മാധവം മെഡിക്കൽ കോളേജ്
“അപ്പൊ കേസ് സ്റ്റഡി ആണ് ബാലികേറാമല ” ജയറാം കൗതകത്തിൽ അവളെ നോക്കിയിരുന്നു
“എന്റെ പൊന്ന് അങ്കിളേ നമുക്ക് അറിയാമോ കാല് വേദന ആയിട്ട് വരുന്നവന്റെ ലിവർ പോയിരിക്കുവാണെന്ന്..നമ്മൾ കാലിലല്ലേ നോക്കുവുള്ളു..മിനിഞ്ഞാന്ന് രാമചന്ദ്രൻ സാറിന്റെ കയ്യിൽ നിന്ന് കിട്ടി ബോധിച്ചു.”
“നല്ല വഴക്ക് കിട്ടിയോ?”
“പിന്നല്ലാതെ വീട്ടിൽ ഇരിക്കുന്ന അച്ഛനെ വരെ സ്മരിച്ചു അങ്ങേര് ദുഷ്ടൻ “
ജയറാം ഉറക്കെ ചിരിച്ചു പോയി
“ഞാൻ എം ബി ബി എസോടെ പരിപാടി നിർത്തും. എനിക്ക് ഇവിടെ ഒരു ജോലി തന്ന മാത്രം മതി. ശമ്പളം കുറച്ചു വല്ലോം മതി “
ജയറാമിന് അവളോട് എന്ത് പറയണം എന്ന് പോലും അറിയാതെയായി
“രണ്ടു വർഷം ആയതേയുള്ളു അപ്പോഴേക്കും മടുത്തു ല്ലേ?”
“അതല്ലാന്ന്. പഠിക്കാൻ ഉള്ളത് എങ്ങനെ വേണേൽ പഠിക്കാം. പക്ഷെ ഉള്ളിൽ കിടക്കുന്ന രോഗം കൃത്യമായി എങ്ങനെ കണ്ടു പിടിക്കും. എല്ലവരും ഒരു വണ്ടി നിറയെ രോഗമായിട്ടാ വരുന്നേ. ഡോക്ടർ മാർക്ക് അവർ മനസ്സിൽ ഉദ്ദേശിക്കുന്നത് തന്നെ പറയണം. നമുക്ക് ജ്യോതിഷം അറിയാമോ?”
“ഒരു കാര്യം ചെയ്യ്. ഞായറാഴ്ച കുറച്ചു നേരം ഇങ്ങോട്ട് പോര. എന്റെ കൂടെ റൗണ്ട്സ് വാ. കുറച്ചു പഠിക്കാം “
“തമാശ ആണോ?”
“അല്ലെന്ന്. കാര്യം ആയിട്ടാ. എന്റെ കൂടെ പോരെ. കാർഡിയോ മാത്രം അല്ല.. മറ്റ് രോഗങ്ങൾ അതിന്റെ ലക്ഷണം ഒക്കെ മനസിലാക്കാൻ പറ്റും “
അവൾക്ക് സന്തോഷം ആയി
“വരാം…താങ്ക്യൂ “
“ഇന്ന് ക്ലാസ്സിൽ കേറിയില്ലേ?”
“ഇന്നലെ തന്ന കേസിന്റെ ഒരു കുന്തോം എനിക്ക് മനസിലായില്ല. ഞാൻ കുറേ ചോദ്യം ചോദിച്ചു. ഞാൻ ചോദിക്കുന്നതിനല്ല അയാൾ മറുപടി പറയുന്നത്. ഇത് ഒന്ന് കേട്ടെ. ഞാൻ റെക്കോർഡ് ചെയ്തു കൊണ്ട് വന്നതാ “
അവൾ ഫോണിൽ റെക്കോർഡ് ചെയ്ത ഓഡിയോ കേൾപ്പിച്ചു കൊടുത്തു
“ഇത് കേട്ടെ “
ഡോക്ടർ അത് മുഴുവൻ ശ്രദ്ധിച്ചു കേട്ടു
“ഇദ്ദേഹത്തിന് എന്താ അസുഖം?”
“ബെസ്റ്റ് അത് അറിയാമെങ്കിൽ ഇന്ന് ഞാൻ മുങ്ങുവോ?”
ഡോക്ടർ ഒന്ന് കൂടെ അത് മുഴുവൻ കേട്ടു
“ഇദ്ദേഹത്തിന്റെ കൈകാലുകൾക്ക് വിറയൽ ഉണ്ടൊ?”
“yes “
“ബലക്കുറവ്വ്?”
“ഉണ്ട് “
“കൃഷ്ണമണികൾ ബൾജ് ചെയ്തിട്ടാണ്?”
“അതേ. ഞാൻ ഫോട്ടോ ഒന്നും ഇട്ടില്ലല്ലോ എങ്ങനെ അറിയ?”
“അതോ കൈ നോട്ടം “
“അയ്യടാ കോമഡി..പറ “
അവൾ ചിനുങ്ങി
“most probably multiple sclerosis..കൺഫേമാണെങ്കിൽ കുറച്ചു ടെസ്റ്റ് വേണം. രാമചന്ദ്രനോട് ഞാൻ വിളിച്ചു ചോദിക്കാം “
“ഉയ്യോ എന്ത് കാര്യത്തിന്. സാറിനെ അറിയോ?”
“ക്ലാസ്സ് മേറ്റ് ആണ് “
അവൾ കണ്ണ് മിഴിച്ചു
“ഞാൻ ഒന്നും പറഞ്ഞിട്ടില്ല ഈ വഴി വന്നിട്ടുമില്ല “
അവൾ എഴുന്നേറ്റു
“പോകല്ലേ അവിടേ ഇരിക്ക് “
“ദുഷ്ടാ…എന്നാലും എന്നോട് പറഞ്ഞില്ല”
“എന്റെ മോളെ നിനക്ക് പറ്റും..”
“പറ്റും പറ്റും…ദേ അങ്കിൾ ചതിക്കരുത്. പറയരുത് ട്ടാ. അങ്ങേര് എന്നെ തിന്നും “
“ഇല്ലാന്ന് “
“എന്റെ കൂടെ വാ ഞാൻ ഒരാളെ കാണിച്ചു തരാം “
അദ്ദേഹം എഴുന്നേറ്റു. അവൾ അദേഹത്തിന്റെ ഒപ്പം നടന്നു. റൂം നമ്പർ 200. വാതിലിൽ ഒന്ന് മുട്ടി കാത്തു അവർ. വാതിൽ തുറന്നു വന്നത് ഒരു സ്ത്രീയായിരുന്നു
“നമസ്കാരം ഡോക്ടർ “
“നമസ്കാരം അകത്തേക്ക് വന്നോട്ടെ “
“sure sure “
അകത്തു ഒരു ചെറുപ്പക്കാരൻ. ഏകദേശം മുപ്പത് വയസ്സ്. അവൾ തലേന്ന് കണ്ട രോഗിയുടെ ലക്ഷണങ്ങൾ എല്ലാം ഉണ്ട്. അവൾ അദ്ദേഹത്തോട് സംസാരിച്ചു. എല്ലാം same. ഡോക്ടർ കേസ് ഷീറ്റ് കാണിച്ചു കൊടുത്തു
multiple sclerosis
അവർ അവിടെ നിന്നിറങ്ങി
“നമ്മൾ രോഗികളെ നോക്കുമ്പോൾ അവരുടെ കണ്ണുകൾ പ്രധാനമാണ് ഓരോന്നും പ്രധാനമാണ്. പിന്നെ മോള് ഇത് പഠിച്ചു വരുന്നല്ലേ ഉള്ളു. അതാണ്. ഒരു പാട് വായിക്കണം. ഞാൻ കുറച്ചു പുസ്തകം തരാം. വീട്ടിൽ വാ ഞായറാഴ്ച “
“ഉയ്യോ. രാക്ഷസൻ ഉണ്ടാവുമവിടെ ഞാൻ ഇല്ല “
ഡോക്ടർ ഉറക്കെ ഉറക്കെ ചിരിച്ചു
“അർജുൻ ആണോ? അവൻ ഒന്നും പറയില്ല. വാ “
“ഉറപ്പാണോ?”
“ഞാനല്ലേ പറയുന്നത് “
“അന്നും അവിടെ ഉണ്ടാരുന്നു. ഹും “
അദ്ദേഹം വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു
“ഇനി അവൻ പറയുവാണെങ്കിൽ നല്ല അടി കൊടുക്കാം പോരെ?”
“നേരെത്തെ അടി കൊടുത്തു വളർത്താത്ത കൊണ്ടാ രാ- ക്ഷസൻ ആയി പോയത് “
പറഞ്ഞു തീർന്നതും പൊട്ടി വീണ പോലെ മുന്നിൽ അർജുൻ. അവനവളെ കുറച്ചു മാസങ്ങൾക്ക് ശേഷം കാണുകയായിരുന്നു
“ഇപ്പൊ വന്നേയുള്ളൂ?”
“ഉം എയർപോർട്ടിൽ നിന്നു നേരേ…അച്ഛൻ വീട്ടിലേക്കല്ലേ”
“ആ…ഉടനെ ഇല്ല. ഒരു patient വരും”
അവൻ അവളെ നോക്കിയെങ്കിലും അവൾ വേറെയെങ്ങോ നോക്കി നിൽക്കുകയായിരുന്നു
“ഹായ് കൃഷ്ണ ” ഡോക്ടർ ദുർഗ
“ഹായ് ഡോക്ടർ ” അവൾ കൈ വീശി
“ക്ലാസ്സ് ഇല്ലാരുന്നോ?”
“മുങ്ങി വന്നതാ കേസ് സ്റ്റഡി “
ഡോക്ടർ ജയറാം കളിയാക്കി
“അത് ശരി…ഡോക്ടറുടെ കൂടെ കൂടിക്കോ..റാങ്ക് ഉറപ്പാ. ഡോക്ടറെ ആ patient വന്നു ട്ടോ “
ദുർഗ പോയി
“മോള് ഇവിടെ നിൽക്ക് ഞാൻ ആ പേഷ്യന്റിനോട് സംസാരിച്ചിട്ട് വരാം”
ജയറാം പോയി. അവൾ തലയാട്ടിയിട്ട് അവിടെ നിന്ന് മാറിപ്പോയി. അർജുനത് ശ്രദ്ധിക്കുണ്ടായിരുന്നു. മിക്കവാറും എല്ലാർക്കും ഇപ്പൊ അവളെ അറിയാം. ഡോക്ടർമാർ നഴ്സ്മാർ ഒക്കെ ഒരു ചിരിയെങ്കിലും കൊടുത്തിട്ട് പോകുന്നുണ്ട്. തന്നേ നോക്കുന്നു പോലുമില്ല. അങ്ങനെ ആയിരുന്നില്ല
പേടി ഉണ്ടെങ്കിലും നോക്കും. കടന്നു പോകുമ്പോൾ, ദൂരെ കാണുമ്പോൾ ഒക്കെ. ഇപ്പൊ അതല്ല. മുഖം തരുന്നില്ല. എന്തോ ഉണ്ട്. എന്തെങ്കിലും ആവട്ടെ
അവൻ മുറിയിലേക്ക് പോയി. കൃഷ്ണ അവിടെ ഒക്കെ സംസാരിച്ചു നടക്കുന്നുണ്ട്. അവന് കാണാം
അവൻ ഇന്റർകോമിലൂടെ മാത്യുവിനെ വിളിച്ചു കൃഷ്ണയോട് മുറിയിലേക്ക് വരാൻ പറയാൻ പറഞ്ഞു
അവൾ വന്നു
“നീ എന്തിനാ ഇവിടെ കറങ്ങി നടക്കുന്നത്?”
“ഡോക്ടർ അങ്കിൾ വെയിറ്റ് ചെയ്യാൻ പറഞ്ഞു “
അപ്പോഴും മുഖത്ത് നോക്കുന്നില്ല
“ഇങ്ങോട്ട് നോക്കെടി നീ എന്താ മുഖത്ത് നോക്കാത്തത് കള്ളന്മാരെ പോലെ “
“ആ നോക്കുന്നില്ല. അർജുൻ സർ ഏട്ടന്റെ കല്യാണത്തിന് വന്നില്ലല്ലോ. ഞാനും ഇനി അങ്ങനെ ഉള്ളവരെ മൈൻഡ് ചെയ്യില്ല. നിങ്ങൾ ഒക്കെ പണക്കാരുടെ കാര്യങ്ങൾക്ക് അല്ലെ പോവുള്ളു. എനിക്ക് അബദ്ധം പറ്റിയതാ കല്യാണം വിളിക്കണ്ടായിരുന്നു “
അവന് പെട്ടെന്ന് ചിരി വന്നു. പക്ഷെ കാണിച്ചില്ല
“നീ പോടീ ” അവൻ പെട്ടെന്ന് പറഞ്ഞു
“പോടീന്നോ. എനിക്ക് ഒരു പേരുണ്ട്. എന്റെ പേര് അറിയോ? കൃഷ്ണ. കാണാൻ തുടങ്ങിയിട്ട് രണ്ടു വർഷം ആകുന്നു. പേര് വിളിച്ചിട്ടുണ്ടോ ഇത് വരെ? ഇല്ലല്ലോ. എടി പോടീ നീ…ഞാൻ എന്താ അത്രയ്ക്ക് അധഃപതിച്ചവളാണോ?”
അർജുൻ അമ്പരന്നു പോയി
“കാശ് കുറവാണു. ഇല്ല എന്ന് തന്നെ പറയാം. പക്ഷെ എനിക്കുമുണ്ടാവില്ലേ അഭിമാനം? അർജുൻ സാറിന് എന്നെ ഒട്ടും ഇഷ്ടമല്ലെന്ന് എനിക്ക് അറിയാം. അത് കൊണ്ടാണ് മുന്നിൽ വരാതിരിക്കാൻ നോക്കുന്നത്..അങ്കിളിനെ കാണാതിരിക്കുമ്പോ സങ്കടം വരും. അത് എന്റെ ഏട്ടനെ സഹായിച്ച കൊണ്ടൊന്നുമല്ല ശരിക്കും ഇഷ്ടം ആയിട്ട് തന്നെയാ. ചില മനുഷ്യരോട് അങ്ങനെ തോന്നും. എന്നെ ഒത്തിരി സങ്കടപ്പെടുത്തിയിട്ടും ഞാൻ പിന്നേം നാണമില്ലാതെ വരുന്നത്. അങ്കിളിന്റെ അടുത്ത് അത്രേം ഇഷ്ടം ഉള്ള കൊണ്ടാ. അങ്കിളിനെ കാണാൻ വേണ്ടിട്ടാ. അതൊക്കെ മനുഷ്യർക്ക് മനസിലാവുന്ന കാര്യങ്ങളാ.”
അർജുൻ ഒന്നും പറഞ്ഞില്ല
“ഞാൻ പോവാ “
അവൾ ഇറങ്ങി പോയി
അവൻ കുറച്ചു നേരം ആ വാക്കുകൾ ഉയർത്തിയ പ്രകമ്പനത്തിൽ ആയി
അവളുടെ മനസ്സിൽ ഇത്രേമൊക്കെ ഉണ്ടായിരുന്നോ?
അവൻ അറിയാതെ അവൾ നിൽക്കുന്നിടത്തേക്ക് നോക്കി. ഇങ്ങോട്ട് നോക്കുന്നുണ്ട്. മുഖം പിണങ്ങിയ പോലെയാണ്
ഒരു കാൾ വന്ന് സംസാരിച്ചിട്ട് നോക്കുമ്പോൾ കാണാനില്ല
പൊയ്ക്കാണുമോ, പോകുന്നെങ്കിൽ പോകട്ടെ
അവൻ ഒരു സി- ഗരറ്റ് കത്തിച്ചു. അച്ഛൻ വാതിൽ തുറന്ന് അകത്തേക്ക് വന്നു
“ഞങ്ങളു പോവാ അർജുൻ. നിന്നോട് ഞാൻ നുറു തവണ പറഞ്ഞിട്ടുണ്ട് ഇത് പാടില്ലെന്ന് “
“എന്റെ മുറിയിലല്ലേ?”
“അത് പാടില്ല അർജുൻ ” അവൻ അത് ആഷ്ട്രെയിൽ കുത്തി കെടുത്തി
“നീ ഇപ്പൊ വരുന്നോ?”
“ഇല്ല..”
അവൻ തുറന്നു കിടന്ന വാതിലിൽ കൂടെ അവളെ നോക്കി. അവൾ മുഖം തിരിച്ചു കളഞ്ഞു
“ശരി “
അച്ഛൻ അവൾക്കൊത്തു പോകുന്നത് അവൻ നോക്കി ഇരുന്നു. പിന്നെ പുതിയ ഒരു സി- ഗരറ്റ് എടുത്തു ചുണ്ടിൽ വെച്ച് കത്തിച്ചു
അക്കൗണ്ട്സ് ഒക്കെ ഒന്നോടിച്ചു നോക്കിയിട്ട് അവൻ ഇറങ്ങി
രാത്രി ഒത്തിരി വൈകി. അവൻ ഫ്ലാറ്റിലേക്ക് പോയി. കുളിച്ചു വന്ന് ഒരു ഓംലറ്റ് ഉണ്ടാക്കി. പിന്നെ രണ്ടു പെ- ഗ് എടുത്തു ടീവി യുടെ മുന്നിൽ വന്നിരുന്നു
മൊബൈൽ ശബ്ടിക്കുന്നു
“അച്ഛൻ “
“നീ എവിടെ?”
“ഫ്ലാറ്റിൽ “
“അതെന്താ അങ്ങോട്ട് പോയത് “
“പന്ത്രണ്ട് ആയില്ലേ. വെറുതെ അങ്ങോട്ട് വന്ന് ഉറക്കം കളയണ്ട എന്ന് കരുതി. അച്ഛൻ കിടന്നോ ഗുഡ് നൈറ്റ് “
അവൻ ഫോൺ വെച്ചു
“എന്നെ ഒട്ടും ഇഷ്ടം അല്ല എന്നെനിക്കറിയാം. അതാ ഞാൻ ഒഴിഞ്ഞു പോണത് “
“എന്റെ പേര് അറിയോ കൃഷ്ണ “
“എന്റെ പേര് വിളിച്ചിട്ടുണ്ടോ ഇത് വരെ “
പെണ്ണ് കൊള്ളാല്ലോ. പേടിയൊക്കെ പോയി. മുഖത്ത് നല്ല തന്റേടം. ആത്മവിശ്വാസം. നേരേ നോക്കി നിന്നു സംസാരിക്കാൻ തുടങ്ങി
അവൻ ഗ്ലാസ് മെല്ലെ ചുണ്ടോട് ചേർത്തു. ഉറക്കം വരുന്നില്ല. അവൻ വെറുതെ കണ്ണുകൾ അടച്ചു
കൃഷ്ണ നിനക്ക് എന്നെ അറിയാഞ്ഞിട്ടാണ്. ദൂരെ പൊ. ദൂരെ…
അടുത്തേക്ക് വരരുത്. ഒരിക്കലും
അവൻ സെറ്റിയിലേക്ക് കിടന്നു
കൃഷ്ണ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. മുന്നിൽ കട്ടൻ കാപ്പി വന്നപ്പോൾ അവൾ നോക്കി. അമ്മ
“എന്റെ മോള് ഇത് കുടിച്ചോണ്ട് പഠിക്ക്. ദേ മൊന്തയിൽ ഒരു ഗ്ലാസ് കൂടെ ഉണ്ട്. കുടിച്ചിട്ട് പഠിച്ചോ “
അവൾ അമ്മയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു. അമ്മ പോയി കഴിഞ്ഞു അവൾ പിന്നെയും പഠനം തുടർന്നു. ചേട്ടൻ പോയത് കൊണ്ട് ഈ മുറി കിട്ടി. അത് കൊണ്ട് പഠിക്കാൻ കുറച്ചു കൂടെ സൗകര്യം ആയി. അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. നല്ല കാറ്റ് ഉണ്ട്
മഴ പെയ്യുമോ? അവൾ ജനാല അടച്ചു
ദൃശ്യയ്ക്ക് നല്ല പനി. രണ്ടു ദിവസമായി കോളേജിൽ വന്നിട്ട്. ഗോവിന്ദ് ചേട്ടൻ പറഞ്ഞതാണ്. ഉച്ചക്ക് ക്ലാസ്സ് ഉണ്ടായിരുന്നില്ല. അവൾ ദൃശ്യയുടെ വീട്ടിലേക്ക് പോയി
കിടപ്പാണ്. നല്ല ചൂട്
“ഇതിപ്പോ ചങ്ങലക്ക് ഭ്രാന്ത് പിടിച്ച പോലെയായി. ഡോക്ടർക്ക് പനി “
“പോടീ..” ദൃശ്യ അവളെ മാന്തി
“മരുന്ന് കഴിച്ചോ?”
“ഹോമിയോ കഴിച്ചു. ഞാൻ കുഞ്ഞിലേ മുതൽ ഹോമിയോ ആണ് കഴിക്കുന്നേ അത് കൊണ്ട് പതിയെ മാറുവുള്ളു “
“മോള് പഠിക്കുന്നതെന്തുവാ?”
അവളൊരു ചിരി പാസ്സാക്കി
“ഇന്ന മോളെ ചായ “
ദൃശ്യയുടെ അമ്മ അവൾ ചായ കുടിക്കുന്നത് നോക്കിയിരുന്നു
ഹോ എന്തൊരു ഭംഗിയാണ് കാണാൻ…കാശില്ലങ്കിലെന്താ ഇത്രയും ഭംഗിയും സൗന്ദര്യവും പഠിക്കാൻ മിടുക്കി യുമായ ഒരു കുട്ടിയെ കിട്ടിയ നല്ലതല്ലേ. അവർ മനസ്സിൽ ഓർത്തു
“ഞാൻ ഇറങ്ങട്ടെ ” അവൾ എഴുന്നേറ്റു
“കുറച്ചു നേരം കൂടെ ഇരിക്ക് കൃഷ്ണ..”
“ഇപ്പൊ തന്നെ സന്ധ്യ ആവുന്നു. ലേറ്റ് ആയാ അമ്മ വിഷമിക്കും. പോട്ടെ ഞാൻ വിളിക്കാം “
ദൃശ്യ വാച്ചിൽ നോക്കി. ആറര
“ഏട്ടനോട് കൊണ്ട് വിടാൻ പറയാം “
“എന്തിനാ? ഒരു മൂന്ന് കിലോമീറ്റർ കഴിഞ്ഞ മെയിൻ സ്റ്റോപ്പ് ആണ്
എനിക്ക് മൂന്ന് കിലോമീറ്റർ ഒക്കെ പൂ പോലെ പുഷ്പം പോലെ..അപ്പൊ ഞാൻ പോകുന്നു ബൈ “
അവൾ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. ഒരു വളവു തിരിഞ്ഞതേയുള്ളു അർജുന്റെ കാർ. അവൾ വശത്തേക്ക് ഒതുങ്ങി നിന്നു. കാർ അവളെ കടന്നു പോയി
അവൾ അങ്ങോട്ടേക്ക് നോക്കി നിന്നു പോയി. കണ്ടു. കാണാത്ത പോലെ പോയതാണ്
അവളുടെ ഉള്ളിൽ എപ്പോഴും എന്ന പോലെ ഒരു വേദന നിറഞ്ഞു
അവഗണിക്കപ്പെടുമ്പോൾ
നിന്ദിക്കപ്പെടുമ്പോൾ. നമ്മൾ തമ്മിൽ ഒത്തിരി അന്തരം ഉണ്ട് എന്ന് ഓരോ സെക്കന്റ് ഓർമ്മിപ്പിക്കുമ്പോൾ. ഒരു വേദന
അവൾ പിന്നെ അത് മറക്കാൻ ശ്രമിച്ച് നടന്ന് തുടങ്ങി
അർജുൻ വീട്ടിൽ എത്തിയെങ്കിലും കുറച്ചു നേരം അവൻ ഡ്രൈവിംഗ് സീറ്റിൽ തന്നെ ഇരുന്നു
കൃഷ്ണ..ഇങ്ങോട്ട് വന്നതാവുമോ….? കാർ നിർത്താമായിരുന്നു
പാവം…
എന്ത് പാവം…പാവമൊന്നുമല്ല
എന്നാലും നിർത്താമായിരുന്നു അർജുൻ
ഉള്ളില് ഒരു സംവാദം നടക്കുന്നു
അവൾക്ക് സങ്കടം ആയിക്കാണും. എന്തെങ്കിലും ചോദിക്കാമായിരുന്നു. നിനക്ക് എന്ത് പറ്റി അർജുൻ. അവൻ മുഖം കൈകളിൽ അമർത്തി
“അർജുൻ…” ഒരു വിളിയൊച്ച
ഗോവിന്ദ്
“അങ്കിൾ..വെളിയിലോട്ട് പോയി ദേ കീ “
“സർവന്റ് എവിടെ?”
“അയാൾ ഇന്നലെ നാട്ടിൽ പോയി”
“നീ വരുന്നോ വീട്ടിലേക്ക്?” അർജുൻ അവനെ നോക്കി
“ഇല്ലടാ ദൃശ്യക്ക് നല്ല പനി. ഹോസ്പിറ്റലിൽ കൊണ്ട് പോകണം. ഒരു ഇൻജെക്ഷൻ എടുത്ത കുറയും “
അവൻ ഒന്ന് മൂളി
“ശരി “
അവൻ വീട് തുറന്നു. കൃഷ്ണ അവിടെ വന്നതാവും..ഇപ്പൊ എന്ത് ചിന്തിച്ചാലും അവളിൽ വന്ന് അവസാനിക്കുന്നു. ഈ നേരം ചിന്തിച്ചത് അവളെ കുറിച്ചാണ്..അവൻ അതിശയത്തോടെ അതോർത്തു. അവളെ കാണാത്തപ്പോഴും ഓർമ്മകൾ അവളിൽ തന്നെ അവസാനിക്കുന്നു. കാണുമ്പോൾ കാഴ്ചകളും. മറ്റൊന്നും ഓർക്കാൻ കൂടി കഴിയാതെ പോകുന്നു
അവളെ കണ്ടതിന് ശേഷം ഒരു പെണ്ണിനേയും താൻ….തൊട്ടിട്ടില്ല
അവൻ അതിശയത്തോടെ ഓർത്തു. ഒരു പെണ്ണിനേയും വേണമെന്ന് തോന്നുന്നില്ല. ഇവിടം വിട്ട് പോകാൻ തോന്നുന്നില്ല. കൃഷ്ണ ഉള്ളിടം
അവനുള്ളിൽ ഒരു പേടി വന്നു. അവളെയോർക്കാത്ത പ്രഭാതങ്ങളില്ലാതായിരിക്കുന്നു. സന്ധ്യകൾ അവൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നേരമാകുന്നു. അവൻ വീണ്ടും അവളെയോർത്തു
എന്നെ ഇഷ്ടമല്ലല്ലോ…അവൾ ചോദിക്കുന്നു
അവന്റെ കണ്ണുകൾ ആദ്യമായ് നിറഞ്ഞു. ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനെ ഓർത്ത് അർജുന്റെ കണ്ണുകൾ നിറഞ്ഞു
തുടരും….