ധ്രുവം, അധ്യായം 34 – എഴുത്ത്: അമ്മു സന്തോഷ്

നിവിൻ നടത്തുന്ന ബാച്ച്ലേഴ്‌സ് പാർട്ടി. ദീപു ഗ്ലാസ് നിറച്ച് അർജുന്റെ അരികിൽ വന്നിരുന്നു

അർജുന്റെ കയ്യിലെ ഗ്ലാസ്‌ ഒഴിഞ്ഞിട്ടില്ല

“ഇന്ന് സ്കോറിങ് കുറവാണല്ലോ “

“തുടങ്ങിയല്ലേ ഉള്ളു.,

അർജുൻ ഒരു സി’ ഗരറ്റ് ചുണ്ടിൽ വെച്ചു

“ദേ ഇത് വേണ്ടാട്ടോ ” രണ്ടു കണ്ണുകൾ മുന്നിൽ

അവൻ കണ്ണുകൾ അടച്ച് അവളുട മുഖം ഓർത്തു. പിന്നെ ചെറുതായി ചിരിച്ചിട്ട് സി- ഗരറ്റ് ദീപുവിന്റെ ചുണ്ടിൽ തിരുകി

“എന്താ ഒരു ചിരി?”

“ഞാനോ?”

“പിന്നെ ഞാനാണോ?,

“ഞാൻ ചിരിച്ചില്ല “

“നീ ആ പെണ്ണിനെ വളച്ചല്ലേ?നിവിൻ പറഞ്ഞല്ലോ.,

“വളച്ചെന്നോ..എന്ത് ഭാഷയാണെടാ അവളെന്താ കമ്പിയോ?”

“ശരി അടിയൻ നല്ല രീതിയിൽ ചോദിക്കട്ടെ. നീയും ആ പെണ്ണും തമ്മിൽ എന്താ റിലേഷൻ?”

“എന്ത് റിലേഷൻ?”

“ഒന്നുമില്ല?,

അർജുൻ ഒരു കള്ളച്ചിരി ചിരിച്ചു

“ഒന്നുമില്ല…അവള് കുട്ടിയല്ലേ എന്ത് റിലേഷൻ ആണെടാ. എന്നേക്കാൾ  കുറേ ഇളയ കൊച്ചാണ്. റിലേഷൻ പോലും. സംസാരിക്കും അത്രേയുള്ളൂ “

“നിവിൻ പറഞ്ഞത് അങ്ങനെ അല്ലല്ലോ നീ അവളുടെ മുഖത്ത് പിടിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടെന്നാണല്ലോ “

“അത് തമാശ കേട്ടപ്പോ അവളുറക്കെ ചിരിച്ചു അപ്പൊ വാ പൊത്തിയതാ “

“നിന്റെ തമാശ കേട്ട് അവള് ചിരിച്ചു….അവളെന്തിനാ പഠിക്കുന്നത്?”

“മെഡിസിന്..”

“ഡോക്ടർമാർക്ക് ഒക്കെ ഇത്രയും ബുദ്ധി ഇല്ലാതാവുമോ? കാണുമായിരിക്കും “

“പോടാ “

അർജുൻ അവനെ ഒരടി അടിച്ചു

“അല്ലാതെ ഒന്നുമില്ല “

“ശെടാ ഇല്ലാ “

“ok ശരി. നീ എന്നാ ഇനി ഫോറിൻ ട്രിപ്പ്?”

“എന്തിന്”

“തേങ്ങ വിറ്റ വകയിൽ കുറച്ചു കാശ് കിട്ടാനില്ലേ അത് മേടിക്കാൻ”

“ഈ പറഞ്ഞത് പിന്നെ സ്റ്റാൻഡേർഡ് തമാശ ആണല്ലോ.”

“നിനക്ക്  ഇത് മതി. പറ “

“ഉടനെ ഇല്ല “

“എന്ന് കാണും?”

അർജുൻ ഗ്ലാസ്‌ ഫിനിഷ് ചെയ്തു

“ഇനി അത്തരം ട്രിപ്പുകൾ ഉണ്ടാവില്ല “

ദീപു വിശ്വസിക്കാൻ വയ്യാതെ അവനെ നോക്കി

“രണ്ടു മൂന്ന് വർഷം ആയല്ലോ ബ്രഹ്മചര്യം. കാര്യം എന്താ?”

“വേണ്ടന്ന് തോന്നി. അത്രേ തന്നെ”

“വല്ല അസുഖം? “

“നോ “

“ശേഷിക്കുറവ് വല്ലോം “

“പോടാ നാറി “

“എന്നാ പിന്നെ നീ കമ്മിറ്റഡ് ആണ്”

“അതെങ്ങനെ ഉറപ്പിക്കാൻ പറ്റും. നിന്റെ കല്യാണം കഴിഞ്ഞതല്ലേ. നീ എത്ര പെണ്ണുങ്ങളുടെ കൂടെ അത് കഴിഞ്ഞ്…അത് കൊണ്ട് അത് പറയണ്ട…”

“അതിൽ ഒരു കാര്യം ഉണ്ട് അർജുൻ. അവളെയെനിക്ക്  അറിയാം. വേറെയൊരാളുടെ കുഞ്ഞിനെ ഗർഭത്തിൽ വഹിച്ചിട്ട് നിസാരമായി അത് അബോർട്ട് ചെയ്തു എന്നെ പോലൊരുത്തന്റെ ആലോചന വന്നപ്പോൾ കാശ് മാത്രം നോക്കി എന്നെ കെട്ടിയതാ. എനിക്ക് അവളോട് അത്രയൊക്കെ തോന്നു “

അർജുൻ ഞെട്ടലോടെ നോക്കിപ്പോയി

“ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു?”

“അറിയാമായിരുന്നു “

“അതൊക്കെ കല്യാണത്തിന് മുൻപല്ലേ? നീ പിന്നെ വിശുദ്ധനാണോ? എത്ര പെണ്ണുങ്ങൾ കടന്നു പോയിരിക്കുന്നു. അതൊന്നും നീ പറയണ്ട. ആ പേരും പറഞ്ഞു വ്യ- ഭി-ചാരം ന്യായീകരിക്കാൻ നോക്കുകയും വേണ്ട. അവൾ ഇപ്പൊ എന്താ അത് നോക്കിയാൽ മതി. വേണ്ടേ ഡിവോഴ്സ് ചെയ്യടാ. അവള് വേറെ നല്ല ഒരുത്തന്റെ കൂടെ ജീവിക്കാൻ സമ്മതിക്കണം അതാ വേണ്ടത് “

അർജുൻ ഒരു പാട് മാറിദീപു ഓർത്തു. ഇങനെയൊന്നും അവൻ മുൻപ് സംസാരിച്ചിട്ടേയില്ല. തത്വങ്ങൾ  ഒക്കെ പറയുന്നു

“അർജുൻ..?” ദീപു ഗൗരവത്തിൽ വിളിച്ചു

“കൃഷ്ണ നിന്റെ ആരാണ്?”

ആ ചോദ്യത്തിൽ നിന്ന് മുഖം തിരിക്കാൻ അത്തവണ അർജുന്‌ കഴിഞ്ഞില്ല

“പറയ്. അവൾ വന്നതിനു ശേഷം നീ ഒരു പാട് മാറി. ഞാനും നീയും തമ്മിൽ കണ്ടിട്ട് പോലും മാസങ്ങൾ ആയി. പറ “

“നീ വിചാരിക്കുന്നതൊന്നുമില്ല…സത്യം “

ദീപു അവനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. അതവന് വിശ്വസിക്കാൻ കഴിഞ്ഞില്ല

“പിന്നെ”

“പിന്നെയെന്താ?”

“അതാണ് എനിക്കും അറിയേണ്ടത്. കൃഷ്ണ നിനക്ക് എന്താ പിന്നെ?”

“എന്റെ ശ്വാസം ” അർജുൻ മെല്ലെ പറഞ്ഞു

ദീപു അതിശയത്തിൽ അവനെ നോക്കിക്കൊണ്ടിരുന്നു

“അർജുൻ? are you serious?”

“ഉം “

“അവളോ?”

“ഇഷ്ടം ഉണ്ടെന്നാ തോന്നുന്നത്. പൊസ്സസ്സീവ് ആണ്. അത് ഇടയ്ക്ക് പറയും. അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല.”

“അവൾക്ക് അടിച്ച ലോട്ടറി അല്ലേടാ നീ? എങ്ങനെ ഇഷ്ടം ഇല്ലാതിരിക്കും ഏത് പെണ്ണാണ് നിന്നെ ആഗ്രഹിക്കാത്തത്?”

“അതൊക്കെ വെറുതെ തോന്നുന്നത. നല്ല പെൺപിള്ളേർ ഉണ്ട് ഒരുപാട്. വാല്യൂസ് ഉള്ളവർ. നമുക്ക് അറിയാതെ പോയിട്ടാണ്. എന്റെ പണം ഭംഗി ഒന്നും കൃഷ്ണയ്ക്ക് ഒരു വിഷയമേയല്ല. അതൊക്കെ അവൾക്ക് നിസാരമാണ്. അത് കൊണ്ട് അത് കള. അവൾക്ക് എന്റെ past അറിയാം. എല്ലാം അറിയാം. അത് കൊണ്ട് ആ കണ്ണിന്റെ മുന്നിൽ നിൽക്കുമ്പോൾ ഉള്ളു വിറയ്ക്കും. വിശുദ്ധയായ ഒരു പെണ്ണിന്റെ മുന്നിൽ നിന്നാൽ എന്നെ പോലുള്ള ഏത് ആണിന്റെയും ഉള്ളു വിറയ്ക്കും. നിനക്ക് അറിയോ കോളേജിൽ ഏതൊ ഒരുത്തൻ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോ രക്ഷപെടാൻ കയ്യിലെ ഞരമ്പ് മുറിച്ചു കളഞ്ഞവളാണ്. അന്ന് എന്റെ കയ്യിൽ പിടിച്ച് അവള് കരഞ്ഞ ഒരു കരച്ചിൽ ഉണ്ട് ദീപു. ഇന്നുമതോർക്കുമ്പോൾ നെഞ്ചിൽ ഒരു വേദന വരും. ഒരാളും തൊടാത്ത പെണ്ണാ അവള്..ഇപ്പോഴത്തെ കാലത്ത് ഫ്‌ളൈർട് ചെയ്യാത്തവർ കുറവാ. പക്ഷെ കൃഷ്ണ…എനിക്ക് അവളെ…എനിക്ക് ബഹുമാനം ആണെടാ…ഒരു പാട് നല്ല പെണ്ണാ..അത് കൊണ്ട് തന്നെ എനിക്ക് പേടിയാണ്. സത്യം. അവളുടെ കയ്യിൽ ഒന്ന് പിടിക്കാൻ പോലും പേടിയാ..ചിലപ്പോൾ എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നും. അതൊക്കെ അവൾക്ക് കൂടി അറിയാമല്ലോ എന്നോർക്കുമ്പോൾ ഞാൻ അവളുടെ മുന്നിൽ പുഴുവിനോളം ചെറുതാകും. അത് കൊണ്ട് ഒന്നും പറയാനും വയ്യ,

“ചുരുക്കത്തിൽ നീ പെട്ടു “

ദീപു ചിരിച്ചു

“അങ്ങനെ അല്ല അതൊന്നുമില്ല..അവളെ എനിക്ക് ഇഷ്ടാണ്..” അർജുൻ മനോഹരമായ ഒരു ചിരി ചിരിച്ചു

“എന്താണ് കുറേ നേരമായല്ലോ രണ്ടും കൂടി ഒറ്റയ്ക്ക്… അങ്ങോട്ട് വാടാ “

അർജുനും ദീപുവും എഴുന്നേറ്റു

കൃഷ്ണ മെഡിക്കൽ ക്യാമ്പിൽ നിന്ന് തിരിച്ചു വന്നപ്പോൾ കുറേ രാത്രി ആയി. ലാസ്റ്റ് ഡേ ആയത് കൊണ്ട് ക്ലാസ്സ്‌ കഴിഞ്ഞു വെറുതെ ഒന്ന് പോയതാണ്. അത്രയും വൈകുമെന്ന് ഓർത്തില്ല. ഏട്ടനോട് വിളിച്ചു പറയാമെന്നു വെച്ച ഫോണിൽ ചാർജ് തീർന്നു. സാരമില്ല സ്റ്റോപ്പ്‌ വരെ  ബസ് ഉണ്ട്. അത് കഴിഞ്ഞ് ഒരു ഓട്ടം ഓടാം. കൃഷ്ണ വിചാരിച്ചു.

ബസ് നിർത്തിയപ്പോ ദൃശ്യയോട് യാത്ര പറഞ്ഞവൾ ഇറങ്ങി. ഒരു കാർ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്നത് അവൾ കണ്ടു. സാധാരണ ഈ വഴികളിൽ കാറുകൾ വരാറില്ല. ആർക്കെങ്കിലും അസുഖം ആണെങ്കിൽ..

പെട്ടെന്ന് കാറിൽ നിന്ന് പ്രവീൺ ഇറങ്ങുന്നതവൾ കണ്ടു. കൂടെ മൂന്നാല് പേരും. കൃഷ്ണയ്ക്ക് അപകടം മനസിലായി. ഞൊടിയിടയിൽ അവൾക്ക് ചുറ്റും ആള് വളഞ്ഞു

“മിണ്ടരുത് കൊ- ന്നു കളയും നിന്നെ..വന്ന് കാറിൽ കേറടി. നീ വിചാരിച്ചോ ഞാൻ എല്ലാം മറന്നെന്ന്..നീ അനുഭവിക്കാൻ പോന്നേയുള്ളൂ “

കൃഷ്ണ നടുങ്ങി നിന്നു പോയി

കത്തിയുടെ മുന വന്ന് വയറിൽ തട്ടി

“കയറിക്കോ മോളെ ഇല്ലെങ്കിൽ ഇവിടെ ഇട്ട് നാണം കെട്ട് തീരും നീ”

പൊടുന്നനെ

“ആരാടാ നീയൊക്കെ? പെങ്കൊച്ചുങ്ങളെ വഴിയിൽ തടഞ്ഞു നിർത്തുന്നോടാ “

ഒരലർച്ച

വെട്ടരിവാൾ ഓങ്ങി കൊണ്ട് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നപ്പോൾ അവൾ മുഖം കണ്ടു.

ഏലിയാമ്മ ചേട്ടത്തി

ആ നേരം അവനെ തള്ളി മാറ്റി കൃഷ്ണ അവർക്ക് പിന്നിൽ ചെന്നു നിന്നു. ചേട്ടത്തി ഒരു ഫൂലൻ ദേവിയാണെന്ന് അന്നാണ് കൃഷ്ണയ്ക്ക് മനസിലായത്. വേലിക്കൽ നിൽക്കുന്ന കമ്പ് ഊരി തലങ്ങും വിലങ്ങും. അവന്മാരെ അടിച്ച് ഓടിച്ചു. അവളെ പിടിക്കാൻ പിന്നാലെ ഓടിയവന്മാർക്കങ്ങനെ കണക്കിന് കിട്ടി. അവന്മാരെല്ലാം വല്ല വിധേനെയും കാറിൽ കയറി ഓടി

കൃഷ്ണ ചേട്ടത്തിയുടെ പുറകിൽ നിന്ന് മുന്നിലേക്ക് വന്നു

“മോള് പേടിച്ചു പോയി അല്ലെ?”

അവൾ തലയാട്ടി

“ഇനി എപ്പോഴും കയ്യിൽ ഒരു കൊച്ച് പിച്ചാത്തിയും ഇച്ചിരി മുളക് പൊടിയും കരുതിക്കോണം

“മുളക് പൊടി മുഖത്തോട്ട് വിതറിയിട്ട് അവന്റെ സാധനത്തിൽ കുത്തിയേക്കണം..തീരട്ടെ നാശങ്ങൾ “

“അച്ഛനോട് പറയല്ലേ. അച്ഛൻ വിഷമിക്കും.”

പൊടുന്നനെ അവരുട മുഖത്ത് വാത്സല്യം നിറഞ്ഞു

തനിക്ക് ജനിക്കേണ്ടിയിരുന്ന പൊന്നുമോളാണ്. ദൂരേന്നെ കണ്ടിട്ടുള്ളു. വന്നു മിണ്ടുകയൊന്നുമില്ല. അവർ ആ കവിളിൽ തൊട്ടു

“മോള് പൊയ്ക്കോ. ഇനി പേടിക്കണ്ട. ഇവിടെ വന്നു ആരും ഉപദ്രവിക്കില്ല. ചേട്ടത്തി ഇനി മുതൽ കാവലുണ്ട് “

അവൾ പെട്ടെന്ന് അവരെ കെട്ടിപിടിച്ചു. അവരുടെ ഉള്ളു തണുത്തു

“രമേശൻ ചേട്ടന്റെ മോള് “

തന്റെ പ്രിയപ്പെട്ടവന്റെ മോള്

കൃഷ്ണ യാത്ര പറഞ്ഞു പോയിട്ടും അവരങ്ങനെ നിന്നു. സ്നേഹിച്ചവനെ മറക്കാൻ പറ്റാത്ത കൊണ്ടാണ് കെട്ടിയോനെ വിട്ടേച്ച് പോന്നത്. അപ്പൊ രമേശൻ ചേട്ടൻ വേറെ കെട്ടി. പരിഭവം തോന്നിയില്ല. താൻ ആണല്ലോ ആദ്യം പോയത്. ഇപ്പൊ ഒന്ന് കാണാം രണ്ടു വാക്ക് മിണ്ടാം മതി. അത് മാത്രം മതി ഇനി ജീവിതത്തിൽ

കൃഷ്ണ ഓടുക തന്നെ ആയിരുന്നു അവൾ സത്യത്തിൽ ഭയന്ന് പോയിരുന്നു. അച്ഛനും അമ്മയും മുറ്റത്തു തന്നെ കാത്തു നിൽക്കുന്നത് കണ്ട് അവൾ കിതപ്പടക്കി ചിരിക്കാൻ ശ്രമിച്ചു

“എന്റെ കുഞ്ഞേ നേരം എത്രയായി? അച്ഛൻ ദേ റോഡിലോട്ട് വരാൻ പോകുകയായിരുന്നു. നീ എന്താ വിളിച്ചു പറയാഞ്ഞത് “

“ചാർജ് ഇല്ല “

അവൾ വീടിന്റെ ഉള്ളിലേക്ക് കയറി പോയി. ദേഹത്തെ വിറയൽ നിൽക്കുന്നില്ല. അന്നേരം ചേട്ടത്തി വന്നില്ലായിരുന്നുവെങ്കിലോ

ദൈവമേ. ഇത്രയും വൈരാഗ്യമൊ?

അവൾ നെഞ്ചിൽ കൈ വെച്ച് അനങ്ങാതെ ഇരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു

അർജുൻ പാർട്ടി സ്ഥലത്തായിരുന്നു. ഒരു കാൾ വന്നപ്പോൾ പാർട്ടി നടക്കുന്നിടത്ത് നിന്നവൻ പുറത്തേക്ക് ഇറങ്ങി.

അജി കാളിംഗ്…

“അജി?”

“സാറെ.. സർ സംശയിച്ചത് പോലെ തന്നെ ഒരു സംഭവം ഉണ്ടായി “

പിന്നെ അയാൾ അത് പറഞ്ഞു

“ഒരു സ്ത്രീ ഇടപെട്ടത് കൊണ്ട് ഞങ്ങൾ അങ്ങോട്ട് പിന്നെ ചെന്നില്ല “

“ശരിക്കും എന്തായിരുന്നു പ്ലാൻ “

“കിഡ്നാപ്പിംഗ് ആയിരുന്നു എന്ന് തോന്നുന്നു സർ “

അർജുന്റെ കണ്ണുകൾ ജ്വലിച്ചു

“എവിടെയുണ്ട് അവൻ?”

“ഇപ്പൊ ബാറിലുണ്ട്. ഞങ്ങളും അവിടെയുണ്ട് “

“ഫിനിഷ് ഹിം “

അതൊരു ഇടിമുഴക്കം പോലെ തോന്നിച്ചു

“സർ അത് എങ്ങനെ വേണം?”

“ആക്‌സിഡന്റ്..വേറെ എന്താണെങ്കിലും അതിന്റെ തുമ്പ് പിടിച്ചു പോലീസ് വരും..പക്ഷെ തീർക്കണം. ബാക്കിയുണ്ടാകരുത്. ഇനിയവൻ വേണ്ട ഭൂമിയിൽ. മനസ്സിലായോ അജി?”

“സർ “

അവൻ ഫോൺ കട്ട്‌ ചെയ്തു

കാർ ഓടിക്കുമ്പോൾ അവന്റെ ഉള്ളിൽ അവളുടെ മുഖമായിരുന്നു

ഇന്ന് അവർ ഇല്ലായിരുന്നു എങ്കിൽ?

അവന്റെ നെഞ്ചു വിങ്ങി കഴച്ചു

കാല് ആക്സിലേറ്ററിൽ അമർന്നു.

ഉറങ്ങാതെ നേരം വെളുപ്പിച്ച ഒരു രാത്രി ആയിരുന്നു കൃഷ്ണയ്ക്ക് അത്

ഡോക്ടർമാർ ഇത്രയും വൃത്തികെട്ടവന്മാൻ ആകുമോ എന്ന് അവൾ ചിന്തിച്ചു

ലോക്കൽ ഗുണ്ടകളെ പോലെ തരം താഴുമോ. ഇങ്ങനെയൊക്കെ മനുഷ്യന് അധഃപതിക്കാൻ പറ്റുമോ. ഇനിയും ഇത് പോലെ ഉണ്ടാകുമോ? എങ്ങനെ ജീവിക്കും?

അവൾ അപ്പൊ തന്നെ ദൃശ്യയെ വിളിച്ചു പറഞ്ഞു. അവളും ഞെട്ടിപ്പോയി

എന്റെ ദൈവമേ ഇങ്ങനെ ഒക്കെ നടക്കുമോ?

കൃഷ്ണ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ കാൾ കട്ട്‌ ചെയ്തു

രാവിലെ ദൃശ്യ വിളിച്ചു

“എടി നീ അറിഞ്ഞോ? ആ പ്രവീൺ കാർ ആക്‌സിഡന്റ്ൽ മരിച്ചു “

കൃഷ്ണ ഞെട്ടിപ്പോയി

“ആക്‌സിഡന്റോ എപ്പോ?”

“ഇന്നലെ രാത്രി ആയിരുന്നു ന്ന്. നല്ല വെള്ളം ആയിരുന്നുത്രേ..കമ്പികൾ കയറ്റി വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. സ്പോട്ടിൽ തീർന്നു. ദൈവം കൊടുത്ത ശിക്ഷയാ പ- ട്ടിക്ക്. അങ്ങനെ തന്നെ വേണം.”

കൃഷ്ണ നടുക്കത്തിൽ അങ്ങനെ നിന്നു പോയി. അർജുനോട് പറയണോ വേണ്ടയോ എന്നവൾ ചിന്തിച്ചു. വെറുതെ ആ മനസ്സിനെ കലക്കണ്ട എന്നവൾ പിന്നെ ഓർത്തു

ഒന്ന് ക്ഷേത്രത്തിൽ പോകണമെന്ന് തോന്നി അവൾക്ക്
എല്ലാം ഭഗവാനോട് പറയാം. അവിടെ അറിയാം എല്ലാം
അല്ലെങ്കിൽ ചേട്ടത്തി ആ സമയം വരണോ? അവരൊരു മിടുക്കിയാ

എന്തൊരു അടിയായിരുന്നു ചട്ടമ്പി കല്യാണി. തന്നെ നോക്കിയപ്പോ കണ്ണുകൾ നിറഞ്ഞ പോലെ തോന്നി. പാവം. സ്നേഹിച്ചിട്ടും ഒന്നിച്ചു ജീവിക്കാൻ കഴിയാത്ത സ്ത്രീ

“നീ എവിടെ പോകാനാ ഈ ഒരുങ്ങുന്നത്?” ലത വാതിൽക്കൽ

“ഞാൻ അമ്പലത്തിൽ പോയിട്ട് വരാമേ “

അവൾ അമ്മയോട് പറഞ്ഞിട്ട് ക്ഷേത്രത്തിൽ പോയി

കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ ഇനിയെങ്കിലും ഇത്തരം അനുഭവങ്ങൾ തരരുത് എന്ന് മാത്രം ആണ് അവൾ പ്രാർത്ഥിച്ചത്. ഒരു പെണ്ണിനും ഇത് പോലെ ഉണ്ടാകാതിരിക്കട്ടെ ദൈവമേ

അനുവാദമില്ലാതെ ഉടലിനെ പ്രാപിക്കുമ്പോൾ പെണ്ണ് അനുഭവിക്കുന്ന വേദന, പേടി, ആർക്കും മനസിലാവില്ല. ഈശ്വര ഒരു പെണ്ണിനും അതുണ്ടാകരുതേ

അവൾ കണ്ണീരോട് കൂടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു

അർജുന്റെ പേരില് ഒരു പുഷ്‌പാഞ്‌ജലി കഴിപ്പിച്ചു തിരിയുമ്പോൾ ഗൗരിചേച്ചി

“പരീക്ഷ വല്ലോമുണ്ടോ മോളെ?”

“അതെന്താചേച്ചി അങ്ങനെ ചോദിച്ചേ? അല്ലേലും ഞാൻ വരുമല്ലോ “

“ഞാൻ വെറുതെ പറഞ്ഞതാ മോളെ..ഇതെന്ത പുഷ്‌പാഞ്‌ജലി ഒക്കെ…” ഗൗരി രസീത് നോക്കി ചോദിച്ചു

“വെറുതെ.” കൃഷ്ണ അത് മടക്കി പിടിച്ചു

പക്ഷെ ഗൗരി പുഷ്പാഞ്ജലി രസീതിലെ ആ പേര് കണ്ടു

അർജുൻ…

ആരാണ് അർജുൻ?

അവളുടെ ഉള്ളിൽ ആ ചോദ്യം ഉണ്ടായി

തുടരും…