ധ്രുവം, അധ്യായം 02 – എഴുത്ത്: അമ്മു സന്തോഷ്

മുല്ലപ്പള്ളി ഗ്രാമത്തിന്റെ അഭിമാനമായ കൃഷ്ണക്ക് സ്വീകരണമെന്ന വലിയ ബാനറുകൾ ഗ്രാമത്തിലൂടനീളം നിറഞ്ഞു. ആദ്യം സ്കൂൾ വകയായിരുന്നു. നിറഞ്ഞ സ്കൂൾ അംഗണത്തിലെ സ്റ്റേജിൽ നിന്നു കൊണ്ട് അവൾ പ്രസംഗിക്കുമ്പോൾ നിറഞ്ഞ കണ്ണുകളോടെ അഭിമാനം നിറഞ്ഞ ഹൃദയത്തോടെ അവർ കേട്ടിരുന്നു. അച്ഛനും അമ്മയും.

ലോട്ടറി എടുക്കാൻ ടൗണിൽ പോയിട്ട് സമയത്ത് എത്തിക്കോളാം എന്ന് പറഞ്ഞ മനുവിനെ രമേശന്റെ കണ്ണുകൾ ഇടയ്ക്ക് തിരയുന്നുണ്ടായിരുന്നു.

കാണുന്നില്ലല്ലോ. ഇവനിതു എവിടെ പോയി

മീറ്റിംഗ് കഴിഞ്ഞു ആശംസകൾ ഏറ്റു വാങ്ങി അവൾ അച്ഛന്റെയരികിലേക്ക് വന്നതും ഒരു നിലവിളി കേട്ടതും ഒരെ സമയം ആയിരുന്നു

“രമേശാ ഓടി വാടാ “

സഹദേവൻ ആയിരുന്നു അത്. അയാൾ ദൂരെ നിന്ന് രമേശനെ കൈ കാണിച്ചു വിളിക്കുന്നു

രമേശൻ ആധിയോട് കൂടെ അങ്ങോട്ട് ഓടി ചെന്നു

“എന്താ സഹദേവ?”

“എടാ നമ്മുടെ മനു..മനു..”

രമേശന്റെ കണ്ണിൽ ഇരുട്ട് കയറി

“അയ്യോ എന്റെ മോനെ.”അയാൾ നെഞ്ചിൽ ഒരടി അടിച്ചു

ലതയുടെ കയ്യും പിടിച്ച് കൃഷ്ണ ഓടി വന്നപ്പോഴേക്കും രമേശൻ ബോധം കെട്ട് വീണു കഴിഞ്ഞു

“അയ്യോ അച്ഛാ…”കൃഷ്ണ നിലവിളിച്ചു കൊണ്ടോടി അടുത്ത് വന്നു

“മോളെ നമ്മുടെ മനുവിന് ടൗണിൽ വെച്ച് ഒരു ഓട്ടോ തട്ടി മാധവത്തിലേക്ക് കൊണ്ട് പോയിട്ടുണ്ട്. എടാ രമേശാ കണ്ണ് തുറക്കേടാ “

അയാൾ കരഞ്ഞു കൊണ്ട് രമേശനെ കുലുക്കി വിളിച്ചു കൊണ്ട് ഇരുന്നു

“ഇങ്ങനെ നിലവിളിച്ചു കൊണ്ട് ഇരിക്കാതെ രമേശനെ പിടിക്ക്. ആശുപത്രിയിൽ കൊണ്ട് പോകാം. “

ആരൊക്കെയോ ചേർന്ന് വാരിയെടുത്തു ഓട്ടോയിൽ കയറ്റി

“മോളെ മോള് മാധവം മെഡിക്കൽ കോളേജിലെക്ക് ചെല്ല്. അവിടെ മനുന്റെ അടുത്ത് ആരുമില്ല. അമ്മ ഞങ്ങളുടെ കൂടെ താലൂക് ആശുപത്രിയിലേക്ക് വരട്ടെ. ദൈവമേ ഇതിപ്പോ എന്താണോ എന്തോ. എടാ രമേശാ.. രമേശാ “

സഹദേവൻ അയാളുടെ ശരീരം നെഞ്ചോട് ചേർത്ത് വിളിച്ചു കൊണ്ടിരുന്നു. മെല്ലിച്ച ആ ശരീരത്തിലേക്ക് വീണു ലത വിങ്ങി കരഞ്ഞു

“രമേശേട്ടാ…ദൈവമേ എന്റെ മോന് ഒന്നും വരുത്തല്ലേ. കൃഷ്ണ തന്നെ പോയ മതിയോ. അവള് കുഞ്ഞല്ലേ. എന്റെ കുഞ്ഞിന് എന്തറിയാം..”

“ആശുപത്രിയിൽ ഇവനെ ഒന്നു എത്തിച്ചോട്ടെ ലതെ. പിന്നെ ഞാൻ അങ്ങോട്ട് പൊയ്ക്കോളാം”

സഹദേവൻ അപ്പോഴും രമേശനെ ഉണർത്താൻ ശ്രമിക്കുകയായിരുന്നു. കൃഷ്ണ അപ്പോഴേക്കും മാധവത്തിൽ എത്തിക്കഴിഞ്ഞു

“ഇപ്പൊ കൊണ്ട് വന്ന ഒരു ആക്‌സിഡന്റ് കേസ്‌. മനു” അവൾ റിസപ്ഷൻൽ ചോദിച്ചു

“ആ മോളെ കൃഷ്ണേ ” ഗൗരിയുടെ അച്ഛൻ പ്രശാന്ത്

“ആ അമ്മാവാ മനുവേട്ടൻ എവിടെ? “

“എന്റെ മോളെ ഞാനും അവനും കൂടിയ റോഡ് ക്രോസ്സ് ചെയ്തേ അപ്പോഴാ…പേടിക്കണ്ട. അത്രക്ക് ഒന്നുമില്ല. അവിടെയുണ്ട് വാ “

അയാളുടെ കയ്യും പിടിച്ചു കൊണ്ട് അവൾ casuality യിലേക്ക് നടന്നു. ചെന്നപ്പോൾ അവനെ കിടത്തിയിരിക്കുന്ന ബെഡിന് ചുറ്റും ഡോക്ടർമാർ. പ്രധാന ഡോക്ടർ എന്ന് തോന്നിക്കുന്ന ആൾ അവരെ നോക്കി

“ഇയാളുടെ റിലേറ്റീവ് ആണോ?”

“എന്റെ ഏട്ടനാണ് “കൃഷ്ണ പറഞ്ഞു

“ഇയാൾക്ക് എന്തെങ്കിലും അസുഖം ഉണ്ടൊ?” അവൾ തലയാട്ടി

“ഏട്ടന് ഹാർട്ടിനു അസുഖം ഉണ്ട് “

അയാൾ കൂടെയുള്ള ഡോക്ടർമാരെ ഒന്ന് നോക്കിയിട്ട് എന്തൊക്കെയോ ഇംഗ്ലീഷിൽ പറഞ്ഞിട്ട് അവിടെ നിന്ന് പുറത്തോട്ട് നടന്നു

“ഡോക്ടർ..ഡോക്ടർ ” അവൾ ഓടി ചെന്നു

“ഡോക്ടർ ഏട്ടന് കുഴപ്പമില്ല എന്നാണല്ലോ മാമൻ പറഞ്ഞത്. ഇപ്പൊ എന്താ unconscious ആയിരിക്കുന്നത്. എന്ത് പറ്റി ഡോക്ടർ?”

ഡോക്ടർ ജയറാം ആ കുട്ടിയെ ഒന്ന് നോക്കി

ചെറിയ ഒരു കുട്ടി. ഈ കുട്ടിക്ക് ഇത് വല്ലതും പറഞ്ഞാൽ മനസ്സിലാകുമോ?

“മോളുടെ അമ്മയോ അച്ഛനോ ഒരാൾ എന്നെ വന്നു കാണാൻ പറയു “

“അച്ഛൻ ഇത് കേട്ട് ബോധം കെട്ടു വീണു ഹോസ്പിറ്റലിൽ കൊണ്ട് പോയിരിക്കുകയാണ്. അമ്മ അച്ഛന്റെയൊപ്പം പോയി. എപ്പോ വരുമെന്ന് അറിയില്ല. ഡോക്ടർ എന്നോട് പറഞ്ഞോളൂ. ഞാൻ ഹയർ സെക്കന്റ്റി പരീക്ഷ പാസ്സായി മെഡിസിന് അഡ്മിഷൻ കിട്ടിയ ഒരാളാണ്. കുറച്ചു കാര്യങ്ങൾ എനിക്ക് മനസിലാകും”

ഡോക്ടർ വിസ്മയത്തോടെ അവളെ നോക്കി. കാര്യഗൗരവമുള്ള കുട്ടി
അയാൾക്ക് അവളെ ഇഷ്ടമായി

“മോളെ ഇവിടെ കൊണ്ട് വരുമ്പോൾ അയാൾക്ക് ഹർട്ട്ന് അസുഖം ഉണ്ടെന്ന് ആർക്കും അറിയില്ലല്ലോ. മുറിവുകൾക്ക് പെട്ടെന്ന് ഡ്രസിങ് ആവശ്യമുണ്ട്. പിന്നെ ടെറ്റനസ് ഇൻജെക്ഷൻ എടുത്തു. ഇത്രയേ ചെയ്തുള്ളു പക്ഷെ ആള് unconscious ആയി. ഡീറ്റെയിൽ ആയി നോക്കണം. എല്ലാ ടെസ്റ്റുകൾക്കും എഴുതി യിട്ടിണ്ട്. റിസൾട്ട്‌ കിട്ടട്ടെ “

അവൾ കുറച്ചു നേരം ആലോചിച്ചു

“ഞങ്ങളുടെ കയ്യിൽ പണമില്ല ഡോക്ടർ. ഇവിടെ ബിൽ ഒക്കെ കുറേ ആവില്ലേ? കാശില്ല. ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട് പൊയ്ക്കോട്ടെ.”

ഡോക്ടറു ടെ ഉള്ളിൽ വേദന നിറഞ്ഞു. പണമില്ല എന്നത് ആ കുട്ടിക്ക് അറിയാം. പക്ഷെ ഗവണ്മെന്റ് ഹോസ്പിറ്റൽ വരെ അയാൾ എത്തില്ല എന്നത് തനിക്ക് മാത്രേ അറിയൂ.

“മോളെ ഏട്ടനെ ഇപ്പൊ ഷിഫ്റ്റ്‌ ചെയ്യാൻ പറ്റില്ല. കണ്ടിഷൻ കുറച്ചു മോശം ആണ്..എമർജൻസി സർജറി വേണം “

അവൾ പൊട്ടിക്കരഞ്ഞു പോയി

“ഞങ്ങളുടെ കയ്യിൽ ഒട്ടും കാശില്ല ഡോക്ടറെ. അച്ഛനും അമ്മയ്ക്കും കൂലിവേലയാ. ഞാൻ ഇനി പഠിച്ചിട്ട് ഏട്ടന്റെ ഓപ്പറേഷൻ ഒക്കെ ചെയ്യാമെന്നാ കരുതിയെ..എന്റെ ഏട്ടൻ മരിച്ചു പോവോ? “

ഡോക്ടർ ജയറാമിന്റെ കണ്ണ് നിറഞ്ഞു പോയി. കൃഷ്ണ പെട്ടെന്ന് കുനിഞ്ഞു ആ കാലിൽ വീണു

“എന്റെ കയ്യിൽ ഇപ്പൊ കാശില്ല എന്നേയുള്ളു. പക്ഷെ ഉണ്ടാകും. അന്ന് ഞാൻ ഇതെല്ലാം തരാം. എന്തെങ്കിലും ചെയ്തു രക്ഷിക്കാൻ പറ്റുമോ? ഏട്ടന് എന്തെങ്കിലും വന്നാ എന്റെ അച്ഛൻ മരിച്ചു പോം. എനിക്ക് അച്ഛനും ഇല്ലാണ്ടാകും ഏട്ടനും ഇല്ലാണ്ടാകും “

ഡോക്ടർ ജയറാം അവളെ അറിയാതെ പിടിച്ചു എഴുനേൽപ്പിച്ചു നെഞ്ചോട് ചേർത്ത് പിടിച്ചു

“മോള് ഏട്ടന്റെ അടുത്തേക്ക് ചെല്ല്. ഡോക്ടർ അങ്കിൾ നോക്കിക്കൊള്ളാം കേട്ടോ ചെല്ല് “

“പക്ഷെ കാശ്…”

“മോള് അങ്ങോട്ട് ചെല്ല് “

ഡോക്ടർ ജയറാം തന്റെ അസിസ്റ്റൻസ് ആയ ഡോക്ടർ ദീപയെയും ഡോക്ടർ അഭിജിത്തിനെയും വിളിച്ചു

“ഒരു എമർജൻസി സർജറി ഉണ്ട് വീട്ടിൽ പോകരുത് “

അവർ പരസ്പരം നോക്കി

“ഞാൻ പറയും വരെ ഇവിടെ ഉണ്ടാകണം.”

“yes ഡോക്ടർ “

പിന്നെ അദ്ദേഹം മുറിയിലേക്ക് പോയി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  മാത്യു മുറിയിലേക്ക് വന്നു

“ഡോക്ടർ വിളിപ്പിച്ചു എന്ന് പറഞ്ഞു “

“yes. ഇപ്പൊ ഒരു patient അഡ്മിറ്റ് ആകുന്നുണ്ട് ഒരു മനു ആക്‌സിഡന്റ് കേസ്‌ ആണ്. പക്ഷെ ഹാർട്ട്‌ patient ആണ്. എമർജൻസി സർജറി വേണം. അവർക്ക് ബിൽ അടയ്ക്കാൻ പണമില്ല. അവർക്ക് ചിലവാകുന്ന മുഴുവൻ പണവും എന്റെ അക്കൗണ്ടിൽ നിന്ന് വരും. അവർക്ക് ബിൽ കൊടുക്കണ്ട. മനസ്സിലായോ”

അയാൾ വിളർച്ചയോടെ തലയാട്ടി

“പൊയ്ക്കോളൂ ” അയാൾ തിരിച്ചു പോരുന്നു

കാര്യം ഡോക്ടർ ജയറാം മാധവം ഹോസ്പിറ്റലിന്റെ ഷെയർ ഹോൾഡർ ഒക്കെയാണെങ്കിലും അതിന്റെ മേജർ ഷെയറുകൾ അദേഹത്തിന്റെ ഭാര്യ അനുപമയുടെ പേരിലായിരുന്നു. നിലവിൽ അത് മകൻ അർജുന്റെ പേരിലാണ്. ഡോക്ടർ ജയറാമിന്റെ ഈ സഹാനുഭൂതി ചില്ലറ നഷ്ടം ഒന്നുമല്ല ആശുപത്രിക്ക് വരുത്തി വെയ്ക്കുന്നത്. ഇതിപ്പോ അഞ്ചാറ് ലക്ഷം രൂപ ഒറ്റയടിക്ക് പോകുമ്പോൾ താൻ ആണ് സമാധാനം പറയേണ്ടത്. ആ സിംഹം തന്നെ കടിച്ചു കീറി തിന്നും.
സ്വന്തം അച്ഛനോട് പറഞ്ഞു കൂടെ എന്ന് ചോദിക്കാൻ പല തവണ കരുതിയതാണ്. തിരിച്ചു ചോദിച്ച പിന്നെ സ്ഥാനം പുറത്താണ്. അതോടെ തെറിക്കും ജോലി. കരുണ ഇല്ലാത്തവനാണ്. സ്നേഹമോ കനിവോ ഒന്നുമില്ലാത്ത ഒരാൾ. ഈ ജയറാം ഡോക്ടർക്ക് എങ്ങനെ ഇങ്ങനെ ഒരു മകനുണ്ടായി എന്നത് ഹോസ്പിറ്റലിൽ പോലും സംസാരമാണ്. എന്തുണ്ടെങ്കിലും തന്നോടാണ് ചോദിക്കുക. ഇയാൾക്ക് സ്വന്തം അച്ഛനോട് ചോദിച്ചു കൂടെ. ഇതിന് ഇനി എന്ത് പുകിൽ ഒക്കെ ഉണ്ടാകും ദൈവമേ. അങ്ങേര് നാളെ എത്തുകയും ചെയ്യും.

മനുവിനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി. രമേശന് ബോധം വന്നെങ്കിലും ബിപി അപകടകരമായ നിലയിൽ ഉയർന്നത് കൊണ്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തില്ല. സഹദേവനെ അവിടെയാക്കിയിട്ട് ലത ഓടി വന്നു. ഗൗരിയും എത്തി. ഗൗരി തളർന്നു പോയിരുന്നു

അവൾ ഒരു കോണിൽ പോയിരുന്നു

ഹൃദയത്തിൽ ആ മുഖം…ദൈവമേ എന്റെ മനുവേട്ടനെ കാത്തോളണേ അവൾ കണ്ണീരോടെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഒരായിരം തവണ മനുവേട്ടൻ പറഞ്ഞിട്ടുണ്ട്

“ഗൗരി ഏത് നിമിഷവും മരണത്തിലേക്ക് നടന്ന് പോകുന്ന ഒരാളാണ് ഞാൻ. ടിക്കറ്റ് കയ്യിൽ ഉണ്ട്. യാത്ര തുടങ്ങാൻ ഒരു ഡബിൾ ബെൽ മതി. ആ ബെൽ കേൾക്കേണ്ട നിമിഷം എനിക്ക് പോകേണ്ടി വരും. എന്നെ സ്നേഹിച്ചത്തിന്റെ പേരില് നീ ജീവിതം മുഴുവൻ കരഞ്ഞു കൊണ്ട് ഇരിക്കേണ്ടി വരും അത് വേണ്ട.”

അങ്ങനെ നോക്കുമ്പോൾ ആരുടെ കയ്യിലാണ് ടിക്കറ്റ് ഇല്ലാത്തത്. എല്ലാവരുടെ കയ്യിലും ഉണ്ട് ഓരോ ടിക്കറ്റ്. അറിയുന്നില്ല എന്നേയുള്ളു. സ്നേഹം അങ്ങനെ ആണോ? മരിച്ചു പോകില്ല എന്നുറപ്പുള്ള ഒരു മനുഷ്യൻ ഉണ്ടൊ? എല്ലാവരും മരിക്കും. മരിക്കുമെന്ന് വെച്ച് സ്നേഹിക്കാതിരിക്കാൻ പറ്റുമോ?

ജീവനാണ് മനുവേട്ടൻ. ഓർമ വെച്ച കാലം മുതൽ ഉള്ളിൽ കൊണ്ട് നടക്കുന്ന മുഖം. എന്തെങ്കിലും സംഭവിച്ചാൽ ഗൗരിയും ഇല്ല അത്ര തന്നെ.

“എന്റെ കുഞ്ഞ്..” ലത അതേ വിലാപമാണ്

“അമ്മ ഇങ്ങനെ നിലവിളിച്ചു ബഹളം ഉണ്ടാക്കിയാൽ അവർ ഇവിടെ നിർത്തില്ല കേട്ടോ പുറത്ത് വിടും..മിണ്ടാതിരിക്കാൻ “

കൃഷ്ണ ശാസിച്ചപ്പോൾ അവർ ഒന്ന് അടങ്ങി. ഡോക്ടർ ജയറാമും കൂടെയുള്ള രണ്ടു ഡോക്ടർമാരും ഓപ്പറേഷൻ തിയേറ്ററിലേക്ക് വന്നു

കൃഷ്ണ അദ്ദേഹം കൈ കാട്ടിയപ്പോൾ അടുത്തേക്ക് ചെന്നു

“conscent ആരാ സൈൻ ചെയ്യുക?”

“അമ്മ വന്നു.”

അവൾ അമ്മയെ നോക്കി. ഏത് നിമിഷവും വീണു പോയേക്കാവുന്ന ദുർബലയായ ഒരു സ്ത്രീ

ഡോക്ടർ അകത്തേക്ക് പോയി. നിമിഷങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു

അവൾ ക്യാന്റീനിന്റെ വശത്തുള്ള ബെഞ്ചിൽ പോയി ഇരുന്നു. പിന്നെ മുഖം അമർത്തി പൊട്ടിക്കരഞ്ഞു കുറേ നേരം കരഞ്ഞു . തോളിൽ ഒരു കരസ്പർശം. ഒരു വയസ്സായ ആള്

കയ്യിൽ ഒരു കപ്പ് കാപ്പി

“ഞാൻ ഇവിടുത്തെ ജോലിക്കാരനാ. പേര് അനി. മോള് ഈ കാപ്പി കുടിക്ക് “

“വേണ്ട പൈസ ഇല്ല. ഞാൻ സ്വസ്ഥം ആയി ഇരിക്കാൻ വന്നുന്നേയുള്ളു “

“ഞാൻ കുഞ്ഞിനൊട് കാശ് ചോദിച്ചോ? മോൾ ഇത് കുടിക്ക് സ്വന്തം അച്ഛൻ തരുന്നു എന്ന് വിചാരിച്ചാൽ മതി “

അവൾ അത് മേടിച്ചു

“ആരാ കിടക്കുന്നെ?”

“ഏട്ടൻ “

“എന്താ അസുഖം?”

അവൾ വിശദമായി എല്ലാം പറഞ്ഞു

“ജയറാം ഡോക്ടർ ആണോ. എന്നാ പേടിക്കണ്ട കുഞ്ഞേ. ഇന്ന് കേരളത്തിൽ ഉള്ളതിൽ ഏറ്റവും മിടുക്കൻ ആയ കാർഡിയാക് സർജൻ ആണ്..ഏട്ടൻ രക്ഷപെടും “

അവൾ നിറഞ്ഞ കണ്ണുകളോടെ തലയാട്ടി

“ഡോക്ടർ ഫ്രീ ആയിട്ടാ ചെയ്യുന്നേ അല്ലെ?”

അവൾ മൂളി

“നല്ല മനുഷ്യനാ പാവമാ. ഭാര്യയും നല്ല സ്ത്രീ ആയിരുന്നു. നല്ലവർക്ക് ദൈവം ആയുസ്സ് കുറയ്ക്കും “

“ഭാര്യയും ഡോക്ടർ ആയിരുന്നോ?”

“അതേ മോളെ ഡോക്ടർ അനുപമ. നല്ല തങ്കപ്പെട്ട ഡോക്ടർ ആയിരുന്നു. വിധി “

അവൾ കാപ്പി കുടിച്ചു തീർത്തു

“മോള് കാശില്ല എന്നോർത്ത് ഇങ്ങോട്ട് വരാതെയിരുക്കേണ്ട. വരണം.”

അവൾ തലയാട്ടി പിന്നെ യാത്ര പറഞ്ഞു അവിടെ നിന്ന് ഓപ്പറേഷൻ തിയേറ്റർനരികിലേക്ക് പോയി

അച്ഛൻ ഇത് വരെ നോർമൽ ആയിട്ടില്ല. അച്ഛൻ എത്ര പാവമാണെന്നു അവൾ ഓർത്തു. അച്ഛനെപ്പോഴും ഏട്ടനെ കുറിച്ചുള്ള സങ്കടം ഉണ്ട്

പാവം. അമ്മ കരഞ്ഞു തളർന്ന് ഒരിടത്ത് ഇരിപ്പുണ്ട്. അവൾ ഗൗരിയുടെ അടുത്ത് ചെന്നു നിന്നു

തന്നെക്കാൾ വേദനിക്കുന്ന ആത്മാവ് ആണ് അത്. അവൾ ഓർത്തു ജീവനേക്കാൾ സ്നേഹിക്കുന്ന പുരുഷൻ ആണ് അകത്ത്

കൃഷ്ണ ആ കൈകൾ കോർത്തു മിണ്ടാത് നിന്നു. പണ്ടേ ഇങ്ങനെ ആണ്. ഒരു സന്തോഷം വരുമ്പോൾ തൊട്ട് പിന്നാലെ വലിയ ഒരു സങ്കടം വരും

അത് കൊണ്ട് തന്നെ സന്തോഷിക്കാൻ പേടിയാണ്. താൻ ഡോക്ടറോട് പറഞ്ഞത് വെറും വാചകങ്ങൾ അല്ല. ഏട്ടൻ എന്തെങ്കിലും ആയിപ്പോയ അച്ഛൻ മരിച്ചു പോകുമാധി കേറി

ഗൗരി ഉണ്ടാകുമോ പിന്നെ. ചിലപ്പോൾ കാണുമായിരിക്കും. മെഴുകുതിരി പോലെ ഉരുകി ഉരുകി

അമ്മയോ? ഓർക്കാൻ വയ്യ

അച്ഛൻ ഇല്ലാതെയമ്മ കാണുമോ? ഓരോന്ന് ഓർത്തു അവൾ ഭീതിയോടെ നിന്നു.

ഓപ്പറേഷൻ തിയേറ്റർന്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നു.

കൃഷ്ണ ഓടിയദേഹത്തിന്റെ മുന്നിൽ വന്നു

തുടരും….