മീനാക്ഷിയുടെ സുഹൃത്തായ അനഘയ്ക്ക് സഞ്ജയെ പെട്ടെന്ന് മനസിലായില്ല. അവൾ കിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ് എന്ന് മനു പറഞ്ഞിരുന്നു. അത് അയാൾ അന്വേഷിച്ചു കണ്ടെത്താൻ രണ്ടു ദിവസം എടുത്തു.
സഞ്ജയ് ഒരു op ടിക്കറ്റ് എടുത്തു എന്നിട്ടാണവളുടെ മുറിയിൽ ചെന്നത്. സ്വയം പരിചയപ്പെടുത്തിയപ്പോ മാത്രം ആണ് അനഘയ്ക്ക് അവനെ മനസിലായത്
“സഞ്ജയ് കുറെ മാറി ” അവൾ പുഞ്ചിരിച്ചു
“എനിക്കൊരു കാര്യം അറിയണം അനഘ. എന്നെ കൂടാതെ മീനാക്ഷി സ്നേഹിച്ച ആ മറ്റെയാൾ ആരാണ് ” അനഘ ഒരു നിമിഷം മിണ്ടാതെ അവനെ നോക്കിയിരുന്നു
“സഞ്ജയ് അത് കഴിഞ്ഞു പോയ കാലമല്ലേ?”
“അതെ. പക്ഷെ എന്നെ ഇന്നും അത് പിന്തുടരുന്നുണ്ട്. എനിക്ക് അതിൽ നിന്നു ഒരു മോചനം വേണം. പ്ലീസ് പറ “
“മീനാക്ഷിക്ക് ഒക്കെയും ജസ്റ്റ് ഫൺ ആയിരുന്നു. കുറെ ബന്ധങ്ങൾ.. ഒക്കെ തമാശ. പക്ഷെ അലക്സ് അങ്ങനെ ആയിരുന്നില്ല. സ്കൂളിൽ ഞങ്ങളുടെ സീനിയർ ആയിരുന്നു. അന്ന് തുടങ്ങി ഉള്ള ഒരു റിലേഷൻ. സ്മൂത്ത് ആയി പോകുമ്പോൾ ആണ് സഞ്ജയുടെ എൻട്രി. പാട്ടുകാരൻ, കാശുകാരൻ പോരെങ്കിൽ ഒരെ religion.. അവൾ നിന്നിലോട്ട് വന്നു. അലക്സും നീയും ഒരെ സമയം. നീയും അറിഞ്ഞില്ല അവനും അറിഞ്ഞില്ല. ഒടുവിൽ.. പിന്നെ അറിയാല്ലോ. എല്ലാം.”
സഞ്ജയ് കൈകളിൽ മുഖം താങ്ങി അങ്ങനെ ഇരുന്നു കുറച്ചു നേരം.
വിഢിയാക്കപ്പെട്ടവൻ..ചതിക്കപ്പെട്ടവൻ..ഈശ്വര എത്ര വർഷങ്ങൾ ഇതോർത്ത്..
“അലക്സ് ഇപ്പൊ എവിടെ ഉണ്ട്?”
“അലക്സ്.. ഇപ്പൊ “അവളുടെ മുഖത്ത് വിഷാദം നിറഞ്ഞു
“അലക്സ് ഇപ്പൊഴും മെന്റൽ ഹോസ്പിറ്റലിൽ ആണ്. സഞ്ജയ് ഞെട്ടിപ്പോയി
“നീ എന്തിനാണ് പിന്നെ വിവേകിന്റ് ജീവിതം കളഞ്ഞത്? അവനെതിരെ മൊഴി കൊടുതത്?”
“വിവേക് ചേട്ടനെതിരെയിട്ട് ഞാൻ മൊഴി കൊടുത്തില്ലായിരുന്നുവെങ്കിൽ എന്റെ അനിയത്തിയേ അവർ കൊ-ന്നേനെ. അതായിരുന്നു ഭീഷണി. അച്ഛനും അമ്മയുമില്ലാത്ത എനിക്ക് ഈ ഭൂമിയിൽ അവൾ മാത്രമേയുണ്ടായിരുന്നുള്ളു. അവളുടെ അച്ഛനും ആങ്ങളയുംപറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും. അല്ലെങ്കിൽ ഞാൻ അങ്ങനെ ഒന്നും പറയില്ലായിരുന്നു.പക്ഷെ ദൈവത്തിന്റെ വിധി എന്നൊന്നുണ്ടല്ലോ. എന്റെ അനിയത്തി മരിച്ചു ആക്‌സിഡന്റ് ആയിരുന്നു. ഒരു നിരപരാധിയേ ജയിലിലോട്ട് തള്ളിയപ്പോ ദൈവം അവളെയങ്ങ് എടുത്തു “
അനഘ നിറഞ്ഞ കണ്ണുകൾ തുടച്ചു.
നിമിഷങ്ങൾ കഴിഞ്ഞു പോയി..
ഒടുവിൽ അവൻ എഴുന്നേറ്റു
“നിന്റെ വിവാഹം കഴിഞ്ഞോ?”അവൾ ചോദിച്ചു. സഞ്ജയ് പുഞ്ചിരിക്കാൻ ശ്രമിച്ചു
“യെസ്.”
“ഇനി ഇതിനെ കുറിച്ച് ഒന്നും ചിന്തിക്കരുത്.. സന്തോഷം ആയി ജീവിക്കാൻ നോക്ക്.”
അവൻ ഒന്ന് മൂളി. പിന്നെ ഇറങ്ങി പോരുന്നു
നിഴലിനോട് യുദ്ധം ചെയ്യുകയായിരുന്നു ഈ കാലം മുഴുവൻ. ആരെയൊക്കെ വേദനിപ്പിച്ചു? ആരോടൊക്കെ പക കൊണ്ട് നടന്നു? എന്തിന്?
അവൻ കാർ സ്റ്റാർട്ട് ചെയ്തു.ഗൗരി പറഞ്ഞില്ലായിരുന്നെങ്കിൽ ഇതൊരിക്കലും താൻ അന്വേഷിക്കില്ല. ജീവിതം മുഴുവൻ അവളെയോർത്ത് മറ്റൊരുവളെ കരയിച്ചു കൊണ്ട് ജീവിച്ചേനെ
വിവേക്…
അവനെയും താൻ.. ഈശ്വര!
ജോലികൾ തീർത്തവൻ ഒരാഴ്ച്ചക്ക് ശേഷം വീട്ടിൽ എത്തി. വരും വഴി വരുണിനെ വിളിച്ചു വീട്ടിലേക്ക് വരാൻ പറഞ്ഞു. അവനോട് പറയണം എല്ലാം. പിന്നെ ഗൗരിയോട് അവൻ തീരുമാനിച്ചു. വരുൺ വന്നപ്പോൾ സഞ്ജയ് മുറിയിൽ ഉണ്ട്.
“നീ എപ്പോ വന്നെടാ?”
“ദേ ഇപ്പൊ. വന്നു നിന്നേ വിളിച്ചു. കുളിച്ചു. അത്ര തന്നെ ” സഞ്ജയ് പുഞ്ചിരിച്ചു
“ഗൗരി എവിടെ?”
“അമ്പലത്തിൽ പോയിന്ന് സുഷമ പറഞ്ഞു “സഞ്ജയ് പുറത്തേക്ക് നോക്കി
“ഇന്നവളുടെ പിറന്നാൾ ആണെടാ മിയ പറയുന്നത് കേട്ടു “
“റിയലി?എന്നോട് പറഞ്ഞില്ലല്ലോ “സഞ്ജയ് മെല്ലെ പറഞ്ഞു
“ബെസ്റ്റ്. പറഞ്ഞിരുന്നെങ്കിൽ ആ കൊച്ചിനെ നീ എന്തെങ്കിലും പറഞ്ഞു കരയിച്ചേനെ. സന്ധ്യ ആയല്ലോ.അടുത്ത് അമ്പലം ഉണ്ടോ?”
വരുൺ പുറത്തേക്ക് നോക്കി
“കുറച്ചു ദൂരെ. നടന്നു പോകുന്ന ദൂരത്ത് ഒരെണ്ണം ഉണ്ട് “
നോക്കിയിരിക്കെ ഗേറ്റ് തുറന്നു ഗൗരി. പൊടുന്നനെ സഞ്ജയ് മുറിയിൽ നിന്ന് ഇറങ്ങി കോണിപ്പടികൾ ഓടിയിറങ്ങി പൂമുഖത്ത് വന്നു. ഗൗരി അവനെ കണ്ട് ഒരു നിമിഷം നിന്നു. പിന്നെ ആ നെറ്റിയിൽ ചന്ദനം തൊട്ട് കൊടുത്തു. സഞ്ജയുടെ ഹൃദയത്തിൽ എന്തോ ഒന്ന് വന്നു നിറഞ്ഞു. അവനവളെ ചേർത്ത് പിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു. ഗൗരി അതിശയത്തോടെ അവനെ നോക്കി
“ഹാപ്പി ബർത്ത് ഡേ ” അവൾ നാണത്തിൽ മെല്ലെ ചിരിച്ചു
“എന്ത് വേണം നിനക്ക്? പറഞ്ഞോ എന്തായാലും സാധിച്ചു തരും “അവൻ അവളെ ഇറുകെ കെട്ടിപിടിച്ചു
“വാക്കാണോ?”അവൾ കുസൃതിയിൽ നോക്കി
“ഉം വാക്ക് “
“എങ്കിൽ രാത്രി എന്നെ ദേ ബുള്ളറ്റിൽ കൊണ്ട് പോ.. സിറ്റിയിൽ..”അവന്റെ ബുള്ളറ്റ് ചൂണ്ടി അവൾ
“ഇത്രേയുള്ളൂ?”
“ഇപ്പൊ ഇത്രേം ഉള്ളു “
വരുൺ മുകൾ നിലയിലെ അവന്റെ മുറിയിൽ നിന്ന് ഈ കാഴ്ച കണ്ട് അന്തം വിട്ട് ഇരിക്കുകയായിരുന്നു. ശെടാ ഇനി ഇതൊക്കെ കാണുന്ന ഞാൻ ആത്മാവ് വല്ലോം ആണോ? ഞാൻ ചത്തോ?
ഇല്ല. ജീവനുണ്ട്
അവൻ പതിയെ താഴേക്ക് ഇറങ്ങി ചെന്നു
“എന്നാ പിന്നെ ഞാൻ അങ്ങോട്ട്..” സഞ്ജയ് പെട്ടന്ന് ഗൗരിയിൽ നിന്ന് അകന്ന് മാറി.
“ഡാ നീ മിയയെ കൂട്ടി വാ ഇവളുടെ പിറന്നാൾ അല്ലെ?,പുറത്ത് പോയി വരാം ” സഞ്ജയ് ഉറക്കെ പറഞ്ഞു
“ഉയ്യോ വേണ്ടായേ മക്കളങ്ങ് ഒറ്റയ്ക്ക് പോയ മതി “
വരുൺ പോയി. അവൻ അവൾക്കരികിൽ ചെന്നു
നീളൻ പാവാടയിലും ആ ചെറിയ ടോപ്പിലും അവൾ ചെറിയ കുട്ടിയായി തോന്നിച്ചു മുടി അഴിച്ചു വിതർത്തിട്ടിരിക്കുന്നു. അവന്റെ കണ്ണുകൾ അവളിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു. ഗൗരി ആ കണ്ണ് പൊത്തി
“അസത്ത് നോട്ടം “
“നോക്കിക്കൂടെ?”അവൻ ആ കവിളിൽ തഴുകി
“അയ്യടാ “
“നീ എന്റെ ഭാര്യയല്ലേ? അപ്പൊ എനിക്ക് നോക്കാം. വേണേൽ തൊടാം “അവൻ കുസൃതിയിൽ അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.
ഗൗരി എതിർത്തില്ല, കുതറി മാറിയില്ല,ഇമ വെട്ടാതെ അവനെ നോക്കി നിന്നു.
അവൻ അവളുടെ ചുണ്ടിൽ ഒന്ന് തൊട്ടു. ശ്വാസത്തിന് തീയുടെ ചൂട്..
“നമ്മൾ മുറ്റത്താട്ടോ “
സഞ്ജയ് ചുണ്ടിൽ ഒന്നമർത്തി.
“റെഡി ആയിക്കോ പുറത്ത് പോവാം. ഈ ഡ്രസ്സ് വേണ്ട.. വേറെ ഏതെങ്കിലും “
അവൾ ഉത്സാഹത്തോടെ തലയാട്ടി. ബുള്ളറ്റിൽ അവന്റെ പിന്നിൽ അവനെ കെട്ടിപിടിച്ചു ഗൗരി
“ഞാൻ ഇത് വരെ ബുള്ളറ്റിൽ കേറിയിട്ടില്ല ” അവൾ ഉറക്കെ പറഞ്ഞു
വീശിയടിക്കുന്ന കാറ്റിൽ അവൾക്ക് കുളിർന്നു
“എന്ത് രസാ ” അവൾ അവനോട് ഒന്നുടെ ചേർന്നിരുന്നു
അവളോട് എല്ലാം പറയാൻ കരുതി തന്നെ ആണ് അവൻ വന്നത്. പക്ഷെ ഇന്നവളുടെ പിറന്നാൾ ആണെന്നറിഞ്ഞപ്പോ അവനത് മനസിലടക്കി. വെറുതെ ഇന്നൊരു ദിവസം വേദനിപ്പിക്കണ്ട എന്നവൻ തീരുമാനിച്ചു. പറയാം പതിയെ.
“സഞ്ജു ചേട്ടാ…”
“പറഞ്ഞോ “
“നമുക്ക് ദേ ആ തട്ട് കടയിൽ നിന്ന് ദോശ കഴിക്കാം “
അവൻ വണ്ടി നിർത്തി
“ദേ മുളക് ചട്ണി ” അവൾ കൈ ചൂണ്ടി. അവൻ ആ നിഷ്കളങ്കതയിലേക്ക് നോക്കി നിന്നു. ദോശ ചട്ണിയിൽ മുക്കി അവൻ മെല്ലെ അത് അവളുടെ വായിലേക്ക് വെച്ചു കൊടുത്തു. ജീവിതത്തിൽ ആർക്കും ഇത് വരെ അവനത് ചെയ്തിട്ടുണ്ടായിരുന്നില്ല. അവൾ മിഴിഞ്ഞ കണ്ണുകൾ ഒന്നുടെ വിടർത്തി
“ഉം കഴിക്ക് പിറന്നാൾ വാവ ” അവൻ വാത്സല്യത്തോടെ പറഞ്ഞു
അവനോടുള്ള സ്നേഹം കൊണ്ട് ഗൗരിയുടെ ഉള്ളു നിറഞ്ഞു. അവൾ മെല്ലെ അവനോട് ചേർന്ന് നിന്നു
“ഇനിയെന്താ വേണ്ടേ പറഞ്ഞോ.” അവിടെ നിന്ന് ഇറങ്ങുമ്പോൾ അവൻ ചോദിച്ചു
“നമുക്ക് കുറച്ചു നടക്കാം.”അവൾ ആ കൈ പിടിച്ചു. അവൻ വണ്ടി ഒതുക്കി ലോക് ചെയ്തു വെച്ചു. അവന്റെ കയ്യിൽ കൈ ചേർത്ത് അവൾ നടന്നു
“അതേയ്… ഞാൻ സഞ്ജു ചേട്ടനെ ആദ്യായിട്ട് കണ്ടില്ലേ?” അവൻ മൂളി
“അത് കഴിഞ്ഞു ഒരു രാത്രി ഞാൻ ഇത് സ്വപ്നം കണ്ടിട്ടുണ്ട് ” അവൻ അത്ഭുതത്തോടെ അവളെ നോക്കി
“സത്യം. ഈ യാത്ര. ഈ നടപ്പ്..പിന്നെ ” അവൾ നിർത്തി
“മുഴുവൻ പറ “
“വേണ്ട എന്നെ കളിയാക്കും “
“ഇല്ലടി പറ “
“എന്നെ വഴിയരുകിൽ വെച്ച് ഉമ്മ വെയ്ക്കുന്നത് ” അവൾ മുഖം പൊത്തി
അവൻ അവളെ പിടിച്ചു നിർത്തി
“അയ്യേ വേണ്ട “
അത് വഴിയരികിൽ ഉള്ള ഒരു മരത്തിന്റെ തണലായിരുന്നു
“ആ സ്വപ്നം ഫലിക്കാതിരിക്കണ്ട “
“ആരേലും കാണും. ദേ മൊബൈലിൽ എടുക്കും ട്ടോ. പബ്ലിക് റോഡിൽ എ സി പിയുടെ..”
പറഞ്ഞു തീരും മുന്നേ സഞ്ജയ് അവളെ ചുംബിച്ചു. ഒരു സെക്കന്റ് ഒറ്റ സെക്കന്റ്. ചുണ്ട് ചുണ്ടിൽ അമർത്തി ഒരുമ്മ. ഗൗരി ആ കൈകളിൽ അമർത്തി പിടിച്ചു കുനിഞ്ഞു നിന്നു. പിന്നെ മുഖം ഉയർത്തി
“ഇപ്പൊ സഞ്ജു ചേട്ടന്റെ മനസ്സിൽ ഞാൻ മാത്രം ഉള്ളല്ലെ?” സഞ്ജയുടെ കണ്ണ് നിറഞ്ഞു.പെട്ടെന്ന് അവനൊരു ചിരി കൊണ്ട് അവനത് മറച്ചു
ഗൗരി ആ തോളിൽ ശിരസ്സ് ചേർത്ത് ആ വിരൽ പിടിച്ചു നടന്നു
രാത്രി വളർന്നു കൊണ്ടിരുന്നു…
തുടരും…