സൂര്യനെ പ്രണയിച്ചവൾ, അധ്യായം 28- എഴുത്ത്: അമ്മു സന്തോഷ്

സഞ്ജയ്‌ ഒരു കൈ കൊണ്ട് മുറിവ് പൊത്തി ഒന്ന് നേരേ നിന്നു.

“വിവേക് അകത്തേക്കിരിക്ക് “

അവൻ സ്വഭാവികമെന്നോണം പറഞ്ഞിട്ട് ഷെൽഫിലെ മെഡിസിൻ ബോക്സിൽ നിന്ന് കോട്ടൻ ഡെറ്റോളിൽ മുക്കി മുറിവ് തുടച്ചു. ഗൗരി പൊട്ടിക്കരഞ്ഞു കൊണ്ട് വിവേകിന്റ് നെഞ്ചിൽ ആഞ്ഞിടിച്ചു

“എന്താ ചെയ്തേ ഏട്ടാ… സഞ്ജു ചേട്ടൻ പാവാണ്.. എന്റെ എന്റെ ജീവനാണ്.. എന്ത് ദുഷ്ടനാ ഏട്ടാ നിങ്ങള്? നിങ്ങൾ ഇപ്പൊ ഇവിടെ നിൽക്കുന്ന പോലും സഞ്ജു  ചേട്ടൻ കാരണമാ. നിങ്ങളെ കൊല്ലാതിരിക്കാനാ ആ അനൂപിനെ അറെസ്റ്റ്‌ ചെയ്തത്.. നിങ്ങളെ രക്ഷിക്കാൻ ” വിവേക് നടുങ്ങി നിന്നു പോയി

അവൾ ഓടി സഞ്ജയുടെ അടുത്തെത്തി

“നമുക്ക് ഹോസ്പിറ്റലിൽ പോകാം.” സഞ്ജയ്‌ ഷർട്ട്‌ ഊരി മുറിവു നോക്കി

“വിവേകിന് വലിയ എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് ആഴമില്ല. നീ വേറെയൊരു ഷർട്ട്‌ എടുത്തിട്ട് വാ ഗൗരി “

അവൻ ഗൗരിയോട് പറഞ്ഞു. വിവേക് അവന്റെ മുന്നിൽ വന്നു

“വിവേകിന്റെ സ്ഥാനത്തു ഞാൻ ആണെങ്കിലും ചിലപ്പോൾ ഇങ്ങനെ തന്നെ ആവും ചെയ്യുക. അനിയത്തിയോടു സ്നേഹം ഉള്ള ഏത് ഏട്ടനും ഇത് ചെയ്യും “

വിവേക് അവന്റെ മുന്നിൽ കൈ കൂപ്പി

“മാപ്പ് ഞാൻ… ഞാൻ അറിഞ്ഞില്ല.. ഞാൻ കരുതിയത്…”

“ഹേയ് കുഴപ്പമില്ല.. വിവേക് ഇരിക്ക്..”

അവൻ ബാൻഡേജ് ഉപയോഗിച്ച് മുറിവ് ഒന്ന് ചുറ്റിക്കട്ടി.

“സഞ്ജു ചേട്ടാ നമുക്ക് ഹോസ്പിറ്റലിൽ പോകാം ചോര നിന്നിട്ടില്ല “ഷർട്ട്‌ നീട്ടി അവൾ.

“ഒന്നുല്ലാടി. വരുൺ വരട്ടെ. ഞാൻ പൊയ്ക്കോളാം “

പൊടുന്നനെ ഗൗരി ബോധമറ്റ് അവന്റെ നെഞ്ചിലേക്ക് വീണു. സഞ്ജയ്‌ ഭയന്നു പോയി വിവേകും. ആ നിമിഷം തന്നെ ആണ് വരുണിന്റ കാർ ഗേറ്റ് കടന്ന് വന്നതും

അവളെ സെറ്റിയിൽ കിടത്തി സഞ്ജയ്‌ വേഗം ഷർട്ട്‌ ധരിച്ചു

“എന്താ എന്താ ടാ?” വരുൺ ഓടി വന്നു

“ഗൗരിക്ക് പെട്ടെന്ന് ഒരു തല ചുറ്റൽ.ആ വരുൺ ഇത് വിവേക് ഗൗരിയുടെ…”

“മനസിലായി”

താര ഗൗരിയുടെ പൾസ് ഒന്ന് നോക്കി. പിന്നെ ചെറിയ ഒരു ചിരി വന്നു മുഖത്ത്

“ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യമില്ല.ഫാൻ ഒന്ന് സ്പീഡിൽ ഇട്ടോളൂ.. കാറ്റ് കിട്ടട്ടെ..മിയ മോളെ കുറച്ചു നാരങ്ങ വെള്ളം ഉപ്പിട്ട് ഒന്ന് എടുക്ക് ” താര മിയയുടെ തോളിൽ ഒന്ന് തൊട്ടു

“വരുൺ നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകണം “

സഞ്ജയ്‌ മെല്ലെ അവന്റെ ചെവിയിൽ പറഞ്ഞു

“ഗൗരിക്ക് കുഴപ്പമില്ല എന്നാണല്ലോ ആന്റി പറഞ്ഞത് ” അവൻ അടക്കി ചോദിച്ചു

“ഗൗരിക്കല്ലട പൊട്ടാ എനിക്കാ “

“നിനക്കോ? നിനക്ക് എന്താ?” അവന്റെ ശബ്ദം തെല്ല് ഉയർന്നു

“മിണ്ടരുത്.. പറയാം “അവൻ വരുണിന്റെ കാലിൽ ഒന്ന് ചവിട്ടി

ഗൗരി അപ്പോഴേക്കും കണ്ണ് തുറന്നു. മെല്ലെ എഴുന്നേറ്റു.

“അമ്മ..എപ്പോ വന്നു?”അവൾ തളർന്നു പോയ ശബ്ദത്തിൽ ചോദിച്ചു

“ഇപ്പൊ വന്നേയുള്ളു..”

“അമ്മേ സഞ്ജു ചേട്ടന്..”

താര ചോദ്യഭാവത്തിൽ അവളെയൊന്നു നോക്കി

“എന്താ സഞ്ജു?”

“എനിക്ക് ഒന്ന് പുറത്ത് പോകണം.. വിവേക് ഉണ്ടല്ലോ ഇവിടെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കി… വിവേക് ഇന്ന് പോകില്ലല്ലോ ഉവ്വോ?” വിവേക് പരിഭ്രമത്തിൽ അവനെ നോക്കി

അമ്മ അറിയണ്ട എന്ന് അവൻ ഗൗരിയെ കണ്ണ് കാണിച്ചു

മിയ കൊടുത്ത വെള്ളം കുടിച്ചപ്പോൾ അവൾ ഒരു വിധം നോർമൽ ആയി. എന്നിട്ടും ദയനീയമായി അവനെ നോക്കിക്കൊണ്ടിരുന്നു.

“ഞാനും വരുണും കൂടി ഒന്ന് പോയിട്ട് വരാം “

“വരുൺ എന്തിന? അവൻ ഇത്രയും ദൂരം ട്രാവൽ ചെയ്തു വന്നല്ലേയുള്ളു. നീ ഓഫീസിൽ അല്ലെ പോകുന്നെ?” താര സംശയത്തോടെ നോക്കി

“ദേ   ഇവന്റെ ബ്ലഡ്‌ റിസൾട്ട്‌ നോർമൽ ആയി എന്ന് കരുതി ഉടനെ ഡ്രിങ്ക്സ് കഴിക്കാൻ ഞാനനുവദിക്കില്ല കേട്ടോ.”

“എന്റമ്മേ അതിനല്ല..ഇവനെ കണ്ടിട്ട് ഒരാഴ്ച ആയി… കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നിവനോട് പറയാൻ.. ഞങ്ങൾ ഉടനെ വരാം ” വരുൺ അന്തം വിട്ട് നിൽപ്പാണ്

“വേഗം വരാം “സഞ്ജയ്‌ പറഞ്ഞു. വരുൺ അതാവർത്തിച്ചു

“വേഗം വരാം.” അവർ പോയി

“ഇവനെന്താ തത്തയാണോ അവൻ ചൊല്ലുന്നത് ഏറ്റ് ചൊല്ലാൻ? ഇതേതാണ്ട് കള്ളത്തരം ഒപ്പിച്ചിട്ടുള്ള പോക്കാ “

താര മിയയോടു പറഞ്ഞു. പിന്നെ വിവേകിന്റെ നേരേ തിരിഞ്ഞു

“വീട്ടിൽ എല്ലാവർക്കും സുഖമാണോ മോനെ?” അവൻ തലയാട്ടി

“മോൻ ഒന്ന് കുളിച്ചു വേഷം മാറി വാ. ഗൗരി സഞ്ജുന്റെ ഡ്രസ്സ്‌ കൊടുക്ക് ട്ടോ “

സുഷമ സാധനങ്ങൾ വാങ്ങി വരുന്നത് കണ്ട് താര അമ്പരന്നു

“ആഹാ ഇവിടെ ഇല്ലായിരുന്നോ?”

“ഇല്ല ഡോക്ടറമ്മേ. ഞാനപ്പുറത്തെ ആനി മാഡത്തിന്റെ കൂടെ ഒന്ന് കൂട്ട് പോയതാ ആശുപത്രിയിൽ. പിന്നെ കുറച്ചു സാധനങ്ങൾ വാങ്ങിക്കാനും ഉണ്ടായിരുന്നു.”

“അത് ശരി “

“ഇപ്പൊ ഫുഡ് റെഡി ആക്കാമേ ” അവർ അടുക്കളയിലേക്ക് പോയി

“നീ ഓടിച്ച മതി “

സഞ്ജയ്‌ കീ അവന്റെ കയ്യിൽ കൊടുത്തിട്ട് കാറിൽ കയറി. ഒരു തളർച്ച തോന്നി അവന്. ഇപ്പോഴും ബ്ലീഡിങ് നിന്നിട്ടില്ല. വരുണിനു ഒരു ആപത്ശങ്ക തോന്നി

“ടാ എന്താ?”

“നീ നമ്മുടെ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് വണ്ടി വിട്.. അവിടെ എന്റെ ഫ്രണ്ട് ഉണ്ട് റാം “

വരുൺ തെല്ല് പേടിയോടെ അവനെ നോക്കി. സഞ്ജയ്‌ ഫോൺ എടുത്തു റാമിനെ വിളിച്ചു താൻ എത്തുന്നുവെന്നും ചുരുക്കമായി കാര്യങ്ങളും പറഞ്ഞു.

“വരുൺ. I am wounded ” സഞ്ജയ്‌ അവന്റെ ചുമലിലേക്ക് തല ചേർത്ത് വെച്ചു

“സഞ്ജു…” അവൻ കാർ സഡൻ ബ്രേക്ക്‌ ഇട്ടു

“വണ്ടി നിർത്തരുത്.. ബ്ലീഡിങ് കൂടുതലാ. വേഗം ഹോസ്പിറ്റലിൽ എത്തണം.”

“മോനെ എന്താ പറ്റിയെ എന്താ?” വരുൺ പൊട്ടിക്കരഞ്ഞു പോയി

“വിവേകിന് ഒരു അബദ്ധം പറ്റിയതാ. അവൻ കരുതിയത് ഞാനിപ്പോഴും ഗൗരിയെ…”

വരുണിന്റെ ഷർട്ട്‌ നനഞ്ഞു. സഞ്ജയുടെ ഷർട്ടിലൂടെ രക്തം വരുണിന്റെ ഷർട്ടിലേക്ക് ഒഴുകി നനയ്ക്കുന്നുണ്ടായിരുന്നു. വരുൺ കണ്ണ് തുടച്ചു കൊണ്ട് കാറിന്റെ സ്പീഡ് കൂട്ടി

“എന്നെ കുത്തിയ ആളെ ഞാൻ കണ്ടിട്ടില്ല. നല്ല ഇരുട്ടായിരുന്നു.ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ എന്റെ ബോധം പോയാൽ, റാം വീണ്ടും ചോദിച്ചാൽ, അല്ലെങ്കിൽ പോലീസ് വന്നാൽ നീ പറയണ്ടത് ഇതാണ്. നിങ്ങൾ വരുമ്പോൾ എല്ലാം കഴിഞ്ഞിരുന്നു. ബാക്കി എന്റെ ബോധം വരുമ്പോൾ ഞാൻ പറഞ്ഞോളാം “

വരുൺ അവന്റെ മുഖം ഇടതു കൈകൊണ്ട് സ്വന്തം നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. സഞ്ജയ്ക്ക് ഒരു സുഖം തോന്നി

“എടാ ദേ ഇങ്ങനെ കിടന്നങ്ങ് ച- ത്താലും ഞാൻ ഹാപ്പിയാടാ ” അവൻ പറഞ്ഞു

“മിണ്ടല്ലെടാ നാറി ” വരുൺ കരഞ്ഞു കൊണ്ട് പറഞ്ഞു

ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്ക് സഞ്ജയുടെ ബോധം മറഞ്ഞു. റാമിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നത് കൊണ്ട് എല്ലാം എളുപ്പമായിരുന്നു. അവന്റെ ബ്ലഡ്‌ ഗ്രൂപ്പിൽ ഉള്ള ബ്ലഡ്‌ ഹോസ്പിറ്റലിൽ അറേഞ്ച് ചെയ്തിരുന്നു. വരുൺ അവന്റെ ഞരമ്പിലേക്ക് ബ്ലഡ്‌ കയറുന്നത് നോക്കിയിരുന്നു

“ഭാഗ്യത്തിന് ഇന്റെർണൽ ഓർഗൻസ് സേഫ് ആണ്. കട്ട്‌ ആയിട്ടോ ഡാമേജ് ആയിട്ടോ ഇല്ല. പിന്നെ വെയ്ൻ കട്ട്‌ ആയതാണ് ബ്ലഡ്‌ ലോസ് ഉണ്ടാകാൻ ഉള്ള കാരണം. കുഴപ്പമില്ല he is ok “

റാം വരുണിനോട് പറഞ്ഞു. വരുൺ മെല്ലെ തലയാട്ടി

“ഞാൻ റൂമിലുണ്ട്. കേസ് ആക്കണ്ട എന്നാണെങ്കിൽ അവന് ബോധം വരുമ്പോൾ എന്നോട് പറഞ്ഞാ മതി “

വരുൺ ഒന്ന് മൂളി

ഗൗരിയുടെ ഫോൺ വന്നപ്പോൾ അവൻ എടുത്തു

“സഞ്ജു ചേട്ടൻ?”

വരുണിനു സത്യത്തിൽ ദേഷ്യം ആണ് തോന്നിയത്. അവനെന്തൊക്കെയോ പറയണം എന്നും തോന്നി. പക്ഷെ പിന്നെ വീണ്ടു വിചാരം ഉണ്ടായി. ഗൗരി എന്ത് ചെയ്തു? പാവം

“എവിടെയാ നിങ്ങൾ? ഞാൻ അങ്ങോട്ട് വരാം. സഞ്ജു ചേട്ടന് ഫോൺ കൊടുക്കുമോ പ്ലീസ്?”

“ഗൗരി… അവൻ മയക്കത്തിലാണ്. ഞങ്ങൾ ഹോസ്പിറ്റലിൽ ആണ്. പക്ഷെ പേടിക്കണ്ട. സീരിയസ് ആയ ഒന്നുമില്ല. ബ്ലഡ്‌ ലോസ് ഉണ്ടായി കുറച്ച്. അത് ഒന്ന് ശരിയാകുമ്പോൾ വരും. അമ്മ അറിയരുത്. മിയയും “

ഗൗരി കണ്ണീരോടെ മൂളി. അവളുടെ ഹൃദയത്തിൽ വേദന നിറഞ്ഞു

താൻ കാരണമാണ് എല്ലാം. ഈ വേദനകൾക്ക് എല്ലാം കാരണം. അവൾ മുഖം പൊത്തി വിങ്ങിക്കരഞ്ഞു. വിവേക് അവളുടെ മുറിയിലേക്ക് വന്നു

“മോളെ… ഇതൊന്നും ഏട്ടൻ അറിഞ്ഞില്ലടി. ഏട്ടനോട് സഞ്ജയ്‌ പറഞ്ഞത് നിന്റെ ജീവിതം നരകം ആക്കുമെന്നാണ്. ഞാൻ കരുതി മോളെങ്കിലും രക്ഷപെട്ടു പോട്ടെ എന്ന്. “

ഗൗരിക്ക് ഏട്ടനോടും സഹതാപം തോന്നി

പാവം. ഏഴു വർഷം ജയിലിൽ കിടന്നത് ചെയ്യാത്ത കുറ്റത്തിനാണ്..ഇപ്പൊ തനിക്ക് വേണ്ടിയാണ് ഈ..

“സാരമില്ല ഏട്ടാ സഞ്ജു ചേട്ടന് ഏട്ടനെ മനസിലാകും. ഏട്ടൻ വിഷമിക്കണ്ട.”

അവൾ വിവേകിനെ സമാധാനിപ്പിച്ചു

സഞ്ജയ്‌ ഉണർന്നപ്പോൾ തന്റെ കാൽക്കൽ മുഖം അണച്ചു കിടക്കുന്ന വരുണിനെ കണ്ടു. അവൻ ഒരു നിമിഷം അത് നോക്കി കിടന്നു

“എടാ ” വരുൺ ഒറ്റ വിളിയിൽ പിടഞ്ഞെഴുനേറ്റു

“എനിക്ക് കുറച്ചു വെള്ളം ” അവൻ വെള്ളം ഗ്ലാസിലാക്കി കൊടുത്തു

“നീ വല്ലോം കഴിച്ചോ?” സഞ്ജയ്‌ ചോദിച്ചു

“പിന്നേ… ആറു പൊറോട്ടയും മട്ടനും ഒരു കോഴി ഫുൾ വറുത്തതും “വരുൺ ഗൗരവത്തിൽ പറഞ്ഞു

“അയ്യാ കോമഡി ആണോ ഉദേശിച്ചത്‌?ചളി വാരി അങ്ങ് പൊത്തുവാ അല്ലെ? എനിക്ക് വിശക്കുന്നു ടാ. ദേ നീ ആ ജനലിൽക്കൂടെ നോക്കിക്കേ. തട്ട് കട..”

വരുണിന്റെ മുഖം വിടർന്നു

“ദോശ മതിയൊ?”

“ഓംലറ്റ് കൂടി..ഡബിൾ “

“ആർത്തി പണ്ടാരം ” വരുൺ പിറുപിറുത്ത് കൊണ്ട് മുറിയിൽ നിന്നിറങ്ങി പോയി

സഞ്ജയ്‌ തലയിണ ഉയർത്തി വെച്  വരുൺ പോകുന്നത് ജനലിലൂടെ നോക്കി കിടന്നു. ഫോൺ ശബ്ദിക്കുന്നത് കേട്ട് അവൻ നോക്കി

“ഗൗരീ ” അവൻ മെല്ലെ വിളിച്ചു

“സഞ്ജു ചേട്ടാ..”ഒരു പൊട്ടികരച്ചിൽ

“നീ കരയുവാണെങ്കിൽ ഞാൻ ഫോൺ വെയ്ക്കും “

“വേണ്ട കട്ട്‌ ചെയ്യല്ലേ.. എന്റെ നെഞ്ചു പൊട്ടുന്ന വേദനയാ ഇത്. എനിക്ക് സഹിക്കാൻ വയ്യ. ഞാൻ അറിയാത് കരഞ്ഞു പോകുന്നതാ.. ഞാൻ കാരണമല്ലേ എല്ലാം?”

“നീ കാരണമല്ല. ഞാൻ കാരണം തന്നെ. എന്റെ വാശി, എന്റെ പക, നിന്നേ ഞാൻ നോവിച്ചത്. ഒക്കെറ്റിനും ശിക്ഷ വേണ്ടേ? ഇത് അതായി കൂട്ടിയ മതി. എന്റെ മോൾ ഉറങ്ങിക്കോ. ഞാൻ രാവിലെ വരും..”

“മുറിവ്?”

“സ്റ്റിച്ച് ഉണ്ട്.. പക്ഷെ സീരിയസ് അല്ല. ഒരാഴ്ച റസ്റ്റ്‌ വേണായിരിക്കും
അമ്മയോട് കള്ളം പറയണമല്ലോ എന്നോർക്കുമ്പോൾ.. അല്ലാതെ ഇഷ്യൂ ഒന്നുല്ല. വിവേകിനെ ഞാൻ വന്നിട്ട് വീട്ടിലേക്ക് വിട്ടാ മതി. മുഴുവൻ ശത്രുക്കളാണ്. പിന്നെ ആളിന് ഭയങ്കര വിഷമവും ആയിരിക്കും “

ഗൗരി കണ്ണീർ തുടച്ചു

“എന്റെ കൊച്ച് കിടന്നോളു ട്ടോ “അവൻ സ്നേഹത്തോടെ പറഞ്ഞു

“ഉമ്മ്മ്മ്മ്മ്മ “

ഗൗരി മെല്ലെ പറഞ്ഞു. സഞ്ജയുടെ കണ്ണുകൾ ലഹരിയിലെന്ന പോലെ ഒന്നടഞ്ഞു തുറന്നു

തുടരും….