന്നാൾ ആണ് അടുത്ത ആഴ്ച. ഒരു കുഞ്ഞ് പാർട്ടി കാണും ” ഗോവിന്ദ് പറഞ്ഞു
ഗോവിന്ദ് നല്ല പയ്യനായിരുന്നു. മര്യാദയും മാന്യതയുമുള്ള ചെറുപ്പക്കാരൻ. സൗമ്യൻ. അവളോട് അർഹിക്കുന്ന ബഹുമാനം കൊടുത്താണ് അവൻ സംസാരിച്ചത്
“എന്റെ ഏട്ടാ ആരോടാ പറയുന്നത്. വിളിക്കണ്ട വരില്ല..ഞാൻ അത് കൊണ്ട് പിറന്നാൾ പോലും പറഞ്ഞില്ല”
“അതെന്താ?”
“അത് ഇവൾക്ക് ഇഷ്ടം അല്ല. ഇവിടെ കാണുന്നുണ്ടല്ലോ പിന്നെ എന്തിനാ വീട്ടിൽ എന്നാ ചോദ്യം “
“ഗോവിന്ദ് ” ആരോ ദൂരെ നിന്ന് വിളിച്ചു
“പിന്നെ കാണാം ബൈ “അവൻ യാത്ര പറഞ്ഞു പോയി
അവർ തിരിച്ചു നടന്നു
“എന്നാ പിറന്നാൾ?” കൃഷ്ണ ചോദിച്ചു
“എന്തിനാ?”
“പറയ് “
“അടുത്ത ഞായറാഴ്ച “
“ഞാൻ വരും “
ദൃശ്യയുടെ കണ്ണുകൾ വിടർന്നു
“ചുമ്മാ “
“അല്ല വരും. എപ്പോഴെങ്കിലും വരും. ലൊക്കേഷൻ അയച്ചിട്ടാ മതി “
“അടിപൊളി. കൊച്ച് മൊബൈൽ ഓപ്പറേഷൻ ഒക്കെ പഠിച്ചല്ലോ “
അവൾ നാണത്തോടെ ഒന്ന് ചിരിച്ചു
“എന്ത് ഭംഗിയാ കൃഷ്ണ നിന്നേ കാണാൻ.. കണ്ടാൽ കൊതിയാകും. അത്രേ ഭംഗിയാണ്”
“അയ്യേ. ഫുഡ്നോടല്ലേ കൊതി വരിക “
“നീ നല്ല വെള്ള രസഗുളാ പോലെ അല്ലെ അപ്പൊ കൊതി വരും “
കൃഷ്ണ വാ പൊത്തി ചിരിച്ചു
“അതേയ്..അർജുൻ സാറെന്താ അങ്ങനെ?”
“അതാരാ അർജുൻ സർ?”
“ഡോക്ടർടെ മോനെ..”
“അങ്ങേരെന്താ നിന്നേ പഠിപ്പിച്ചിട്ടുണ്ടോ? ഒരു സർ വിളി “
“എന്നേക്കാൾ പ്രായം ഉള്ളയാൾ അല്ലെ?”
“പ്രായം കൊണ്ട് മൂത്തത് ആണ്. ഇരുപത്തിയാറു വയസ്സാകുന്നു. നീ എന്താ ചോദിച്ചേ?’
“ആ സർ എന്താ അങ്ങനെ? ഡോക്ടറുടെ മുന്നിൽ വെച്ച് സി- ഗരറ്റ് ഒക്കെ വലിച്ചു. ശോ എനിക്ക് അങ്ങ് വല്ലായ്മ തോന്നി “
“ആ ബെസ്റ്റ്. സി- ഗരറ്റ് അല്ല ക- ഞ്ചാവ് വലിക്കും വേണേൽ..വെള്ളോമടിക്കും.പെൺ വിഷയവും ഉണ്ടെന്നാ കരക്കമ്പി “
“എന്ന് വെച്ചാ ?”
“കുന്തം അങ്ങേര് ഭയങ്കര സുന്ദരനല്ലേ…അത്യാവശ്യം പെണ്ണുങ്ങൾ ഒക്കെ വീഴുന്ന കാര്യമാ പറഞ്ഞത്. “
“അയ്യേ..ഇത്ര നല്ല ഡോക്ടർക്ക് ഇങ്ങനെ എങ്ങനെ?”
“അതിനൊരു ഫ്ലാഷ് ബാക് ഉണ്ട്. അത് കേൾക്കാൻ സമയം ഉണ്ടൊ?”
“പറ.”
“അനുപമ ആന്റി അതായത് അങ്കിളിന്റെ വൈഫ് പ്രെഗ്നന്റ് ആയിരുന്ന സമയം. അന്ന് അർജുൻ ചേട്ടൻ പത്താം ക്ലാസ്സിൽ ആണ്. നന്നായി പഠിക്കും. ലാസ്റ്റ് പരീക്ഷ എഴുതി തിരിച്ചു വരികയാണ്. ആന്റി ആ ടൈമിൽ വീട്ടിൽ തന്നെ ഉണ്ട്. സ്കൂൾ ബസ് വീടിന്റെ മുന്നിൽ തന്നെ വരും. ഓപ്പോസിറ്റ് സൈഡിൽ ആണെന്നെ ഉള്ളു. അർജുൻ ചേട്ടൻ ഇറങ്ങി മുന്നോട്ട് ഇത്തിരി നടന്നതും ഒരു കല്ലിൽ തട്ടി വീഴാൻ പോയി. ഇപ്പുറം നിന്ന ആന്റി ഓർക്കാതെ അങ്ങോട്ട് ഒറ്റ ഓട്ടം. ഒരു ബസ് വരികയായിരുന്നു. അവിടെ വെച്ചു തീർന്നു “
അൽപനേരം അവൾ മിണ്ടാതെയിരുന്നു
“ആന്റിയുടെ കൈ തെറിച്ച് അർജുൻ ചേട്ടന്റെ മുഖത്ത് വന്നു വീണെന്നാ കണ്ട് നിന്നവർ പറഞ്ഞത്.”
“എന്റെ ദൈവമേ…”കൃഷ്ണ നിലവിളിച്ചു പോയി
“അന്ന് ബോധം കെട്ട് വീണിട്ട് രണ്ടു ദിവസമെടുത്തു അർജുൻ ചേട്ടന് ബോധം വീഴാൻ. പക്ഷെ പിന്നെ…ഒന്നും അറിയില്ല. പിന്നെ ഉള്ളയുള്ള ഒരു വർഷം ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിലായിരുന്നു. വല്ലാതെ വയലന്റ് ആകുമ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യും. പിന്നെ ആള് പഠിച്ചില്ല. ബാംഗ്ലൂരിൽ അനുപമ ആന്റിയുടെ അനിയത്തി ഉണ്ട്. ബിസിനസ് ആണ് അവർക്ക്. അസുഖം വന്നപ്പോൾ തന്നെ അവർ കൊണ്ട് പോയി അവിടെ ആയിരുന്നു പിന്നെ. അവർക്കൊപ്പം കൂടി ആള് ബിസിനസ് ഉസ്താദ് ആയി. ഒരു അഫയർ ഉണ്ടായിരുന്നു. നല്ല ചേച്ചിയാണ് കാണാൻ. ഞാൻ കണ്ടിട്ടുണ്ട്. ഐശ്വര്യ. പിന്നെ എന്ത് പറ്റി എന്നറിയില്ല അത് നടന്നില്ല. അത് വരെ അർജുൻ ചേട്ടൻ ഇത്രയും മോശമായ ഒരാളായിരുന്നില്ല. reserved ആണ് അത്രേ തന്നെ. “
കൃഷ്ണ വേദനയോടെ അത് കേട്ട് നിന്നു
“അപ്പൊ അർജുൻ സർ വീണ്ടും വയലന്റ് ആയോ? പിന്നെയും അസുഖം വന്നോ?”
“അതല്ലേ ഞങ്ങളും അതിശയിച്ചു പോയത്? ഏകദേശം അഞ്ചു വർഷം പഴക്കം ഉള്ള റിലേഷൻ ആയിരുന്നു. പക്ഷെ അർജുൻ ചേട്ടൻ പ്രോബ്ലം ഒന്നും ഉണ്ടാക്കിയില്ല. ചേട്ടൻ അത് മാനേജ് ചെയ്തു. ബാംഗ്ലൂർ വിട്ട് ഇങ്ങോട്ട് വന്നു. ഇതിനിടയിൽ ഈ ഹോസ്പിറ്റലിലെ ഷെയർ ഒക്കെ പുള്ളി വാങ്ങി. അവരുടെ കുടുംബത്തിന്റെ ആയിരുന്നു ഇത്. ഇവിടെ സെറ്റിൽ ആയി. അപ്പൂപ്പൻ ഭയങ്കര സപ്പോർട്ട് ആണ്. കക്ഷി നന്നായി കാശ് ഇറക്കി. അങ്ങനെയാണ് വാങ്ങിയത് എന്ന് തോന്നുന്നു. അന്ന് മുതൽ ഇന്ന് വരെ അർജുൻ ചേട്ടൻ വേറെ ആളാണ്. ഒരാൾ എത്ര മോശം ആകാമോ അത്രയും മോശം. കിടിലൻ ബിസിനസ് മാൻ ആണ്. പക്ഷെ ഹൃദയമില്ലാത്ത ഒരു മനുഷ്യൻ ആണ്. എത്ര അനുഭവങ്ങൾ ഉണ്ടെങ്കിലും ഒരു മനുഷ്യൻ ഇത്രയും അധഃപതിക്കരുത് എന്ന് എന്റെ ഏട്ടൻ ഒരിക്കൽ അർജുൻ ചേട്ടന്റെ മുഖത്ത് നോക്കി പറഞ്ഞു. എന്റെ ഏട്ടനോട് ഉള്ളിൽ കക്ഷിക്ക് ഒരിഷ്ടം ഉള്ളത് കൊണ്ടാവും ഒന്നും പറഞ്ഞില്ല മറുപടി. ഞാൻ ആയിരുന്നു ആ സ്ഥാനത്തെങ്കിൽ എന്നെ തല്ലി കൊ- ന്നേനെ. അങ്കിൾ ഒന്നും പറയില്ല കൃഷ്ണ. കാരണം പറഞ്ഞിട്ട് കാര്യമില്ല. ആള് ആളുടെ വഴിയാണ് ജീവിക്കുന്നത്. ഒരു പക്ഷെ ആൾക്ക് അതിന് ന്യായീകരിക്കാൻ കുറേ കാര്യങ്ങൾ കാണും. നമുക്ക് അത് സമ്മതിച്ചു കൊടുക്കാൻ കഴിയില്ലെങ്കിലും. പക്ഷെ ഒന്ന് പറയാതെ വയ്യ. മെന്റൽ ട്രോമായിലൂടെ കടന്നു പോയ ഒരാൾ ഇത്ര successful ആയത് സമ്മതിക്കാതെ വയ്യ “
കൃഷ്ണ എല്ലാം കേട്ടിരുന്നു
“സ്വന്തം അച്ഛനോട് ഒഴികെ ആരോടും സെന്റിമെന്റ്സ് ഇല്ല. ആരോടും…അത് കൊണ്ട് നീ ഒന്ന് സൂക്ഷിച്ചോ..അച്ഛൻ ആരോടും ഒത്തിരി അടുപ്പം കാണിക്കുന്നത് അർജുൻ ചേട്ടന് ഇഷ്ടമല്ല.”
കൃഷ്ണ ദയനീയമായി അവളെ നോക്കി
“പേടിക്കണ്ട. ഒത്തിരി അടുപ്പം കാണിക്കാതെ ഇരുന്ന മതി..”
കൃഷ്ണ തലയാട്ടി
ദൃശ്യയുടെ പിറന്നാൾ ദിനത്തിൽ രാവിലെ പത്തു മണിയോടെ അവൾ എത്തി. കയ്യിൽ ഒരു കൊച്ചു സമ്മാനം. വെള്ളയിൽ നീല പൂക്കൾ തുന്നിയ ഒരു ടോപ്
ദൃശ്യ അവളെ ഇറുകെ കെട്ടിപ്പുണർന്നു. അവൾക്ക് സന്തോഷവും സങ്കടവും ഒരെ സമയം വന്നു
ഇതൊന്നുമില്ലെങ്കിലും സാരമില്ല നീ വന്നല്ലോ അത് മതി
കൃഷ്ണ പുഞ്ചിരിച്ചു
ദൃശ്യയുടെ അമ്മ ഭദ്ര. അച്ഛൻ നകുലൻ. രണ്ടു പേർക്കും കൃഷ്ണ പരിചിതയാണ്. കണ്ടിട്ടില്ല എന്നേയുള്ളു. അവളുടെ ചിരിയും പതിഞ്ഞ സംസാരവും അവർക്ക് ഒരു പാട് ഇഷ്ടമായി
“ദേ അടുത്ത വീടാണ് അങ്കിളിന്റെ. ഒരു മതിൽ ദൂരം. അവിടെ ഉണ്ട് കക്ഷി. നിന്നേ കാണുമ്പോൾ സർപ്രൈസ് ആവും. വാ പോകാം “
അവൾ മടിച്ചു
“പേടിക്കണ്ട സിംഹം അവിടെയില്ല. തൃശൂർ പോയിരിക്കുകയാണ്. ധൈര്യമായി പോകാം വാ “
അവർ അവിടേക്ക് ചെന്നു
ജയറാം ഒരു പുസ്തകം വായിക്കുകയായിരുന്നു
കൃഷ്ണയേ കണ്ട് അതിശയത്തോടെ അദ്ദേഹം എഴുന്നേറ്റു
“മോള് പറഞ്ഞില്ലല്ലോ വരുമെന്ന്…”
“സർപ്രൈസ് ആക്കിയതാ അല്ലെ കൃഷ്ണ?”
ദൃശ്യ ചിരിച്ചു
“വാ വാ ” അദ്ദേഹം അവളെ ചേർത്ത് പിടിച്ചു വീടിനുള്ളിലേക്ക് നടന്നു
“അനിലേ രണ്ടു ചായ “
“എന്റെ കുക്ക് ആണ് ട്ടോ അനിൽ” ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു
കൃഷ്ണ ചുറ്റും നോക്കി
“വീടിനുള്ളിൽ ഭയങ്കര തണുപ്പാണല്ലോ “അവൾ ദൃശ്യയോട് അടക്കി പറഞ്ഞു
“സെൻട്രലൈസഡ് എ സി ആണ്”
“എന്ന് വെച്ചാ?”
“മുഴുവൻ എയർ കണ്ടിഷൻ ചെയ്തിട്ടുണ്ട്. അതാണ് “
കൃഷ്ണ തലയാട്ടി
കൊട്ടാരം പോലെ ഒരു വീട്
ഇതിനുള്ളിൽ ഇവർക്ക് വഴി തെറ്റി പോവില്ലേ?
“ഇതാണ് അർജുന്റെ അമ്മ “
അവരൊരു ഫോട്ടോയ്ക്ക് മുന്നിൽ നിന്നു. കൃഷ്ണ കണ്ണെടുക്കാതെ അതിൽ നോക്കി നിന്നു
അപൂർവസുന്ദരി
“അനുപമ “
അദ്ദേഹം വീണ്ടും പറഞ്ഞു
കൃഷ്ണയ്ക്ക് ഉള്ളിൽ ഒരു സങ്കടം വന്നു. എത്ര സന്തോഷത്തോടെ ജീവിച്ചവരാകും. ഒരു നാൾ പെട്ടെന്നങ്ങു പോകുമ്പോ ബാക്കിയുള്ളവരുടെ അവസ്ഥ എത്ര ദയനീയമാണ്
പോകുന്നവർ അതറിയുന്നില്ലല്ലോ. ബാക്കിയുള്ളവർ മരിച്ചവരെ പോലെ ജീവിക്കുന്നെന്ന്. കൃഷ്ണ അവിടെ വെച്ചിരിക്കുന്ന വീണയിൽ നോക്കി
അതിൽ തൊട്ടു
“മോൾക്ക് അറിയുമോ?”
“അറിയാം “
“ആഹാ എന്നാ ഒന്ന് വായിക്കു “
അവൾ അത് മടിയിൽ എടുത്തു വെച്ചു. തൊട്ട് തൊഴുതു. പിന്നെ മനോഹരമായ ഒരു രാഗം വായിച്ചു
“മോൾക്ക് എങ്ങനെ അറിയാം?” അത്ഭുതത്തോടെ അദ്ദേഹം ചോദിച്ചു
“സ്കൂളിൽ മ്യൂസിക് ടീച്ചർ ഉണ്ട്. ടീച്ചർ പഠിപ്പിച്ചതാ. ടീച്ചർക്ക് വീണയും ഉണ്ട്. മത്സരത്തിനു വേണ്ടിട്ട് കുറച്ചു തട്ടിക്കൂട്ട് അത്രേ ഉള്ളു “
“അങ്ങനെ തോന്നിയില്ലല്ലോ..ഒരെണ്ണം കൂടെ വായിക്ക് കേൾക്കട്ടെ “
അവൾ കുസൃതിയിൽ ചിരിച്ചു “സിനിമ പാട്ട് വായിക്കട്ടെ “
“ആഹാ മിടുക്കി വായിക്ക് കേൾക്കട്ടെ “
“ഗോപികേ നിൻ വിരൽ..”അവൾ ഒന്ന് മൂളി
എന്നിട്ട് വായിച്ചു തുടങ്ങി
“ശോ എന്ത് രസാ “
ദൃശ്യ അറിയാതെ പറഞ്ഞു പോയി
കാർ നിർത്തി വീട്ടിലേക്ക് വരികയായിരുന്നു അർജുൻ
വീണാനാദം…
അമ്മയുടെ വീണയല്ലേ അത്?
അമ്മ…
ഒറ്റ നിമിഷം കൊണ്ടവൻ ഓടി മുറിയുടെ വാതിൽക്കൽ എത്തി
കൃഷ്ണ വായിക്കുന്നു
“സ്റ്റോപ്പ് ഇറ്റ് ” അവൻ അലറി
കൃഷ്ണ ഞെട്ടി നോക്കി
“നിന്നോട് ആര് പറഞ്ഞെടി ഇത് തൊടാൻ?” അവൻ അലറി കൊണ്ട് പാഞ്ഞു ചെന്നു
പെട്ടെന്ന് ജയറാം അവന്റെ കയ്യിൽ മുറുകെ പിടിച്ചു
“അർജുൻ “
“ഇവളെ പോലുള്ള ദാരിദ്രവാസി പെണ്ണുങ്ങൾക്ക് ഇതിൽ തൊടാനുള്ള യോഗ്യത ഇല്ല ഇറങ്ങി പോടീ ” ജയറാം നടുങ്ങി പോയി
അർജുന്റെ കണ്ണുകൾ ചുവന്നത് അയാൾ കണ്ടു. ഞരമ്പുകൾ പിടച്ചു വരുന്നു. അവൻ കിതയ്ക്കുന്നുണ്ടായിരുന്നു
കൃഷ്ണ എഴുന്നേറ്റു. അവൾ ഭയന്നു പോയി. അർജുൻ അവളെ അടിക്കുമെന്ന് അവൾക്ക് തോന്നി
അവന്റെ കണ്ണിലെ ദേഷ്യം, വെറുപ്പ്, അറപ്പ് ഒക്കെ അവൾ കണ്ടു
ദൃശ്യ അവളുടെ കൈ പിടിച്ചു
കൃഷ്ണയുടെ കൈകൾ വിറയ്ക്കുന്നത് അവൾ അറിഞ്ഞു
കൃഷ്ണയുടെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞൊഴുകി. അവൾ അവന്റെ മുന്നിൽ വന്നു കൈകൂപ്പി
“ക്ഷമിക്കണം. ഓർത്തില്ല ഇനി ആവർത്തിക്കില്ല “
പിന്നെ അവനെ കടന്നു നടന്ന് പോയി
അവൻ ചെന്നു വാതിൽ വലിച്ചടച്ചു
“അച്ഛനെങ്ങനെ തോന്നി ആ അവളെ കൊണ്ട് വീണ വായിപ്പിക്കാൻ. ഇതെന്റെ അമ്മയുടേതാ. എന്റെ അമ്മ മാത്രം വായിച്ചിട്ടുള്ളത്. അച്ഛന്റെ ചാരിറ്റി ഹോസ്പിറ്റലിൽ മതി. ഇത് പോലുള്ള അലവലാതികള് ഇനി വീട്ടിൽ കേറിയാലുണ്ടല്ലോ ഞാൻ പിന്നെ ഇങ്ങോട്ട് വരില്ല.”
അവൻ മുറി വിട്ടുപോയി
ജയറാം നിറഞ്ഞ കണ്ണുകളോടെ അനുപമയേ നോക്കി
ആ നിമിഷം അവരുടെയും കണ്ണുകൾ നിറഞ്ഞ പോലെ..
തുടരും…