പ്രഭാതഭക്ഷണത്തിനയുള്ള ക്യുവിലായിരുന്നു വിവേക്. തൊട്ട് പിന്നിൽ നിന്നവൻ അവന്റെ ചെവിയിലേക്ക് ചുണ്ട് ചേർത്ത് അവന്റെ പേര് വിളിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി. പരിചയം ഇല്ലാത്ത ഒരാൾ
“നീ മൂന്ന് ദിവസം കഴിഞ്ഞു പുറത്തിറങ്ങും ” വിവേക് നടുക്കത്തോടെ അയാളെ നോക്കി
“നിന്നേ സ്വാതന്ത്രദിനത്തിന്റെ അന്ന് ഫ്രീ ആക്കും “
“അത് നിങ്ങൾക്ക് എങ്ങനെ അറിയാം?”.വിവേക് അവിശ്വസനീയതയോടെ ചോദിച്ചു
“എനിക്ക് അറിയാം അല്ലെങ്കിൽ നീ നോക്കിക്കോ. പക്ഷെ അന്നേ ദിവസം നീ കൊ- ല്ലപ്പെടും “
വിവേക് ഭയത്തോടെ അയാളെ നോക്കി. പക്ഷെ അപ്പോഴേക്കും അവൻ മുന്നിലെത്തിയിരുന്നു. ഭക്ഷണം വാങ്ങി അവൻ ഒരു സ്ഥലത്ത് പോയി ഇരുന്നു കഴിക്കാൻ ശ്രമിച്ചു. റിലീസ് ആവാൻ ഇനിയും ഒരു വർഷം ഉണ്ട്. തനിക്ക് വേണ്ടി പറയാൻ ആരുമില്ല. അയാൾ വെറുതെ പറഞ്ഞതാകും അല്ലെങ്കിൽ അയാൾക്ക് ആള് തെറ്റിയിട്ടുണ്ടാകും.
അങ്ങനെ ചിന്തിച്ചു വെറുതെ ഭക്ഷണത്തിൽ വിരൽ ഇട്ടു ഇളക്കിയിരിക്കുമ്പോൾ അയാൾ വീണ്ടും അരികിൽ വന്നു
“അന്നിവിടെ നിന്നിറങ്ങിയാൽ നിന്നെ കൊല്ലാനുള്ള ആൾക്കാർ ജയിലിനു പുറത്ത് കാത്ത് നിൽപ്പുണ്ട് എന്നോർത്ത് ഇറങ്ങുക. നിന്നേ കുറിച്ച് ഞാൻ ഇവിടെ അന്വേഷിച്ചു. എല്ലാർക്കും നല്ല അഭിപ്രായം ആണല്ലോ. ഇനി ഒന്നിലും ചെന്നു പെടരുത് ” വിവേക് ദൈന്യതയോടയാളെ നോക്കി
“ഡോക്ടർ ആയിരുന്നു അല്ലെ?” അവൻ നിറഞ്ഞ കണ്ണുകൾ താഴ്ത്തി
“ഇവിടെ നിന്നിറങ്ങിയാ നേരേ കോയമ്പത്തൂർ പോകുക. എന്നെ വിശ്വാസം ഉണ്ടെങ്കിൽ ഞാൻ ഒരു അഡ്രസ് തരാം. അവർ നിങ്ങളെ സഹായിക്കും. അവിടെ നിന്ന് മുംബൈക്കോ ഡൽഹിക്കോ പൊയ്ക്കോ. പോയി രക്ഷപെട്ടു ജീവിക്കാൻ നോക്ക് “
“ഇത്രയൊക്കെ എന്നെ കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ എന്നെ ആരാണ് കൊ- ല്ലുന്നത് എന്നും അറിയാമായിരിക്കുമല്ലോ. അത് പറ “
“നിങ്ങൾ ഇവിടെ വരാൻ എന്തായിരുന്നു കാരണം? അതുമായി ബന്ധം ഉള്ളവർ തന്നെ ” അയാൾ മെല്ലെ പറഞ്ഞു
വിവേക് സഞ്ജയ് പറഞ്ഞത് ഓർത്തു. സഞ്ജയുടെ പക ഓർത്തു. അവൻ ആയിരിക്കുമോ?
“ആ മതി മതി സെല്ലിലോട്ട് പൊയ്ക്കോ രണ്ടാളും.” പോലീസ് വന്നു പറഞ്ഞപ്പോൾ ഭക്ഷണം വേഗം കഴിച്ചു തീർത്തവർ എഴുന്നേറ്റു
“എടാ രാജേഷേ.. നീ എന്താ അവനോട് പോയി പറഞ്ഞത്?”
വിവേകിന്റെ അരികിൽ നിന്ന് വന്ന രാജേഷിനോട് മാത്യു ചോദിച്ചു “ആ ചെക്കൻ പാവം.രക്ഷപെട്ടു പോട്ടെ ” രാജേഷ് പറഞ്ഞു
“നമ്മൾ ഈ വിവരം പറഞ്ഞെന്ന് സജീവൻ സാർ അറിഞ്ഞാൽ പിന്നെ നമ്മളില്ല കേട്ടോ.”
“ഓ പിന്നെ അങ്ങേര് ജയിലിൽ വന്നു എന്നേ എന്നാ ചെയ്‌യുമെന്നാ? ഞാൻ ഇത് അനീഷ് സാറിനോടും പറഞ്ഞിട്ടുണ്ട്. ആ ചെറുക്കൻ രക്ഷപെട്ടു പോട്ടെ ” മാത്യു പിന്നെ കൂടുതൽ ഒന്നും പറഞ്ഞില്ല. അവരുടെ കൂട്ടത്തിൽ ഉള്ളവർ തന്നെ ആണ് പുറത്ത് വിവേകിനെ കാത്തിരിക്കുന്നത്.. പക്ഷെ ഇവിടെ വന്ന് വിവേകിനെ കുറിച്ച് എല്ലാം അറിഞ്ഞപ്പോൾ തുടങ്ങിയതാണ് രാജേഷിനു സഹതാപം. ഒരു തരത്തിൽ ഒരു കുറ്റത്തിന് ഒരു ശിക്ഷ പോരെ? രാജേഷ് പറഞ്ഞത് പോലെ അവൻ രക്ഷപെടട്ടെ
അനൂപ് ഹോട്ടൽ സ്കൈലാൻഡിംന്റെ മുന്നൂറ്റി പത്താം നമ്പർ മുറിയിൽ ആയിരുന്നു. പുതിയ സ്റ്റ’ ഫ് ഒരെണ്ണം വന്നെന്ന് ഹോട്ടലുകാർ നേരിട്ട് വിളിച്ചു പറഞ്ഞതനുസരിച്ച് വന്നതായിരുന്നു അവനും സംഘവും. സ്റ്റ- ഫ് രുചിച്ചു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. കാളിംഗ് ബെൽ അടിച്ചു
“അവളായിരിക്കും. നമ്മുടെ സൽമ.. വരാം ന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പോയി തുറന്നു കൊടുക്ക് ” അനൂപ് ഒരു വഷളൻ ചിരിയോടെ പറഞ്ഞു
വാതിൽ തുറന്നവൻ മുന്നിൽ വന്ന് വിറയ്ക്കുന്നത് കണ്ട് അനൂപ് പൊട്ടിച്ചിരിച്ചു
“എന്താ ടാ തലയ്ക്കു പിടിച്ചോ?” അയാൾ ഭീതിയോടെ വാതിൽക്കൽ നിൽക്കുന്ന ആളിലേക്ക് കൈ ചൂണ്ടി
പോലീസ് യൂണിഫോമിൽ സഞ്ജയ്
“ആഹാ എ സി പി നേരിട്ട് ഇറങ്ങിയോ വേട്ടയ്ക്ക്? താൻ സമയം മെനക്കെടുത്താതെ പോയെ ” അവൻ പുച്ഛത്തോടെ പറഞ്ഞു
“സഞ്ജയ് കൂടെയുള്ളവരെ അകത്തോട്ടു വിളിച്ചു
ഒരു സംഘം പോലീസ്കാർ മാത്രമല്ല കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട എല്ലാ ചാനലുകളുടെയും പ്രവർത്തകരും അകത്തേക്ക് വന്നു
“അപ്പൊ എങ്ങനാ.. പോവല്ലേ?” സഞ്ജയ് ചോദിച്ചു
അവൻ ചുറ്റും നോക്കി. പെട്ടു. അവനെ നിമിഷം കൊണ്ട് വിയർത്തു കുളിച്ചു
“അബദ്ധം ഒന്നും കാണിക്കരുത് ലൈവ് പൊയ്ക്കൊണ്ടിരിക്കുകയാണ് ” സഞ്ജയ് കുനിഞ്ഞു അവന്റെ കാതിൽ പറഞ്ഞു
“സജീവൻ സാറെ ടീവി വെയ്ക്ക് “
പേർസണൽ സെക്രട്ടറി റിയാസ് വാതിലിൽ ഇടിച്ചപ്പോൾ സജീവൻ തന്റെ നെഞ്ചിൽ കിടന്ന മഹേശ്വരിയെ മാറ്റി എഴുന്നേറ്റു മുണ്ട് വാരി ഉടുത്തു. പിന്നെ അവളെ ഒന്ന് നോക്കി
“ആ വാതിൽ അടച്ചേക്ക് ഇപ്പൊ വരാം ” അവൾ തലയാട്ടി
പുറത്തേക്ക് വന്ന അയാളുടെ മുന്നിൽ ടീവിയിൽ
“10kg m -dm- a യുമായി മന്ത്രി പുത്രൻ അറസ്റ്റിൽ “
എല്ലാ ചാനലിന്റയും ഹെഡ് ലൈൻസ് അതായിരുന്നു. ആയാൾ നെഞ്ചിൽ കൈ വെച്ചു സെറ്റിയിലേക്ക് വീണു
“എന്റെ ഈശ്വര… നീ ആ ഐ ജി ചന്ദ്രമോഹനെ ഒന്ന് ലൈനിൽ തന്നെ ” ആയാൾ പേർസണൽ സെക്രട്ടറിയോടു പറഞ്ഞു
“സാർ കണക്ട് ആയിട്ടുണ്ട് ” അയാൾ ഫോൺ നീട്ടി
“എന്തോന്നടോ ഇതൊക്കെ. ആരാടോ ഇത് പ്ലാൻ ചെയ്തത്? അവനിനി സർവീസിൽ ഉണ്ടാകില്ല എന്ന് പറഞ്ഞേക്ക് “
ഐ ജി ഒരക്ഷരവും പറയാതെ ഫോൺ കട്ട് ചെയ്തു ഓഫ് ചെയ്തു കളഞ്ഞു
“സാറെ നമ്മുടെ ബെഡ്‌റൂമിൽ ഇരിക്കുന്ന അവളെ പറഞ്ഞു വിട്ടേക്കട്ടെ.ആരെങ്കിലും അറിഞ്ഞു കേട്ട് ഇങ്ങോട്ട് വന്നാൽ പിന്നെ ഇതു കൂടി പ്രശ്നം ആകും . അവളോട് പോകാൻ പറയട്ടെ “
“എങ്ങോട്ട് എങ്കിലും പോകാൻ പറയടോ “അയാൾ തലയ്ക്കു കൈ കൊടുത്തു
പേർസണൽ സെക്രട്ടറി ബെഡ്‌റൂമിൽ ചെന്നു
“നീ പൊയ്ക്കോ സാറിന് ഭയങ്കര ടെൻഷൻ ഉള്ള ദിവസമാ ഇന്ന്. ഇന്നാ പൈസ”
കാശും വാങ്ങി അവർ എഴുനേറ്റു.
“എന്നാ പിന്നെ ഇനി എന്നാ എന്ന് ഒന്ന് നേരെത്തെ പറഞ്ഞേക്കണേ സാറെ “
“നീ ഒന്ന് വേഗം പൊ എന്റെ മഹേശ്വരി “
റിയാസ് വാതിൽക്കലേക്ക് നോക്കി പറഞ്ഞു. അവൾ പോയിക്കഴിഞ്ഞപ്പോളാണ് അയാളുടെ ശ്വാസം നേരേ വീണത്. മൊബൈലുകൾ ശബ്ദിച്ചു തുടങ്ങി
“സാറെ സി എം ” അയാൾ ഫോൺ സജീവന്റെ നേരേ നീട്ടി
സജീവന്റെ കൈകൾ വിറച്ചു
“ഹലോ “
“എന്താടോ ഇതൊക്കെ? തന്നോടും മോനോടും ഞാൻ നുറു വട്ടം പറഞ്ഞിട്ടുണ്ട് ഇലക്ഷന് ഇനി കുറച്ചു ദിവസങ്ങളേയുള്ളൂ ഒന്നിലും കൊണ്ട് പോയി തല വെച്ചു കൊടുക്കരുത് എന്ന്. ഇനിയിപ്പോ എന്തെങ്കിലും പറയാനുണ്ടോ?”
“സാർ ഇതെന്തൊ ഒരു ട്രാപ്പ് ആണ് സാർ. അവൻ ഒരു പാർടിക്ക് പോയതാ അവനെ ചതിച്ചതാ “
“ഒന്നുകിൽ ഇരുപത്തി നാല് മണിക്കൂറിനകം പരിഹാരം അല്ലെങ്കിൽ രാജി. ഇരുപത്തി നാലു മണിക്കൂർ ഉണ്ട് തന്റെ കയ്യിൽ. കേസ് തേച്ചു മാച്ച് കളയാൻ പറയെടോ.. പിടിച്ചത് എം ഡി എം എ അല്ല എന്ന് തെളിയണം “
“ഞാൻ ശ്രമിക്കാം സാർ..” സി എം ഫോൺ വെച്ചു
രാജി മാത്രം അല്ല അവൻ ജാമ്യം കിട്ടാതെ അകത്തു കിടക്കും.. അയാൾക്ക് അത് അറിയാം. സഞ്ജയ് മാധവ് ഐ പി എസ്. ചെറുക്കന് നട്ടെല്ല് ഇരുമ്പ് ആണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ തന്നോട് കളിക്കുമെന്ന് കരുതിയില്ല. അവന് തന്നോട് എന്താണ് പക? അല്ലെങ്കിൽ ഇപ്പൊ അനൂപിനെ അറെസ്റ്റ് ചെയ്തത് എന്തിന്?
അയാൾ കൈ വിരൽ ചെന്നിയിൽ വെച്ചു അമർത്തി. താൻ ശ്രദ്ധിക്കാത്ത വിട്ട് പോയിട്ടുള്ള എന്തെങ്കിലും ഉണ്ടോ? എന്തെങ്കിലും?
പെട്ടെന്ന് ഒരിക്കൽ അനൂപ് പറഞ്ഞത് അയാളുടെ ഓർമ്മയിലേക് വന്നു
“അച്ഛാ വിവേകിന്റെ പെങ്ങളെ കല്യാണം കഴിച്ചിരിക്കുന്നത് എ സി പി സഞ്ജയ് ആണ്. ഇനി അവളെ തൊടാൻ നമുക്ക് പറ്റില്ല അവൻ ഒരു മൂർഖനാ “
വിവേക്…വിവേക് മറ്റന്നാൾ ജയിലിൽ നിന്നിറങ്ങും. അതുമിവൻ കാരണമാവും. വിവേകിനെ കൊ- ല്ലാനുള്ള കൊ’ ട്ടേഷൻ കൊടുത്തത് ലീക് ആയിട്ടുണ്ടെന്ന് അയാൾക്ക് ഉറപ്പായി.
അതെ. അത് സഞ്ജയ് അറിഞ്ഞു കഴിഞ്ഞു. വിഷം ഇറക്കാൻ കടിച്ച പാമ്പ് തന്നെ വരട്ടെ ഇവിടെ. അയാൾ ഫോൺ എടുത്തു കമ്മീഷണറേ വിളിച്ചു
“പത്ത് മിനിറ്റിനുള്ളിൽ സഞ്ജയ് എന്റെ മുന്നിൽ എത്തണം “
“സോറി സാർ. നടക്കില്ല. സഞ്ജയ് ഇവിടെ ഇല്ല. എവിടെ ആണെന്ന് ഐ ജി ക്ക് മാത്രമേ അറിയൂ. “
“താൻ പിന്നേ ഏത് കോത്താഴത്തിലെ കമ്മീഷണർ ആണെടോ?” അയാൾ അലറി
ഓരോ വാതിലുകളും തനിക്ക് മുന്നിൽ അടയുന്നത് ആയാൾ ഭീതിയോടെ അറിഞ്ഞു. ഒടുവിൽ അയാൾ ഒരു തീരുമാനത്തിൽ എത്തി. എന്തായാലും നനഞ്ഞിറങ്ങി
“റിയാസേ വണ്ടി എടുക്ക്. മിനിസ്റ്ററുടെ വണ്ടി വേണ്ട. വേറെ ഏതെങ്കിലും. എന്നിട്ട് നമുക്ക് സഞ്ജയുടെ വീട് വരെ പോകണം ” അയാൾ എഴുനേറ്റു
തൊട്ട് മുന്നിൽ സഞ്ജയ്
“എന്നെ കണ്ടാൽ പോരെ… ദേ ഞാൻ ” സഞ്ജയ് ചിരിച്ചു
“എടാ നീ എന്റെ മോനെ…” അയാൾ മുന്നോട്ടു ആഞ്ഞു അവന്റെ ഷർട്ടിൽ പിടിച്ചു
“കൈ എടുക്കടാ നാ-റി ” ഒറ്റ അലർച്ച ആയിരുന്നു സഞ്ജയ്
“നിന്നേ പോലെയുള്ളവന്മാർക്ക് തൊടാനുള്ളതല്ല കാക്കി. ഇനി തൊട്ടാൽ തന്റെ കൈ ഞാൻ വെട്ടും. വെട്ടുമെന്ന് പറഞ്ഞാൽ സഞ്ജയ് അത് ചെയ്തിരിക്കും. എനിക്ക് മുന്നും പിന്നും നോക്കാനില്ല.”
സജീവൻ വിറച്ചു പോയി
“നീ വിവേകിനെ കൊല്ലാൻ തീരുമാനിച്ച നിമിഷം അത് ഞാൻ അറിഞ്ഞ നിമിഷം… അന്ന് തീർന്നു നിന്റെ ഭൂതവും ഭാവിയും വർത്തമാനവും. അനൂപ് ഇനി ജയിലിൽ തന്നെ. സാരമില്ല ഒരു നിരപരാധിയേ ഏഴു വർഷം ജയിലിൽ ഇട്ടവനല്ലേ? അനുഭവിക്ക്… പിന്നെ കൊട്ടേഷൻ ആർക്കു കൊടുത്തു എങ്ങനെ എപ്പോ അത് എനിക്ക് അറിയണ്ട. പക്ഷെ പിൻവലിച്ചോണം. ഇല്ലെങ്കിൽദേ ഈ പെൻഡ്രൈവ് ലോകം മൊത്തം കാണും..”
അവൻ ഒരു പെൻഡ്രൈവ് റ്റീപോയിൽ ഇട്ടു
“താൻ അഭിനയിച്ച സിനിമയാടോ കുറച്ചു മുന്നേ ” സജീവൻ മരിച്ച പോലെ നിന്നു പോയി
“ഒറിജിനൽ എന്റെ കയ്യിൽ ഉണ്ട്. ഞാൻ അത് സൂക്ഷിച്ചു വെയ്ക്കും എന്തിനെന്നോ ഒരിക്കലും നീ ഇനി തല പൊക്കാതിരിക്കാൻ.. വിവേകിന്റെ ദേഹത്ത്… തൊടരുത് ആരും. കേട്ടല്ലോ “
സഞ്ജയ് ഇറങ്ങി നടന്നു
തുടരും…