ധ്രുവം, അധ്യായം 14 – എഴുത്ത്: അമ്മു സന്തോഷ്

“അച്ഛൻ എവിടെ പോയിരുന്നു?” അച്ഛൻ വന്ന ഉടനെ അർജുൻ ചോദിച്ചു

“ക്ഷേത്രത്തിൽ “

അദ്ദേഹം ഇല ചീന്തിലെ ചന്ദനം അവന്റെ നെറ്റിയിൽ തൊടാൻ ആഞ്ഞു. അർജുൻ പെട്ടെന്ന് പിന്നോട്ട് മാറി

“വേണ്ട. അച്ഛന് അറിയാമല്ലോ എനിക്ക് ഈ വിശ്വാസം ഇല്ലാന്ന് “

അദ്ദേഹം കൈ പിൻവലിച്ചു. പിന്നെ ചിരിച്ചു

“ഏതിലെങ്കിലും ഒരു വിശ്വാസം ഉള്ളത് നല്ലതാണ് “

“എനിക്ക് എന്നിൽ നല്ല വിശ്വാസം ഉണ്ട്. പിന്നെ അച്ഛനിലും. അത് മതി “

“ലോകത്ത് മറ്റാരെയും വിശ്വാസം ഇല്ല “

“ഇല്ല “

അവൻ തറപ്പിച്ചു പറഞ്ഞു. ജയറാം അവന്റെ മുഖത്ത് ഒന്ന് തൊട്ടു

“വല്ലോം കഴിച്ചോ.  സർവന്റ് നാട്ടിൽ പോയത് കൊണ്ട് പുറത്ത് പോയപ്പോൾ ഒരു മസാലദോശ വാങ്ങി വന്നു. നീ വരുമെന്ന് അറിയില്ലായിരുന്നു “

“അത് സാരമില്ല എനിക്ക് ഒരു ഓംലറ്റ് മതി “

“ഷെയർ ചെയ്യാമെടാ ദാ വരുന്നു “

അച്ഛൻ മുറിയുലേക്ക് പോയപ്പോൾ അവൻ ആ പൊതിയിലേക്ക് നോക്കി. കുറേ നാളായി ഇത് കഴിച്ചിട്ട്. അവൻ കിച്ചണിൽ കയറി രണ്ടു ഓംലറ്റ് ഉണ്ടാക്കി. ചായയും കപ്പിലെടുത്തു dining ഹാളിൽ വന്നു

അച്ഛൻ മസാലദോശയുടെ പൊതി അഴിച്ച് അത് രണ്ടായി മുറിച്ച് ഒരു പ്ലേറ്റിൽ വെച്ചു

“അതേ കൃഷ്ണ മിക്കവാറും ഞായറാഴ്ചകളിൽ ഹോസ്പിറ്റലിൽ വരും. ഞാൻ വന്നോളാൻ പറഞ്ഞിട്ടാ. ആ കുട്ടിക്ക് കേസ്‌ സ്റ്റഡി കുറച്ചു പ്രയാസം. ആൾക്കാരെ കണ്ട് രോഗം നിർണയിക്കുക പൊതുവെ തുടക്കത്തിൽ ബുദ്ധിമുട്ട് തന്നെ ആണ്. പിന്നെ കൂടെയുള്ള ഡോക്ടർ മാര് നന്നായി പറഞ്ഞു കൊടുക്കുന്നവരാണെങ്കിൽ കുഴപ്പമില്ല. ഇതിപ്പോ രാമചന്ദ്രൻ ആണ് ഹെഡ്. നിനക്ക് അറിയാം എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു “

അവൻ തലകുലുക്കി

“അങ്ങേര് ഒരു ജാതി സാധനം ആണ്. പിള്ളേരെയിട്ട് പാട് പെടുത്തും. ഹിറ്റ്ലർ റൂൾസ്‌ ആണ്. പാവം അതിന് കഴിഞ്ഞ ദിവസം നല്ല ചീത്ത കിട്ടി. നമ്മുടെ ഹോസ്പിറ്റലിൽ ആകുമ്പോൾ അവൾ കുറച്ചു കൂടെ comfortableആണ്. എല്ലാവരോടും നല്ല കൂട്ടും. അത് വന്നോട്ടെ. നീ അതിനെ കാണുമ്പോൾ തിന്നാൻ ചെല്ലരുത്. പാവം “

“അത്ര പാവമൊന്നുമല്ല “

“പോടാ പാവമാടാ. നീ നിന്റെ രാ- ക്ഷസൻ സ്വഭാവം കാണിക്കണ്ട”

“ര-ക്ഷ-സനോ ഞാനോ?”

ജയറാം കള്ളച്ചിരി  ചിരിച്ചു

“ഞാൻ പറഞ്ഞതല്ല അവള്.. ഇനി അതിനു കൊ-ല്ലാൻ നിൽക്കണ്ട. നീ അറിഞ്ഞു എന്നറിഞ്ഞ പിന്നെ ആ പരിസരത്ത് വരില്ല. ഹോ അറിയാത് വായിൽ  നിന്നു വീണു പോയതാ ” അവൻ അച്ഛനെയൊന്ന് നോക്കി

പിന്നെ ഭക്ഷണം കഴിക്കുന്നത് തുടർന്നു. രാ- ക്ഷ- സൻ ഞാൻ.. നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി
അവൻ മനസ്സിൽ പറഞ്ഞു

“അച്ഛന്റെ ഫോൺ ഒന്ന് തന്നെ “

അച്ഛൻ മുറിയിൽ ഫോണിൽ നോക്കിയിരിക്കുന്നത് കണ്ട് അവൻ അങ്ങോട്ട് ചെന്നു

“എന്തിന്?”

“അതെന്താ അങ്ങനെ ഒരു ചോദ്യം. എന്റെ രണ്ടു ഫോണും ചാർജിലായി. താ. മാനേജരെ വിളിക്കണം “

അദ്ദേഹം ഫോൺ കൊടുത്തു. അവൻ അത് വാങ്ങി മുറിയിൽ പോയി. സംസാരിച്ചിരിക്കെ കാൾ വരുന്നത് കണ്ടു അവൻ.

കൃഷ്ണ…

അവൻ അതെടുത്തു

“അങ്കിളേ ചതിച്ചല്ലേ..ആ ദുഷ്ടൻ രാമചന്ദ്രൻ ഡോക്ടർ എന്നെ പൊക്കി. അങ്കിൾ വിളിച്ചു പറഞ്ഞുന്ന് പറഞ്ഞു. ഇനിയങ്ങേരുടെ രണ്ടു കണ്ണും എന്റെ മേലായിരിക്കും എന്റെ ഫ്രീഡം പോയി. ദുഷ്ട ഞാൻ പറഞ്ഞതല്ലേ പറയല്ലേ എന്ന്. ഒന്നും മനസ്സിൽ ഇരിക്കില്ല അല്ലെ…”

“ഹലോ…അച്ഛൻ അല്ല ഞാനാണ് ഫോൺ കൊടുക്കാം “

“അയ്യോ “എന്നൊരു വിളി കേട്ടു കാൾ കട്ട്‌ ആയി

അവൻ അവളുടെ നമ്പർ ഒന്ന് നോക്കി. പിന്നെ അച്ഛന്റെ ഫോൺ വെറുതെ നോക്കി. ഗാലറിയിൽ അവരുട ഫോട്ടോസ്. അവളുടെ ഗോഷ്ടികൾ. ചിരി. അച്ഛനോടുള്ള കുസൃതി. അച്ഛനെ ചേർത്ത് പിടിച്ചു നിന്നുള്ള ഫോട്ടോ കുറച്ചു നേരം അവൻ നോക്കിയിരുന്നു

അച്ഛനെ താൻ ഇങ്ങനെ ചേർത്ത് പിടിച്ചിട്ട് എത്ര നാളായി. ഓർക്കുന്നില്ല. അർജുൻ അവളുടെ ഒറ്റയ്ക്കുള്ള ഒരു ഫോട്ടോ ഒന്ന് സൂം ചെയ്തു

സാരിയാണ്. മുല്ലപ്പൂ ഒക്കെ വെച്ചിട്ടുണ്ട്. നെറ്റിയിൽ ചന്ദനം. മുഖം കുട്ടി തന്നെ.

“കഴിഞ്ഞോ?”

അച്ഛൻ പിന്നിൽ

“അത് മനുവിന്റെ കല്യാണത്തിന് എടുത്ത ഫോട്ടോ ആണ്. ഫോട്ടോ ഭ്രാന്തിയാ. ഞാൻ  മൊബൈൽ വാങ്ങി കൊടുക്കുന്ന വരെ ഇതിന്റെ abcd അറിഞ്ഞൂടാരുന്നു. ഇപ്പൊ ഇത് തന്നെ പണി. എവിടെ എന്ത് കണ്ടാലും ഫോട്ടോ എടുത്തു കൊണ്ട് വരും. അത് ഒരു കൊച്ച് പൂ ആണെങ്കിലും കുരുവി ആണെങ്കിലും. എന്നിട്ട് വാട്സാപ്പ് അയയ്ക്കും. ഇവളെ ഒരു ക്യാമറയും കൊടുത്തു ലോകം ചുറ്റാൻ വിടണം. ഉഗ്രൻ ഫോട്ടോസ് കിട്ടും..”

അവൻ ഫോൺ കൊടുത്തു

“ഇത് പോലെ എത്ര മാണിക്യങ്ങൾ ഓരോ കുടിലിലും ഉണ്ടാകും. നല്ല സുന്ദരി കുട്ടിയല്ലേ. ഗോവിന്ദിനു വേണ്ടി ആലോചിച്ച കൊള്ളാമെന്നു പ്രഭ ഒന്ന് സൂചിപ്പിച്ചു. പഠിത്തം കഴിഞ്ഞു മതി. ഒന്ന് പറഞ്ഞു വെച്ചേക്കാൻ എന്നോട് വന്ന് പറഞ്ഞു. സമയം പോലെ പറയാം. കേൾക്കുമ്പോൾ എന്നെ അവള് കൊ- ല്ലാതിരുന്നാ മതി “

“ഗോവിന്ദ് നല്ല പയ്യനാണല്ലോ പിന്നെ എന്താ? അവൾക്ക് സ്വപ്നം കാണാൻ പറ്റുമോ ഇത് പോലെ ഒന്ന് “

“അത് നിനക്ക് കൃഷ്ണയേ അറിയാഞ്ഞിട്ടാ. ഒരു സംഭവം ഉണ്ടായി ഹോസ്പിറ്റലിൽ. നമ്മുടെ ഡോക്ടർ രുദ്രയുടെ മോനില്ലേ നിവിൻ.

“അവനെന്താ?”

“അവൻ പ്രൊപോസ് ചെയ്തു..കഴിഞ്ഞ ഞായറാഴ്ച അവള് എന്നെ കാണാൻ വന്നതാ. ഞാൻ ലേറ്റ് ആയി..കൃഷ്ണ മോള് എല്ലാം എന്നോട് പറയും. അത് അവന് അറിഞ്ഞൂടാല്ലോ. അവിടെ നിന്നപ്പോൾ ചെന്ന് പറഞ്ഞത്രേ.”

“നിവിനോ?”അവനതിശയം തോന്നി

“yes…”

“എന്നിട്ട്?”

“നോ പറഞ്ഞു. കൃഷ്ണ അങ്ങനെയേ പറയു. അവള് പറയും പണക്കാരെ പേടിയാണെന്ന്. അനുഭവങ്ങൾ പഠിപ്പിച്ചതാവും “

“കൃഷ്ണ വിളിച്ചു. ഞാൻ ആണെന്ന് അറിഞ്ഞപ്പോൾ കട്ട്‌ ചെയ്തു. അച്ഛൻ തിരിച്ചു വിളിച്ചേക്ക് “

“കണ്ടോ നിന്നേ പേടിയാ…”

ജയറാം ചിരിച്ചു. കൊണ്ട് ഫോൺ വാങ്ങി മുറിയിൽ പോയി

അർജുൻ കുറച്ചു നേരം ആലോചിച്ചിരുന്നു. തന്നിലൂടെ എത്ര സ്ത്രീകൾ കടന്നു പോയിട്ടുണ്ടാവും. ഓർക്കുന്നില്ല. ഐശ്വര്യ പോയതിന് ശേഷം എണ്ണമെടുത്തിട്ടില്ല. തോന്നുമ്പോൾ തോന്നുന്ന പോലെ…ആരോടും അറ്റാച്ച് മെന്റ് ഇല്ല. ഒരാളെ ഒന്നിൽ കൂടുതൽ തവണ കണ്ടിട്ടുമില്ല. എല്ലാം ബില്ലുകൾ ആണ്. സെറ്റിൽമെന്റ് ചെയ്തു കഴിഞ്ഞാൽ കീറി കളയുന്ന ബില്ലുകൾ. പ്രൊഫഷണൽസ് ആയിട്ടുള്ളവരോട് മാത്രേ ഇടപെട്ടിട്ടുള്ളു. കാര്യം കഴിഞ്ഞാൽ അവിടെ തീർന്നു

പേയ്‌മെന്റ് കൊടുത്തവസാനിപ്പിക്കുന്ന രാത്രിയും പകലും

സെന്റിമെന്റ്സ്, പ്രേമം ഇത് രണ്ടും കൊണ്ട് വന്ന ഒരാളെ പോലും അടുപ്പിച്ചിട്ടില്ല. വെറുപ്പാണ് കേൾക്കുന്നത്

ഹോസ്പിറ്റലിൽ, ബിസിനസ് ഫീൽഡിൽ ഒരിടത്തും ഒരു പെണ്ണിനേയും മിസ്സ്‌ യൂസ് ചെയ്തിട്ടില്ല. ചെയ്യുകയുമില്ല
അത് കൺസന്റ് ഉണ്ടെങ്കിൽ പോലും വേണ്ട.കാരണം ഒന്ന് അച്ഛൻ…പിന്നെ ഹോസ്പിറ്റലിന്റെ reputation  പ്രധാനമാണ്. ഒരിക്കൽ മുത്തശ്ശൻ പറഞ്ഞിട്ടുണ്ട്. നിനക്ക് പ്രായത്തിന്റെതായ എന്ത് തോന്ന്യാസങ്ങൾക്കും ഇത് ഉപയോഗിക്കരുത്. അങ്ങനെ വേണമെങ്കിൽ ഒരു വിദേശ ട്രിപ്പ് പോകുക..ഒന്നും ഇവിടെ പാടില്ല. നിന്നേ കുടുക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ആ ഒരു കാര്യം ഇട്ടുകൊടുക്കരുത്. പെൺ വിഷയത്തിൽ തകർന്നു പോയ മിടുക്കന്മാർ ഒത്തിരി ഉണ്ട്. മന്ത്രിമാർ അടക്കം. അത് കൊണ്ട് പെണ്ണിനെ സൂക്ഷിക്കുക. ഒരു ട്രാപ്പിലും പെടരുത്. അത് സൂക്ഷിക്കാറുണ്ട്. അത് കൊണ്ട് തന്നെ പുഞ്ചിരിക്കുന്ന മനോഹരമായ മുഖങ്ങൾക്ക് മുഖം കൊടുക്കാറില്ല

പക്ഷെ ഇപ്പൊ…ഒരു മുഖം ഉള്ളിലുണ്ട്. അത് കൊണ്ട് തന്നെ ശരീരം തേടി പോകാറില്ല

വേണ്ട. എന്തോ അത് അവളോട് തെറ്റ് ചെയ്യുന്ന പോലെ തോന്നും. പിന്നെ ആ മുഖത്തു നോക്കാൻ പറ്റില്ല എന്ന തോന്നലുണ്ടായി ഇപ്പൊ

കൃഷ്ണ…

എന്നെ ഇഷ്ടമല്ലല്ലോ അതാണ് ഞാൻ ഒഴിഞ്ഞു പോണേ..ആ ശബ്ദം

താമരപ്പൂവ് പോലെ ആ മുഖം. അതങ്ങനെഓർത്താൽ മതി. ഒരു മയക്കം വരും. ലഹരി പോലെ

അവൻ കണ്ണടച്ച് ലൈറ്റ് അണച്ചു

ഞായറാഴ്ച സാധാരണ അർജുൻ ഓഫീസിൽ പോകാറില്ല. അന്നാണ് അവന്റെ ഫ്ലാറ്റ് ക്ലീൻ ചെയ്യുന്ന ആള് വരുന്നത്. അന്ന് അച്ഛന്റെ കാർ സർവീസ്ന് കൊടുത്തത് കൊണ്ട് അച്ഛനെ വിടാൻ പോകേണ്ടി വന്നു അവന്.

“നീ പൊയ്ക്കോ ഞാൻ ഡോക്ടർ ശ്രീജിത്തിനെ കണ്ടിട്ട് റൗണ്ട്സിനു പോകും. നീ ഉച്ചക്ക് വരുമോ. അതോ ഞാൻ യൂബർ?”

“വേണ്ട ഞാൻ വരാം “

“എന്നാ പൊയ്ക്കോ “

“അല്ല എനിക്ക് റൂമിൽ ഒന്ന് പോകണം. ഒരു ഫയൽ ഇവിടെ ആയി പോയി “

അച്ഛൻ രണ്ടാമത്തെ നിലയിൽ ഇറങ്ങി. അർജുൻ അവന്റെ മുറിയിലേക്ക് പോയി

അവൻ നടന്ന് ചെല്ലുമ്പോൾ തന്നെ കൃഷ്ണ ബാൽക്കണിയിൽ നിന്ന് റോഡിലേക്ക് നോക്കി നിൽക്കുന്നത് കണ്ടു. അവൻ വെറുതെ അടുത്ത് ചെന്ന് റോഡിലേക്ക് നോക്കി

“നോക്ക് അങ്കിളേ ആ മരം മുഴുവൻ പൂത്തു. രാജമല്ലി ആണെന്ന തോന്നുന്നേ…നോക്ക് ഇല കാണുന്നില്ല “

അർജുൻ നിരത്തിനപ്പുറം കാണുന്ന വീടിന്റെ വളപ്പിലേക്ക് നോക്കി. ചുവന്നു തുടുത്തു നിൽക്കുന്ന രാജമല്ലി പൂവുകൾ

“എന്ത് രസാ ല്ലേ?”

അച്ഛൻ ആണെന്ന് കരുതിയാണ് എന്ന് അവന് മനസിലായി. അവൾ അർജുന്റെ കൈയിൽ പിടിച്ചു തിരിഞ്ഞു മുഖത്തേക്ക് നോക്കി

പെട്ടെന്ന് അവൾ ആ കൈ വിട്ടു

“സോറി ഞാൻ അങ്കിൾ ആണെന്നാ കരുതിയെ..സോറി “

അവൻ നിശബ്ദനായി ആ കണ്ണിലെ പേടിയിലേക്ക് നോക്കി. മുഖം വിളറി വെളുത്തിരിക്കുന്നു

പെട്ടെന്ന് അവൾ തിരിഞ്ഞു നടന്ന് പോയി. അർജുൻ ഒരു മുഴുവൻ നിമിഷവും നിരത്തിലേക്ക് നോക്കി നിന്നു. പിന്നെ മുറിയിലേക്ക് പോയി

ലാപ്ടോപ്പിൽ ഫയൽ തിരഞ്ഞു. ഏത് ഫോൾഡറിലാണെന്ന് മറന്നു. സാധാരണ എഴുതി വെക്കാറുണ്ട്. ഇതൊക്കെ മാനേജർമാർ കൃത്യമായി ചെയ്തു കൊള്ളും. പക്ഷെ അർജുൻ അവരെ പൂർണമായി വിശ്വസിക്കില്ല. എപ്പോഴും ഒരു കോപ്പി അവൻ സ്വന്തമായി സൂക്ഷിച്ചു വെയ്ക്കും. മാത്യു ഇന്ന് വരില്ല. പിന്നെ ഉള്ളത് ഹരിയാണ്. അവൻ ഹരിയുടെ മൊബൈലിൽ വിളിച്ചു

“സർ ഞാൻ തൃശൂർ ആണ്. ഇന്ന് വർക്ക്‌ ഉണ്ട്. സംഗതി എന്റെ ലാപ്പിൽ ഉണ്ട്. പക്ഷെ അത് വീട്ടിലാണ്‌. നാളെ മതിയോ “

“ഇന്ന് വേണമായിരുന്നു. its ok. ഞാൻ ഒന്നുടെ എന്റെ ലാപ് ചെക്ക് ചെയ്യട്ടെ “

അവൻ ഫോൺ വെച്ചു

കുറച്ചു നേരം നോക്കിയപ്പോൾ അവന് തല വേദനിച്ചു. രാവിലെ മുതൽ അത്ര സുഖമില്ല. അവൻ കണ്ണടച്ച് പിന്നിലേക്ക് ചാരി കിടന്നു

“അർജുൻ..നീ പോയില്ലേ?” അച്ഛൻ പിന്നിൽ കൃഷ്ണ

“ഇല്ല അത് കിട്ടിയില്ല. സേർച്ച്‌ ചെയ്യുക..നല്ല തലവേദന “

അച്ഛൻ മുന്നോട്ട് വന്ന് അവന്റെ നെറ്റിയിൽ തൊട്ടു

“നല്ല പനിയുണ്ടല്ലോ. ചൂട്.. ഒരു ടാബ്ലറ്റ് കഴിച്ചിട്ട് പോയി റസ്റ്റ്‌ എടുക്ക് “

“അത് സാരമില്ല. ഇത് കിട്ടുമോന്ന് നോക്കട്ടെ “

“നീ ഞാൻ പറയുന്നത് അനുസരിക്ക് അർജുൻ. വീട്ടിൽ പൊ “

“നമുക്ക് ഒരുമിച്ചു പോകാം. ഞാൻ ആരെയെങ്കിലും വിളിച്ചു ടാബ്ലറ്റ് എത്തിക്കാൻ പറയാം. അച്ഛൻ റൗണ്ട്സ് കഴിഞ്ഞു വാ “

ഡോക്ടർ കുറച്ചു നേരം നോക്കി നിന്നിട്ട് പോയി

“മോള് ഈ ടാബ്ലറ്റ് അവന് ഒന്ന് കൊടുത്തിട്ട് സെക്കന്റ്‌ ഫ്ലോറിൽ വരണേ “

ജയറാം മുറിയിൽ എത്തി ടാബ്ലറ്റ് കൃഷ്ണയേ ഏൽപ്പിച്ചു

“ഞാൻ വൈകി അത് കൊണ്ടാണ്. കൊടുത്തിട്ട് ജോയിൻ ചെയ്തോ “

അവൾ അത് കൊണ്ട് അവന്റെ മുറിയിൽ ചെന്നു. ആള് ലാപ് ടോപ്പിൽ കുനിഞ്ഞു കിടപ്പുണ്ട്

“ടാബ്ലറ്റ്..അങ്കിൾ തരാൻ പറഞ്ഞു”

അവൾ അത് ടേബിളിൽ വെച്ചു

“നീ ഈ ഫോൾഡർ ഒന്ന് സേർച്ച്‌ ചെയ്‌ത് നോക്കിക്കേ തലവേദനിക്കുന്നു “

കൃഷ്ണ അമ്പരപ്പോടെ നോക്കി

“എന്താ ലാപ് കണ്ടിട്ടില്ല?”

“ഉണ്ട് “

“എന്നാ ഇവിടെ വന്നിരിക്ക് എന്നിട്ട് നോക്ക്..അ പേപ്പറിൽ എഴുതി വെച്ചിട്ടുണ്ട് പേര് “

അവൻ എഴുന്നേറ്റു

“എനിക്ക് അങ്കിളിന്റെ കൂടെ പോണം “

“ഇത് ചെയ്തിട്ട് പോയ മതി “

അവൾ അവിടെ നിന്ന് കൊണ്ട് കടലാസ് എടുത്തു നോക്കി. അവൻ എഴുന്നേറ്റു മാറി

“ഇവിടെ ഇരുന്ന് നോക്കിക്കോ “

അവൾ ഒന്ന് പതറി. ഹോസ്പിറ്ൽ ചെയർമാന്റെ കസേര ആണ്

“നീ ഇരിക്ക് എന്നിട്ട് നോക്ക് “

അവൻ ഭിത്തിയിൽ ചാരി നിന്നു
കൃഷ്ണ അത് വേഗം കണ്ടു പിടിച്ചു

“പ്രിന്റ് കൊടുക്ക് “

അവൾ അത് പോലെ ചെയ്തു. കോപ്പി എടുത്തു

“ഞാൻ പൊക്കോട്ടെ?”

അവൻ അൽപനേരം അവളെ നോക്കി നിന്നു. പിന്നെ തലയാട്ടി. അവൾ കടന്നു പോയി. അവൻ കസേരയിൽഇരുന്നു മേശയിൽ മുഖം അണച്ചു വെച്ചു. കൃഷ്ണ തിരിഞ്ഞു നോക്കിയപ്പോ അത് കണ്ടു. അവൾ വേഗം തിരിച്ചു വന്നു

“അർജുൻ സർ ” അവൻ മുഖം ഉയർത്തി നോക്കി

“ഇത് കഴിക്ക് ” നീട്ടിയകയ്യിൽ ടാബ്ലറ്റ്. പിന്നെ ഒരു ഗ്ലാസ്‌ വെള്ളം

അവൻ അത് വാങ്ങി കഴിച്ചു. വെള്ളവും കുടിച്ചു

“വീട്ടിൽ പൊ അങ്കിൾ പറഞ്ഞത് പോലെ. എ സിയിൽ ഇരുന്ന കൂടും”

അവനൊന്നു മൂളി. അവൾ പോയി കഴിഞ്ഞു അവൻ എ സി ഓഫ്‌ ചെയ്തു മേശയിൽമുഖം അമർത്തി കിടന്നു. ജയറാം തിരിച്ചു വരുമ്പോഴും  അവൻ അതേ കിടപ്പാണ്

“അർജുൻ “

അവൻ തല ഉയർത്തി

“കുറഞ്ഞോ?”

“സാരമില്ല പോകാം “

അവൻ എഴുന്നേറ്റു.

“കൃഷ്ണ പോയോ?”

“പോയി. ബസിൽ പൊയ്ക്കോളാം ന്ന് പറഞ്ഞു “

“അതെന്താ? ഡ്രോപ്പ് ചെയ്യാരുന്നല്ലോ “

അങ്ങനെ പറഞ്ഞിട്ട് അവൻ കാറിന്റെ ഡോർ തുറന്നു. ജയറാം മറുപടി പറഞ്ഞില്ല. പക്ഷെ പതിവില്ലാതെ അവൻ അങ്ങനെ ചോദിച്ചത് അയാളെ അതിശയിപ്പിച്ചു. അവൻ വീട്ടിൽ ചെന്ന പാടെ കിടന്നു

ഇടയ്ക്ക് ജയറാം വന്നു നോക്കുമ്പോൾ നല്ല പനീയുണ്ട്. ഒരു ഇൻജെക്ഷൻ കൊടുത്തു ജയറാം. മയക്കത്തിൽ ആയി അവൻ

“ലൈറ്റ് അണയ്ക്കുവാ മോനെ “

അവൻ ഒന്ന് മൂളി. ജയറാം മുറിയിൽ നിന്ന് പോയി

തുടരും….