ധ്രുവം, അധ്യായം 57 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണാ “

ദൂരെ നിന്നെവിടെയോ ഒരു  വിളിയൊച്ച കേൾക്കുന്ന പോലെ, അപ്പുവേട്ടനല്ലേ അത്. കൃഷ്ണ കണ്ണുകൾ മെല്ലെ തുറക്കാൻ ശ്രമിച്ചു. താൻ ആരുടെ നെഞ്ചിൽ ആണ്

“കുറച്ചു വെള്ളം കൊടുക്ക്, ആരോ പറയുന്നു

“മോളെ…” സങ്കടം കലർന്ന വിളി

ആ ഗന്ധം. അവൾ മുഖം ഒന്ന് ചലിപ്പിച്ചു

“ഇങ്ങനെ നേരെത്തെ വരാറുള്ളതാണോ?”

“ഒന്നും കഴിക്കാഞ്ഞിട്ടാകും “

“ഭാര്യയാണോ?”

കൃഷ്ണ കണ്ണുകൾ വലിച്ചു തുറന്നു

“ഹാവൂ കണ്ണ് തുറന്നല്ലോ. ഇനി ഇത്തിരി വെള്ളം കുടിക്ക് കുട്ടി “

അമ്മമാരുടെ പരിഭ്രമം നിറഞ്ഞ മുഖം. അവൾ ചുറ്റും നോക്കി. ആളുകളും പരിഭ്രാന്തരാണ്. അവൾ തല തിരിച്ചു താൻ കിടക്കുന്ന മടിത്തട്ടിന്റെ ഉടമയെ നോക്കി

അർജുൻ….

അവളുടെ ചുണ്ടുകൾ വിതുമ്പി. ഒരായിരം ചോദ്യങ്ങൾ ഉണ്ട്

“ഈ വെള്ളം കുടിക്ക് കൃഷ്ണ “

അലിവോലുന്ന സ്വരം അവൾ അൽപല്പം അത് കുടിച്ചിറക്കി. പിന്നെ എഴുനേറ്റിരുന്നു

“ക്ഷീണം മാറിയോ കുട്ടി?” അമ്മമാർ ചോദിച്ചു

അവൾ മുഖം നന്നായി തുടച്ചു തലയാട്ടി

“പുറത്തോട്ട് ഇറങ്ങാം. എന്തെങ്കിലും ഇത്തിരി കഴിക്കാം ക്ഷീണം മാറട്ടെ “

അർജുൻ അവളുടെ കൈ പിടിച്ചു. അവൾ ഒന്ന് കൂതറാൻ ശ്രമിച്ചെങ്കിലും അവൻ വിട്ടില്ല. അവളെ ചേർത്ത് പിടിച്ചു പുറത്തേക്ക് ഇറങ്ങി

“എന്റെ പേര് അർജുൻ ” വെളിയിൽ ഇറങ്ങിയപ്പോൾ അവൻ രണ്ട് അമ്മമാരോടും കൂടി പറഞ്ഞു

“അത് ഞങ്ങൾക്ക് കുട്ടിയുടെ നെഞ്ചിലെ രൂപം കണ്ടപ്പോ മനസിലായി. പിണക്കം ഒക്കെ തീർന്നല്ലോ. അത് തന്നെ സന്തോഷം. ഈ സാധുവിനെ ഇങ്ങനെ ഇനി സങ്കടപ്പെടുത്തരുത് കേട്ടോ…പാവമാണ്..നിന്റെ പുണ്യവും “

അവൻ നിശബ്ദനായി നിന്നു

“മോളുടെ ആള് വന്നല്ലോ. ഞങ്ങൾ ഇനി മുറിയിലോട്ട് പോട്ടെ. നല്ല കാല് വേദന ഒന്ന് കിടക്കട്ടെ “

അവൾ തലയാട്ടി. അവർ പോയി കഴിഞ്ഞപ്പോൾ അവൾ കൈ വിടുവിച്ചു

“കൃഷ്ണാ?”

അവൻ പിന്നാലെ ചെന്നു

“എന്നോട് ക്ഷമിക്ക്. ഇനി ഒരിക്കൽ പോലും ഞാൻ ഇങ്ങനെ പറയില്ല. ഗുരുവായൂരപ്പൻ സത്യം. നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല മോളെ ഞാൻ. എങ്ങനെ പറയണം എന്നെനിക്ക് അറിഞ്ഞു കൂടാ. “

കൃഷ്ണ രൂക്ഷമായി ഒന്ന് നോക്കി

“നി എന്നെ ഇങ്ങനെ നോക്കല്ലെടി”

“നമുക്ക് എവിടെ എങ്കിലും ഇരുന്ന് സംസാരിക്കാം പ്ലീസ്.”

അവൾ ഒന്നും മിണ്ടിയില്ല. അവർ കുറച്ചു ദൂരെ മാറി കുളത്തിന്റെ അരികിലായി നിലത്തിരുന്നു. അവൾ അർജുനെ ഇമ വെട്ടാതെ നോക്കിയിരുന്നു. രാജകുമാരൻ ആണ്. പക്ഷെ ഇവിടെ വന്നാൽ ആരും ആ ഭാവമില്ലാതെ നിലത്തിരിക്കും. നഗ്നപാദരായി നടക്കും. മൊബൈൽ ഒന്നും ചിലപ്പോൾ ഓർമ്മ പോലും കാണില്ല. അർജുനും അങ്ങനെ തന്നെ. സാധാരണ ഒരു യുവാവ്. മുണ്ടും ഷർട്ടും. ആഡംബരങ്ങളൊന്നുമില്ല

“കൃഷ്ണ…?”

“ഉം?”

“വെറുപ്പായോ?”

“വെറുപ്പാണെങ്കിൽ കാണുമ്പോൾ ആ നെഞ്ചിൽ വീഴുമോ?”

അവൾ നനഞ്ഞ സ്വരത്തിൽ ചോദിച്ചു. അവന്റെ കണ്ണ് ഒന്ന് നിറഞ്ഞ പോലെ. അവൻ കൈ നീട്ടി ആ വിരലുകളിൽ പിടിച്ചു

“എത്ര ദിവസമായി ഇവിടെ  വന്നിട്ട്?”

“നി വന്നതിന്റെ പിറ്റേന്ന് “

അവൾ കണ്ണ് മിഴിച്ചു

“എന്നിട്ട്…എന്നെ കണ്ടോ?”

“കുറേ നോക്കി നടന്നു. ഒരു തവണ അല്ലെ വന്നിട്ടുള്ളൂ ഒരു ഊഹം ഇല്ല. അപ്പൊ കുറേ നോക്കി..വൈകുന്നേരം അത്താഴപൂജ കഴിഞ്ഞു പോകുന്നത് കണ്ടു “

അവൾ മുഖം താഴ്ത്തി

“കൂടെ ആരുമില്ല ഒറ്റയ്ക്ക്. എന്റെ ഹൃദയം പൊട്ടിപ്പോയി കൃഷ്ണ. ഞാൻ കാരണം എന്റെ കൊച്ച്. എന്റെ വാക്ക് പിഴ, എന്റെ വാശി ഓടി വന്ന് ആ കാൽക്കൽ വീണു ക്ഷമ പറയാൻ തോന്നി. അർജുൻ ആരുമല്ലന്ന് എനിക്ക് മനസിലായി. എന്റെ പെണ്ണ് എന്നെ വിട്ട് പോയി കഴിഞ്ഞാൽ ഞാൻ ഉണ്ടാക്കുന്നത് ഒക്കെ, അതിനൊക്കെ എന്ത് വാല്യൂ ആണ്..സീറോ.”

അവൻ ഒരു പാട് മാറിപ്പോയി എന്നവൾക്ക് തോന്നി. ആ കണ്ണുകൾ നിറയെ സങ്കടം. ക്ഷീണിച്ചു പോയി

“ഞാൻ വിട്ടിട്ട് പോവോ അപ്പുവേട്ടാ? എനിക്ക് എങ്ങനെ സാധിക്കും അത്? അപ്പുവേട്ടൻ ഒത്തിരി പേരെ കണ്ടിട്ടുണ്ടാകും. അറിഞ്ഞിട്ടുണ്ടാകും. അത് കൊണ്ടാ സംശയം. ഞാൻ അങ്ങനെ അല്ല. എനിക്ക് ഒറ്റ ആളെ അറിയൂ. ഞാൻ അവിശ്വസിക്കുന്നില്ലല്ലോ ഏട്ടനെ. അപ്പുവേട്ടൻ എന്നെ കല്യാണം കഴിക്കുമെന്ന് ഞാൻ മാത്രേ ആ മനസ്സിലുള്ളതെന്ന് എനിക്ക് വിശ്വാസം ഉണ്ടല്ലോ. “

“ശരിയാണ്. ഞാൻ നല്ലതല്ല അതാണ് സംശയം “

അവൻ വിളറി ചിരിച്ചു

“എന്നാണോ പറഞ്ഞത്?”

അവൻ ഒന്നും മിണ്ടാത് ദൂരെ നോക്കിയിരുന്നു

“എവിടെ ആണ് താമസം?”

അവൾ ആ കയ്യിൽ പിടിച്ചു

“ഇവിടെ “

“ഇവിടെ എവിടെ?”

“കിടക്കുന്നത് ഈ തറയില്..ദോ അവിടെ പോയി കുളിക്കും. പിന്നെ സാധനങ്ങൾ ഒക്കെ അവിടെ സൂക്ഷിക്കാൻ ഏൽപ്പിക്കും.”

കൃഷ്ണ കിതപ്പോടെ അവനെ നോക്കിയിരുന്നു

നിലത്ത്..ഈ നിലത്ത് കിടന്നോ അപ്പുവേട്ടൻ…

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവനെ വിശ്വാസം വരാതെ അവൾ നോക്കിയിരുന്നു

“ആദ്യത്തെ ദിവസം അവിടെയായിരുന്നു. പക്ഷെ മഴ പെയ്തപ്പോ വെള്ളം നനഞ്ഞു,

കൃഷ്ണ ആ വാ പൊത്തി

“പറയണ്ട “

അവൾ കീഴ്ച്ചുണ്ടു കടിച്ചു പിടിച്ചു

പിന്നെ മുട്ടിൽ മുഖം അമർത്തി ഇരുന്നു

“കൃഷ്ണ സാരമില്ല. ഒത്തിരി പേരുണ്ട് ഇവിടെ. അവിടെ ഒരു ഫാമിലി ഉണ്ട് നോക്കിക്കെ. അച്ഛനും രണ്ടു കുഞ്ഞുങ്ങളും “

അവർ ഇങ്ങോട്ട് നോക്കി. കുട്ടികൾ അവനോട് ചിരിച്ചു

“തൊഴുത് ഇറങ്ങി അല്ലെ? കഴിക്കാൻ വരുന്നില്ലേ?” അയാൾ ചോദിച്ചു

“വന്നേയ്ക്കാം ചേട്ടൻ വിട്ടോ. ചേട്ടാ ഇതാണ് കൃഷ്ണ. ഞാൻ പറഞ്ഞില്ലേ “

അയാൾ പുഞ്ചിരിച്ചു. പിന്നെ മക്കളെ രണ്ട് വിരലുകളിലും പിടിച്ചു നടന്ന് തുടങ്ങി

“ആ ചേട്ടന്റെ ഭാര്യക്ക് സുഖമില്ല. അവർക്ക് വേണ്ടി പതിനാലു ദിവസം ഭജനമിരിക്കാൻ വന്നതാണ്. ക്യാൻസർ ആണ്. അടുത്ത ബയോപ്‌സിയുടെ റിസൾട്ട്‌ കാത്ത് ഇരിക്കുകയായിരുന്നു. ഇന്നലെ വന്നു. നെഗറ്റീവ്. ഇനി ഒരിക്കലും വരില്ലെന്ന് ഡോക്ടർ ഉറപ്പ് കൊടുത്തു. പൊട്ടിക്കരയുകയായിരുന്നു പുള്ളി. എന്നെ കെട്ടിപിടിച്ചു കുറേ കരഞ്ഞു..ഡോക്ടറെക്കാൾ വലിയ ഡോക്ടറുടെ അടുത്താ ഞാൻ വന്നത്. മാറും എന്ന് ഉറപ്പായിരുന്നു എന്നൊക്കെ പറഞ്ഞു. സത്യത്തിൽ കൃഷ്ണ എന്റെ മനസ്സിൽ നിന്ന് എല്ലാ അഹങ്കാരവും മാഞ്ഞു പോയി..എല്ലാമെല്ലാം മാഞ്ഞു പോയി. നിന്നെ കുറിച്ചുള്ള ഓർമ്മ മാത്രം. നി നിനക്ക് എന്തെങ്കിലും വന്നാ..അറിയില്ല എനിക്ക് ഞാൻ ചിലപ്പോൾ ഇല്ലാണ്ടായി പോകും…”

അവൻ ചുണ്ട് കടിച്ചു പിടിച്ചു. കൃഷ്ണ പൊട്ടിപ്പോയി

“പാവങ്ങളാണ് കൃഷ്ണ. ജോലിയൊന്നുമില്ല ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. മക്കൾ ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിക്കുന്നത്. ഭാര്യക്ക് അസുഖം വന്നപ്പോ വീടും സ്ഥലവുമെല്ലാം വിറ്റു. പാവം. ഞാൻ നമ്പർ വാങ്ങിയിട്ടുണ്ട്. തിരിച്ചു ചെല്ലട്ടെ. എന്റെ ഹോസ്പിറ്റലിൽ ഒരു ജോലി. ഒരു വീട്. പോരെ? അയാൾക്ക് ശരിക്കും ഞാൻ ആരാണ് എന്നൊന്നും അറിഞ്ഞൂടാ. കാമുകിയെ തിരക്കിയിറങ്ങിയ ഒരു പാവം കാമുകൻ അത്രേ അറിയൂ ഞാനത് പറഞ്ഞമില്ല “

കൃഷ്ണ ആ കൈകളിൽ മുഖം അമർത്തി കരഞ്ഞു. അവൾക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ആ മനുഷ്യനെ കൃഷ്ണന് ഇഷ്ടമായത് കൊണ്ടാണ് അപ്പുവേട്ടനെ കൂട്ടി മുട്ടിച്ചു കൊടുത്തത്. ഒന്നുമില്ലാത്ത ആ ആൾക്ക് ഒരു ജോലി വീട് അതിനാണ്. ഭഗവാന്റെ പദ്ധതികൾ ആർക്ക് അറിയാം?

“മക്കൾ നല്ല മക്കളാ..അച്ഛൻ എന്ന് വെച്ചാ എന്താ സ്നേഹം..മൂന്ന് പേരും കൂടി കെട്ടിപിടിച്ചു ഉറങ്ങുന്നത് കാണണം. ഞാൻ അത് നോക്കിയിരിക്കും ചിലപ്പോൾ “

അവന്റെ കണ്ണുകൾ താഴ്ന്നിരുന്നു

“ഉറങ്ങാറില്ലായിരൂന്നോ?”

“നി ഉറങ്ങുന്നുണ്ടായിരുന്നോ മോളെ? നി എത്ര വേദനിച്ചു? എത്ര കരഞ്ഞു. ഞാൻ കണ്ടു കൊണ്ടാനിരുന്നത്. ദൃശ്യ പറഞ്ഞു  നിന്റെ മുന്നിൽ വരരുത് എന്ന്. വന്നാ ചിലപ്പോൾ ഇവിടെ നിന്നും പോയാലോ? എനിക്ക് ഇങ്ങനെ എങ്കിലും കാണാല്ലോ “

കൃഷ്ണ അവന്റെ ചുമലിലേക്ക് മുഖം ചേർത്ത് വെച്ചു

“വിശക്കുന്നുണ്ടോ?”

“ഇല്ല”

“രാവിലെ ഒന്നും കഴിച്ചില്ലല്ലോ.. അന്നദാനം തീർന്നു കാണും. നമുക്ക് അവിടെ എവിടെ എങ്കിലും പോയി കഴിക്കാം ഞാൻ ഇന്നലെ രാത്രി ഒന്നും കഴിച്ചില്ല “

അവൾ പെട്ടെന്ന് ആ മുഖത്ത് നോക്കി

“ഞാൻ പറഞ്ഞില്ലേ ആ ചേട്ടന്റെ സങ്കടം സന്തോഷം..കരച്ചിൽ എന്റെ മനസ്സ് എന്തോ പോലെ…പിന്നെ നിന്നെ നോക്കി ദേ അവിടെ ഇരുന്നു..കുറേ കഴിഞ്ഞു നി പോയി. പിന്നെ അവിടെ തന്നെ ഇരുന്നു രാത്രി മുഴുവൻ “

അവൾ ആ മുടി ഒതുക്കി വെച്ചു

“വാ പോയി കഴിക്കാം “

അവർ ഒന്നിച്ചു നടന്നു. ഒരു വെജിറ്ററിയൻ ഹോട്ടലിൽ കയറി

“എന്താ വേണ്ടേ?”

“അപ്പുവേട്ടൻ പറഞ്ഞോ എന്താണെങ്കിലും മതി “

“രണ്ടു മസാലദോശ രണ്ടു കാപ്പി “

അവളുടെ കണ്ണുകൾ ഒരു പാട് കരഞ്ഞിട്ട് വീർത്തിരുന്നു. അവൻ കൈ എത്തിച്ച് ആ മുഖം തുടച്ചു

“ഞാൻ എന്തെങ്കിലും പറയുമ്പോൾ എന്റെ മുഖത്ത് ഒന്ന് തരാനുള്ള അധികാരം നിനക്കുണ്ട് കൃഷ്ണ. അത് ഞാൻ നേരെത്തെ തന്നിട്ടുണ്ട്. അല്ലാതെ എന്ന് ഉപേക്ഷിച്ചു പോകുകയല്ല വേണ്ടത്. ഒരടിയിൽ ഒക്കെ ഞാൻ നന്നാകും “

അവൻ മെല്ലെ ചിരിച്ചു

“എനിക്ക് ഇപ്പൊ അത് പറ്റില്ല. ഈ മുഖത്ത് അടിക്കേ? അന്ന് പിന്നെ ഡ്ര- ഗ്ഗ്സ് യൂസ് ചെയ്തു കണ്ടപ്പോൾ സങ്കടം കൊണ്ട് ചെയ്തു പോയതാ “

“എപ്പോ വേണേൽ ചെയ്യാമെടി അത് എനിക്ക് ഒന്നും തോന്നില്ല നി എന്റെയല്ലേ?”

“എന്നിട്ടാണോ സംശയം?”

അവന്റെ മുഖം താഴ്ന്നു

“ഇങ്ങോട്ട് നോക്ക് ഞാൻ ബെറ്റർ ആയ ആളെ കണ്ടാൽ പ്രേമിക്കട്ടെ…എന്നിട്ട് പോട്ടെ?”

അവൻ ചിരിച്ചു

“എന്തൊക്കെയാ പറയുന്നെന്നു ബോധം ഇല്ലാത്ത ഒരു സാധനം..എന്റെ ഏട്ടനോട് എന്തൊക്കെ തോന്ന്യസമാ പറഞ്ഞത്? കൊ- ന്നിട്ടുണ്ട് ത- ല്ലിയിട്ടുണ്ട് “

“സത്യം ആണ്. ചെയ്തിട്ടുണ്ട് “

കൃഷ്ണ നടുങ്ങിപ്പോയി

“അതൊരു പഴയ കഥയാണ്. ഡാഡിയും ഞാനും ഒരു മീറ്റിംഗ് കഴിഞ്ഞു വരികയാണ്. സെക്യൂരിറ്റി ഒക്കെയുണ്ട്.  ബാംഗ്ലൂർ വെച്ചാണ്. രാത്രി. ഞങ്ങളുടെ വണ്ടി തടഞ്ഞു. മാക്സ് ഗ്രൂപ്പ്‌ എന്നൊരു ഗ്രൂപ്പ്‌ ഉണ്ട്. അവരാണെന്ന് പിന്നെയാ അറിഞ്ഞത്. ഞങ്ങൾക്ക് സത്യത്തിൽ കാര്യം മനസിലായില്ല. ഞാനും ഡാഡിയും കാറിൽ നിന്നിറങ്ങി. അന്ന് ഞാനടി തുടങ്ങിയിട്ടില്ല. ശീലവുമില്ല. ഞങ്ങൾ ഇറങ്ങിയതും ഒരു വെട്ട്. വെട്ടുക എന്നത് ഞാനന്ന് സിനിമയിൽ മാത്രം കണ്ടിട്ടുള്ളു. അത് കൃത്യമായി ഡാഡിയുടെ ദേഹത്ത്. ഡാഡി വീണു. പോയി. പിന്നെ എനിക്കൊർമ്മയില്ല. എന്തൊക്കെ നടന്നുന്നു. വീണു പോകരുത് എന്ന് മാത്രം ചിന്തിച്ചു. കുറേ പേര് ഓടിപ്പോയി. വീണു കിടക്കുന്ന ഡാഡിയുടെ മേൽ അടുത്ത വെട്ട് വെട്ടിയവന്റെ നെഞ്ചിൽ ഞാൻ കത്തിയെടുത്തു കുത്തി. ആക്ച്വലി ഈ ആയുധങ്ങൾ ഒന്നും ഞാൻ കൊണ്ട് വന്നതല്ല. അവരുടെ കൈവശം ഉണ്ടായിരുന്നതാണ്.ഞാൻ സ്വയരക്ഷയ്ക്ക് ഉപയോഗിച്ച്  അത്രേ തന്നെ. അവൻ മരിച്ചു പോയി. കുത്ത് കൃത്യമായി ഹൃദയത്തിൽ ആയിരുന്നു. അത് കൊണ്ട് ഹൃദയത്തിന്റെ പൊസിഷൻ പഠിച്ചു. ആ വെട്ട് ഡാഡിയുടെ നട്ടെല്ലിൽ ആയിരുന്നു. ഡാഡി വീൽ ചെയറിൽ ആയി. ഇനി നി പറ. എന്നെ കൊ- ല്ലാതിരിക്കാൻ എന്റെ ഡാഡിയെ കൊ- ല്ലാതിരിക്കാൻ ഞാൻ ചെയ്തത് ശരിയോ തെറ്റോ?”

തരിച്ചിരിക്കുകയാണ് കൃഷ്ണ. അവൾ ഒന്ന് വിക്കി

“നിന്റെ ഏട്ടൻ പറഞ്ഞു നി കൈ വെട്ടിയത് എനിക്ക് അറിയാമെടാ എന്ന്. എന്നോട് കാണിച്ചോ ബഹുമാനം, ഇല്ലല്ലോ. ഞാൻ കൈ വെട്ടിയെങ്കിൽ കാരണം ഉണ്ട് അതിന് എനിക്ക് എന്റെ നീതി ഉണ്ട്. ഭഗവാൻ കൃഷ്ണൻ പറഞ്ഞിട്ടല്ലേ ധർമപുത്രർ പോലും അശ്വത്ഥമാവ് മരിച്ചു പോയി എന്ന് നുണ പറഞ്ഞത്. ഓരോന്നിനും ഓരോ നീതി ഉണ്ട് കൃഷ്ണ “

“ഭഗവത് ഗീത അരച്ച് കലക്കി കുടിച്ചിട്ടുണ്ട് അല്ലെ?”

അവൻ ചിരിച്ചു

മസാലദോശ വന്നു. കൃഷ്ണ ദോശ ചട്ണിയിൽ മുക്കി നീട്ടി

“എന്റെ പൊന്ന് കഴിക്ക്. ഇതിനെ എൽ എൽ ബിക്ക് വിട്ടിരുന്നെങ്കിൽ സുപ്രീം കോടതി വക്കീൽ ആയേനെ “

“ജഡ്ജി ആയേനെ ജഡ്ജി “

“എങ്കിൽ എനിക്ക് കാണാൻ കിട്ടുമായിരുന്നോ?'”

അവൻ പ്രണയം നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കിയിരുന്നു. ഭക്ഷണം കഴിഞ്ഞു. അവർ അവിടെ നിന്നിറങ്ങി

“ആ മോനെ ഞാൻ പോവാണേ “

ആ ചേട്ടൻ രണ്ടു മക്കളുമൊത്തു മുന്നിൽ

“അവളെ നാളെ ഡിസ്ചാർജ് ആക്കുവാ..മോന്റെ വീട് തിരുവനന്തപുരം അല്ലെ. എവിടെ എങ്കിലും വെച്ച് കാണാം “

അർജുൻ അയാളുടെ ഇരു തോളിലും കൈ വെച്ചു

“ഞാൻ വിളിക്കും എടുക്കണം “

“ഒറ്റയ്ക്ക് വേദനിച്ചു ഇവിടെ കരഞ്ഞു കഴിഞ്ഞപ്പോ കൃഷ്ണൻ കൊണ്ട് തന്ന ഒരു കൂട്ടാ ഇത്. മറക്കുമോ ഞാൻ. ഞാൻ  ഫോൺ ചെയ്തോളാം. എന്റെ വാടകവീട് പേരൂർക്കട വാഴയില പാലത്തിന്റെ അടുത്താ. അതിലെ പോകുമ്പോൾ കേറണം. വിളിച്ചിട്ട് വരണം കേട്ടോ “

“തീർച്ചയായും വരും “

അർജുൻ കുറച്ചു നോട്ടുകൾ അയാളുടെ പോക്കറ്റിൽ തിരുകിവേണ്ടാന്ന് എത്ര പറഞ്ഞിട്ടും കേൾക്കാതെ. കുട്ടികൾക്ക് കുറെയധികം പലഹാരങ്ങൾ വാങ്ങി കൊടുത്തു അവൻ. അവർ അവനെ കെട്ടിപിടിച്ചു രണ്ടു കവിളിലും ഉമ്മ വെയ്ക്കുന്നത് കണ്ടു കൃഷ്ണയുടെ കണ്ണ് നിറഞ്ഞൊഴുകി

അവർ പോയപ്പോൾ കൃഷ്ണ അവന്റെ കൈ പിടിച്ചു നടന്നു. അകത്തേക്ക് നോക്കുമ്പോൾ ഭഗവാനെ കാണുന്നിടത് നിന്നു

“എന്നെ കല്യാണം കഴിക്ക് അപ്പുവേട്ടാ “

അർജുൻ നേർത്ത അമ്പരപ്പിൽ അവളെ നോക്കി

“ഈ നടയിൽ വെച്ചു ഒരു തുളസിമാല ഇട്ടാ മതി..നമ്മൾ പിന്നെ പിരിയില്ല “

പൊടുന്നനെ അമ്പലത്തിൽ മണി മുഴങ്ങി

“സത്യം “

അവൾ മന്ത്രിച്ചു

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *