ഏട്ടത്തിയമ്മ, എഴുത്ത്: ശ്യാം കല്ലുകുഴിയിൽ
=======================
വീട്ടിലേക്ക് ഏട്ടത്തിയമ്മ വരാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് ഞാനും മാളുവുമായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിൽ ഏട്ടനായ എനിക്കവൾ യാതൊരുവിലയും തന്നിരുന്നില്ലെങ്കിലും ഈ ഒരു കാര്യത്തിൽ മാത്രം രണ്ടാളും ഒരുപോലെ സന്തോഷിച്ചു…
ഏട്ടൻ ജനിച്ച് നീണ്ട പത്തു വർഷത്തെ കാത്തിരിപ്പിനോടുവിൽ ഡബിൾ പ്രമോഷൻ പോലെ ഞാനും മാളുവും എത്തിയെങ്കിലും അതോടെ അമ്മ കിടപ്പിലായി, രണ്ട് മൂന്ന് വർഷം കഴിഞ്ഞമ്മ മരിച്ചതോടെ നാട്ടുകാരുടെ കണ്ണിൽ അവളും ഞാനും അമ്മയെ കൊല്ലിയായി, അമ്മയിൽ നിന്ന് നല്ലയോർമ്മകൾ ഒന്നുമില്ലാത്തത് കൊണ്ട് ആ വിളികളൊന്നും ഞങ്ങളെ ബാധിച്ചിരുന്നില്ല….
സ്കൂളിൽ പോയി തുടങ്ങിയത് മുതൽ വീട്ടിലെ ഓരോ ജോലികൾ അച്ഛനെല്ലാവർക്കും പങ്കിട്ടു തന്നു, അത് കൊണ്ട് തന്നെ രാവിലെ എഴുന്നേറ്റാൽ കുറെ ജോലി, സ്കൂൾ കഴിഞ്ഞ് വന്നാൽ പിന്നെയും ജോലി, അങ്ങനെ ജോലിയെടുത് മടുത്തിരിക്കുമ്പോഴാണ് ഏട്ടനെ പിടിച്ചു കെട്ടിക്കാൻ അച്ഛൻ തീരുമാനിക്കുന്നത്, അതിന് വേറെയുമുണ്ട് കാരണം….
കസ്തൂരി തേടി നടക്കുന്ന മാന്റെ അവസ്ഥ പോലെയാണ് ഏട്ടന്റെ കാര്യം, പുള്ളിക്ക് ലൈൻ ഉണ്ടെന്ന് നാട്ടിൽ എല്ലാവർക്കും അറിയാ, പക്ഷെ അത് നാട്ടിൽ ആർക്കും അറിയില്ലെന്നാണ് ഏട്ടന്റെ വിചാരം, ആ ഉപമ ഇവിടെ ചേരുമോയെന്ന് അറിയില്ല എങ്കിലും കിടന്നോട്ടെ…
ഏട്ടന്റെ രാത്രി ഉറക്കമൊഴിഞ്ഞിരുന്നുള്ള പഞ്ചാര വർത്താനം കേട്ട് മടുത്താണ് അച്ഛൻ ഏട്ടനെ പിടിച്ചു കെട്ടിയ്ക്കാൻ തീരുമാനിച്ചതെന്ന് ആ പഞ്ചാര കുഞ്ചുവിന് ഒഴിച്ച് ഞങ്ങൾക്കെല്ലാം അറിയാം, എന്നാലും ഞങ്ങൾ അത് പുറത്തു കാണിക്കാതെ നന്മമരങ്ങളായി….
ഏതൊരു മലയാളിയെ പോലെ ഞങ്ങടെ മനസ്സിലും ഏട്ടത്തിയമ്മയെന്ന് കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് സിനിമ നടി ഗീതയെയാണ്, അതാണല്ലോ മലയാളികളുടെ ആസ്ഥാന ഏട്ടത്തിയമ്മ….
രാവിലെ എഴുന്നേറ്റ് കുളിച്ചു, ചന്ദന കുറിയൊക്കെ തൊട്ട്, ആഹാരമൊക്കെ ഉണ്ടാക്കി തന്ന്, സ്നേഹത്തോടെ സ്കൂളിലേക്ക് വിട്ട്, സ്കൂൾ കഴിഞ്ഞു വരുമ്പോൾ വാതിൽ പടിയിൽ കാത്ത് നിന്ന്, കുളി കഴിഞ്ഞു വരുമ്പോൾ ചായയ്ക്കൊപ്പം പലഹാരം ഉണ്ടാക്കി വച്ച്, പഠിക്കാൻ സഹായിക്കുന്ന, ഉറങ്ങുമ്പോൾ പുതപ്പ് പുതച്ചു തരുന്ന ആ ഏട്ടത്തിയമ്മയെ സ്വപ്നം കണ്ടാണ് ഞാനും മാളുവും പിന്നെയുള്ള ദിവസങ്ങൾ കിടന്നുറങ്ങിയത്….
അങ്ങനെ ഏട്ടന്റെ കല്യാണ ദിവസം വന്നെത്തി, ഞാനും മാളുവും മത്സരിച്ച് ജാഡയിട്ട് ആൾക്കാരുടെ മുന്നിലൂടെ ഒരു കാര്യവും ഇല്ലാതെ തേരാപ്പാര നടന്നു….
” ടാ.. നി ഏട്ടത്തിയുടെ മൂക്ക് ശ്രദ്ധിച്ചോ…. “
കല്യാണ മണ്ഡപത്തിൽ നിൽക്കുമ്പോഴും ക്ലാസിൽ കൂടെ പഠിക്കുന്ന ജാസ്മിയെ വായിനോക്കി നിൽക്കുമ്പോഴാണ് മാളു ചെവിയിൽ ചോദിക്കുന്നത്….
“എന്താടി മൂക്കിന് കുഴപ്പം… “
ജാസ്മിയിൽ നിന്ന് ശ്രദ്ധമാറ്റാതെയാണ് മാളുവിനോട് ചോദിച്ചത്…
” ടാ.. ഈ നീണ്ട മൂക്കുള്ള പെണ്ണുങ്ങൾ പൊതുവെ തന്റേടികളാണ്, നി നോക്കിയേ ആ മൂക്കിന് നീട്ടം കൂടുതലില്ലേ…. “
മാളു പറയുമ്പോ ജാസ്മിന്റെ മൂക്കിൽ ആയിരുന്നു ശ്രദ്ധ…
“ആ ശരിയാണല്ലോ…. “
ഞാനറിയാതെ പറഞ്ഞപ്പോഴാണ് മാളു എന്റെ മുഖത്തേക്ക് നോക്കുന്നത്…
” ടാ കാട്ടുകോഴി… “
അത് പറഞ്ഞവൾ പുറത്തിനിട്ട് ഇടിക്കുമ്പോഴാൾ ഞാൻ ഏട്ടത്തിയെ നോക്കി, അതുവരെ സംശയം ഇല്ലാതിരുന്ന എനിക്ക്, മാളു പറഞ്ഞത് ഓർത്തപ്പോൾ മൂക്കിന് ലേശം നീളം ഉള്ളത് പോലെ തോന്നി..
” ശരിയാടി, ലേശം നീളം കൂടുതലുള്ള പോലെ… “
” പോലെ അല്ലടാ ഉണ്ട്, ഇത് മിക്കവാറും നമ്മൾക്ക് പണി ആകും…”
മാളു പറയുമ്പോൾ ഏയ് അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് മനസ്സിൽ പറഞ്ഞു സമാധാനിപ്പിച്ചു….
കല്യാണം കഴിഞ്ഞ് ഏട്ടനും ഏട്ടത്തിക്കുമൊപ്പം അറഞ്ചം പുറഞ്ചം കുറെ ഫോട്ടോ എടുത്തിട്ട് ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി, ഏട്ടത്തിയ്ക്ക് നിലവിളക്ക് കൊടുത്ത് സ്വീകരിക്കേണ്ട ത്രില്ലിൽ ആയിരുന്നു മാളു, അവൾക്ക് ത്രില്ല് കൂടാൻ കാരണം നിലവിളക്ക് കൊടുക്കുമ്പോൾ ഏട്ടത്തി വള ഇട്ട് കൊടുക്കുമെന്ന് ആരൊക്കെയോ പറഞ്ഞിരുന്നു ….
അവരുടെ വണ്ടി വന്നു നിന്നതും മാളു ഓടിപ്പോയി നിലവിളക്ക് എടുത്തു, എനിക്ക് വല്യ താല്പര്യമൊന്നും ഇല്ലായിരുന്നെങ്കിലും, നിലവിളക്ക് കൊണ്ട് പോകുന്ന മാളുവിന്റെ പുറകെ ഞാനും പോയി…
നിലവിളക്ക് കൊടുത്തിട്ട് വള പ്രതീക്ഷിച്ചു നിന്ന മാളുവിന്റെ കവിളിൽ സ്നേഹത്തോടെ പിടിച്ചു വലിച്ചു കൊണ്ട് ഏട്ടത്തി വീട്ടിലേക്ക് കയറുമ്പോൾ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞിരുന്നില്ല, ഞാൻ ചിരിച്ചാൽ മൂക്കിനിട്ട് ഇടിക്കുമെന്ന ഭാവത്തിൽ നിൽക്കുന്ന മാളുവിനെ നോക്കി മുഖതെ ചിരി മാറ്റാൻ ഞാൻ ശ്രമിച്ചു….
” ഞാൻ പറഞ്ഞില്ലേ ഇവര് പണി ആകുമെന്ന്….” എന്നെ നോക്കി മാളു പറയുമ്പോൾ ഞാനും അതേയെന്ന് തലയാട്ടി…
“എങ്കിലും നാളെ ഫ്രണ്ട്സ് വള ചോദിക്കുമ്പോൾ ഞാൻ എന്ത് പറയും… ” രാത്രി കിടക്കുമ്പോഴും മാളുവിന്റെ സങ്കടം വള കിട്ടാത്തത് ആയിരുന്നു…
“എനിക്ക് അതല്ലടി, ഈ ഏട്ടത്തിയമ്മ നമ്മളെ കൊണ്ട് പണി മൊത്തം എടുപ്പിക്കുന്ന ലക്ഷണം ആണ് കാണുന്നെ….’
ഞാനെന്റെ സങ്കടവും അവളോട് പറഞ്ഞു. അങ്ങനെ ഓരോന്ന് പറഞ്ഞ് പരസ്പരം അശ്വസിപ്പിച്ചു കൊണ്ട് ഞങ്ങളെപ്പോഴോ ഉറങ്ങിപ്പോയി…
പതിവുപോലെ നാലു മണി ആയപ്പോൾ അച്ഛൻ തട്ടി വിളിച്ചു…..
“കല്യാണം കഴിഞ്ഞതല്ലേയുള്ളു അച്ഛാ ഇന്ന് കൂടി കഴിഞ്ഞു നാളെ മുതൽ സ്കൂളിൽ പോയാൽ പോരെ…”
കണ്ണും തിരുമ്മിയാണ് അച്ഛനോട് പറഞ്ഞത്….
“മോന്റെ കല്യാണം അല്ലല്ലോ കഴിഞ്ഞത്, രണ്ടും പ്ലസ് ടു വിനാണ് പഠിക്കുന്നതെന്ന ഓർമ്മ വേണം, ഇപ്പോൾ തന്നെ കുറെ ക്ലാസ്സ് മുടങ്ങി..എഴുന്നേൽക്ക് എഴുന്നേൽക്ക്…. “
അച്ഛൻ അത് പറഞ്ഞു മുറിയിൽ നിന്ന് ഇറങ്ങി ഒന്നു കൂടി തിരിഞ്ഞു നോക്കി, അതൊരു വാണിങ് ആണെന്ന് അറിയുന്നത് കൊണ്ട് മനസ്സില്ലാ മനസ്സോടെ ഞാനും മാളുവും എഴുന്നേറ്റു, മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അടഞ്ഞു കിടക്കുന്ന ഏട്ടന്റെ മുറിയിലേക്ക് നോക്കി നെടുവീർപ്പിട്ടുപോയി….
രാവിലെ എഴുന്നേറ്റാൽ ആദ്യ ഒരു മണിക്കൂർ പഠനവും, അത് കഴിഞ്ഞു വീട്ടിലെ ജോലികളുമാണ്, പഠിക്കാൻ ഇരിക്കുമ്പോഴും മാളുവിന്റെ സങ്കടം വള മാത്രമായിരുന്നു….
ഞാനും മാളുവും സ്കൂളിൽ പോകാൻ ഇറങ്ങുമ്പോഴും ഏട്ടന്റെ മുറിയിലെ വാതിൽ തുറന്നിരുന്നില്ല….
“നി പറഞ്ഞത് ശരിയാ മാളു, ഇവര് നമുക്ക് പണിയാകും…. “
സ്കൂളിലേക്ക് നടക്കുമ്പോൾ ഞാൻ പറഞ്ഞതിന് മാളു മൂളിയതേയുള്ളു…
“അമ്മ ഇല്ലാത്ത പിള്ളേർ ആണ്, എന്നാൽ രാവിലേ എഴുന്നേറ്റ് എന്തേലും ഉണ്ടാക്കുകയോ, സഹായിക്കുകയോ ചെയ്യാമെന്ന് അവർക്ക് തോന്നിയില്ലല്ലോ, നി പറഞ്ഞത് പോലെ ഇവര് ശരിക്കും അഹങ്കാരി തന്നെയാണ് മാളു….. “
ഉള്ളിലെ സങ്കടങ്ങൾ ഓരോന്ന് പറയുമ്പോഴും മാളു മിണ്ടാതെ നടന്നു…
” അല്ലെങ്കിൽ അച്ഛൻ വള ഇട്ടുകൊണ്ട് പോകേണ്ടന്ന് പറഞ്ഞെന്ന് പറയാം അല്ലെടെ…. “
സ്കൂളിന്റെ മുന്നിൽ എത്താറായപ്പോഴാണ് മാളു അത് പറഞ്ഞത്, ഞാനൊന്നും മിണ്ടാതെ അവളെ ദയനീയമായി നോക്കി
വൈകുന്നേരം സ്കൂൾ കഴിഞ്ഞു എത്തുമ്പോൾ വീട് പൂട്ടി ഇട്ടിരിക്കുകയാണ്…
“അവർ രണ്ടും കൂടി കറങ്ങാൻ പോയി കാണും…. “
ചെടി ചെട്ടിയുടെ അടിയിൽ നിന്ന് താക്കോലെടുത്തു വാതിൽ തുറന്ന് കൊണ്ടാണ് മാളു പറഞ്ഞത്…
“എന്തൊക്കെ പ്രതീക്ഷയായിരുന്നു, ഏട്ടത്തി വന്നാൽ അങ്ങനെയാണ്, ഇങ്ങനെയാണ്, ഇപ്പോൾ എന്തായി…ഉം…ഏട്ടൻ മാത്രം രക്ഷപ്പെട്ടു… “
ബാഗൊരു കസേരയിൽ ഇട്ടുകൊണ്ട് മറ്റൊരു കസേരയിൽ മലർന്നിരുന്നു കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു…
” ടാ… ഓടി വന്നേ… വേഗം വാ…. “
അടുക്കളയിൽ നിന്ന് മാളുവിന്റെ വിളി കേട്ടാണ് ഞാൻ അങ്ങോട്ടേക്ക് ഓടിയത്. ഫ്രഡ്ജിലേക്ക് കൈ ചൂണ്ടി അവളെന്റെ മുഖത്തേക്ക് നോക്കി, എന്താണെന്ന് അറിയാൻ ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കി….
“ഈ ഭവനത്തിലെ നിബന്ധനകൾ… “
മാളു വായിച്ചു തുടങ്ങിയപ്പോൾ ഞാനും ഫ്രിഡ്ജിൽ ഒട്ടിച്ചേക്കുന്ന പേപ്പറിലെ അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചു…
“സിങ്കിൽ പാത്രങ്ങൾ മറിച്ചിടാതെ അവനവൻ കഴിച്ച പാത്രങ്ങൾ അവനവൻ കഴുകി വയ്ക്കുക, ബാത്റൂമിൽ വസ്ത്രങ്ങൾ കൂട്ടി ഇടാതെ, അവനവന്റെ വസ്ത്രങ്ങൾ അന്നന്ന് കഴുകി ഇടുക, ഉണങ്ങിയ വസ്ത്രങ്ങൾ കസേരയിൽ കൊണ്ടിടാൻ അനുവദിക്കുന്നതല്ല…. “
മാളു ഓരോന്നായി വായിച്ചു തുടങ്ങി…
“കിച്ചൻ ഡ്യൂട്ടി രാവിലെ, അച്ഛൻ, മഹേഷ്, ആര്യ… “
“ഹാവു, നമ്മൾ ഇല്ലടി… “
ഞാൻ സന്തോഷത്തോടെ മാളുവിനോട് പറഞ്ഞു…
“നില്ല് മോനെ ആക്രാന്തം കാണിക്കല്ലേ, ബാക്കി വായിക്കട്ടെ… “
അത് പറഞ്ഞ് മാളു വായന തുടങ്ങി…
“കിച്ചൻ ഡ്യൂട്ടി നൈറ്റ്, മഹേഷ്, ആര്യ,… ക്ളീനിംഗ് ഡ്യൂട്ടി. വീട് മാളു, മുറ്റം മനു…. “
“എനിക്കൊന്നും പറ്റൂല പുറത്ത് അടിക്കാൻ… “
മാളു വായിക്കുമ്പോൾ തന്നെ ഞാൻ പ്രതിഷേധം അറിയിച്ചു….
“നില്ല് ബാക്കി വായിക്കട്ടെ… ക്ലീനിങ് അടുക്കള, മനു, മാളു. ക്ളീനിംഗ് ബാത്റൂം ഓരോ ദിവസം ഓരോരുത്തർ…ആര്യ, ഒപ്പ്…
“ആഹാ ഈ ഏട്ടത്തി കൊള്ളാടാ….”
വായിച്ചു കഴിഞ്ഞതും മാളു ഏട്ടത്തിയെ സപ്പോർട്ട് ചെയ്തു…
“ന്നാലും മാളു മുറ്റം അടിക്കുമ്പോൾ നാട്ടുകാർ കാണൂലെ…. “
“എടാ പൊട്ടാ ഇടയ്ക്ക് മഴ വന്നാൽ അടിക്കണ്ടല്ലോ, ഇനി പറ്റില്ലെന്ന് പറയാൻ പോയാൽ വേറെ എന്തേലും പണി കിട്ടും… “
മാളു പറഞ്ഞതും ശരിയാണെന്നു തോന്നിയത് കൊണ്ട് പിന്നെയൊന്നും മിണ്ടിയില്ല, അപ്പോഴേക്കും മുറ്റത്ത് വണ്ടി വന്നു നിന്നു, ഏട്ടനും ഏട്ടത്തിയും ഇറങ്ങി..
“ആഹാ രണ്ടാളും നിബന്ധനകൾ വായിക്കുക ആയിരുന്നോ, എന്തേലും അഭിപ്രായം ഉണ്ടേൽ പറയണം കേട്ടോ… “
ചിരിച്ചു കൊണ്ട് ഏട്ടത്തി പറയുമ്പോൾ ഞങ്ങൾ ഒന്നും ഇല്ലെന്ന് തലയാട്ടി…
“ദേ രണ്ടാൾക്കും.. “
അത് പറഞ്ഞു ഡ്രെസ്സും, ചോക്ലേറ്റും അടങ്ങിയ രണ്ട് കവറുകൾ ഞങ്ങൾക്ക് നേരെ നീട്ടി,…
“ഏട്ടത്തി പാവം ആണെന്ന് തോനുന്നു അല്ലേ… “
ഏട്ടത്തി കൊടുത്ത നൈൽ പോളിഷ് നഖത്തിൽ ഇട്ടുകൊണ്ട് അവൾ പറയുമ്പോൾ ചോക്ലേറ്റും നുണഞ്ഞു അതേയെന്ന് തലയാട്ടി ഞാൻ…
പിറ്റേന്ന് സ്കൂൾ കഴിഞ്ഞു വരുമ്പോൾ മാളു മുന്നേയും ഞാൻ കൂട്ടുകാരുമൊത്തു പിന്നാലെയുമാണ് നടന്നത്, വീട്ടിലേക്ക് തിരിയുന്ന റോഡിന്റെ വശത്തവൾ കലങ്ങിയ കണ്ണുമായി നിന്നപ്പോൾ ഞാനൊന്നു ഭയന്നു..
“എന്താ മാളു എന്തുപറ്റി….
“അവിടെ ഗ്രൗണ്ടിൽ കളിക്കുന്ന അവന്മാർ ഇല്ലേ അവരെന്നെ കമന്റടിച്ചു… “
അവൾ കരച്ചിൽ പുറത്തേക് വരാതെയിരിക്കാൻ ശ്രമിച്ചു കൊണ്ടാണവൾ പറഞ്ഞത്…
“ആരാ ആ ചേട്ടന്മാരോ… “
കുറച്ചു ദൂരെ ഗ്രൗണ്ടിൽ കളിക്കുന്ന ആൾക്കാരുടെ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് കൈ ചൂണ്ടി കൊണ്ട് ചോദിക്കുമ്പോൾ അവൾ അതേയെന്ന് തലയാട്ടി..
“അത് പിന്നേ അവരൊക്കെ വല്യ ചേട്ടന്മാരല്ലേ, ഞാനെങ്ങനെ…. “
“നീയൊരു ആണാണോടാ… “
ദേഷ്യത്തോടെ അത് പറഞ്ഞ് മാളു നടക്കുമ്പോൾ ഞാൻ പിന്നാലെ നടന്നു…
മാളു…നിന്നെ….
“പോടാ ഒരു ചേട്ടൻ വന്നേക്കുന്നു….”
അവളുടെ നടത്തതിന്റെ വേഗത കൂടി…
” ടി…നാളെ നമ്മുടെ ഗ്യാങ്ങും ആയി വന്നു ചോദിക്കാം അത് വരെ നി സമാധാനപ്പെട്…”
“പിന്നേ അവന്റെയൊരു ഗ്യാങ്…. “
മാളു നടത്തം മാറ്റി വീട്ടിലേക്ക് ഓടി, ഓടി ചെല്ലുമ്പോൾ മുറ്റത്ത് നിൽപ്പുണ്ട് ഏട്ടത്തി…
“എന്താ മാളു എന്തുപറ്റി… “
ഓടി വരുന്ന മാളുവിനെയും പുറകെ വരുന്ന എന്നെയും മാറി മാറി നോക്കിക്കോകൊണ്ട് ഏട്ടത്തി ചോദിച്ചു….
“അവിടെ ഗ്രൗണ്ടിൽ കുറേപേർ, അവർ കുറെ കമന്റ്…. “
അത് പറഞ്ഞ് മാളു കരഞ്ഞു തുടങ്ങുമ്പോൾ ഏട്ടത്തി അവളെ ചേർത്ത് പിടിച്ച് എന്നെ നോക്കി…
” നീ വാ…. “
ഏട്ടത്തി മാളുവിന്റെ കയ്യും പിടിച്ച് നടക്കുമ്പോൾ എന്തോ പറയാൻ വന്ന് വിഴുങ്ങി ഞാനും കൂടെ നടന്നു…
“ആരാടാ ഇവളെ കമന്റടിച്ചത്…”
ഏട്ടത്തിയുടെ ഉച്ചതിലുള്ള ചോദ്യത്തിൽ ഗ്രൗണ്ടിൽ ആകെ നിശബ്ദത പടർന്നു…
” ഈ കൂട്ടത്തിൽ ആരാ മാളു…”
ഏട്ടത്തി ചോദിക്കുമ്പോൾ ഒരാൾക്ക് നേരെ മാളു കൈ ചൂണ്ടി, ഏട്ടത്തി അവന്റെ അടുക്കലേക്ക് ചെന്ന്, ഷർട്ടിന്റെ കോളറിൽ ചുരുട്ടി പിടിച്ചു….
“ഇനി നീ ഈ വഴി പോകുന്ന പിള്ളേരെ കമന്റ് അടിച്ചാൽ നിന്റെ മൂക്ക് ഇടിച്ചു പൊട്ടിക്കും കേട്ടോടാ… “
അത് പറഞ്ഞു ഏട്ടത്തി അവനെ പിടിച്ചു തള്ളുമ്പോൾ ഒന്ന് രണ്ടു ചുവട് പിന്നിലേക്ക് കാൽ വച്ച് വീഴാൻ പോയ അവനെ കൂട്ടുകാർ പിടിച്ചു നിർത്തി…
“നീയൊക്കെ ഇവിടെ മര്യാദക്ക് കളിച്ചാൽ നിനക്കൊക്കെ കൊള്ളാം അല്ലേ എല്ലാം കൂടി അടി കൊണ്ട് ഓടും… “
എല്ലാവരോടുമായി അത് പറഞ്ഞ് മാളുവിന്റെയും എന്റെയും കയ്യും പിടിച്ച് ഏട്ടത്തി വീട്ടിലേക്ക് നടന്നു, ആരാധനയോടെ ഞാനും മാളുവും ആ മുഖത്തേക്ക് നോക്കി നടന്നു…
“മൂക്കിന് നീട്ടം ഉണ്ടെങ്കിലും ഇല്ലെങ്കിലും, അൽപ്പം തന്റേടം വേണം പെണ്ണുങ്ങൾ ആയാൽ, ഒന്നുമില്ലേലും ഇതുപോലെ കമന്റ് അടിക്കുന്നവന് രണ്ട് തെറി കുടുക്കാനെങ്കിലും പെണ്ണുങ്ങൾ പഠിച്ചിരിക്കണം… “
ഏട്ടത്തി അത് പറയുമ്പോൾ കണ്ണുനീർ തുടച്ച് മാളു ചിരിച്ചു…
” അതേ മനു, സിനിമയിലൊക്കെ കാണുള്ളൂ ഗീത, അതിലൊക്കെ എപ്പോഴും കണ്ണുനീരും, സഹതാപവും മതി, റീയൽ ലൈഫിൽ അതൊന്നും നടക്കൂല മോനെ, എന്നുകരുതി സ്നേഹം ഇല്ലെന്ന് കരുതേണ്ട കേട്ട… “
അത് പറഞ്ഞു ഏട്ടത്തി തലമുടിയിൽ തഴുകി ചേർത്ത് പിടിച്ചു നടത്തുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു, അങ്ങനെ എനിക്കും മാളുവിനും ഏട്ടത്തിയെ മാത്രമല്ല ഒരമ്മയെയും കൂടി കിട്ടി…
-ശ്യാം….