സൂര്യനെ പ്രണയിച്ചവൾ, അധ്യായം 26- എഴുത്ത്: അമ്മു സന്തോഷ്

വരുണിന്റെ ബ്ലഡ്‌ റിസൾട്ട്‌ മിക്കവാറും എല്ലാം നോർമൽ ആയിരുന്നു. താര സംശയിച്ചത് പോലെ തന്നെ അത് ഏതോ മരുന്നിന്റെ എഫക്ട് ആയിരുന്നു.
മരുന്ന് കൊടുത്തത് ഏതൊക്ക ആണെന്ന് വരുണിനു അറിയാത്തത് കൊണ്ട് അത് കൃത്യമായി കണ്ടു പിടിക്കാൻ മറ്റു വഴികളൊന്നുമില്ല താനും
എന്തായാലും വലിയ ഒരു അപകടത്തിൽ നിന്ന് വരുൺ രക്ഷപെട്ടു എന്ന് മാത്രം അല്ല കൂട്ടത്തിൽ സഞ്ജയ്‌ കൂടെ രക്ഷപെട്ടു എന്ന് വേണം കരുതാൻ

ഇനിയും ഒന്ന് രണ്ടു ടെസ്റ്റുകൾ കൂടി ചെയ്യാൻ ഉണ്ടായിരുന്നത് കൊണ്ട് അവർ തിരുവനന്തപുരത്ത് സ്വന്തം വീട്ടിൽ തന്നെ തങ്ങി. പകൽ. ഇതിന്റെയൊക്കെ പുറകെ ഓടി നടന്നത് കൊണ്ട് സഞ്ജയ്‌ ഉണ്ടാക്കിയ പുകിലൊന്നും അവർ അറിഞ്ഞിരുന്നില്ല. ടീവി ഒന്ന് വെച്ചു നോക്കെന്ന് ഗൗരി വിളിച്ചു പറഞ്ഞപ്പോഴാണ് അവർ വെച്ചത്.

സംഭവങ്ങൾ കണ്ട് അവർ അന്തം വിട്ടിരുന്നു.വൈകുന്നേരമായിട്ടും ചർച്ചകൾ കൊഴുത്തതല്ലാതെ ഒട്ടും ചൂടാറിയിട്ടില്ല.

“ഈശ്വര!ഇവൻ ഇത് എന്ത് ഭാവിച്ചിട്ടാ? “

താര ശിരസിൽ കൈ വെച്ചു പോയി. വരുൺ നല്ല ത്രില്ലിൽ അത് കണ്ടു കൊണ്ടിരുന്നു

“നോക്ക് ആന്റി ഒരു സിനിമ നടൻ വരുന്ന പോലെയുണ്ട്. ആഹാ എന്താ സ്റ്റൈൽ “

അനൂപിനെ അറസ്റ്റ്‌ ചെയ്തു കൊണ്ട് പോകുന്ന രംഗം ടീവിയിൽ ആവർത്തിച്ചു കാണിച്ചു കൊണ്ടിരുന്നത് നോക്കി വരുൺ പറഞ്ഞത് കേട്ട് മിയ കണ്ണുരുട്ടി

“ഇതിന്റെയൊക്കെ ഭവിഷ്യത്ത് എന്താ എന്നറിയുമോ വരുൺ?”

താര വരുണിനോട് ചോദിച്ചു. വരുണ് ഇല്ല എന്നർത്ഥം വരും പോലെ തലയിളക്കി

“ഒന്നുകിൽ ട്രാൻസ്ഫർ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ അപകടപ്പെടുത്താൻ നോക്കും. ഞാൻ ഇവനോട് മെഡിസിൻ കഴിഞ്ഞപ്പോൾ പറഞ്ഞതാണ് അങ്ങോട്ട് പോരാൻ. അപ്പൊ ഐ പി എസ് എടുക്കണം എന്ന വാശി. പോട്ടെ നല്ലതല്ലേ എന്ന് കരുതി. ഇതിപ്പോ നോക്ക്. ഈ ചെക്കൻ എന്താ ഇങ്ങനെ?”

“He is fantastic ” വരുൺ അറിയാതെ പറഞ്ഞു പോയി

“നീ ആണ് അവന് കൂട്ട് നിൽക്കുന്നത്.എനിക്ക് അറിയാം “

വരുൺ ചമ്മി ചിരിച്ചു. താര സഞ്ജയുടെ മൊബൈലിൽ വിളിച്ചു നോക്കി. കിട്ടുന്നില്ല വേറെ ഫോണിലാണ്. ഇങ്ങോട്ട് വിളിക്ക് എന്നൊരു മെസ്സേജ് ഇട്ടിട്ട് അവർ വീണ്ടും ടിവി യിലേക്ക് നോക്കി

“ഐ പി എസ് പുലിക്കുട്ടി എന്ന tag ഒക്കെ ആണ് ഫേസ്ബുക് നിറയെ” വരുൺ ആവേശത്തോടെ പറഞ്ഞു

താര രൂക്ഷമായി നോക്കിയതും അവൻ മുറിയിലേക്ക് പോയി കഴിഞ്ഞു

സഞ്ജയ്‌ ഗൗരിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു

“നിനക്ക് പേടിയുണ്ടോ ഗൗരി?”

“എന്തിന്?”

“ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോ ചിലപ്പോൾ നിനക്ക് പേടി തോന്നിയാലോ? ഇടി മിന്നലിനെയും സ്പീടിനെയും പൂച്ചയെയും വരെ പേടിയുള്ള ആളല്ലേ “

“എന്റെ സഞ്ജു ചേട്ടനെ എനിക്ക് അറിയാമല്ലോ. പിന്നെ ഞാൻ എന്തിനാ പേടിക്കുന്നെ?”

സഞ്ജയ്‌ ഒന്ന് നിശബ്ദനായി

“ഞാൻ ഇന്ന് വരില്ല ട്ടോ.ഇനി ഇന്ന് വിളിക്കില്ല.തിരക്കാണ്. നാളെ വൈകുന്നേരം വരും. അപ്പൊ റെഡി ആയി ഇരിക്കണം. നമുക്ക് ഒന്നിച്ചു പോയി വിവേകിനെ കൂട്ടണം “

അവൾ അതിശയത്തോടെ അത് കേട്ട് നിന്നു

അവളുടെ തൊണ്ടയിൽ എന്തോ തടയും പോലെ തോന്നി. കണ്ണൊക്കെ നിറഞ്ഞ പോലെ

“ഗൗരീ?” അവൾ ഒന്ന് മൂളി

“മിസ്സ് യൂ “

“ഉമ്മ്മ്മ്മ്മ്മ “അവൾ ഇടർച്ചയോടെ പറഞ്ഞു. ഫോൺ കട്ട്‌ ആയി. ഫോൺ ടീപ്പോയിൽ വെച്ച് അവൾ കണ്ണുകൾ അടച്ചു സെറ്റിയിലേക്ക് ചാരി

“മോളെ ഒരു ചായ എടുക്കട്ടെ “

സുഷമ ചേച്ചിക്ക് ഒരു നന്ദി പറയാൻ തോന്നി പോയി അവൾക്ക്. തല വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. അവൾ പുഞ്ചിരിച്ചു

“സഞ്ജുചേട്ടൻ ഇന്ന് വരില്ല ചേച്ചി. ഗേറ്റ് നേരത്തെ പൂട്ടിക്കോളൂ “

“ശരി മോളെ “

അവർ അപ്പൊ തന്നെ കീ എടുത്തു പോയി ഗേറ്റ് പൂട്ടി കളഞ്ഞു. ടീവിയിലെ സംഭവങ്ങൾ ഒക്കെ അവരും കണ്ടിരുന്നു. അവർക്ക് ഉള്ളിൽ ചെറിയ പേടിയും ഉണ്ടായിരുന്നു. പൂട്ടിയിട്ട് തിരിയുമ്പോൾ റോഡിൽ ഗേറ്റിനരികിൽ ആരോ നിൽക്കുന്ന പോലെ തോന്നിയിട്ട് അവർ ടോർച് അടിച്ചു നോക്കി. തന്റെ ഭർത്താവ്. രാജീവൻ

അവരുടെ ഉള്ളിലൂടെ ഒരു വിറയൽ. കടന്നു പോയി. വർഷം എത്ര കഴിഞ്ഞാലും അയാളെ താൻ മറക്കില്ല സ്നേഹിച്ചു വഞ്ചിച്ചതു പോരാഞ്ഞിട്ട് പൂർണ ഗർഭിണി ആയിരിക്കെ ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞവൻ

“സുഷമേ “

എന്നൊരു നേർത്ത വിളിയൊച്ച അവരുടെ കാതിൽ വീണു. കാർക്കിച്ചൊരു തുപ്പ് ശബ്ദം കേട്ടിടത്തേക്ക്. പിന്നെ മുഖം വെട്ടിച്ച് ശിരസ്സ് ഉയർത്തി അവർ വീടിനുള്ളിലേക്ക് നടന്നു. ഗൗരി പൂമുഖത്ത് നിന്ന് അത് കാണുന്നുണ്ടായിരുന്നു

“അത് ആരായിരുന്നു ചേച്ചി?” സുഷമ ഒന്ന് സംശയിച്ചു പറയണോ വേണ്ടയോ

ഗൗരിയുടെ മുഖത്ത് നോക്കി കള്ളം പറയാൻ അവർക്ക് തോന്നിയില്ല

“അത് അയാൾ ആയിരുന്നു “

“ആര്?”

“ഒരിക്കൽ എന്നെ ചതിച്ച ഉപേക്ഷിച്ച.. നാ-റി “

ഗൗരി സ്തബ്ധയായി

“ചേച്ചി….?”

“ഇരുപത് വർഷം കഴിഞ്ഞു… എന്നാലും മുഖം എനിക്ക് ഓർമ്മയുണ്ട്. ശബ്ദം എനിക്ക് ഓർമയുണ്ട്. ആട്ടിയോടിച്ചു വിടാൻ മടിയുമില്ല  “

സുഷമ കിതച്ചു

“ചേച്ചി വർഷം ഇത്രയും കഴിഞ്ഞില്ലേ? അയാൾക്ക് തെറ്റ് തിരുത്താൻ ഒരു അവസരം..?”

സുഷമ തീഷ്ണമായി അ അവളെ നോക്കി

“എന്റെ ഇരുപത് വർഷങ്ങൾക്ക് ആര് ഉത്തരം തരും? ഞാൻ കുടിച്ച കണ്ണീർ… ഞാൻ അനുഭവിച്ച വേദന? ഡോക്ടർ അമ്മ ഇല്ലായിരുന്നു എങ്കിൽ തെരുവിൽ ആണ് എന്റെ സ്ഥാനം. ചിലപ്പോൾ ഞാൻ ആ- ത്മഹത്യ ചെയ്തു കഴിഞ്ഞേനെ..ഇവനോക്കെ തോന്നുമ്പോ സ്നേഹിക്കാനും അല്ലാത്തപ്പോൾ വലിച്ചെറിഞ്ഞു കളയാനുമുള്ളതാണോ പെണ്ണ്?”

ഗൗരി ആദരവോടെ അവരെ നോക്കി നിന്നു

“ഈ ജന്മം എനിക്ക് അയാളെ വേണ്ട..ഈ ജന്മമല്ല ഇനിയൊരു ജന്മത്തിലും വേണ്ട “

സുഷമ അടുക്കളയിലേക്ക് പോയി

ഗൗരി വിടർന്ന കണ്ണുകളോടെ അത് നോക്കി നിന്നു

അഭിമാനിയായ സ്ത്രീ. ഇതാണ് സ്ത്രീ. അവൾ മനസ്സ് കൊണ്ട് അവരെ തൊഴുതു

മുഖ്യമന്ത്രിയുടെ ഓഫിസ്

സഞ്ജയ്‌ സി എമ്മിന്റെ മുന്നിലായിരുന്നു

“താൻ സ്മാർട്ട്‌ ആണെന്ന് എനിക്ക് അറിയാം. പക്ഷെ ഇത്രയും സ്മാർട്ട്‌ ആവുന്നത് തന്റെ ആയുസ്സിന് നല്ലതല്ല മോനെ. നിനക്ക് എന്റെ മോനേക്കാൾ പ്രായം കുറവാണ്. അത് കൊണ്ട് പറയുകയാണ്. അനൂപിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തു എന്നു പറയപ്പെടുന്ന ഒന്നും ലഹരി മരുന്നല്ല. അനൂപ് നിരപരാധിയാണ്. അതായിരിക്കണം നാളെത്തെ പത്രങ്ങളുടെ ഹെഡ് ലൈൻ.നാളെ അങ്ങനെ ആവണം ന്യൂസ്‌ വരേണ്ടത് “

സഞ്ജയ്‌ പൊട്ടിച്ചിരിച്ചു പോയി

“സി എമ്മിന്റെ ഉപദേശകസമിതിയിൽ എത്ര മെംബേർസ് ഉണ്ട്? അല്ല.. നിയമ ഉപദേശം തരുന്നവരും അല്ലാതെ ഉപദേശം തരുന്നവരും എല്ലാം കൂടി പത്ത് പന്ത്രണ്ട് പേരില്ലേ? ഒരു മീറ്റിംഗ് വെച്ചു ചോദിച്ചു നോക്കണം. ഇപ്പൊ എന്നോട്  സംസാരിച്ചതിന്റെ ആഫ്റ്റർ എഫക്ട് എന്താണെന്ന്? ഞാൻ നിങ്ങളുടെ കീഴിൽ വരുന്ന ഓഫിസർ അല്ല. പത്താം ക്ലാസ്സിൽ രണ്ടു തവണ തോറ്റിട്ട് പഠിത്തം നിർത്തി കൂലി തല്ല് ജോലിയാക്കി കൊന്നും കൊലവിളിച്ചും പാർട്ടി ഡെവലപ്പ് ചെയ്തിട്ടതിന്റെ തലപ്പത്തു വന്നിരിന്നപ്പോൾ പഴയ കൂലി തല്ലു കാരന്റെ സ്വഭാവം കാണിച്ചേക്കാം എന്ന തോന്നൽ മനസ്സിൽ വെച്ചേച്ചാൽ മതി . ഇത് മുഖ്യമന്ത്രി കസേര ആണ്. അവിടെ ഇരിക്കുന്നവർ അതിന്റെ സംസ്കാരം കാണിക്കണം. സ്വന്തമായി സംസ്കാരം ഇല്ലാത്തവനും ഇരിക്കുന്ന കസേരയുടെ സംസ്കാരം പഠിക്കണം. അല്ലെങ്കിൽ തന്തക്ക് പിറന്ന എന്നെ പോലെയുള്ള ഉദ്യോഗസ്ഥർ അത് പഠിപ്പിക്കും “

മുഖ്യമന്ത്രിയുടെ മുഖം ചുവന്നു

“എടാ കൊച്ചനെ നിനക്ക് എത്ര വയസുണ്ടാകും? ഇരുപത്തി അഞ്ചോ ഇരുപത്തിയാറോ? നീ ജീവിതം എന്ത് കണ്ടിട്ടുണ്ട്?നിന്റെ ആയുസ്സ് നീ തന്നെ തീർക്കും “അയാൾ അലറി

“എന്റെ വയസ്സ് എത്രയോ ആകട്ടെ.നിങ്ങളുടെ വയസ്സ് ഞാൻ കൃത്യമായി പറയാം. എഴുപത്തിരണ്ട് വയസ്സ് ആറു മാസം രണ്ടു ദിവസം. ഡേറ്റ് ഓഫ് ബർത്ത് കാണാതെയറിയാം എനിക്ക്. അത് മാത്രം അല്ല. സർവവും. സ്വന്തം ഭാര്യ ജാനകിയിൽ രണ്ടു മക്കൾ. ദുബായിൽ താമസിപ്പിച്ചിരിക്കുന്ന നാൻസി എന്ന പഴയ കാ-ബറെ ആർട്ടിസ്റ്റിൽ രണ്ടു മക്കൾ. ഇനിയും കുറച്ചു കാര്യങ്ങൾ കൂടി അറിയാം. പക്ഷെ പറയുന്നില്ല.”

മുഖ്യന്റെ മുഖം വിളറി വെളുത്തു

“തെളിവ് വേണോ?”

അയാൾ തൂവാല എടുത്തു വിയർപ്പ് ഒപ്പി

“ഒരിടത്തേക്ക് ജോലിക്ക് വരുമ്പോൾ സ്ഥലത്തിന്റെ ഭൂമിശാസ്ത്രം മാത്രം നോക്കിയാൽ പോരാ. ഭരണാധികാരിയുടെ ചരിത്രം കൂടി പഠിക്കണം. ഇത് ചാണക്യ ശാസ്ത്രം..ഞാൻ ഒരു ചാണക്യൻ ഫാനാണ്.”

സഞ്ജയ്‌ കൈകൾ നെഞ്ചിൽ കെട്ടി

“എന്നെ ഇവിടെ പോസ്റ്റ്‌ ചെയ്തത് കേന്ദ്ര ഗവണ്മെന്റ് ആണ്. എനിക്ക് ഇവിടെ ഒരു മിഷൻ ഉണ്ട്. കംപ്ലീറ്റ് ആകുമ്പോൾ ഞാൻ ഇവിടെ നിന്ന് പോകും. അതിനിടയിൽ കേറി ഇത് പോലെത്തെ ഡയലോഗ് അടിച്ച് പണ്ടത്തെ ബ്ലാക്ക് and വൈറ്റ് സിനിമയിൽ വില്ലന്മാർ പറയുന്ന പോലെയുള്ള ചീപ്പ് ഭീഷണി എന്നോട് വേണ്ട. കാരണം ഇപ്പൊ ഉള്ള മിഷന്റെ കൂടെ മുഖ്യമന്ത്രിയുടെ ഹവാല ഇടപാടുകളുടെ കണക്കുകൾ കൃത്യമായി ഇ ഡി ക്ക് കൊടുക്കേണ്ടി വരും എനിക്ക്. എനിക്ക് ടൈം ഇല്ല സി എമ്മേ.. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ പല ഉദ്യോഗസ്ഥരെയും കണ്ടിട്ടുണ്ടാകും. ഇത് പോലെ ഭീഷണിപ്പെടുത്തി കാര്യം നേടിയിട്ടുണ്ടാവും. അല്ലാത്തവരെ കൊന്നിട്ടുണ്ടാകും… എനിക്ക് ഈ ഭീഷണി ഒക്കെ പുല്ലാ പുല്ല്…അപ്പൊ ശരി “

അവൻ തിരിഞ്ഞു നടന്നു. പെട്ടെന്ന് തിരിഞ്ഞു നിന്നു

“ആ സി എമ്മേ.. ജേക്കബ്സ് ഹോസ്പിറ്റലിൽ ഷെയർ ഉണ്ടല്ലേ?അതും അറുപതു ശതമാനം? അവയവ കച്ചവടം പൊടി പൊടിക്കുന്നുണ്ട് അല്ലെ?”

മുഖ്യമന്ത്രി പൂർണമായും തളർന്നു പോയ നിമിഷം ആയിരുന്നു അത്. സഞ്ജയ്‌ ഒന്ന് ചിരിച്ചു

“കളിക്കുമ്പോൾ സൂക്ഷിച്ചു കളിക്കണം. സിംഹം ആണെങ്കിലും വയസ്സായാൽ, ജരാനരകൾ ബാധിച്ചാൽ ഒതുങ്ങണം.. സ്വന്തം ഗുഹയിൽ ഒതുങ്ങിക്കോണം. ഇല്ലെങ്കിൽ.. ഒതുക്കും ഇത് പോലെത്തെ ആണ്പിള്ളേര്.ഇത് ഉപദേശമല്ല കേട്ടോ warning..ലാസ്റ്റ് വാണിംഗ്..”സഞ്ജയ്‌ വിരൽ ചൂണ്ടി. പിന്നെ തിരിഞ്ഞു നടന്നു

ഉറച്ച ചുവടുകളോടെ സഞ്ജയ്‌ വാതിൽ കടന്നു പോകുമ്പോൾ മുഖ്യമന്ത്രി മുഖം കൈകളിൽ താഴ്ത്തി കുനിഞ്ഞിരുന്നു. ജീവിതത്തിൽ ആദ്യമായ് മുഖത്ത് അടിയേറ്റ പോലെ..

അതെ അത് ഒരടിയായിരുന്നു

ആരെയും എന്തും പറയാമെന്നും ചെയ്യുമെന്നും കരുതിയ അഹന്തയ്ക്ക് മേൽ കിട്ടിയ ഉഗ്രൻ അടി..

തുടരും…