ധ്രുവം, അധ്യായം 28 – എഴുത്ത്: അമ്മു സന്തോഷ്

അർജുൻ പോയി കുറച്ചു പച്ചക്കറികൾ വാങ്ങി വന്നു. അവൻ ജീവിതത്തിൽ ചെയ്തിട്ടില്ലാത്ത ഒരു പണിയായിരുന്നു അത്. കൃഷ്ണ ലിസ്റ്റ് എഴുതി കൊടുത്തു. അത് പോലെ വാങ്ങി വന്നു അത്ര തന്നെ

“ഇതിന്റെയൊക്കെ പേര് അറിയുമോ മോന്?”

അവൾ ഓരോന്നായി കഴുകി വൃത്തിയാക്കി

“പോടീ..എനിക്ക് അറിയാം. ഇത് brinjal.. ഇത്. പച്ചമുളക്.. പിന്നെ ഇത് “

കൃഷ്ണ പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ ദേഹത്തേക്ക് ചാരി

“മതി മതി..എന്നെ ചിരിപ്പിച്ചു കൊ- ല്ലല്ലേ. പച്ചമുളക് എല്ലാർക്കും അറിയാം. ഇത് പറ “

ചെറിയ വയലറ്റ് നിറത്തിലുള്ള ഒരു സാധനം

“ഇത്..”

അവൻ മൊബൈൽ നോക്കിഅവൾ അത് വാങ്ങി വെച്ചു

“നോക്കണ്ട പറ “

“അറിഞ്ഞൂടാ “

“ഇതാണ് കത്തിരിക്ക. സാമ്പാറിൽ ഇടും പിന്നെ അവിയൽ “

“ആണോ?”

“ഇതൊന്നും അറിഞ്ഞൂടാ..ക- ള്ളിന്റെ ബ്രാന്റ് എല്ലാം അറിയാം “

അവൻ അവളുടെ ചെവിക്ക് പിടിച്ചു

“ഉടനെ എനിക്കിട്ട് താങ്ങിക്കോണം “

“ആ ദേ ഒന്ന് ഞാൻ അങ്ങ് തരും കേട്ടോ. ഈ തേങ്ങ തിരുമ്മി തന്നെ “

“എന്തോന്ന് എന്തോന്ന്.എനിക്ക് അറിഞ്ഞൂടാ “

“മോൻ ഇങ്ങോട്ട് വന്നേ “അവൾ കൈ പിടിച്ചു കൊണ്ട് നിർത്തി” തേങ്ങ ഇങ്ങനെ വെച്ചിട്ട് ദേ ഇങ്ങനെ ഇങ്ങനെ ചെയ്താ മതി. കണ്ടോ വീഴുന്നേ. അത്രേ ഉള്ളു “

“എടി ഇതൊക്കെ പെണ്ണുങ്ങൾടെ പണിയാ “

“എന്നാരു പറഞ്ഞു. പാചകം ആണുങ്ങൾടെ പണിയാ. നള പാചകം കേട്ടിട്ടില്ല?”

“കുന്തം..നമുക്ക് ഹോട്ടലിൽ പോയി കഴിച്ച മതിആയിരുന്നു “

“മതിയാരുന്നു. ഞാൻ രാവിലെ അങ്ങ് പോയേനെ. എന്നെ പിടിച്ചു നിർത്തിയത് എന്തിനാ?” അർജുൻ ചിരിച്ചു

“ശരി ഞാൻ ഇത് ചെയ്തു തന്ന പോരെ…” അവൻ അത് ചെയ്തു കൊടുത്തു

“പാവം. വേണേൽ പോയി കിടന്നോ ഇതൊക്കെ ആകുമ്പോൾ ഞാൻ വിളിക്കാം “

അവൻ സ്ലാബിന്റെ മുകളിൽ കയറി ഇരുന്നു

“വേണ്ട…വേറെ എന്തെങ്കിലും ചെയ്തു തരണോ?”

“ഊഹും “

കൃഷ്ണ ഓരോന്നും ചെയ്യുന്നത് അവൻ നോക്കിയിരുന്നു. നല്ല അടുക്കും ചിട്ടയുമായിട്ട്..

“എടി സത്യത്തിൽ ഹോട്ടലിൽ നിന്ന് കഴിച്ചു മടുത്തു. അച്ഛന്റെ വീട്ടിലെ കുക്ക് നന്നായി ചെയ്യും. പക്ഷെ ഒറ്റ കുഴപ്പം എണ്ണ ഒരു പാട് യൂസ് ചെയ്യും. അത് ഹെൽത്തിനു അത്രേ നല്ലതല്ല “

“ഹെൽത്തിനു നല്ല കുറേ സാധനം ഞാൻ ഫ്രിഡ്ജിൽ നിന്ന് വേസ്റ്റിൽ എടുത്തു വെച്ചിട്ടുണ്ട്. കുറേ ഒഴുക്കി കളയുകയും ചെയ്തു,

അവൻ നേർത്ത ചിരിയോടെ അവളെ തന്നെ നോക്കിയിരുന്നു

“എന്തേയ് മിണ്ടാട്ടം മുട്ടിപ്പോയോ?”

“നീ പറഞ്ഞോ. നീയല്ലേ..ഞാൻ സമ്മതിച്ചു പറഞ്ഞോ..

അവൾ ചിരിച്ചു

“നല്ല കുട്ടിയായിട്ടിരിക്കണം ട്ടോ..ഇനി ഒന്നും വേണ്ട. ലിക്കർ കുറേ നാളെത്തേക്ക് വേണ്ട. എത്ര ബോട്ടിൽ ആണ് ഞാൻ കളഞ്ഞത്. കരള് പോകും “

അവൻ അവള് ചെയ്യുന്നത് നോക്കിയിരുന്നതേയുള്ളു

“പരിപ്പും പപ്പടവും ഇഷ്ടം ആണോ?”

അവൻ ഒന്ന് മൂളി

“എന്താ ഏറ്റവും ഇഷ്ടം?”

അവൻ അവളുടെ മുഖത്ത് കണ്ണ് നട്ടു

“ഇഷ്ടം…അങ്ങനെ ചോദിച്ചാ.. പ്രത്യേകിച്ച് ഒന്നുല്ല. എല്ലാം കഴിക്കും “

“എന്നാലും ഏറ്റവും ഇഷ്ടം ഉള്ളത്?”

“അറിയില്ല.. നീ ഇന്നലെ വാരി തന്നില്ലേ അതിന്റെ രുചി ഇഷ്ടം ആയി. അതാണ് ഇപ്പൊ ഓർമ്മയിൽ ഉള്ളത് “

“അത് വെറും മുട്ട പൊരിച്ചതും ചമ്മന്തിയും മാത്രം ആയിരുന്നു “

“ആവും. പക്ഷെ ഉഗ്രൻ ടേസ്റ്റ് ആയിരുന്നു..ഇനി കോളേജിൽ പോകുമ്പോൾ പൊതി എനിക്ക് തന്നിട്ട് പോ. ഞാൻ നിനക്ക് ബിരിയാണി വാങ്ങി തരാം “

അവൾ സ്നേഹത്തോടെ അവന്റെ മുഖത്ത് ഒന്ന് കൈ അമർത്തി

“എനിക്ക് എന്തിനാ പകരം ബിരിയാണി. അതൊന്നും വേണ്ട. ഞാൻ കൊണ്ട് തരാം “

അവൻ ആ കൈയിൽ മുറുകെ പിടിച്ചു

“സോറി..”

“അത് കളഞ്ഞില്ലേ?”

അവൾ കറികളെല്ലാം കുഞ്ഞ് പാത്രത്തിലാക്കി. ചോറ് വിളമ്പി

“ഇന്ന് പോകുമോ. വീട്ടിലോട്ട്?” അവൾ അവനോട് ചോദിച്ചു

“ഇല്ല. നാളെ…”

“ഇന്നെന്താ?”

“ഒന്നുല്ല..ഇന്ന് കൂടെ ഇവിടെ..നീ ഇന്ന് കൂടെ നിൽക്കാമോ? നാളെ രാവിലെ കോളേജിൽ വിടാം “

“അയ്യടാ എന്നോട് ഇന്നുച്ചക്ക് പോകാൻ സമ്മതിച്ചതാട്ടോ “

“ഉം ശര്യാ. പക്ഷെ നീ കൂടെയുള്ളപ്പോൾ എന്തോ..വേദനകൾ ഒന്നുമില്ല കൃഷ്ണ. മനസിന് നല്ല സുഖം..വെറുതെ സംസാരിച്ചിരിന്നാ മതി.. ഇന്ന് കൂടി പ്ലീസ് “

കൃഷ്ണ ധർമ സങ്കടത്തിൽ ആയി

“കൃഷ്ണ?”

“എന്തായാലും വൈകുന്നേരം അല്ലെ പോവുള്ളു. രാവിലെ കോളേജിൽ വരികയും ചെയ്യും. ഞാൻ രാവിലെ കോളേജിൽ കൊണ്ട് വിടാം. ഇന്ന് കൂടി നിൽക്ക്.. ഉം?”

“ശരി പക്ഷെ ഒറ്റ കണ്ടിഷൻ “

“പറയ് “

“ആറ് മാസത്തേക്ക് ലഹരി പാടില്ല. പ്രോമിസ് ചെയ്തു തരുവാണെങ്കിൽ ok.”

“എടി മഹാപാപി എന്റെ കഞ്ഞിയിൽ തന്നെ പാറ്റ ഇട്ടോണം..”

“ആ കഞ്ഞി മോൻ കുടിക്കേണ്ട..”

“ok ചെയ്യില്ല. അതിൽ സി- ഗരറ്റ് ഇല്ല.. ബാക്കി ഒരു ല- ഹരിയും ഉപയോഗിക്കില്ല “

“എന്നാലും സിഗരറ്റ് വയ്യ?”

“അതെങ്കിലും പ്ലീസ്.. ഒരെണ്ണം മതി ഡെയിലി “

“ഞാൻ എങ്ങനെ അറിയും കൂടുതൽ വലിച്ചാ?”

“നിന്നോട് ഞാൻ കള്ളം പറയില്ല കൃഷ്ണ. “

“എന്നാ പോണില്ല..പക്ഷെ ഇതൊരു ശീലമാക്കല്ലേ. വീട്ടിൽ അറിഞ്ഞ ഏട്ടൻ എന്നെ കൊ- ല്ലും”

അവൾ കഴിച്ചു കൊണ്ടിരിക്കെ അവൻ അവളെ തന്നെ നോക്കിയിരുന്നു.

എന്റയല്ലേ നീ. എന്റെ അരികിൽ ഇരിക്കുന്നത് തടയാൻ ആർക്കാ ഈ ഭൂമിയിൽ അധികാരം. ആർക്കുമില്ല. ഒരേട്ടൻ…

“അവിയൽ നന്നായോ?” അവൻ പെട്ടെന്ന് തലയാട്ടി

“കുറച്ചു കൂടി കഴിക്ക് ” അവൾ തന്നെ വിളമ്പി കൊടുത്തു

“നിന്റെ ഏട്ടൻ ഭയങ്കര സ്ട്രിക്ട് ആണോ?”

അവൻ കഴിച്ചു കൊണ്ട് അവളുടെ മുഖത്ത് നോക്കി

“ഉം “

“എന്നിട്ട് ഏട്ടൻ പ്രേമിച്ചല്ലോ,”

“അതല്ലേ ഈ ആങ്ങളമാരുടെ കുഴപ്പം അവർക്ക് എന്ത് തോന്ന്യസവും ചെയ്യാല്ലോ
പെങ്ങന്മാർ ചെയ്യരുത് അത് തന്നെ. പെങ്ങള് ഉണ്ടായിരുന്നു എങ്കിൽ അറിഞ്ഞേനെ “

“അനിയത്തി ഉണ്ടായേനെ..അമ്മ”

അവൾ പെട്ടെന്ന് വല്ലാതായി

“അതേയ് ഇല്ല എന്നോർത്ത് വിഷമിക്കണ്ട. എന്നെ അനിയത്തി ആയിട്ട് കണ്ടോ “

അർജുൻ അടുത്തിരുന്ന ഗ്ലാസ്‌ എടുത്തു

“എറിയണ്ട ഞാൻ പറഞ്ഞത് പിൻവലിച്ചു “

കൃഷ്ണ കൈ കൊണ്ട് തടഞ്ഞു. അവൻ അവളെയൊന്നു സൂക്ഷിച്ചു നോക്കി. ഇനിയിവളുടെ മനസ്സ് അങ്ങനെ വല്ലോമാണോ ദൈവമേ. ദൈവവിശ്വാസമില്ലെങ്കിലും അപ്പൊ അവൻ ദൈവത്തെ വിളിച്ചു പോയി. തന്നെ ഏട്ടനെ പോലെ വല്ലോമാണോ കാണുന്നത്. അവളുടെ പെരുമാറ്റം നിഷ്കളങ്കമാണ്. സ്നേഹം മാത്രേ ഉള്ളു. പ്രണയം ഒട്ടുമില്ല. കണ്ണില് അതൊന്നും കണ്ടിട്ടുമില്ല

“മതി ” അവൻ നിർത്തി

“മതിയാക്കിയോ?”

“ഉം “

അവളും കഴിച്ചെഴുനേറ്റു. ഒന്നിച്ചു തന്നെയാണ് പാത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കിയത്

“ആദ്യായിട്ടല്ലേ ഇത് ഒക്കെ ചെയ്യുന്നത്?”

അവൻ ഒന്ന് മൂളി

“എന്താ വല്ലാതെ? ക്ഷീണം ഉണ്ടൊ? വേദന ഉണ്ടൊ?”

“ഇല്ലെടി “

അവൻ അവൾക്ക് അരികിൽ നിന്ന് പോയി ബാൽകണിയിൽ പോയി നിന്നു. കൃഷ്ണ അവന്റെ ഭാവം മാറിയത് ശ്രദ്ധിച്ചു. അതെപ്പോ ആണെന്നും മനസിലായി. അവൾ മെല്ലെ അവന്റെയരികിൽ ചെന്നു നിന്നു. ആ മനസില് ഒരു കലക്കൽ ഉണ്ട്

താൻ സ്നേഹിക്കുന്നത് എങ്ങനെ ആണെന്ന് അറിയില്ല ആൾക്ക്. എങ്ങനെ ആണ് കൃഷ്ണ നിന്റെ സ്നേഹം? ഉള്ളിൽ ആരോ അവളോട് ചോദിച്ചു

“അതേയ് “

“ഉം “

കൃഷ്ണ പതിയെ അവന്റെ തോളിലേക്ക് ചാരി

“ആകാശം പോലെയാ അർജുൻ സാറ്..പെട്ടെന്ന് മഴക്കാറ് വരും പെട്ടെന്ന് തെളിയും..വീണ്ടും കറുക്കും…”

അവൻ അവളുടെ മുഖത്ത് നോക്കി

“ഞാൻ ആകാശം ആണെങ്കിൽ നീ എന്താ?”

“ഞാൻ എന്താവണം?”

അർജുൻ നടുക്കത്തോടെ ആ കണ്ണിലേക്കു നോക്കി. ആ ചോദ്യം വളരെ വ്യക്തമാണ്

ഞാൻ നിന്റെ എന്താകണം എന്നാണ് അവൾ ചോദിക്കുന്നത്…എന്റെ എല്ലാം എന്ന് മറുപടി പറയണം എന്നുണ്ടായിരുന്നു അർജുന്‌

“പറയ് “

അവൾ വീണ്ടും ചോദിച്ചു

“നിന്റെ ഇഷ്ടം…അത് നിന്റെ ഇഷ്ടമാണ് കൃഷ്ണ…ഞാൻ പറഞ്ഞു ചെയ്യ്ക്കേണ്ടതല്ല “

കൃഷ്ണ പുഞ്ചിരിച്ചു

“അർജുൻ സാറിന് എന്താ ഇഷ്ടം. അത് പറ “

“നീ…എന്റെ ഭൂമിയാകണം..ഞാൻ ആകാശമാണെങ്കിൽ നീ എന്നെ വഹിക്കുന്ന ഭൂമി ആയാ മതി…അതാണ് എനിക്കിഷ്ടം “

നോക്കിനിൽക്കേ കൃഷ്ണയുടെ മുഖം കടും ചുവപ്പായി. അവൾ ദൂരേയ്ക്ക് നോക്കി നിന്നു

“കൃഷ്ണ?”

“ഉം “

“മനസ്സിലായോ ഞാൻ പറഞ്ഞത് “

അവൾ തല താഴ്ത്തി

“ഇങ്ങോട്ട് നോക്ക് ” അവൾ മുഖം ഉയർത്തി

“എന്ത് കൊണ്ടാണ് ഗോവിന്ദിനെ നിവിനെ, ക്ലാസ്സിൽ പ്രൊപ്പോസ് ചെയ്ത സകലരെയും വേണ്ടാന്ന് പറഞ്ഞത്?”

അവളുടെ ഹൃദയം വിറച്ചു

“എന്ത് കൊണ്ടാണ് ആരെയും പ്രണയിക്കാൻ തോന്നാത്തത്?”

“അറിയില്ല “

“നിനക്ക് അറിയാം കൃഷ്ണ.. നീ അത് പറയാത്തത് ആണ്..”

“ഊഹും എനിക്ക് അങ്ങനെ ആരോടും ഇല്ല “

“ഉറപ്പാണ്?”

“ഉം “

“എന്നോടെന്താ?”

കൃഷ്ണ ദീർഘമായി ശ്വസിച്ചു. അവളെ തളർന്നു പോയ പോലെ തോന്നി

“ഏട്ടനെ പോലെ?”

അവൾ അല്ല എന്ന് തലയാട്ടി

“ഫ്രണ്ട്?”

അവൾ മിണ്ടിയില്ല

“വെറും ഫ്രണ്ട്?”

അവൾ പിണങ്ങിയ പോലെ നടക്കാൻ ഭാവിച്ചു. അവൻ ആ കയ്യിൽ പിടിച്ചു നിർത്തി

“പറഞ്ഞിട്ട് പോ.ഞാൻ ആരാ കൃഷ്ണ?”

അവളുടെ കണ്ണ് പെട്ടെന്ന് നിറഞ്ഞു

“എനിക്ക് അറിയില്ല..”

അവൻ ആ മുഖം കയ്യിൽ എടുത്തു

“ഏതിഷ്ടമാണ് എന്നോട്?”

കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“എന്നെങ്കിലും എന്നെ വിട്ട് പോവോ നീ? വേറെ ഒരാളിലേക്ക്?”

കൃഷ്ണ ആ മുഖം പഠിക്കുകയായിരുന്നു. കണ്ണുകൾ ചുവന്നു കഴിഞ്ഞു

“പറയ്….എന്നെ ഉപേക്ഷിച്ചു പോവോ കൃഷ്ണ?”

“എന്തിനാ ഞാൻ? എനിക്ക് ഒന്നുല്ല..ഒന്നും..എനിക്ക് ഇങ്ങനെ കണ്ടാൽ മതി. വേറെയൊന്നും വേണ്ട..”

അവൾ ചുണ്ട് കടിച്ച് സങ്കടം അമർത്തി

“എന്റെ എല്ലാം ഞാൻ നിനക്ക് തരട്ടെ? അർജുന്‌ ഒന്നും വേണ്ട..ഒന്നും..”

അവൾ പേടിയോടെ അവനെ നോക്കി

“ആയിരത്തിഞ്ഞൂറു കോടിയുടെ ആസ്തിയുണ്ട് നിന്റെ അർജുൻ സാറിന്..മുഴുവൻ നിന്റെ പേരില് എഴുതി തന്നേക്കാം. എനിക്ക് നിന്നെ മാത്രം മതി “

കൃഷ്ണ നടുങ്ങി നിൽക്കുകയായിരുന്നു. അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു

“കൃഷ്ണ?” അവൾ തിരിഞ്ഞു നോക്കി

“എനിക്ക്. എന്തിനാ സ്വത്ത്? എന്തിനാ കാശ്? ഒന്നും വേണ്ട..ഇപ്പൊ ഉള്ളത് കൊണ്ട് തന്നെ ഞാൻ സന്തോഷവതിയാ…”

“പിന്നെ എന്തിനാ ഈ കോംപ്ലക്സ്?”

“അത് complex അല്ല
സത്യമാ…എന്നെ അറിയില്ലേ സാറിന്? ഏത് അവസ്ഥയിൽ ആണ് ഞാൻ എന്ന്? എന്തിനാ പിന്നെ ഇങ്ങനെ ഒക്കെ?”

“ഞാൻ പിന്നെ എന്ത് ചെയ്യണം? എങ്ങനെ പറയണം..നിന്റെ മനസ്സിൽ ഞാൻ എന്താ കൃഷ്ണ?”

അവൻ അലറി പോയി

“എനിക്ക് അറിഞ്ഞൂടാ..ഇഷ്ടം ആണോന്ന് ആണ് ചോദ്യം എങ്കിൽ എനിക്ക് ഇഷ്ടാ… ഏത് ഇഷ്ടം ആണെന്ന് എനിക്ക് അറിയില്ല…”

“കള്ളം..നീ കള്ളമാ പറയുന്നത്.നിനക്ക് ആദ്യം മുതൽ എന്നോട് ഇഷ്ടം ഉണ്ട്… സത്യം ല്ലെ?”

അവൾ അവന്റെ നോട്ടത്തിൽ നിന്ന് ഒഴിഞ്ഞു മാറി

“ശരി ok..ഞാൻ വേറെയൊരൂ പെണ്ണിനെ സ്നേഹിക്കട്ടെ…അല്ലെങ്കിൽ വേറെ ഒരു പെണ്ണിനൊപ്പം..”

കൃഷ്ണ പെട്ടെന്ന് തിരിഞ്ഞു നിന്നു

“ഇഷ്ടം പോലെ.. ചെയ്തോ..”

“നിനക്ക് ഒന്നുല്ലേ?”

അവൾ ഇല്ല എന്ന് തലയാട്ടി

“ഞാൻ വേറെ ഒരു പെണ്ണിനെ സ്നേഹിച്ചാൽ കൃഷ്ണയ്ക്ക് ഒന്നുമില്ലേ?”

അവൾ ഇല്ല എന്ന് തല ചലിപ്പിച്ചു

അർജുൻ പതിയെ ഭിത്തിയിൽ ചാരി. പിന്നെ പെട്ടെന്ന് മുറിയിലേക്ക് പോയി. കൃഷ്ണ കുറച്ചു നേരം അങ്ങനെയിരുന്നു

എന്തിനാ ഇത്രയും പേടിക്കുന്നത് കൃഷ്ണ…നിന്റെ മനസ്സിൽ എന്താ…

അവൾ അവന്റെ മുറിയിൽ ചെന്നു. അവൻ കിടക്കുകയാണ്. അവന്റെയരികിൽ ഇരുന്നു

“എന്നോട് പിണങ്ങല്ലേ… പ്ലീസ് “

അർജുൻ ആ മുഖത്ത് നോക്കി

“എനിക്ക് പേടിയാ…എല്ലാം പേടിയാ..ഇങ്ങനെ ഒന്നും എന്നോട് ചോദിക്കരുത്. എന്റെ സ്ഥാനത്തു നിന്നിരുന്നെങ്കിൽ അത് മനസിലായേനെ..നല്ല ഒരാൾ വരും. എന്നേക്കാൾ നല്ല ഒരാൾ..അത് മതി അർജുൻ സാറിന് “

“അപ്പൊ നീ എന്നെ വിട്ട് പോകും….” അവന്റെ ശബ്ദം പരുക്കനായി

“ഒഴിവാക്കുകയാണ് എന്നെ അല്ലേടി?”

കൃഷ്ണ അവന്റെ നെഞ്ചിൽ കൈ വെച്ചു

“ഇത്രയും ഞാൻ ആരെയും സ്നേഹിക്കുന്നില്ല..ഇനി ആരെയും സ്നേഹിക്കുകയുമില്ല. വേറെ ഒരാൾക്കും ഞാൻ എന്നെ കൊടുക്കില്ല..പക്ഷെ എനിക്ക് പേടിയാണ്. …”

അവൻ സങ്കടത്തോടെ  മുഖം തിരിച്ചു

“ഞാൻ ആരാ കൃഷ്ണ നിന്റെ?നീ ഒരു തവണ അത് പറ പ്ലീസ് അല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും “

“എന്റെയാ…എന്റെ മാത്രം “

അവൻ നിശ്ചലനായി പോയി.

താൻ എന്താ കേട്ടത്? ശരിക്കും കേട്ടില്ല

അവൾ എന്തോ പറഞ്ഞു. കൃഷ്ണ കുനിഞ്ഞിരിക്കുന്നു

“മോളെന്താടി ഇപ്പൊ പറഞ്ഞത്?”

കൃഷ്ണ ഒന്ന് നോക്കി

“കുന്തം…പോ “

അവൾ എഴുന്നേറ്റു പോയി

“എടി. പോവല്ലേ…പ്ലീസ് ഡി ഒന്നുടെ പറ “

“ഇല്ല.”

“ഈ പെണ്ണ്..”

“എനിക്ക് കുറച്ചു നോട്സ് എഴുതാൻ ഉണ്ട്. പോയി കിടന്നുറങ്ങിക്കോ. ചായ ഇട്ടിട്ട് വൈകുന്നേരം വന്നു വിളിക്കാം “

“എടി ദുഷ്ടേ..നീ അനുഭവിക്കും നോക്കിക്കോ “

കൃഷ്ണ ഉറക്കെ പൊട്ടിച്ചിരിച്ചു. അവൾ പുറകെ വന്ന അവനെ ഉന്തി തള്ളി മുറിയിലാക്കി വാതിൽ അടച്ചു. പിന്നെ പുസ്തകം എടുത്തു

അർജുൻ കിടന്നുറങ്ങി

എഴുന്നേറ്റു വന്നപ്പോൾ ആള് നല്ല പഴം പൊരിയുണ്ടാക്കി ചായയുമായി മുന്നിൽ

“ഞാൻ ഒരു കല്യാണം കഴിക്കുന്നതിനെകുറിച്ച് നിന്റെ അഭിപ്രായം എന്താ?”

“നല്ല മോശം അഭിപ്രായമാ. എന്തിനാ ഒരു പെണ്ണിന്റെ ജീവിതം കൂടി കളയുന്നെ “

“നിന്നെ ഞാൻ ഇന്ന് നോക്കിക്കോ”

അവന്റെ പിടിയിൽ നിന്ന് അവൾ ഓടി മാറി

ഒടുവിൽ അവൻ പിടിച്ചടുപ്പിക്കുക തന്നെ ചെയ്തു. കൃഷ്ണ പൊട്ടിച്ചിരിച്ചു കൊണ്ട് അവനെ സെറ്റിയിലേക്ക് തള്ളിയിട്ടു

“ദേ കൊ- ല്ലും ഞാൻ മര്യാദയ്ക്ക് ഇരിക്ക് ട്ടോ “

അവൻ കൗതുകത്തോടെ അവളെ നോക്കി കിടന്നു

രാത്രി. ഭക്ഷണം കഴിഞ്ഞു

“രാവിലെ നേരെത്തെ എണീക്കണേ. എട്ടു മണിക്ക് എത്തണം “

“വിഷമിക്കണ്ട എത്തിക്കാം മോള് പോയി കിടന്നോ “

അവൻ സ്നേഹത്തോടെ പറഞ്ഞു. അവൾ തലയാട്ടി

“കൃഷ്ണ?”

അവൾ ഒന്ന് തിരിഞ്ഞു നോക്കി

“ഒന്നുടെ പറയോ അത് “

അവൾ മുറിയിൽ കടന്ന് വാതിൽ പാതി ചാരി. പിന്നെ ദീപ്തമായി നോക്കി. വാതിൽ പാളിയിൽ പാതി മുഖം.

“അർജുൻ കൃഷ്ണയുടേതാ…കൃഷ്ണയുടെ മാത്രം “

അവൾ വാതിൽ അടച്ചു. അർജുൻ ഹൃദയം നഷ്ടം ആയവനെ കണക്ക് അനങ്ങാതെ നിന്നു. അടഞ്ഞ വാതിലിലേക്ക് നോക്കി. മതി..ഇത് മതിഇനി ജീവിച്ചോളാം…ഈ വാചകം മതി…

തുടരും….