ധ്രുവം, അധ്യായം 55 – എഴുത്ത്: അമ്മു സന്തോഷ്

ഗുരുവായൂർ…

കൃഷ്ണയ്ക്ക് രണ്ട് അമ്മമാരേ കൂട്ട് കിട്ടി. പാലക്കാട്‌ ഉള്ള വസുധയും താമരയും. രണ്ടു പേരും സഹോദരിമാരാണ്  വിവാഹിതരല്ല. അവൾ തനിച്ചാണെന്ന് അറിഞ്ഞപ്പോൾ അവർ അവളെ ഒപ്പം കൂട്ടി

ഗവണ്മെന്റ് ഗസ്റ്റ്‌ ഹൌസിൽ മുറിയെടുത്തിട്ടുണ്ട് രണ്ടാളും. കൃഷ്ണയും അവർക്കൊപ്പം പോയി. അവളും കുറഞ്ഞ തുകയ്ക്ക് ഒരു മുറി എടുക്കാൻ തുനിഞ്ഞെങ്കിലും അമ്മമാർ സമ്മതിച്ചില്ല

പകൽ മുഴുവൻ ഗുരുവായൂർ ആണ്. വെളുപ്പിന് രണ്ടര മണിക്ക് കുളിച്ചു എത്തും അവർ. ക്യുവിൽ നിൽക്കും. അപ്പോഴേക്കും നിറയെ ആൾക്കാർ ആയിട്ടുണ്ടാകും

കൃഷ്ണ ആദ്യമായിരുന്നു അതൊക്കെ കാണുന്ന തന്നെ. പുലർച്ചെ ആ സമയം എണീൽക്കാൻ അവൾക്ക് അവൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ഉറക്കം ഉണ്ടായിട്ട് വേണ്ടേ?

നെഞ്ചിൽ നിറഞ്ഞ സങ്കടം രാത്രിയാണ് ഒഴുകി തീരുക. രാവിലെ ഭഗവാനെ കാണുമ്പോൾ മനസ്സ് തണുക്കും. അകത്തു എവിടെ എങ്കിലും ഇരിപ്പുറപ്പിക്കും. അവിടെ നിന്ന് വാങ്ങിയ മഹാഭാഗവതമുണ്ട്. അത് വായിച്ച് കൊണ്ടിരിക്കും. ചിലപ്പോൾ അമ്മമാർ മാറി മാറി വായിക്കും കൃഷ്ണ അത് കെട്ടിരിക്കും. രാവിലെ കാപ്പിയും ഉച്ചക്ക് ചോറും അമ്പലത്തിൽ  നിന്ന് കിട്ടും. അത് കഴിച്ച് അവിടെ തന്നെ ഇരിക്കും കൃഷ്ണ. അമ്മമാർ മുറിയിൽ പോകും

അവൾ ഓരോന്ന് കണ്ടു കൊണ്ട് ആ പടിക്കെട്ടിൽ ഇരിക്കും. എന്തിനാ ഞങ്ങളെ പിണക്കിയതെന്ന് അവൾ ഇടക്ക് ഭഗവാനോട് ചോദിക്കും..എന്ത് മാത്രം സ്നേഹിച്ചതാ ഞാൻ. എന്നെ എന്തിനാ കരയിച്ചേ കൃഷ്ണ? അതോർക്കുമ്പോ തന്നെ കണ്ണ് നിറഞ്ഞു പോകും

ഇനി കാണണ്ട എന്നൊക്കെ എങ്ങനെയാ എന്നോട് പറയാൻ ആ ആൾക്ക് തോന്നിത്..എനിക്കാരുല്ല കൃഷ്ണ…നോക്ക് ഞാൻ തനിച്ചാണ്..അവൾ നിലത്തിരുന്നു കാല്മുട്ടിൽ മുഖം ചേർത്ത് വെച്ചു

“ഒറ്റയ്ക്കാ?”

ഒരു പെൺകുട്ടി. നീളൻ പാവാടയും ബ്ലൗസും. ഒരു സുന്ദരി ക്കുട്ടി

കൃഷ്ണ പുഞ്ചിരിച്ചു

” ഉം “

“ഭജന ഇരിക്കാൻ വന്നതാണോ? രണ്ടു ദിവസം ആയിട്ട് കാണുന്നുണ്ടല്ലോ “പെൺകുട്ടി പറഞ്ഞു

“അതേ. നിങ്ങളോ?”

“എന്റെ ഡാൻസ് ഉണ്ട്. ഇന്ന് രാത്രി. അമ്മ അങ്ങോട്ട് പോയി. ഞാൻ കുറച്ചു നേരമായി കാണുന്നു ഇങ്ങനെ വിഷമിച്ചു ഭഗവാനെ നോക്കിയിരിക്കുന്നത്”

കൃഷ്ണ പുഞ്ചിരിച്ചു

“എന്താ പേര്? എവിടെയാ വീട്?”

“പേര് കൃഷ്ണ. വീട് തിരുവനന്തപുരം “

“ഞാൻ പാലക്കാട്‌ “

“പഠിക്കുകയാണോ?”

“ഉം “

പെൺകുട്ടിയുടെ കണ്ണുകൾ ആരെയോ തിരയുന്നുണ്ട്

“എന്റെ ആള് ഇവിടെ വരാന്ന് പറഞ്ഞിട്ടുണ്ട്. അമ്മ കണ്ടാൽ കൊ- ന്നു കളയും “

കൃഷ്ണ കൗതുകത്തോടെ നോക്കി

“ദേ വന്നു “

ഒരു യുവാവ്

അവൾ ഓടി ചെന്നു മിണ്ടുന്നുണ്ട്. അതിന്റെ അമ്മ വരുന്നുണ്ടോ എന്ന് കൃഷ്ണ നോക്കികൊണ്ട് ഇരുന്നു. അവൾ വേഗം തിരിച്ചു വന്നു

“ഞങ്ങൾ കളിക്കൂട്ടുകാരാ. ചെറിയ പിണക്കത്തിൽ ആയിരുന്നു. എന്റെ വീടിന്റെ തൊട്ട് അടുത്താ, കാണണ്ടാകുമ്പോൾ പിണക്കം ആണെങ്കിലും വിഷമിക്കുമല്ലോ. അപ്പൊ എന്തായാലും എന്നെ തിരക്കി വരും “

കൃഷ്ണ ചിരിച്ചു പോയി

“കുട്ടി പറഞ്ഞിട്ടാണോ വന്നത്?”

“ഹേയ് അല്ല “

“പിന്നെ എങ്ങനെ അറിയാം ഇവിടെ ആണെന്ന് കൃത്യമായിട്ട് “

“നമ്മളെ വേണന്നുള്ളവർ നമ്മളെ തേടി വരും. സ്നേഹം സത്യമാണെങ്കിൽ വരും. പറഞ്ഞില്ലെങ്കിൽ കൂടി അന്വേഷിച്ചു അറിഞ്ഞു വരും “

കൃഷ്ണ വെറുതെ തലയാട്ടി. തന്നെ അന്വേഷിച്ചു ആരും വരില്ല. ഓർക്കുന്നു പോലും കാണില്ല

അവൾ ദീർഘമായി ശ്വസിച്ചു

” എന്താ സങ്കടം?”

പൊടുന്നനെ കൃഷ്ണ തല ഉയർത്തി

“എന്ത് സങ്കടം?

“ഞാൻ പറയട്ടെ?”കുസൃതി ചിരി

” കൃഷ്ണ ആരെയോ സ്നേഹിക്കുന്നുണ്ട്. മുഖം കണ്ട അറിയാം “

കൃഷ്ണ പുഞ്ചിരിച്ചതേയുള്ളു

“ആള് പിണങ്ങി പോയോ? എന്താ കാര്യം?”

കൃഷ്ണയുടെ കണ്ണ് പെട്ടെന്ന്  നിറഞ്ഞു

“വിഷമിക്കണ്ട ട്ടോ ഈ ആള് പ്രണയത്തിന്റെ ഭഗവാനാ. നോക്ക് എത്രയാ ജോടികൾ ഇവിടെ പ്രാർത്ഥിക്കാൻ വരുന്നത്? എത്ര കല്യാണങ്ങൾ ആണ് നടക്കുന്നത്. സ്നേഹിക്കുന്നവരുടെ മനസ്സ് കൃഷ്ണനോളം ആർക്ക് അറിയാം. പാവത്തിന് രാധയേ കിട്ടിയില്ലല്ലോ. അതോണ്ട് കാമുകൻമാരുടെയും കാമുകി മാരുടെയും സങ്കടം മനസിലാകുന്ന ഏറ്റവും നല്ല ആള് കൃഷ്ണനാണ്..അതോണ്ട് നല്ലോണം പ്രാർത്ഥിച്ചോ ആള് വരും “

“വരണമെന്നൊന്നുമില്ല. എവിടെ ആണെങ്കിലും സന്തോഷം ആയിട്ട് ഇരുന്ന മതി “

അവൾ മെല്ലെ പറഞ്ഞു

“അത് പോരാ. വരും വരണം. ഇത്രയും നല്ല ഒരു കക്ഷിയെ വിടുമോ അയാള്. ഈ ദേഷ്യം ഒക്കെ ആണുങ്ങൾടെ ഒരു നമ്പർ അല്ലെ..വരും വന്ന് കാല് പിടിക്കും അപ്പൊ ഒരു ചവിട്ടങ്ങ് കൊടുത്തേക്ക് നമുക്കും ദേഷ്യം ഉണ്ടെന്നങ്ങോട്ട് മനസ്സിലാക്കട്ടെ “

കൃഷ്ണ വാ പൊത്തി ചിരിച്ചു

“എന്താ പേര്?

കൃഷ്ണ ചോദിച്ചു

“രാധിക. “

കൃഷ്ണ അവളെ നോക്കി

“ആളുടെ പേരെന്താ?”

കൃഷ്ണ ഒന്ന് മടിച്ചു

“പറഞ്ഞോ നമ്മൾ ഇനിയും കാണാൻ ഒന്നും പോകുന്നില്ലല്ലോ പറഞ്ഞോ “

“അർജുൻ “

“എന്താ കൃഷ്ണാർജുനം കഥ? പറയ്. സമയം ഉണ്ട് വെറുതെ കെട്ടിരിക്കലോ ” കൃഷ്ണയ്ക്ക് എന്തോ അവളോട് ഒരു ഇഷ്ടം തോന്നി. എല്ലാം പറയാം എന്ന് തോന്നി. അവൾ സങ്കടത്തിൽ എല്ലാം പറഞ്ഞു

“ശ്ശെടാ സാധാരണ പെൺകുട്ടികൾ ആണ് കല്യാണം കഴിക്കാൻ ആണുങ്ങൾ പറ്റില്ല എന്ന് പറയുമ്പോൾ പിണങ്ങുന്നേ…ഇതിപ്പോ അർജുൻ കൊള്ളാം. ആള് കിടുവാണ് കളയരുത് ട്ടോ “

കൃഷ്ണ പുഞ്ചിരിച്ചു

പെട്ടെന്ന് ക്ഷേത്രത്തിൽ മണിയൊച്ച കേട്ടു. നട തുറക്കുന്ന സമയം ആയി

“ചേച്ചി ഞാൻ പോവാട്ടോ. അമ്മ തിരക്കും. വൈകുന്നേരം ഡാൻസ് കാണാൻ വരണേ..”

അവൾ തലയാട്ടി

“അർജുൻ വരും കൃഷ്ണാ “

പെൺകുട്ടി ഓടി പോകുന്നതിനിടയിൽ തിരിഞ്ഞു നോക്കി ഉറക്കെ പറഞ്ഞു

ആരെങ്കിലും കേട്ടോ ആവോ
അവൾ ചുറ്റും നോക്കി. ആരും ശ്രദ്ധിക്കുന്നില്ല

“കുട്ടിയെ…എന്താ റൂമിലേക്ക് വരാഞ്ഞത്?”

അമ്മമാർ വന്ന് അരികിൽ ഇരുന്നു

“ഇവിടെ നല്ല രസല്ലേ ” അവൾ അവരോട് പറഞ്ഞു. നേർത്ത തണുത്ത കാറ്റ് വീശുന്നു

“മോള് ഒറ്റയ്ക്ക് വരാൻ വീട്ടിൽ സമ്മതിച്ചല്ലോ ഭാഗ്യം. ഞങ്ങളുടെ ഒക്കെ ചെറുപ്പത്തിൽ ഒരു സ്ഥലത്തേക്ക് വിടില്ല. പേടിയാണ്. തൊട്ട് അപ്പുറത്തുള്ള ക്ഷേത്രത്തിൽ പോകാൻ അകമ്പടി
മടുത്തു പോകും. അങ്ങനെ പോകില്ല്യ “

ആ അമ്മ യുടെ പേര് താമര എന്നായിരുന്നു

“അമ്മയ്ക്ക് ആരാ ഈ. പേര് ഇട്ടത്? നല്ല പേരാണ് താമര”

കൃഷ്ണ പറഞ്ഞു

“അതൊരു കഥയാണ്. എന്റെ അമ്മയ്ക്ക് എന്റെ മുന്നേ ആറു കുട്ടികൾ ഉണ്ടായി. എല്ലാരും ജനനത്തോടെ മരിച്ചു പോയി. ഒരു ദിവസം പകൽ ഒരു നാടോടി സ്ത്രീ വന്നു. അവർക്ക് കൈ നോട്ടവും അറിയാം. കുറേ വർത്തമാനമൊക്കെ പറഞ്ഞു കൊണ്ട് ഇരുന്ന കൂട്ടത്തിൽ ഇവര് പറഞ്ഞു തറവാട്ടിലെ കുളത്തില് താമരപ്പൂക്കൾ വിരിഞ്ഞല്ലോ തമ്പുരാട്ടിയെന്ന്..അവര് അതും പറഞ്ഞു ഉച്ചക്ക് ഊണും കഴിഞ്ഞു പോയി. തറവാട്ടിലെ കുളത്തിൽ താമര വിരിഞ്ഞത് അന്ന് രാവിലെ കുളിക്കാൻ പോയിട്ട് പോലും കണ്ടില്ലല്ലോ എന്ന് അമ്മ വിചാരിച്ചു. അങ്ങനെ അമ്മ പോയി നോക്കിയപ്പോൾ താമരയുമില്ല ആമ്പലുമില്ല. അവര് പറ്റിക്കാൻ പറഞ്ഞതാണെന്ന് പറഞ്ഞു അവരെ രണ്ടു ചീത്തയും പറഞ്ഞു നടക്കുമ്പോൾ ദാ കിടക്കുന്നു അമ്മ തലകറങ്ങി താഴെ. പിന്നെ അറിയുന്നു അമ്മയ്ക്ക് വയറ്റിൽ ഉണ്ടായി എന്ന്. ആ കുഞ്ഞ് ജീവനോടെ ജനിച്ചു. അതാണ് ഞാൻ. ആ നാടോടി സ്ത്രീ പിന്നെ ഒരിക്കലും വന്നിട്ടുമില്ല. അവരുടെ ഓർമ്മക്കാ അമ്മ എനിക്ക് താമര എന്ന പേരിട്ടത്. അമ്മ വലിയ കൃഷ്ണ ഭക്തയായിരുന്നു ട്ടോ. നാടോടി സ്ത്രീയുടെ രൂപത്തിൽ വന്നത് ഭഗവാനാണെന്ന് മരിക്കും വരെ അമ്മ വിശ്വസിച്ചു. അദ്ദേഹം പലരൂപത്തിൽ വരും. ഏതൊക്ക രൂപത്തിൽ വന്ന് മിണ്ടുമെന്ന് ആർക്കും നിശ്ചയം ഇല്ല.”

കൗതുകത്തോടെ കൃഷ്ണ അത് കേട്ടിരുന്നു

“പിന്നെ ഇളയതായി ഇവൾ ഉണ്ടായി “

“നിങ്ങൾ രണ്ടുമെന്താ കല്യാണം കഴിക്കാഞ്ഞത്?”

അവർ പൊട്ടിച്ചിരിച്ചു

“ജീവിക്കാൻ കല്യാണം വേണമെന്ന് ആരാ കുട്ടിക്ക് പറഞ്ഞു തന്നത്?”

അതൊരു ചോദ്യമായിരുന്നു. കൃഷ്ണ ആ ചോദ്യത്തിന് മുന്നിൽ പകച്ചിരുന്നു

“ഞങ്ങൾക്ക് അങ്ങനെ ഒരു മോഹമുണ്ടായിട്ടില്ല. എന്താന്ന് അറിഞ്ഞൂടാ. ചെറുപ്പത്തിൽ തന്നെ ഭഗവാനെ വിളിച്ചു അങ്ങനെ അങ്ങ് കഴിഞ്ഞു കൂടി. വിവാഹാലോചനകൾ ഒക്കെ വന്നൂട്ടോ. രണ്ടു പേരും രണ്ടിടത്തായി പോവില്ലേ. അപ്പോഴേക്കും അച്ഛനും അമ്മയും മരിച്ചു. ഞങ്ങൾ രണ്ടു പേര് മാത്രം. ഞാൻ പോയ ഇവള് ഒറ്റയാകും. അങ്ങനെ നീണ്ടു പോയി. പിന്നെ തോന്നി എന്തിനാ കല്യാണം. ഇത് നല്ല സുഖം. സമാധാനം. എന്തിനാ ഒരു സ്വര്യക്കേട്. അത് കൊണ്ടെന്താ. ഒരു കുഴപ്പോമില്ല. പക്ഷെ കുട്ടി അങ്ങനെ ചെയ്യരുത് ട്ടോ..കുട്ടിയുടെ ആളുടെ പിണക്കം ഒക്കെ മാറി വരും.കുട്ടി അയാളെ കല്യാണം കഴിക്കണം. ഒരു പൊന്നുണ്ണിയുടെ അമ്മയാകണം. അങ്ങനെ ഒന്നിൽ നിർത്തണ്ട. കുറേ മക്കൾ ഉണ്ടായിക്കോട്ടെ.”

അവളുടെ ഉള്ളിൽ പൊടുന്നനെ ആ മുഖം വന്നു

“എനിക്ക് എത്ര മക്കളെ തരും?”

“അപ്പുവേട്ടൻ ആഗ്രഹിക്കുന്ന അത്രയും “

അന്നാണ് ആദ്യമായി ഉമ്മ വെച്ചത്. സ്നേഹത്തോടെ ചേർത്ത് പിടിച്ചു കവിളിൽ നെറ്റിയിൽ ഒക്കെ. പിന്നെ മാറോടു ചേർത്ത് പിടിച്ചിരുന്നു ഏറെ നേരം. സ്നേഹം ഉണ്ട് ആൾക്ക്. അതറിയാം

കല്യാണം ഒരു വർഷം കഴിഞ്ഞു മതി ന്ന് പറഞ്ഞപ്പോൾ സംശയം…ദേഷ്യം…അതാണ്

വാശിയുണ്ട്. ഒരിക്കൽ വിളിച്ചു. പിന്നെ വിളിച്ചിട്ടില്ല. നിന്റെ പഠിത്തം തീർന്നിട് വാ, ഞാൻ ഇവിടെ ഉണ്ടാകും. അത് വരെ കാണണ്ട. ഇത്രയും വാശി പാടില്ല അപ്പുവേട്ടാ. കൊള്ളില്ല. ഞാൻ വരില്ല നോക്കിക്കോ. അത് വാശി കൊണ്ടല്ല. ഒന്ന് മനസിലാക്കട്ട എല്ലാം…

ഏട്ടൻ പറഞ്ഞത് ഒരാളെ കൊ- ല്ലാൻ കൂടി മടിയില്ലാത്തവനെന്നാണ്.

അങ്ങനെ ഒക്കെ ചെയ്യുമോ?അറിയില്ല

അച്ഛന്റെ തലയ്ക്ക് അടിച്ചവന്റെ കൈ വെട്ടിക്കളഞ്ഞത് സത്യം ആണെന്ന് സമ്മതിച്ചു

അവള് വെറുതെ ഒന്നോർത്തു നോക്കി. തന്റെ അച്ഛന്റെ തല ഒരാള് അടിച്ചു തകർക്കുന്നത്. ഒരു തെറ്റും ചെയ്യാതെ. താൻ എന്ത് ചെയ്യും അത് കണ്ടു കൊണ്ട് നിൽക്കുകയാണെങ്കിൽ…കയ്യിൽ കിട്ടുന്ന എന്താണെങ്കിലും അതെടുത്തു ആക്രമിക്കും. അപ്പൊ നിയമം നോക്കുമോ. പോലീസ് വരട്ടെ എന്ന് ഓർകുമോ. ഇല്ല…അപ്പുവേട്ടൻ കുറച്ചു കൂടി ദേഷ്യം ഉള്ളവനാണ്. അച്ഛൻ എന്ന് വെച്ച ഭ്രാന്ത് ആണ്. ജീവനാണ്. അതറിയാം തനിക്ക്. അവനെ കൊ- ന്നില്ലെങ്കിലേ അതിശയം ഉള്ളു

താൻ അത് കേട്ട് പേടിച്ചു ഒഴിവാക്കാൻ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. അത് കൊണ്ടാണ് ഭാവം മാറിയത്

എന്നാലും പറഞ്ഞല്ലോ പെട്ട് പോയിന്ന്…അങ്ങനെ തോന്നിയല്ലോ…അതോണ്ട് കൃഷ്ണ ഇനി വരുന്നില്ല. സന്തോഷം ആയിട്ടിരുന്നോ

അങ്ങനെ ഇരിക്കുമോ അർജുൻ?

ഉള്ളിൽ ഇരുന്ന് ആരോ ചോദിക്കുന്നു

“നിന്നോട് മിണ്ടാതെ നടന്ന ദിവസങ്ങളിൽ ഓർക്കുന്നില്ലേ നീ?”

ഫ്ലാറ്റിൽ ബോധമില്ലാതെ മ- ദ്യവും മ- യ- ക്കുമരുന്നുമായി അവൻ

പെട്ടെന്ന് കൃഷ്ണയ്ക്ക് ഒരു പേടി വന്നു. അന്ന് പ്രണയം ഉണ്ടായിരുന്നില്ല. അറ്റ്ലീസ്റ് തനിക്കെങ്കിലും. എന്നിട്ടും..അത്രയും തകർന്നു. ഇപ്പൊ…അങ്ങനെയല്ല, അതിൽ കൂടുതൽ ആഴത്തിൽ ആണ് എല്ലാം. ആ നെഞ്ചിൽ തന്റെ രൂപമുണ്ട്. അത് ചെയ്തപ്പോൾ എത്ര നൊന്തിട്ടുണ്ടാവും. അത് ചെയ്യണമെങ്കിൽ ഉള്ളിൽ എത്ര സ്നേഹം ഉണ്ടാവും

നീ എന്നെ സ്നേഹിച്ചില്ലെങ്കിലും ഞാൻ സ്നേഹിക്കും കൃഷ്ണ…ആ വാചകം ഓർത്ത് അവൾ പനി പിടിച്ചു കിടന്ന നാളുകളിൽ ഉരുകി തീർന്ന ആ മുഖം സ്നേഹം ഉണ്ട്..അത് സാധാരണ സ്നേഹവുമല്ല. സ്നേഹമില്ലായ്‌മ കാണിക്കുന്നു എന്ന് തോന്നിയ പെട്ടെന്ന് വയലന്റ് ആകും..പിന്നെ പഴയ ആളെയല്ല..

കൃഷ്ണ അതൊക്ക മറക്കാൻ ശ്രമിച്ചു. കൃഷ്ണനെ മാത്രം ഓർക്കാൻ ശ്രമിച്ചു. കൊടിമരച്ചുവട്ടിലേക്ക് നോക്കിയിരുന്നു. ആൾക്കാർ വന്നു തുടങ്ങി. ഫോട്ടോകൾ എടുക്കുന്നതിന്റെ ബഹളം

എല്ലാവരെയും കാണാൻ എന്ത് ഭംഗി. കൊച്ചുകുട്ടികൾ കുട്ടിപ്പാവാടയൊക്കെ ഇട്ട്

ആൺകുട്ടികൾ ചെറിയ മുണ്ട് ഒക്കെ ഉടുത്ത്. എന്താ ഗമ നടപ്പ് അവൾക്ക് കുട്ടികളുടെ ഭാവം കണ്ടു ചിരി വന്നു. ഉണ്ണിക്കണ്ണനും ഇവിടെ എവിടെ എങ്കിലും കാണും

ഇതൊക്കെ കണ്ടു കൊണ്ട്
പുള്ളിക്ക് അകത്തിരിക്കാൻ സമയം ആയില്ല. പുറത്ത് ഉണ്ടാവും. ഓടി നടക്കുന്നുണ്ടാവും. എന്റെ നെഞ്ചിലും വരുമോ കണ്ണാ. നോക്ക് ഞാൻ ഒറ്റയ്ക്കാ. അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു

ക്യു നീങ്ങി തുടങ്ങി. അവൾ വേഗം എഴുന്നേറ്റു നിന്നു. ഇവിടെ വരുമ്പോൾ സമയം എത്ര പെട്ടെന്നാണ് പോകുന്നത്. മുന്നിൽ നിൽക്കുന്നവരുടെ കയ്യിൽ മയിൽ‌പീലി ഒക്കെ കണ്ടു അവൾ. കയ്യിൽ അത്രയ്ക്ക് കാശില്ല. നീ എന്നോട് ക്ഷമിക്ക് കൃഷ്ണ അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു

ഇപ്പൊ നിനക്ക് തരാൻ  കൃഷ്ണയ്ക്ക് ഒന്നൂല്ല. ജോലി കിട്ടുബോൾ ഇഷ്ടം പോലെ വാങ്ങി തരാട്ടോ. ഇവിടെ എന്താണാവോ കാലത്തിന്റെ സൂചി ഇത്ര വേഗം കറങ്ങുന്നത്. ഇനി രാത്രി ആകുന്നത് അറിയുക പോലുമില്ല. രാത്രി പൂജ കഴിഞ്ഞാൽ അമ്മമാർ മുറിയിൽ പോകും. അവർക്ക് തന്നോട് പ്രത്യേക വാത്സല്യമാണ്. ഒരു ദിവസം വീട്ടിൽ ചെല്ലാൻ ക്ഷണിച്ചിട്ടുണ്ട്

ഇന്നല്ലേ ആ കുട്ടിയുടെഡാൻസ്?

രാധികയുടെ, രാധികയുടെ ആ ആളും ഇവിടെയെവിടെയോ കാണും. അവളുടെ നൃത്തം കാണാൻ വന്നതാവും. ഭാഗ്യം ചെയ്തവരാ…സ്നേഹിക്കുന്നവർ ഒന്നിച്ചുണ്ടാകുന്നതിൽ വലിയ ഭാഗ്യം എന്താ? ആ കുട്ടിയുടെ നൃത്തം കാണണം. അമ്മമാർ മുറിയിൽ പോകും. പക്ഷെ പേടിക്കണ്ട. ആരും കൂട്ടില്ലെങ്കിൽ പോലും ഏത് അർദ്ധരാത്രിയിൽ പോലും ഗുരുവായൂർ പെണ്ണിന് പേടിക്കണ്ട. ആരുടെയും കൈ നീളില്ല. കാവലായി സാക്ഷാൽ കള്ളക്കണ്ണൻ തന്നെ ഉണ്ട്

കൃഷ്ണയുടെ(പാഞ്ചാലി) മാനം രക്ഷിച്ചവൻ. ഏത് പെണ്ണിനും അഭയമുണ്ടിവിടെ. ഒന്ന് ഉറക്കെ വിളിച്ചാൽ, ഒന്ന് കണ്ണ് നിറച്ചാൽ ഓടി വന്നു പുല്കുന്ന ഒരേയൊരാൾ

അവൾ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. ഒരു തൂണിനപ്പുറം രണ്ടു കണ്ണുകൾ അത് നോക്കി നിന്നു. നിറഞ്ഞ രണ്ടു കണ്ണുകൾ

അർജുൻ…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *