ധ്രുവം, അധ്യായം 30 – എഴുത്ത്: അമ്മു സന്തോഷ്

ഹോസ്പിറ്റൽ

“അങ്കിൾ?” ഒരു വിളിയൊച്ച. ഡോക്ടർ ജയറാം വാതിൽക്കലേക്ക് നോക്കി

കൃഷ്ണ

“നല്ല പാർട്ടിയാ. കണ്ടില്ലല്ലോ രണ്ടുമൂന്ന് ദിവസം.”

“എക്സാം ആയിരുന്നു..”

അവൾ കൈയിൽ ഉള്ള കുഞ്ഞ് പൊതി കൊടുത്തു

“ഗണപതി അമ്പലത്തിൽ നടത്തിയ വഴിപാട് ആണ്.  ഉണ്ണിയപ്പം. പരീക്ഷയ്ക്ക് രക്ഷപ്പെടണമല്ലോ “

“അതിനെ പഠിക്കണം..”

“താൻ പാതി ദൈവം പാതിയല്ലേ “

“ഒരു പാതിയുമില്ല മുഴുവൻ സ്വന്തം.”

അവൾ മുഖം കൂർപ്പിച്ചു

“ഒരു നെഗറ്റീവ് വൈബ് ആണല്ലോ “

ജയറാം പൊട്ടിച്ചിരിച്ചു

“രാ- ക്ഷസൻ മുറിയിൽ ഉണ്ടൊ?”

“ഉണ്ട് ഉണ്ട്. അടുത്ത ബിസിനസ് ഗ്രൂപ്പ്‌ ഉണ്ടാക്കുന്ന തിരക്കിട്ട ആലോചനയിലാ..”

“അപ്പൊ ഉടനെ ചെല്ലണ്ട “

“ഒറ്റയ്ക്ക് ആണ് ആലോചന. ചെന്നോളൂ “

അവൾ ബാഗ് അവിടെ വെച്ചിട്ട് അവന്റെ മുറിയിലേക്ക് പോയി. മുറിയിൽ വേറെ ഒരാൾ ഉണ്ടായിരുന്നത് കയറി കഴിഞ്ഞാണ് അവൾ കണ്ടത്

“സോറി “

അവൾ പെട്ടെന്ന് പറഞ്ഞു

“കം “

അർജുൻ അവളെ അരികിൽ വിളിച്ചു. കസേര വലിച്ചിട്ട് ലാപ്ടോപ് മുന്നിൽ കൊടുത്തു

“ജസ്റ്റ്‌ ചെക്ക് ഇറ്റ്..എന്നിട്ട് പ്രിന്റ് എടുക്ക് “എന്നിട്ട് മുന്നിലിരിക്കുന്ന ആളോടായി പറഞ്ഞു

“ആ അപ്പോൾ ഡോക്ടർ ആനന്ദ്..terms and conditions ok ആണെങ്കിൽ ജോയിൻ ചെയ്യാം. എന്തിനും ഒരു തവണ കൂടി ചിന്തിച്ചു നോക്കണം. ഇവിടെ നോട്ടീസ് ഉണ്ടാവില്ല. സർവീസ് satisfied അല്ലെങ്കിൽ പുറത്ത് പോകും “

ആനന്ദ് തലകുലുക്കി. കൃഷ്ണ പ്രിന്റ് എടുത്തു കൊടുത്തു

“ഇതുമായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ കണ്ടോളു.. “

അവൻ അത് വാങ്ങി എഴുന്നേറ്റു. വാതിൽ കടന്നു പോയി

“എന്നെ കണ്ടാലുടൻ പണി ചെയ്യിച്ചോണം “അവൾ മുഖം വീർപ്പിച്ചു

അവൻ ചിരിച്ചു

“എന്നെ സഹായിക്കെടി ഞാൻ ഒറ്റയ്ക്ക് എല്ലാം കൂടി ചെയ്തു ക്ഷീണിച്ചു “

അവൻ പിന്നിലേക്ക് ചാരി. കൈകൾ നെറ്റിയിൽ വെച്ചു. കൃഷ്ണ ആ കൈകൾ എടുത്തു നോക്കി. ചുവന്ന കുത്തുകൾ മാഞ്ഞു തുടങ്ങി. അവൾ അതിൽ മെല്ലെ തലോടി

“കൃഷ്ണ …”

കൃഷ്ണ മുഖം ഉയർത്തി

“പിന്നെ ചെയ്തിട്ടില്ല. ഇങ്ങനെ ചെക്ക് ചെയ്യണ്ട “

അവൾ മെല്ലെ ചിരിച്ചു

“ചെക്ക് ചെയ്യും..എനിക്ക് അത്ര വിശ്വാസം പോരാ “

“നിന്നേ കൊണ്ട് സത്യം ചെയ്തതാണ് അർജുൻ അത് തെറ്റിക്കില്ല…”

അവൾ ആ കണ്ണിലേക്കു നോക്കിയിരുന്നു. അവനും…അവൻ തന്നെ നോട്ടം മാറ്റി

“പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു”

“നന്നായി എഴുതി “

“ഞാൻ വൈകുന്നേരം തൃശൂർക്ക് പോകും. അവിടെ നിന്ന് ചെന്നൈ. രണ്ടാഴ്ച ഉണ്ടാവില്ല”

കൃഷ്ണയുടെ മുഖം ഒന്ന് വിളറി. അവൾ പെട്ടെന്ന് മുഖം താഴ്ത്തി. പിന്നെ മുഖം ഉയർത്തുമ്പോൾ അത് സാധാരണ പോലെ ആയിരുന്നു

അവനത് പഠിക്കുകയായിരുന്നു. ഒന്നും പറയാൻ വയ്യ. സ്നേഹം ഉണ്ടെന്ന്. ഒത്തിരി സ്നേഹം ഉണ്ടെന്ന്. നിന്നെയും കൊണ്ട് പോകാനാണ് ആഗ്രഹമെന്ന്. നീയില്ലാത്ത ഇനിയുള്ള ദിവസങ്ങളിൽ ഞാൻ എത്ര വേദനിക്കുമെന്ന്. ഒത്തിരി ഒത്തിരി പറയാനുണ്ട്. പക്ഷെ അവളെങ്ങനെ അത് ഉള്ളിലേക്ക് എടുക്കുമെന്ന് അറിയില്ല
അവളുടെ പഠനത്തിൽ പോലും അത് പ്രതിഫലിച്ചേക്കാം. വേണ്ട

“ഞാൻ പോട്ടെ..സന്ധ്യ ആവുന്നു”

അവനൊന്നു മൂളി. അവള് പോകുന്നത് നോക്കി നിൽക്കെ ഒരു വല്ലായ്മ. ഒറ്റയ്ക്കായ പോലെ..മരുഭൂമിയിൽ നിൽക്കുന്ന പോലെ…

അവൻ കൈകളിൽ മുഖം പൂഴ്ത്തി അങ്ങനെ ഇരുന്നു

കൃഷ്ണ ബസിൽ ഇരിക്കുകയായിരുന്നു. ഉള്ളിൽ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു സങ്കടം വന്ന് നിറയുന്നു. എവിടെ എങ്കിലും പോയിരുന്നു കരയണമെന്ന് തോന്നുന്നു. പോയ പിന്നെ എന്ന വരിക എന്ന് ചോദിച്ചില്ല. രണ്ടാഴ്ച കാണില്ല. എന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല. ആ ഉള്ളില് നല്ല വിഷമം ഉണ്ട്. അത് മുഖത്ത് അറിയാം. തന്നോട് സ്നേഹം ഉണ്ട്. വെറും സ്നേഹം അല്ലാത്. വല്ലാതെ കൊതിപ്പിക്കുന്ന ഒന്ന്. നോക്കിയിരിക്കുന്നത് കാണുമ്പോൾ തന്നെ ഉള്ളു പിടയ്ക്കും

കൃഷ്ണാ എന്നുള്ള വിളിയിൽ തന്നെ സ്വന്തം ആണെന്നുള്ള അധികാരമുണ്ട്. ഒന്നിച്ചുണ്ടായിരുന്ന രണ്ടു രാത്രിയും പകലും. സ്നേഹം മാത്രം അറിഞ്ഞ രണ്ടു നാളുകൾ. ആ ചിരി കാണാൻ നല്ല രസാണ്. പോടീ എന്ന് വിളിച്ച് ചിലപ്പോൾ ഒരു ചിരിയുണ്ട്. അത് കാണാൻ ചിലപ്പോൾ കളിയാക്കും. നീ എന്റെ വെളിച്ചമാണ് കൃഷ്ണ എന്ന് അവൻ പറഞ്ഞത് ഓർത്തു അവൾ

ഓരോന്നും ഓർത്തു…

മുടിയിൽ പിടിച്ചു വലിച്ച് അടുപ്പിക്കുന്നത്, നെഞ്ചിൽ ചേർത്ത് പിടിക്കുന്നത്, എത്ര അടി അടിച്ചു അന്ന്. എല്ലാം കണ്ണടച് ഏറ്റ് വാങ്ങി. ഒന്നും പറയാതെ

അവളുടെ കണ്ണുകൾ നിറഞ്ഞു. തന്നോട് വല്ലാത്ത ഒരിഷ്ടം ആണ്. ഭ്രാന്ത് പോലെ…അല്ലെങ്കിൽ പിണങ്ങിയ ഇങ്ങനെ തകരുമോ ഒരാള്. പ്രണയം തന്നെ ആണ്. ഇതെന്ന് തുടങ്ങി എന്ന് തനിക് അറിയില്ല. എന്നോ തുടങ്ങി
.പതിയെ പതിയെ അടിമുടി നനയ്ക്കുന്ന മഴ പോലെ..

സ്റ്റോപ്പ്‌ എത്തിയത് അറിഞ്ഞില്ല

“ഇറങ്ങുന്നില്ലേ?”

കണ്ടക്ടർ ചോദിച്ചപ്പോൾ അവൾ വേഗം ബാഗ് എടുത്തു ഇറങ്ങി. മനസ്സ് എവിടെയോ കൈമോശം വന്നിരിക്കുന്നു. അവൾ വീട്ടിൽ എത്തുമ്പോൾ ആരും വന്നിട്ടില്ല

കൃഷ്ണ കുളിച്ചു വേഷം മാറി
പുസ്തകം എടുത്തു പഠിക്കാൻ ഇരുന്നു. മൊബൈൽ ബെൽ കേട്ട് അവൾ എടുത്തു നോക്കി

അർജുൻ

“കൃഷ്ണ…..”

പെട്ടെന്ന് അവളുടെ കണ്ണ് നിറഞ്ഞു

“എനിക്ക് നിന്നേ മിസ്സ്‌ ചെയ്യും….ഒരു വല്ലായ്മ..പറയണ്ടാന്നു കരുതിയതാ പറ്റുന്നില്ല..ഇത് വരെ ഇങ്ങനെ തോന്നിട്ടില്ല.. ശരിക്കും ഉള്ളിൽ ഒരു പിടച്ചിൽ പോലെ… “

അവൾ അടഞ്ഞു പോയ ശബ്ദത്തിൽ ഒന്ന് മൂളി

“എനിക്ക് പണ്ടത്തെ പോലെ ഇപ്പൊ നിന്നെ കാണാതിരിക്കാൻ
പറ്റുന്നില്ലടി. “മുഴക്കമുള്ള ആ സ്വരം

അവളുടെ ദേഹത്ത് കൂടി ഒരു മിന്നൽ പാഞ്ഞ പോലെ തോന്നി. നെഞ്ചു ശക്തിയായി മിടിച്ചു തുടങ്ങി. പരസ്പരം ഒന്നും പറയാതെ കുറച്ചു നിമിഷങ്ങൾ കടന്നു പോയി

കൃഷ്ണ മുഖം തുടച്ചു ശാന്തയായി

“എപ്പോഴാ പോവാ?”

“രാത്രി “

“എപ്പോ വരും?”

“കൃത്യമായി അറിയില്ല. കുറെ മീറ്റിംഗ്സ് ഉണ്ട്.. .”

“വിളിക്കോ?”

“ഉം “

“എന്നും?”

“ഉം. നീ ഹോസ്പിറ്റലിൽ വരണം. ഞാൻ ഇല്ലെങ്കിലും. എന്നും വരണം. കുറച്ചു നേരം. എന്റെ കാബിന്റെ കീ അച്ഛന്റെ കയ്യിൽ ഉണ്ട്. നിനക്ക് ചെയ്യാൻ എന്തെങ്കിലും അവിടെ ഉണ്ടാവും. ലാപ്ടോപ് ചെക്ക് ചെയ്ത മതി..ഞാൻ വിളിക്കുമ്പോൾ പറഞ്ഞു തരാം. cctv ചെക്ക് ചെയ്യണം. അന്നന്നുള്ള റിപ്പോർട്ട്‌ എഴുതി വെയ്ക്കണം. എല്ലാത്തിനും കൂടി ഒരു മണിക്കൂർ മതി. റിപ്പോർട്ട്‌ എഴുതുന്നത് എങ്ങനെ എന്ന് ഞാൻ വോയിസ്‌ ഇടാം.”

“എനിക്ക് വയ്യ. ഇതൊക്കെ..മറ്റുള്ളവർ എന്താ കരുതുക?”

“ആരെന്തു കരുതിയാലും ഒന്നുമില്ല. ഞാൻ പറഞ്ഞിട്ടാണ്. ആ ഒരു മണിക്കൂറിനു നിനക്ക് പേയ്‌മെന്റ് ഉണ്ട്. ഫ്രീ സർവീസ് അല്ല “

“എനിക്ക് കാശ് വേണ്ട. അങ്കിൾ വല്ലോം വിചാരിക്കും “

“വേണം. അല്ലാതെ കാശ് തന്ന നി വാങ്ങില്ലല്ലോ. നിനക്ക് ആ പണം ഫീസ് അടയ്ക്കാൻ എടുക്കാം. അച്ഛനോട് ഞാൻ പറഞ്ഞേക്കാം .”

അവൾ ഒന്നും മിണ്ടിയില്ല

“നിന്നേ എനിക്ക് വിശ്വാസം ആണ് കൃഷ്ണ. ഞാൻ ദൂരെയാണെങ്കിലും ഇവിടെ നി എന്റെ കൂടെ ഉള്ളതാശ്വാസമാണ് “

“ഞാനുണ്ടല്ലോ “

“എന്നും ഉണ്ടാവുമോ?”

അവളുടെ കൈകൾ വിയർത്തു

“പറയ്യ് “

“ഉം “

“എന്നും “

“ഉം “

“വാക്ക് മാറരുത് “

“ഇല്ല”

“എങ്കിൽ എന്നും ഹോസ്പിറ്റലിൽ വരണം. ഞാൻ പറഞ്ഞത് ചെയ്യണം “

“ഉം “

“ഉടനെ എക്സാം ഉണ്ടൊ?”

“ഇല്ല”

“എക്സാം ഉണ്ടെങ്കിൽ മോള് വരണ്ട പഠിച്ചോ..”

“ഇല്ല വരാം “

“വെയ്ക്കട്ടെ “

അവൾ മിണ്ടാത് ഇരുന്നു

“അപ്പുവേട്ടാ “

കിളികുഞ്ഞിന്റെ ശബ്ദം പോലെ
അർജുൻ തറഞ്ഞിരുന്നു പോയി. അവന്റെ ശബ്ദം അടച്ചു. ഒന്ന് ചുമച്ചു അവൻ

“എന്താ വിളിച്ചത്?”

“അപ്പുവേട്ടാന്ന് “

അവൻ നിറഞ്ഞു പോയ കണ്ണുകൾ തുടയ്ക്കാൻ മറന്ന് ഒരു നിമിഷം ഇരുന്ന് പോയി

“ഒന്നുടെ വിളി “

“അപ്പുവേട്ടാ…” ഇക്കുറി അത് വ്യക്തമായിരുന്നു

“നീ… നീ എന്റെയാ കൃഷ്ണ. ആർക്കും കൊടുക്കില്ല അർജുൻ. ഭൂമിയിൽ ആരു വന്ന് ചോദിച്ചാലും കൊടുക്കില്ല “

കൃഷ്ണ അറിയാതെ നെഞ്ചിൽ കൈ വെച്ച് പോയി. ഹൃദയം നിന്നു പോയിന്ന് അവൾക്ക് തോന്നി

“കാണാം “

ഫോൺ കട്ട്‌ ആയി

കൃഷ്ണ മുറ്റത്തേക്ക് ഇറങ്ങി നിന്നു

ഈശ്വര

അമ്മ അപ്പു എന്നായിരുന്നു വിളിച്ചു കൊണ്ടിരൂന്നത് എന്ന് പറഞ്ഞപ്പോൾ തോന്നിയ ആശയമാണ് ആ പേര്. വിളിച്ചപ്പോൾ ആളുടെ മാറ്റം…ഇതെവിടെ ചെന്നവസാനിക്കും. എങ്ങനെ ശരിയാകും. ആ സ്വഭാവം നന്നായി അറിയാം. ഇതെങ്ങനെ മുന്നോട്ട് പോകും. അവൾക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി

ഒന്നും വേണ്ട എന്ന് പറഞ്ഞു പോരാൻ പറ്റില്ല. ഒത്തിരി ദൂരം മുന്നോട്ട് വന്നു പോയി. അവൾ കണ്ണടച്ച് ശ്വാസം ഉള്ളിലേക്ക് എടുത്തു

അപ്പുവേട്ടാ എന്ന ഒറ്റ വിളിയിൽ അർജുൻ തളർന്നു പോയി. അവൻ കട്ടിലിലേക്ക് വീണു കണ്ണടയ്ക്കുമ്പോൾ ആ മുഖം

ആ വിളി..

ജയറാം മുറിയിലേക്ക് വന്നു

“അർജുൻ നീ ഇറങ്ങാറായോ?”

“ഇല്ല ഒരു മണിക്കൂർ കഴിഞ്ഞുള്ളു യാത്ര. അച്ഛൻ ഇരിക്ക് ഞാൻ ഒരു കാര്യം പറയട്ടെ “

ജയറാം ഇരുന്നു

“ആക്ച്വലി ഞാൻ ഇനി കുറച്ചു നാള് തൃശൂർ ആയിരിക്കും കൂടുതൽ ടൈം. ഇവിടെ അച്ഛന്റെ ശ്രദ്ധ കുറച്ചു കൂടുതൽ വേണം “

ജയറാം ചിരിച്ചു

“രോഗികളുടെ കാര്യം ഒഴിച്ച് നീ എനിക്ക് വേറെ ഒരു ജോലിയും തരരുത്. അതിനൊക്കെ അവിടെ മാത്യു ഉണ്ട്. മറ്റ് ഓഫിസർസ് ഉണ്ട്”

“yes തീർച്ചയായും ഉണ്ട്. പക്ഷെ  മുകളിൽ അവരെ ശ്രദ്ധിക്കുന്ന ഒരാൾ വേണം “

“അതിന് നീയുണ്ടല്ലോ “

“എപ്പോഴും ഞാനില്ലല്ലോ “

“നീ എന്താ പറഞ്ഞു വരുന്നത്?”

“ഞാൻ പറഞ്ഞല്ലോ തൃശൂർ ഹോസ്പിറ്റൽ ഓൺ ആയിക്കഴിഞ്ഞാൽ കൂടുതൽ തിരക്കാവും. പിന്നെ കൊച്ചിയിലെ സേവിയർസ് ഗ്രൂപ്പ്‌ അവരുടെ ഹോസ്പിറ്റലിന്റ ഷെയർ ഹോൾഡർ ആകാൻ ഇന്റെർസ്റ് ഉണ്ടോന്ന് ചോദിച്ചിട്ടുണ്ട്. ഷെയർ വാങ്ങുമ്പോൾ എനിക്ക് ചെറുത് പോര. എനിക്ക് ആ ഹോസ്പിറ്റൽ തന്നെ വേണം..ഞാൻ അത് വാങ്ങും. കുറച്ചു സമയം കഴിഞ്ഞ്. കൂടുതൽ തിരക്കിലേക്ക് പോകുമ്പോൾ എനിക്ക് ഇവിടെ എനിക്ക് വിശ്വാസം ഉള്ള ഒരാൾ വേണം. അച്ഛന് പറ്റുമോ?”

“ഞാൻ പറഞ്ഞല്ലോ അർജുൻ
രോഗികൾ മാത്രം ആണ് എന്റെ ലോകം “

“അപ്പൊ കൃഷ്ണ നോക്കട്ടെ “

“കൃഷ്ണ?” ജയറാം ഞെട്ടിപ്പോയി

“അതേ കൃഷ്ണ. ഞാൻ അവളെ ശ്രദ്ധിച്ചിട്ടുണ്ട്. ജോലികൾ ചെയ്യിപ്പിച്ചിട്ടുമുണ്ട്. അവൾ പെർഫെക്ട് ആണ് “

“അവൾക്ക് പഠിക്കണ്ടേ?”

“വൈകുന്നേരം ഒരു മണിക്കൂർ മതി..ജസ്റ്റ്‌ എല്ലാം ഒന്ന് നോക്കിയാൽ മതി “

“അത് പ്രശ്നം ആകും അർജുൻ. കൃഷ്ണ നമ്മുടെ സ്റ്റാഫ്‌ അല്ല..ഒഫീഷ്യൽ ആയി ഒരു കാര്യം ചെയ്യുമ്പോൾ ബോർഡ് മീറ്റിംഗിൽ വെയ്ക്കണം.”

അവൻ എഴുന്നേറ്റു ബാഗ് പാക് ചെയ്തു

“അവൾ ഇരിക്കാൻ പോകുന്നത് ചെയർമാന്റെ കസേരയിലാ. അതായത് എന്റെ കസേരയിൽ. അതിന് ഞാൻ എന്തിന് മറ്റുള്ളവരോട് ചർച്ച നടത്തണം..?”

ജയറാം നടുക്കത്തിൽ ഒന്ന് നോക്കി

“എടാ നീ എന്താ ഈ പറയുന്നത്? മറ്റുള്ളവർ എന്താ പറയുക? വേറെ വല്ലോം പറഞ്ഞുണ്ടാക്കും കേട്ടോ. ആ കൊച്ചിന്റെ പേര് പോകും. വെറുതെ എന്തിനാ അർജുൻ?”

“അങ്ങനെ ഒന്നുമില്ല. അവൾ ഒരു മണിക്കൂർ എന്റെ മുറിയിൽ ഇരിക്കുന്നു. അത്രേ ഉള്ളു “

“അർജുൻ.. why krishna?”

“why not krishna?”

അവൻ തിരിച്ചു ചോദിച്ചു

“കൃഷ്ണയേ എനിക്ക് വേണം..ഡോക്ടർ കൃഷ്ണയേ..എന്റെ ഹോസ്പിറ്റലിൽ വേണം…ഇതൊരു ട്രെയിനിങ് ആണ്..അവള് മിടുക്കിയാ അച്ഛൻ നോക്കിക്കോ “

“അത് മാത്രം ആണോ മനസ്സിൽ?”

അച്ഛൻ ഉദേശിച്ചത്‌ അവന് മനസിലായി

“ഇപ്പൊ അത്രേ ഉള്ളു. അവൾ ഭാവിയിൽ മികച്ച ഡോക്ടർ ആവും. പുറത്ത് പോകണ്ട. എനിക്ക് വേണം. അത്രേ ഉള്ളു “

അവൻ ബാഗെടുത്തു. അച്ഛൻ തല്ക്കാലം ഒന്നും അറിയണ്ട. വർഷങ്ങൾ ഇനിയും ഉണ്ട്. ആ വർഷങ്ങളിൽ കൃഷ്ണ എല്ലാം പഠിക്കണം. തന്റെ രീതികൾ. ഹോസ്പിറ്റലിന്റെ മാനേജ്മെന്റ്. ഭാവിയിൽ അവളാണ് ഇവിടെ എന്ന് അവളിപ്പോ അറിയണ്ട. അവൾക്ക് ട്രെയിനിങ് വേണം. സെറ്റിൽ ആവാൻ ഇനിയും സമയം എടുക്കും. അതിനിടയിൽ ആരും ഒന്നും അറിയണ്ട

കൃഷ്ണ ഒഴിച്ച്

അവളറിയണം. ഒരു ഭ്രാന്ത് പോലെ തന്റെ ഓർമ്മകൾ അവളിൽ നിറയണം. ഇനിയൊരാളിലേക്കും മനസ്സ് എത്താത്തത് പോലെ അർജുനിൽ ലയിക്കണം. പിന്മാറാൻ കഴിയാത്ത പോലെ അവൾ തന്നിലാവണം

അവൻ കാറിൽ ആയിരുന്നു

ഇരുട്ട്….ഇരുട്ടിലേക്ക് നോക്കിയവൻ ഇരുന്നു

ജയറാമിന് അർജുന്റെ മാറ്റം പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിച്ചില്ല. തുടക്കം മുതൽ കണ്ടു കൊണ്ടിരിക്കുകയാണ് ഓരോന്നും

കഴിഞ്ഞ ഒരു വർഷം ആയിട്ട മാറ്റം

കൃഷ്ണയോട് അവന് എന്താണ്?
വെറുതെ ഒരാളെ വിശ്വസിക്കില്ല അർജുൻ

അവന്റെ കസേരയിൽ അവളെയിരുത്താൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് അവന്റെ ജീവിതത്തിലേക്ക് താക്കോൽ കൊടുക്കുന്നത് പോലെയാണ്

കൃഷ്ണയോട് അവന് പ്രണയമാണ്. അത് ഉറപ്പ് ആയി ജയറാമിന്. പക്ഷെ കൃഷ്ണയ്ക്ക് …?അത് അറിയില്ലായിരുന്നു അദ്ദേഹത്തിന്

പിറ്റേന്ന് കൃഷ്ണ വന്നപ്പോൾ പക്ഷെ ജയറാം അതൊന്നും ഭാവിച്ചില്ല

“അങ്കിളേ സത്യത്തിൽ എനിക്ക് ഇതൊന്നും പറ്റില്ല എന്ന് ഞാൻ പറഞ്ഞതാ. അർജുൻ സർ എന്നെ അത്രയും വിശ്വസിക്കുന്നത് കൊണ്ടാണ്.. മറ്റുള്ളവർ എന്താ വിചാരിക്കുമെന്ന് എനിക്ക് നല്ല പേടിയുണ്ട് “

ജയറാം പുഞ്ചിരിച്ചു

“ഒരു മണിക്കൂർ അവിടെ ഇരിക്കുന്നത് പലരും കാണാൻ പോലും പോകുന്നില്ല. ഇനി കണ്ടാലും മോള് പഠിക്കുകയാണെന്ന് പറഞ്ഞ മതി. ഇതിനു മുന്നേയും അവിടെ ഇരുന്നു പഠിച്ചിട്ടുണ്ടല്ലോ. അത് കൊണ്ട് സാരമില്ല. പൊയ്ക്കോളൂ. കീ കയ്യിൽ തന്നെ വെച്ചോ.. നാളെ ഞാൻ കാണില്ല “

അവൾ വിളർച്ചയോടെ നിന്നു

“കൃഷ്ണ എന്റെ മോനെ ഇത്രയും പ്ലസന്റ് ആയിട്ട് ഞാൻ ഇപ്പോഴാ കാണുന്നത്. എന്നെയല്ലാതെ മറ്റൊരാളെ അവൻ വിശ്വസിക്കുന്നതും ആദ്യമാ. അപ്പൊ നി മിടുക്കി കുട്ടി ആയിട്ടല്ലേ? മോള് ചെല്ല് “

അവൾ അങ്ങോട്ടേക്ക് പോയി

അവന്റെ വോയിസ്‌ നോട്ടുകൾ ക്ക് അനുസരിച്ച് ഓരോന്നും ചെയ്തു. ഒരു മണിക്കൂർ കഴിഞ്ഞു പോകുകയും ചെയ്തു. ആരും അവളെ ശ്രദ്ധിച്ചില്ല. പക്ഷെ ആദ്യത്തെ ഒറ്റ ദിവസത്തിൽ ചിലയിടത്തു വന്ന ക്രമക്കേടുകൾ അവൾക്ക് മനസ്സിലായി

ഓരോന്ന് പോയ്ന്റ്സ് ആക്കി അവൾ ലാപ്പിൽ ഡേറ്റിട്ട് സേവ് ചെയ്തു വെച്ചു..ഓരോ കോപ്പി ജയറാമിനും അവനും അയച്ചു കൊടുത്തു. അർജുൻ നോക്കുന്ന കണ്ണിലൂടെ അല്ല കൃഷ്ണ നോക്കുന്നത്

അർജുൻ ബിസിനസ് കണ്ണിലൂടെ അല്ലെങ്കിൽ ആണിന്റെ കണ്ണിലൂടെയാണ് നോക്കുന്നത്

അവള് നോക്കുമ്പോൾ പെണ്ണിന്റെ ആർദ്രതയുടെ, കരുണയുടെ, വാത്സല്യത്തിന്റെ കൂടെ ഭാവമുണ്ട്

അത് കൊണ്ടാണ് പീഡിയാട്രിക് ഡോക്ടറെ കാണാൻ വരുന്നവർക്ക് വെയിറ്റ് ചെയ്യേണ്ടി വന്നാൽ ബ്രേസ്റ് ഫീഡിങ്ങിനായി അതിനോട് ചേർന്ന് ഒരു മുറി വേണമെന്ന് അവൾ അർജുനോട് പറഞ്ഞത്. ബ്രെസ്റ് ഫീഡിങ്നായി ഒരു മുറി എല്ലാ നിലയിലും ഉണ്ട്. പക്ഷെ അടുത്തല്ല. കുട്ടികളുടെ ഡോക്ടറുടെ മുറിയോട് ചേർന്ന് ഒരെണ്ണം വേണം എന്നായിരുന്നു അവളുടെ സജഷൻ. അത് അർജുൻ ചെയ്തു കൊടുത്തു

അത് നല്ല സജഷൻ ആയിരുന്നു. അവനത് മാത്യുവിനെ വിളിച്ചു അപ്പോൾ തന്നെ പറയുകയും ചെയ്തു

അർജുൻ പറഞ്ഞത് ശരിയാണല്ലോ എന്ന് ജയറാം ചിന്തിച്ചു. ആരും ശ്രദ്ധിക്കാഞ്ഞ ഒരു കാര്യം. ആദ്യത്തെ ദിവസം അവൾ ശ്രദ്ധിച്ചു. അത് അർജുൻ ചെയ്യുകയും ചെയ്തു. അവൾ പറഞ്ഞാൽ അർജുൻ അനുസരിക്കുന്നത് അയാളിൽ അതിശയം ഉണ്ടാക്കി. പക്ഷെ എല്ലാമൊന്നും കേൾക്കുന്ന ആളല്ല അർജുൻ. അത് കൃഷ്ണയ്ക്ക് പിറ്റേന്ന് തന്നെ മനസിലായി

തുടരും….